Saturday, March 16, 2013

സാധ്യതകളെ കൊട്ടിയടച്ചു

പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്ന പ്രഖ്യാപനത്തിന്റെ സമയം വന്നപ്പോള്‍ മാണിക്ക് നടുവേദന. ഇരുന്നെഴുന്നേറ്റപ്പോള്‍ ഒരു പാരഗ്രാഫ് വിട്ടുപോയി. പിന്നീട് വാര്‍ത്താസമ്മേളനത്തിലാണ് ഇത് പ്രഖ്യാപിച്ചത്. ഇത്തവണത്തെ കേരള ബജറ്റിനെക്കുറിച്ച് പറഞ്ഞാല്‍ വികസനത്തെക്കുറിച്ച് മൃഷ്ടാന്നം പറയുകയും അതിന്റെ മറവില്‍ കൂടുതല്‍ പിന്തിരിപ്പന്‍ നിര്‍ദേശങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുകയുംചെയ്തു എന്നതാണ്. കേരളീയരുടെമേല്‍ ഇത്രയും കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച മറ്റൊരു സര്‍ക്കാര്‍ ഉണ്ടാകില്ല. ഏതാണ്ട് 2000 കോടിയോളം രൂപയുടെ നികുതിവര്‍ധന കഴിഞ്ഞ രണ്ട് വര്‍ഷമായി ഈടാക്കിയിട്ടുണ്ട്. വിലക്കയറ്റനാളില്‍ ഈ നടപടി ജനങ്ങളെ നേരിട്ടു പിഴിയുക മാത്രമല്ല, വിലക്കയറ്റത്തിന് ആക്കം കൂട്ടുകയുംചെയ്യും.

നികുതി വരവിന്റെ കാര്യക്ഷമത ഉയര്‍ത്തി നികുതിവരുമാനം വര്‍ധിപ്പിക്കുക എന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അയല്‍ സംസ്ഥാനങ്ങളില്‍ വാറ്റ് നികുതി അടക്കമുള്ളവ കൂട്ടിയപ്പോള്‍ കേരളത്തില്‍ നികുതി വര്‍ധിപ്പിക്കില്ല എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിച്ചിട്ടും നികുതി വരുമാനത്തിലെ വര്‍ധന കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അത്രപോലും വന്നില്ല. നികുതിപിരിവിന്റെ കാര്യക്ഷമത ഗണ്യമായി കുറഞ്ഞു. അതേസമയം, ആരും ചോദിക്കാതെ തന്നെ സ്റ്റാമ്പ് ഡ്യൂട്ടി 25 ശതമാനം കുറച്ചു. ഭൂവില വാണംപോലെ ഉയരുന്ന ഈ വേളയില്‍ ഭൂമി വില്‍ക്കുന്നവര്‍ക്ക് നല്ല ആദായമുണ്ടാകുന്നുണ്ട്. ഇത്തരമൊരു സമീപനം സ്വീകരിക്കേണ്ട സന്ദര്‍ഭമല്ല ഇത്. ഇളവ് നല്‍കണമെന്നുണ്ടെങ്കില്‍ ചെറുകിട ഉടമസ്ഥര്‍ക്ക് നല്‍കാമായിരുന്നു. ഇതുവഴി 200 കോടി രൂപയുടെ നഷ്ടമേ ഉണ്ടാകൂ എന്നാണ് ബജറ്റില്‍ പറഞ്ഞത്. എന്നാല്‍ യഥാര്‍ഥത്തില്‍ 700-750 കോടി രൂപയെങ്കിലും കുറവ് വരും. മൂലധനച്ചെലവ് ഗണ്യമായി ഉയര്‍ത്തി എന്നാണ് ധനമന്ത്രിയുടെ അവകാശവാദം. എന്നാല്‍, മൊത്തം തുകയുടെ വലുപ്പം കാണിച്ച് അമ്പരപ്പിക്കുകയാണ് ധനമന്ത്രി.

മന്ത്രിക്ക് വേണമെങ്കില്‍ മൂലധനച്ചെലവ് 50 ശതമാനംകണ്ട് ഉയര്‍ത്താമായിരുന്നു. എന്തുകൊണ്ടോ അദ്ദേഹം അറച്ചുനില്‍ക്കുകയാണ്. ഇങ്ങനെ മൂലധനച്ചെലവ് വര്‍ധിപ്പിക്കാന്‍ പണമെവിടെ എന്ന് സംശയിക്കുന്നവര്‍ ഈ വര്‍ഷത്തെ ധനകമ്മി എടുക്കുക. 2.82 ശതമാനംമാത്രമേ വരൂ. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പരിധി 2.3 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തേത് 3.12 ശതമാനമായിരുന്നു. ആ തോത് നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ കേന്ദ്രംപോലും കുറ്റം പറയില്ല. കാരണം കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ ധനകമ്മി 4.8 ശതമാനമാണ്. അത്രകണ്ട് ഉയര്‍ത്തണ്ട. കഴിഞ്ഞ വര്‍ഷത്തെ 3.12 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നെങ്കില്‍ 1261 കോടിരൂപ അധികമായി ലഭ്യമാക്കാമായിരുന്നു. അതു മുഴുവന്‍ റോഡ്, പാലം മുതലായവ നിര്‍മിക്കാന്‍ മൂലധനച്ചെലവിനായി നീക്കിവച്ചിരുന്നെങ്കില്‍ വികസനക്കുതിപ്പ് നേടാമായിരുന്നു. എന്നാല്‍, ധനമന്ത്രി ഇതിന് തുനിയുന്നില്ല. കേരളത്തിലെ റവന്യൂ കമ്മി പൂര്‍ണമായും നിയന്ത്രണവിധേയമാണ്. മിച്ചമാണെന്നുപോലും വാദിക്കാം. അപ്പോള്‍പ്പിന്നെ കടംവാങ്ങുന്ന പണം റവന്യൂ ചെലവിലേക്ക് പോകേണ്ടതായിരിക്കില്ലല്ലോ. മൂലധനച്ചെലവ് ഗണ്യമായി ഉയര്‍ത്താനാകുമായിരുന്നു. എന്നാല്‍, രാജാവിനേക്കാള്‍ രാജഭക്തിയോടെ ധനകമ്മി കുറയ്ക്കുന്നതിലാണ് മാണി ശ്രമിച്ചത്. ധനകമ്മി കേന്ദ്രസര്‍ക്കാര്‍ തരുന്ന വായ്പയുടെ പരിധിക്ക് മുകളിലേക്ക് ഉയര്‍ത്താന്‍ ഒറ്റവഴിയേയുള്ളൂ. ട്രഷറിയില്‍ നിക്ഷേപം സ്വീകരിക്കുക. 2011-12ല്‍ 2524 കോടി രൂപയാണ് ഇത്തരത്തില്‍ സമാഹരിച്ചത്. ഇത്തവണ 470 കോടി മാത്രമാണ് സമാഹരിച്ചത്.

ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി കൊടുക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ സൗകര്യമൊരുക്കി. അതൊക്കെ തകര്‍ത്ത് ശമ്പളവും പെന്‍ഷനും ബാങ്കുവഴിയാക്കിയതാണ് മാണിയുടെ പരിഷ്കാരം. വകുപ്പുകളുടെയും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും മിച്ചഫണ്ട് ട്രഷറിയില്‍തന്നെ സൂക്ഷിക്കാന്‍ ശഠിക്കുന്നില്ല. ഇങ്ങനെ പോയാല്‍ ട്രഷറി സേവിങ്സ് തന്നെ വേണ്ടെന്നുവയ്ക്കും. ആര്‍ബിഐ ആവശ്യപ്പെടുന്നതും അതാണ്. കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി ഇവ മൂന്നും തകര്‍ച്ചയെ നേരിടുകയാണ്. ഒന്നിനും പരിഹാരം ബജറ്റിലില്ല. കെഎസ്ആര്‍ടിസിക്ക് നീക്കിവച്ച 100 കോടി തീര്‍ത്തും അപര്യാപ്തമാണെന്ന് വകുപ്പു മന്ത്രിതന്നെ പ്രസ്താവിച്ചു. കെഎസ്ഇബിയുടെയും കാര്യത്തില്‍ ഇതുതന്നെയാണ് വിമര്‍ശം. ക്ഷേമപദ്ധതികളിലെ വര്‍ധന പൊടിക്കൈ ആണ്. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലെ ആനുകൂല്യം വര്‍ധിപ്പിച്ചിട്ടുണ്ട്. അഗതി- വയോജന പെന്‍ഷന്‍, ഭിന്നശേഷിയുള്ളവര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം ചേര്‍ത്ത് പറഞ്ഞിരിക്കുന്നു. അതേസമയം സംസ്ഥാന ക്ഷേമപദ്ധതികളിലെ ആനുകൂല്യം വര്‍ധിപ്പിച്ചെന്നു പറയുന്നു. കയര്‍ മേഖലയിലെ പെന്‍ഷന്‍ 300 രൂപ 400 ആക്കി. രണ്ടു വര്‍ഷം മുമ്പ് ഞാന്‍ അവതരിപ്പിച്ച ബജറ്റില്‍ എല്ലാ പെന്‍ഷനുകളും 400 രൂപയാക്കിയിരുന്നു. ഇപ്പോള്‍ ആ പ്രഖ്യാപനം ആവര്‍ത്തിച്ച് കൈയടി നേടാന്‍ ശ്രമിക്കുന്നു. പരമ്പരാഗത മേഖലകളിലെ തകര്‍ച്ചയ്ക്ക് പരിഹാരം ഈ ബജറ്റിലില്ല. ബീഡിത്തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക അസാധ്യമായപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവര്‍ക്ക് 45-ാം വയസ്സില്‍ റിട്ടയര്‍ചെയ്ത് പെന്‍ഷന്‍ വാങ്ങാന്‍ അനുവദിച്ചത്. ഒന്നുകില്‍ തൊഴിലും മിനിമം കൂലിയും നല്‍കുക അല്ലെങ്കില്‍ മാന്യമായി റിട്ടയര്‍ചെയ്യാന്‍ അനുവദിക്കുക. ഇതാണ് തൊഴിലാളികള്‍ ആഗ്രഹിക്കുന്നത്. ഈ ചിന്ത ബജറ്റിലില്ല.

കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയെ ഈ ബജറ്റ് അഭിമുഖീകരിക്കുന്നില്ല. ആസിയന്‍ കരാറിന്റെ തിക്തഫലവും നാം നേരിടുകയാണ്. 1999 ലേതുപോലെ വിലത്തകര്‍ച്ചയുടെ കാലം കേരളത്തില്‍ സമാഗതമായി. ഈ പശ്ചാത്തലത്തില്‍ വില സ്ഥിരതാ ഫണ്ട്, വിള ഇന്‍ഷുറന്‍സ്, താങ്ങുവില എന്നിവ അത്യന്താപേക്ഷിതമാണ്. ബജറ്റിലാകട്ടെ ഇതൊന്നും തൊട്ടിട്ടുപോലുമില്ല. വെളിച്ചെണ്ണ കേരളത്തില്‍ റേഷന്‍കടകള്‍ വഴി വിതരണംചെയ്തിരുന്നെങ്കില്‍ കേരകൃഷിക്ക് അതൊരു ആശ്വാസമാകുമായിരുന്നു. പാമോയിലിനു കൊടുക്കുന്നതുപോലെ ലിറ്ററിന് 15 രൂപ വീതം സബ്സിഡി വെളിച്ചെണ്ണയ്ക്കും നല്‍കാന്‍ തയ്യാറാകണം. ഇപ്പോള്‍ ബജറ്റില്‍ പണം നീക്കിവച്ചിരുന്നെങ്കില്‍ കേരളീയര്‍ക്ക് കേന്ദ്രത്തിനു മുന്നില്‍ പണം അനുവദിക്കാന്‍ ഒറ്റക്കെട്ടായി നീങ്ങാമായിരുന്നു. സ്ത്രീ ബജറ്റ് എന്നുപറയുന്നത് മറ്റൊരു തട്ടിപ്പാണ്. 2008-09 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നയമാണ് ജന്‍ഡര്‍ ബജറ്റ്. ഇതിന്റെ ഫലമായി സംസ്ഥാന ബജറ്റിലെ സ്ത്രീവിഹിതം അഞ്ചു ശതമാനത്തില്‍നിന്ന് 10 ആയി ഉയര്‍ന്നു. ഈ സമഗ്ര പദ്ധതി രണ്ടു വര്‍ഷമായി നിര്‍ത്തലാക്കി. അതിനുപകരം ചില ഒതുക്ക് പരിപാടികളുമായി യുഡിഎഫ് രംഗപ്രവേശം ചെയ്തിരിക്കുകയാണ്.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 28.5 ശതമാനം പദ്ധതിവിഹിതം നല്‍കണമെന്നായിരുന്നു ധനകാര്യ കമീഷന്‍ ശുപാര്‍ശ. എന്നാല്‍, ഇത്തവണ 23.5 ശതമാനംമാത്രമാണ് ഇത്. ആദ്യമായാണ് ധനകാര്യ കമീഷന്‍ ശുപാര്‍ശ തള്ളിക്കളയുന്നതെന്നു മാത്രമല്ല, പാര്‍പ്പിട പദ്ധതിക്ക് വീടൊന്നിന് അധികം വേണ്ടുന്ന ഒന്നരലക്ഷം എവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യത്തിന് ഈ ബജറ്റില്‍ വ്യക്തത വരുത്തുന്നുമില്ല. കേരളത്തില്‍ നന്നായി നടന്നുവന്ന ഭവന പദ്ധതി തകര്‍ത്തെന്ന നേട്ടം യുഡിഎഫിന് അവകാശപ്പെട്ടതാണ്. കേരളം നേരിടുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ തികച്ചും അപര്യാപ്തമാണ് ഈ ബജറ്റ്. ഇത് വിലക്കയറ്റത്തിന് ആക്കം കൂട്ടും; തൊഴിലില്ലായ്മ, കാര്‍ഷിക വിലത്തകര്‍ച്ച എന്നിവയ്ക്ക് പരിഹാരമില്ല; സ്ത്രീപീഡനങ്ങള്‍ക്ക് അറുതിവരുത്തില്ല; തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കില്ല. നമ്മുടെ സാധ്യതകളെയാകെ കൊട്ടിയടയ്ക്കുന്ന ബജറ്റാണിത്.

*
ഡോ. ടി എം തോമസ് ഐസക്

No comments: