Sunday, July 31, 2011

പുറത്തുവരാത്ത യുഗ്മഗാനത്തിന്റെ റഫി സ്മരണയില്‍ യേശുദാസ്

അനശ്വരഗായകന്‍ മുഹമ്മദ് റഫിയുമായുള്ള പുറത്തുവരാത്ത യുഗ്മഗാനത്തിന്റെ സ്മരണയിലാണ് ഗാനഗന്ധര്‍വന്‍ യേശുദാസ്. തനിക്ക് കാഴ്ച കിട്ടിയാല്‍ ആദ്യം കാണാന്‍ ആഗ്രഹിക്കുന്ന മുഖം യേശുദാസിന്റേതാണെന്ന് പറഞ്ഞ ഹിന്ദി സംഗീതസംവിധായകന്‍ രവീന്ദ്ര ജയിനാണ് റഫിയെയും യേശുദാസിനെയും ഒരു പാട്ടില്‍ കൂട്ടിയിണക്കിയത്. മുംബൈയില്‍ റിഹേഴ്സല്‍ കഴിഞ്ഞു. അതിമധുരമായിരുന്നു ഗാനം. പക്ഷേ, നിര്‍മാതാവും മറ്റും ഇടപെട്ടു. അവസാനം യുഗ്മഗാനത്തില്‍ യേശുദാസില്ല. പകരം മന്നാഡെ പാടി. അതിനു പറഞ്ഞ കാരണം ഇതാണ് "റഫിക്കും യേശുദാസിനും ഒരേ ശബ്ദമാണ്. അതുകൊണ്ട് മറ്റൊരു ശബ്ദമുള്ള ഗായകനെക്കൊണ്ട് പാടിക്കുന്നു".

റഫിയുമൊത്ത് തനിക്ക് പാടാന്‍ കഴിഞ്ഞില്ലെങ്കിലും ഒഴിവാക്കാന്‍ പറഞ്ഞ റഫിയുടെ ശബ്ദമാണെന്ന അഭിപ്രായം കാരണം ഏത് അവാര്‍ഡിനേക്കാളും വലിയ അംഗീകാരമായി താന്‍ മനസ്സില്‍ സൂക്ഷിക്കുന്നതായി ദുബായിലെ വസതിയിലുള്ള യേശുദാസ് പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മുതല്‍ റഫി സാഹിബിനോടു തോന്നിയ ആരാധനയും സ്നേഹവും ഇന്നും തന്റെ മനസ്സില്‍ അതുപോലെ തുടരുന്നു. സ്കൂളിലേക്ക് പോകുമ്പോള്‍ വഴിവക്കിലെ ചായപ്പീടികയില്‍ റേഡിയോയില്‍നിന്ന് റഫി സാഹിബിന്റെ പാട്ട് കേട്ടാല്‍ അന്ന് ക്ലാസിലെത്താന്‍ വൈകുമായിരുന്നു. ആ പാട്ടും കേട്ട് വഴിയോരത്ത് നിന്നുപോകും.

അങ്ങനെ സ്കൂളിലെത്തുമ്പോള്‍ വൈകും. അതുകാരണം അധ്യാപകരുടെ ശകാരവും ചൂരല്‍ക്കഷായവും കിട്ടിയിട്ടുണ്ട്. മുംബൈ ഷണ്‍മുഖാനന്ദ ഹാളില്‍ എന്റെ സംഗീതപരിപാടി നടക്കുമ്പോള്‍ ഒരുതവണ റഫി എത്തുകയും എന്നെ നേരില്‍ അഭിനന്ദിക്കുകയും ചെയ്തു. എല്ലായ്പ്പോഴും ഒരു ചിരി മുഖത്തുണ്ടായിരുന്നു. പാടുമ്പോഴും ഒരു നേരിയ മന്ദഹാസം മുഖത്തുണ്ടാവുമായിരുന്നു. ഹൃദയം തുറന്നുള്ള ചിരി. അതായിരുന്നു റഫി സാഹിബ്. കൃത്രിമത്വത്തിന്റെ നിഴലേശാത്ത വ്യക്തിത്വം. സംഗീതത്തെ ഉദാത്തമായ കലയായി കണ്ട വലിയ കലാകാരനായിരുന്നു അദ്ദേഹം. എല്ലാ ശൈലിയും സുന്ദരമായി കൈകാര്യംചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഉച്ചസ്ഥായിയില്‍ പാടേണ്ട ഗാനങ്ങള്‍ എപ്പോഴും അദ്ദേഹത്തില്‍ സുരക്ഷിതമായിരുന്നു. "ഓ ദുനിയാ കാ രഖ് വാലേ" തുടങ്ങിയ എത്രയെത്ര ഗാനങ്ങള്‍ . ആദ്യകാലത്ത് എന്റെ ഗാനമേളകളില്‍ ഞാന്‍ റഫിയുടെ നിരവധി ഗാനങ്ങള്‍ ആലപിക്കുമായിരുന്നു. റൊമാന്റിക് ഗാനവും ഭക്തിഗാനവും ശോകഗാനവും എന്നുവേണ്ട എല്ലാ തരത്തിലെ ഗാനങ്ങള്‍ക്കും ഒരു റോള്‍മോഡലായിരുന്നു അദ്ദേഹം.

1961 നവംബര്‍ 17നാണ് എന്റെ ആദ്യത്തെ ചലച്ചിത്രഗാനം. ജാതിഭേദം മതദ്വേഷം എന്ന ശ്ലോകം. പക്ഷേ, റഫി സാഹിബ് 1941ല്‍ തന്റെ പഞ്ചാബിഗാനം റെക്കോഡ് ചെയ്തു. അതിനുമുമ്പും 1939 മുതല്‍ ഡല്‍ഹി റേഡിയോയിലെ പ്രോഗ്രാമുകള്‍ . 1946ല്‍ "ജുഗ്നു" എന്ന സിനിമയിലെ പാട്ടുകള്‍വഴി പ്രശസ്തിയിലേക്ക്. 1948ല്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തില്‍ അനുശോചിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിലാപഗാനം ആലപിച്ചത് റഫിയാണ്. 1950ല്‍ ആദ്യത്തെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ദേശഭക്തിഗാനാലാപനവും. ഇതൊക്കെയാണെങ്കിലും റഫി എന്ന ഗായകന്‍ ഇന്ത്യക്കാരുടെ മനസ്സിനെ കീഴടക്കിയത് 1953ല്‍ "ബൈജുബാവ്ര" എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ്. പിന്നെ അതൊരു തരംഗമായി മാറി. ഏത് സംഗീതസംവിധായകനും വിശ്വസിച്ച് പാടിക്കാവുന്ന ഒരു ഷുവര്‍ ഹിറ്റായിരുന്നു റഫി. ഇന്ന് മുഹമ്മദ് റഫിയുടെ വേര്‍പാടിന്റെ 31-ാം ആണ്ടാണ്.

*
ആര്‍ എസ് ബി ദേശാഭിമാനി വാരാന്തപ്പതിപ്പ് 31 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...