Friday, March 22, 2013

ജനാധിപത്യ വിപ്ലവത്തിന്റെ നായകന്‍

രണ്ട് നൂറ്റാണ്ടിനിടെ ലാറ്റിനമേരിക്ക ലോകത്തിന് നല്‍കിയ വീരനായകരുടെ പട്ടികയിലാണ് ഹ്യൂഗോ ഷാവേസിന്റെ സ്ഥാനം. തെക്കനമേരിക്കയുടെ വിമോചകരായ സൈമണ്‍ ബൊളിവറിന്റെയും ഹോസെ സാന്‍ മാര്‍ത്തീനിന്റെയും ക്യൂബന്‍ സ്വാതന്ത്ര്യ നായകന്‍ ഹോസെ മാര്‍ത്തിയുടെയും ഫിദല്‍ കാസ്ട്രോയുടെയും ചെ ഗുവേരയുടെയും മറ്റും നിരയില്‍. വെനസ്വേലക്കാരനായ ബൊളിവറിന്റെയും അര്‍ജന്റീനക്കാരനായ സാന്‍ മാര്‍ത്തീനിന്റെയും ഹോസെ മാര്‍ത്തിയുടെയും പോരാട്ടങ്ങള്‍ കൊളോണിയലിസത്തിനെതിരെയായിരുന്നു. ഫിദല്‍ ക്യൂബയെ സ്വേഛാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയായി പോരാടാന്‍ ചെ യുമുണ്ടായിരുന്നു. തുടര്‍ന്ന് കോംഗോയിലെ പോരാട്ടത്തിന് ശേഷം ബൊളീവിയയില്‍ എത്തിയ ചെ അവിടെ രക്തസാക്ഷിത്വം വരിച്ചത് ചരിത്രം. ഇവരെല്ലാം വിമോചനത്തിന് സായുധ പോരാട്ടം മാര്‍ഗമാക്കിയപ്പോള്‍ പുതിയ കാലത്ത് ജനാധിപത്യ മാര്‍ഗത്തില്‍ പുതിയ ഒരു വിപ്ലവത്തിന് തുടക്കമിടുകയായിരുന്നു ഷാവേസ്.

വെനസ്വേലയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ ആരംഭിച്ച ആ വിപ്ലവത്തിന്റെ അമരക്കാരനായിരുന്നു ഹ്യൂഗോ ഷാവേസ്. വെനസ്വേലയുടെ മാത്രമല്ല, ലാറ്റിനമേരിക്കയുടെയാകെ മുഖഛായ മാറ്റി ആ വിപ്ലവം. അതുവരെ അമേരിക്കയുടെ പിന്നാമ്പുറമായിരുന്ന ഭൂഖണ്ഡത്തെ പുതിയ ഒരു ലോകമാക്കി. പുതിയ ഒരു ലോകം സാധ്യമാണെന്ന വിശ്വാസം മറ്റ് ഭൂഖണ്ഡങ്ങളിലേക്കും പടര്‍ത്തി. രണ്ട് നൂറ്റാണ്ടുമുമ്പ് ലാറ്റിനമേരിക്കയുടെ ഐക്യം സ്വപ്നം കണ്ട ബൊളിവറും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ സോഷ്യലിസത്തിനായുള്ള പോരാട്ടങ്ങള്‍ക്ക് ലാറ്റിനമേരിക്കന്‍ ജനതകളെ പ്രചോദിപ്പിച്ച ഫിദലും ചെ യും ആയിരുന്നു ഷാവേസിന്റെ വീരനായകര്‍. ഷാവേസ് ഫിദലിന് മാനസപുത്രനായി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് മുതലാളിത്തത്തിന് ബദലില്ലെന്ന സാമ്രാജ്യത്വ പ്രചാരണം ലോകമെങ്ങും ആധിപത്യം സ്ഥാപിച്ചുവന്ന വേളയിലാണ് 1988ലെ തെരഞ്ഞെടുപ്പില്‍ ഷാവേസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 99 ജനുവരിയില്‍ അദ്ദേഹം അധികാരമേല്‍ക്കുമ്പോള്‍ ദാരിദ്ര്യവും രോഗങ്ങളും നിരക്ഷരതയും മൂലം വലയുകയായിരുന്നു വെനസ്വേലയിലെ ജനങ്ങള്‍. ഇന്നവര്‍ ഭൂഖണ്ഡത്തിലെ ഏറ്റവും സന്തുഷ്ട ജനതയാണ്. ലോകപ്രശസ്ത സര്‍വേ ഏജന്‍സിയായ ഗാലപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ന് ലോകത്തിലെ ഏറ്റവും സന്തുഷ്ട രാഷ്ട്രങ്ങളില്‍ അഞ്ചാം സ്ഥാനമാണ് വെനസ്വേലയ്ക്ക്. ഷാവേസിന്റെ 14 വര്‍ഷത്തെ ഭരണത്തില്‍ വെനസ്വേല നേടിയ പുരോഗതി ആ രാജ്യത്തെ ഇന്ന് ഒരു ഗണനീയ ശക്തിയായി മാറ്റി എന്നത് അദ്ദേഹത്തിന്റെ രൂക്ഷ വിമര്‍ശകരും സമ്മതിക്കും.

എണ്ണസമ്പത്തില്‍ പരമാധികാരം

ഷാവേസിന്റെ നേട്ടങ്ങളെ നിസാരവല്‍ക്കരിക്കാന്‍, അവയ്ക്ക് കാരണം രാജ്യത്തിന്റെ എണ്ണസമ്പത്താണെന്ന് വിമര്‍ശകര്‍ ആക്ഷേപിക്കാറുണ്ട്. അത് അര്‍ധസത്യവുമാണ്. എന്നാല്‍ വെനസ്വേലയുടെ എണ്ണസമ്പത്ത് പെട്ടെന്നുണ്ടായതല്ല. എണ്ണപ്പണം ജനങ്ങളുടെ വികസനത്തിന് വേണ്ടി ഉപയോഗിക്കുന്നത് ആദ്യമായിട്ടായിരുന്നു എന്നുമാത്രം. സമാന്തര രാജ്യം പോലെ പ്രവര്‍ത്തിച്ചിരുന്ന രാജ്യത്തെ പ്രധാന എണ്ണക്കമ്പനി പിഡിവിഎസ്എയെ 2003ല്‍ ദേശസാല്‍ക്കരിച്ചപ്പോള്‍ ഷാവേസ് രാജ്യത്തിന്റെ ഊര്‍ജ പരമാധികാരം സ്ഥാപിക്കുകയായിരുന്നു. അതിനു മുമ്പ് തന്നെ ആഗോള എണ്ണക്കുത്തകകള്‍ വെനസ്വേലയില്‍ നിന്ന് കൊള്ളലാഭം കടത്തിക്കൊണ്ടിരുന്നത് തടയാന്‍ ഷാവേസ് നടപടികള്‍ ആരംഭിച്ചിരുന്നു. വിദേശ കമ്പനികള്‍ക്ക് എണ്ണ വില്‍പനയില്‍ നിന്ന് കിട്ടിയിരുന്ന പങ്ക് 84 ശതമാനത്തില്‍ നിന്ന് 70 ശതമാനമാക്കി കുറച്ച് 2001ല്‍ തന്നെ നിയമം കൊണ്ടുവന്നിരുന്നു. ഒറിനോക്കോ തടത്തിലെ ഘന അസംസ്കൃത എണ്ണയ്ക്ക് ഇപ്പോള്‍ വിദേശ കമ്പനികള്‍ നല്‍കുന്ന റോയല്‍റ്റി 16.6 ശതമാനമാണ്. നേരത്തെ ഇത് വെറും ഒരു ശതമാനമായിരുന്നു. ഈ നിബന്ധന അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന എക്സണിനെയും കൊണോക്കോ ഫിലിപ്സിനെയും ഷാവേസ് പുറത്താക്കി. വ്യവസ്ഥ അംഗീകരിച്ചാണ് ഷെവ്റണ്‍ തുടരുന്നത്.

അമേരിക്കന്‍ ഊര്‍ജ വകുപ്പിന്റെ കണക്കനുസരിച്ച് വെനസ്വേലയുടെ എണ്ണ ശേഖരം 1.36 ലക്ഷം കോടി വീപ്പ വരും. എണ്ണ ശേഖരത്തില്‍ സൗദി അറേബ്യയയുടെയും മുന്നില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ വെനസ്വേല. എണ്ണ കയറ്റുമതിയില്‍നിന്നുള്ള പണം തീര്‍ത്തും ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കുന്നു എന്നതാണ് ഷാവേസ് വരുത്തിയ മാറ്റം. മറ്റൊന്ന് പണത്തിന് പകരം ഇറക്കുമതിക്കാരില്‍നിന്ന് ചരക്കുകളും സേവനങ്ങളും സ്വീകരിച്ച് പരസ്പര സഹകരണത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കാനും ഷാവേസിന് കഴിഞ്ഞു. ക്യൂബയില്‍നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെയും അധ്യാപകരുടെയും സേവനം സ്വീകരിക്കുമ്പോള്‍ ഉറുഗ്വായില്‍ നിന്ന് പശുക്കളെയാണ് എണ്ണയ്ക്ക് പകരമായി വാങ്ങുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍, ദാരിദ്ര്യ നിര്‍മാര്‍ജനം 2000നും 2010നുമിടയില്‍ വെനസ്വേലയുടെ സാമൂഹ്യ ക്ഷേമ ചെലവുകള്‍ 61 ശതമാനം അഥവാ 77,200 കോടി ഡോളര്‍ വര്‍ധിച്ചു എന്നാണ് കണക്ക്. എണ്ണപ്പണം ജനക്ഷേമത്തിനുപയോഗിക്കാന്‍ തുടങ്ങിയതോടെ ജനങ്ങളുടെ ജീവിത നിലവാരത്തില്‍ വലിയ പുരോഗതിയുണ്ടായി. 1996ല്‍ 71 ശതമാനമായിരുന്ന ദാരിദ്ര്യം ഇപ്പോള്‍ 21 ശതമായി. കൊടുംദാരിദ്ര്യം 40 ശതമാനത്തില്‍നിന്ന് 7.3 ശതമാനമാക്കി കുറയ്ക്കാനും ഷാവേസിന് കഴിഞ്ഞു. രാഷ്ട്രങ്ങളിലെ അസമത്വത്തിന്റെ തോത് അളക്കാന്‍ ഉപയോഗിക്കുന്ന ഗിനി സൂചിക വെനസ്വേലയില്‍ 1999 ല്‍ 0.46 ആയിരുന്നത് 2011 ല്‍ 0.39 ആയിക്കുറഞ്ഞു. ലാറ്റിനമേരിക്കയില്‍ ഗിനി സൂചിക ഏറ്റവും കുറവ് -അസമത്വം ഏറ്റവും കുറവ്- വെനസ്വേലയിലാണ്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലെ ഭക്ഷ്യ കൃഷി സംഘടനയുടെ(എഫ്എഒ) കണക്കനുസരിച്ച് ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങളില്‍ പട്ടിണി ഇല്ലാതാക്കുന്നതില്‍ ഏറ്റവും മുന്നില്‍ വെനസ്വേലയാണ്. 50 ലക്ഷം കുട്ടികള്‍ക്കാണ് ഇപ്പോള്‍ സ്കൂളുകളിലൂടെ സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നത്. 1998ല്‍ ഇത് രണ്ടര ലക്ഷം കുട്ടികള്‍ക്ക് മാത്രമാണ് ലഭിച്ചിരുന്നത്. ഭക്ഷ്യ ദൗത്യ പരിപാടിയിലൂടെ 22,000 ഭക്ഷ്യശാലകളടങ്ങുന്ന ഒരു ശൃംഖല തുടങ്ങിയതിന്റെ ഫലമായി 1999ന് ശേഷം വെനസ്വേലക്കാരുടെ ശരാശരി കലോറി ഉപഭോഗത്തിന്റെ അളവില്‍ 50 ശതമാനം വര്‍ധനവുണ്ടായി. മാംസാഹാരത്തില്‍ 75 ശതമാനമാണ് വര്‍ധന. ഇതിന്റെയെല്ലാം ഗുണഫലമായി പോഷകാഹാരക്കുറവ് 1998ല്‍ 21 ശതമാനമായിരുന്നത് ഇപ്പോള്‍ മൂന്ന് ശതമാനത്തില്‍ താഴെയാണ്.

മിസ്യോണസ് എന്ന സാമൂഹ്യ ക്ഷേമ പരിപാടികളുടെ ഗുണഭോക്താക്കള്‍ രണ്ട് കോടിയാളുകളാണ്. ആകെ ജനസംഖ്യ 2.9 കോടി ആണെന്നോര്‍ക്കുക. 21 ലക്ഷമാളുകള്‍ക്ക് വാര്‍ധ്യ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഷാവേസ് അധികാരമേറ്റ ശേഷം ഇത് ലഭിക്കുന്നവരുടെ എണ്ണം ഏഴ് മടങ്ങ് വര്‍ധിച്ചു. ഏഴ് ലക്ഷം പുതിയ വീടുകള്‍ നിര്‍മിച്ചതാണ് മറ്റൊരു നേട്ടം. തൊഴിലില്ലാത്ത സ്ത്രീകള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും മിനിമം കൂലിയുടെ 80 ശതമാനം (ഇന്ത്യന്‍ കണക്കില്‍ 14,000 രൂപയോളം) പെന്‍ഷനായി നല്‍കുന്നുണ്ട്.

ജനങ്ങള്‍ക്ക് ആരോഗ്യം

സാമൂഹ്യ ക്ഷേമ, ഭക്ഷ്യ രംഗങ്ങളിലെ നടപടികള്‍ക്ക് പൂരകമായാണ് ആരോഗ്യ രംഗത്ത് ഷാവേസ് കൈക്കൊണ്ട നടപടികള്‍. മുഴുവന്‍ പൗരന്മാര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ദേശീയ പൊതു സംവിധാനം ആരംഭിച്ചു. 1999ല്‍ ഒരുലക്ഷമാളുകള്‍ക്ക് 20 ഡോക്ടര്‍മാര്‍ മാത്രം ഉണ്ടായിരുന്നത് 2010ല്‍ 80 ആയി വര്‍ധിച്ചു. 400 ശതമാനം വര്‍ധന. 98ല്‍ 30 ലക്ഷത്തില്‍ താഴെയാളുകള്‍ക്ക് മാത്രമാണ് പതിവായി ഡോക്ടറുടെ സേവനം ലഭിച്ചിരുന്നതെങ്കില്‍ മിഷന്‍ ബാരിയോ അഡെന്‍ട്രോയിലൂടെ 1.7 കോടി ആളുകള്‍ക്ക് ഇത് ലഭ്യമാക്കി. ഭക്ഷ്യ, ചികിത്സാ രംഗങ്ങളിലെ പുരോഗതിയുടെ ഫലമായി ശിശുമരണനിരക്ക് 99ല്‍ ആയിരത്തില്‍ 19.1 ശതമാനമായിരുന്നത് 2012ല്‍ 10 ശതമാനമായി കുറഞ്ഞു. 49 ശതമാനത്തിന്റെ കുറവ്. ശരാശരി ആയുര്‍ദൈര്‍ഘ്യം 1999 ല്‍ 72.2 വയസ്സായിരുന്നത് 2012 ല്‍ 74.3 ആയി. 2004 ല്‍ ആരംഭിച്ച ഓപറേഷന്‍ മിറക്കിള്‍ പരിപാടിയിലൂടെ 15 ലക്ഷം ആളുകള്‍ക്ക് കാഴ്ച തിരിച്ചുകിട്ടി.

എല്ലാവര്‍ക്കും വിദ്യാഭ്യാസം

ഷാവേസിന്റെ ഭരണത്തില്‍ വെനസ്വേല അഭിമാനകരമായ കുതിച്ചുചാട്ടം നടത്തിയ മറ്റൊരു മേഖല വിദ്യാഭ്യാസമാണ്. ഔപചാരിക, അനൗപചാരിക തലങ്ങളിലൂടെ വിദ്യാഭ്യാസത്തില്‍ കൈവരിച്ച പുരോഗതി 2005 ഓടെ തന്നെ വെനസ്വേലയെ യുനെസ്കോ സമ്പൂര്‍ണ സാക്ഷര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ഇടയാക്കി (85 ശതമാനം സാക്ഷരതയാണ് ഇതിനുള്ള മാനദണ്ഡം). 98ല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം 60 ലക്ഷമായിരുന്നത് 2011 ല്‍ 1.3 കോടിയായി. ഇരട്ടിയിലധികം വര്‍ധന. സ്കൂള്‍ പ്രവേശന നിരക്ക് 93.2 ശതമാനമായി. മിഷന്‍ റോബിന്‍സണ്‍ എന്നുപേരിട്ട സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ഫലമായി 15 ലക്ഷമാളുകള്‍ എഴുത്തും വായനയും പഠിച്ചു. അതിന്റെ തുടര്‍ച്ചയില്‍ മുഴുവനാളുകള്‍ക്കും സെക്കന്‍ഡറി തലം വരെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ "റോബിന്‍സണ്‍ 2" പദ്ധതി നടപ്പാക്കുന്നു. സെക്കന്‍ഡറി സ്കൂള്‍ പ്രവേശന നിരക്ക് 2000 ല്‍ 53.6 ശതമാനം ആയിരുന്നത് 2011 ല്‍ 73.3 ശതമാനമായി. റിബാസ്, സൂക്രെ പദ്ധതികളിലൂടെ പതിനായിരക്കണക്കിന് യുവാക്കള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം സാധ്യമാക്കി. അങ്ങനെ 2000 ല്‍ ഒമ്പത് ലക്ഷത്തില്‍ താഴെയായിരുന്ന സര്‍വകലാശാല വിദ്യാര്‍ഥികളുടെ എണ്ണം 23 ലക്ഷത്തിലധികമാക്കി. ഇവര്‍ക്കായി പുതിയ സര്‍വകലാശാലകളും സ്ഥാപിച്ചു.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ പ്രശസ്തമായ ക്യൂബന്‍ മാതൃകയാണ് ഷാവേസ് പിന്തുടര്‍ന്നത്. ഭൂപരിഷ്കരണം, കൃഷി, വ്യവസായം ഷാവേസ് അധികാരമേറ്റ ശേഷം 10 ലക്ഷം ഹെക്ടറിലധികം ഭൂമി ആദിവാസികള്‍ക്ക് നല്‍കി. ഭൂപരിഷ്കരണത്തിന്റെ ഫലമായി ലക്ഷക്കണക്കിന് കര്‍ഷകര്‍ ഭൂമിക്ക് ഉടമകളായി. മൊത്തം 30 ലക്ഷം ഹെക്ടറിലധികം ഭൂമി പുനര്‍വിതരണം ചെയ്തു. ഭൂപരിഷ്കരണം കാര്‍ഷികോല്‍പാദനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കി. 1999ല്‍ ഭക്ഷ്യ ഉപഭോഗത്തിന്റെ 51 ശതമാനമായിരുന്നു വെനസ്വേലയുടെ ഉല്‍പാദനം. 99ന് ശേഷം ഭക്ഷ്യ ഉപഭോഗം 81 ശതമാനം വര്‍ധിച്ചിട്ടും ആകെ ഉപഭോഗത്തിന്റെ 71 ശതമാനം ഭക്ഷ്യ ഉല്‍പാദനം 2012ല്‍ ഉണ്ടായി. വൈദ്യുതി, ടെലികമ്യൂണിക്കേഷന്‍ മേഖലകളില്‍ സ്വകാര്യ കുത്തകകളുടെ തേര്‍വാഴ്ച അവസാനിപ്പിച്ച് ദേശസാല്‍ക്കരണം നടപ്പാക്കിയതോടെ ഈ സേവനങ്ങള്‍ സാര്‍വത്രികമായി ലഭ്യമായി. വിവിധ രംഗങ്ങളിലായി അരലക്ഷത്തില്‍പ്പരം സഹകരണ സ്ഥാപനങ്ങള്‍ ആരംഭിച്ചാണ് മറ്റൊരു നേട്ടം. 40 ലക്ഷം പുതിയ തൊഴില്‍ സൃഷ്ടിക്കപ്പെട്ടതോടെ തൊഴിലില്ലായ്മ 98 ല്‍ 15.2 ആയിരുന്നത് 2012 ല്‍ 6.4 ശതമാനമായി കുറഞ്ഞു. മിനിമം കൂലി 98 ല്‍ മാസം 100 ബൊളിവര്‍ ആയിരുന്നത് 2012 ല്‍ 2047.52 ബൊളിവര്‍ (ഉദ്ദേശം 17,640 രൂപ) ആയി. 2000 ശതമാനത്തിലധികം വര്‍ധന. ലാറ്റിനമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന മിനിമം കൂലിയാണിത്. 1998ല്‍ 65 ശതമാനം തൊഴിലാളികള്‍ക്കും മിനിമം കൂലിയേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 2012ല്‍ അത് 21 ശതമാനം പേര്‍ക്കായി കുറഞ്ഞു. മറ്റുള്ളവര്‍ക്ക് അതിനുമുകളിലായി. തൊഴില്‍ സമയം ദിവസം ആറുമണിക്കൂറാക്കി.

സമ്പദ്വ്യവസ്ഥ ശക്തം

പല രാജ്യങ്ങളിലും സാമ്പത്തിക വളര്‍ച്ചയും ജനങ്ങളുടെ ജീവിത നിലവാരവും തമ്മില്‍ പൊരുത്തമില്ലെങ്കിലും വെനസ്വേലയില്‍ അതല്ല സ്ഥിതി. ഉല്‍പാദനശക്തികളെ സ്വതന്ത്രമാക്കി നടപ്പാക്കിയ വിപ്ലവകരമായ നയങ്ങള്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) ആളോഹരി വിഹിതത്തിലും വര്‍ധനവുണ്ടാക്കി. 1999 ല്‍ 4100 ഡോളറായിരുന്ന ഇത് 2011 ല്‍ 10810 ഡോളറിലെത്തി. 1998ല്‍ ജിഡിപിയുടെ 45 ശതമാനമായിരുന്ന പൊതുകടം 2011ല്‍ 20 ശതമാനമായി താണു. അന്താരാഷ്ട്ര നാണ്യനിധിയിലും (ഐഎംഎഫ്) ലോക ബാങ്കിലും ഉണ്ടായിരുന്ന വായ്പകള്‍ കാലാവധിയെത്തുംമുമ്പേ തിരിച്ചടച്ച് അവയില്‍നിന്ന് സ്വതന്ത്രമായി(സലിം ലംറാനി-ഓപെറ മുന്‍ഡി, മാര്‍ച്ച് 9, 2013). ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വെനസ്വേലയുടെ സാമ്പത്തിക നില അപകടത്തിലാക്കുന്നു എന്നാണ് രാജ്യത്തെ വലതുപക്ഷത്തിന്റെയും അവയുടെ നിയന്ത്രണത്തിലുള്ള കുത്തക മാധ്യമങ്ങളുടെയും വാദം. 2012ലെ ബജറ്റ് കമ്മി ജിഡിപിയുടെ 51.3 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയത്. ഇത് ശരാശരി 82.5 ശതമാനം ബജറ്റ് കമ്മിയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടേതിനേക്കാള്‍ എത്രയോ താഴെയാണെന്ന് ഗാര്‍ഡിയന്‍ പത്രത്തില്‍ മാര്‍ക് വീസ്ബോട്ട് ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പ നിരക്കും ഗണ്യമായി കുറഞ്ഞു. 2010ല്‍ 19 ശതമാനമായിരുന്നത് ഇപ്പോള്‍ 10 ശതമാനമാണ്.

ഏറ്റവും മികച്ച ജനാധിപത്യ മാതൃക

ഷാവേസിനെ ഒരു സ്വേഛാധിപതി ആയാണ് പാശ്ചാത്യ മാധ്യമങ്ങളും ലാറ്റിനമേരിക്കയിലെ വലതുപക്ഷ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്. സാമ്രാജ്യത്വ വിരുദ്ധ നിലപാട് അടിസ്ഥാനമായുള്ള ചേരിചേരാ പ്രസ്ഥാനത്തില്‍ നായകസ്ഥാനം വഹിച്ചിട്ടുള്ള ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ മാധ്യമങ്ങള്‍ പോലും ഈ പ്രചാരണത്തില്‍ വീണുപോവുന്നുണ്ട്. എന്നാല്‍ ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവുമധികം തവണ ജനപിന്തുണ തെളിയിച്ച ഭരണാധികാരിയായിരുന്നു ഷാവേസ് എന്ന യാഥാര്‍ഥ്യമാണ് ഇവിടെ തമസ്കരിക്കപ്പെടുന്നത്. ജനാധിപത്യം ശക്തിപ്പെടുത്തിയതാണ് യഥാര്‍ഥത്തില്‍ വെനസ്വേലയിലെ പുരോഗതിയുടെ അടിത്തറയായത്. തങ്ങളുടെ ജീവിതം തീരുമാനിക്കുന്നതില്‍ അധികാരം ലഭിച്ചുതുടങ്ങിയ ജനങ്ങളാണ് 2002ലെ വലതുപക്ഷ അട്ടിമറിശ്രമം പരാജയപ്പെടുത്തിയത്. 1999 ല്‍ അധികാരമേറ്റ ശേഷം ഷാവേസ് വെനസ്വേലയില്‍ 16 തെരഞ്ഞെടുപ്പുകള്‍ നടത്തി. അവയില്‍ 15ലും മികച്ച വിജയം നേടി. അധികാരമേറ്റ വര്‍ഷം തന്നെ ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ വെനസ്വേലയ്ക്ക് പുതിയ ഭരണഘടനയുണ്ടാക്കിയ ഷാവേസ് അടുത്തവര്‍ഷം തന്നെ അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തി ജനവിധി നേടി. 2002ലെ അട്ടിമറിശ്രമവും തുടര്‍ന്ന് എണ്ണക്കുത്തകകള്‍ കമ്പനികള്‍ പൂട്ടിയിട്ടുനടത്തിയ ലോക്കൗട്ട് സമരവും അതിജീവിച്ച ഷാവേസ് 2004ല്‍ തന്നെ ജനാധിപത്യ മാര്‍ഗത്തില്‍ തന്നെ പുറത്താക്കാന്‍ പോലും പ്രതിപക്ഷത്തിന് അവസരം നല്‍കി. എന്നാല്‍ ആ "പുറത്താക്കല്‍" തെരഞ്ഞെടുപ്പിലും ഷാവേസിന് അനുകൂലമായി വിധിയെഴുതി ജനങ്ങള്‍ പ്രതിപക്ഷത്തെയാണ് പരാജയപ്പെടുത്തിയത്. പ്രസിഡന്റ് സ്ഥാനത്തിനുള്ള ഊഴനിയന്ത്രണം നീക്കുന്നതിനടക്കം ചില ഭരണഘടനാ പരിഷ്കരണങ്ങള്‍ക്ക് 2007ല്‍ നടത്തിയ ഹിതപരിശോധനയില്‍ മാത്രമാണ് ഷാവേസിന് തോല്‍വിയുണ്ടായത്. ഷാവേസ് സ്വേഛാധിപത്യം സ്ഥാപിക്കാന്‍ പോവുന്നു എന്ന വലതുപക്ഷ പ്രചാരണം ചിലരെയെങ്കിലും സ്വാധീനിച്ചതിന്റെ ഫലമായി പോളിങ്ങ് കുറഞ്ഞതാണ് ആ പരാജയത്തിനിടയാക്കിയത്. എന്നാല്‍ 2009 ല്‍ ചില മാറ്റങ്ങളോടെ ഈ ഭരണഘടനാ പരിഷ്കരണങ്ങള്‍ വീണ്ടും വോട്ടിനിട്ടപ്പോള്‍ ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ അതിന് അംഗീകാരം നല്‍കി.
ഇതോടെ വീണ്ടും മത്സരിക്കാന്‍ സാധിച്ച ഷാവേസ് കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 55 ശതമാനം വോട്ടോടെയാണ് വിജയിച്ചത്. തുടര്‍ന്ന് രോഗബാധിതനായ ഷാവേസ് ക്യൂബയില്‍ ചികിത്സയിലിരിക്കെയാണ് വെനസ്വേലയില്‍ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 23 സംസ്ഥാനങ്ങളില്‍ 20ലും സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചത് ഷാവേസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം അവിടെ അടിത്തറ ഉറപ്പിക്കുക മാത്രമല്ല വിപുലീകരിക്കുകയും ചെയ്തു എന്നാണ് വ്യക്തമാക്കുന്നത്. അതുവരെ വലതുപക്ഷ ഭരണത്തിലായിരുന്ന ചില സംസ്ഥാനങ്ങളിലും ഇടതുപക്ഷം ജയിച്ചു. പരാജയപ്പെടുമ്പോള്‍ വലതുപക്ഷം തെരഞ്ഞെടുപ്പ് ക്രമക്കേടുകളുണ്ടായി എന്ന ആരോപണവുമായി രംഗത്തുവരുന്നത് പതിവാണ്. എന്നാല്‍ ജീവിച്ചിരിക്കുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഏറ്റവും നീതിമാനെന്ന് അറിയപ്പെടുന്ന ജിമ്മി കാര്‍ട്ടര്‍ സാക്ഷ്യപ്പെടുത്തുന്നത് ലോകത്തെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് സംവിധാനമാണ് വെനസ്വേലയിലേത് എന്നാണ്. വെനസ്വേലയില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും നിരീക്ഷകരായി എത്താറുള്ള യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കന്‍ രാഷ്ട്ര സംഘടനയുടെയും തെക്കനമേരിക്കന്‍ രാഷ്ട്ര യൂണിയന്റെയും കാര്‍ട്ടര്‍ സെന്ററിന്റെയും പ്രതിനിധികള്‍ ഏകകണ്ഠമായി സാക്ഷ്യപ്പെടുത്തുന്നത് തെരഞ്ഞെടുപ്പുകള്‍ സുതാര്യമായാണ് നടന്നത് എന്നാണ്.

ലാറ്റിനമേരിക്കന്‍ ഐക്യം

മറ്റ് ജനതകളോടും ഐക്യദാര്‍ഢ്യം വെനസ്വേലയുടെ അന്തസ്സുയര്‍ത്തിയതു മാത്രമല്ല ഷാവേസിന്റെ സംഭാവന. ബൊളിവര്‍ സ്വപ്നം കണ്ടതുപോലെ ലാറ്റിനമേരിക്കന്‍ ജനതകളുടെ ഐക്യത്തിന് സുശക്തമായ അടിത്തറ സ്ഥാപിക്കാന്‍ പ്രധാന പങ്കുവഹിക്കുക കൂടി ചെയ്തു അദ്ദേഹം. പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ വിശാലമായ മേഖലാ കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഷാവേസിന്റെ മുന്‍കൈയില്‍ വിവിധ കൂട്ടായ്മകള്‍ വളര്‍ത്തിയെടുത്തു. ക്യൂബയും വെനസ്വേലയും ചേര്‍ന്ന് 2004 ല്‍ രൂപീകരിച്ച അമേരിക്കന്‍ ജനതകള്‍ക്കായുള്ള ബൊളിവാറിയന്‍ സഖ്യത്തില്‍ (ആല്‍ബ) ഇപ്പോള്‍ എട്ട് രാജ്യങ്ങള്‍ അംഗങ്ങളാണ്. 2011ല്‍ ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാഷ്ട്ര സമൂഹം (സെലാക്) രൂപീകരിക്കുന്നതിനും നേതൃത്വം നല്‍കിയത് ഷാവേസാണ്. ആദ്യമായാണ് മേഖലയിലെ 33 രാജ്യങ്ങള്‍ ഒരു കൂട്ടായ്മയില്‍ ഒന്നിക്കുന്നത്. 2005 ല്‍ ഷാവേസ് സ്ഥാപിച്ച പെട്രോകരീബ് മേഖലയിലെ 18 രാജ്യങ്ങള്‍ക്ക് 40 മുതല്‍ 60 ശതമാനം വരെ സബ്സിഡിയോടെ എണ്ണ ലഭ്യമാക്കി അവയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നു. ഒമ്പത് കോടിയാളുകള്‍ക്ക് (വെനസ്വേലന്‍ ജനസംഖ്യയുടെ രണ്ടിരട്ടി) ഇതിന്റെ പ്രയോജനം ലഭിക്കുന്നു. തെക്കനമേരിക്കന്‍ രാഷ്ട്രങ്ങള്‍ക്ക് ഗ്രാന്‍ഡായും വായ്പയായും ഊര്‍ജ സഹായമായും 880 കോടി ഡോളര്‍ ഷാവേസ് ചെലവഴിച്ചു. തെക്കനമേരിക്കന്‍ രാജ്യങ്ങളെ എന്നും തങ്ങളുടെ കമ്പോളാധിപത്യത്തില്‍ നിര്‍ത്താന്‍ അമേരിക്ക ആവിഷ്കരിച്ച നവകൊളോണിയല്‍ പദ്ധതിയായ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎഎ) കുഴിച്ചുമൂടുന്നതിന് ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുല ഡ സില്‍വയും മറ്റുമായി ചേര്‍ന്ന് ഷാവേസ് വഹിച്ച പങ്കും എന്നും ഓര്‍മിക്കപ്പെടുന്നതാണ്. തെക്കനമേരിക്കന്‍ രാജ്യങ്ങളുടെ പൊതു കമ്പോള രൂപമായ മെര്‍ക്കോസൂര്‍ വെനസ്വേലയും അംഗമായതോടെ ശക്തമായിട്ടുണ്ട്. മെര്‍ക്കോസൂറിന്റെ തുടര്‍ച്ചയായി തെക്കനമേരിക്കന്‍ രാഷ്ട്രങ്ങളുടെ യൂണിയനായ യൂനസൂര്‍ രൂപീകരണത്തിലും ഷാവേസ് പ്രധാന പങ്ക് വഹിച്ചു. ഐഎംഎഫിനും ലോക ബാങ്കിനും ബദലായി തെക്കിന്റെ ബാങ്കായ ബാങ്കോ ഡെല്‍ സൂര്‍ ആണ് ഷാവേസിന്റെ മറ്റൊരു സംഭാവന. 1998 ല്‍ താന്‍ ആദ്യമായി ജനവിധി തേടിയപ്പോഴാണ് ഇത്തരം ഒരു ബാങ്കിനുള്ള ആശയം ഷാവേസ് ആദ്യം മുന്നോട്ടുവച്ചത്. പിന്നീട് മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇടതുപക്ഷ നേതാക്കള്‍ അധികാരത്തിലെത്തിയപ്പോള്‍ ഇത് യാഥാര്‍ഥ്യമായി.

ആഫ്രിക്കന്‍ രാജ്യങ്ങളുമായി ലാറ്റിനമേരിക്കയുടെ ബന്ധം ശക്തമാക്കുന്നതിനും ഷാവേസ് നേതൃത്വം നല്‍കി. തന്റെ ആഫ്രിക്കന്‍ പാരമ്പര്യം അഭിമാനത്തോടെ പ്രഖ്യാപിച്ച ആദ്യ ലാറ്റിനമേരിക്കന്‍ നേതാവാണ് ഷാവേസ്. ആഫ്രിക്കയില്‍ വെനസ്വേലയുടെ സ്ഥാനപതി കാര്യാലയങ്ങളുടെ എണ്ണം ഇരട്ടിയാക്കിയ ഷാവേസ് മുമ്പ് വെനസ്വേലയുടെ ഒരു പ്രസിഡന്റും തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചു. ഷാവേസിന്റെ സഹായഹസ്തങ്ങള്‍ അമേരിക്കയില്‍ ആഫ്രിക്കന്‍ വംശജര്‍ പാര്‍ക്കുന്ന ദരിദ്ര മേഖലകളിലേക്ക് വരെ നീണ്ടിട്ടുണ്ട്.

പലസ്തീനിലെയും സഹറാവിയിലെയും ജനതകളുടെ വിമോചന പോരാട്ടങ്ങളുടെയും ഉറ്റ ബന്ധുവായിരുന്നു ഷാവേസ്. സാമ്രാജ്യത്വത്തിനെതിരെയും നവകൊളോണിയല്‍ ആധിപത്യ ശ്രമങ്ങള്‍ക്കെതിരെയും നെഞ്ചുവിരിച്ച് പോരാടാന്‍ ലോകമെങ്ങുമുള്ള ജനതകള്‍ക്ക് ആവേശം പകര്‍ന്നു ഷാവേസ്. പാശ്ചാത്യ വാര്‍ത്താ ഏജന്‍സികളും മറ്റ് മാധ്യമങ്ങളും ലോകമെങ്ങും എത്തിച്ച വിഷലിപ്തമായ പ്രചാരണങ്ങളെയെല്ലാം അതിജീവിച്ച് തന്റെ കാലത്തെ ഏറ്റവും ആദരണീയനായ ലോക നേതാക്കളില്‍ ഒരാളായി ഷാവേസ് മാറി. ഒരുപക്ഷേ ഫിദല്‍ കാസ്ട്രോയും നെല്‍സണ്‍ മണ്ടേലയും കഴിഞ്ഞാല്‍ ഏറ്റവും ആദരണീയന്‍.

*
എ ശ്യാം ദേശാഭിമാനി വാരിക 24 മാര്‍ച്ച് 2013

No comments: