Friday, July 22, 2011

ധവളപത്രവും ജീവനക്കാരും

വിലകുറഞ്ഞ വിശകലനങ്ങളും തെറ്റിദ്ധരിക്കുന്ന കണക്കുകളുമാണ് ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ധവളപത്രത്തിലുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രത തകര്‍ന്നുവെന്ന് ധവളപത്രത്തിലൂടെ മുറവിളി കൂട്ടുന്നത് 2001-02 കാലത്തേതുപോലെ മുണ്ട് മുറുക്കിയുടുക്കല്‍ സാമ്പത്തികശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള പുറപ്പാടിന്റെ തുടക്കമാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 3818 കോടി രൂപ ട്രഷറി മിച്ചമുണ്ടായിരുന്നുവെന്ന് ധവളപത്രം പറയുന്നുണ്ട്. 2006ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ട്രഷറിമിച്ചം വെറും 147 കോടി രൂപയാണ്. ഇത് കൈവരിച്ചതോ പദ്ധതിച്ചെലവിന്റെ നല്ലൊരു ഭാഗം വെട്ടിക്കുറച്ചും. കണക്കുകള്‍ പരിശോധിച്ചാലറിയാം യുഡിഎഫ് ഭരണകാലത്തെ ട്രഷറിമിച്ചം വല്ലപ്പോഴുമുണ്ടാകുന്ന അത്ഭുതപ്രതിഭാസമായിട്ടാണ് കേരളത്തിന് അനുഭവപ്പെട്ടിരുന്നത്. യുഡിഎഫ് ഭരണകാലത്ത് ഓരോ വര്‍ഷവും ട്രഷറി കമ്മിയായിരുന്നതിന്റെ കണക്ക് ചുവടെ ചേര്‍ക്കുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു ദിവസം പോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റിലേക്ക് പോയിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ധനകാര്യ കെടുകാര്യസ്ഥതയുടെ ഉത്തമ ദൃഷ്ടാന്തമാണ് ഈ കണക്കുകള്‍ . ഇതിന്റെ ഫലമായി 2006ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനം കൊടുത്തുതീര്‍ക്കേണ്ടിയിരുന്ന ബാധ്യത അതിഭീമമായിരുന്നു. കരാറുകാര്‍ക്ക് കുടിശ്ശിക വരുത്തിയത് 1200 കോടി രൂപ, ക്ഷേമ കുടിശ്ശിക 200 കോടി രൂപ, ശമ്പളപരിഷ്കരണ കുടിശ്ശിക 3000 കോടി രൂപ ഇങ്ങനെ പോകുന്നു കണക്കുകള്‍ . ബജറ്റ് രേഖകള്‍ അടിസ്ഥാനമാക്കി ഇനംതിരിച്ചുള്ള കണക്കുകള്‍ പറയുകയാണെങ്കില്‍ ഇനിയുമുണ്ടായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ ചുമലില്‍ വച്ചുപോയ ബാധ്യതകള്‍ . ഈ അധികബാധ്യതകളെല്ലാം കൊടുത്തുതീര്‍ത്തിട്ടുകൂടി മെച്ചപ്പെട്ട ധനമാനേജ്മെന്റിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ധനമന്ത്രി അവതരിപ്പിച്ച ധവളപത്രത്തില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്കരണ ബാധ്യതയായി വന്നുചേര്‍ന്നത് 4825 കോടി രൂപയാണ്. എന്നാല്‍ , ഈ ബാധ്യതകൂടി കണക്കിലെടുത്തുതന്നെയാണ് 2011-12 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നതെന്ന് ബജറ്റ് രേഖകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാകും. എന്നാല്‍ , 2006ല്‍ നടപ്പാക്കിയ എട്ടാം ശമ്പളപരിഷ്കരണത്തിന് വേണ്ടിയുള്ള അധികബാധ്യതയുടെ നല്ലൊരു ഭാഗവും അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചില്ലായിരുന്നു. തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് ശമ്പള പരിഷ്കരണത്തിനാവശ്യമായ 1600 കോടി രൂപ 2006-07ല്‍ അവതരിപ്പിച്ച പുതുക്കിയ ബജറ്റിലൂടെ വകയിരുത്തിയത്. 2006-07ലെ ബജറ്റ് ഭേദഗതി പത്രിക പരിശോധിച്ചാല്‍ ഇത് മനസിലാകും. എന്നാല്‍ , 2011-12ലെ മാണിയുടെ പുതുക്കിയ ബജറ്റില്‍ ഒരു രൂപപോലും ഒമ്പതാം ശമ്പള പരിഷ്കരണവും പെന്‍ഷന്‍ പരിഷ്കരണവുമായി ബന്ധപ്പെട്ട് അധികമായി ഉള്‍പ്പെടുത്തേണ്ടിവന്നിട്ടില്ല.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ കൊടുത്തുതീര്‍ക്കാനുണ്ടായിരുന്ന ക്ഷാമബത്ത കുടിശ്ശിക മൂന്ന് ഗഡു ആയിരുന്നു. 2001 മേയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ക്ഷാമബത്ത കുടിശ്ശിക ഇല്ലായിരുന്നു. അതുകൊണ്ട് ശമ്പളപരിഷ്കരത്തിനായി വരുന്ന അധികബാധ്യതയെക്കുറിച്ച് ഭീതിദമായ കണക്കുകള്‍ മാണി അവതരിപ്പിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ തീര്‍ക്കാതെ പോയി എന്നുപറയുന്ന ചില ബാധ്യതകളെക്കുറിച്ചും ധവളപത്രം കൊട്ടിഘോഷിക്കുന്നു. കരാറുകാര്‍ക്കുള്ള കുടിശ്ശിക, ക്ഷേമപെന്‍ഷന്‍ , റേഷന്‍ സബ്സിഡി എന്നിവയെ കൊടുത്തിട്ടില്ലെന്ന് മാണി പറയുന്നത് പച്ചക്കള്ളമാണ്. കരാറുകാര്‍ക്ക് കുടിശ്ശികയില്ലാതെ ബില്ലുകള്‍ മാറിക്കൊടുക്കുകയും ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്ലാതെ വിതരണംചെയ്യുകയും റേഷന്‍ സബ്സിഡിക്ക് ആവശ്യാനുസരണം തുക അനുവദിക്കുകയുംചെയ്ത സംസ്ഥാന ചരിത്രത്തിലെ ആദ്യസര്‍ക്കാരാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം ഭരിച്ചത്. ധവളപത്രത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വരുത്തിവച്ചു എന്നുപറഞ്ഞിരിക്കുന്ന ഈ ബാധ്യതകള്‍ ഏതാണെന്നോ എന്താണെന്നോ വ്യക്തമാക്കിയിട്ടില്ല.

ധനസൂചകങ്ങള്‍ അടിസ്ഥാനമാക്കി സാമ്പത്തികവിശകലനം നടത്തുന്ന കാര്യത്തിലും ധവളപത്രത്തില്‍ പല തട്ടിപ്പുകളും കാണാം. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചാ കണക്കുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഖണ്ഡിക 6ലെയും പട്ടിക 2ലെയും വിവരങ്ങള്‍ ഉദാഹരണമായി നോക്കാം. ടേബിള്‍ ടി ഒന്നില്‍ അവകാശപ്പെടുന്ന 2004-05ലെ 23.34 ശതമാനമെന്ന ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച നിരക്ക് തെറ്റിദ്ധരിപ്പിക്കുന്നതാണ്. തുടര്‍ച്ചയായ വര്‍ഷങ്ങളിലെ വളര്‍ച്ചനിരക്ക് കണക്കാക്കുന്നത് ഏതെങ്കിലുമൊരു പ്രത്യേക വര്‍ഷത്തിലെ ആഭ്യന്തര ഉല്‍പ്പാദനം കണക്കിലെടുത്തുകൊണ്ടാണ്. എന്നാല്‍ , ടേബിള്‍ ഒന്നില്‍ കൊടുത്തിട്ടുള്ള ആഭ്യന്തര ഉല്‍പ്പാദനം 1999-2000, 2004-05 എന്നീ വ്യത്യസ്ത വര്‍ഷങ്ങള്‍ മാനദണ്ഡമാക്കിയാണ്. 1999-2000 വര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം താഴെപറയുംവിധമാണ്.
ഇത് അടിസ്ഥാനമാക്കിയാല്‍ സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചനിരക്ക് യുഡിഎഫ് കാലഘട്ടത്തില്‍ 7.25നും 14.03 നും ഇടയിലായിരുന്നത് എല്‍ഡിഎഫ് കാലഘട്ടത്തില്‍ 13.04 നും 15.47 നും ഇടയില്‍ ഉയരുകയാണുണ്ടായത്. 2004-05 വര്‍ഷം അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തിന്റെ ആഭ്യന്തരവരുമാനം താഴെപ്പറയുംവിധമാണ്.
2004-05 വര്‍ഷം അടിസ്ഥാനമാക്കിയാല്‍പ്പോലും ആഭ്യന്തരവരുമാന വളര്‍ച്ച എല്‍ഡിഎഫ് ഭരണകാലത്ത് യുഡിഎഫ് കാലത്തേക്കാള്‍ മെച്ചമാണ്. വസ്തുതകള്‍ ഇതായിരിക്കെ 2004-05ല്‍ ഉയര്‍ന്ന വളര്‍ച്ചനിരക്ക് കാണിക്കുന്നതിനു വേണ്ടി 1999-2000 അടിസ്ഥാനമാക്കിയുള്ള ആഭ്യന്തര ഉല്‍പ്പാദനവും അതിനുശേഷം 2004-05 വര്‍ഷം അടിസ്ഥാനമാക്കിയുള്ള ആഭ്യന്തര ഉല്‍പ്പാദനവുമാണ് എടുത്തിരിക്കുന്നത്. ഇതുകൊണ്ടാണ് 2004-05ല്‍ 23.34 വളര്‍ച്ചനിരക്ക് കാണിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

ആഭ്യന്തരവരുമാനത്തിന്റെ 3.46 ശതമാനമായിരുന്ന ശരാശരി റവന്യൂ കമ്മി ഇപ്പോള്‍ 1.98 ശതമാനം മാത്രമാണ്. 4.5 എന്ന ഉയര്‍ന്ന നിരക്കിലുണ്ടായിരുന്ന ധനകമ്മി കുറഞ്ഞ് 3.14 എന്ന ശരാശരിയിലെത്തി. 35.55 എന്ന ഉയര്‍ന്ന നിരക്കിലായിരുന്ന ശരാശരി കടബാധ്യത 31.59 എന്ന നിരക്കിലേക്ക് താഴ്ന്നു. 2003-04 കാലഘട്ടത്തില്‍ 38.73 എന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്ന കടബാധ്യത 09-10ല്‍ 30.81 എന്ന നിരക്കില്‍ എത്തി. കടബാധ്യത കുറയ്ക്കാന്‍ കഴിഞ്ഞതിനാല്‍തന്നെ സംസ്ഥാനം നല്‍കുന്ന പലിശബാധ്യതയിലും കാര്യമായ കുറവ് വരുത്താന്‍ ഈ കാലയളവില്‍ കഴിഞ്ഞു. അധികാരമേറ്റ് രണ്ടുമാസം കഴിഞ്ഞിട്ടും ജനക്ഷേമകരമായ ഒരു തീരുമാനം പോലും എടുക്കാന്‍ കഴിയാത്ത യുഡിഎഫ് സര്‍ക്കാര്‍ ധവളപത്രംപോലുള്ള അര്‍ഥമില്ലാത്ത അഭ്യാസങ്ങള്‍ കാണിക്കുന്നതിലെ രാഷ്ട്രീയം കാര്യങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ.

*
എസ് യു രാജീവ് (കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

നിര്‍ബന്ധമായും സന്ദര്‍ശിക്കുമല്ലോ

ഡോ. തോമസ് ഐസക്കിന്റെ ബ്ലോഗ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിലകുറഞ്ഞ വിശകലനങ്ങളും തെറ്റിദ്ധരിക്കുന്ന കണക്കുകളുമാണ് ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ധവളപത്രത്തിലുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രത തകര്‍ന്നുവെന്ന് ധവളപത്രത്തിലൂടെ മുറവിളി കൂട്ടുന്നത് 2001-02 കാലത്തേതുപോലെ മുണ്ട് മുറുക്കിയുടുക്കല്‍ സാമ്പത്തികശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള പുറപ്പാടിന്റെ തുടക്കമാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 3818 കോടി രൂപ ട്രഷറി മിച്ചമുണ്ടായിരുന്നുവെന്ന് ധവളപത്രം പറയുന്നുണ്ട്. 2006ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ട്രഷറിമിച്ചം വെറും 147 കോടി രൂപയാണ്. ഇത് കൈവരിച്ചതോ പദ്ധതിച്ചെലവിന്റെ നല്ലൊരു ഭാഗം വെട്ടിക്കുറച്ചും. കണക്കുകള്‍ പരിശോധിച്ചാലറിയാം യുഡിഎഫ് ഭരണകാലത്തെ ട്രഷറിമിച്ചം വല്ലപ്പോഴുമുണ്ടാകുന്ന അത്ഭുതപ്രതിഭാസമായിട്ടാണ് കേരളത്തിന് അനുഭവപ്പെട്ടിരുന്നത്.