Friday, March 29, 2013

ആവേശമുണര്‍ത്തിയ പഞ്ചദിന സത്യഗ്രഹം

1975-ലാണ് ഐസിഡിഎസ് എന്ന സംയോജിത ശിശുവികസന സേവന പദ്ധതി നിലവില്‍ വന്നത്. 6 വയസ്സിനു താഴെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പാലൂട്ടുന്ന അമ്മമാരുടെയും കൗമാരക്കാരായ പെണ്‍കുട്ടികളുടെയും മാനസിക-ശാരീരിക-ആരോഗ്യ-സാമൂഹ്യ-വിദ്യാഭ്യാസപരമായ പുരോഗതി വളര്‍ത്തി എടുക്കുന്നതോടൊപ്പം സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ ഇന്ത്യന്‍ ദേശീയ ധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇത് ലക്ഷ്യമിട്ടത്. പരീക്ഷണാര്‍ത്ഥം 33 ഐസിഡിഎസുകളിലായി ആരംഭിച്ച് ഇന്ത്യയിലൊട്ടാകെ ഏഴായിരത്തോളം വരുന്ന ഐസിഡിഎസുകളിലായി 22 ലക്ഷത്തോളം ജീവനക്കാര്‍ ഇപ്പോള്‍ പണിയെടുക്കുന്നുണ്ട്. കേരളത്തില്‍ 258 ഐസിഡിഎസുകളിലായി 66292 ജീവനക്കാരും പണിയെടുക്കുന്നുണ്ട്. ഓണറേറിയം എന്ന നിലയ്ക്ക് വര്‍ക്കര്‍ക്ക് 100 രൂപയും ഹെല്‍പ്പര്‍ക്ക് 40 രൂപയുമാണ് "ഒഴിവുസമയ" പ്രവര്‍ത്തനമെന്നനിലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നത്. ജോലി സുരക്ഷിതത്വമില്ലായ്മ, തുച്ഛമായ വേതനം, മേല്‍ ഉദ്യോഗസ്ഥന്മാരുടെ മാനസ്സിക പീഡനങ്ങള്‍ എന്നിവമൂലം ഈ മേഖലയിലെ ജീവനക്കാര്‍ സംഘടിക്കുവാന്‍ നിര്‍ബന്ധിതമായി.

1979ല്‍ ഇന്ത്യയിലും 1981ല്‍ കേരളത്തിലും സംഘടന രൂപീകരിക്കപ്പെട്ടു. ആദ്യ കാലഘട്ടങ്ങളില്‍ വര്‍ക്കിംഗ് വിമന്‍സ് കോ-ഓര്‍ഡിനേഷനും ജനാധിപത്യ മഹിളാ അസോസിയേഷനുമാണ് നേതൃത്വം കൊടുത്തിരുന്നത്. 1996നുശേഷമാണ് സിഐടിയുവില്‍ യൂണിയന്‍ അഫിലിയേറ്റ് ചെയ്തത്. അതിനുശേഷം സംഘടനാരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതി എന്ന നിലയ്ക്ക് മാന്യമായ വേതനം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ നിരവധി സമരങ്ങളാണ് പാര്‍ലമെന്റിനുമുമ്പിലും നിയമസഭയ്ക്കു മുമ്പിലും നടത്തിയത്. 2010ലും 2012ലും പാര്‍ലമെന്റിനുമുമ്പില്‍ നടത്തിയ മഹാപാടവും കേരളത്തില്‍ സെക്രട്ടറിയറ്റിനുമുമ്പില്‍ നടത്തിയ സെക്രട്ടറിയറ്റ് വളയലും പഞ്ചദിന സത്യാഗ്രഹ സമരങ്ങളും അംഗന്‍വാടി സമരചരിത്രത്തില്‍ പുത്തന്‍ ആവേശമായി. നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി ഓണറേറിയം വര്‍ദ്ധനവ്, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍, പെന്‍ഷന്‍, പഞ്ചായത്തുകളില്‍നിന്നുള്ള അധിക ഓണറേറിയം, വര്‍ക്കര്‍-ഹെല്‍പര്‍ പ്രമോഷന്‍, അധികജോലിക്ക് അധികവേതനം, പ്രസവാനുകൂല്യം തുടങ്ങിയവ നേടിയെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

കേരളത്തില്‍ അംഗന്‍വാടി വര്‍ക്കര്‍ക്ക് 4000/- രൂപയും ഹെല്‍പര്‍ക്ക് 2500/- രൂപയുമാണ് ലഭിച്ചുവരുന്നത്. ഈ വേതനം തുച്ഛമാണ്. 2013ലെ ബജറ്റില്‍ 400/- രൂപയുടെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചത്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ദ്ധനവ് വളരെ തുച്ഛമായതുകൊണ്ട് ഓണറേറിയം വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക, കുടിശ്ശിക ഓണറേറിയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പഞ്ചദിന സത്യഗ്രഹം നടത്തിയത്. മാര്‍ച്ച് 11ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്ത സമരത്തില്‍ ഓരോ ദിവസവും സമരം കോടിയേരി ബാലകൃഷ്ണന്‍, കെ ഒ ഹബീബ്, ശ്രീമതി ടീച്ചര്‍, ഇളമരം കരിം എന്നിവര്‍ ഉദ്ഘാടനംചെയ്തു. ബജറ്റ് അവതരിപ്പിച്ച മാര്‍ച്ച് 15ന് ആയിരക്കണക്കിന് സ്ത്രീകള്‍ പാത്രം കൊട്ടി നിയമസഭയുടെ മുമ്പിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. നിയമസഭയ്ക്കുമുമ്പില്‍ വെച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡിനുമുകളില്‍ കയറി കൊടി ഉയര്‍ത്തി സ്ത്രീകള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് മാര്‍ച്ച് 20ന് സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി സംഘടനാ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചു. സംഘടന ഉയര്‍ത്തിയ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ചര്‍ച്ചയില്‍ സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറി ഇളമരം കരിം, സെക്രട്ടറി വി സി കാര്‍ത്ത്യായനി പ്രസിഡന്റ് കെ പി മേരി എന്നിവര്‍ പങ്കെടുത്തു. ഈ സമരം ഒരു പുത്തനുണര്‍വ് പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിട്ടുണ്ട്.

*
കെ പി മേരി ചിന്ത 29 മാര്‍ച്ച് 2013

No comments: