Monday, March 18, 2013

കള്ളപ്പണം വെളിപ്പിക്കല്‍ രാഷ്ട്രസമ്പദ്ഘടനയെ തകര്‍ക്കും

ഇന്ത്യയിലെ മൂന്ന് സ്വകാര്യ പുതുതലമുറ ബാങ്കുകള്‍ രാജ്യത്തും ആഗോളതലത്തില്‍ തന്നെയും നിലവിലുള്ള നിയമങ്ങള്‍ അട്ടിമറിച്ച് കള്ളപ്പണം വെളിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നു. കോബ്രാ പോസ്റ്റ് എന്ന ഓണ്‍ലൈന്‍ മാധ്യമം പുറത്തുകൊണ്ടുവന്ന വാര്‍ത്തയെപ്പോലെ തന്നെ ഞെട്ടിപ്പിക്കുന്നതാണ് സംഭവത്തെപ്പറ്റി കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെയും ബാങ്കിംഗ് മേഖലയെ നിയന്ത്രിക്കുന്ന റിസര്‍വ് ബാങ്കിന്റെയും നിസംഗപ്രതികരണം. ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ക്കുന്ന കള്ളപ്പണത്തെപ്പറ്റിയോ അത് വെളുപ്പിക്കാന്‍ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ തുടര്‍ന്നുവരുന്ന ഇടപാടുകളെപ്പറ്റിയോ സമഗ്രമായ അന്വേഷണത്തിനോ തുടര്‍നടപടികള്‍ക്കോ അവര്‍ തെല്ലും സന്നധമല്ലെന്നാണ് ആ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ആരോപണവിധേയമായ ബാങ്കുകള്‍ മധ്യനിരയിലും താഴ്ന്ന തലത്തിലുമുള്ള ഏതാനും ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിന് അവര്‍ സ്വമേധയാ നിയമിച്ചിട്ടുള്ള ഏജന്‍സികള്‍ രാജ്യ താല്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമെന്നതിന് യാതൊരുഉറപ്പോ നിയമപരമായ ബാധ്യതയോ ഇല്ലാത്ത സ്വകാര്യസ്ഥാപനങ്ങളാണ്. കള്ളപ്പണം കണ്ടെത്താനും സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാനുമുള്ള സര്‍ക്കാര്‍ ഏജന്‍സികളോ കുറ്റാന്വേഷണ വിഭാഗങ്ങളോ ഗുരുതരമായ ഈ അട്ടിമറിയെപ്പറ്റി അന്വേഷിക്കാന്‍ നിയോഗക്കപ്പെട്ടില്ല എന്നത് വിചിത്രമാണ്. കോബ്രാ പോസ്റ്റിന്റെ രഹസ്യ ഓപ്പറേഷന് നേതൃത്വം നല്‍കിയ അസോസിയേറ്റ് എഡിറ്റര്‍ ഒരു കേന്ദ്രമന്ത്രിയുടെ ഉറ്റചങ്ങാതിയായി സ്വയം പരിചയപ്പെടുത്തിയാണ് തെളിവുകള്‍ സമാഹരിച്ചതെന്നത് ശ്രദ്ധേയമാണ്. സ്വകാര്യ ബാങ്ക് കോര്‍പ്പറേറ്റുകളും യു പി എ സര്‍ക്കാരിലെ ഉന്നതരും തമ്മിലുള്ള ഉറ്റബന്ധം സുവിധിതമാണ്. കൂടുതല്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് നല്‍കാനും നിലവിലുള്ളതും പുതുതുമായ ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് മേഖലകൂടി തുറന്നു നല്‍കാനും യു പി എ സര്‍ക്കാര്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് കോബ്രാ പോസ്റ്റിന്റെ ഉല്‍കക്കണ്ഠാജനകമായ വെളിപ്പെടുത്തല്‍.

രാജ്യത്തെ ബാങ്കിംഗ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെയും അതിലെ ഉന്നത, മധ്യതല ഉദ്യോഗസ്ഥരെയും പ്രയോജനപ്പെടുത്തി അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ ആര്‍ജിച്ച 'വൃത്തികെട്ട പണം ' വെളുപ്പിക്കുന്നത് മുന്‍കാലങ്ങളില്‍ വ്യാപകമായിരുന്നു. എന്നാല്‍ അത്തരം നിയമവിരുദ്ധ ഇടപാടുകളെ നേരിടാന്‍ ആഭ്യന്തരമായും ആഗോളതലത്തിലും നിരവധി നിയമങ്ങളും സംവിധാനങ്ങളും ഇന്ന് നിലവിലുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നത് വ്യാപകമായി നടക്കണമെങ്കില്‍ ഉന്നത ബാങ്ക് മേധാവികളുടെ അറിവോടും അനുമതിയോടും കൂടിയെ കഴിയു. സ്വകാര്യ പുതുതലമുറ ബാങ്കുകള്‍ തങ്ങളുടെ നിക്ഷേപലക്ഷ്യങ്ങള്‍ കൈവരിച്ചുവെന്ന് ഉയര്‍ത്തി കാട്ടാന്‍ അത്തരം നിയമ വിരുധ ഏര്‍പ്പാടുകള്‍ക്ക് തയ്യാറാവില്ലെന്ന് കരുതാന്‍ ന്യായമില്ല. കള്ളപ്പണം വെളുപ്പിക്കാന്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക ഒറ്റത്തവണയായി അടച്ച് കറുത്തപണം വെളുപ്പിക്കാന്‍ ഐ സി ഐ സി ഐ ബാങ്ക് തങ്ങളുടെ ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ വഴി കുറ്റവാളികളെ സംരക്ഷിച്ചതിന് തെളിവുകള്‍ നിരവധിയാണ്. തങ്ങളുടെ അധികാര പദവി ദുരുപയോഗം ചെയ്ത് അഴിമതിയിലൂടെ കോടികള്‍ സമാഹരിച്ച മധ്യപ്രദേശ് കേഡറിലെ ഐ എ എസ് ദമ്പതികള്‍ ടിനു ജോഷി, അരവിന്ദ് ജോഷി ദമ്പതികളുടെ കേസ് ഇത്തരം ഇടപാടുകളാണ് തുറന്നു കാട്ടുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത ഐ എ എസ് ദമ്പതികളുടെ സ്വകാര്യ സമ്പാദ്യം 6.62 കോടി രൂപയായിരുന്നു. ഇതില്‍ 3.24 കോടി രൂപ ഐ സി ഐ സി ഐ പ്രുഡന്‍ഷ്യലിലൂടെ വെളിപ്പിച്ചെടുത്തതാണെന്ന് തെളിയിക്കപ്പെട്ടിരുന്നു. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഇത്തരം ക്രമക്കേടുകള്‍ നിയന്ത്രിക്കാന്‍ നിരവധി നിബന്ധനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്കിംഗ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലെ 'അകത്തെ ആളുകള്‍' തന്നെ ഈ നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുമ്പോള്‍ നിയമങ്ങളും നിബന്ധനകളും യഥേഷ്ടം അട്ടിമറിക്കപ്പെടുന്നത് തികച്ചും സ്വാഭാവികം മാത്രം.

അഴിമതി, മയക്കുമരുന്നു കടത്ത്, നിയമ വിരുദ്ധ രാഷ്ട്രാന്തര വാണിജ്യ ഇടപാടുകള്‍, നികുതി വെട്ടിപ്പ് തുടങ്ങിയ സ്രോതസുകളിലൂടെ അര്‍ജിക്കുന്നതാണ് കള്ളപ്പണം. ലോകത്ത് ഏറ്റവും അധികം കള്ളപ്പണം കുന്നുകൂട്ടിയിട്ടുള്ളവരില്‍ ഇന്ത്യക്കാര്‍ മുന്‍നിരയിലാണ്. ഉന്നത രാഷ്ട്രീയ നേതാക്കളുടെയും വമ്പന്‍ വ്യവസായികളുടെയും വലിയൊരു നിര ഇത്തരക്കാരുടെ പട്ടികയിലുണ്ട്. അവരെ കുറിച്ചുള്ള വസ്തുതകള്‍ വെളിപ്പെടുത്താനോ അനേക ദശലക്ഷം കോടി വരുന്ന തുകകള്‍ രാജ്യത്ത് തിരിച്ചു കൊണ്ടുവരാനോ ഗവണ്‍മെന്റ് സന്നദ്ധമല്ല. മാത്രമല്ല, അത്തരം കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നയമാണ് യു പി എ സര്‍ക്കാര്‍ നിര്‍ലജ്ജം അനുവര്‍ത്തിച്ചു വരുന്നത്. ആ നയത്തിന്റെ ബഹിര്‍സ്ഫുരണമാണല്ലൊ ധനമന്ത്രിയുടെ പുതിയ സാമ്പത്തിക ബജറ്റില്‍ അതിസമ്പന്നരുടെ മേല്‍ നികുതി ചുമത്താന്‍ കാണിച്ച വൈമനസ്യത്തിലും കോര്‍പ്പറേറ്റുകള്‍ക്ക് പുതുതായി പ്രഖ്യാപിച്ച നികുതി ഇളവുകളിലും പ്രതിഫലിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് പുതിയ ബാങ്കിംഗ് ലൈസന്‍സുകള്‍ അനുവദിക്കാനുള്ള നീക്കവും ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് മേഖലയില്‍ കടന്നുവരാന്‍ അനുമതി നല്‍കലും കള്ളപ്പണം വെളുപ്പിക്കലെന്ന ഈ രാഷ്ട്ര വിരുദ്ധ, ജനവിരുദ്ധ നടപടിക്ക് കൂടുതല്‍ വിപുലമായ പ്രോത്സാഹനമായി മാറും. കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക അട്ടിമറികളെ തടയാന്‍ കൊണ്ടുവന്ന ബാങ്കിംഗ്  ദേശസാല്‍ക്കരണവും ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലകളെ വേര്‍പെടുത്തലും ലക്ഷ്യം വച്ച രാഷ്ട്രീയ സാമ്പത്തിക മുന്‍കരുതലുകളാണ് ഈ നവഉദാരീകരണ നയം തകര്‍ക്കുക. അതിനെതിരെ നിതാന്ത ജാഗ്രതയും വിപുലമായ ജനകീയ ചെറുത്തു നില്‍പും അനിവാര്യമായിരിക്കുന്നു.

*
ജനയുഗം മുഖപ്രസംഗം

No comments: