Thursday, July 7, 2011

തെലുങ്കാന പ്രക്ഷോഭവും വസ്‌തുതകളും

തെലുങ്കാന സംസ്ഥാന രൂപീകരണത്തിനായുള്ള സമ്മര്‍ദ്ദം ഒരിക്കല്‍കൂടി ശക്തിപ്രാപിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി പാര്‍ലമെന്റംഗങ്ങളും നിയമസഭാ സാമാജികരും രാജി പരമ്പരകള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയുമാണ്‌.

തെലുങ്കാന സംസ്ഥാന രൂപീകരണത്തിനായുള്ള ആവശ്യം ശക്തിപ്പെട്ട ഘട്ടത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന്‌ തുനിയുകയായിരുന്നു കേന്ദ്രത്തിലെ ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബി ജെ പിയും. കോണ്‍ഗ്രസിന്റെ പത്ത്‌ എം പിമാരും 39 എം എല്‍ എമാരുമാണ്‌ തെലുങ്കാന പ്രക്ഷോഭത്തിന്റെ പുതിയ കാലത്തെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി രാജിവച്ചത്‌. ആന്ധ്രയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ 34 എം എല്‍ എമാരും രാജി സമര്‍പ്പിച്ചു. ആന്ധ്ര സര്‍ക്കാരിലെ 11 മന്ത്രിമാര്‍കൂടി രാജിവച്ച കോണ്‍ഗ്രസ്‌ എം എല്‍ എമാരില്‍ ഉള്‍പ്പെടുന്നുണ്ട്‌. നൂറിലേറെ എം എല്‍ എമാരാണ്‌ ഇതിനകം രാജി നല്‍കിയിരിക്കുന്നത്‌.

തെലുങ്കാന സംസ്ഥാന രൂപീകരണം മുന്‍നിര്‍ത്തി നിരവധി പ്രക്ഷോഭങ്ങള്‍ ഇതിനു മുന്‍പുതന്നെ ആന്ധ്രയില്‍ ഉയര്‍ന്നുവന്നിരുന്നു. അതിനെ രാഷ്‌ട്രീയ മുതലെടുപ്പിനുവേണ്ടി ഉപയോഗപ്പെടുത്തുകയാണ്‌ കോണ്‍ഗ്രസും ബി ജെ പിയും ചെയ്‌തത്‌. മറ്റ്‌ പല കാര്യങ്ങളിലും എന്നപോലെ ഒരു നാണയത്തിന്റെ ഇരുവശങ്ങളായി ഈ രണ്ട്‌ കക്ഷികളും പ്രവര്‍ത്തിക്കുകയായിരുന്നു. കേന്ദ്ര ഭരണത്തില്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കുവാന്‍ പോലും യു പി എയും എന്‍ ഡി എയും തെലുങ്കാന വിഷയത്തെ ആശ്രയിച്ചു.
ചന്ദ്രശേഖരറാവു രൂപീകരിച്ച തെലുങ്കാന രാഷ്‌ട്രസമിതിയെ പ്രലോഭിപ്പിക്കുവാനും വാഗ്‌ദാനങ്ങള്‍ നല്‍കാനും രണ്ട്‌ കൂട്ടരും മത്സരിച്ചിരുന്നു എന്നത്‌ ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തിലെ യാഥാര്‍ഥ്യമാണ്‌. ചന്ദ്രശേഖരറാവുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി പ്രീണിപ്പിക്കുവാന്‍ ശ്രമിച്ചു.

തെലുങ്കാന സംസ്ഥാന രപീകരണവുമായി ബന്ധപ്പെട്ട രാജി സമ്മര്‍ദ്ദം ഇതാദ്യത്തെ സംഭവമല്ല. തെലുങ്കാന രാഷ്‌ട്ര സമിതിയുടെ എം പിമാരും എം എല്‍ എമാരും മുമ്പ്‌ രാജിവയ്‌ക്കുകയും ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ അതില്‍ പലരും പാര്‍ലമെന്റിലും നിയമസഭയിലും എത്തുകയും ചെയ്‌തു. തെലുങ്കാന രാഷ്‌ട്ര സമിതിയുടെ അധ്യക്ഷനായ ചന്ദ്രശേഖരറാവു ഇക്കഴിഞ്ഞ ദിവസം വീണ്ടും പാര്‍ലമെന്റ്‌ അംഗത്വസ്ഥാനം രാജിവച്ചു. രാജിവച്ച കോണ്‍ഗ്രസ്‌ പ്രതിനിധികള്‍ തങ്ങളുടെ ഹൈക്കമാന്റിന്‌ എതിരായാണ്‌ വെല്ലുവിളി ഉയര്‍ത്തുന്നത്‌. രാജിവച്ച രാജ്യസഭാ അംഗം കേശവറാവു മാധ്യമ പ്രതിനിധികളോട്‌ പറഞ്ഞത്‌ ഹൈക്കമാന്റ്‌ നല്‍കിയ ഉറപ്പ്‌ പാലിക്കണമെന്നാണ്‌. കോണ്‍ഗ്രസിന്റെ ഇക്കാര്യത്തിലുള്ള കള്ളക്കളി വ്യക്തമാക്കുന്നതാണ്‌ രാജിവച്ച എം എല്‍ എമാരുടെയും എം പിമാരുടെയും വാക്കുകള്‍.

സംസ്ഥാന രൂപീകരണ പ്രശ്‌നം ചര്‍ച്ചാവിഷയമാകുന്നത്‌ ഇതാദ്യമല്ല. സ്വാതന്ത്ര്യാനന്തരം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണിത്‌. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം നടത്തണമെന്ന പൊതുനിലപാടിന്റെയും സംസ്ഥാന രൂപീകരണം സംബന്ധിച്ച്‌ നിയോഗിക്കപ്പെട്ട കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ നിശ്ചയിക്കുകയായിരുന്നു.

പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ച്‌ സര്‍വ്വേപ്പളളി ഗോപാല്‍ എഴുതിയ ജീവചരിത്രത്തില്‍ ആന്ധ്രയുടെ രൂപീകരണത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. ``ആന്ധ്രാ പ്രവിശ്യയുടെ കാര്യത്തില്‍ ആന്ധ്രക്കാരും തമിഴരും തമ്മില്‍ യോജിപ്പുണ്ടെന്ന്‌ തോന്നിയ സ്ഥിതിക്ക്‌, നെഹ്‌റുവിന്റെ വിസമ്മതത്തെ അവഗണിച്ചുകൊണ്ട്‌, കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി 1949 നവംബറില്‍ ആന്ധ്ര ജില്ലകള്‍ ഉള്‍പ്പെടുന്ന- മദ്രാസ്‌ നഗരമില്ലാത്ത- ആന്ധ്ര പ്രവിശ്യ ഉടമ്പടി രൂപീകരിക്കാന്‍ ഗവണ്‍മെന്റിന്‌ നിര്‍ദേശം നല്‍കി. ഈ പ്രമേയമനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ നെഹ്‌റു തീരുമാനിക്കുകയും ചെയ്‌തു. പക്ഷേ അത്‌ പൂര്‍ത്തിയായത്‌ മൂന്നുവര്‍ഷം കഴിഞ്ഞ്‌ ഇക്കാര്യത്തെചൊല്ലി നിരാഹാരം കിടന്ന ഒരാന്ധ്രാ നേതാവിന്റെ മരണത്തെതുടര്‍ന്ന്‌ ആന്ധ്ര ജില്ലകളിലുണ്ടായ മൂന്നു ദിവസത്തെ ലഹളയെ തുടര്‍ന്ന്‌ 1952 ഡിസംബര്‍ 19ന്‌ ആന്ധ്ര പ്രവിശ്യ രൂപീകരിക്കാനുള്ള തീരുമാനം ഇന്ത്യാ ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ചശേഷമാണ്‌.

ആന്ധ്ര പ്രവിശ്യ രൂപീകരിക്കാനുള്ള തീരുമാനം രാജ്യത്തൊട്ടാകെ അത്തരം ആവശ്യങ്ങള്‍ ഉയര്‍ന്നുവരാനുള്ള പ്രചോദനം നല്‍കി''. ഇതു തെളിയിക്കുന്നത്‌ സംസ്ഥാന രൂപീകരണങ്ങള്‍ക്കുവേണ്ടിയുളള പ്രക്ഷോഭത്തെ നെഹ്‌റുവിന്റെ കാലത്ത്‌ കോണ്‍ഗ്രസ്‌ എങ്ങനെ അഭിമുഖീകരിച്ചു എന്നാണ്‌. ഇപ്പോഴാകട്ടെ തങ്ങളുടെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ഇത്തരം പ്രക്ഷോഭങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്നാണ്‌ കോണ്‍ഗ്രസ്‌ നോക്കുന്നത്‌.

സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ അനുസൃതമായി രാഷ്‌ട്രീയ നേതാക്കളും കക്ഷികള്‍ തന്നെയും യത്‌നിക്കുന്നതിന്റെ ഫലമായി ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണമെന്ന ആദ്യഘട്ടത്തിലെ ആശയം അട്ടിമറിക്കപ്പെട്ടു. ഉത്തരാഞ്ചലും ഝാര്‍ഖണ്ഡും ഛത്തീസ്‌ഗഢും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ രൂപപ്പെട്ടത്‌ ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു. ഇതുകൂടി മുന്‍നിര്‍ത്തിയാണ്‌ തെലുങ്കാനയ്‌ക്കായുള്ള വാദം ശക്തിപ്പെടുന്നത്‌. തെലുങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച്‌ അഭിപ്രായമറിയിക്കാന്‍ കമ്മിഷനെ നിയോഗിച്ച കേന്ദ്ര സര്‍ക്കാര്‍ ഭരണമുറപ്പിക്കുന്നതിനായി ചന്ദ്രശേഖരറാവു അടക്കമുള്ളവര്‍ക്ക്‌ നല്‍കിയിരുന്ന വാഗ്‌ദാനമാണ്‌ ഇപ്പോള്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നത്‌. സംസ്ഥാന രൂപീകരണ കാര്യത്തില്‍ രാഷ്‌ട്രീയ നാടകങ്ങള്‍ അവതരിപ്പിക്കുന്നത്‌ അക്ഷന്തവ്യമായ അപരാധമാണ്‌.

*
നന്ദകുമാര്‍ ജനയുഗം 07 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തെലുങ്കാന സംസ്ഥാന രൂപീകരണത്തിനായുള്ള സമ്മര്‍ദ്ദം ഒരിക്കല്‍കൂടി ശക്തിപ്രാപിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി പാര്‍ലമെന്റംഗങ്ങളും നിയമസഭാ സാമാജികരും രാജി പരമ്പരകള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയുമാണ്‌.