Friday, July 29, 2011

സി എച്ചിന്റെ നിയമസഭാ പ്രസംഗങ്ങള്‍

സി എച്ച് മദിരാശി നിയമസഭയില്‍ നടത്തിയ ചില പ്രസംഗങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍

നിസ്വവര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ അധികാരിവര്‍ഗത്തിന്റെ മുന്നിലെത്തിക്കാനും നിയമസഭയെ പോരാട്ടവേദിയാക്കാനും ശ്രമിച്ച ജനനായകനായിരുന്നു സി എച്ച് കണാരനെന്ന് അദ്ദേഹം മദിരാശി നിയമസഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ വ്യക്തമാക്കുന്നു. 1952 മുതല്‍ 1956 വരെ മദിരാശി നിയമസഭയില്‍ തലശേരി മണ്ഡലത്തെ പ്രതിനിധാനംചെയ്തത് സി എച്ച് ആയിരുന്നു. അരനൂറ്റാണ്ടു മുമ്പുള്ള മലബാറിന്റെ കാര്‍ഷിക, വ്യാവസായിക പിന്നോക്കാവസ്ഥയെക്കുറിച്ചും തൊഴിലാളികളുടെയും കര്‍ഷകരുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും അവസ്ഥയെക്കുറിച്ചും വ്യക്തമായൊരു ചിത്രം സി എച്ചിന്റെ പ്രസംഗങ്ങളില്‍ തെളിയുന്നു. കേരളഭൂപരിഷ്കരണ നിയമത്തിന്റെ ശില്‍പ്പികളിലൊരാളായി പ്രവര്‍ത്തിച്ച സി എച്ച് അതിനുമുന്നോടിയായി നിലവിലുണ്ടായിരുന്ന മലബാര്‍ കുടിയായ്മാ നിയമം കുടിയാന്മാര്‍ക്കനുകൂലമായി ഭേദഗതി ചെയ്യുന്നതിനുവേണ്ടി മദിരാശിനിയമസഭയില്‍ ശക്തമായി ഇടപെടുകയുണ്ടായി. അദ്ദേഹം സഭയില്‍ ഇങ്ങനെ പറഞ്ഞു:

"1933 മുതല്‍ മലബാറിലെ കൃഷിക്കാര്‍ ഒരു കുടിയായ്മ നിയമത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. 1939ല്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയതിനുശേഷം കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രി മാധവമേനോന്‍ ജന്മിമാരെ സഹായിക്കുവാനുള്ള ഒരു നിയമം കുടിയായ്മനിയമം എന്ന പേരില്‍ കൊണ്ടുവന്നു. അതിനുശേഷം പുതിയ മന്ത്രിസഭ വന്നു. ഈ പഴയനിയമം മാറ്റി പുതിയ നിയമം കൊണ്ടുവരും എന്ന് പറഞ്ഞതല്ലാതെ ഇതുവരെയായിട്ടും കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ അസംബ്ലി യോഗത്തില്‍ പറയുകയുണ്ടായി ജനുവരി ആദ്യത്തെ ആഴ്ചയില്‍ തന്നെ ബില്ലിന്റെ കരട് പുറത്തുവരും എന്ന്. മാര്‍ച്ചായിട്ടും ബില്ല് പുറത്തുവന്നിട്ടില്ല. ഇതിനു കാരണമായി പല അഭിപ്രായങ്ങളും സംശയങ്ങളും നാട്ടില്‍ പരന്നിട്ടുണ്ട്. മന്ത്രി മാധവമേനോന്‍ കൊണ്ടുവന്നപോലെ ജന്മിമാര്‍ക്ക് അനുകൂലമായ ഒരു നിയമമാണ് ഇന്നത്തെ മന്ത്രിസഭയും കൊണ്ടുവരുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് ചിലരുടെ അഭിപ്രായം. മാധവമേനോന്‍ കൊണ്ടുവന്ന നിയമത്തിലുള്ള പാട്ടവ്യവസ്ഥയും ഒഴിപ്പിക്കല്‍ വ്യവസ്ഥയും അതേപടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു നിയമമാണ് ഇപ്പോഴും കൊണ്ടുവരുവാന്‍ പോകുന്നതെങ്കില്‍ മാധവമേനോന്റെ ബില്ലിന് കിട്ടിയ അതേ എതിര്‍പ്പ് തന്നെ ഇതിനും നേരിടേണ്ടിവരും എന്ന് ഗവണ്‍മെന്റിനെ താക്കീത് ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ജന്മിമാരെ വിട്ടുകൂടാ, അവരുടെ താല്‍പ്പര്യങ്ങളെ ബലികഴിച്ചുകൂടാ എന്നുള്ളതുകൊണ്ട് ഈ ബില്ലിനെ ഒഴിച്ചൊഴിച്ച് നിര്‍ത്തുക എന്ന നയം ആണ് ഈ മന്ത്രിസഭയും എടുക്കുന്നത് എന്ന് കാണാന്‍ സാധിക്കും. അതുകൊണ്ട് എനിക്ക് പറയുവാനുള്ളത് അടിയന്തരമായി മലബാര്‍ കുടിയായ്മ ഭേദഗതി നിയമം കൊണ്ടുവരണം. ഏതുതരത്തിലുള്ള ഭേദഗതി വരുത്തണം എന്ന് കൃഷിക്കാര്‍ ആവശ്യപ്പെട്ടത് ഇന്നല്ല, കൊല്ലങ്ങള്‍ ആയി. ഏതായാലും ബില്ലിന്റെ ഒരു പകര്‍പ്പിന്റെ പ്രസിദ്ധീകരണം ഇനി ഒട്ടും താമസിക്കുവാന്‍ പാടുള്ളതല്ല. മലബാര്‍ കുടിയായ്മ നിയമത്തിന്റെ കാര്യം ആലോചിക്കുവാനായി ഒരു പ്രത്യേക കമ്മിറ്റി നിശ്ചയിച്ചാല്‍ മതി. മറ്റ് പ്രശ്നങ്ങളുടെ പേര് പറഞ്ഞ് മലബാര്‍ കുടിയായ്മ നിയമം നീട്ടിവെക്കുന്നത് ശരിയല്ല."

1953 ഡിസംബര്‍ 21ന് നിയമസഭയില്‍ നടന്ന ധനാഭ്യര്‍ഥന പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത സി എച്ച് മലബാറിന്റെ കാര്‍ഷികപ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും തരിശുഭൂമി കൃഷിക്കാര്‍ക്ക് നല്‍കേണ്ടതിന്റെയും മലബാര്‍ കുടിയായ്മ നിയമം പാസാക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറയുകയുംചെയ്തു.

"മലബാറില്‍ ഏകദേശം 18 ലക്ഷത്തിലധികം ഏക്കര്‍ തരിശുഭൂമിയുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതില്‍ ഗവണ്‍മെന്റിന്റെ കൈവശം ഇരിക്കുന്നതു തന്നെ ധാരാളമുണ്ട്. പാവപ്പെട്ട ഹരിജനങ്ങള്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും മറ്റു സാധുക്കളായ കൃഷിക്കാര്‍ക്കും തരിശുഭൂമി കൊടുക്കാന്‍വേണ്ടി ഈ അസംബ്ലിയില്‍ എത്രയോ കാലമായി ചോദ്യങ്ങളും പ്രമേയങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ഒട്ടും നീങ്ങിയിട്ടില്ലെന്ന് മാത്രമല്ല ഒഴികഴിവുകള്‍ പറഞ്ഞു കാലതാമസം വരുത്തുകയുമാണ്. സാധുക്കളായ ഹരിജനങ്ങള്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും സ്വന്തമായത്താഴിലാളികള്‍ക്കും ഭൂമികൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ആ വാഗ്ദാനങ്ങളൊന്നും ഇതുവരെ നിറവേറ്റിയിട്ടില്ല. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് അടിയന്തരമായ നടപടികള്‍ എടുക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു."

1956 മാര്‍ച്ച് 22ന് ഖണ്ഡനോപക്ഷേപം നടത്തിക്കൊണ്ട് ചെയ്ത പ്രസംഗത്തില്‍ സി എച്ച് മലബാറിന്റെ വ്യാവസായിക പിന്നോക്കാവസ്ഥയിലേക്കാണ് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നത്.

"മലബാറില്‍ വ്യവസായങ്ങളെന്നു പറയാന്‍ പേരിനു മാത്രമേയുള്ളൂ. ആയിരത്തിലധികം തൊഴിലാളികള്‍ പണിയെടുക്കുന്ന ഒരേ ഒരു ഫാക്ടറിയേ മലബാറിലുള്ളൂ. പന്ത്രണ്ടായിരവും പതിനയ്യായിരവും തൊഴിലാളികള്‍ പണിയെടുക്കുന്ന എത്രയോ ഫാക്ടറികള്‍ മദിരാശി സംസ്ഥാനത്തിന്റെ മറ്റു ഭഭാഗങ്ങളിലുള്ളപ്പോള്‍ മലബാറില്‍ ആയിരത്തിലധികം തൊഴിലാളികള്‍ പണിയെടുക്കുന്ന വ്യവസായശാല മരുന്നിനു മാത്രമേയുള്ളൂ. ദക്ഷിണസംസ്ഥാനത്തെ അനുകൂലിച്ചുകൊണ്ട് അടുത്തൊരവസരത്തില്‍ ബഹുമാനപ്പെട്ട മന്ത്രി സുബ്രഹ്മണ്യംചെയ്ത ഒരു പ്രസ്താവനയില്‍ മേലാല്‍ ഉദ്യോഗങ്ങളെല്ലാം ജനസംഖ്യാനുപാതികമായി വീതിക്കാനാണുദ്ദേശിക്കുന്നതെന്നും എല്ലാ വിഭാഗത്തിനും നീതി ലഭിക്കുവാനുള്ള മാര്‍ഗം അതാണെന്നും മറ്റും പറഞ്ഞിട്ടുണ്ടായിരുന്നു. ആ അടിസ്ഥാനം ശരിയാണെന്ന് അദ്ദേഹത്തിന് അറിയാമെങ്കില്‍ എന്തുകൊണ്ട് വ്യവസായങ്ങള്‍ സ്ഥാപിക്കുന്ന കാര്യത്തിലും ജനസംഖ്യാനുപാതികതത്വം സ്വീകരിച്ചുകൂടാ? ജനസംഖ്യാനുപാതവും അസംസ്കൃതസാധനങ്ങളും തൊഴിലില്ലായ്മയും പ്രകൃതിസൗകര്യങ്ങളുമെല്ലാം നോക്കിയാണ് വ്യവസായങ്ങള്‍ സ്ഥാപിക്കേണ്ടതെങ്കില്‍ മലബാറിന് എത്രയെത്ര വ്യവസായങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നു?

അവിടെ എത്രയെത്ര വ്യവസായങ്ങള്‍ ഉണ്ടാകേണ്ടതായിരുന്നു.

മലബാറിനെപ്പോലെതന്നെയുള്ള തിരു-കൊച്ചിയില്‍ എത്രയോ വ്യവസായശാലകളുണ്ട്. പക്ഷേ മലബാര്‍ മദിരാശിയുടെ ഒരു ഭാഗമായി നിലനിന്നതുകൊണ്ട് മലബാറില്‍ വ്യവസായങ്ങളൊന്നുമുണ്ടായില്ല. മലബാറിന്റെ വ്യാവസായികമായ പിന്നോക്കനിലയെ പരിഗണിച്ച് അവിടത്തെ പ്രകൃതി സൗകര്യങ്ങള്‍ക്കും വിഭവങ്ങള്‍ക്കും അനുയോജ്യമായുള്ള വ്യവസായങ്ങളെല്ലാം ആരംഭിക്കാന്‍ സാധിച്ചെങ്കിലും ജനസംഖ്യാനുപാതികമായി മലബാറിന് കിട്ടേണ്ട വ്യവസായങ്ങളെങ്കിലും സ്ഥാപിക്കാന്‍ ഗവണ്‍മെന്റിന് സന്മനസ്സുണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു."

മലബാറിലെ സാധാരണ ജനങ്ങള്‍ ഏര്‍പ്പെട്ടിരുന്ന ഏതാണ്ടെല്ലാ തൊഴില്‍ മേഖലകളിലുള്ളവരും അനുഭവിക്കുന്ന പ്രയാസങ്ങള്‍ സി എച്ച് സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. പരമ്പരാഗത വ്യവസായങ്ങളായ കൈത്തറി, കയര്‍ , മുതലായ സംരംഭങ്ങളെ എങ്ങനെ പുനരുജ്ജീവിപ്പിക്കണമെന്ന നിര്‍ദേശങ്ങളില്‍ സി എച്ചിന്റെ ക്രാന്തദര്‍ശിത്വം വ്യക്തമായി കാണാം.

"കൈത്തറി വ്യവസായത്തെ സംബന്ധിച്ച് ചിലതു പറയേണ്ടിയിരിക്കുന്നു. സെസ് ഫണ്ടില്‍നിന്ന് കൈത്തറിക്കാര്‍ക്ക് ചില സഹായങ്ങളെല്ലാം ചെയ്തുവരുന്നുണ്ട്. പക്ഷേ, മറ്റു സ്ഥലങ്ങളില്‍ കൊടുക്കുന്നതുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ മലബാറിന് കൊടുക്കുന്നത് വളരെ തുച്ഛമാണ്. മലബാറിനു കിട്ടേണ്ട പങ്ക് കിട്ടുന്നില്ല. മലബാറിന്റെ പ്രത്യേക പരിതസ്ഥിതികളെ പരിഗണിച്ചു സെസ് ഫണ്ടില്‍നിന്ന് കൂടുതല്‍ സഹായം ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. മലബാറില്‍ കൈത്തറി നെയ്ത്ത് മിക്കവാറും ഫാക്ടറി സമ്പ്രദായത്തിലാണ് നടത്തിവരുന്നത്. സെസ് ഫണ്ടില്‍ നിന്നുള്ള സഹായവും മറ്റുമെല്ലാമുണ്ടായിട്ടും കൈത്തറി വ്യവസായം വേണ്ടത്ര മുന്നോട്ടുപോകുന്നില്ല. അതിനു കാരണം നൂല്‍വില കുറഞ്ഞിട്ടില്ലെന്നുള്ളതാണ്. കൈത്തറി വ്യവസായ സ്തംഭനം അവസാനിപ്പിച്ചില്ലെങ്കില്‍ മലബാറിലെ പതിനായിരക്കണക്കിലുള്ള നെയ്ത്തുകാരുടെ ജീവിതം അപകടത്തിലാണ്. സെസ്ഫണ്ടില്‍നിന്ന് ഇന്നുതന്നെ മലബാറിലെ നെയ്ത്തുകാര്‍ക്ക് ന്യായമായി കിട്ടേണ്ട ഓഹരി കിട്ടുന്നില്ല. നിവൃത്തിയുള്ളിടത്തോളം കൂടുതല്‍ സഹായം ചെയ്തുകൊടുത്ത് നിലവിലുള്ള സ്തംഭനം അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു."

കമ്യൂണിസ്റ്റ് പാര്‍ടിയുടെ തത്വാധിഷ്ഠിത നിലപാട് അവതരിപ്പിച്ചുകൊണ്ട് കേരളം ഉള്‍പ്പെടെയുള്ള ഭാഷാസംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കണമെന്ന ആവശ്യം സുവ്യക്തമായി സഭയില്‍ അവതരിപ്പിച്ചിരുന്നു സി എച്ച്. 1956 മാര്‍ച്ച് 28 ന്റെ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

"സംസ്ഥാന പുനഃസംഘടനയെപ്പറ്റി പറയുമ്പോള്‍ ചില തത്വങ്ങള്‍ പരിപൂര്‍ണമായും സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകണമെന്നാണ് എനിക്ക് പ്രധാനമായും പറയാനുള്ളത്.

അടിസ്ഥാനതത്വങ്ങള്‍ അംഗീകരിക്കാത്തിടത്തോളം സംസ്ഥാന പുനഃസംഘടനാ കാര്യത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. ഇന്ന് ഈ രാജ്യത്ത് ഉണ്ടായിട്ടുള്ള കുഴപ്പങ്ങള്‍ക്കെല്ലാം കാരണം അടിസ്ഥാനതത്വങ്ങളെ അവഗണിച്ചു എന്നുള്ളതാണ്. ഭാഷാസംസ്ഥാനങ്ങള്‍ വേണമെന്ന വാദം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. വളരെക്കാലത്തിനു മുമ്പേ, ഇന്ത്യയില്‍ ദേശീയപ്രസ്ഥാനം ആരംഭിച്ച കാലം മുതല്‍ക്കേ, ഭാഷാസംസ്ഥാനം നമ്മുടെ മുദ്രാവാക്യമായിരുന്നു. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ നേതാക്കന്മാരും അതില്‍ പങ്കെടുത്ത ധീരഭടന്മാരും ഒരുപോലെ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ആവശ്യപ്പെട്ടിട്ടുള്ള കാര്യമാണ് ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ സംഘടിപ്പിക്കണം എന്നുള്ളത്. എന്നാല്‍ , സ്വാതന്ത്ര്യം കിട്ടിയതിനുശേഷം പലതും മറന്ന കൂട്ടത്തില്‍ ഭാഷാസംസ്ഥാനകാര്യവും ഒട്ടൊക്കെ മറന്നുപോയി എന്നുള്ളതാണ് പരമാര്‍ഥം. ആന്ധ്രാസംസ്ഥാന രൂപീകരണത്തിനുവേണ്ടി പോട്ടി ശ്രീരാമുലു നിരാഹാരവ്രതം ആരംഭിക്കുകയും തെലുങ്കര്‍ പ്രക്ഷോഭം നടത്തുകയും ചെയ്തതിനുശേഷമാണ് അക്കാര്യത്തെക്കുറിച്ച് കാര്യമായി ആലോചിക്കാന്‍ നമ്മുടെ നേതാക്കന്മാരും ഗവണ്‍മെന്റും മുന്നോട്ടുവന്നിട്ടുള്ളത്. എങ്കിലും ഭാഷാ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിന് ഗവണ്‍മെന്റിനുള്ള വൈമനസ്യം വിട്ടുമാറിയില്ല എന്നാണ് ഇപ്പോഴും തെളിഞ്ഞുകാണുന്നത്. അതുകൊണ്ടാണ് രാജ്യത്ത് വലിയ പ്രക്ഷോഭങ്ങളും കലാപങ്ങളും കുഴപ്പങ്ങളുമെല്ലാം ഉണ്ടായിട്ടുള്ളത്. ഭാഷാസംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതില്‍ എവിടെയെല്ലാം കൃത്രിമങ്ങളും കുഴപ്പങ്ങളും കാണിച്ചിട്ടുണ്ടോ അവിടെയെല്ലാമാണ് പ്രക്ഷോഭങ്ങളും ലഹളകളും പൊന്തിവന്നിട്ടുള്ളത് എന്നു കാണാന്‍ പ്രയാസമില്ല. ഇവിടെയും ദക്ഷിണസംസ്ഥാനത്തെക്കുറിച്ച് ആലോചനയുണ്ടായപ്പോഴാണ് ചില അസ്വസ്ഥതകളെല്ലാം ആരംഭിച്ചത്. അതുകൊണ്ട് അടിസ്ഥാനതത്വങ്ങള്‍ ആദ്യം അംഗീകരിക്കുകയും പിന്നീട് അത് പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്യുകയാണ് ഏറ്റവും ശരിയായിട്ടുള്ള മാര്‍ഗമെന്ന് ഊന്നിപ്പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു."

1957 ലെയും 1965 ലെയും കേരളനിയമസഭാതെരഞ്ഞെടുപ്പുകളില്‍ നാദാപുരം മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട് കേരളനിയമസഭയിലെ മികച്ച സാമാജികനായി സി എച്ചിന് ശോഭിക്കാനായത് മദിരാശി നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിചയമായിരുന്നു. മലബാറിന്റെ അടിസ്ഥാനപ്രശ്നങ്ങളെ സംബന്ധിച്ച ആഴത്തിലുള്ള അറിവ് പിന്നീട് ഒന്നാം ഇ എം എസ് മന്ത്രിസഭാകാലത്ത് ആവിഷ്കരിച്ച കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ചു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ അനുവര്‍ത്തിച്ചിരുന്ന ജനവിരുദ്ധ നയപരിപാടികളെയും ജനാധിപത്യവിരുദ്ധ നടപടികളെയും നിശിതമായി വിമര്‍ശിക്കുന്നതിന് സി എച്ചിന്റെ വാഗ്മിത്വം ഏറെ സഹായകരമായി. കേരളപ്പിറവിക്കും വിമോചനസമരത്തിനും മുമ്പുതന്നെ കേരളത്തില്‍ ജനകീയ ഭരണസംവിധാനം നിലവില്‍ വരുത്താതിരിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ കുത്സിതശ്രമങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു സി എച്ചിന്റെ മദിരാശി നിയമസഭാപ്രസംഗങ്ങളുടെ ഒടുവിലത്തെ ഏടുകള്‍ .

*
തയ്യാറാക്കിയത്: പ്രൊഫ. എ വത്സലന്‍ (അവലംബം : മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലി പ്രൊസീഡിങ്സ് 1952-1956, തമിഴ്നാട് ആര്‍ക്കൈവ്സ്, എഗ്മോര്‍ , ചെന്നൈ)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നിസ്വവര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ അധികാരിവര്‍ഗത്തിന്റെ മുന്നിലെത്തിക്കാനും നിയമസഭയെ പോരാട്ടവേദിയാക്കാനും ശ്രമിച്ച ജനനായകനായിരുന്നു സി എച്ച് കണാരനെന്ന് അദ്ദേഹം മദിരാശി നിയമസഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ വ്യക്തമാക്കുന്നു. 1952 മുതല്‍ 1956 വരെ മദിരാശി നിയമസഭയില്‍ തലശേരി മണ്ഡലത്തെ പ്രതിനിധാനംചെയ്തത് സി എച്ച് ആയിരുന്നു. അരനൂറ്റാണ്ടു മുമ്പുള്ള മലബാറിന്റെ കാര്‍ഷിക, വ്യാവസായിക പിന്നോക്കാവസ്ഥയെക്കുറിച്ചും തൊഴിലാളികളുടെയും കര്‍ഷകരുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും അവസ്ഥയെക്കുറിച്ചും വ്യക്തമായൊരു ചിത്രം സി എച്ചിന്റെ പ്രസംഗങ്ങളില്‍ തെളിയുന്നു.