Tuesday, March 19, 2013

പച്ചക്കോട്ടിടാതെ......

കുട്ടികളെ വര്‍ഷങ്ങളായി അക്കപ്പെരുക്കങ്ങള്‍ പഠിപ്പിച്ച ജമീല ടീച്ചര്‍ക്ക് തെറ്റിയില്ല. നിയമപോരാട്ടത്തിലൂടെ നേടിയ വിധിപ്പകര്‍പ്പുമായി പച്ചക്കോട്ടിടാതെ അവര്‍ സ്കൂളിന്റെ പടി കയറിയപ്പോള്‍ യാഥാസ്ഥിതിക ഭീഷണി പത്തിതാഴ്ത്തി

2013 മാര്‍ച്ച് ആറ് ബുധന്‍, സമയം രാവിലെ 9.30. ആകാംക്ഷയുടെ കണ്ണുകളെല്ലാം ജമീല ടീച്ചറിലേക്ക്. സഹപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് നീരസം ചിലര്‍ക്ക് അസൂയ. പക്ഷെ, ശിഷ്യരുടെ കണ്ണുകളില്‍ ആരാധനാഭാവം. നിര്‍ബന്ധത്തിന്റെ പേരില്‍ പര്‍ദ അണിയുന്ന അധ്യാപികമാരും മുന്നിലണ്ട്. സ്വാതന്ത്യത്തിന്റെ സാരി ധരിച്ച് ജമീലടീച്ചര്‍ കടന്നുവന്നു, അഭിമാനപൂര്‍വം. ചവിട്ടിയരയ്ക്കാന്‍ കാത്തുനിന്ന മാനേജ്മെന്റ്ധിക്കാരത്തിന്റെ മുഖത്തേറ്റ പ്രഹരമായിരുന്നു അത്. കുട്ടികളെ വര്‍ഷങ്ങളായി അക്കപെരുക്കങ്ങള്‍ പഠിപ്പിച്ച ജമീല ടീച്ചര്‍ക്ക് തെറ്റിയില്ല. നിയമപോരാട്ടത്തിലൂടെ നേടിയ വിധിപ്പകര്‍പ്പുമായി പച്ചക്കോട്ടിടാതെ അവര്‍ സ്കൂളിന്റെ പടി കയറിയപ്പോള്‍ യാഥാസ്ഥിക ഭീഷണി പത്തിതാഴ്ത്തി.

അങ്ങനെ വസ്ത്രധാരണത്തിലെ മൗലികാവകാശത്തിനും സാമാന്യനീതിക്കുംവേണ്ടി ജമീല നടത്തിയ ചെറുത്തുനില്‍പ്പ് വനിതാവിമോചന ചരിത്രത്തിലെ സവിശേഷമായൊരു ഏടായി. അരീക്കോടിനടുത്ത് അക്ഷരവിരോധികളുടെ ചവിട്ടേറ്റ് ഒരധ്യാപകന്‍ പിടഞ്ഞുമരിച്ചത് ഒരു നൊമ്പരമായി മലയാളികളുടെ ഇടനെഞ്ചിലുണ്ട്. അതിന്റെ മുറിവുണങ്ങിയിട്ടില്ല. അപ്പോഴായിരുന്നു വസ്ത്രധാരണത്തില്‍വരെ ഫത്വയുടെ വാള്‍. തങ്ങള്‍ക്ക് മൃഗീയസ്വാധീനമുള്ള ഇടങ്ങളില്‍ താലിബാന്‍ ശൈലിയിലുള്ള പരിഷ്കാരങ്ങള്‍തന്നെ. അധ്യാപികമാര്‍ ക്ലാസില്‍പോകുമ്പോള്‍ പര്‍ദയോ, സാരിക്കുമുകളില്‍ പച്ച ഓവര്‍കോട്ടോ ധരിക്കണമെന്നായിരുന്നു മാനേജ്മെന്റ് തീരുമാനം. ക്ലാസില്‍ കുട്ടികള്‍ അധ്യാപികമാരുടെ ശരീരഭാഗങ്ങള്‍ നോക്കിയിരിക്കുന്നത് തടയാനാണെന്ന് വിശദീകരണം. ""ഇത്രമാത്രം ഞരമ്പുരോഗികളാണോ കുട്ടികള്‍; അവര്‍ക്ക് അമ്മയും കുടുംബവുമൊക്കെയില്ലേ""-ജമീലടീച്ചറുടെ ചോദ്യം ഇതായിരുന്നു. മാത്രമല്ല, എത്രയോ വര്‍ഷങ്ങളായി ധരിച്ചുശീലിച്ചുപോന്ന കൈത്തണ്ടവരെ മറയുന്ന സ്ലീവും നല്ല ഇറക്കവുമുള്ള ബ്ലൗസിനു പുറത്ത് പച്ച ഓവര്‍കോട്ടിടാന്‍ ജമീല ടീച്ചര്‍ തയ്യാറായുമില്ല. അതിന്റെ പേരിലാണ് ജമീല ടീച്ചറെ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്കൂള്‍ മാനേജര്‍ സസ്പെന്‍ഡ് ചെയ്തത്.

ഇതിനെതിരെ വിദ്യാഭ്യാസ വകുപ്പിലെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അധ്യാപികയെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ വണ്ടൂര്‍ ഡി ഇ ഒ നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍തലത്തില്‍നിന്നുള്ള പിന്തുണയോടെ മാനേജര്‍ അത് അവഗണിച്ചു. മലപ്പുറം ഡി ഡി ഇയാകട്ടെ മാനേജറുടെ താല്പര്യത്തിന് വഴങ്ങി ആ ഉത്തരവ് മരവിപ്പിച്ചു. മാസങ്ങളോളം തന്നെ പുറത്തുനിര്‍ത്തിയ ധാര്‍ഷ്ട്യത്തിനെതിരെയാണ് ടീച്ചര്‍ ഹൈക്കോടതിയെ സമീപിച്ചത്. മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും നിയമവിരുദ്ധ നടപടികളെ നിശിതമായി വിമര്‍ശിച്ച കോടതി അധ്യാപികയെ പിന്തുണച്ചു. 136 ദിവസം തന്നെ അന്യായമായി പുറത്തുനിര്‍ത്തിയ മുഷ്കിന് കടുത്ത തിരിച്ചടി നല്‍കി അവര്‍ സ്കൂളിലെത്തി.

അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദ്ദീന്‍ ട്രസ്റ്റിനു കീഴിലെ ഹൈസ്കൂളില്‍ 1986 മുതല്‍ ഗണിതശാസ്ത്രം അധ്യാപികയാണ് ജമീല. ക്ലാസില്‍ അധ്യാപികമാര്‍ക്ക് ചുരിദാര്‍ ഉള്‍പ്പെടെ ഏത് വേഷവും ധരിക്കാമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് പര്‍ദയോ പച്ചക്കോട്ടോ വേണമെന്ന് സ്കൂള്‍ മാനേജ്മെന്റ് നിര്‍ബന്ധമാക്കിയത്. സ്കൂള്‍ പിടിഎ കമ്മിറ്റിയിലോ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലോപോലും ചര്‍ച്ചചെയ്യാതെയായിരുന്നു ഈ താലിബാനിസ്റ്റ് നടപടി. ഇതിനെ ചോദ്യംചെയ്തതിന് ജമീലയെ ആദ്യം നിര്‍ബന്ധിത അവധിയെടുപ്പിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. എന്നിട്ടും ഇവര്‍ പച്ചക്കോട്ട് ധരിച്ചില്ല. ഇതിന്റെ പ്രതികാരമായാണ് ഒക്ടോബര്‍ 20ന് ജമീലയെ 15 ദിവസത്തേക്ക് മാനേജര്‍ സസ്പെന്‍ഡ്ചെയ്തത്. അതിനിടെ മനുഷ്യാവകാശ കമീഷനിലും വനിതാകമീഷനിലും ജമീല ടീച്ചര്‍ പരാതി നല്‍കിയിരുന്നു. അത് പിന്‍വലിച്ച് പച്ചക്കോട്ട് ധരിച്ച് സ്കൂളിലെത്തിയാല്‍ തിരിച്ചെടുക്കാമെന്നായി അപ്പോള്‍ മാനേജ്മെന്റ്. എന്നാല്‍ പച്ചക്കോട്ട് ധരിക്കില്ലെന്ന ഉറച്ച നിലപാട് മുസ്ലീം ലീഗിന്റെ അധ്യാപകസംഘടനയില്‍ അംഗംകൂടിയായ അവര്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു. ഇതോടെ മാനേജ്മെന്റ് കൂടുതല്‍ വാശിയിലായി. ഒടുവില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീലുമായി പോകാനും മാനേജ്മെന്റ് മുതിര്‍ന്നു. എന്നാല്‍ അധ്യാപികയെ മുഴുവന്‍ ആനുകൂല്യങ്ങളോടെയും ഉടന്‍ തിരിച്ചെടുക്കണമെന്ന ഉത്തരവിനെതിരെയുള്ള അപ്പീല്‍ തള്ളിപ്പോവുകയാണുണ്ടായത്.

അപകീര്‍ത്തിപ്പെടുത്തിയും പ്രതികാരം

ജമീലയെ മാനസികമായി തകര്‍ക്കാനും മാനേജ്മെന്റിന്റെ സില്‍ബന്ധികളും ഏതാനും അധ്യാപകരും ശ്രമിച്ചിരുന്നു. സ്കൂളില്‍ ഒറ്റപ്പെടുത്താന്‍ ആവുന്നതെല്ലാം ചെയ്തു. അപകീര്‍ത്തിപ്പെടുത്തുന്ന മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍വരെ പരക്കെ പ്രചരിപ്പിച്ചു. ഇതിനെതിരെ സൈബര്‍സെല്ലിലും മലപ്പുറം ജില്ലാ പൊലീസ് ചീഫിനും നല്‍കിയ പരാതികള്‍ ഭരണത്തണലില്‍ എവിടെയോ മുങ്ങിപ്പോയി. പക്ഷേ അതിലൊന്നും ജമീല ടീച്ചര്‍ ചൂളിയില്ല. നല്ല മതവിശ്വാസിയായ മികച്ച അധ്യാപികയാണ് ജമീല. മൂര്‍ക്കനാട് ജിയുപി സ്കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ച മുഹമ്മദ്കുട്ടിയുടെ രണ്ടാമത്തെ മകള്‍. വിദ്യാര്‍ഥികള്‍ക്ക് ഏറെ സ്നേഹവും ആദരവുമുള്ള അവര്‍ ഓറിയന്റല്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികൂടിയാണ്. മലപ്പുറത്ത് യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച അവര്‍ നടത്തിയ ചെറുത്തുനില്‍പ്പ് സമുദായ നേതൃത്വത്തിലെ പിന്തിരിപ്പന്‍ പ്രവണതകള്‍ക്കെതിരെയാണ്; മതത്തിന്റെ മറവില്‍ ദുരഹങ്കാരങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഞെളിയുന്ന അപരിഷ്കൃതത്വത്തിനെതിരെയും ഭരണത്തെ കൂട്ടുപിടിച്ച് സ്കൂള്‍ മാനേജ്മെന്റ് കാണിച്ച ഹുങ്കിനെതിരെയുമുള്ള ഒറ്റയാള്‍ പോരാട്ടം. താന്‍ അംഗമായ അധ്യാപക സംഘടനയുടെപോലും പിന്തുണയില്ലാതെ അവര്‍ ജയിച്ചുകയറി. ആരും പതറിപ്പോവുന്ന ഘട്ടത്തിലും കുടുംബം ഒപ്പം ഉറച്ചുനിന്നതുമാത്രം ആശ്വാസം. മലപ്പുറം എഡിഎം ആയി വിരമിച്ച ഭര്‍ത്താവ് നരിക്കുനി സ്വദേശി അബ്ദുറഹ്മാന് ഈ പോരാട്ടം ഒരു ഹരമായിരുന്നു. മക്കളായ ജസീം, അര്‍ഷദ്, ഹുസ്നി മുബാറക്, ആയിഷസെബ എന്നിവരും താങ്ങായി കൂടെനിന്നു.

*
ബിജു കാര്‍ത്തിക് ദേശാഭിമാനി

No comments: