Tuesday, March 19, 2013

അവിരാമം തുടരുന്ന ബലാത്സംഗങ്ങള്‍

സ്വിറ്റ്സര്‍ലന്‍ഡില്‍നിന്ന് വിനോദയാത്രയ്ക്കെത്തിയ യുവതിയെ മധ്യപ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ വാര്‍ത്ത ഇന്ത്യയില്‍ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ഏറ്റവും ക്രൂരമായ ചിത്രമാണ് വീണ്ടും വരച്ചുകാട്ടുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ക്രിമിനല്‍ചട്ടത്തില്‍ മാറ്റം വരുത്തിയുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രമേയുള്ളൂ. ആ ബില്ലിന്റെ ഭാവിയെക്കുറിച്ചും അതിലെ വ്യവസ്ഥകളെക്കുറിച്ചും രാജ്യത്താകെ ചര്‍ച്ചചെയ്യുന്ന ഘട്ടത്തില്‍, രാജ്യത്താകെനിന്ന് വരുന്ന വാര്‍ത്തകള്‍ സ്ത്രീകളോട് കാട്ടുന്ന പൈശാചികമായ അതിക്രമങ്ങളുടേതാണ്. മധ്യപ്രദേശില്‍നിന്നുമാത്രം ഒരേദിവസം വന്നത് രണ്ട് കൂട്ടബലാത്സംഗത്തിന്റെ റിപ്പോര്‍ട്ടുകളാണ്.

വിദേശ വിനോദ സഞ്ചാരി ദമ്പതികളില്‍ ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കിയശേഷമാണ് ഭാര്യയെ അക്രമിസംഘം ബലാത്സംഗത്തിനിരയാക്കിയത്. മധ്യപ്രദേശിലെ തന്നെ ഇന്‍ഡോറില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ യാത്രാബസിലാണ് മറ്റൊരു സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായത്. ബസില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീയെ കണ്ടക്ടറും ഡ്രൈവറും മറ്റൊരാളും ചേര്‍ന്നാണ് പിച്ചിച്ചീന്തിയത്. ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ബസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്തു വിലകൊടുത്തും അവസാനിപ്പിക്കണം എന്ന ചിന്തയാണ് പൊതുസമൂഹത്തില്‍ ഉണര്‍ത്തിയത്. ആ വികാരവുമായാണ് പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത്. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമങ്ങളുടെയും സംവിധാനങ്ങളുടെയും അപര്യാപ്തത പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരില്‍നിന്നുണ്ടായതും അതിന്റെ തുടര്‍ച്ചതന്നെ. എന്നാല്‍, അതുകൊണ്ടൊന്നും സ്ത്രീപീഡനം കുറയുന്നില്ല എന്നാണ് ഡല്‍ഹി സംഭവത്തിനുശേഷം ഇടതടവില്ലാതെ വരുന്ന ബലാത്സംഗക്കേസുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന തോതില്‍ വര്‍ധിക്കുന്നത് ലൈംഗിക കുറ്റകൃത്യങ്ങളാണ്. ഏറ്റവും കുറഞ്ഞതോതില്‍ ശിക്ഷ ലഭിക്കുന്നതും അത്തരം കുറ്റങ്ങള്‍ക്കാണ് എന്നതാണ് വിരോധാഭാസം. സ്ത്രീകളെ ലൈംഗികോപകരണമായി കാണുന്ന വിപണിസംസ്കാരത്തിന്റെകൂടി ഉല്‍പ്പന്നമാണ് ഈ അവസ്ഥ. സ്ത്രീപീഡനം തടയുന്നതിന് കര്‍ക്കശമായ നിയമനിര്‍മാണം മാത്രംപോരാ; നിയമപാലനസംവിധാനവും വേണം. പാശ്ചാത്യജീവിതരീതിയെയും വസ്ത്രധാരണത്തെയും ചൂണ്ടി കുറ്റകൃത്യങ്ങളെ ലഘൂകരിക്കുന്ന ബൂര്‍ഷ്വാരാഷ്ട്രീയത്തിന്റെ യുക്തികളും തുറന്നുകാട്ടപ്പെടണം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ കര്‍ക്കശവ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്ത് പാസാക്കാന്‍ ഒരുനിമിഷവും അമാന്തിക്കരുത്.

*
ദേശാഭിമാനി മുഖപ്രസംഗം 19 മാര്‍ച്ച് 2013

No comments: