അക്കാദമി എന്നു കേള്‍ക്കുമ്പോള്‍ ലോകമെങ്ങുമുള്ള വിജ്ഞാനപ്രേമികളുടെ തലകുനിയും. അവര്‍ക്ക് ഓര്‍മവരിക ഗ്രീസിലെ മഹാചിന്തകനായ പ്ലേറ്റോ (സോക്രട്ടീസിന്റെ ശിഷ്യന്, അരിസ്റ്റോട്ടിലിന്റെ ഗുരുനാഥന്) ആഥന്‍സില്‍ പഠിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു മരത്തോപ്പായിരിക്കും. സ്വതന്ത്രചിന്തയും സ്വതന്ത്ര പ്രവര്‍ത്തനവുമാണ് അക്കാദമിയുടെ ആത്മമുദ്ര.
നമ്മുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുടെ കാലത്ത് തുടങ്ങിയ സാഹിത്യ അക്കാദമിയുടെ ഉദ്ഘാടനവേളയില്‍ ഈ മഹാ വാസ്തവം ഡോക്ടര്‍ രാധാകൃഷ്ണന് അനുസ്മരിച്ചു. ഭാരതീയ സംസ്കാരത്തെ പ്രതിനിധീഭവിക്കുന്ന സംസ്കൃതവും ഗ്രീക്ക് സംസ്കാരത്തിന്റെ പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്ന അക്കാദമി എന്ന വാക്കും ചേര്‍ന്ന് ഒരു നവസംസ്കാരോദയം ഇതുവഴി ഉണ്ടാവുമെന്ന് ആ തത്വചിന്തകന്‍ ആശിച്ചു.
കേരളത്തില്‍ ഇപ്പോള്‍ അക്കാദമി വന്‍ വാര്‍ത്തയാണ്. ഇവിടെ സാഹിത്യ അക്കാദമിയും സംഗീതനാടക അക്കാദമിയും ലളിതകലാ അക്കാദമിയും എല്ലാമുണ്ട്. എണ്ണത്തില്‍ നാം ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും പുറകിലാവില്ല. പക്ഷേ പെരുമാറ്റത്തിലോ?
പുതിയ സംസ്ക്കാരത്തിന്റെ ഉദയമോ മറ്റുകാര്യങ്ങളോ ഡോക്ടര്‍ രാധാകൃഷ്ണനെപോലെ നമുക്ക് പ്രശ്നമല്ല. സംസ്കാരത്തെ അല്ല, ഭരണത്തെ ആണ് അക്കാദമി ലക്ഷ്യമാക്കേണ്ടത്
എന്നാണ് ഇന്നത്തെ അംഗീകരിക്കപ്പെട്ട നയം. കാലാവധി പൂര്‍ത്തിയാക്കാത്ത അക്കാദമികളില്‍ നിന്ന് മുന്‍ ഭാരവാഹികള്‍, അവര്‍ വരുത്തിക്കൂട്ടിയ ഒരു തെറ്റിന്റെയും പേരിലല്ല, ഇപ്പോള്‍ ഒഴിഞ്ഞുപോകുന്നത് - ഭരണം മാറി എന്ന ഒറ്റ കാരണത്താലാണ്. മൂന്ന് അക്കാദമികളിലും ഉള്ള ഭാരവാഹികള്‍ പുതിയ ഭരണത്തിന് ഇഷ്ടപ്പെട്ട ഒരു നിര്‍വാഹക സംവിധാനം ഉണ്ടാക്കുന്നതിന് വഴി തെളിക്കാന്‍ സ്വയം ഒഴിഞ്ഞുപോകുകയാണ്.
സ്വയം എന്ന വാക്ക് അത്ര ശരിയാവില്ല. പുതിയ സാംസ്കാരിക മന്ത്രി നല്ല മനുഷ്യനും നല്ല കോണ്ഗ്രസുകാരനുമാണെന്ന് എനിക്ക് പണ്ടേ പരിചയമുള്ളതിനാല്‍ ശങ്കയെന്യേ പറയാന്‍ കഴിയും. എന്നിട്ടും അദ്ദേഹം ഈ അധികാരമാറ്റം ഉണ്ടാവുന്നതാണ് ആശാസ്യമെന്ന് സൂചിപ്പിച്ചു. ഉടനെ രാജിവെച്ച് കടന്നുപോകാനൊന്നും പറഞ്ഞില്ല. അത് അദ്ദേഹത്തിന്റെ നന്മ. എങ്കിലും അക്കാദമി ഭരണക്കാര്‍ ഇരിക്കുന്നതിലും നല്ലത് പോകുന്നതാണെന്ന സൂചന വ്യക്തമായിരുന്നു. കൂട്ടത്തില്‍ മറ്റൊന്നുകൂടി ഉത്തരവായി, പുതിയ ഭാരവാഹികള്‍ നിയമിരാവുന്നതുവരെ ജില്ലാ കലക്ടര്‍ അധികാരം വിനിയോഗിക്കും എന്ന്. ഭരണത്തില്‍ വിടവ് ഒഴിവാക്കി. ഒറ്റനോട്ടത്തില്‍ ശരിയെന്ന് തോന്നാമെങ്കിലും വീണ്ടും നോക്കുമ്പോള്‍ ഈ കലക്ടര്‍ പ്രവേശനം സാധാരണ ജനങ്ങള്‍ക്കെതിരായ നടപടി അല്ലേ എന്നൊരു അനൗചിത്യം കാണാം. കലക്ടറെ ഭരണം ഏല്പിച്ച് ഭാരവാഹികള്‍ മാറണമെങ്കില്‍ ഗുരുതരമായ വീഴ്ചകള്‍ വല്ലതും ഉണ്ടായിരിക്കണം. അങ്ങനെയൊന്നുമില്ല. എന്നിട്ടും അവരെ തഴഞ്ഞു.
കലാകാരന്മാര്ക്ക് യാത്ര സൗജന്യത്തിനുള്ള സാക്ഷിപത്രം ഒപ്പിടാന്‍ തന്നെ എത്രയോ സമയം ചിലവഴിക്കേണ്ടിവരും. പിടിച്ചതിനപ്പുറം ജോലിയുള്ള ജില്ലാ ഭരണാധിപന് ഈ കൊച്ചു സംഗതികളില്‍ വരെ ശ്രദ്ധിക്കണമെന്ന് വരുമ്പോള്‍ എല്ലാം മാറ്റിവെയ്ക്കുക എന്നാവും ഒടുവിലത്തെ നടപടി. മിക്കവാറും ഓഫീസ് പ്രവര്‍ത്തനം സ്തംഭനത്തില്‍ എത്തും. കലക്ടറെ ഭരണച്ചുമതല ഏല്പിക്കേണ്ട സാഹചര്യമൊന്നും ഇപ്പോള്‍ ഒരു അക്കാദമിയിലും ഇല്ല. ജനങ്ങളുടെ ദൃഷ്ടിയില് ഒരുവശത്ത് ഗവണ്മെന്റും മറ്റൊരു നോട്ടത്തില്‍ അക്കാദമികളുടെ ഭരണവും എന്ന നില വരുത്തി അക്കാദമികള്‍ക്ക് പ്രവര്‍ത്തന നിശ്ചലത വരുത്തിയിട്ട് എന്ത് സ്വര്‍ഗമാണ് ഭരണാധികാരികള്‍ക്ക് നേടാനാവുന്നത്?
ആരും അറിയാത്ത ചില ഗൂഢങ്ങളായ നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ വേണ്ടിവന്നത് എന്നാണ് എനിക്ക് ലഭിച്ച അറിവ്. പുതുതായി അക്കാദമികളില്‍ പ്രവേശനം നേടാന്‍ വന്തള്ളും തിരക്കുമാണ്. ഭൈവീകാമുകന്മാരുടെ പ്രളയം! സാഹിത്യ അക്കാദമിയില്‍ സെക്രട്ടറിയായിരന്ന ഒരു വിദ്വാന് യു ഡി എഫ് ഭരണം വന്നപ്പോഴെല്ലാം പുതിയ കുപ്പായം തയ്പിച്ച് കഴുത്തും ചുമലും പൊക്കി നടക്കുന്ന സ്വഭാവക്കാരനായ ഒരു തൃശൂര്‍ എഴുത്തുകാരന് സെക്രട്ടറിയാകണമെന്ന് നിഷ്കര്‍ഷിച്ചതോടെ, നിരാശാഭരിതനായി എന്തിനോടും ഏതിനോടും ആരോടും തട്ടിക്കയറി കഴിയുകയാണ്. അദ്ദേഹത്തെ ഇനി പ്രസിഡണ്ടാക്കാതെ എങ്ങനെ പരിഹാരമുണ്ടാക്കും!. വൈസ് പ്രസിഡണ്ടായാലും മുഖം രക്ഷിക്കാമെന്ന് കക്ഷിക്കൊരു വിചാരം വന്നിട്ടുണ്ട്. പക്ഷേ വൈപ്രസിഡണ്ടായാലും മുഖം രക്ഷിക്കാമെന്ന് കക്ഷിക്കൊരു വിചാരം വന്നിട്ടുണ്ട്. പക്ഷേ വൈസ് പ്രസിഡണ്ടാവാന്‍ വേണ്ടി തന്നെ ആരെങ്കിലും സമ്മര്ദ്ദിക്കണം. നേരത്തെ ചിത്രീകരിച്ച അഭ്യാസ പ്രകടനമാണ് ഇത്. വെറുതെ ചിരിച്ചുനടക്കുന്ന മറ്റൊരു പ്രാദേശിക എഴുത്തുകാരന് ഈ സ്ഥാനത്തേക്ക് നോട്ടമിടുകയും ഏതാണ്ട് സ്ഥാനമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പെട്ടെന്ന് മന്ത്രി എന്തു ചെയ്യും? ഈ തള്ളിവരുന്നവരില് നിന്ന് നല്ല വ്യക്തികളെ കണ്ടുകിട്ടുക എളുപ്പമല്ലായ്കയാല് ശ്വാസം കിട്ടാനായി മന്ത്രി കുറച്ച് കൗശലം പ്രയോഗിച്ചതാവാം കലക്ടര്‍ക്ക് ചുമതല ഏല്പിച്ച നടപടി. തള്ളിക്കയറ്റക്കാര്‍ തിരുവനന്തപുരത്ത് നിന്നും തൃശൂരേക്കും മറ്റും മടക്ക ടിക്കറ്റ് വാങ്ങി യാത്ര തിരിക്കുകയാണ്.
ഈ തള്ളിക്കയറ്റക്കാര്‍ ആരാണ് എന്ന് പഴയ ഫയലുകള്‍ പരിശോധിച്ചാല്‍ കിട്ടുന്ന അറിവ് നമ്മെ ഞെട്ടിക്കും. ഇവരൊക്കെ എഴുത്തുകാരാണ്. അല്ല, അങ്ങനെ ഭാവിക്കുന്നവരാണ് രചനാശക്തി, രാഷ്ട്രീയ കക്ഷിയുമായി ബന്ധപ്പെടുമ്പോള്‍ നിമിഷം കൊണ്ട് ആവിയായി പോകുമെന്ന് ഘോഷം കൂട്ടിയവരുമാണ്. ഇടതുപക്ഷത്തേക്ക് മുഖം തിരിച്ചുപോയാല്‍ സാഹിത്യകാരന് ചാരിത്രദോഷം പിണയുമെന്ന് അവര്‍ ആണയിട്ട് പറഞ്ഞിരുന്നു. ഇവര്‍ ഒന്നുചേര്‍ന്ന് ഒരു സംഘടനയുണ്ടാക്കി - 'സംസ്കാരസാഹിതി!' എഴുത്തുകാരല്ലാത്തവര്ക്ക് ഭൂരിപക്ഷ ആധിപത്യമുള്ള സംഘടനയാണ് അത്. പേരച്ചടിച്ചു കണ്ടതില്‍ ഇരുപത് ശതമാനവും കക്ഷിയിലെമാത്രം എഴുത്തുകാരാണ്. സംസ്കാര സാഹിതിയുടെ പ്രസിഡണ്ടിന് രാഷ്ട്രീയമേ ഉള്ളൂ. ഇപ്പോള്‍ കോണ്‍ഗ്രസ് എം എല്‍ എ.
ഇവരാണ് ആധുനിക സാഹിത്യത്തെ ബാധിച്ച രാഷ്ട്രീയ ദുര്ബാധയില് നിന്ന് വിമുക്തമാക്കാന്‍ വന്ന നവഗണി! എന്തൊരു വൈരുധ്യം! ഇവരെപോലെ രാഷ്ട്രീയത്തില്‍ മുക്കിപൊരിച്ച ആരും ഇടതുപക്ഷത്തിന്റെ കൂടെയില്ല. എന്നെപോലും 'കുഴലൂത്തുകാരന്' എന്നും 'കൂലി എഴുത്തുകാരന്' എന്നും ഇവര്‍ സങ്കോചമെന്യേ കൂവി നടന്നു. ഞങ്ങളുടെ കൈയ്യില്‍ എഴുത്തുകാരന്റെ കുഴലേ ഉള്ളൂ. സംസ്കാരസാഹിതി ക്കാര്‍ക്ക് കോണ്‍ഗ്രസ് കുഴല്‍ കൊടുത്തുവിട്ടിരക്കുകയാണ്.
അക്കാദമികള്‍ ഭരണമാറ്റത്തെ തുടര്‍ന്ന് മാറുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍, യാചകപരിഷകളെ കൊണ്ട് മന്ത്രിമന്ദിരങ്ങള്‍ തിങ്ങിനിറഞ്ഞു. എഴുത്തുകാരന്റെ സ്വാതന്ത്യം, പ്രതിഭകളുടെ ചാരിത്ര്യം തുടങ്ങിയവ വന്യമേഘങ്ങളെപോലെയായി തീര്‍ന്നു. ഈ വക മുദ്രാവാക്യങ്ങളെല്ലാം പാലം കടക്കുവോളം ഉരുവിട്ട 'നാരാണ' വിളികള്‍ ആയിരുന്നു. ഇപ്പോള്‍ പക്ഷേ കടന്നുകിട്ടി - ഭരണംമാറി. അപ്പോള്‍ വിളി കൂരായണയായി'കുരായണ' വിളികള്‍ കുറച്ചു കാലമെങ്കിലും സഹിച്ചേ പറ്റൂ.
സംസ്കാര സാഹിതിയെന്ന ഇപ്പോഴത്തെ ക്ഷീണിത സംഘം പോലെ സാഹിത്യമില്ലാത്തവരുടെ അഭയകേന്ദ്രമായ മറ്റൊരു സാഹിത്യ സംഘടന ഇന്നോളം കേരളത്തില്‍ ഉണ്ടായിട്ടില്ല. പുരോഗമന സാഹിത്യം കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലാണെന്നത് ബോധപൂര്‍വമായ ഒരപവാദ പ്രചാരണമായിരുന്നു. അതില്‍ പ്രവര്‍ത്തിച്ചവരില്‍ ചിലര്‍ ആദര്‍ശഭിന്നതയും ദര്ശനാന്തരവും ഉന്നയിച്ചവരുമാണ്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലെ എഴുത്തുകാര്‍ സാഹിത്യ ചരിത്രത്തില്‍ പ്രതിഷ്ഠ നേടിയവരാണ്. സാഹിത്യ ബാഹ്യമായ ബന്ധങ്ങളുടെ പേരില്‍ സാഹിത്യസംഘടനയില് കടന്നുകൂടിയവരായിരുന്നില്ല പ്രഫ. എം പി പോള്‍, മുണ്ടശ്ശേരി, പൊന്‍കുന്നം വര്‍ക്കി, തകഴി, കേശവദേവ് തുടങ്ങിയവര്‍ ഒരു കക്ഷി വിധേയസംഘടനയിലെ ആളുകളായിരുന്നില്ല അവര്‍. സ്വന്തം വൈഭവത്തെയും വ്യക്തിത്വത്തെയും ആര്‍ക്കും പണയം വെക്കാത്തവര്‍.
സംസ്കാര സാഹിതിയുടെ പ്രസിഡണ്ടും ആ സംഘടനയിലെ 'സാഹിത്യകാരന്മാരും' ഒരു ദേശത്തിന്റെയും എഴുത്തുകാരന്റെയും പേരിനടുത്തുപോലും എത്താത്തവരാണ്. സാഹിത്യം എന്നത് തൊട്ടുപോലും രുചിച്ചിട്ടില്ലാത്ത കൂട്ടര്. സാഹിത്യസംഘടനകളുടെ ചരിത്രം പറയുമ്പോള്‍ പോലും രണ്ട് നല്ല വാക്ക് ഉച്ചരിക്കാത്ത ഇത്തരക്കാര്‍ നമ്മുടെ സാഹിത്യ ജീവിതത്തിലെ ഒരു തമാശയാണ്.
സ്ഥാനമോഹങ്ങള്‍ക്കുവേണ്ടി സാഹിത്യത്തെ ഉപയോഗിക്കാമെന്ന് കരുതുന്ന ഇത്തരക്കാര്‍ മറന്നുപോകുന്ന ഒരു സത്യമുണ്ട്. നല്ലൊരു സാഹിത്യകാരനാവുക എന്നതാണ് ഏറ്റവും മഹത്തായ പദവിയെന്ന സത്യം. കാരണം മറ്റ് ഭൗതികപദവികളെ അപേക്ഷിച്ച് ശാശ്വതമാണ് ആ സ്ഥാനം. അതുകൊണ്ട് സ്ഥാനമാനങ്ങള്‍ക്കായി പരക്കംപാഞ്ഞ് തളര്‍ന്ന് കിടക്കേണ്ട ആവശ്യം ശരിയായ എഴുത്തുകാരന് ഇല്ല. സംസ്കാര സാഹിതിയുടെ വെളിച്ചപ്പാടന്മാര് പിടിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനങ്ങളൊന്നും മൂല്യവത്തല്ല. രാഷ്ട്രീയസുഖഭോഗത്തിനുള്ള ഒരു മുടിച്ച സ്ഥാനം മാത്രമാണ് അവ. സാഹിത്യത്തിന്റെ പേര് പറഞ്ഞ് കോണ്‍ഗ്രസിന്റെ വമ്പന്മാര് നേടാന്‍ ലക്ഷ്യമിടുന്ന സ്ഥാനങ്ങള്‍ മലയാള സാഹിത്യത്തിന്റെ പരിഗണനയില്‍ ഒന്നും വരുന്നതല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്.
*
സുകുമാര്‍ അഴീക്കോട് ജനയുഗം 04 ജൂലൈ 2011
Monday, July 4, 2011
Subscribe to:
Post Comments (Atom)
1 comment:
അക്കാദമി എന്നു കേള്‍ക്കുമ്പോള്‍ ലോകമെങ്ങുമുള്ള വിജ്ഞാനപ്രേമികളുടെ തലകുനിയും. അവര്‍ക്ക് ഓര്‍മവരിക ഗ്രീസിലെ മഹാചിന്തകനായ പ്ലേറ്റോ (സോക്രട്ടീസിന്റെ ശിഷ്യന്, അരിസ്റ്റോട്ടിലിന്റെ ഗുരുനാഥന്) ആഥന്‍സില്‍ പഠിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു മരത്തോപ്പായിരിക്കും. സ്വതന്ത്രചിന്തയും സ്വതന്ത്ര പ്രവര്‍ത്തനവുമാണ് അക്കാദമിയുടെ ആത്മമുദ്ര.
Post a Comment