Tuesday, March 12, 2013

അരങ്ങിന്റെ ആചാര്യന്‍

കളിയരങ്ങിലെ പ്രൗഢഗംഭീരമായ രാജസപ്രതാപമാണ് അണഞ്ഞുപോയത്. ഉഗ്രതയാര്‍ന്ന രാജസവേഷങ്ങളുടെ മികവും തികവും ആസ്വാദകര്‍ അനുഭവിച്ചത് കലാമണ്ഡലം രാമന്‍കുട്ടിനായരിലൂടെയാണ്. കത്തി- വെള്ളത്താടി വേഷങ്ങളുടെ പരമാചാര്യനായിരുന്നു കഥകളിക്കുവേണ്ടി ജീവിതമര്‍പ്പിച്ച ഈ മഹാനടന്‍. ജനിച്ചത് കഥകളിയുടെ കുലസ്ഥാനമായ വെള്ളിനേഴിയില്‍. മനസ്സില്‍ നിറച്ചുവച്ചത് മഹാകവി വള്ളത്തോളിനെ. പഠിച്ചത് പട്ടിക്കാംതൊടി രാമുണ്ണിമേനോന്റെ സവിധത്തില്‍. അനുവര്‍ത്തിച്ചത് കല്ലുവഴിച്ചിട്ട. മൗലികമായ സര്‍ഗാത്മക പ്രതിഭയ്ക്ക് ഇത്രയേറെ അനുകൂല സാഹചര്യങ്ങള്‍കൂടി ഒത്തിണങ്ങിക്കിട്ടിയാല്‍ എന്താവും ഉണ്ടാവുക? ആ ചോദ്യത്തിനുള്ള ഉത്തരമാണ് കലാമണ്ഡലം രാമന്‍കുട്ടിനായര്‍.

പ്രതിനായക വേഷങ്ങളിലാണ് ആ അഭിനയപ്രതിഭ കൂടുതല്‍ ജ്വലിച്ചത്. ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെയും മറ്റും കത്തിവേഷങ്ങള്‍ അരങ്ങില്‍ കത്തിപ്പടര്‍ന്നുനിന്ന കാലത്ത് വേറിട്ട ഒരു അഭിനയവ്യക്തിത്വം സ്ഥാപിച്ചെടുക്കുക പ്രായേണ ദുഷ്കരമായിരുന്നു. എന്നാല്‍, വേറിട്ട നടനചാതുരികൊണ്ടും ആട്ടസവിശേഷതകൊണ്ടും ഭാവഗരിമകൊണ്ടും കലാമണ്ഡലം രാമന്‍കുട്ടിനായര്‍ അതു സാധിച്ചു. എന്നുമാത്രമല്ല, അതിവിപുലമായ ആസ്വാദകവൃന്ദത്തെ തന്നിലേക്ക് അടുപ്പിക്കുകയുംചെയ്തു.

കഥകളിയില്‍ അങ്ങനെയൊരു ത്രയം രൂപപ്പെട്ടിരുന്നു ഒരുകാലത്ത്. കുഞ്ചുനായരുടെ പച്ച, ബ്രാഹ്മണവേഷങ്ങള്‍, രാമന്‍കുട്ടിനായരുടെ കത്തി- വെള്ളത്താടി, കൃഷ്ണന്‍നായരുടെ പച്ച- ഇവയുടെ സമന്വയമുണ്ടാക്കിയ കഥകളിയുടെ അത്യുല്‍ക്കൃഷ്ടമായ ഒരുതലം ഇന്നും സ്വപ്നംപോലെ ആസ്വാദകരുടെ മനസ്സിലുണ്ട്. കലാമണ്ഡലം കൃഷ്ണന്‍കുട്ടിനായരുടെ പരശുരാമന്റെ പ്രതാപകാലത്താണ് വേറിട്ട ഒരു പരശുരാമനെ രാമന്‍കുട്ടിനായര്‍ അവതരിപ്പിക്കുന്നത്; അതും മനസ്സില്‍നിന്നു മായ്ച്ചുകളയാനാകാത്ത വിധത്തിലുള്ള ഭാവഗാംഭീര്യത്തികവോടെ. ദുര്യോധനവധത്തിലെ ദുര്യോധനന്‍, തോരണയുദ്ധം, ലവണാസുരവധം, കല്യാണസൗഗന്ധികം എന്നിവയിലെ ഹനുമാന്‍... അങ്ങനെ എത്രയെത്ര ഉജ്വലങ്ങളും വ്യത്യസ്തങ്ങളുമായ വേഷങ്ങളാണ് കലാമണ്ഡലം രാമന്‍കുട്ടിനായരുടെ അഭിനയമികവിലൂടെ അരങ്ങുകളെ പല പതിറ്റാണ്ട് ഉണര്‍ത്തിയത്. കല്ലുവഴിച്ചിട്ടയുടെ കാമ്പും കരുത്തും വെളിവാക്കി ഓരോ വേഷവും. കല്ലുവഴിച്ചിട്ടയെ നവീകരിച്ചും പരിഷ്കരിച്ചും ഒരു കലാമണ്ഡലം സമ്പ്രദായം ഉണ്ടാക്കുന്നതില്‍ അദ്ദേഹം നേതൃത്വപരമായ പങ്കാണ് വഹിച്ചത്.

ആദ്യഘട്ടങ്ങളില്‍ ഗുരുവായ പട്ടിക്കാംതൊടി രാമുണ്ണിമേനോന്റെ അധ്യയനത്തിന്റെ ചട്ടക്കൂടിനുള്ളില്‍ സംയമനത്തോടെ ഒതുങ്ങിനിന്ന് കളിച്ച കലാമണ്ഡലം രാമന്‍കുട്ടിനായര്‍ പിന്നെപ്പിന്നെ കലാനുസൃതമായി അഭിനയത്തെ വിസ്തരിച്ചും നവീകരിച്ചും അരങ്ങില്‍ മൗലികതയണയ്ക്കുകയായിരുന്നു. പച്ചയുടെ സുന്ദരവേഷങ്ങളെ മറന്ന് രാവണന്‍, നരകാസുരന്‍ തുടങ്ങിയ പ്രതിനായകവേഷങ്ങളെ ഇമചിമ്മാതെ ആസ്വാദകര്‍ കണ്ടിരിക്കുന്ന അവസ്ഥയിലേക്ക് കഥകളിയെ രാമന്‍കുട്ടിനായര്‍ നയിച്ചു. നായകവേഷങ്ങളായ നളനും കര്‍ണനും രുഗ്മാംഗദനുമൊക്കെ ആടിത്തിമിര്‍ത്ത അരങ്ങുകളില്‍ ഉറക്കച്ചടവ് പടര്‍ത്തുന്ന രണ്ടാംകഥ അരങ്ങേറുമ്പോഴും ആ മയക്കത്തെ ഞെട്ടിച്ചുണര്‍ത്തി രാമന്‍കുട്ടിനായരുടെ അലര്‍ച്ചയോടുകൂടിയ രൗദ്രവേഷങ്ങള്‍ കഥകളിയരങ്ങിന് പുതുജീവന്‍ പകരുമായിരുന്നു.

കഥയിലെ കൊച്ചുകൊച്ചു സന്ദര്‍ഭങ്ങളെപ്പോലും അഭിനയ വിസ്താരത്തിലൂടെ പൊലിപ്പിക്കുന്ന രീതി രാമന്‍കുട്ടിനായര്‍ക്ക് വശമായിരുന്നു. തോരണയുദ്ധത്തിലെ ഹനുമാന്റെ ലങ്കാപ്രവേശത്തിനു തൊട്ടുമുമ്പുള്ള മത്സ്യബന്ധനസന്ദര്‍ഭം അദ്ദേഹം എത്ര സൂക്ഷ്മമായി ആവര്‍ത്തിച്ച് വിശദീകരിച്ചുപോന്നു. അദ്ദേഹത്തിന്റെ ആട്ടരീതികളില്‍ ചിലതിനോട് വ്യവസ്ഥാപിതത്വത്തിന്റെ ആള്‍ക്കാര്‍ വിയോജിച്ചിട്ടുണ്ടാകാം; എന്നാല്‍, കഥാസന്ദര്‍ഭങ്ങള്‍ സൂക്ഷ്മതരമായി ആസ്വാദക മനസ്സുകളിലേക്ക് പതിപ്പിക്കുന്നതില്‍ അത് വഹിച്ച പങ്ക് പരിമിതിയില്ലാത്തതാണ്.

പട്ടിക്കാംതൊടി രാമുണ്ണിമേനോന്റെ ശിഷ്യരായ കുമാരന്‍നായരും രാമന്‍കുട്ടിനായരും പത്മനാഭന്‍നായരും മൂന്നു വഴികളിലൂടെ സഞ്ചരിച്ചു. ഓരോരുത്തരും കഥകളിയെ നവീകരിക്കുന്നതില്‍, ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. വലിയ ശിഷ്യപരമ്പരയെ വളര്‍ത്തിയെടുക്കുകയും ചെയ്തു. ചിട്ടകളെ അന്ധമായി അനുകരിക്കാന്‍ കല്‍പ്പിക്കാത്ത ഒരു ഗുരുനാഥന്‍ രാമന്‍കുട്ടിനായരിലുണ്ടായി. അതുകൊണ്ടുതന്നെയാണല്ലോ കലാമണ്ഡലം ഗോപിയെപ്പോലൊരു ശിഷ്യന് കഥകളിയെ കൂടുതല്‍ നവീകരിച്ച് മുന്നോട്ടുപോകാന്‍ കഴിഞ്ഞത്. ഈ ഗുരുശിഷ്യ ദ്വയം വര്‍ത്തമാനകാല കഥകളിയിലെ അനുപമമായ ഒരു വിസ്മയമായിരുന്നു. അതില്‍നിന്ന് ഗുരു ഇതാ ഇപ്പോള്‍ വിടവാങ്ങി. ഇടക്കാലത്ത് അസുഖബാധിതനായി അരങ്ങുവിട്ട അദ്ദേഹം അസുഖത്തെ വെല്ലുവിളിച്ച് വീണ്ടും അരങ്ങിലെത്തിയത് കലയോടുള്ള ആത്മാര്‍പ്പണത്തിന്റെ അസാധാരണത്വമാര്‍ന്ന ദൃഷ്ടാന്തമായി കണക്കാക്കണം.

കേരള കലാമണ്ഡലത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും അധ്യാപകനെന്ന നിലയിലും പ്രിന്‍സിപ്പലെന്ന നിലയിലും കലാമണ്ഡലം രാമന്‍കുട്ടിനായരും അദ്ദേഹത്തിന്റെ കടുകിടെ തെറ്റാത്ത ചിട്ടകളും നിഷ്കര്‍ഷകളും വലിയ സംഭാവന നല്‍കിയിട്ടുണ്ട്; മൗലികമായ അധ്യാപനരീതികളുടെ സര്‍ഗാത്മകത വേറെ. ദേശാഭിമാനിയുമായും പുരോഗമന സാംസ്കാരിക പ്രസ്ഥാനവുമായും കലാമണ്ഡലം രാമന്‍കുട്ടിനായര്‍ എന്നും ആത്മബന്ധം പുലര്‍ത്തി. അതിന്റെ വേദികളിലേക്ക് വരാനും അവിടെ തന്റെ ചിന്തകള്‍ പങ്കുവയ്ക്കാനുമുള്ള വിശാല മനസ്കതകാട്ടി. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഉല്‍ക്കര്‍ഷത്തില്‍ ആത്മാര്‍ഥമായി എന്നും ആഹ്ലാദിച്ചു. പരിഹരിക്കാനാകാത്ത തരത്തിലുള്ള നഷ്ടമാണ് കേരളീയമായ ക്ലാസിക് കലയ്ക്ക് കലാമണ്ഡലം രാമന്‍കുട്ടിനായരുടെ നിര്യാണത്തിലൂടെ ഉണ്ടായിട്ടുള്ളത്. ആ മഹാപ്രതിഭയ്ക്കു മുന്നില്‍ ദേശാഭിമാനി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 12 മാര്‍ച്ച് 2013

No comments: