Monday, March 18, 2013

വീവാ ഷാവേസ്

തുടര്‍ച്ചയായ നാലാംതവണയും വെനസ്വേല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം സൃഷ്ടിച്ച വിപ്ലവനേതാവ് ഹ്യൂഗോ ഷാവേസ് ഇന്ന് നമ്മോടൊപ്പമില്ല. ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷ പുതുതരംഗത്തിന്റെ പ്രതീകമായി ഉയര്‍ന്നുവന്ന ഷാവേസിന്റെ ജീവന്‍ ഒടുവില്‍, 2011 ജൂണ്‍ മുതല്‍ അദ്ദേഹവുമായി ഏറ്റുമുട്ടിവന്ന അര്‍ബുദം അപഹരിച്ചു. അദ്ദേഹത്തിന്റെ വിയോഗം വെനസ്വേലയിലെയും ലാറ്റിനമേരിക്കയിലെയും ജനതയെ ദുഃഖത്തിലാഴ്ത്തി, ലോകമെമ്പാടുമുള്ള ഇടതുപക്ഷ-പുരോഗമനശക്തികള്‍ക്ക് ഷാവേസിന്റെ അഭാവം കനത്ത നഷ്ടമായി അനുഭവപ്പെടുന്നു.

ഏറ്റവും ആവശ്യമായ കാലത്താണ് അദ്ദേഹം നമ്മെ വിട്ടുപോയത്. 55 ശതമാനം വോട്ട് നേടി 2012 ഒക്ടോബറില്‍ വിജയിച്ചശേഷം, അദ്ദേഹം വീണ്ടും ആറ് വര്‍ഷം കൂടി (2013 മുതല്‍ 2019 വരെ) രാജ്യത്തെ സേവിക്കാന്‍ ഒരുങ്ങുകയായിരുന്നു- ഷാവേസ് തുടങ്ങിവച്ച വിപ്ലവപ്രക്രിയയുടെ ഏകോപനത്തിനും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചുവന്ന ലാറ്റിനമേരിക്കന്‍ മേഖല ഉദ്ഗ്രഥനം മുന്നോട്ടുകൊണ്ടുപോകുന്നതിനും നിര്‍ണായകമായ സമയം. പക്ഷേ, അദ്ദേഹത്തിന് അതിനുള്ള സമയം ലഭിച്ചില്ല. പ്രസിഡന്റായി പ്രവര്‍ത്തിച്ച 14 വര്‍ഷം ഷാവേസ് കൈവരിച്ച നേട്ടം യഥാര്‍ഥത്തില്‍ അസാധാരണമാണ്. ഇതിന് രണ്ട് മാനങ്ങളുണ്ട്- വെനസ്വേലയ്ക്കുള്ളില്‍ ആഭ്യന്തരമായുള്ളതും ലാറ്റിനമേരിക്കയും പൊതുവെ വിദേശനയവും സംബന്ധിച്ച് വൈദേശികമായുള്ളതും.

നവഉദാരവല്‍ക്കരണത്തിന് ബദല്‍

വെനസ്വേലയില്‍ നവഉദാരവല്‍ക്കരണ മാതൃകയ്ക്ക് ബദല്‍ കെട്ടിപ്പടുക്കുകയായിരുന്നു ഷാവേസ്. ഇക്കാര്യത്തില്‍ നേടിയ വിജയം അദ്ദേഹത്തെ മുഴുവന്‍ ലാറ്റിനമേരിക്കയുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന ശക്തിസ്തംഭമാക്കി മാറ്റി. 1999ല്‍ അധികാരമേറ്റടുത്തശേഷം ഷാവേസ് ആദ്യം ചെയ്തത് അധികാരം യഥാര്‍ഥത്തില്‍ ജനങ്ങളിലെത്തിക്കുന്ന വിധത്തില്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തലായിരുന്നു. 2001 മുതല്‍, അദ്ദേഹത്തിനെതിരായ അട്ടിമറിശ്രമം ജനകീയമുന്നേറ്റത്തില്‍ തകര്‍ന്നശേഷം, ഷാവേസ് ഏറ്റെടുത്ത ദൗത്യം രാജ്യത്തിന്റെ എണ്ണസമ്പത്തിനുമേല്‍ ദേശീയപരമാധികാരം സ്ഥാപിക്കുക എന്നതായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണശേഖരമുള്ളത് വെനസ്വേലയിലാണ്. ഭീമന്‍ എണ്ണക്കമ്പനിയായ പിഡിവിഎസ്എയെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്ന ഷാവേസ് പാശ്ചാത്യ എണ്ണക്കമ്പനികള്‍ക്കുമേല്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയുംചെയ്തു. സ്വന്തം പെട്രോള്‍ ഡോളര്‍ വരുമാനം അമേരിക്കയിലെയും ഇതര പാശ്ചാത്യരാജ്യങ്ങളിലെയും ബാങ്കുകളില്‍ നിക്ഷേപിക്കുകയെന്ന പരമ്പരാഗത എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സമ്പ്രദായത്തില്‍നിന്ന് അദ്ദേഹം പിന്മാറി. തുടര്‍ന്ന്, വൈദ്യുതി-ടെലികോം വ്യവസായങ്ങള്‍ ദേശസാല്‍ക്കരിച്ചു. ഭൂപരിഷ്കരണം നടപ്പാക്കുകയും 30 ലക്ഷം ഹെക്ടര്‍ ഭൂമി പതിനായിരക്കണക്കിന് കര്‍ഷകര്‍ക്കായി വിതരണംചെയ്യുകയുമുണ്ടായി.

 അടുത്ത പടിയായി ഷാവേസ് ചെയ്തത് എണ്ണയില്‍നിന്നുള്ള വരുമാനം ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കലാണ്. ദാരിദ്ര്യം തുടച്ചുനീക്കുക, വിദ്യാഭ്യാസ-ആരോഗ്യപരിരക്ഷ-ഭക്ഷണലഭ്യത-പാര്‍പ്പിട സൗകര്യങ്ങള്‍ വിപുലമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ലാറ്റിനമേരിക്കന്‍ വിമോചനനായകരുടെ പേരുകളില്‍ മിഷന്‍ റോബിന്‍സണ്‍, സക്ക്റെ എന്നിങ്ങനെയുള്ള കുറെയധികം സാമൂഹിക ദൗത്യങ്ങള്‍ക്ക് രൂപംനല്‍കി. ഇത്തരം ജനക്ഷേമ നടപടികളുടെ ഫലം വിസ്മയകരമായി. ബൊളീവിയന്‍ റിപ്പബ്ലിക്കില്‍ ദാരിദ്ര്യം പകുതിയായി കുറഞ്ഞു; 1999ല്‍ 42.8 ശതമാനമായിരുന്ന ദാരിദ്ര്യനിരക്ക് 2011ല്‍ 26.5 ശതമാനമായി ഇടിഞ്ഞു. ഇക്കാലയളവില്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ 70 ശതമാനം കുറവുണ്ടായി, 16.6 ശതമാനത്തില്‍നിന്ന് ഏഴായാണ് ഇത് കുറഞ്ഞത്. നിരക്ഷരത നിര്‍മാര്‍ജനംചെയ്തു; അധ്യാപകരുടെ എണ്ണം 65,000ല്‍നിന്ന് മൂന്നരലക്ഷമായി. ആരോഗ്യമേഖലയിലെ ദൗത്യത്തിന്റെ ഭാഗമായി രാജ്യമെമ്പാടും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിച്ചു. ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങിയത് ഒന്നാംകിട ചികിത്സ നല്‍കാന്‍ ശേഷിയുള്ള പതിനാലായിരത്തോളം വരുന്ന ക്യൂബന്‍ഡോക്ടര്‍മാരെയും ഇതര മെഡിക്കല്‍ ജീവനക്കാരെയും നിയോഗിച്ചാണ്.

യുഎന്‍ഡിപി കണക്കുകള്‍ പ്രകാരം, 1990കളില്‍ ലാറ്റിനമേരിക്കയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള അസമത്വം വെനസ്വേലയിലായിരുന്നു, ഇപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇവിടെ ( 2011ലെ കണക്കുപ്രകാരം ഈ നിരക്ക് 0.39 മാത്രമാണ്). ജനങ്ങളുടെ അധികാരം ഉപയോഗിച്ചാണ് വന്‍തോതിലുള്ള ഈ സാമൂഹികമാറ്റം നേടിയത്. ബൊളിവാറിയന്‍ വിപ്ലവപ്രക്രിയയുടെ ഭാഗമായി അടിത്തട്ടില്‍ 35,000 സാമൂഹികസമിതികളും ജനകീയ സംഘടനകളുടെ ശൃംഖലയും സ്ഥാപിച്ചു. ഒരു പാര്‍ടി കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യം ഷാവേസ് തിരിച്ചറിയുകയും മൂവ്മെന്റ് ഓഫ് ഫിഫ്ത്ത് റിപ്പബ്ലിക്കിനെ രാഷ്ട്രീയ പാര്‍ടിയായി മാറ്റുകയും ചെയ്തു- യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടി (പിഎസ്യുവി). വന്‍കിട ബിസിനസുകാരും ഭൂപ്രഭുക്കളും ഉദ്യോഗസ്ഥപ്രമുഖരും ഉള്‍പ്പെട്ട അവിശുദ്ധ കൂട്ടുകെട്ട് ഷാവേസിനും വിപ്ലവപ്രക്രിയക്കും എതിരായി കടുത്ത വിദ്വേഷ പ്രചാരണവും നിരന്തര ആക്രമണവും നടത്തി. അവര്‍ക്ക് അമേരിക്കയും വിദേശമൂലധന ശക്തികളും പിന്തുണ നല്‍കി. ഷാവേസ് സൈന്യത്തെ അണിനിരത്തുകയും അതിനെ ജനകീയ ദേശീയ സേനയായി പുനഃസംഘടിപ്പിക്കുകയുംചെയ്തതോടെ ഈ ആക്രമണം തീവ്രമായ തോതിലായി. വിപ്ലവപ്രക്രിയയെ അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളെ, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും സായുധസേനകളുടെയും പിന്തുണയോടെ, ഓരോന്നായി ഷാവേസ് പരാജയപ്പെടുത്തി. വിദേശമുന്നണിയില്‍, ക്യൂബയുമായി ഷാവേസ് ശക്തമായ സഖ്യം കെട്ടിപ്പടുത്തു. ഫിദെല്‍ കാസ്ട്രോയുടെ വിപ്ലവാശയങ്ങള്‍ സ്വീകരിച്ച ഷാവേസ് ഉടന്‍തന്നെ അവ നടപ്പാക്കാനും തുടങ്ങി. വെനസ്വേലയില്‍ അദ്ദേഹത്തിന്റെ നായകത്വം ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷ മുന്നേറ്റത്തിന് സഹായകമായി. 1998ല്‍ വെനസ്വേലയില്‍ ഷാവേസ് ആദ്യമായി വിജയിച്ചതിന് തുടര്‍ച്ചയായി ബ്രസീല്‍, ബൊളീവിയ, ഇക്വഡോര്‍, ഉറുഗ്വേ, എല്‍സാല്‍വദോര്‍, ഹൊണ്ടുറാസ്, നിക്കരാഗ്വ എന്നിവിടങ്ങളിലെല്ലാം ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പ് വിജയങ്ങളുണ്ടായി.

ലാറ്റിനമേരിക്കന്‍ ഏകീകരണം

സ്പാനിഷ് വാഴ്ചയില്‍നിന്ന് ലാറ്റിനമേരിക്കയെ മോചിപ്പിച്ച സൈമണ്‍ ബൊളിവര്‍ വിഭാവനചെയ്ത വിധത്തില്‍ സാമ്രാജ്യത്വ അധിനിവേശത്തില്‍നിന്ന് വിമുക്തമായ ഏകീകൃത ലാറ്റിനമേരിക്ക എന്ന കാഴ്ചപ്പാട് ഷാവേസ് ഉയര്‍ത്തിപ്പിടിച്ചു. വെനസ്വേല, ക്യൂബ, ബൊളീവിയ എന്നിവയുടെ നേതൃത്വത്തില്‍ എട്ട് രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആല്‍ബ (അമേരിക്കന്‍ ജനതയ്ക്ക് വേണ്ടിയുള്ള ബൊളിവാറിയന്‍ സഖ്യം) കെട്ടിപ്പടുക്കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഇതിനു തുടര്‍ച്ചയായി ഉനാസുര്‍ രൂപീകരിച്ചു; ഏറ്റവും ഒടുവിലായി, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രധാന സംഭവം 2011 ഡിസംബറില്‍ കാരക്കാസില്‍വച്ച് കമ്യൂണിറ്റി ഓഫ് ലാറ്റിനമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ സ്റ്റേറ്റ്സിന്റെ (സെലാക്) രൂപീകരണമായിരുന്നു. ഈ മേഖലാ കൂട്ടായ്മകളില്‍നിന്നെല്ലാം അമേരിക്കയെയും കനഡയെയും ഒഴിച്ചുനിര്‍ത്തി. ബാങ്ക് ഓഫ് സൗത്ത്, ടെലസൂര്‍ ടെലിവിഷന്‍, വെര്‍ച്വല്‍ കറന്‍സി സുക്ക്റെ എന്നിവയെല്ലാം ഈ മേഖലാ സഹകരണത്തിന്റെ ഉല്‍പ്പന്നങ്ങളാണ്. മേഖലയിലെ ഹെയ്തിപോലുള്ള ദരിദ്രരാജ്യങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കാന്‍ ഷാവേസ് പെട്രോകരീബ് സ്ഥാപിച്ചു. ഇതിനെല്ലാം ഉപരിയായി, സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം പ്രയാസകരമായ കാലഘട്ടത്തിലൂടെ കടന്നുപോയ ക്യൂബയ്ക്ക് അത് മറികടക്കാന്‍ ആവശ്യമായ സഹായം നല്‍കുന്നതിനായി ഷാവേസ് അവരുമായി ശക്തമായ സഖ്യം കെട്ടിപ്പടുത്തു. മരണത്തിനു തൊട്ടുമുമ്പ്, ഫെബ്രുവരി 17ന് ക്യൂബയില്‍നിന്ന് ഷാവേസ് അവസാനമായി വെനസ്വേലയിലേക്ക് മടങ്ങിയപ്പോള്‍ ഫിദെല്‍ എഴുതി: സോഷ്യലിസ്റ്റ് ചേരി തകരുകയും സോവിയറ്റ് യൂണിയന്‍ ശിഥിലമാവുകയും ക്യൂബന്‍ വിപ്ലവത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ സാമ്രാജ്യത്വം കത്തിക്ക് മൂര്‍ച്ച കൂട്ടുകയും ചെയ്തപ്പോള്‍ അത് തടയാനുള്ള ശേഷി ഭിന്നിച്ചുനിന്ന അമേരിക്കയിലെ താരതമ്യേന ചെറുരാഷ്ട്രമായ വെനസ്വേലയ്ക്കുണ്ടായി. വിപ്ലവകാഴ്ചപ്പാട് ഇത്തരത്തിലായിരുന്നു ഷാവേസിന്റെ

വിപ്ലവ, സാര്‍വദേശീയ കാഴ്ചപ്പാട്.

സാമ്രാജ്യത്വ ആധിപത്യം എങ്ങനെ തടയാന്‍ കഴിയുമെന്നതിലും സ്വതന്ത്രമായ നിലപാടിന് രൂപംനല്‍കാന്‍ സാധിക്കുന്ന വിധത്തില്‍ മൂന്നാംലോകരാജ്യങ്ങള്‍ക്ക് അവരുടെ പരമാധികാരം എങ്ങനെ സംരക്ഷിക്കാന്‍ കഴിയുമെന്നതിലും കേന്ദ്രീകരിച്ചായിരുന്നു ഷാവേസ് തന്റെ വിദേശനയം മുന്നോട്ടുകൊണ്ടുപോയത്. ഞാന്‍ 2004 ഡിസംബറില്‍ കരാക്കസില്‍വച്ച് ഷാവേസിനെ സന്ദര്‍ശിക്കുകയുണ്ടായി. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍, ദക്ഷിണ-ദക്ഷിണ സഹകരണത്തെക്കുറിച്ചും ചേരിചേരാപ്രസ്ഥാനം എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്നതിനെ സംബന്ധിച്ചും ഷാവേസ് തന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചു. സോഷ്യലിസത്തെക്കുറിച്ചുള്ള തന്റെ സ്വന്തം ആശയങ്ങളും പങ്കിട്ടു. 2005ല്‍ നടത്താനിരിക്കുന്ന ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചും സംസാരിച്ച ഷാവേസ് കൊല്‍ക്കത്ത സന്ദര്‍ശിക്കാനുള്ള അതിയായ താല്‍പ്പര്യവും പ്രകടിപ്പിച്ചു. 21-ാം നൂറ്റാണ്ടിനെ പുതിയ ദിശയിലേക്ക് നയിക്കുന്നതില്‍ ഷാവേസിനെപ്പോലെ സംഭാവന നല്‍കിയ മറ്റൊരു നേതാവില്ല. ഷാവേസ് കെട്ടിപ്പടുത്ത പാതയിലൂടെ മുന്നേറാനാണ് വെനസ്വേലയിലെ ഇടതുപക്ഷ- ജനകീയ ശക്തികള്‍ തീരുമാനിച്ചിട്ടുള്ളത്. വരും നാളുകളില്‍ അവര്‍ക്ക് വന്‍ വെല്ലുവിളിതന്നെ നേരിടേണ്ടിവരും. എല്ലാ കാലത്തും, ഓരോ ചുവടുവയ്പിലും അവര്‍ക്ക് ഞങ്ങളുടെ ഐക്യദാര്‍ഢ്യവും പിന്തുണയും ഉണ്ടായിരിക്കും.

*
പ്രകാശ് കാരാട്ട്

No comments: