Saturday, March 30, 2013

ജനങ്ങളില്‍ നിന്നകലുന്ന സഹകരണമേഖല

ആഗോളവല്‍ക്കരണനയങ്ങള്‍ക്കനുസരിച്ച് സഹകരണമേഖലയെ രൂപപ്പെടുത്തുക എന്ന ബോധപൂര്‍വമായ ശ്രമം കേന്ദ്രസര്‍ക്കാര്‍ രണ്ടു പതിറ്റാണ്ടായി സ്വീകരിക്കുകയാണ്. സഹകരണസംഘങ്ങളെ സ്വയംഭരണ പരമാധികാര സ്ഥാപനങ്ങളാക്കുക എന്ന വ്യാജേനയാണ് പരിഷ്കരണ നടപടികള്‍ ആരംഭിച്ചത്. ചൗധരി ബ്രഹ്മപ്രകാശ് കമ്മിറ്റിയുടെ മാതൃകാ സഹകരണ നിയമം, വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ഡോ. രഘുറാംരാജന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഫിനാന്‍ഷ്യല്‍ സെക്ടര്‍ റിഫോംസ് കമ്മിറ്റി റിപ്പോര്‍ട്ട്, സഹകരണ സംഘങ്ങള്‍ക്ക് സേവന നികുതി ബാധകമാക്കിക്കൊണ്ടുള്ള ഫിനാന്‍സ് ആക്ട് ഭേദഗതി, പ്രത്യക്ഷ നികുതി നിയമ ഭേദഗതി എന്നിവയെല്ലാം സഹകരണ സംഘങ്ങളുടെ ജനകീയമുഖം തകര്‍ക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്.

സ്വാതന്ത്ര്യാനന്തരകാലം മുതല്‍ സഹകരണ മേഖലയ്ക്ക് നല്‍കിയിരുന്ന മുന്‍ഗണനയും ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുന്നതാണ് ഈ ഭേദഗതികളും നിര്‍ദേശങ്ങളും. എല്ലാത്തിനുമുപരി ഗ്രാമപ്രദേശങ്ങളില്‍ സ്വകാര്യ ബാങ്കുകള്‍ക്ക് യഥേഷ്ടം കടന്നുചെല്ലുന്നതിനും ഗ്രാമീണ സമ്പാദ്യം ഇവര്‍ക്ക് കൈകാര്യംചെയ്യുന്നതിനും സഹായകമായ സാഹചര്യമാണ് ഒരുക്കുന്നത്. ഇതിനൊക്കെ ഊര്‍ജം പകരുന്നതാണ്97-ാം ഭരണഘടനാ ഭേദഗതി നിയമം 2011.97-ാം ഭരണഘടനാ ഭേദഗതിയില്‍ നിര്‍ദേശിച്ചതുപോലെ ഭരണഘടനാ ഭേദഗതി നിലവില്‍വന്ന് ഒരു വര്‍ഷത്തിനകം സംസ്ഥാന സഹകരണ നിയമങ്ങളിലും ഭേദഗതി വരുത്തണമെന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നിയമസഭ ധൃതിപിടിച്ച് സഹകരണ സംഘം നിയമഭേദഗതി 2013 പാസാക്കിയത്. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കുന്ന ഒന്നാണ് ഭേദഗതിയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യത്തിനനുസരിച്ച് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ അവര്‍ക്ക് അവകാശമുണ്ടായിരിക്കെ അതിനു വിരുദ്ധമായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതാണ് ആക്ഷേപമായി ഉയര്‍ന്നത്. സിപിഐ എം അടക്കമുള്ള പാര്‍ടികള്‍ പാര്‍ലമെന്റില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് വോട്ടുചെയ്തത് ഇതുകൊണ്ടാണ്.

ഭരണഘടനയുടെ മൂന്നാംഭാഗത്ത് മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ അനുച്ഛേദം 19ല്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കാനുള്ള അവകാശംകൂടി മൗലികാവകാശമാക്കിയിരിക്കുന്നു. കേരള സഹകരണസംഘം നിയമ ഭേദഗതിയില്‍ (2013) ഇതുസംബന്ധിച്ച് പുതിയ വ്യവസ്ഥകളൊന്നും കൊണ്ടുവന്നിട്ടില്ല. കേരളത്തില്‍ ഇപ്പോള്‍തന്നെ ചില വിഭാഗം സഹകരണ സംഘങ്ങള്‍ക്ക് അതിരുകളില്ലാതെ സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ചെയ്യാന്‍ വ്യവസ്ഥയുണ്ട്. പ്രാഥമിക വായ്പ സഹകരണ സംഘങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുന്നില്ല. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക പരിധി നിശ്ചയിച്ച് നല്‍കിയിട്ടുമുണ്ട്. ഈ പരിധി ലംഘിച്ച് കേരളത്തില്‍ ഇത്തരം സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു. ആ വ്യവസ്ഥയാണ് ലംഘിക്കപ്പെടാന്‍ പോകുന്നത്.

കേരളത്തിലെ സമ്പദ്ഘടനയുടെ ആണിക്കല്ലാണ് സര്‍വീസ് സഹകരണ ബാങ്കുകള്‍. അതിശക്തമായ നിക്ഷേപ വായ്പ ഘടന, വിപുലമായ ജനകീയ പങ്കാളിത്തം, ജനങ്ങളുടെ വിശ്വാസം, ശക്തമായ സഹകാരി ഉദ്യോഗസ്ഥ നിര, ഇതര സേവന മേഖലകളിലെ പങ്കാളിത്തം എന്നിവകൊണ്ട് ശ്രദ്ധേയമാണ് ഈ മേഖല. നിര്‍ണായകഘട്ടത്തില്‍ കേരള സര്‍ക്കാരിനെപ്പോലും സാമ്പത്തികമായി സഹായിക്കാന്‍ ഈ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വ്യക്തമായ ഉദ്ദേശ്യങ്ങളും പ്രവര്‍ത്തനപരിധികളും നിശ്ചയിക്കപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഈ മേഖലയിലേക്ക് ഭരണഘടനാഭേദഗതിയുടെ അടിസ്ഥാനത്തില്‍ അതിരുകളില്ലാതെ സര്‍വീസ് സഹകരണ ബാങ്കുകള്‍ രജിസ്റ്റര്‍ചെയ്യാന്‍ കഴിയുമെന്ന നിലവരുമ്പോള്‍ അത് ഈ വിഭാഗത്തിന്റെ തകര്‍ച്ചയ്ക്കുതന്നെ കാരണമാകും.

ഭരണഘടനയുടെ നാലാംഭാഗത്ത് ഡയറക്ടീവ് പ്രിന്‍സിപ്പല്‍സ് ഓഫ് സ്റ്റേറ്റ് പോളിസിയില്‍ അനുച്ഛേദം 43 ബി കൂട്ടിച്ചേര്‍ത്ത് സഹകരണ സംഘങ്ങള്‍ പരപ്രേരണയില്ലാതെ രൂപീകരിക്കുന്നതിനും സ്വയംഭരണം, പരമാധികാര പ്രവര്‍ത്തനം, ജനാധിപത്യ ഭരണക്രമം, പ്രൊഫഷണല്‍ മാനേജ്മെന്റ് എന്നിവ അവയില്‍ വളര്‍ത്തുന്നതിനും വേണ്ട പ്രോത്സാഹനം നല്‍കണമെന്നും വ്യവസ്ഥചെയ്തിരിക്കുന്നു. സഹകരണ സംഘങ്ങള്‍ക്ക് സ്വയംഭരണം, പരമാധികാര പ്രവര്‍ത്തനം, ജനാധിപത്യഭരണക്രമം എന്നിവ ഉണ്ടാക്കുന്നതിന് ആരും എതിരല്ല. സഹകരണ സംഘങ്ങളില്‍ ഭൂരിപക്ഷവും സാമ്പത്തിക സ്ഥാപനങ്ങളോ ബിസിനസ് സ്ഥാപനങ്ങളോ ആണ്. അതുകൊണ്ട് സ്വയംഭരണം വിഭാവനംചെയ്യുമ്പോഴും കര്‍ശനമായ സാമ്പത്തിക നിയന്ത്രണവും ബിസിനസ് കാഴ്ചപ്പാടും ഉണ്ടാകണം. ഇല്ലെങ്കില്‍ അരാജകത്വം ഉണ്ടാകുകയും സ്ഥാപനങ്ങള്‍ തകര്‍ച്ചയെ നേരിടുകയുംചെയ്യും.

കേരളത്തെ സംബന്ധിച്ചിടത്തോളം പുരോഗമന കാഴ്ചപ്പാടോടെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തുന്ന സഹകാരി നേതൃത്വവും ദിശാബോധമുള്ള സഹകരണ ജീവനക്കാരും പരിശോധന, ഓഡിറ്റ് എന്നിവയിലൂടെ ഒട്ടൊക്കെ സംഘങ്ങളെ നിയന്ത്രിക്കുന്ന സഹകരണ വകുപ്പും സര്‍വോപരി സംഘങ്ങളിലെ അംഗങ്ങളും പൊതുസമൂഹവും എല്ലാം ചേര്‍ന്ന ഒരു "പൊതുസ്വയംഭരണ സ്ഥാപന"മായി സഹകരണ സംഘങ്ങള്‍ മാറിയിട്ടുണ്ട്. മാത്രമല്ല, സ്വയംഭരണം ലക്ഷ്യമാക്കി കൊണ്ടുവന്ന മാതൃകാസഹകരണ നിയമത്തിന്റെ (ചൗധരി ബ്രഹ്മപ്രകാശ് കമ്മിറ്റി) അടിസ്ഥാനത്തില്‍ ചില സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത സഹകരണ സംഘങ്ങള്‍ പ്രതീക്ഷിച്ച ഗുണം ചെയ്തില്ല എന്ന അനുഭവവും നമുക്ക് മുന്നിലുണ്ട്. "സ്വയംഭരണത്തേ"ക്കാള്‍ "ജനാധിപത്യ നിയന്ത്രണമാണ്" അഭികാമ്യം എന്നാണ് ഇത് തെളിയിക്കുന്നത്.

കേരള സഹകരണ സംഘം നിയമം

1969ല്‍ 2000, 2010 കാലങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സമഗ്രമായ ഭേദഗതികള്‍, കേരളത്തിലെ സഹകരണ മേഖലയില്‍ അടിമുടി പൊളിച്ചെഴുത്തുനടത്തുന്നതും അവയുടെ ജനാധിപത്യത്തിലൂന്നിയുള്ള വികസനത്തിനും വളര്‍ച്ചയ്ക്കും അനുയോജ്യമാകുന്ന തരത്തിലുള്ളതുമായിരുന്നു. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തിലെ സഹകരണ നിയമത്തേക്കാളും സമഗ്രവും സുതാര്യവുമാണ് ഈ നിയമം. അതുകൊണ്ടുതന്നെ 97-ാം ഭരണഘടന ഭേദഗതിയില്‍ കൊണ്ടുവന്ന ചില നിര്‍ദേശങ്ങള്‍ കേരളത്തിലെ സഹകരണ നിയമത്തില്‍ മുമ്പേതന്നെ നടപ്പാക്കിയിട്ടുള്ളതായി കാണാം. അഞ്ചുവര്‍ഷം കൂടുമ്പോള്‍ കൃത്യമായി തെരഞ്ഞെടുപ്പ് നടത്തല്‍, കൃത്യമായി പുതിയ ഭരണസമിതിക്ക് അധികാരം കൈമാറല്‍, ഭരണസമിതിയില്‍ വനിതകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിനുമുള്ള പ്രാതിനിധ്യം, തെരഞ്ഞെടുപ്പുകമീഷന്‍ തുടങ്ങിയ ഭരണഘടനാ ഭേദഗതി നിര്‍ദേശങ്ങള്‍ പലതും കേരള നിയമത്തിലെ നിലവിലുള്ള വ്യവസ്ഥകളാണ്. 2010ല്‍ ഇടതുസര്‍ക്കാര്‍ വനിതകള്‍ക്ക് മൂന്ന് സീറ്റുനീക്കിവെച്ച് മാതൃകകാട്ടി. എല്ലാ സഹകരണസംഘങ്ങളുടെയും തെരഞ്ഞെടുപ്പു നടത്താന്‍ സഹകരണ തെരഞ്ഞെടുപ്പു കമീഷനെ ചുമതലപ്പെടുത്തി കേരള സഹകരണ നിയമം ഭേദഗതിചെയ്തിരിക്കയാണ്. ഇപ്പോള്‍ വായ്പാ സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പാണ് സഹകരണ തെരഞ്ഞെടുപ്പുകമീഷന്‍ നടത്തുന്നത്. ആയത് എല്ലാ സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കിയിരിക്കുന്നു. പ്രായോഗികമായി നിരവധി പ്രയാസങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഇത്. തിരുവനന്തപുരത്തുള്ള തെരഞ്ഞെടുപ്പുകമീഷന്‍ ഓഫീസിലേക്ക് കത്തിടപാടുകള്‍ നടത്തി തെരഞ്ഞെടുപ്പ് നടത്തുക എന്നത് കാലതാമസത്തിന് ഇടയാക്കുന്നു. പ്രവര്‍ത്തനരഹിതമായി കിടക്കുന്നതും നാമമാത്ര പ്രവര്‍ത്തനമുള്ളതുമായ സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ സങ്കീര്‍ണമാക്കാനേ ഈ നീക്കം ഉപകരിക്കൂ.

സര്‍ക്കാര്‍ ഓഹരിമൂലധനസഹായമോ, വായ്പയോ മറ്റു സാമ്പത്തികസഹായമോ ഇല്ലാത്ത സഹകരണസംഘങ്ങളെ പിരിച്ചുവിടാനോ സസ്പെന്‍ഡ് ചെയ്യാനോ പാടില്ല എന്ന ഭരണഘടനാ വ്യവസ്ഥ സംസ്ഥാന നിയമഭേദഗതിയും അതേ നടപടി ഉള്‍പ്പെടുത്തിയിരിക്കുന്നു. സഹകരണനിയമമനുസരിച്ച് രജിസ്റ്റര്‍ചെയ്ത സഹകരണസംഘം ഭരണസമിതി എന്തു തെറ്റു ചെയ്താലും നടപടിസ്വീകരിക്കാന്‍ പാടില്ല എന്ന നിലപാട് ശരിയാണോ എന്ന സംശയവും ഉയരുന്നുണ്ട്. സഹകരണവകുപ്പ് ഓഡിറ്റ് വിഭാഗത്തിന്റെ നിലനില്‍പ്പുതന്നെ അപകടപ്പെടുത്തുന്ന ചില ഭേദഗതികള്‍ ഭരണഘടനാ ഭേദഗതിയിലും, സംസ്ഥാന നിയമഭേദഗതിയിലും വന്നിരിക്കുന്നു. പരിമിതികളുണ്ടെങ്കിലും കേരളത്തിലെ സഹകരണവകുപ്പ് ഓഡിറ്റ് സഹകരണനിയമം അനുശാസിക്കും വിധവും, ഓഡിറ്റ് മാന്വല്‍ അനുസരിച്ചും, സര്‍വോപരി സംഘം മെമ്പര്‍മാരുടെ സാഹചര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഉള്ള സാമ്പത്തികവും ഭരണപരവുമായ ഓഡിറ്റ് ആണ്.

ഇപ്പോള്‍ വരുത്തിയ ഭേദഗതികള്‍ പ്രകാരം ഓഡിറ്റുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ചുമതലകള്‍ പരിമിതപ്പെട്ടുവരികയാണ്. ചുരുക്കത്തില്‍ സഹകരണവകുപ്പ് ഓഡിറ്റ് വിഭാഗത്തിന്റെ ഭാവി അപകടത്തിലേക്ക് പോകുന്നു എന്നു സാരം. സഹകരണ സംഘം മെമ്പര്‍മാരെ മാനേജ്മെന്റില്‍ പങ്കാളികളാക്കാന്‍ നിയമ വ്യവസ്ഥ വേണം എന്ന് ഭരണഘടനാ ഭേദഗതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാന നിയമത്തില്‍ ഇതു കുറെക്കൂടി കര്‍ക്കശമായി മെമ്പര്‍മാര്‍ രണ്ടുവര്‍ഷം തുടര്‍ച്ചയായി സേവനം നടത്തണമെന്നും മൂന്നുവര്‍ഷം തുടര്‍ച്ചയായി ജനറല്‍ ബോഡിയില്‍ പങ്കെടുക്കണമെന്നും നിബന്ധന വച്ചിരിക്കുന്നു. ഒരു മെമ്പറെ സംബന്ധിച്ചിടത്തോളം സേവനം ഉപയോഗിക്കേണ്ടതും, ജനറല്‍ ബോഡിയില്‍ പങ്കെടുക്കേണ്ടതും ആവശ്യംതന്നെയാണ്. ഇല്ലെങ്കില്‍ മെമ്പറുടെ അവകാശം ലഭിക്കില്ല എന്ന നിബന്ധന കൊണ്ടുവരുന്നതു ഭരണഘടനാനുസൃതമാണോ എന്ന സംശയമുദിക്കുന്നുണ്ട്.

സഹകരണ രജിസ്ട്രാറുടെ അധികാരം വെട്ടിക്കുറയ്ക്കുക എന്നതാണ് ഭരണഘടനാ ഭേദഗതിയിലും മറ്റും മുഖ്യമായും ഉദ്ദേശിക്കുന്നത് എങ്കിലും, സംസ്ഥാന നിയമഭേദഗതിയില്‍ ഇതു പൂര്‍ണമായും പാലിക്കപ്പെട്ടോ എന്ന സന്ദേഹമുണ്ട്. പൊതുയോഗം വിളിച്ചുകൂട്ടിയില്ലെങ്കില്‍ ഭരണസമിതി പിരിച്ചുവിടാനും മറ്റുമുള്ള ഭേദഗതികള്‍ തീര്‍ച്ചയായും അമിതാധികാരം നല്‍കുന്നതുതന്നെയാണ്. സഹകരണ ബാങ്കുകളെ പുതുതലമുറ/ വാണിജ്യ ബാങ്കുകളോട് തുല്യപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ജനങ്ങളില്‍നിന്ന് ഈ പ്രസ്ഥാനത്തെ അകറ്റുകയാണ് ആത്യന്തിക ലക്ഷ്യം. ആഗോള മൂലധനശക്തികള്‍ക്ക് ഇവിടങ്ങളിലേക്ക് കടന്നുകയറാനുള്ള ഇടം ഒരുക്കുകയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ശക്തമായ പോരാട്ടത്തിലൂടെയും ചെറുത്തുനില്‍പ്പിലൂടെയും മാത്രമേ ഈ മേഖലയെ സംരക്ഷിക്കാന്‍ കഴിയൂ.

*
ബി അബ്ദുള്ള ദേശാഭിമാനി 29 മാര്‍ച്ച് 2013

No comments: