Tuesday, March 19, 2013

ഇ എം എസ് എന്നും വഴികാട്ടി

സ. ഇ എം എസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒന്നരപ്പതിറ്റാണ്ട് തികയുന്നു. കേരളം ലോകത്തിനുനല്‍കിയ മഹാപ്രതിഭയാണ് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായ സ. ഇ എം എസ്. മാര്‍ക്സിസം- ലെനിനിസത്തെ ഇന്ത്യന്‍സാഹചര്യത്തില്‍ പ്രയോഗിക്കുന്നതില്‍ സഖാവ് നല്‍കിയ സംഭാവന അവിസ്മരണീയമാണ്. ശാസ്ത്രീയ കാഴ്ചപ്പാടോടെ ചുറ്റുപാടുകളെ സൂക്ഷ്മമായി വിലയിരുത്തിയ മാര്‍ക്സിസ്റ്റ് ആചാര്യനായിരുന്നു ഇ എം എസ്. രാഷ്ട്രീയരംഗത്തെ ഈ ഇടപെടല്‍ നമ്മുടെ രാജ്യത്തിന്റെ പരിധിക്കകത്തുമാത്രം ഒതുങ്ങിനിന്നില്ല.

ഏത് പ്രശ്നത്തെയും മാര്‍ക്സിസം- ലെനിനിസത്തിന്റെ വെളിച്ചത്തില്‍ ലളിതമായി വിശദീകരിക്കുന്നതിന് അദ്ദേഹം കാണിച്ച പാടവം തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ രാഷ്ട്രീയവിദ്യാഭ്യാസത്തിന് അമൂല്യസംഭാവനയായി; കേരളീയജനതയെ സാര്‍വദേശീയപ്രശ്നങ്ങളുമായി ഐക്യപ്പെടുത്തി. സഖാവിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു.

ജന്മിത്തം കൊടികുത്തിവാണ ഘട്ടത്തിലാണ് ഇ എം എസ് വള്ളുവനാട്ടിലെ പ്രസിദ്ധ ജന്മികുടുംബത്തില്‍ പിറന്നത്. സാമൂഹ്യ പരിഷ്കരണപ്രസ്ഥാനത്തിന്റെ തീക്ഷ്ണസമരങ്ങളില്‍ ഇടപെട്ടാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസുകാരനായി രാഷ്ട്രീയജീവിതത്തിലേക്ക് പ്രവേശിച്ചു. 1934ലും 1938-40ലും കെപിസിസി സെക്രട്ടറിയായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. ഇടത്- വലത് പ്രവണതകള്‍ക്കെതിരെ ശക്തമായി പൊരുതിയാണ് സഖാവിന്റെ രാഷ്ട്രീയജീവിതം മുന്നോട്ടുനീങ്ങിയത്.

ഐക്യകേരളമെന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നതിന് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വം ഇ എം എസ് നല്‍കി. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയെ നയിക്കാന്‍ പാര്‍ടി നിയോഗിച്ചത് സഖാവിനെയാണ്. മാതൃകാപരമായ വികസനപദ്ധതികള്‍ക്ക് സഖാവ് നേതൃത്വം നല്‍കി. ഓരോ കാലഘട്ടത്തിലും ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ മനസ്സിലാക്കി അതിന് ഉതകുന്ന തരത്തിലുള്ള നിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ ഇ എം എസ് എന്നും ജാഗ്രതകാട്ടി. അതിന്റെ ഭാഗമായാണ് കേരളത്തിന്റെ വികസനപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് ഇ എം എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്്. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും മേഖലയില്‍ സഖാവ് നല്‍കിയ സംഭാവന കാലാതിവര്‍ത്തിയാണ്. കലയും സാഹിത്യവും സാധാരണക്കാരുടെ ജീവിതംകൂടി പരാമര്‍ശിക്കേണ്ടതുണ്ട് എന്ന നിലപാട് അദ്ദേഹം മുന്നോട്ടുവച്ചു. ഇത്തരം ഇടപെടലുകളാണ് തൊഴിലാളികള്‍ക്കും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും സാഹിത്യത്തിലും സംസ്കാരത്തിലും സ്ഥാനം അടയാളപ്പെടുത്തുന്നതിന് ഇടയാക്കിയത്.

കേരളചരിത്രത്തെ ജാതി-ജന്മി-നാടുവാഴിത്തവ്യവസ്ഥ എന്ന തരത്തില്‍ നാമകരണംചെയ്ത് കേരളത്തിന്റെ ഫ്യൂഡല്‍ ഘടനയുടെ സവിശേഷതയെ വ്യക്തമാക്കുന്നതിനും ഇ എം എസിന് കഴിഞ്ഞു. കേരളചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും ഈ സമീപനം വഴികാട്ടിയായി നിലനില്‍ക്കുന്നു. ഗുമസ്തന്മാരെ സൃഷ്ടിക്കുന്ന സംവിധാനമാക്കി വിദ്യാഭ്യാസത്തെ മാറ്റുന്ന കൊളോണിയല്‍ ഉള്ളടക്കത്തെ ഇ എം എസ് ചോദ്യംചെയ്തു. ശാസ്ത്ര-സാങ്കേതികവിദ്യയുടെ പഠനത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയ്ക്കും വേണ്ടി നിലയുറപ്പിച്ചു. എന്നാല്‍, മാതൃഭാഷാപഠനത്തിന്റെയും സാംസ്കാരികചരിത്രപഠനത്തിന്റെയും പ്രാധാന്യത്തെ കുറച്ചുകണ്ടതുമില്ല. കേരളത്തിന് അനുയോജ്യമായ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ഇടപെടല്‍ ജീവിതാന്ത്യംവരെ അദ്ദേഹം തുടര്‍ന്നു. മലയാളഭാഷയെ നവീകരിക്കുന്നതിനും വക്രീകരിക്കുന്നതിനെതിരായും നിലപാടെടുത്തു. മതവിശ്വാസികളും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ഐക്യമെന്ന ആശയം ഇ എം എസിന്റെ പ്രധാനപ്പെട്ട കാഴ്ചപ്പാടായിരുന്നു.

മാര്‍ ഗ്രിഗോറിയോസും ഇ എം എസും തമ്മില്‍ ഇക്കാര്യത്തില്‍ നടന്ന സംവാദം എന്നും നമുക്ക് വഴികാട്ടിയാണ്. കേരളത്തിന്റെ വികസനത്തിന് ഏറെ സംഭാവന നല്‍കിയ ഇ എം എസ് കേന്ദ്രസംസ്ഥാനബന്ധങ്ങളുടെ ജനാധിപത്യപരമായ രീതിക്കുവേണ്ടി എന്നും നിലകൊണ്ടു. സംസ്ഥാനങ്ങളുടെ ശരിയായ ആവശ്യങ്ങളെ പരിഗണിക്കാതിരിക്കുന്നത് ഫെഡറല്‍ ഘടനയ്ക്കും ദേശീയ ഐക്യത്തിനും പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് നല്‍കുന്നതിനും അദ്ദേഹം തയ്യാറായി. വര്‍ത്തമാനകാലത്ത് ഈ കാഴ്ചപ്പാടിന് ഏറെ പ്രസക്തിയുണ്ട്. കോണ്‍ഗ്രസും ബിജെപിയും നയിക്കുന്ന മുന്നണികള്‍ ഇന്ത്യന്‍ ജനതയുടെ ദുരിതത്തിന്റെ വഴികളാണ് വെട്ടിത്തുറക്കുന്നത് എന്ന യാഥാര്‍ഥ്യം കൂടുതല്‍ കൂടുതല്‍ വ്യക്തമാകുന്ന ഘട്ടത്തിലാണ് ഇത്തവണ ഇ എം എസ് സ്മരണ പുതുക്കുന്നത്. നവലിബറല്‍ നയങ്ങളുടെ ആഘാതം ജനജീവിതത്തെ അതിഗുരുതരമായി ബാധിച്ചിരിക്കുന്നു. പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും തൊഴില്‍നഷ്ടവും പെരുകിപ്പെരുകിവരുമ്പോള്‍, വിലക്കയറ്റത്തിന്റെ കടിഞ്ഞാണഴിച്ചുവിട്ട് ജനങ്ങളെ എരിതീയിലേക്ക് നയിക്കുകയാണ് യുപിഎ സര്‍ക്കാര്‍. ബിജെപിയാകട്ടെ, തീവ്രഹിന്ദുത്വത്തിന്റെ അജന്‍ഡകള്‍ നിരത്തി പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. ജനവിരുദ്ധ സാമ്പത്തികനയങ്ങളില്‍ ഇരുകൂട്ടരും ഒരേ വഴിയിലുമാണ്. ബദല്‍നയങ്ങളുടെയും ബദല്‍ രാഷ്ട്രീയത്തിന്റെയും പ്രസക്തി അനുനിമിഷം വര്‍ധിക്കുന്നു. ആ ബദലിന് മാതൃകയായ ത്രിപുരയിലെ ഇടതുപക്ഷമുന്നണി ഏഴാംതവണ ഗംഭീരവിജയം നേടിയത് ഇത്തരുണത്തിലാണ്.

ബദല്‍നയങ്ങള്‍ ഉയര്‍ത്തി സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നാല് അഖിലേന്ത്യാ സമരസന്ദേശ ജാഥകള്‍ രാജ്യത്തെങ്ങും നടത്തിയ പര്യടനം ആവേശകരമായിരുന്നു. ജാഥാസമാപനമായി ഇന്ന് ഡല്‍ഹിയില്‍ അത്യുജ്വലറാലി നടക്കുന്നതോടെ, സിപിഐ എമ്മിന്റെയും പാര്‍ടി ഉയര്‍ത്തുന്ന ബദല്‍ നയങ്ങളുടെയും സ്വീകാര്യതയാണ് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുക. ധനകമ്മി നിയന്ത്രിക്കാനെന്നപേരില്‍ സബ്സിഡികള്‍ വെട്ടിച്ചുരുക്കിയും ഇന്ധനവില കുത്തനെ ഉയര്‍ത്തിയും പൊതുമേഖലാ ഓഹരികള്‍ വിറ്റഴിച്ചും കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവുകള്‍ വാരിക്കോരി കൊടുത്തും രാജ്യത്തെയും ജനങ്ങളെയും അക്രമോത്സുകമായി കൊള്ളയടിക്കുന്നത് തുടരുമെന്നാണ് പാര്‍ലമെന്റില്‍ അവതരിക്കപ്പെട്ട ബജറ്റുകള്‍ പ്രഖ്യാപിച്ചത്.

ഭക്ഷ്യസുരക്ഷ, ഭൂമിയും കിടപ്പാടവും, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം, അഴിമതിക്കെതിരായ പോരാട്ടം എന്നീ വിഷയങ്ങള്‍ വിശദീകരിച്ച് സിപിഐ എം നടത്തുന്ന സമരസന്ദേശ പ്രചാരണങ്ങള്‍ക്ക് ലഭിക്കുന്ന ജനപിന്തുണ, യുപിഎ സര്‍ക്കാരിനോടുള്ള എതിര്‍പ്പിന്റെ രൂക്ഷതയെക്കൂടി സൂചിപ്പിക്കുന്നു. ജനദ്രോഹനയങ്ങള്‍ക്കെതിരായ സര്‍വവ്യാപിയായ ജനരോഷമാണ് കേന്ദ്ര ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 20നും 21നും നടന്ന ദ്വിദിന പണിമുടക്കത്തിന്റെ ഐതിഹാസികമായ വിജയം തെളിയിച്ചത്. കേരളത്തിന്റെ ഇന്നത്തെ പുരോഗതിക്കും സര്‍വതോമുഖമായ വളര്‍ച്ചയ്ക്കും കേരളമാതൃകയ്ക്കും അടിത്തറയിട്ടത് ഇ എം എസ് നേതൃത്വം നല്‍കിയ 1957ലെ സര്‍ക്കാരാണ്. ആ മാതൃകയെ തകര്‍ക്കാനുള്ള ആസൂത്രിതനീക്കത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച്, വലതുപക്ഷസ്വഭാവമുള്ള ബജറ്റാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ വിലക്കയറ്റത്തിന്റേതും വികസനമുരടിച്ചയുടേതുമാണ്. തകര്‍ന്നുകൊണ്ടിരിക്കുന്ന കൃഷിയെയും വ്യവസായത്തെയും രക്ഷിച്ചുനിര്‍ത്തുന്നതെങ്ങനെ എന്നതാകണം ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ പ്രഥമ പരിഗണന. കേന്ദ്രനയംമൂലം തകരുന്ന കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെയും സംസ്ഥാന വൈദ്യുതി ബോര്‍ഡിനെയും എങ്ങനെ രക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്. ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ, അതൊന്നും യുഡിഎഫ് സര്‍ക്കാരിന്റെ പരിഗണനകളല്ല. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ നൂറുകോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചത്. രണ്ടുമാസത്തെ നഷ്ടംനികത്താന്‍പോലും തികയാത്ത ആ തുകയെക്കുറിച്ച് കേട്ടപ്പോള്‍ത്തന്നെ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പരസ്യമായി നൈരാശ്യം പ്രകടിപ്പിച്ചു. ബജറ്റിലെ സമീപനത്തിന്റെ നിരര്‍ഥകത എത്രത്തോളമുണ്ടെന്നാണ് അതിലൂടെ വ്യക്തമായത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍നിന്ന് മുഖംതിരിക്കുമ്പോള്‍ത്തന്നെ അഴിമതിയുടെയും അരാജകത്വത്തിന്റെയും ഹീനമായ അധ്യായങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ കേരളരാഷ്ട്രീയത്തില്‍ എഴുതിച്ചേര്‍ക്കുന്നത്. ധാര്‍മികതയുടെയും സദാചാരത്തിന്റെയും അതിരുകള്‍ വിട്ട് ഭരണാധികാരികള്‍തന്നെ ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യരാകുന്നു. ഭരണത്തെ സംരക്ഷിക്കുക എന്ന ഏകലക്ഷ്യത്തില്‍ തട്ടി ഏതുഹീനകൃത്യവും സംരക്ഷിക്കപ്പെടുന്നു. രാഷ്ട്രീയത്തെ ജാതി-മത ശക്തികളുടെ കൈയിലേക്ക് എറിഞ്ഞുകൊടുത്തിരിക്കുന്നു.

ജാതി-മതശക്തികളുടെ രാഷ്ട്രീയ ഇടപെടലിനെ തുറന്നുകാട്ടാനും മതനിരപേക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്താനുമായിരുന്നു ഇ എം എസിന്റെ നിരന്തരമായ ശ്രമം. ജനങ്ങള്‍ക്ക് ദുരിതം സംഭാവനചെയ്ത ഭരണവര്‍ഗനയങ്ങള്‍ക്കെതിരെ ഇടവേളയില്ലാതെ പൊരുതിയ നേതാവാണ് ഇ എം എസ്. അതോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസകരമായ ബദലുകള്‍ രൂപപ്പെടുത്തുന്നതിനും അദ്ദേഹം പരിശ്രമിച്ചു. ഇത്തരം ബദല്‍ രൂപപ്പെടുത്തുന്നതിനും ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനും കൂടുതല്‍ ജാഗ്രതയോടെ ഇടപെടേണ്ട കാലമാണിത്. ആ പ്രവര്‍ത്തനങ്ങള്‍ക്ക് ഇ എം എസ് കാണിച്ചുതന്ന പാത നമുക്ക് കരുത്ത് നല്‍കും. ജനകീയതാല്‍പ്പര്യങ്ങള്‍ക്കായി പാര്‍ടി നടത്തുന്ന പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്കാകണം. അതിലൂടെയേ അനുസ്മരണങ്ങളെ പോരാട്ടമാക്കി മാറ്റുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ കാഴ്ചപ്പാട് നിറവേറ്റാനാകൂ.

*
പിണറായി വിജയന്‍

No comments: