Saturday, March 23, 2013

സിബിഐ രാഷ്ട്രീയ ആയുധമാകുമ്പോള്‍

കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന് സിബിഐ വിശേഷിപ്പിക്കപ്പെട്ടപ്പോള്‍ നെറ്റി ചുളിച്ചവരുണ്ട്്. കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയുടെ സമീപകാല ചരിത്രം പരിശോധിക്കുന്നവര്‍ക്ക് ആ വിശേഷണം തെറ്റാണെന്നു പറയാനാകില്ല. കോണ്‍ഗ്രസിതര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള രാഷ്ട്രീയ ഉപകരണമായും കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ആയുധമായും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിയോഗികളെ തകര്‍ക്കാനുള്ള ഉപാധിയുമായാണ് സിബിഐയെ മറയില്ലാതെ ഉപയോഗിക്കുന്നത്. ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎ ഭരിച്ചപ്പോഴും ഇത്തരത്തില്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട് എന്നതും വസ്തുതയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളും അഴിമതിക്കേസുകളും നേരാംവണ്ണം അന്വേഷിക്കുന്നതിനു പകരം സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടാക്കാന്‍ സിബിഐ നിയോഗിക്കപ്പെടുന്നു. ലോക്സഭയില്‍ ഖണ്ഡനോപക്ഷേപം വന്നപ്പോഴും വിശ്വാസ- അവിശ്വാസ പ്രമേയങ്ങള്‍ വരുമ്പോഴും യുപിഎ ഘടക കക്ഷികള്‍ പിന്തുണ പിന്‍വലിക്കാന്‍ ആലോചിക്കുമ്പോഴും കോണ്‍ഗ്രസില്‍നിന്ന് ആരെങ്കിലും തെറ്റിപ്പിരിയുമ്പോഴും സിബിഐ രംഗത്ത് വരുന്നു. ഡിഎംകെയുടെ പിന്തുണ നഷ്ടപ്പെട്ടപ്പോള്‍, ആ പാര്‍ടിനേതാവിന്റെ വീട്ടിലേക്ക് സിബിഐ സംഘം കയറിച്ചെന്നത് ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ്. കോണ്‍ഗ്രസിന്റെ പതിവുരീതിയായി ഇത് മാറിയിട്ടുണ്ട്. സിബിഐയെ മാത്രമല്ല, രഹസ്യാന്വേഷണ വിഭാഗത്തെയും സുരക്ഷാ ഏജന്‍സികളെയും രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നാണ് നാല് പ്രധാന രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തലിലൂടെ ഈയിടെ തെളിഞ്ഞത്. ഇത്തരം ആവശ്യങ്ങള്‍ക്ക് ഈ ഏജന്‍സികളെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാക്കുകയും അത് ചെയ്യുന്നവരെ ക്രിമിനല്‍ പ്രോസിക്യൂഷന് വിധേയമാക്കുകയും വേണമെന്ന ആവശ്യം യുപിഎ നേതൃത്വം കേട്ടതായിപ്പോലും നടിച്ചിട്ടില്ല.

ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ 2ജി സ്പെക്ട്രം കുംഭകോണത്തില്‍ പിടിക്കപ്പെട്ടതും ജയിലിലായതും യുപിഎ ഘടക കക്ഷിയായിരുന്ന ഡിഎംകെയുടെ നേതാക്കളാണ്. ഒരു പ്രാദേശിക കക്ഷിമാത്രം വിചാരിച്ചാല്‍, ഇത്ര വലിയ അഴിമതി നടത്താനാകില്ല എന്ന സാമാന്യയുക്തിപോലും വിസ്മരിച്ചാണ് സിബിഐ ആ കേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രക്ഷിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും ധനമന്ത്രി പി ചിദംബരത്തിന്റേതുമടക്കം പേരുകള്‍ 2ജി സ്പെക്ട്രം കേസില്‍ തെളിവുസഹിതം ഉയര്‍ന്നുവന്നിട്ടും അത് കാണാനുള്ള കണ്ണുകള്‍ സിബിഐക്കുണ്ടായില്ല. ആദ്യഘട്ടത്തില്‍ ബൊഫോഴ്സ് ഇടപാടില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നു പറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന് സ്വീഡിഷ് ഓഡിറ്റ് ബ്യൂറോ അഴിമതി സ്ഥിരീകരിച്ചപ്പോഴാണ്, അന്വേഷണം നടത്തേണ്ടിവന്നത്. ആ ഇടപാടിലെ ദല്ലാളായ ഇറ്റലിക്കാരന്‍ ഒക്ടോവിയോ ക്വട്റോച്ചിയെ രായ്ക്കുരാമാനം രക്ഷപ്പെടുത്തിവിടുകയാണുണ്ടായത്. അന്വേഷണം മുമ്പോട്ടുകൊണ്ടുപോകാന്‍ ഒരുവിധത്തിലും സിബിഐ സഹകരിക്കുന്നില്ലെന്ന് സ്വീഡിഷ് അന്വേഷണത്തലവന്‍ സ്റ്റീന്‍ ലിന്‍ഡേഴ്സണ്‍ വാര്‍ത്താസമ്മേളനം നടത്തി പറയേണ്ടിവന്നു.

സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന ഏതു കേസിലും സിബിഐ അന്വേഷണം പ്രഹസനമായിട്ടേ ഉള്ളൂ. കുംഭകോണക്കാരെയും അഴിമതിക്കാരെയും രക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധരാണ്. അമ്പതുകളില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ബ്രിട്ടീഷ് ഹൈകമീഷണര്‍ ജീപ്പുകരാര്‍ ഉറപ്പിച്ചത് പുറത്തായപ്പോള്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ച് കേന്ദ്രത്തില്‍ മന്ത്രിയാക്കി സംരക്ഷിച്ച പാരമ്പര്യമാണവരുടേത്. ലാലു പ്രസാദ് യാദവ്, മായാവതി, മുലായംസിങ് യാദവ് എന്നിവരൊക്കെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയചൂതാട്ടത്തില്‍ സിബിഐയില്‍നിന്ന് പീഡനവും ലാളനയും ഏറ്റുവാങ്ങിയവരാണ്. ആന്ധ്രപ്രദേശില്‍, കോണ്‍ഗ്രസിന്റെ മുഖം വൈ എസ് രാജശേഖര റെഡ്ഡിയായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തണലിലും മറവിലും അനേക കോടികളുടെ അഴിമതി നടത്തി. വൈ എസ് ആറിന്റെ മരണശേഷം മകന്‍ ജഗന്‍മോഹന്‍റെഡ്ഡി കോണ്‍ഗ്രസില്‍നിന്ന് അകലുകയാണെന്ന് വന്നതോടെ, സിബിഐ വേട്ടയാടാനാരംഭിച്ചു. കേരളത്തില്‍, വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ കേസ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനദിവസം സിബിഐക്ക് വിട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.

കേന്ദ്രത്തിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സമ്മര്‍ദങ്ങളില്‍നിന്നും രാഷ്ട്രീയസ്വാധീനത്തില്‍നിന്നും കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ മുക്തമല്ല എന്നത് ഖേദകരമാണെന്നാണ് അന്ന് അതേക്കുറിച്ച് സിപിഐ എം വിലയിരുത്തിയത്. രാഷ്ട്രീയലക്ഷ്യങ്ങളോടെ അന്വേഷണ ഏജന്‍സികളെ ഭരണകക്ഷി ഉപയോഗപ്പെടുത്തുന്നത് ഉല്‍ക്കണ്ഠാജനകമായ ഒരു വിഷയമാണെന്നും പാര്‍ടി വ്യക്തമാക്കുകയുണ്ടായി. കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ സിപിഐ എമ്മിനെ ആക്രമിക്കാനും സ്വന്തം മുന്നണിയിലെ അഴിമതിക്കാരെയും കുറ്റവാളികളെയും രക്ഷപ്പെടുത്താനും സംസ്ഥാന പൊലീസിനെ നിരന്തരം ഉപയോഗിക്കുന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

യുപിഎക്ക് പിന്തുണ പിന്‍വലിച്ച് 24 മണിക്കൂറിനകം ഡിഎംകെ നേതാവ് സ്റ്റാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയത് കോണ്‍ഗ്രസിന്റെ താല്‍പ്പര്യപ്രകാരമാണെന്നതില്‍ ഒരു സംശയവും വേണ്ടതില്ല എന്നാണ് മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഇനി ഭീഷണിയാകുമെന്നു സംശയമുള്ള എസ്പിയെയും ബിഎസ്പിയെയും കൂടെ നിര്‍ത്താനാണ് സിബിഐ എന്ന ആയുധം സ്റ്റാലിനുനേരെ നീണ്ടത്. മായാവതിയും മുലായവും യുപി മുഖ്യമന്ത്രി അഖിലേഷ് യാദവുമെല്ലാം ചില സിബിഐ കേസുകളിലുണ്ട് എന്നതുകൊണ്ട് ഭീഷണി എളുപ്പത്തില്‍ പ്രായോഗികമാക്കാനുമാകും. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി സിബിഐയെ അധാര്‍മികമായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഇടപെടല്‍ രാഷ്ട്രീയ പാര്‍ടികളില്‍നിന്നും ജനങ്ങളില്‍നിന്നാകെയും ഉണ്ടാകണം എന്നതിന്റെ ഒടുവിലത്തെ സൂചനയാണ്, ഡിഎംകെക്കെതിരായ സിബിഐ നീക്കമെന്നര്‍ഥം. പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രിയും ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച അജ്ഞത, മുഖംമൂടി അഴിഞ്ഞുവീണതിന്റെ ജാള്യംമാത്രമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: