Thursday, March 14, 2013

അണയാത്ത വിപ്ലവജ്വാല

സുദൃഢമായ ആശയത്തിന്റെ കരുത്തുകൊണ്ട് മാനവരാശിയുടെ ബോധമണ്ഡലത്തെ ഇളക്കിമറിക്കുകയും വിപ്ലവങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിക്കുകയുംചെയ്ത കാള്‍ മാര്‍ക്സിന്റെ നൂറ്റിമുപ്പതാം ചരമവാര്‍ഷികമാണ് മാര്‍ച്ച് 14. പുരോഗമനവാദിയും അഭിഭാഷകനുമായിരുന്ന ഹൈന്രിഷ് മാര്‍ക്സിന്റെയും ഹൈന്രീത്ത പ്രെസ് ബര്‍ഗിന്റെയും പുത്രനായി 1818 മെയ് അഞ്ചിനു ജര്‍മനിയില്‍ മൊസേല്‍പുഴയുടെ തീരത്തുള്ള ത്രിയര്‍ നഗരത്തില്‍ കാള്‍ ജനിച്ചു. 1830 ല്‍ പന്ത്രണ്ടു വയസ്സായ കാളിനെ ത്രിയര്‍ ഫ്രിഡറിക് വില്യം ജിംനേഷിയ (ഹൈസ്കൂള്‍)ത്തില്‍ ചേര്‍ത്തു. 1835 ല്‍ കാള്‍ മാര്‍ക്സ് ത്രിയര്‍ വിട്ടു ബോണിലെത്തി. (മാര്‍ക്സ് എന്നത് കുടുംബപ്പേരാണ്).

പിതാവിന്റെ ആഗ്രഹമനുസരിച്ച് നിയമം പഠിക്കാനാണ് കാള്‍ അങ്ങോട്ടു ചെന്നത്. തുടര്‍ന്ന് ബര്‍ലിന്‍ കലാശാലയിലും പഠിച്ചു. 1841ല്‍ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ജര്‍മനിയിലെ മഹാനായ തത്വശാസ്ത്രജ്ഞന്‍ ഗിയോര്‍ഗ് വീല്‍ഹെം ഹെഗല്‍ (1770-1831) മാര്‍ക്സിനെ അഗാധമായി സ്വാധീനിച്ചു. ഇടതുപക്ഷ ഹെഗലിയന്മാരായിരുന്ന ബൂര്‍ഷ്വാ ഉല്‍പ്പതിഷ്ണുക്കള്‍ ആരംഭിച്ച ""റൈനിഷെ സൈത്തുംഗ്"" എന്ന പത്രത്തില്‍ പ്രവര്‍ത്തിച്ചു. 1842 ല്‍ മുഖ്യപത്രാധിപരായി. തുടര്‍ന്ന് 1848 ല്‍ പുറത്തിറങ്ങിയ ""നോയെ റൈനിഷെ സൈത്തുംഗി""ന്റെ മുഖ്യപത്രാധിപരായി. പിതൃസ്വത്തുകൊണ്ടാണ് ഈ പത്രം തുടങ്ങിയത്. വിപ്ലവാശയങ്ങളും പുരോഗമന ചിന്തകളും പ്രകടിപ്പിക്കാന്‍ തുടങ്ങിയ പത്രത്തിനെതിരെ പ്രഷ്യന്‍ ഗവണ്‍മെന്റ് കര്‍ശനമായ താക്കീത് നല്‍കി. പത്രം അടച്ചുപൂട്ടേണ്ടി വന്നു. 1843 ല്‍ തന്റെ ബാല്യകാലസഖിയും ഒരു പ്രബല പ്രഭുകുടുംബത്തിലെ അംഗവുമായിരുന്ന ജെന്നി വെസ്റ്റുഫാലനെ വിവാഹം കഴിച്ചു. ജെന്നിയുടെ ജ്യേഷ്ഠസഹോദരന്‍ പ്രഷ്യന്‍ ഗവണ്‍മെന്റിലെ ആഭ്യന്തരമന്ത്രിയായിരുന്നു. 1843 അവസാനത്തില്‍ മാര്‍ക്സ് പാരീസിലേക്ക് താമസം മാറ്റി. അവിടെ ""ദൊയ്ച് ഫ്രാന്‍ത് സ്യോസിഷെ യാര്‍ബുക്കര്‍"" എന്ന പത്രിക 1844 ഫെബ്രുവരിയില്‍ പുറത്തിറക്കി. ആദ്യമായി മാര്‍ക്സ് തൊഴിലാളിവര്‍ഗത്തെ അഭിസംബോധനചെയ്തത് ഈ പത്രംവഴിയാണ്. 1844 സെപ്തംബറില്‍ പാരീസില്‍വച്ച് എംഗല്‍സും മാര്‍ക്സും കാണുകയും പാരീസ് വിപ്ലവകാരികളുടെ തിളച്ചുമറിയുന്ന ജീവിതത്തില്‍ സജീവമായി പങ്കെടുക്കുകയുംചെയ്തു. സോഷ്യലിസത്തിന്റെ അഥവാ കമ്യൂണിസത്തിന്റെ വിപ്ലവകരമായ സിദ്ധാന്തവും അടവുകളും തയ്യാറാക്കുന്നതിന് അവര്‍ ഇരുവരും നേതൃത്വം നല്‍കി. പാരീസ് ഗവണ്‍മെന്റ് അദ്ദേഹത്തെ പുറത്താക്കി. പിന്നീട് ബ്രസ്സല്‍സിലായിരുന്നു പ്രവര്‍ത്തനം. 1847 നവംബറില്‍ ""നീതിമാന്മാരുടെ ലീഗ്"" കമ്യൂണിസ്റ്റ് ലീഗായി മാറിയപ്പോള്‍ മാര്‍ക്സും എംഗല്‍സും അതില്‍ അംഗങ്ങളായി. അതിന്റെ രണ്ടാംകോണ്‍ഗ്രസ്, മാനിഫെസ്റ്റോ തയ്യാറാക്കാന്‍ ഇരുവരെയും ചുമതലപ്പെടുത്തി.

1848 ഫെബ്രുവരിയില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെക്കുറിച്ച് ലെനിന്‍ പറഞ്ഞു. ""സാമൂഹ്യ ജീവിതരംഗത്തെക്കൂടി ഉള്‍ക്കൊള്ളുന്ന പുതിയ ലോകവീക്ഷണഗതിയായ ദൃഢവും കലര്‍പ്പറ്റതുമായ ഭൗതികവാദം, ഏറ്റവും സമഗ്രവും ഗാഢവുമായ വികാസസിദ്ധാന്തമായ വൈരുധ്യവാദം, വര്‍ഗസമരത്തെയും പുതിയ കമ്യൂണിസ്റ്റ് സമുദായത്തിന്റെ സ്രഷ്ടാവും തൊഴിലാളി വര്‍ഗത്തിന്റെ ലോകചരിത്രപ്രധാനവും വിപ്ലവപരവുമായ പങ്കിനെയും സംബന്ധിച്ച സിദ്ധാന്തം- എന്നിവയെ ഒരു പ്രതിഭാശാലിയുടെ തെളിച്ചത്തോടും തിളക്കത്തോടുംകൂടി ഈ കൃതി ആവിഷ്കരിക്കുന്നു"". മാര്‍ക്സിന്റെ അതിശക്തമായ വിപ്ലവ പ്രവര്‍ത്തനത്തെ ഭയപ്പെട്ട യൂറോപ്യന്‍ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ അദ്ദേഹത്തെ നാടുകടത്തി.

1849 ല്‍ വീണ്ടും അദ്ദേഹം ലണ്ടനില്‍ എത്തി. മരണംവരെ അവിടെ രാഷ്ട്രീയ പ്രവാസിയായി ജീവിതസമരം തുടര്‍ന്നു. പട്ടിണിയും ദാരിദ്ര്യവും രോഗവും അദ്ദേഹത്തെയും കുടംബാംഗങ്ങളെയും കഷ്ടപ്പെടുത്തി. എംഗല്‍സിന്റെ നിസ്വാര്‍ഥമായ ധനസഹായം ഒന്നുകൊണ്ടുമാത്രമാണ് പട്ടിണിയില്‍നിന്ന് അല്‍പ്പം ആശ്വാസം ലഭിച്ചത്. ഇക്കാലത്ത് മാര്‍ക്സ് ബ്രിട്ടീഷ് മ്യൂസിയത്തിലെ ലൈബ്രറിയില്‍ ശാസ്ത്രപഠനം തുടര്‍ന്നു. ദീര്‍ഘകാലത്തെ തപസ്യയ്ക്കു ശേഷം 1867 മാര്‍ച്ച് 27 ന് ""മൂലധന""ത്തിന്റെ ഒന്നാം വാള്യം പൂര്‍ത്തിയായി. 1867 സെപ്തംബര്‍ 14 ന് മൂലധനത്തിന്റെ ഒന്നാം ഭാഗം ഹാംബര്‍ഗില്‍ പ്രസിദ്ധീകരിച്ചു. മാര്‍ക്സിസത്തിന്റെ പ്രചാരണത്തില്‍ ആ സംഭവം ഒരു പുതിയ ഘട്ടത്തിന്റെ ആരംഭം കുറിച്ചു. തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവസിദ്ധാന്തത്തിന്റെ വികാസത്തെ സംബന്ധിച്ചിടത്തോളം അത് ലോകചരിത്രപ്രധാനമായ ഒരു സംഭവമായിരുന്നു. എംഗല്‍സ് മൂലധനത്തെപ്പറ്റി പറഞ്ഞു. ""... ഭൂമിയില്‍ മുതലാളികളും തൊഴിലാളികളും നിലവില്‍ വന്നതിനു ശേഷം ഇത്രയും പ്രാധാന്യമുള്ള ഒരു ഗ്രന്ഥവും ഉണ്ടായിട്ടില്ല"". മൂലധനത്തിന്റെ പണി അതിവേഗം നീങ്ങിക്കൊണ്ടിരിക്കവെ മാര്‍ക്സിന്റെ കുടുംബം അത്യധികം സാമ്പത്തിക വിഷമങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുകളില്‍ പറയുന്നു. ""സ്ഥിതിഗതി വളരെ പരിതാപകരമാണ്. ഇതില്‍നിന്നെങ്ങനെ കരകയറുമെന്ന് എനിക്കറിയില്ല"" എംഗല്‍സിന് അദ്ദേഹം എഴുതി. ""ഞാന്‍ വീടിന്റെ മുകളില്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ താഴെ എന്റെ ഭാര്യയെ കടക്കാര്‍ വന്നു വളഞ്ഞിരിക്കുകയാവും .... "" ഈ കടക്കാര്‍"" വിശന്ന ചെന്നായ്ക്കളാണ്. ഭാര്യയുടെ കൈയിലില്ലാത്ത പണം പിഴിഞ്ഞെടുക്കാനാണ് കടക്കാരുടെ ശ്രമം. ഒരു റെയില്‍വേ കമ്പനിയില്‍ ജോലിക്കു വേണ്ടി ശ്രമിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. എന്നാല്‍ കൈയെഴുത്ത് മോശമാണെന്ന കാരണത്താല്‍ അദ്ദേഹത്തിന് ആ ജോലി കിട്ടിയില്ല. മാര്‍ക്സിന്റെ ബുദ്ധിവൈഭവത്തെ കാത്തുരക്ഷിച്ചത് യഥാര്‍ഥത്തില്‍ എംഗല്‍സിന്റെ നിരന്തരവും നിസ്വാര്‍ഥവുമായ സഹായമായിരുന്നു. ""പണക്കൊതിയന്മാരുടെ പിടിയില്‍നിന്ന് താങ്കളെന്നെ രക്ഷിച്ചു"", എന്നാണ് പതിവായി ധനസഹായം ലഭിച്ചതിനു ശേഷം എംഗല്‍സിനെഴുതിയത്. കൊടുംദാരിദ്ര്യംമൂലം 1850ല്‍ മകന്‍ ഗ്വിഡൊ കുഞ്ഞായിരിക്കുമ്പോള്‍തന്നെ മരിച്ചു. 1852 ല്‍ ഒരു വയസ്സ് തികയാത്ത ഫ്രാന്‍സിസ്ക എന്ന പെണ്‍കുട്ടിയും മരണമടഞ്ഞു. ആ കുട്ടിയുടെ ശവസംസ്കാരത്തിനുള്ള പണംപോലും കൈവശമില്ലാതെ മാര്‍ക്സും ജെന്നിയും വിഷമിച്ചു. 1855 ല്‍ എട്ടു വയസ്സുകാരനായ എഡ്ഗാര്‍ മരണമടഞ്ഞത് മാര്‍ക്സിനെ വീണ്ടും ദുഃഖത്തിന്റെ നിലയില്ലാക്കയത്തില്‍ എത്തിച്ചു. 1881 ഡിസംബര്‍ രണ്ടിന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പത്നി ജെന്നിയും അന്തരിച്ചു. പിന്നീട് മാര്‍ക്സ് അധികകാലം ജീവിച്ചിരുന്നില്ല. 1883 മാര്‍ച്ച് 14 ന് ചാരുകസേരയില്‍ ഇരുന്ന ഇരിപ്പില്‍ മാര്‍ക്സ് ജീവിതത്തില്‍നിന്ന് വിടപറഞ്ഞു. ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ ജെന്നിയുടെ ശവകുടീരത്തിനടുത്തുതന്നെ മാര്‍ക്സിനെയും അടക്കംചെയ്തു.

ശവസംസ്കാര ചടങ്ങില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും സഖാവുമായിരുന്ന എംഗല്‍സ് കണ്ഠമിടറി നടത്തിയ ലഘുപ്രസംഗം അവസാനിപ്പിച്ചതിങ്ങനെയാണ്: ""സൈബീരിയയിലെ ഖനികള്‍തൊട്ട് കാലിഫോര്‍ണിയവരെ യൂറോപ്പിലെയും അമേരിക്കയിലെയും എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള വിപ്ലവകാരികളായ ലക്ഷോപലക്ഷം സഹോദര തൊഴിലാളികളുടെ സ്നേഹാദരങ്ങള്‍ ആര്‍ജിച്ചുകൊണ്ടാണ്, അവരെ ശോകാര്‍ത്തരാക്കികൊണ്ടാണ്, അദ്ദേഹം അന്തരിച്ചത്. എതിരാളികള്‍ പലരും ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് വ്യക്തിപരമായി ഒരു ശത്രുപോലും ഉണ്ടായിരുന്നില്ലെന്ന് എനിക്ക് ധൈര്യമായി പറയാന്‍ കഴിയും. അദ്ദേഹത്തിന്റെ നാമവും കൃതികളും ചിരകാലം ജീവിക്കും"".

*
കെ ജെ തോമസ് ദേശാഭിമാനി 14 മാര്‍ച്ച് 2013

No comments: