Saturday, March 16, 2013

ആവര്‍ത്തിക്കുന്ന അബദ്ധം

ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് പ്രസംഗത്തിലൂടെ വികസനമുരടിപ്പിന്റെയും രൂക്ഷവിലക്കയറ്റത്തിന്റെയും അനുസ്യൂതമായ തുടര്‍ച്ചയുണ്ടാകുമെന്ന പ്രഖ്യാപനമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയത്. ധനകമ്മി കുറച്ചുകാട്ടി നടത്തിയ അഭ്യാസത്തിനും ജനപ്രിയമെന്ന് തോന്നിക്കുന്ന ഏതാനും പ്രഖ്യാപനത്തിനുമപ്പുറം കേരളത്തെ മുന്നോട്ടുനയിക്കാന്‍ കെല്‍പ്പുള്ള കാഴ്ചപ്പാടോ നിശ്ചയദാര്‍ഢ്യമോ ബജറ്റില്‍ കാണാനില്ല. സംസ്ഥാനം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം വിലക്കയറ്റത്തിന്റേതും വികസനത്തിന്റേതുമാണ്. കേന്ദ്ര യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന നവലിബറല്‍ നയങ്ങളുടെ ആഘാതത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കൃഷിയെയും വ്യവസായത്തെയും രക്ഷിച്ചുനിര്‍ത്തുന്നതെങ്ങനെ എന്ന സമസ്യയാണ് കേരളത്തെ സ്നേഹിക്കുന്ന ഒരു സര്‍ക്കാരിനെ അലട്ടേണ്ടത്. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും സംസ്ഥാന വൈദ്യുതി ബോര്‍ഡിനും എങ്ങനെ ഓക്സിജന്‍ നല്‍കി ജീവന്‍ രക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ നൂറുകോടി രൂപ നീക്കിവച്ചു എന്ന ധനമന്ത്രിയുടെ പ്രഖ്യാപനം കേട്ട് നൈരാശ്യത്തോടെ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് സഭയില്‍ കൈമലര്‍ത്തിക്കാട്ടിയത് വ്യക്തമായ സൂചനയാണ്. കോട്ടയത്തിനും മലപ്പുറത്തിനും വേണ്ടിയുള്ള ബജറ്റാണിതെന്ന ആര്യാടന്റെ വിലയിരുത്തല്‍, അതിന്റെ കേവലമായ അര്‍ഥത്തിലെടുത്താല്‍പ്പോലും യുഡിഎഫ് സര്‍ക്കാരിന്റെ സങ്കുചിതസമീപനത്തെ സൂചിപ്പിക്കുന്നു.

മുന്‍ബജറ്റില്‍ സംസ്ഥാനത്തിന്റെ നികുതിവരുമാനമായി 32,122 കോടി രൂപ പിരിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച മാണി, ഇപ്പോള്‍ വയ്ക്കുന്നത് 31,702 കോടിമാത്രം പിരിക്കാനായ കണക്കാണ്. നികുതിവിഹിതവും ഗ്രാന്റുമുള്‍പ്പെടുന്ന കേന്ദ്ര ട്രാന്‍സ്ഫറായി 12,553 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ പ്രതീക്ഷിച്ച മാണി, പുതുക്കിയ എസ്റ്റിമേറ്റുപ്രകാരം വാങ്ങിയെടുത്ത തുക 12,108 കോടിമാത്രമാണ്. അവകാശവാദങ്ങളും യാഥാര്‍ഥ്യവും തമ്മിലുള്ള ഈ അന്തരം കൂടുതല്‍ വലുതാകുന്നതിന്റെ സൂചനകളാണ് പുതിയ ബജറ്റില്‍ നിറഞ്ഞുനില്‍ക്കുന്നത്.

വാറ്റ് നികുതി ഒരു ശതമാനം ഉയര്‍ത്തിയതിന്റെ ഫലമായി സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് അധികമായി പിരിച്ചെടുക്കുന്നത് 1100 കോടി രൂപയാണ്. ഇതുമൂലം അത്യപൂര്‍വമായവയൊഴികെ മറ്റെല്ലാ ഉല്‍പ്പന്നങ്ങളുടെയും വില ഉയരാന്‍ പോകുകയാണ്. അവശ്യസാധനങ്ങളുടെയും നിര്‍മാണസാമഗ്രികളടക്കമുള്ളവയുടെയും വിലക്കയറ്റം കൂടുതല്‍ ഉയരത്തിലെത്തും. കഴിഞ്ഞവര്‍ഷവും വാറ്റ് വര്‍ധനയിലൂടെ ഖജനാവ് നിറയ്ക്കാനാണ് മാണിയുടെ ബജറ്റ് ശ്രമിച്ചത്. അതിന്റെകൂടി ദുരന്തമാണ് ഇന്ന് കേരളം അനുഭവിക്കുന്ന തീക്ഷ്ണമായ വിലക്കയറ്റം. ഇത്തവണ അതേരീതി ആവര്‍ത്തിക്കുമ്പോള്‍, നികുതിനിരക്ക് വര്‍ധിപ്പിക്കാതെതന്നെ നികുതിവരുമാനം ശരാശരി 20 ശതമാനംവച്ച് വര്‍ധിപ്പിച്ചിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അനുഭവം ധനമന്ത്രി മറന്നുപോവുകയാണ്. നിയമപ്രകാരം കേരളത്തിന് അനുവദിക്കപ്പെട്ട ധനകമ്മിയുടെ പരിധി വിസ്മരിച്ചതിലൂടെ ഇപ്പോള്‍ ചെലവാക്കാന്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവാക്കാനുള്ള സാധ്യതയാണ് മാണി അടച്ചുകളഞ്ഞത്. അതിന്റെ ഫലം, വികസനപ്രവര്‍ത്തനങ്ങള്‍ ഒട്ടും മുന്നോട്ടുപോകില്ല എന്നതാണ്. നടപ്പുവര്‍ഷം ജിഎസ്ഡിപി (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോല്‍പ്പാദനം)യുടെ 0.89 ശതമാനമാക്കി റവന്യൂകമ്മി കുറയ്ക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ ഉഗ്രപ്രഖ്യാപനം നടത്തിയ മാണിക്ക്, 0.94 ശതമാനത്തില്‍നിന്ന് താഴോട്ടിറങ്ങാന്‍ കഴിഞ്ഞില്ല. ജിഎസ്ഡിപിയുടെ 2.74 ശതമാനത്തിലേക്കെത്തിക്കുമെന്ന് പ്രഖ്യാപിച്ച റവന്യൂകമ്മിയാകട്ടെ 3.12 ശതമാനത്തില്‍ തട്ടിയാണ് നില്‍ക്കുന്നത്. കമ്മിസംബന്ധിച്ച് മാണി ഉയര്‍ത്തുന്ന തര്‍ക്കങ്ങളുടെ അര്‍ഥശൂന്യതയാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, കടംവാങ്ങിയും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്ന സമീപനമാണ് ഉയര്‍ത്തിപ്പിടിച്ചിരുന്നത്. അന്ന് കമ്മിക്കെതിരായി മാണി നടത്തിയ പ്രസംഗങ്ങളെ സാധൂകരിക്കാനുള്ള ഒരു കണക്കും ഇപ്പോള്‍ അദ്ദേഹത്തിന്റെ കൈയിലില്ല. കടം ജിഎസ്ഡിപിയുടെ 25.86 ശതമാനത്തിലേക്കെത്തിക്കുമെന്ന പ്രതീക്ഷ തകര്‍ന്ന്, 27.87ല്‍തന്നെ നില്‍ക്കുകയാണെന്ന യാഥാര്‍ഥ്യവും ഓര്‍ക്കേണ്ടതുണ്ട്.

പുതുതായി നിയമിക്കപ്പെടുന്നവരുടെ പെന്‍ഷന്‍പ്രായം അറുപതാക്കുമെന്ന ഭാഗം സഭയില്‍ പറയാതെ വിട്ടുകളഞ്ഞത് മന്ത്രിക്കുപറ്റിയ അബദ്ധമായി കരുതാനാകില്ല. അത് നിഷ്കളങ്കമായ തീരുമാനമാണെന്ന് പറയാനുമാകില്ല. നിയമസഭയെയും ജനങ്ങളെയും നോക്കുകുത്തികളാക്കി എക്സിക്യൂട്ടീവ് തീരുമാനങ്ങളിലൂടെ ജനവിരുദ്ധനയങ്ങള്‍ തുടര്‍ച്ചയായി നടപ്പാക്കുന്ന സര്‍ക്കാരിന് കൂടുതല്‍ എന്തൊക്കെയോ ചെയ്യാനുള്ള മറയായിമാത്രമേ ഈ തീരുമാനത്തെ വിലയിരുത്താനാകൂ. ബജറ്റ് തുടര്‍ച്ചയാണ്. മുന്‍ബജറ്റില്‍ നല്‍കിയ വാഗ്ദാനങ്ങളും നടത്തിയ പ്രഖ്യാപനങ്ങളും എന്തായി എന്ന പരിശോധനയുടെ ഘട്ടവുമാണ്. ഇതേധനമന്ത്രി കഴിഞ്ഞവര്‍ഷം ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച 253 പദ്ധതികളില്‍ നൂറ്റമ്പതിലേറെ ഇനങ്ങള്‍ക്ക് ഇന്നും ധനവകുപ്പ് ഭരണാനുമതി നല്‍കിയിട്ടില്ലെന്ന വിചിത്രമായ ചിത്രമാണ് ആ പരിശോധനയില്‍ കാണുന്നത്. കൃഷി, വ്യവസായം, അടിസ്ഥാനസൗകര്യവികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. കാര്‍ഷികമേഖലയില്‍ പ്രഖ്യാപിച്ച റൈസ് ബയോ പാര്‍ക്ക്, നാളികേര ബയോപാര്‍ക്ക്, ഗ്രീന്‍ ഹൗസ്- ഇങ്ങനെ ഒട്ടേറെ പ്രഖ്യാപനങ്ങള്‍. ഒന്നിനും ആ പ്രസംഗത്തിനപ്പുറം ആയുസ്സുണ്ടായില്ല. കാര്‍ഷികപ്രതിസന്ധിക്ക് ഹൈടെക് പരിഹാരം പ്രഖ്യാപിച്ച അതേനാവില്‍നിന്നാണ് ഒരുവര്‍ഷത്തിനുശേഷം ഒന്നുംചെയ്യാതെ കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്ന പ്രഖ്യാപനമുണ്ടാകുന്നത്.

കുറെയേറെ പദ്ധതികള്‍ ഭാവനാസമ്പന്നമെന്ന് തോന്നിക്കുംവിധം ഇത്തവണയും പ്രഖ്യാപിച്ചിട്ടുണ്ട്; ആവര്‍ത്തിച്ചിട്ടുണ്ട്. അതിവേഗ റെയില്‍ കോറിഡോര്‍, ഇടുക്കി- വയനാട് ജില്ലകളിലെ വിമാനത്താവളം, വിമാനത്താവളം ഇല്ലാത്ത ജില്ലകളില്‍ എയര്‍ സ്ട്രിപ്പ്, തിരുവനന്തപുരം മോണോ റെയില്‍, കുട്ടനാട്ടും പാലക്കാട്ടും റൈസ് ബയോപാര്‍ക്ക്- ഇങ്ങനെ അനേകം പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ തെളിഞ്ഞുകിടക്കുന്നു. ഏതൊക്കെ എവിടംവരെ എത്തി എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഒട്ടുമിക്ക പദ്ധതികളും അപ്പോള്‍ത്തന്നെ സര്‍ക്കാര്‍ മറന്നു. തന്റെ പതിനൊന്നാമത്തെ ബജറ്റാണ് കെ എം മാണി അവതരിപ്പിച്ചത്. മുന്‍ബജറ്റുകളിലേതെന്നപോലെ വലതുപക്ഷ സ്വഭാവമാണ് ഈ ബജറ്റിനും. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നവലിബറല്‍ നയങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഇന്ധനംതന്നെയാണ് ഈ ബജറ്റ് പകര്‍ന്നുനല്‍കുന്നത്. അതുകൊണ്ടുതന്നെ ഇതിന്, കേരളത്തിലെ ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കാനുള്ള ശേഷിയില്ല.

*
ദേശാഭിമാനി മുഖപ്രസംഗം 16 മാര്‍ച്ച് 2013

No comments: