Monday, February 11, 2013

ഞാന്‍ അച്ചാര്‍: കലാഭവന്‍ മണി

തമാശ കാട്ടി ചിരിപ്പിച്ച് വില്ലത്തരം കാട്ടി പേടിപ്പിച്ച് ഭാവംകൊണ്ട് വിസ്മയിപ്പിച്ച് കലാഭവന്‍ മണി സിനിമയില്‍ പാട്ടുംപാടി 20 വര്‍ഷം പൂര്‍ത്തിയാക്കി

സുരേഷ് ഗോപിയാണ് ഓട്ടോ വിളിച്ചത്. ആള്‍ക്കൂട്ടത്തിനപ്പുറത്തു നിന്ന് കറുത്തു മെലിഞ്ഞ ആ ചെറുപ്പക്കാരന്‍ ഓട്ടോയുമായി പേടിയോടെ വന്നു. സുരേഷ് ഗോപി ഓട്ടോയില്‍ കയറി. ഡ്രൈവറോട്, താന്‍ ഓട്ടോ ഡ്രൈവറാണോയെന്ന് ചോദിച്ചു. നന്നായി മിമിക്രി അവതരിപ്പിക്കുന്ന; സിനിമയില്‍ അഭിനയിക്കണമെന്ന മോഹം ഭ്രാന്തായി കൊണ്ടുനടക്കുന്ന ആ ഓട്ടോക്കാരന്‍, തന്റെ വണ്ടിയുടെ പിന്നിലിരിക്കുന്ന നടനോട് താനാരാണെന്ന് വെളിപ്പെടുത്തിയില്ല. ""അതേ സാര്‍... ഞാന്‍ ഓട്ടോക്കാരന്‍ തന്നെ... ചാലക്കുടിയില്‍ വണ്ടിയോടിക്കുന്നു."" അപ്പോഴേക്കും സംവിധായകന്‍ സിബി മലയിലിന്റെ ആക്ഷന്‍ വിളി വന്നുകഴിഞ്ഞു. പേടിയോടെ അയാള്‍ ഓട്ടോ മുന്നിലേക്കെടുത്തു. ശേഷം എന്താണുണ്ടായതെന്ന് കലാഭവന്‍ മണി തന്നെ പിന്നീട് പറയും....

നാടന്‍പാട്ടിന്റെ നല്ല താളമായി മലയാളസിനിമയിലേക്ക് ചിരിച്ചിറങ്ങിയ കലാഭവന്‍ മണിയുടെ സിനിമാ ജീവിതം 20 വര്‍ഷം പിന്നിടുന്നു. 1993ല്‍ സമുദായം എന്ന ചിത്രത്തില്‍ മീന്‍ കച്ചവടക്കാരനായി തുടങ്ങിയ മണി അതേക്കുറിച്ചൊക്കെ സംസാരിക്കുന്നു. തിരുവനന്തപുരം വെള്ളായണിയിലെ മെരിലാന്റ് സ്റ്റുഡിയോയില്‍ മായാപുരി എന്ന ത്രീഡി സിനിമയുടെ സെറ്റിലായിരുന്നു അദ്ദേഹം. ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ കാരവനില്‍ കയറിയിരുന്ന് ചിരി അകമ്പടിയിട്ട് മണി മനസ്സ് തുറക്കുന്നു...                                              

$ മണിച്ചേട്ടന്‍ സിനിമയില്‍ എത്തി 20 വര്‍ഷം കഴിഞ്ഞു. മലയാള സിനിമയില്‍ വലിയ സംഭവമാണോ താങ്കള്‍?

= സിനിമയില്‍ എത്തുമെന്നോ, ഇത്ര വലിയ നടനാകുമെന്നോ കരുതാനൊന്നും ഒട്ടും സാഹചര്യമില്ലാത്ത പശ്ചാത്തലത്തില്‍ നിന്നാണ് ഞാന്‍ നടനാകുന്നത്. നാടന്‍പാട്ടും മിമിക്രിയും അവതരിപ്പിക്കും. അങ്ങനെ സിനിമയില്‍ എത്താന്‍ പറ്റുമോയെന്നൊക്കെയുള്ള അന്വേഷണം നടത്തി നോക്കിയിരുന്നു. എന്നാല്‍, അതൊന്നും ഫലവത്തായില്ല. അപ്പോഴാണ് മിമിക്സ് ആഷന്‍ 500 എന്ന സിനിമയുടെ പിന്നണിക്കാര്‍ വിളിക്കുന്നത്. അതില്‍ ഒരു റോള്‍ പ്രതീക്ഷിച്ചു കാത്തിരുന്നു. എന്നാല്‍, ഒടുവില്‍ ഞാന്‍ പുറത്ത്. അതോടെ സിനിമാ നടനാകുകയെന്ന ആഗ്രഹം ഉപേക്ഷിച്ചതായിരുന്നു. ഇതിനിടയ്ക്കാണ് ചാലക്കുടിയില്‍ എന്റെ മിമിക്രി കണ്ട ഡയറക്ടര്‍ അമ്പിളി സാര്‍ എന്നെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. എന്നെങ്കിലും സിനിമ ചെയ്യുന്നെുണ്ടെങ്കില്‍ മണിക്ക് അതില്‍ ഒരു റോള്‍ ഉണ്ടാകുമെന്ന് അമ്പിളി സാര്‍ പറഞ്ഞിരുന്നു. ആദ്യം "സമുദായം" എന്ന സിനിമയില്‍ മാമുക്കോയയുടെ അസിസ്റ്റന്റായി മീന്‍ വില്‍പ്പനക്കാരനായി ചെറിയൊരു റോളില്‍ അഭിനയിച്ചു. അതുകഴിഞ്ഞാണ് സിബി മലയിലിന്റെ "അക്ഷരങ്ങള്‍" എന്ന സിനിമയില്‍ അവസരം ലഭിക്കുന്നത്.

സുരേഷ് ഗോപി സഞ്ചരിക്കുന്ന ഓട്ടോയിലെ ഡ്രൈവറായാണ് വേഷം. സുരേഷ് ഗോപി ഓട്ടോയിലിരുന്നാണ്, തനിക്ക് ഓട്ടോ ഓടിക്കാനറിയുമോ എന്ന് ചോദിക്കുന്നത്. ഇനി താന്‍ മിമിക്രിക്കാരനാണെന്നു പറഞ്ഞ് ഉള്ള അവസരവും കളയണ്ട എന്നു കരുതി; അതേ സര്‍... ഞാന്‍ ഓട്ടോക്കാരനാണ്, എന്നുപറഞ്ഞ് ഓട്ടോയുടെ കിക്കര്‍ വലിച്ചു. കഷ്ടകാലത്തിന് അതാ ഓട്ടോയുടെ കിക്കര്‍ കൈയില്‍. സീനെടുക്കാന്‍ എല്ലാവരും തയ്യാറായി നില്‍ക്കുന്നു. അപ്പോഴാണ് ഓട്ടോയുടെ വക പണിമുടക്ക്. ഇതാ... ഇവിടെ തീര്‍ന്ന് അഭിനയമോഹം. സിബി മലയില്‍ സാര്‍ ചൂടാകുന്നു... എവിടെന്ന് കിട്ടിയെടോ; ഈ ഓട്ടോക്കാരനെ? ഇനിയെങ്ങനെ ഈ ഓട്ടോയോടിക്കും. ഡയറക്ടര്‍ ചൂടില്‍ തന്നെ. സാര്‍.. ഒന്നു തള്ളി തന്നാല്‍ ഞാന്‍ സ്റ്റാര്‍ട്ടാക്കിയെടുക്കാം. പേടിച്ചുവിറച്ച് ഞാനിങ്ങനെ പറഞ്ഞപ്പോള്‍ സെറ്റിലുള്ള സഹായികളെല്ലാം ഓട്ടോ തള്ളാന്‍ തുടങ്ങി. അങ്ങനെ തള്ളി വിട്ടതാണ് എന്നെ... ആ ഓട്ടോ നീങ്ങി നിരങ്ങി 1996ല്‍ സുന്ദര്‍ദാസിന്റെ സല്ലാപത്തിലെത്തി. അതിലെ രംഗം എല്ലാവര്‍ക്കും അറിയാമല്ലോ. തെങ്ങിന്റെ മണ്ടയില്‍ നിന്ന് മഞ്ജുവാര്യരെ കളിയാക്കി "തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി...." എന്ന പാട്ടുപാടുന്നു.... വില്ലത്തരം കാട്ടുന്നു. നല്ല തമാശ രംഗങ്ങളുണ്ട്. അങ്ങനെ ഒറ്റ സിനിമയില്‍ തന്നെ പാട്ടുകാരനായി, വില്ലനായി, കൊമേഡിയനായി എന്റെ സിനിമായാത്ര തുടങ്ങി. ഇപ്പോള്‍ ഇവിടെയെത്തി നില്‍ക്കുന്നു.                             
 
$ എന്നിട്ടും പറഞ്ഞില്ല; സിനിമയില്‍ മണി ആരാണ്? തമാശക്കാരനാണോ; പേടിപ്പെടുത്തുന്ന വില്ലനാണോ.. അതോ പാടിയതെല്ലാം ഹിറ്റാക്കിയ നാടന്‍ പാട്ടുകാരനാണോ?


= ഇതെല്ലാമാണ് മണി. കിട്ടുന്ന റോളുകള്‍; പണം മുടക്കുന്ന ആള്‍ക്ക് ബാധ്യത വരുത്താത്ത നിലയില്‍ ഞാന്‍ നന്നായി ചെയ്തു കൊടുക്കും. എങ്ങനെയും എന്നെ സിനിമയില്‍ ഉപയോഗിക്കാം. ഒരുതരത്തില്‍ പറഞ്ഞാല്‍ മലയാളസിനിമയിലെ അച്ചാറാണ് ഞാന്‍. എന്നും ആദ്യം വിളമ്പുന്ന ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒരു തൊടുകറി. ചെറിയ വിഭവമെങ്കിലും മലയാളി സദ്യയുണ്ണുമ്പോള്‍ അച്ചാര്‍ ഒഴിവാക്കില്ലല്ലോ... അതേപോലെ പ്രേക്ഷകരും എന്നെ ഒഴിവാക്കാന്‍ കഴിയാത്ത വിഭവമായി പരിഗണിക്കുന്നു.

$ ഇടയ്ക്ക് ടൈപ്പ് റോളുകള്‍ ചെയ്ത് ആള്‍ക്കാരെ മടുപ്പിച്ചോ. മിക്കതിലും നായകവേഷമാണെങ്കിലും; പല ചിത്രങ്ങളും തിയറ്റര്‍ പോലും കണ്ടില്ല.

= ടൈപ്പ് റോളുകളാണെന്ന് അറിഞ്ഞുതന്നെ ചെയ്തതാണ്. എന്നെ ആവശ്യപ്പെട്ടു വരുന്നവരെ ഞാന്‍ മടക്കിയക്കില്ല. എല്ലാത്തരം ആള്‍ക്കാര്‍ക്കും ഞാന്‍ ഡേറ്റ് കൊടുക്കും. എന്റെ ജോലി ചെയ്യും. ചിത്രീകരണം പൂര്‍ത്തിയാക്കി രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞതിനുശേഷം പുറത്തിറങ്ങിയ സിനിമകള്‍ വരെയുണ്ട്. പലതും ഞാന്‍ അറിയുന്നപോലുമില്ല. ഇതിനിടയ്ക്ക് ചെറിയ വേഷമാണെങ്കിലും ചില സിനിമകളില്‍ വേഷമിട്ടത് ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. അമല്‍ നീരദിന്റെ ബാച്ച്ലര്‍ പാര്‍ടിയില്‍ അത്തരമൊരു വേഷമായിരുന്നു. എനിക്കും പ്രേഷകര്‍ക്കും അതിലെ റോള്‍ ഏറെ ഇഷ്ടപ്പെട്ടു. അതുപോലെ ലാല്‍ജോസിന്റെ "അയാളും ഞാനും തമ്മില്‍" എന്ന സിനിമയിലെ പൊലീസ് വേഷവും ശ്രദ്ധിക്കപ്പെട്ടു.

$ ബാച്ച്ലര്‍ പാര്‍ടിയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. ഈ ന്യൂ ജനറേഷന്‍ സിനിമയില്‍ മണിച്ചേട്ടന് റോളുണ്ടോ? പോട്ടെ; അങ്ങനെയൊരു സംഭവമുണ്ടോ മലയാള സിനിമയില്‍

= നല്ല കഴിവുള്ള പുതിയ ജനറേഷന്‍ സിനിമയില്‍ വന്നിട്ടുണ്ട്. അവരുടേത് ന്യൂ ജനറേഷന്‍ ആണെങ്കില്‍ അങ്ങനെ വിളിക്കാം. തമിഴിലൊക്കെ മുമ്പേ സംഭവിച്ചതാണല്ലോ ഇത്. പുതിയ പ്രമേയങ്ങള്‍, പുതിയ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ പയ്യന്മാര്‍ മിടുക്കന്മാരാണ്.

$ തമിഴിലും തെലുങ്കിലും ഭീകരനായ വില്ലനാണല്ലോ ഇപ്പോഴും. ചിരിപ്പിക്കുന്ന മണിച്ചേട്ടനായാണ് പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമെന്ന് തോന്നുന്നു? അല്ലേ...

= അതിപ്പോള്‍, ഒരോ ആള്‍ക്കാള്‍ക്കും ഒരോന്നല്ലെ ഇഷ്ടം. തമിഴില്‍ വില്ലന്‍ വേഷം മാത്രമല്ല, ഇപ്പോള്‍ കരാറായ മൂന്ന് സിനിമയില്‍ ഒന്ന് നായകനായാണ്. അതേപോലെ മലയാളത്തില്‍ ഇപ്പോള്‍ എനിക്ക് സ്ഥിരം പൊലീസ് വേഷങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട് (അയാളും ഞാനും തമ്മില്‍, മദിരാശി തുടങ്ങിയ ചിത്രങ്ങളില്‍). സംഗതി ഇങ്ങനെ പോയാല്‍ എന്നെ പൊലീസിലെടുക്കുമോ എന്ന അവസ്ഥ വരെ എത്തി.                                               

$ ചിലരെ പട്ടാളത്തിലെടുത്ത പോലെ....

= അയ്യോ.. അങ്ങനെ ഞാന്‍ പറയില്ല. റോളുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ഞാന്‍ മാറ്റിപ്പിടിക്കാന്‍ ശ്രമിക്കാറുണ്ട്. ചിലര്‍ പറയും പൊലീസ് വേഷമാണ് എനിക്ക് ചേരുന്നതെന്ന്. ചിലര്‍ വില്ലനായി കാണാന്‍ ഇഷ്ടപ്പെടുന്നു. മറ്റൊരു കൂട്ടര്‍ പറയും, ഞങ്ങള്‍ക്ക് മണിച്ചേട്ടന്റെ നാടന്‍ പാട്ടും ങ്ഹ്...ഹാ.... എന്ന ചിരിയുമാണ് വേണ്ടതെന്ന്. എല്ലാത്തരം കാര്യങ്ങളും ചെയ്യുക എന്നതിലാണ് കാര്യമെന്ന് തോന്നുന്നു. ഒരുപക്ഷേ, ഞാനിപ്പോഴും സിനിമയില്‍ നില്‍ക്കുന്നതിന് ഒരുകാരണം; ടൈപ്പ് റോളുകളില്‍ ഞാന്‍ ഉറച്ചുനിന്നില്ല എന്നതു കൊണ്ടു കൂടിയാണെന്ന് തോന്നുന്നു.

$ അച്ഛന്റെ സ്മാരകമായി ചാലക്കുടിയില്‍ ഉയര്‍ത്തിയ മന്ദിരത്തില്‍ വായനശാലയും ഉണ്ടെന്ന് കേട്ടു. ഇത്തരത്തിലുള്ള സാമൂഹ്യസേവനവുംപെടുമോ മണിച്ചേട്ടന്റെ ജീവിതത്തില്‍.

= സ്കൂളില്‍ പഠിക്കാന്‍ പോലും സാഹചര്യമില്ലാത്ത അവസ്ഥയില്‍ നിന്നാണ് ഞാനൊക്കെ വളര്‍ന്നുവന്നത്. അതുപോലത്തെ കഷ്ടപ്പാട് നാട്ടിലെ കുട്ടികള്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്ന് തോന്നിയപ്പോഴാണ് അച്ഛന്റെ പേരില്‍ ഒരു സാംസ്കാരികനിലയം പണിയാന്‍ തീരുമാനിച്ചത്. കഴിഞ്ഞമാസം സഖാവ് പിണറായി വിജയനാണ് ആ മന്ദിരം ഉദ്ഘാടനംചെയ്തത്. എല്ലാത്തരം പുസ്തകങ്ങളും അത് വായിക്കാന്‍ സൗകര്യവുമുള്ള വായനശാല, പിഎസ്സി കോച്ചിങ് സെന്റര്‍, നൃത്ത-അഭിനയ പഠനക്കളരി, ട്യൂഷന്‍ സെന്റര്‍ തുടങ്ങി എല്ലാ സൗകര്യവും അതില്‍ ഒരുക്കിയിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ തന്നെ മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത.്

$ വായനശാലയ്ക്കൊക്കെ ഇപ്പോഴും പ്രസക്തിയുണ്ടോ.

= വായനശാലയില്‍ നിന്നുമൊക്കെ വായിച്ചുവളര്‍ന്ന ഒരു സാംസ്കാരിക പശ്ചാത്തലമുള്ള നാടുകൂടിയാണ് ചാലക്കുടി. അത് ഇപ്പോള്‍ കൈമോശം വന്നു. വായന പൊതുവില്‍ കുറഞ്ഞു. അത്തരം നന്മകളൊക്കെ തിരിച്ചുപിടിക്കേണ്ടതല്ലെ. അതിന് എന്നാല്‍ കഴിയുന്നത് ചെയ്യുന്നു എന്നേയുള്ളൂ.

ആദ്യ സിനിമ: സമുദായം (1993).
പ്രശസ്തനാക്കിയത്: സല്ലാപത്തിലെ കള്ളുചെത്തുകാരന്റെ റോള്‍.
പൂര്‍ത്തിയാക്കിയ സിനിമകള്‍: 149
ശ്രദ്ധേയമായ വേഷങ്ങള്‍: സല്ലാപം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം, തമിഴില്‍ ഗജിനി, എന്തിരന്‍.
ഗായകന്‍: 24 മലയാള സിനിമയില്‍ പിന്നണി പാടി. കരുമാടിക്കുട്ടന്‍, കാഴ്ച, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവയിലെ പാട്ട് ശ്രദ്ധേയമായി.
എംഎല്‍എ മണി പത്താംക്ലാസും ഗുസ്തിയും എന്ന സിനിമയില്‍ സംഗീതസംവിധാനവും നിര്‍വഹിച്ചു.

*
വിനോദ് പായം

1 comment:

ചിന്താക്രാന്തൻ said...

മണിയുടെ സിനിമാജീവിതത്തെ കുറിച്ചുള്ള ഈ ലേഖനം മണിയെ കുറിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേര്‍രേഖയാണ് .അഭിനന്ദനങ്ങള്‍