Monday, March 11, 2013

ദേശിബാണിയുടെ മന്ദ്ര-മധ്യമങ്ങള്‍

കഥകളി സംഗീതവഴികളില്‍ ഉണ്ണിക്കൃഷ്ണകുറുപ്പ് തുടങ്ങിവച്ച ആലാപധാര ഹിമകണംപോലെ ശുദ്ധവും മണ്‍മനസുപോലെ ദേശിയുമായതിനാല്‍, അത് ഇന്നും പരിലസിക്കുന്നു; പരിമളം പരത്തിക്കൊണ്ട്. വിവിധ പാട്ടുവഴികളില്‍, അരങ്ങുകളില്‍, വീട്ടകങ്ങളില്‍, ആസ്വാദകരുടെ മനോമുകുരങ്ങളില്‍ ഒക്കെ ആ വേറിട്ട ആലാപനശകലങ്ങള്‍ കുടികൊള്ളുന്നുണ്ട്. കളംപാട്ടിന്റെ ആര്യ-ദ്രാവിഡ സംഗമരൂപങ്ങള്‍, ശാസ്ത്രീയ സംഗീതം ഘടിപ്പിച്ച സംഗതി-സഞ്ചാരങ്ങള്‍, കഥകളി സംഗീതത്തിന്റെ തനിസ്വരൂപങ്ങള്‍... തുടങ്ങി വ്യാഖ്യാനിച്ച് വിശേഷിപ്പിക്കാവുന്ന അനവധി ഘടകങ്ങളും അവയില്‍ കാണാം.

എന്നാല്‍, കുറുപ്പാശാന്‍ തന്റെ ഹൃദയരാഗത്തില്‍നിന്ന് സ്നേഹത്തോടെ പകര്‍ന്നുകൊടുത്ത തേന്‍കണങ്ങളാല്‍ സമൃദ്ധമായ ആലാപനങ്ങളെ നിര്‍വചിക്കുക അസാധ്യം, പക്ഷേ ആസ്വദിക്കുക എത്രയോ ലളിതസുസാധ്യം. അപ്രകാരമുള്ള അനര്‍ഗള പ്രവാഹങ്ങളെ നേരിട്ട് ഉള്‍ക്കൊണ്ട് അരങ്ങുകളെ ഹൃദ്യമാക്കുന്ന ഒരു ഗായകനുണ്ട്, പാലനാട് ദിവാകരന്‍. ആ പാട്ട് ആശാനെ അനുകരിക്കലല്ല, അതുള്‍ക്കൊള്ളലാണ്. ദേശിബാണിയുടെ മന്ദ്ര-മധ്യമത്തിലും ഉച്ചസ്ഥായിയിലുമെല്ലാം ആ പഴയധാരയുടെ അസ്തിവാരത്തില്‍ കെട്ടിപ്പൊക്കിയ എടുപ്പുകളുണ്ട്. ഒരുപക്ഷേ, മലയാളം ഇനിയും വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത ഒരു ഗായകനാണ് പാലനാട് എന്നുപറഞ്ഞാല്‍ അതിശയോക്തിയല്ല. അദ്ദേഹത്തിന് കഥകളിയരങ്ങുകളും കഥകളിപദ കച്ചേരികളും ധാരാളമുണ്ട്. അതിനുമപ്പുറം ചെയ്യാന്‍ കഴിയുന്ന ശബ്ദത്തിനും ശൈലിക്കും ഉടമയാണ് അദ്ദേഹം എന്നതാണ് തിരിച്ചറിയേണ്ടത്.

മലപ്പുറം ജില്ലയിലെ ചെറുകര റെയില്‍വേസ്റ്റേഷനില്‍ വണ്ടിയിറങ്ങി ഓട്ടോസ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ മുന്നില്‍ ഓടിയെത്തിയത് അലംകൃതമായ ഒരു ഓട്ടോറിക്ഷ. അടുത്ത് നിര്‍ത്തിയപ്പോള്‍ ചോദിച്ചു: ""പാലനാട് മനയില്‍ പോകണം, അറിയോ?"" അയാള്‍ ഒന്ന് പുഞ്ചിരിച്ച് പറഞ്ഞു: ""ജ്ജ് കേറിക്കോളി."" അയാളുടെ പേര് മുഹമ്മദ് എന്നാണ്. വാഹനത്തിന്റെ മുകളില്‍ അറബിയിലെഴുതിയ സൂക്തങ്ങള്‍കൊണ്ടുള്ള ഒരു ചിത്രം കണ്ടു. കാലം മാറിയതൊക്കെ ബോധ്യമുണ്ടെങ്കിലും മനസ്സില്‍ ആ പഴയമട്ടിലുള്ള പാലനാട്മന തന്നെയായിരുന്നു സങ്കല്‍പം. നീണ്ട വഴിയുള്ള ടെറസ്വീടിന്റെ ഗേറ്റിനു മുന്നില്‍ വണ്ടി നിര്‍ത്തി മുഹമ്മദ് പറഞ്ഞു: ""ഇദ്ദന്നെ പാലനാട് മന."" ഒരു പൈസപോലും അധികം പറയാതെ കൃത്യം തുക വാങ്ങി അഹമ്മദ് നീങ്ങിയകന്നു. ശരിയാണ്, ആധുനിക മട്ടിലുള്ള പുതിയ വീടാണെങ്കിലും പേരിലെ വേരുകള്‍ പൂര്‍വകാല സ്മൃതികളുടെ നന്മയെ താലോലിക്കുന്നുണ്ടല്ലോ. പാലനാടിന്റെ സുന്ദര ശബ്ദത്തില്‍, പതിഞ്ഞ പദങ്ങളുടെ മനോഹാരിതകള്‍ ഇരട്ടിക്കുമ്പോഴൂം ഒരു പാട്ടുപാരമ്പര്യത്തിന്റെ നിലാനിഴല്‍ പതിയുന്നത് അറിയാം. അതേസമയം, പാട്ട് കേള്‍ക്കുന്ന പുതിയ സമൂഹത്തിന്റെ അഭിരുചികള്‍ കൂടി ഉള്‍ക്കൊണ്ട് "മെലോഡിയസ്" ആയ സംഗതികള്‍ ചേര്‍ക്കാനും ഈ ഗായകന്‍ മറക്കാറില്ല, പ്രത്യേകിച്ച് കഥകളിപ്പദ കച്ചേരികളില്‍. ഒരു പക്ഷേ, അതില്‍ കുറുപ്പാശാന്റെ വഴിയുണ്ടാകാം. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ സഞ്ചരിക്കാന്‍ അവസരം ലഭിക്കുകയും അവിടങ്ങളിലെയെല്ലാം പാട്ടുരീതികള്‍ മനസ്സിലാക്കുകയും ചെയ്ത കുറുപ്പാശാന്‍ അതെല്ലാം നെഞ്ചിലേറ്റിയിരുന്നു. ദേശിയുടെ മേല്‍മൂടിയില്‍ ഹിന്ദുസ്ഥാനിയുടെ മേല്‍നടകള്‍ ഒഴുകിപ്പരന്നതും തെന്നിന്ത്യന്‍ നാട്ടുരീതികള്‍ തൊങ്ങല്‍ ചാര്‍ത്തിയതും മറ്റും അങ്ങനെയാണ്.

അത്യപൂര്‍വമായ ആ ചേരുവകള്‍ കൂടി ചേര്‍ത്താണല്ലോ ശിഷ്യര്‍ക്ക് ആശാന്‍ പകര്‍ന്നു കൊടുത്തതും. കഥകളി സംഗീതത്തെ തന്നെ മാറ്റിമറിച്ച ആ പ്രതിഭാവഴിയില്‍ ചെന്ന് ചേര്‍ന്നതിനെ കുറിച്ച് പാലനാട് പറയുന്നതിങ്ങനെ:

""വൈകിയാണ് കഥകളി സംഗീതത്തിലേക്ക് വന്നത്. കര്‍ണാടിക് പഠിച്ചു, അഞ്ചില്‍ പഠിക്കുമ്പോള്‍. സിനിമാപാട്ട് കമ്പം കലശലായിരുന്നു. കീര്‍ത്തനങ്ങളൊക്കെ തന്നെ പഠിക്കുകയുണ്ടായി. തിരുവനന്തപുരത്തുള്ള ഒരു ഭാഗവതര് ഇവിടെ വന്ന് താമസിച്ചു. ഗുരുകുല രീതിയിലായിരുന്നു പഠനം. അദ്ദേഹം ഇവിടെ നാലുകെട്ടില്‍ വന്ന് ആഴ്ചയില്‍ രണ്ടുദിവസം താമസിക്കും. അങ്ങനെ മൂന്ന് വര്‍ഷം പഠിച്ചു. പിന്നെ ഹൈസ്കൂളില്‍ ആയപ്പോള്‍ അതൊക്കെ നിര്‍ത്തി. പട്ടാമ്പി കോളേജില്‍ പഠിക്കണ കാലത്താണ് ഉണ്ണിക്കൃഷ്ണകുറുപ്പാശാന്‍ അഹമ്മദാബാദില്‍നിന്ന് ഇങ്ങോട്ട് വന്നത്. അവിടെ മൃണാളിനി സാരാഭായിയുടെ കൂടെയായിരുന്നു. ഇവിടെ പുതുമന ഇല്ലത്ത് അദ്ദേഹം കളംപാട്ട് പാടാന്‍ വന്നു. അന്ന് അച്ഛന്‍ എന്നെയും കൊണ്ടു പോയിരുന്നു. കഥകളിക്കൊക്കെ സ്വതേ കൊണ്ടുപോകാറുണ്ട്. അന്ന് അദ്ദേഹത്തിന്റെ പാട്ട് കേട്ട് വല്ലാതെയങ്ങ്ട് ഇഷ്ടായി. ഞങ്ങളുടെ ചേലാട് ക്ഷേത്രത്തിലും രണ്ടുവര്‍ഷം കഥകളിക്ക് പാടാന്‍ വന്നു. ഞാന്‍ പിന്നില്‍ ശ്രുതിമീട്ടി നിന്നിരുന്നു. അന്ന് മുഴുവന്‍ പാടിയത് കുറുപ്പാശാനാണ്. അതുകൂടി കേട്ടപ്പോള്‍ എനിക്ക് വല്ലാതെയായി. ആശാന്റെ കീഴില്‍ പഠിക്കണം എന്നായി. അദ്ദേഹം പാടുന്നിടത്തെല്ലാം പോകും. പഠിക്കണമെന്ന ആഗ്രഹം കേട്ടിട്ട് മുത്തച്ഛന്‍ തന്നെ കുറുപ്പാശാനെ കൊണ്ട് പഠിപ്പിക്കാമെന്ന് പറഞ്ഞു, പക്ഷേ; കോളേജ് വിദ്യാഭ്യാസം കഴിയട്ടെ എന്നുപറഞ്ഞു. മാത്രമല്ല, കുറുപ്പാശാന്‍ അപ്പോഴേക്കും കൊല്‍ക്കത്ത ശാന്തിനികേതനത്തിലേക്ക് പോവുകയും ചെയ്തു.

പോയിവരുന്നതിനിടെ ഞാന്‍ ബിഎഡും കഴിഞ്ഞ് പിഎസ്സി ടെസ്റ്റ് വഴി ജോലിക്ക് കയറി, മലപ്പുറം വിഎംസി സ്കൂളില് അധ്യാപകനായിട്ട്, 1978 ല്‍. 24 വയസ്സായി. ഈ സമയത്താണ് അദ്ദേഹം കോട്ടയ്ക്കലില്‍ അധ്യാപകനായി വരുന്നത്. അപ്പോള്‍ എന്റെ ആഗ്രഹത്തിന് വീണ്ടും ജീവന്‍ വച്ചു. ഗുരുകുല സമ്പ്രാദയത്തിലാണ്, സ്കൂളില്‍ നിന്ന് വൈകിട്ട് പോകും. ഒരു ദിവസം അവിടെ തങ്ങും. ശനിയാഴ്ച എനിക്കു വേണ്ടി അദ്ദേഹം പ്രത്യേകം ക്ലാസെടുക്കും. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അരങ്ങേറ്റം നടത്തി, കുചേലവൃത്തം. അപ്പോ, ശരിക്കും അഞ്ചുവര്‍ഷമെങ്കിലും പഠിക്കണം. അദ്ദേഹം പറഞ്ഞു അതുമതി, ബാക്കി രംഗപരിചയത്തിലൂടെ ആയിക്കൊള്ളുമെന്ന്. അങ്ങനെയാണ് അരങ്ങേറ്റം നടത്തിയത്. അദ്ദേഹത്തിന്റെ കൂടെ കളിക്ക് പോകാന്‍ തുടങ്ങി. 80 കളിലാണ്. തൃപ്പൂണിത്തുറ, എറണാകുളം ഭാഗങ്ങളിലൊക്കെ അദ്ദേഹത്തിന്റെ കൂടെ പോയി. 88 ല്‍ അദ്ദേഹം മരിച്ചു. ആദ്യമൊക്കെ മൂന്നാം പാട്ടുകാരനായിരുന്നു. പിന്നീട്, നിരവധി വേദികളില്‍ അദ്ദേഹത്തിന്റെ ശിങ്കിടിയായി പാടി. പഠിച്ചത് കുറുപ്പാശാന്റെ കീഴില്‍ മാത്രമാണ്. കളരി ചിട്ട കിട്ടാന്‍ വേണ്ടി ഒരു വര്‍ഷം കലാമണ്ഡലത്തില്‍ പഠിച്ചിട്ടുണ്ട്. കോട്ടയം കഥകളൊക്കെ പരിചയിച്ചത് അവിടെ വച്ചാണ്.""

കുറുപ്പാശാന്‍ വരുന്നില്ലയെന്നറിഞ്ഞ് ഒരു കാലത്ത് സദസ്സ് ശൂന്യമാകുന്ന സ്ഥിതിയുണ്ടായിരുന്നു. കഥകളിപ്പാട്ടിലെ ഒരു ഹരതരംഗം വ്യാപിച്ചത് കുറുപ്പിന്റെ പുത്തന്‍ പ്രയോഗങ്ങള്‍ കൊണ്ടാണ്. പാട്ട് എന്ന പേരും അലറിപ്പൊളിക്കുന്ന ശീലവുമുള്ള ഭാഗവതര്‍മാര്‍ മാറാതെ അതേ നില്‍പ്പ് നില്‍ക്കുകയും മുന്നിലെ ആസ്വാദകര്‍ അടിമുടി മാറുകയും ചെയ്ത കാലത്തെക്കുറിച്ചാണ് പറയുന്നത്. അങ്ങനെയാണ് ലോകം ചുറ്റിയ അനുഭവവുമായി കുറുപ്പ് വന്നിറങ്ങുന്നത്. അദ്ദേഹം മലയാളിയെ ഞെട്ടിച്ചു. കീചകവധത്തിലെ ""ഹരിണാക്ഷീ..."" ഒരു ദിവസം പാടിയപോലെയാവില്ല പിറ്റേന്ന് പാടുക. അങ്ങനെ ഏത് പദവും. ആലാപനത്തില്‍ ഇത്രമാത്രം വ്യത്യാസങ്ങളും പ്രത്യേകതകളും വരുത്തുന്ന മറ്റൊരാളെക്കുറിച്ച് പറയാനില്ല. ആ ശൈലിയോടുള്ള ആരാധനയാണ് അരങ്ങില്‍നിന്ന് അരങ്ങുകളിലേക്ക് ആസ്വാദകരെ ഓടിച്ചുകൊണ്ടിരുന്നത്. കഥകളി ലോകം തന്നെ പൂര്‍ണമായോ അതിനു പുറത്തുള്ള ലോകം അല്‍പമെങ്കിലുമോ കുറുപ്പിനെ അറിഞ്ഞിരുന്നില്ല. അതാണ് പാലനാട് തന്റെ ആശാനെ കുറിച്ചു പറയുമ്പോള്‍ ഓര്‍മിപ്പിക്കുന്നത്:

""വാസ്തവത്തില്‍, കുറുപ്പാശാന് അര്‍ഹമായ ഒരു അംഗീകാരം കിട്ടിയിട്ടില്ല. ആ കാലഘട്ടത്തിന്റെ പ്രത്യേകത ഒരു കാരണമാകാം. മാത്രമല്ല അദ്ദേഹം അതിനൊന്നും കൂട്ടാക്കുകയോ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. ഒരു പ്രത്യേകതരം സ്വഭാവമായിരുന്നു. കുറേ പാടും എന്നതൊഴിച്ചാല്‍ മറ്റൊരു ആഗ്രഹവും ഇല്ല. ആകെ കിട്ടിയത് കലാമണ്ഡലം അവാര്‍ഡ് മാത്രമാണ്. കഥകളി പാട്ടിന്റെ ലോകം തന്നെ മാറ്റിയ ഒരു യാത്രയായിരുന്നു കുറുപ്പാശാന്റേത് എന്നോര്‍ക്കണം. "" അഹമ്മദാബാദില്‍ പോയിവന്ന ശേഷമാണ് വാസ്തവത്തില്‍ പാട്ടിലൊക്കെ ഒരു മാറ്റം വരുത്തിയത്. അവിടെ പോയി ഹിന്ദുസ്ഥാനിയൊക്കെ പഠിച്ചല്ലോ. അപ്പൊ അതൊക്കെ ചേര്‍ന്ന ചില പ്രയോഗങ്ങള് നടത്തും. കളംപാട്ട് തന്നെ സാധാരണ കുറുപ്പുമാര് പാടുന്നതു പോലെയായിരുന്നില്ല.

ആശാന്‍ പാടുമ്പോള്‍ ഒരു പ്രത്യേകതയുണ്ട്. പിന്നെ ആ ശബ്ദത്തിന്റെയൊരു സുഖം പറയാതിരിക്കാന്‍ കഴിയില്ല. കര്‍ണാടിക്കാണെങ്കില്‍ തന്നെ അത് പ്രയോഗിക്കുന്നതിലുള്ള വൈഭവം ചെറുതല്ല. പദത്തിന്റെ ഒരു സുഖം കിട്ടുന്നതൊക്കെ അതിലാണ്. ഏത് സ്ഥായി പാടിയാലും ആ സുഖം കിട്ടും, കുറുപ്പാശാന്‍ പാടുമ്പോള്‍. അദ്ദേഹം ധാരാളം പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. പക്ഷേ, നമുക്ക് മനസ്സിലാവില്ല അത് പരീക്ഷണമാണെന്ന്. പത്ത് ഹരിണാക്ഷി പാടിയാല്‍ അത് പത്ത് വിധമായിരിക്കും, അല്ലെങ്കില്‍ പത്ത് കാംബോജിയായിരിക്കും. നിരവധി ആരാധകര്‍, അവര് കാതോര്‍ക്കുക ആ പ്രയോഗങ്ങളിലാണ്. അക്കാലത്ത് അമ്പലങ്ങളില്‍ മൈക്കിന്റെ മുന്നില്‍ ടേപ്പ്റെക്കോര്‍ഡര്‍ വച്ച് പിടിച്ച് അനവധിയാളുകള്‍ ആശാന്റെ പദം സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ അതൊക്കെ സിഡിയാക്കിയിട്ടുണ്ട്. നെറ്റിലും ലോഡ് ചെയ്തിരിക്കുന്നു. ഇരിങ്ങാലക്കുടയില്‍ എല്ലാ വര്‍ഷവും അനുസ്മരണം നടത്താറുണ്ട്. ഒരു സിഡി കളി (സിഡിയില്‍ റെക്കോഡ് ചെയ്തിട്ടുള്ള പദങ്ങള്‍ക്ക് ആടുക) നടത്തും. കുറുപ്പിന്റെ പാട്ട് അദ്ദേഹത്തിന്റെ പാട്ടിന്റെ സിഡി ബാഗിലുണ്ടെന്നറിഞ്ഞാല്‍ വാങ്ങാന്‍ ആളാണ്. ഈയിടെ തിരുവനന്തപുരത്ത് ദൃശ്യവേദിയുടെ കളിക്കു പോകുമ്പോള്‍ കുറച്ച് സിഡിയുമായി പോയി. മുഴുവന്‍ വാങ്ങിച്ചു ആളുകള്‍.""

""കുട്ടിക്കാലത്ത് കേട്ട് പരിചയിച്ച കഥകളിപ്പാട്ട് വേറൊന്നായിരുന്നു. കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, വെങ്കിടകൃഷ്ണഭാഗവതര്... ഇവരൊക്കെയാണ് പാടുന്നത്. അവര് ചിട്ടപ്പെടുത്തിയ ഒരു രീതിയുണ്ടല്ലോ. അക്കാലത്തും രാഗത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് പാടുന്നതെങ്കിലും കഥകളിക്കു പാടുമ്പോഴുള്ള ഒരു ശീലുണ്ടല്ലോ, അതിനപ്പുറം പോയിട്ടില്ല. നീട്ടി നീട്ടി മേളംപിടിപ്പിച്ച് പാടുന്ന സമ്പ്രദായം. "മേളത്തിന് പാടുകാ"ന്നു പറയും, അതായത് നീട്ടി നീട്ടി പരമാവധി കൊഴുപ്പിച്ചു പാടുകയെന്നര്‍ഥം. ഗുരുനാഥന്മാര് പഠിപ്പിച്ചതില്‍ നിന്ന് മാറ്റിപ്പാടാനൊന്നും ആര്‍ക്കും ധൈര്യം വന്നിട്ടില്ല. പഠിച്ചതേ പാടൂ എന്ന ശാഠ്യം. അതില്‍ കവിഞ്ഞതൊന്നും ചിന്തിക്കുകയോ പ്രവൃത്തിക്കുകയോ ചെയ്യില്ല. പിന്നീട് വന്നവര്‍ക്ക് അതിനൊക്കെ ധൈര്യം കിട്ടി. ഇപ്പോ എല്ലാവരും സ്വതന്ത്രമായി, പണ്ടുണ്ടായിരുന്ന പേടിയൊക്കെ പോയി.""

*
ഏതായാലും കുറുപ്പിന്റെ ഉദ്യമം ഏറ്റു. ആസ്വാദകര്‍ ഇളകി മറിഞ്ഞു. അടുത്ത തലമുറ കുറേക്കൂടി കേറിക്കളിച്ചു. എമ്പ്രാന്തിരി, ഹൈദരാലി തുടങ്ങിയവരൊക്കെ ആയപ്പോഴേക്കും കഥകളി പാട്ടിലെ പരിഷ്കാരങ്ങള്‍ക്ക് വേഗമേറി. ശരിക്കും കര്‍ണാടിക് സംഗീതത്തിന്റെ ഒരു സ്വാധീനം പ്രകടമായി. അപ്പോള്‍, നമ്മുടെ പഴയ, ആ കേരളീയ സംഗീതത്തിന്റേതായ ഒരു പാരമ്പര്യം-സോപാനവും മറ്റും-ആ സ്വദേശി സമ്പ്രദായം നഷ്ടമായി എന്ന് പറയാം. അങ്ങനെയൊരു നഷ്ടമുണ്ടായി എന്നു പറയുമ്പോഴും കഥകളി സംഗീതം കൂടുതല്‍ ഹൃദ്യമായി എന്ന വസ്തുത നാം കാണാതെ പോകരുത്. കുറേക്കൂടി ഭാവാത്മകമായി. അക്ഷരം, വാക്കുകള്‍ എന്നിവയുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പിന്നീട് വന്ന ഗായകര്‍ക്കുണ്ടായി. കഥകളി പദകച്ചേരി

""പാട്ടിനു മാത്രമല്ല. എല്ലാത്തിനും മാറ്റം വന്നല്ലോ. ലോകത്തു തന്നെ വലിയ മാറ്റങ്ങളാണല്ലോ ഉണ്ടായത്. കഥകളിയിലും അത് പ്രതിഫലിച്ചു. ഞാന്‍ അക്കാലത്ത് മുന്‍നിരയിലുണ്ടായിരുന്നവരുടെയൊക്കെ കൂടെ പാടി. എമ്പ്രാന്തിരി, ഹൈദരാലി, കലാനിലയം ഉണ്ണികൃഷ്ണന്‍, ഹരിദാസ് തുടങ്ങിയവരൊക്കെയായിട്ട്. അക്കാലത്ത് തന്നെ കഥകളിപ്പദ കച്ചേരി തുടങ്ങിയിരുന്നു. ഇപ്പോ, പൊതുവേദികളിലും, ക്ലബ്ബുകളിലും കല്യാണങ്ങള്‍ക്കും കച്ചേരി വയ്ക്കുന്ന സമ്പ്രദായമുണ്ട്. ചെണ്ട, മദ്ദളം, ഇടയ്ക്ക എന്നിവയുണ്ടാകും. അവയ്ക്ക് ഒരു തനിയാവര്‍ത്തനം വയ്ക്കും. അപ്പോ അവയ്ക്കും അവസരം കിട്ടും. കച്ചേരിക്ക് ഉള്ള ഗുണമെന്താണെന്നു വച്ചാല്‍, രംഗത്തുപാടുന്നതില്‍നിന്ന് വ്യത്യസ്തമായിട്ട് പലതും ചെയ്യാന്‍ കഴിയും. അഭിനയിക്കുമ്പോള്‍ പാടിക്കൊടുക്കുന്നതു പോലെയല്ല, കുറേക്കൂടി മനോധര്‍മങ്ങളൊക്കെ ചെയ്യാന്‍ പറ്റും. രാഗം ഒന്നു മാറ്റിപ്പിടിക്കലടക്കമുള്ള കാര്യങ്ങളില്‍ കുറേക്കൂടി സ്വാതന്ത്ര്യം കച്ചേരിക്കുണ്ട്. തെരഞ്ഞെടുത്ത പദങ്ങളാണ് കച്ചേരിക്ക് പാടുക. നളചരിതം, കീചകവധം തുടങ്ങിയവയാണ് അധികവും. ദ്രുതപദങ്ങളും, നടകള് മാറ്റാവുന്ന പദങ്ങളുമൊക്കെയാണ് പാടുക. കാംബോജിയില്‍ ഹരിണാക്ഷി ഒരു തോടി, ബസബസ സൂതാ, കര്‍ണശപഥത്തിന്റെ എന്തിഹ മന്‍മാനസേ... അതൊക്കെ പാടും. പിന്നെ സദസീന്ന് അഭിപ്രായങ്ങളൊക്കെ വരും. ലിസ്റ്റ് തന്നെ വരാറുണ്ട്. പക്ഷേ, കഥകളിക്ക് പാടുകയെന്നാല്‍ രംഗത്ത് പാടുന്നത് തന്നെയാണ്. അത്രയൊന്നും സുഖം കച്ചേരിക്ക് കിട്ടില്ല. കുറുപ്പാശാനൊന്നും കച്ചേരിയോട് താല്‍പര്യമുണ്ടായിരുന്നില്ല.""

*
ഉടുത്തുകെട്ടിന് ഘനം വയ്ക്കാന്‍ കീറച്ചാക്കുപോലും ഇല്ലാതെ പഴംതുണി കുത്തിത്തിരുകി കീറിനാറിയ ആഹാര്യവുമായി നടന്ന കഥകളി സംഘങ്ങള്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ചും നാട്ടിന്‍ പുറങ്ങളില്‍. പഠിച്ച കല എന്ന നിലയില്‍ ഒരു ഭാരം തന്നെയായി കഥകളി കൊണ്ടുനടന്നവരുണ്ട്. ദാരിദ്ര്യത്തിന്റെ ആ അരങ്ങുകാലത്തിനു ശേഷം ഒരു ഉണര്‍വുണ്ടായി.

""ശരിക്കും ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് കഥകളിയുടെ ഒരു വല്ലാത്ത മുന്നേറ്റവും മറ്റും കണ്ടത്. കൃഷ്ണന്‍നായരും രാമന്‍കുട്ടിനായരും മറ്റും തിളങ്ങി നില്‍ക്കുന്ന കാലമാണ്. അന്നൊരു രണ്ടാംനിര കലാമണ്ഡലത്തിലുണ്ട്. അതില്‍ ഗോപിയാശാനൊക്കെയുണ്ട്. എല്ലാ ദിവസവും കളിയാണ്. ചില ദിവസം ഒന്നിലധികം. ഇങ്ങനെയൊരുമുഖം. പല പ്രാദേശിക കഥകളി സംഘങ്ങളും അങ്ങേയറ്റം ദാരിദ്ര്യത്തിലായി ഇത് നിലച്ചുപോകും എന്ന നിലവന്നപ്പോഴാണല്ലോ കലാമണ്ഡലം വരുന്നത്. അന്ന് രംഗത്തുണ്ടായിരുന്നവരുടെ ഒരു കൂട്ടായ്മയും അര്‍പ്പണ മനോഭാവവും വാര്‍ത്തെടുത്ത ഒരു സംസ്കാരവും കലാകാരന്മാരും ആസ്വാദകരും ഇട്ട അടിസ്ഥാനവുമാണ് കഥകളിയെ കുറേയൊക്കെ പുനരുദ്ധരിച്ചത്. ഇപ്പോള്‍ അനവധി ചെറുപ്പക്കാര്‍ പഠിക്കാനും കാണാനും രംഗത്തുണ്ട്. പാട്ടിനും മേളത്തിനും വേഷത്തിനുമൊക്കെ യുവാക്കളുണ്ട്, ധാരാളം. അരങ്ങും സദസും പുതിയൊരു തലമുറയിലേക്ക് മാറുന്ന കാലഘട്ടം കൂടിയാണിത്.""

""പാട്ടിന്റെ മേഖലയില്‍ എങ്ങനെയാണെന്നുവച്ചാല്, ആ പഴയ സമ്പ്രദായം മുറുകെ പിടിക്കുന്നില്ല. ഇപ്പോ, എമ്പ്രാന്തിരി പാടുമ്പോള്‍ കൂടെ പാടാന്‍ ചില നിശ്ചിത ആളുകളാണുണ്ടായിരുന്നത്. അങ്ങനെയൊരു ടീം എന്നൊന്നും പറയാന്‍ കഴിയില്ല. ഇന്ന് അങ്ങനെയില്ല. തുല്യരായ പാട്ടുകാര്‍ എന്നു പറയാം. ആര്‍ക്കും ആരുടെ കൂടെയും പാടാം എന്ന സ്ഥിതിയുണ്ട്. ചിലപ്പോള്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടിയാകും അല്ലെങ്കില്‍ ബാബു, അതുമല്ലെങ്കില്‍ മറ്റൊരാള്‍. വാസ്തവത്തില്‍ നല്ല സമ്പ്രദായം ഇപ്പോഴത്തേതാണ്. പരസ്പരം അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്.""

*
പരിചിതരായ കഥകളി ആസ്വാദകര്‍ തങ്ങളുടെ ആസ്വാദന തഴക്കത്തിലൂടെ ശീലമാക്കുന്നത് ഹൃദ്യവും ആഴവും ഗരിമയുമുള്ള സുന്ദരപദങ്ങള്‍ വീണ്ടും വീണ്ടും കേള്‍ക്കാനും അവയുടെ രംഗാവതരണത്തില്‍നിന്ന് കൂടുതല്‍ കൂടുതല്‍ വായിക്കാനുമാണ്. ഒരുപക്ഷേ, അപ്രകാരമുള്ള പദങ്ങള്‍ സ്വാഭാവികമായും അധികമുള്ളത് നളചരിതത്തിലാണ്. ആട്ടക്കഥ എന്നതിലപ്പുറം ഏത് കാലത്തും സ്വതന്ത്രമായി വിഹരിക്കാനാവശ്യമായ എല്ലാ ലക്ഷണങ്ങളും മൗലികതയും തികഞ്ഞ കാവ്യമാണല്ലോ നളചരിതം. നളചരിതത്തിനു മുമ്പും പിമ്പും ആട്ടക്കഥകള്‍ പിറന്നിട്ടുണ്ട്. എന്നാല്‍ ഉണ്ണായിവാര്യരുടെ ഭാവനയും ഔചിത്യവും ഭാഷയും മറ്റും ഒത്തുചേര്‍ന്ന, നളചരിതം പോലെ ഒന്നുണ്ടായിട്ടില്ല. എന്നാല്‍, മറ്റ് ആട്ടക്കഥകളെല്ലാം മോശമാണ് എന്ന് പറയാമോ? അതുമില്ല. പാലനാട് പറയുന്നു: ""എനിക്ക് തോന്നുന്നത് സംഗീതവും ചിട്ടയും കൂടുതലുള്ളത് ഇരയിമ്മന്‍തമ്പിയുടെ കൃതികളിലാണെന്നാണ്. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം. അതേസമയം പാടാന്‍ ഏറ്റവും സുഖം നളചരിതമാണുതാനും. രാഗങ്ങളുണ്ട്. മറ്റുള്ളവയിലൊക്കെ ഒരു കണക്കുണ്ട്. ഉണ്ണായിവാര്യരുടേത് കാവ്യമല്ലേ, അതിലേക്ക് രാഗങ്ങള്‍ ചേര്‍ക്കുമ്പോഴുള്ള, സംഗീതം ചേര്‍ക്കുമ്പോഴുള്ള ഒരു സുഖം... അതൊന്നു വേറെ തന്ന്യാണ്. പദങ്ങളൊക്കെ അത്ര ഹൃദ്യമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു. മൂന്നാം ദിവസത്തില്‍ ആത്മഗതമായിട്ട് തോടിയിലുള്ള പദം "ലോകപാലന്‍മാരേ..." ശരിക്കും നിറഞ്ഞ ഒരു പദമാണ്, ഞാനൊരു ഉദാഹരണം പറഞ്ഞതാണ്. മറ്റ് നിരവധി പദങ്ങള്‍ ഇങ്ങനെ ചൂണ്ടിക്കാണിക്കാനാവും. ഇപ്പോ, "വിജനേ ബത.." ഒക്കെണ്ട്. പിന്നെ, പറയാവുന്ന കഥ രുഗ്മാംഗദചരിതമാണ്. കഥയോടും സംഗീതത്തോടും ചേര്‍ച്ചയുള്ള പദങ്ങളാണ് അതിലുള്ളത്. പുതിയ കാലത്തെ കഥകളികളൊന്നും ശ്രദ്ധിക്കപ്പെടാതെ പോയതും ഒരുപക്ഷേ, മികച്ച പദങ്ങളുടെ അഭാവം തന്നെയാകാം. കര്‍ണശപഥം ശ്രദ്ധിക്കപ്പെട്ടെങ്കിലും അതിന് പിന്നില്‍ കൃഷ്ണന്‍നായരാശാന്റെയും ഗോപിയാശാന്റെയുമൊക്കെ ഒരു തള്ളലുണ്ട്. അനവധി വേദികളില്‍ അവര്‍ തന്നെ കര്‍ണശപഥത്തില്‍ വേഷം കെട്ടുകയുണ്ടായി. ശരിക്കും അങ്ങനെയാണ് ആ കഥ ഹൈലൈറ്റ് ചെയ്യപ്പെടുന്നത്. ആശാന്മാരൊക്ക തമ്പിയുടെ പദങ്ങളെ ഏറെ താല്‍പര്യത്തോടെയാണ് കണ്ടിരുന്നത്. കഥകളിക്ക് പറ്റിയ സാഹിത്യവും വാക്കുകളും ആണ് അവയിലുള്ളത്. അതൊക്കെ ചിട്ടപ്പെടുത്തി തന്നെയാണ് പാടിയിരുന്നത്. ഇപ്പോള്‍ അങ്ങനെയാരു പതിവൊന്നുമില്ല. ഞങ്ങള് തെക്കന്‍ കേരളത്തിലെ വേദികളില്‍ ചെന്നാല്‍ തെക്കന്‍ശൈലിയിലാണ് പാടുക. അതിന് കഴിയും. രണ്ട് ചിട്ടകളും ഇന്നും നിലനില്‍ക്കുന്നുണ്ട്. പക്ഷേ, ഇരു വിഭാഗക്കാരും തമ്മില്‍ ഒരു കോറിലേഷനുണ്ട്. തെക്ക് പോയാല്‍ കലാമണ്ഡലംകാര് തന്നെ തെക്കനും പാടും. മടവൂര്‍ വാസുദേവനാശനൊക്കൊ തെക്കനേ ചെയ്യൂ. കീചകവധമൊക്കെ കെട്ടുമ്പോള്‍ ആശാന്‍ പറയും: "രാമന്‍കുട്ടിയാശാന് പാടുന്നതല്ലാട്ടോ എനിക്ക് പാടേണ്ടത്" എന്ന്. അപ്പോള്‍, നമ്മള്‍ അതുപ്രകാരം പാടും. മുമ്പ് അത് പാടാന്‍ തകഴി കുട്ടന്‍പിള്ളയെ പോലുളളവരും മറ്റും വേണമെന്ന് നിര്‍ബന്ധമായിരുന്നു. വാസ്തവത്തില്‍ തെക്കന്‍ കളരി, വടക്കന്‍ കളരി എന്നിങ്ങനെയുള്ള സമ്പ്രദായം ആവശ്യമില്ല. കലാമണ്ഡലം സ്ഥാപിതമായതോടെ അതിനൊരു അവസാനമാകുമെന്നാണ് പലരും കരുതിയത്. പക്ഷേ, ഇപ്പോഴും നിലനില്‍ക്കുന്നു. ഇപ്പോള്‍ തെക്കന്‍ കളരിയില്‍ കൊട്ടുകയും പാടുകയും ചെയ്യുന്നവരൊക്കെ പഠിച്ചത് വടക്കന്‍കളരിയിലാണ് എന്നതാണ് ശരി. വേഷത്തില്‍ തെക്കന്‍സമ്പ്രദായം കലാമണ്ഡലത്തില്‍ പഠിപ്പിക്കുന്നുണ്ട്, പക്ഷേ മറ്റെല്ലാം പൊതുവായ പഠനമാണ്. തിരനോട്ടത്തിലും, കലാശത്തിലുമൊക്കെ വ്യത്യാസങ്ങള്‍ ഇരുസമ്പ്രദായങ്ങളും തമ്മിലുണ്ട്. ചെറിയ, ചെറിയ വ്യത്യാസങ്ങളാണ്. ഇപ്പോ ബാണയുദ്ധം തെക്കുള്ളവരാണ് ചെയ്യുക. പക്ഷേ, തെക്കന്‍ കേരളത്തിലുള്ളവര്‍ ഇവിടെ വന്ന് പഠിച്ചു തന്നെയാണ് ചെയ്യുന്നത്. മാര്‍ഗി വിജയകുമാറൊക്കെ ചെയ്യുന്നത് കലാമണ്ഡലം ശൈലിയാണ്, തെക്കനല്ല.""

*

കുറുപ്പിന്റെ കാലത്തേതില്‍ നിന്ന് കുറേക്കൂടി മുന്നോട്ട് പോയി കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയുടെ കാലം. കഥകളിയെന്നാല്‍ കഥകളിപ്പദമാണെന്ന് വരെ തോന്നാവുന്ന വിധം ആലാപനത്തിന്റെ വഴക്കങ്ങളിലും സ്ഥാനത്തിലും മാറ്റം വന്നു. എമ്പ്രാന്തിരിയുടെ പാട്ടിനൊപ്പിച്ച് അഭിനയിക്കുന്ന രീതിയും ചിലപ്പോഴൊക്കെ അരങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. തന്റെ ആലാപനത്തിന്റെ പിതൃത്വം തനിക്കുമാത്രമാണെന്ന് നന്നായി അറിയാവുന്ന എമ്പ്രാന്തിരി തൊട്ടരികില്‍ നില്‍ക്കാറുള്ള "ശങ്കിടി" പാട്ടുകാരെ കാണാറേയില്ല. സ്വയം മുഴുകി മുഴുകി പാടിക്കൊണ്ടിരുന്ന അദ്ദേഹത്തിന് ഏറെ പഴിയും കേള്‍ക്കേണ്ടി വന്നു. പക്ഷേ, അദ്ദേഹം കഥകളിപദ ആലാപനത്തില്‍ കൊണ്ടുവന്ന നവീനശൈലി കഥകളിക്ക് വലിയ മുന്നേറ്റം നല്‍കി എന്നു തന്നെയാണ് ആത്യന്തികമായ വിലയിരുത്തല്‍. എമ്പ്രാന്തിരിയുടെയും സമകാലീനനായിരുന്ന ഹൈദരാലിയുടെയും കൂടെ പാടിയിട്ടുള്ള പാലനാട് ഇവരുടെ ശൈലീഭേദങ്ങള്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.

""എമ്പ്രാന്തിരിക്ക് കേരളത്തിലാകെ ലഭിച്ച ഒരു പ്രതിഛായ കഥകളി എന്ന കലയ്ക്ക് തന്നെ ഏറെ വ്യത്യസ്തമായ ഒരു മുഖം ലഭിക്കാന്‍ കാരണമായി. കഥകളി സംഗീതത്തില്‍ പുതിയൊരു വഴി. ശബ്ദത്തിന്റെ പ്രയോഗത്തിലും ഭാവങ്ങള്‍ സമ്പൂര്‍ണമാക്കാന്‍ സാങ്കേതികവിദ്യയുടെ സൗകര്യവും സമര്‍ഥമായി ഉപയോഗിക്കലും മറ്റും എമ്പ്രാന്തിരിയുടെ വഴിയായിരുന്നു. കുറുപ്പാശാന്‍ വടക്കേഇന്ത്യയില്‍നിന്ന് വരുന്നതിനുമുമ്പുതന്നെ ശങ്കരന്‍ എമ്പ്രാന്തിരിയാശാന്‍ കേരളത്തിലൊരു പുതിയ ശൈലിയും ആലാപനസമ്പ്രദായവും തരംഗവും ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. ഇരിങ്ങാലക്കുട കലാനിലയത്തിലായിരുന്നല്ലോ അദ്ദേഹം.

അദ്ദേഹത്തിന്റെ ആശാനായ നമ്പീശന്‍ പഠിപ്പിച്ച ശൈലിയൊക്കെ പരിഷ്കരിച്ച് പുതിയൊരു സമ്പ്രദായമാണ് പരീക്ഷിച്ചത്. പഴയതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരുന്നു. അങ്ങനെ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അദ്ദേഹം പറഞ്ഞ കാരണം, പുതിയൊരു വഴി തേടിപ്പോകുക എന്നതായിരുന്നു. കര്‍ണാടക സംഗീതവിദ്വാനായിരുന്ന പീതാംബരകുറുപ്പിന്റെ അടുക്കല്‍ പോയി എമ്പ്രാന്തിരി കര്‍ണാടകസംഗീതത്തില്‍ പരിശീലനം നേടി. അങ്ങനെ പുതിയൊരു ഭൃഗയൊക്കെ ഉണ്ടാക്കി രംഗത്തുവന്നു. എമ്പ്രാന്തിരി ശബ്ദനിയന്ത്രണത്തിലൂടെ, മൈക്ക് ഉപയോഗത്തിന്റെ പ്രത്യേക രീതിയിലൂടെ ഒക്കെ ഭാവ തലത്തിലൊക്കെ വലിയ മാറ്റമുണ്ടാക്കി. അത് പരക്കെ സ്വീകരിക്കപ്പെടുകയും ചെയ്തു. അനവധി ആരാധകര്‍ അദ്ദേഹത്തിനുണ്ടായി. എമ്പ്രാന്തിരിയുടെ പാട്ട് കേള്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആളുകള്‍ അരങ്ങുകള്‍ക്കു മുന്നിലെത്താന്‍ തുടങ്ങി. വാസ്തവത്തില്‍ പാട്ടില്‍ ഭാവം വരുത്തുന്നതില്‍ വലിയ മാറ്റം ആസ്വാദകര്‍ക്ക് ഫീല് ചെയ്തു. കൃഷ്ണന്‍നായര്‍ അരങ്ങിലും എമ്പ്രാന്തിരിയുടെ പാട്ടുമായി എത്രയെത്ര അരങ്ങുകള്‍ പിന്നിട്ടു. കേശവന്റെ ചെണ്ട, അങ്ങനെയൊരു കാലമുണ്ടായിരുന്നു. അങ്ങനെയുള്ള കേരളത്തിലേക്കാണ് കുറുപ്പാശാന്റെ വരവ്, അഹമ്മദാബാദില്‍നിന്ന്. കുറുപ്പാശാന്‍ കഥകളിപ്പദരംഗത്ത് മറ്റൊരു മാര്‍ഗമാണ് വെട്ടിത്തുറന്നത്.

ഹിന്ദുസ്ഥാനി ശീലുകളൊക്കെ പ്രയോഗിച്ചതോടെ ആസ്വാദകര്‍ക്ക് രസിച്ചു. അതേസമയം ഒരു സ്വദേശി അടിസ്ഥാനമുണ്ടുതാനും. അങ്ങനെ അരങ്ങുകളില്‍നിന്ന് അരങ്ങുകളിലേക്കുള്ള ഓട്ടമായി. കുറുപ്പാശാനെ കൊണ്ടുവരികയെന്നത് ഗ്രാമങ്ങളില്‍പ്പോലും ഹരമായി. എമ്പ്രാന്തിരിക്കുണ്ടായിരുന്ന ആരാധകരുപോലും ആശാന്റെ പിന്നാലെയായി. കുറേക്കാലം ഇവര്‍ ഒന്നിച്ചു പാടുകയുമുണ്ടായി. പിന്നെയാണ് എമ്പ്രാന്തിരിയുടെ ശാരീരിക അസുഖങ്ങള്‍ മൂലം അത് നിലച്ചത്. മാത്രമല്ല, രണ്ടും രണ്ടു വഴികളായിരുന്നല്ലോ. പക്ഷേ, കേരളത്തില്‍ കഥകളി ആസ്വാകരുടെ ഇടയില്‍ പുതിയൊരു നിരയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ എമ്പ്രാന്തിരി ചെയ്ത സംഭാവന വളരെ വലുതാണ്. അദ്ദേഹത്തിന്റെ പാട്ടിന്റെ ഒരു ലയം പറയാതിരിക്കാന്‍ കഴിയില്ല. പിന്നെ, പാടുമ്പോള്‍ വാക്കുകളിലും വരികള്‍ മുറിക്കുമ്പോഴും മറ്റുമുള്ള ശ്രദ്ധ, അതില്‍ വിട്ടുവീഴ്ചയില്ല. എന്നോടൊക്കെ ഇടക്കിടെ പറഞ്ഞിട്ടുണ്ട്, വാക്കുകളില്‍ ശ്രദ്ധവേണമെന്നും അല്ലെങ്കില്‍ അര്‍ഥം മാറുമെന്നും മറ്റും.

രാഗം മാറ്റി പരീക്ഷണങ്ങളൊക്കെ ധാരാളമായി നടത്തിയത് അദ്ദേഹമാണ്. ചെറിയ ചെറിയ പദങ്ങളാണ് മാറ്റുക. നളചരിതം നാലാം ദിവസത്തിലെ ""മന്ദിതേ ചെന്നാലെങ്ങും.."" ദേശി രാഗത്തില്‍ പാടിയത് എമ്പ്രാന്തിരിയാണ്. പന്തുവരാളിയിലാണ് അത് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹം ചെറിയ മാറ്റമാണ് വരുത്തുന്നതെങ്കിലും അതിന്റെയൊരു ഇഫക്ട് വളരെ വലുതായിരുന്നു. നിരവധി വിമര്‍ശനങ്ങള്‍ അന്ന് അദ്ദേഹത്തിനെതിരെ ഉയരുകയുണ്ടായി. അതൊന്നും അദ്ദേഹം കണക്കാക്കിയിരുന്നുമില്ല. വിമര്‍ശിച്ച ടീമൊക്കെ പിന്നീട് അദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കാന്‍ വരികയായിരുന്നു. വെണ്‍മണി ഹരിദാസ് ഒപ്പം പാടിയ സമയത്താണ് മാറ്റങ്ങളധികവും വരുത്തിയത്. അവര് ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്താണ് നിരവധി രാഗങ്ങള്‍ മാറ്റി പാടിയത്. രാഗം മാത്രമല്ല, പാടുന്ന രീതികള്‍ക്കും സംഗതികള്‍ക്കൊക്കെ മാറ്റം വരുത്തി. ബാണയുദ്ധത്തില് (ഉഷചിത്രലേഖ) "കിം കിം അഹോ സഖീ.."എന്ന പദം ഇന്ന് കേള്‍ക്കുന്ന വിധം മാറ്റിയത് ഇവരാണ്. ജോണ്‍പുരിയിലാണ് ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്നത്, പണ്ട് പാടിയിരുന്നത് ഷണ്‍മുഖപ്രിയയിലൊക്കെയായിരുന്നു. കേള്‍ക്കാന്‍ സുഖം ഇപ്പോഴുള്ളത് തന്നെയാണെന്ന് രണ്ടും കേട്ടിട്ടുള്ളവര്‍ക്ക് മനസ്സിലാകും. ഇവര് വളരെ ദൃഢരായ ഒരു ടീമായി. അപ്പുറത്ത് കുറുപ്പാശാന്റെ നേതൃത്വത്തില്‍ വേറൊരു ടീമും. ഒരു കാലത്ത് ഈ രണ്ട് സംഘങ്ങളാണ് അരങ്ങ് നിറച്ചിരുന്നത്.""

""പഠിച്ചിറങ്ങിയ കാലത്ത് കടുത്ത ആശങ്കയിലായിരുന്നു എമ്പ്രാന്തിരി. കൂടുതല്‍ സ്പെഷ്യലൈസേഷനുകള്‍ക്കൊന്നും ശ്രമിച്ചില്ല. ഭാവിയില്‍ പാടി നില്‍ക്കാന്‍, അതായത് തനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന ഉല്‍കണ്ഠയും അദ്ദേഹത്തെ അലട്ടിയിരുന്നു. അത് പലപ്പോഴും പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇരിങ്ങാലക്കുട കലാനിലയത്തില്‍ അധ്യാപകനായി ചേരുകയും ആ കാലത്ത് ശാസ്ത്രീയ സംഗീതത്തില്‍ പരിശീലനം തേടുകയും ചെയ്തു. ശബ്ദനിയന്ത്രണത്തിലും മറ്റും ബഹുകേമത്തം പ്രകടമാക്കാനുമായി. ഇതൊക്കെ വച്ച് മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങി. അങ്ങനെയേ നിലനില്‍ക്കുവെന്നു വന്നു. നിലനില്‍പ്പിന്റെ പ്രശ്നമായി. മാറ്റങ്ങള്‍ എന്നു പറഞ്ഞാല്‍ നമ്പീശനാശാന്‍ പഠിപ്പിച്ച അടിസ്ഥാനങ്ങളിലൊന്നും വ്യത്യാസം വരുത്തിയിട്ടില്ല. ആലാപനത്തിലെ ഒരു "സ്റ്റൈലൈസേഷന്‍" എന്നു പറയാം. ചെറിയ പദങ്ങള്‍ക്ക് രാഗം മാറ്റും വാക്കുകളെ സ്പഷ്ടമായി ഉച്ചരിക്കും, അര്‍ഥമറിഞ്ഞുള്ള ഭാവം നിര്‍ബന്ധം. മുമ്പുള്ള ഭാഗവതര്‍മാരേക്കാളൊക്കെ അറിവ് പദങ്ങളെ കുറിച്ച് എമ്പ്രാന്തിരി നേടിയിരുന്നു. അങ്ങനെയാണ് അര്‍ഥങ്ങളിലും പദങ്ങള്‍ മുറിക്കുന്നതിലും മറ്റും മുമ്പ് പുലര്‍ത്തിപ്പോന്ന തെറ്റുകള്‍ തിരുത്തിയത്. ശബ്ദം പല രീതിയിലൂടെ, മയപ്പെടുത്തി പാടുക, കുറച്ചുകൂടി ഘനമായി പാടുക, ഉച്ചസ്ഥായിയില്‍... ഇങ്ങനെ കഥകളി അരങ്ങ് മുമ്പ് കാണാത്ത പല നമ്പറുകളും എമ്പ്രാന്തിരി കൊണ്ടുവന്നു. ഇതിന് കാലഘട്ടത്തിന്റെ ആവശ്യവും കൂടി പരിഗണിച്ചിട്ടുണ്ടാകണം. സിനിമാഗാനങ്ങളും നാടക ഗാനങ്ങളും ലളിതഗാനങ്ങളും മറ്റും സമൂഹത്തില്‍ നല്ല സ്വാധീനം നേടുന്നുവെന്ന സത്യം കണ്ടിരിക്കണം."" അക്കാലത്തു തന്നെ ഹൈദരാലിയാശാനും ശ്രദ്ധേയനായിരുന്നു. ഹൈദരാലിയും സ്വന്തമായ ശൈലി വളര്‍ത്തിയാണ് ആസ്വാദകരുടെ ഇടയില്‍ വേറിട്ടു നിന്നത്. എമ്പ്രാന്തിരി-ഹൈദരാലി സംഘം കുറച്ചുകാലം കഥകളിയരങ്ങിന്റെ ഹരം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ചിന്ത കുട്ടിക്കാലം മുതലേ ലൈറ്റ് മ്യൂസികും പഴയ ഹിന്ദിഗാനങ്ങളുമൊക്കെ ചെയ്തിരുന്നയാളാണല്ലോ. അതിന്റെയൊരു സ്വാധീനം എല്ലാകാലത്തും ഉണ്ട്. ബാലമുരളീകൃഷ്ണയുടെ പാട്ടുകളും ഏറെ ഇഷ്ടമായിരുന്നു ഹൈദരാലിക്ക്. അപ്പോള്‍ ആ പ്രകൃതങ്ങളൊക്കെ ഇതിലേക്കും കൊണ്ടുവരാനുള്ള ശ്രമങ്ങളൊക്കെ നടത്തും. ഞങ്ങളൊന്നിച്ച് കുറേക്കാലം പാടിയിരുന്നു. എമ്പ്രാന്തിരിയോടൊപ്പം കുറച്ചുകാലം പാടി. നല്ല അംഗീകാരവും കിട്ടി. എമ്പ്രാന്തിരിയുടെ ഒരു രീതിയുമായി യോജിച്ചു പോകാനുള്ള ബുദ്ധിമുട്ടുകൊണ്ടുകൂടിയായിരിക്കണം ശങ്കിടിയായി അധികകാലം ഹൈദരാലി തുടര്‍ന്നില്ല. എമ്പ്രാന്തിരിയുടെ അനുവാദത്തോടെ തന്നെ, തികഞ്ഞ സൗഹൃദത്തോടെയാണ് സ്വതന്ത്രമായി പാടുക പിരിഞ്ഞത്.""

കുറുപ്പില്‍നിന്ന് നേരിട്ടുള്ള ശിക്ഷണം. കുറേക്കാലം ഒന്നിച്ചു പാടല്‍. തുടര്‍ന്ന് കഥകളി സദസുകള്‍ ഇളക്കിമറിച്ച എമ്പ്രാന്തിരി-ഹൈദരാലി-വെണമണി ഹരിദാസ് ത്രയത്തോടൊപ്പം. പാലനാടിന് സുവര്‍ണാവസരങ്ങളാണ് കിട്ടിയത്. അത് സമര്‍ഥമായി പ്രയോജനപ്പെടുത്താനും ആലാപനത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്താനും മറ്റും പാലനാടിന് കഴിഞ്ഞു. അവരുടെ കൂടെ പാടിയ അനുഭവങ്ങളില്‍നിന്ന് ആര്‍ജിച്ചെടുത്ത ശീലുകള്‍ തന്റെ വഴിയിലെ വിളക്കുകളാക്കുകയാണ് പാലനാട് ചെയ്തത്. ""ഇവരുടെ രണ്ടു പേരുടെയും കൂടെ പാടിയിരുന്നപ്പോഴുള്ള അനുഭവം വ്യത്യസ്തങ്ങളായിരുന്നു. എമ്പ്രാന്തിരിയുടെ കൂടെ പാടുമ്പോള്‍ കണക്കിലധികം മനസ്സിരുത്തിവേണം നില്‍ക്കാന്‍. നമ്മള് കൂടെപ്പാടുമ്പോഴും കര്‍ശനമായ നിയന്ത്രണത്തോടെയാണ് കൊണ്ടുപോകുക, അതായത് ശബ്ദനിയന്ത്രണത്തില്‍ കര്‍ക്കശക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം നിയന്ത്രിക്കുന്നതു പോലെ എല്ലാവര്‍ക്കും പറ്റീന്ന് വരില്ല. അപ്പോ, അങ്ങനെയുള്ള ബുദ്ധിമുട്ടൊക്കെ അനവധി ഉണ്ടായിട്ടുണ്ട്.

അതില്‍ നിന്നൊക്കെ നേരെ വിപരീതമായിരുന്നു ഹൈദരാലിയേട്ടന്‍. ശങ്കിടി പാടുന്നയാളെ ബഹുമാനിക്കണം എന്നാണ് അദ്ദേഹം പറയുക. കൂടെ പാടുമ്പോള്‍ നമുക്ക് ചെറിയ കുറവുകളൊക്കെ വന്നാല്‍ അത് നേരെയാക്കാന്‍ സഹായിക്കുകയാണ് അദ്ദേഹം ചെയ്യുക. സംഗീതത്തില്‍ അദ്ദേഹത്തില്‍ നിന്ന് പലതും നമുക്ക് കിട്ടാറുമുണ്ട്. കുറുപ്പാശാന്റെ പോലെയാണ്, അദ്ദേഹം പലയിടത്തും പലരീതിയിലാണ് പാടുക. പുതിയ പുതിയ സംഗതികളൊക്കെ ചേര്‍ക്കും. നടന്മാര്‍ക്കും വലിയ ഇഷ്ടമായിരുന്നു ഹൈദരാലിയെ, ഗോപിയാശാനൊക്കെ പ്രത്യേകിച്ചും. അവരോരോരുത്തര്‍ക്കും വേണ്ടി പാടാന്‍ കഴിയുമായിരുന്നു ഹൈദരാലിക്ക്. ഗോപിയാശാന്‍ ഹൈദരാലിയെ പ്രേത്സാഹിപ്പിച്ചിട്ടുമുണ്ട്. നിരവധി വേദികളും അങ്ങനെ ലഭിക്കുകയുണ്ടായി.

വെണ്‍മണി ഹരിദാസാണെങ്കില്‍ പറയണ്ട, സംഗീതത്തിന്റെ കലവറ തന്നെയാണ്. അങ്ങനെ പോകും പാട്ടിന്റെയൊരു സാഗരം. കൂടെപ്പാടാന്‍ ഇത്ര ബുദ്ധിമുട്ട് മറ്റൊരാളുടെ കൂടേം ഇല്ല. ചില സമയത്ത് അദ്ദേഹം പാടുന്നതൊന്നും നമുക്ക് പിടിക്കാന്‍ പറ്റില്ല. അസാധ്യമായ ആലാപനം, രാഗങ്ങളെ കുറിച്ചൊക്കെയുള്ള ധാരണ ആഴത്തിലാണെ. ചില ദിവസമൊക്കെ അദ്ദേഹത്തില്‍ നിന്ന് വരുന്ന സംഗീതം, സംഗതികള്‍, വിസ്താരം ഇതൊക്കെ മുമ്പ് കേട്ടിട്ട് തന്നെണ്ടാവില്ല. നന്നായി ചിന്തിച്ചേ ഒപ്പം പാടാനാകൂ. ഏത് കഥ പാടിയാലും, നേരത്തെ കുറുപ്പാശാനെ പറ്റി പറഞ്ഞ മാതിരിയാണ്, ഒരു പ്രത്യേകതയുണ്ടാകും. ഇന്ന കഥ എന്നൊന്നുമില്ല. കിരാതമോ, കോട്ടയം കഥയോ, ഏതും അതിസുന്ദരമായി അവതരിപ്പിക്കുന്ന ശൈലിയാണ് ഹരിദാസിന്റേത്

."" വഴി തിരിയാതെ ""ഞാന്‍ 79 ല്‍ ആരംഭിച്ചതാണ്. 33 വര്‍ഷമായി. എല്ലാ കഥകള്‍ക്കും പാടാറുണ്ട്. കീചകവധവും നളചരിതവും മറ്റുമാണ് കൂടുതലും പാടിയിട്ടുള്ളത്. കുറുപ്പാശാനുള്ള കാലത്ത് അധികവും കീചകവധത്തിനാണ് വിളിക്കുക. രാമന്‍കുട്ടിയാശാന്റെ വേഷമാവും. ആശാന്റെ വഴിയില്‍ നിന്ന് മാറാതെ അത് പിന്തുടരുകയെന്നതാണ് ലക്ഷ്യം. ഞാന്‍ ആശാന്റെ പാട്ടേ കേള്‍ക്കാറുള്ളു താനും. എല്ലാം സിഡികളിലാക്കി വച്ചിട്ടുണ്ട്. അതേ കേള്‍ക്കൂ, കാരണം അത് മറക്കരുത് എന്നൊരു ശാഠ്യമുണ്ട്. ആശാന്‍ പഠിപ്പിച്ചതേ പാടു എന്നാകിലും ഞാന്‍ പാടുമ്പോള്‍ സ്വാഭാവികമായും എന്റേതായ ചില ശൈലീകരണമൊക്കെ സ്വാഭാവികമാണല്ലോ. കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അത്തരത്തിലുള്ള ചില ശ്രമങ്ങളൊക്കെ ഇപ്പോഴും നടക്കുന്നുണ്ട്. പിന്നെ, കുറുപ്പാശാന്റെ ശിഷ്യന്‍, കുറുപ്പിനെ പോലെ പാടുന്നയാള് എന്നൊക്കെ പറയുമ്പോള്‍ ആ വഴിക്കും ആളുകള്‍ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട്, വഴി തിരിഞ്ഞ് നടത്തം ഇല്ല. അതേ പാത തന്നെയാണ്.

ആശാന്‍ പഠിപ്പിച്ചതുപോലെ, അല്ലെങ്കില്‍ ആശാന്‍ പാടുന്നതുപോലെ എനിക്ക് കുചേലവൃത്തവും നളചരിതവും കീചകവധം, സന്താനഗോപാലം എന്നിവയിലെ പദങ്ങള്‍ പാടാന്‍ കഴിയും. കാരണം ഞാന്‍ ആശാന്റെ കൂടെ പാടിയവ ഈ കഥകളാണ്. കര്‍ണശപഥം ഞാന്‍ പാടുമെങ്കിലും അതധികവും എമ്പ്രാന്ത്രിരിയുടെ കൂടെയാണ് പാടിയിട്ടുള്ളത്. അപ്പോ, ആ ഒരു സ്റ്റൈലേ വരൂ."" പാട്ട് നടന് വേണ്ടിയല്ല ""കഥകളി സംഗീത രംഗത്തേക്ക് ധാരാളം ചെറുപ്പക്കാര്‍ വരുന്നുണ്ട്. ഞങ്ങളുള്‍പ്പെടെ പഠിച്ച ഒരു രീതിയല്ല ഇപ്പോള്‍. എനിക്ക് തോന്നിയിട്ടുള്ളത് ആ പഴയ സമ്പ്രദായം തന്നെയാണ് നല്ലത് എന്നാണ്്. ഞങ്ങളെയൊക്കെ ആകര്‍ഷിച്ചത് അക്കാലത്തുള്ളവരുടെ പാട്ടാണ്, കുറുപ്പാശാന്റെ ഉള്‍പ്പെടെ. ഇപ്പോഴത്തെ പാട്ടുകാര് ശ്രദ്ധിക്കുന്നില്ല എന്നൊന്നും പറയാന്‍ കഴിയില്ല. നന്നായി പാടാന്‍ കഴിവുള്ളവരാണ്. പിന്നെയെന്താന്നു വച്ചാല്‍, പാടി കേറി കേറിയങ്ങ് പോകും, നടന് വേണ്ടിയിട്ട്. അത് നല്ല വഴക്കമല്ല. പാട്ടുകാര്‍ ശ്രുതിശുദ്ധമായിട്ട് പാടുന്നവരാണ്. വാക്കുകളൊക്കെ കുറച്ചു കൂടി ശ്രദ്ധിക്കണം. കര്‍ണാടിക് അറിയാം എന്നു കരുതി വല്ലാതെ ഇതിലേക്ക് വലിച്ചിഴക്കരുത്. പാടുന്നത് കഥകളി സംഗീതമാണ് എന്ന ബോധം കൈവിടരുത്. കാലം മാറുന്നതിനനുസരിച്ചുള്ള ആസ്വാദനരീതിയിലേക്ക് കൊണ്ടുവരുന്നതാകാം.

പണ്ട് പാടിയിരുന്നതു പോലെ പാടിയിട്ടും കാര്യമില്ല. വലിയ ഒച്ചയില്‍ മൈക്ക് പൊട്ടുമാറ് പാടാറുള്ള കാലമുണ്ടായിരുന്നു. അതൊക്കെ മാറി. ഒച്ച വക്കേണ്ടിടത്തുമാത്രം അതു മതി എന്നായി. അപ്പോ, ഇതിനെല്ലാമിടയിലുള്ള ഒരു പാതയുണ്ട്, കഥകളി സംഗീതത്തിന്. പുതിയ തലമുറയില്‍ കഥകളി സംഗീതത്തോട് നല്ല താല്‍പര്യമുള്ളവരുണ്ട്. സ്കൂള്‍ കലോത്സവം പോലുള്ളവ പൊതുവേ കഥകളി പോലുള്ള കലകള്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. നന്നായി പാടുന്ന കുട്ടികളുണ്ട് അതില്‍. ഞങ്ങള് ഇരിങ്ങാലക്കുടയില്‍ കുറുപ്പാശാന്റെ പരിപാടിക്ക് മത്സരം വയ്ക്കുകയുണ്ടായി. 15 കുട്ടികള്‍, അസ്സലായി പാടി. ക്ലാസുകളും മറ്റും നടത്താനായി യുവാക്കള് ധാരാളം വിളിക്കാറുണ്ട്.""

നാട്, വീട്


""അച്ഛന്‍ നീലകണ്ഠന്‍ നമ്പൂതിരി. കുറുപ്പാശാന്‍ ചൊവ്വൂര്‍മനയില്‍ താമസിച്ച കാലത്ത് അച്ഛനെയും പഠിപ്പിച്ചു. സന്താനഗോപാലം പാടാനാകും. അരങ്ങേറിയില്ല. ആ ടേസ്റ്റ് എനിക്കും. മകള്‍ ദീപ പാലനാട്, മകന്‍ സുധീപ് പാലനാട്. ഇരുവരും പാടും. ദീപ കച്ചേരിക്ക് പോകാറുണ്ട്. സ്കൂളില്‍ നിന്നും വലിയ പ്രോത്സാഹനം. അനുഭവങ്ങള്‍ ധാരാളം. ആദ്യം വിദേശത്ത് പോയിട്ട് വന്നപ്പോള്‍ ആലിപ്പറമ്പ് സ്കൂളില്‍ വലിയ സ്വീകരണം നല്‍കി. വാസ്തവത്തില്‍ അതിന്റെ ആവശ്യമൊന്നുമില്ല. കലാമണ്ഡലത്തില്‍ നിന്ന് പോയിവരുന്നവര്‍ക്ക് സ്വീകരണമൊന്നുമില്ലല്ലോ. ഞാന്‍ രാത്രി കഥകളി കഴിഞ്ഞ് ഒരു പിരിയഡ് വൈകിയെത്തിയാലും ഒരു വിരോധവും പ്രകടിപ്പിച്ചിട്ടില്ല മറ്റ് അധ്യാപകര്‍. മാഷ് വിശ്രമിച്ചോളൂ, ഞങ്ങള് എടുത്തോളാം എന്നേ പറയാറുള്ളൂ. എന്റെ കൈയിലുള്ള കലയാണ് അതിനു കാരണം.

പാട്ടുകാരന്‍ എന്ന നിലയില്‍ നല്ല ബഹുമാനമാണ് നാട്ടുകാര്‍ നല്‍കുന്നത്. മുസ്ലിം സമുദായത്തിലുള്ളവര്‍ ഭൂരിപക്ഷമുള്ള പ്രദേശമാണിത്. ഏറെ അടുപ്പത്തോടെയേ അവര്‍ പെരുമാറിയിട്ടുള്ളൂ. കഥകളിയെന്താന്നൊന്നും അവര്‍ക്ക് പലര്‍ക്കും അറിയില്ല. മുമ്പ് ""ഇങ്ങ്ള് എങ്ക്ടാ ഈ രാത്രീലൊക്കെ പോണേ, സഞ്ചിയൊക്കെ തൂക്കിപ്പിടിച്ച്,"" എന്നൊക്കെ അവര് ചോദിക്കും. അന്നൊന്നും ടി വി യൊന്നും ഇല്ലല്ലോ. പിന്നീടാണ് പാട്ടുകാരനാണ് എന്നൊക്കെ അവര്‍ക്ക് മനസ്സിലായത്. ഇവിടെയൊക്കെ ചില മുസ്ലിങ്ങള് കഥകളി ആസ്വാദകരുണ്ട്. ""മ്മ്ടെ അമ്പലത്തില് കഥകളി വയ്ക്കണം"" എന്നൊക്കെ അവര് പറയ്വേ. വേറൊരു രീതിയില്‍ അവര് നമ്മളെ കണ്ടിട്ടില്ല.""

""ഹൈദരാലി അവസാനം പാടിയത് ഇവിടെ കീഴാറ്റൂര് വച്ചായിരുന്നു. ഞാനും ബാബുവും ഒപ്പമുണ്ടായിരുന്നു. നളചരിതം, ഗോപിയാശാനായിരുന്നു. ""വിജനേബത.."" എന്ന പദം കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോ എന്നെ വിളിച്ചു. ഇനി പാലനാട് പാടിക്കോളൂ എന്ന് പറഞ്ഞ് ചേങ്ങില ഏല്‍പ്പിക്കുകയായിരുന്നു. പിന്നെ പാടിയിട്ടില്ല, പിറ്റേന്ന് അപകടത്തില്‍ മരിക്കുകയായിരുന്നു. അപ്പോ അന്ന്, കീഴാറ്റൂര് കഥകളി നടത്തിയത് മുസ്ലിങ്ങളായ കുറച്ച് ആസ്വാദകരുടെ മുന്‍കൈയിലായിരുന്നു. അവര് തന്നെയായിരുന്നു സ്പോണ്‍സര്‍ ചെയ്തതും. ഹൈദരാലിയുടെ പാട്ട് കേള്‍ക്കണമെന്ന ആഗ്രഹത്തിലായിരുന്നു ഉത്സാഹം. പക്ഷേ, അത് മാത്രമായിരുന്നില്ല കണ്ടത്, കഥകളി പൂര്‍ണമായും ചോദിച്ച് മനസ്സിലാക്കി ആസ്വദിക്കാന്‍ ശ്രമിച്ചവര്‍ ധാരാളമായിരുന്നു. ഹൈദരാലിയുടെ മുന്നില്‍ അനവധി ആളുകളാണ് അന്ന് കൂടിയത്. ""ങ്ങക്ക് കൊറച്ച് ചോറ് തരണന്ന്ണ്ട്, വര്വല്ലേ"" എന്നൊക്കെ നിരവധി പേര്‍ സ്നേഹത്തോടെ ഹൈദരാലിയോട് പറയുന്നത് കേട്ടു. അദ്ദേഹത്തെ കൊണ്ടുപോകാന്‍ വണ്ടിയുമായി കാത്തു നിന്നവരുമുണ്ട്. പക്ഷേ, ഹൈദരാലിയാശാന്‍ വയ്യാത്ത ഒരവസ്ഥയിലായിരുന്നതിനാല്‍ എങ്ങ്ടും പോയില്ല. അവസാനമൊക്കെ ശ്വാസംമുട്ട് കലശലായിട്ടുണ്ടായിരുന്നു. അന്നും ഇന്‍ഹെയിലര്‍ നന്നായി ഉപയോഗിക്കുന്നതു കണ്ടു. പക്ഷേ, നന്നായി പാടിയിരുന്നു അന്ന്.

ശരിക്കും അവിടത്തെ ഒരന്തരീക്ഷം എന്നു പറഞ്ഞാല്, തങ്ങളില്‍ ഒരാള്‍ കഥകളി രംഗത്ത് മിടുക്കനായതിലുള്ള അഭിമാനമായിരുന്നു. ആദ്യകാലത്ത് ഹൈദരാലി ഈ രംഗത്ത് വരുന്നതിനെ എതിര്‍ത്തവരുണ്ടായിരുന്നുവെന്നോര്‍ക്കണം. നാട്ടുകാരുടെ സ്നേഹത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ ആലാപന മേന്മയും ഒരു കാരണമായിരുന്നു. ന്റെ മുത്തച്ഛന്‍ റേഡിയോയില്‍ കഥകളി സംഗീതം വച്ച് കേള്‍ക്കാറുണ്ട്. ഹൈദരാലിയുടെ പാട്ട് കേള്‍ക്കാന്‍ മുത്തച്ഛന് വലിയ ഇഷ്ടമായിരുന്നു. ""മാപ്ലയായാലെന്താ, എത്ര സ്പഷ്ടവും ഭക്തിയോടെയുമാണ് "മാധവാ..വിഷ്ണോ.." എന്ന് പാടുന്നത്""-എന്നാണ് മുത്തച്ഛന്‍ പറയാറുള്ളത്."" അതു തന്നെയാണ് കാര്യം. പാടുന്ന ഹൃദയം മനുഷ്യന്റേതാണ്, അതില്‍ സ്നേഹമുണ്ട്, ആര്‍ദ്രതയുണ്ട്. മതമോ ജാതിയോ നോക്കിയല്ല അത്തരം കഴിവുകള്‍ കുടികൊള്ളുന്നത്. ഇത് ഹൈദരാലിയുടെ മാത്രം അനുഭവമല്ല. പാലനാട് തന്റെ മുന്നിലുള്ളവരില്‍ നിന്ന് നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്.

*
പാലനാട് ദിവാകരന്‍ / ദിനേശ്വര്‍മ ദേശാഭിമാനി വാരിക 10 മാര്‍ച്ച് 2013

No comments: