Thursday, March 28, 2013

ഖജനാവ് തുറന്ന് രാഷ്ട്രീയലേലം

പ്രതിസന്ധിയില്‍പ്പെട്ട ഒന്നാം യുപിഎ സര്‍ക്കാരിനെ പാര്‍ടിവക നോട്ടുകെട്ടുകള്‍കൊണ്ട് രക്ഷപ്പെടുത്തിയെടുത്ത കോണ്‍ഗ്രസ് രണ്ടാം യുപിഎ സര്‍ക്കാരിനെ സര്‍ക്കാര്‍വക നോട്ടുകെട്ടുകള്‍കൊണ്ട് രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. സ്വാഭാവികമായും ഈ ഘട്ടത്തില്‍ ഒരു ചോദ്യമുയരുന്നു. ഭരണം നിലനിര്‍ത്താന്‍ വേണ്ട ഭൂരിപക്ഷമുണ്ടാക്കാന്‍ രാഷ്ട്രീയമായി ഭരണകക്ഷികള്‍ക്ക് ഉപയോഗിക്കാനുള്ളതാണോ ഖജനാവിലെ പണം?

പത്തൊമ്പത് ലോക്സഭാംഗങ്ങളുള്ള തൃണമൂല്‍ കോണ്‍ഗ്രസിനുപിന്നാലെ പതിനെട്ടംഗങ്ങളുള്ള ഡിഎംകെകൂടി യുപിഎ വിട്ടതോടെ ഫലത്തില്‍ കേന്ദ്രത്തിലുള്ളത് യുപിഎ സര്‍ക്കാരല്ല, ന്യൂനപക്ഷ കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഒമ്പത് എംപിമാരുള്ള എന്‍സിപി, അഞ്ച് എംപിമാരുള്ള രാഷ്ട്രീയ ലോക്ദള്‍ തുടങ്ങിയ ചില കൊച്ചുപാര്‍ടികള്‍ ഒപ്പമുണ്ടെന്നു മാത്രം. 22 എംപിമാരുള്ള മുലായംസിങ്ങിന്റെ സമാജ്വാദി പാര്‍ടിയും 21 അംഗങ്ങളുള്ള മായാവതിയുടെ ബഹുജന്‍സമാജ്പാര്‍ടിയുമാണ് ഇതിനെ നിലനിര്‍ത്തുന്നത്. ഇതില്‍ ഏതെങ്കിലും ഒന്ന് പിന്തുണ പിന്‍വലിച്ചാല്‍ അപ്പോള്‍ വീഴും മന്ത്രിസഭ. സമാജ്വാദി പാര്‍ടിയാകട്ടെ ഏതുനിമിഷവും അത് ചെയ്യുമെന്ന നിലയില്‍ നില്‍ക്കുന്നു.

ഭരണം നഷ്ടപ്പെടുമെന്ന ഈ യാഥാര്‍ഥ്യത്തിന്റെ മുമ്പില്‍ പരിഭ്രാന്തരായി നില്‍ക്കുന്ന കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഖജനാവുതന്നെ ഉപയോഗിക്കാമെന്ന ചിന്തയിലായിരിക്കുന്നു ഇപ്പോള്‍. അതിന്റെ ഫലമായാണ് "ബിഹാറിന് പ്രത്യേക സ്റ്റേറ്റ് എന്ന പദവി" എന്ന പ്രശ്നം ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഈ പദവി വേണമെന്ന് അനേകവര്‍ഷങ്ങളായി ആവശ്യപ്പെട്ടുപോരുകയായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി ജെഡിയുവിന്റെ നിധീഷ്കുമാര്‍. അന്നൊന്നും ബിഹാറിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് ഒരു ആകുലതയുമില്ലായിരുന്നു കോണ്‍ഗ്രസിനും അതിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും. എന്നാല്‍, ഇപ്പോള്‍ ഭരണം നിലനിര്‍ത്താന്‍ പ്രത്യേകപദവി അനുവദിച്ചേ പറ്റൂ എന്നായി. ഉടന്‍ അത് പരിഗണിക്കലുമായി. കഴിഞ്ഞയാഴ്ച പത്രാധിപന്മാരുടെ യോഗത്തെ സംബോധനചെയ്ത് ധനമന്ത്രി പി ചിദംബരം പറഞ്ഞത് മറക്കാറായിട്ടില്ല. "പ്രത്യേക പദവി അനുവദിക്കുന്നതിന് ചില ക്രമങ്ങളും രീതികളുമൊക്കെയുണ്ട്. ഫണ്ട് അനുവദിക്കുന്നത് ധനകാര്യ കമീഷന്റെ ശുപാര്‍ശപ്രകാരമാണ്". ചിദംബരം ഇത് പറയുമ്പോള്‍ യുപിഎയ്ക്ക് ജെഡിയുവിനെ ആവശ്യമായിട്ടില്ല. ഇപ്പോള്‍ ആവശ്യമായി. ഉടന്‍ ക്രമവും രീതിയും ധനകാര്യകമീഷനും ഒന്നും പ്രശ്നമല്ലാതായി. യുദ്ധകാലാടിസ്ഥാനത്തിലാണ് ആസൂത്രണകമീഷനില്‍ രേഖകള്‍ നീങ്ങുന്നത്. ബിഹാറിനു പ്രത്യേക പദവി നല്‍കാനും പശ്ചിമബംഗാളിന് "പ്രത്യേക വിഹിതം" നല്‍കാനുമുള്ള രേഖകള്‍. ഇരുകൂട്ടരെയും പിന്നിലണിനിരത്തി ഭരണം നിലനിര്‍ത്താനുള്ള തന്ത്രം. ഇത് നടന്നാല്‍ ബിഹാറിന് ഈ വര്‍ഷം 2000 കോടി രൂപ അധികം കിട്ടും. അത് നേടിയെടുത്തുവെന്ന് പറഞ്ഞ് ജനതാദള്‍ യു വിന് യുപിഎയെ പിന്തുണയ്ക്കാം; ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയുംചെയ്യാം. ഇങ്ങനെ രാഷ്ട്രീയാവശ്യങ്ങള്‍ മുന്‍നിര്‍ത്തി വീതിക്കാനുള്ളതാണോ ഖജനാവിലെ നികുതിപ്പണം?

ഇതാണ് മാനദണ്ഡമെങ്കില്‍ ആസൂത്രണ പ്രക്രിയയും ധനകാര്യകമീഷനും ഫണ്ട് വിഹിത നിര്‍ണയത്തിനുള്ള ഗാഡ്ഗില്‍ ഫോര്‍മുലയും ഒക്കെ എന്തിനാണ്? രാജ്യത്തിന്റെയാകെ സമതുലിത വികസനം എന്ന സങ്കല്‍പ്പത്തിന് എന്താണ് പ്രസക്തി? ബിഹാറിന് അര്‍ഹതയുണ്ടാവാം. എങ്കില്‍ അത് പരിഗണിക്കേണ്ടത് രാഷ്ട്രീയ നിവൃത്തികേടിന്റെ ഘട്ടത്തിലല്ല. ഒന്നാം യുപിഎ സര്‍ക്കാരിനെ രക്ഷിക്കാന്‍ വിശ്വാസവോട്ടുവേളയില്‍ എംപിമാര്‍ക്ക് കോടികള്‍ കെട്ടുകെട്ടായി കൈമാറിയത് മറക്കാറായിട്ടില്ല. കോണ്‍ഗ്രസ് നേതാവ് സതീശ്ശര്‍മയുടെ ഏജന്റ് നചികേത നോട്ടുകെട്ടുകള്‍ അടുക്കിവച്ചിരിക്കുന്നത് കോണ്‍ഗ്രസ് ഓഫീസിലേക്ക് യുഎസ് അംബാസഡറെ വിളിച്ചുകാണിച്ച് ബോധ്യപ്പെടുത്തിക്കൊടുത്തതും ആ നോട്ടുകെട്ടുകള്‍ ലോക്സഭാതലത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതും ഒന്നും മറക്കാറായില്ല. അത് പാര്‍ടിപ്പണം. ഇത് സര്‍ക്കാര്‍പണം. സര്‍ക്കാര്‍പണം ഉള്ള സ്ഥിതിക്ക് എന്തിന് പാര്‍ടിപ്പണം ചെലവാക്കണമെന്ന് ചിന്തിക്കുകയാവാം കോണ്‍ഗ്രസ് നേതൃത്വം. സംസ്ഥാനങ്ങളുടെ പ്രത്യേക പദവിപോലും ഇങ്ങനെ രാഷ്ട്രീയ ചന്തയില്‍ ലേലത്തിനുവയ്ക്കുന്നതിന്റെ ജനാധിപത്യവിരുദ്ധത ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. പ്രത്യേക പദവി കിട്ടിയാല്‍ മുന്‍ഗണനാപരിഗണനയുണ്ടാവും. നികുതി അവധിയുണ്ടാവും. പ്രത്യേക ഫണ്ട് വിഹിതവുമുണ്ടാവും. സംസ്ഥാനങ്ങള്‍ക്കിടയില്‍ കേന്ദ്രഫണ്ട് വീതിക്കുന്നതിനുള്ള ഗാഡ്ഗില്‍ ഫോര്‍മുല ആവിഷ്കരിച്ച 1969ല്‍ പ്രത്യേക പദവി മൂന്ന് സംസ്ഥാനങ്ങള്‍ക്കേ ഉണ്ടായിരുന്നുള്ളു. ഇന്ന് 11 സംസ്ഥാനങ്ങള്‍ക്കുണ്ട്. ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും സിക്കിം, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവയ്ക്കും. ബിഹാറിന് അത് കിട്ടിയാല്‍ പന്ത്രണ്ടാമത്തെ പ്രത്യേകപദവി സംസ്ഥാനമാവുമത്. പൊതുവേ അതിര്‍ത്തി സംസ്ഥാനങ്ങളെയേ ഇതിന് പരിഗണിക്കാറുള്ളു.

പദ്ധതിച്ചെലവിനുള്ള ബജറ്റ്തുകയുടെ 30 ശതമാനം പോവുന്നത് പ്രത്യേക പദവി സംസ്ഥാനങ്ങള്‍ക്കാണ്. ശ്രദ്ധേയമായ എക്സൈസ് നികുതിയിളവുകള്‍ അവര്‍ക്കാണ്. പ്രത്യേക പദവിക്കാര്‍ക്കുള്ള പദ്ധതി സഹായത്തിന്റെ 90 ശതമാനവും ഗ്രാന്റാണ്. പത്തുശതമാനംമാത്രമേ വായ്പയായി വരുന്നുള്ളു. ഈ പദവിക്കുവേണ്ടി പല സംസ്ഥാനങ്ങളും മുറവിളികൂട്ടുന്നുണ്ട്. ഛത്തീസ്ഗഢ്, ഒഡിഷ, രാജസ്ഥാന്‍ തുടങ്ങിയവ. ബിഹാറിന് പദവി അനുവദിക്കുന്നതോടെ ഈ സംസ്ഥാനങ്ങള്‍ അസ്വസ്ഥമാവും. പന്ത്രണ്ടാം ധനകാര്യകമീഷന്‍ അവാര്‍ഡുപ്രകാരം പിന്നോക്ക ജില്ലകള്‍ക്ക് പ്രത്യേക സഹായമനുവദിക്കുന്നുണ്ട്. അത്തരം 36 ജില്ലകളുള്ള ബിഹാര്‍ അതിന്റെയും ഗുണഭോക്താവാണ്. ഉത്തര്‍പ്രദേശിലടക്കം അസ്വസ്ഥത പടര്‍ത്താനും മേഖലാപരമായ സന്തുലനം തകരാറിലാക്കാനും ആസൂത്രണം അട്ടിമറിക്കാനുമേ രാഷ്ട്രീയ പരിഗണനവച്ചുള്ള വീതംവയ്പ് സഹായിക്കൂ. ബിഹാറിനു പ്രത്യേക പദവിക്കുള്ള അര്‍ഹതയില്ല എന്ന് ചില ആഴ്ചകള്‍മാത്രം മുമ്പാണ് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ പറഞ്ഞത്. എത്ര എളുപ്പത്തിലാണ് ആസൂത്രണകമീഷന്റെ നിലപാട് മന്‍മോഹന്‍സിങ്ങിന്റെ രാഷ്ട്രീയ ആവശ്യത്തിനുമുന്നില്‍ തകിടം മറിഞ്ഞത്! കേരളം പ്രത്യേകപദവിയൊന്നും ചോദിച്ചിട്ടില്ല. ഒരു പ്രത്യേക സാമ്പത്തികസഹായപദ്ധതി ചോദിച്ചു. അഞ്ചു പൈസ ഖജനാവില്‍നിന്ന് ഇതുവരെ അനുവദിച്ചിട്ടില്ല. പരിഗണിക്കാമെന്ന് ഒരു വാക്കുപോലും കിട്ടിയിട്ടില്ല. കടബാധ്യതകൊണ്ട് വിഭവസമാഹരണം അസാധ്യമായിരിക്കുകയാണെന്ന് കാണിച്ച് കേരളത്തിന്റെ 2724 കോടിയുടെ കടം എഴുതിത്തള്ളണമെന്ന ആവശ്യങ്ങളും കേട്ട ഭാവം നടിച്ചിട്ടില്ല പ്രധാനമന്ത്രി. പ്രത്യേക വരള്‍ച്ചാദുരിത സഹായം ചോദിച്ചു. കേന്ദ്രം ഒരു പഠനസംഘത്തെയല്ലാതെ പണം അയച്ചില്ല.

പതിമൂന്നാം ധനകമീഷന്റെ മാനദണ്ഡങ്ങളനുസരിച്ച് കേന്ദ്രനികുതി സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കുന്നത് മുഖ്യമായും ജനസംഖ്യയുടെയും വരുമാനാന്തരത്തിന്റെയും അടിസ്ഥാനത്തിലാണ്. ജനസംഖ്യയ്ക്ക് കുറഞ്ഞ വെയിറ്റേജും (25 ശതമാനം) വരുമാന അന്തരത്തിന് ഉയര്‍ന്ന വെയിറ്റേജും (47.5 ശതമാനം). ഇതുമൂലം കേരളത്തിന് കുറഞ്ഞ നികുതിവിഹിതമേ ലഭിക്കുന്നുള്ളു. ഭൂവിസ്തീര്‍ണത്തിനു 10 ശതമാനം, സാമ്പത്തിക അച്ചടക്കത്തിന് 17.5 ശതമാനം എന്നീ വെയിറ്റേജുകളും കേരളത്തിന് പ്രതികൂലമാണ്. ഈ ക്രമക്കേടുകള്‍ നീക്കണമെന്നാവശ്യപ്പെട്ടു. കേന്ദ്രം ഇതൊന്നും പരിഗണിച്ചതേയില്ല. 1840 കോടിയുടെ പുതുക്കിയ അടങ്കല്‍തുകയുള്ള കുട്ടനാട് പാക്കേജിന് അനുവദിച്ചത് 231 കോടി. 764 കോടി അടങ്കല്‍ തുകയുള്ള ഇടുക്കി പാക്കേജിന് 110 കോടി! കേരളത്തിന്റെ കൊച്ചുകൊച്ചാവശ്യങ്ങള്‍പോലും പരിഗണിക്കാന്‍ വിമുഖത കാട്ടുന്ന കേന്ദ്രസര്‍ക്കാരാണ് പ്രത്യേക പദവിവും ആനുകൂല്യങ്ങളുമായി ജെഡിയുവിന്റെ പിന്നാലെ ഇപ്പോള്‍ ചെല്ലുന്നത്. ആളുവില കല്ലുവില! 2013-14 ബജറ്റില്‍ കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് സാമൂഹിക സബ്സിഡികള്‍ പത്തുശമാനം കണ്ട് വെട്ടിച്ചുരുക്കുകയായിരുന്നു യുപിഎ സര്‍ക്കാര്‍. സബ്സിഡിക്ക് പണമില്ലാത്ത സര്‍ക്കാരിന്റെ പക്കല്‍ രാഷ്ട്രീയ ആവശ്യംവന്നപ്പോള്‍ ഒരു സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കാന്‍ പണമുണ്ടാവുന്നു. ഖജനാവിലെ പണമെടുത്ത് രാഷ്ട്രീയകാര്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന ഉറപ്പുകൊണ്ടാവണം യുപിഎയ്ക്ക് പ്രതിസന്ധിയൊന്നുമില്ലെന്ന് പി ചിദംബരവും രാഹുല്‍ഗാന്ധിയും പറഞ്ഞത്.

ജെഡിയുവിന് ലോക്സഭയില്‍ 20 അംഗങ്ങളുള്ളതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ പ്രത്യേക പദവി മാനദണ്ഡമാവുന്നത് എന്നത് പകല്‍പോലെ വ്യക്തം. 271 അംഗങ്ങളുടെ പിന്തുണയെങ്കിലും വേണ്ട ലോക്സഭയില്‍ എന്‍സിപിയുടെ ഒമ്പതും ആര്‍എല്‍ഡിയുടെ അഞ്ചും നാഷണല്‍ കോണ്‍ഫറന്‍സിന്റെ മൂന്നും മുസ്ലിംലീഗിന്റെ രണ്ടും ജെഎംഎമ്മിന്റെ രണ്ടും കൊച്ചുകൊച്ചു പാര്‍ടികളുടെ ഏഴും അഞ്ച് സ്വതന്ത്രരും ചേര്‍ന്നാലും യുപിഎയ്ക്ക് 236 പേരുടെ പിന്തുണയേയുള്ളു. എസ്പിയുടെ 22, ബിഎസ്പിയുടെ 21, ആര്‍ജെഡിയുടെ 3, ജെഡിഎസിന്റെ 3 എന്നിവ ചേര്‍ന്നാല്‍ 49 ആയി. മൊത്തം 285. പക്ഷേ, മന്‍മോഹന്‍സിങ്ങിന് ഇതില്‍ ഉറപ്പില്ല. മുലായംസിങ്യാദവ് തന്റെ 22 പേരുമായി എപ്പോഴും പോവാം. അതുകൊണ്ടാണ് ഖജനാവുതന്നെ ലേലത്തിനു വച്ചിരിക്കുന്നത്. ഏത് പാര്‍ടിക്കും എന്തും എടുത്തുകൊണ്ടുപോവാം. ഒറ്റ വ്യവസ്ഥയേയുള്ള- പിന്തുണ വേണം!

*
പ്രഭാവര്‍മ ദേശാഭിമാനി 28 മാര്‍ച്ച് 2013

No comments: