Monday, March 18, 2013

യുപിഎയ്ക്ക് പ്രതിസന്ധിയായി രണ്ടാം ബൊഫോഴ്സ്

രാജ്യത്തെ വിവിഐപികളുടെ ഉപയോഗത്തിനായി 12 ആഡംബര ഹെലികോപ്ടറുകള്‍ വാങ്ങുന്നതിന് യുപിഎ സര്‍ക്കാര്‍ ഒപ്പുവെച്ച 3546 കോടി രൂപയുടെ കരാര്‍ രണ്ടാം ബൊഫോഴ്സായി കോണ്‍ഗ്രസിനെ ചുറ്റിവരിയുകയാണ്. ബ്രിട്ടീഷ് കമ്പനിയായ അഗസ്ത വെസ്റ്റ്ലാന്‍ഡില്‍ നിന്നാണ് 12 ഹെലികോപ്ടറുകള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. ഇടപാടിന്റെ മറവില്‍ 362 കോടി രൂപ കോഴപ്പണമായി ഒഴുകിയെന്ന് ഇറ്റാലിയന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. രാജ്യത്ത് ആരൊക്കെ കോഴ വാങ്ങിയെന്ന വലിയ ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി പറയേണ്ടത്.

രാഹുല്‍ ഗാന്ധിയുടെ സെക്രട്ടറി കനിഷ്ക സിങ്ങുള്‍പ്പെടെ കോണ്‍ഗ്രസിലെ പല വമ്പന്‍മാരുടെയും പേരുകള്‍ ഇതിനോടകം കോഴ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകഴിഞ്ഞു. ഇടപാട് റദ്ദാക്കാനുള്ള പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉള്‍പ്പെടെ പല കേന്ദ്രമന്ത്രിമാരും രംഗത്തുവന്നതോടെ കോണ്‍ഗ്രസിനുള്ളില്‍ കലഹസ്വരങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ കാണുന്നതില്‍ നിന്നും പ്രതിരോധ മന്ത്രി എ കെ ആന്റണിയെ പ്രധാനമന്ത്രി വിലക്കുക കൂടി ചെയ്തതോടെ സര്‍ക്കാരിനെ സംബന്ധിച്ച് കാര്യങ്ങള്‍ കൈവിടുകയാണ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ഏറ്റവും പ്രതിരോധത്തിലാവുക അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടിന്റെ പേരിലാകും. പൂര്‍ണമായും അഴിമതിയില്‍ മുങ്ങിയതാണ് യുപിഎ ഭരണമെന്ന ആക്ഷേപം ഹെലികോപ്ടര്‍ ഇടപാടിലൂടെ കൂടുതല്‍ ശരിവെയ്ക്കപ്പെടുകയാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വിവിഐപികള്‍ക്ക് ഉപയോഗിക്കേണ്ട ആഡംബര ഹെലികോപ്ടറുകളുടെ നടത്തിപ്പ് ചുമതല വ്യോമസേനയ്ക്കാണ്. എംഐ- എട്ട് ഹെലികോപ്ടറുകളായിരുന്നു ഇന്ത്യയില്‍ വിവിഐപി യാത്രകള്‍ക്ക് ഉപയോഗിച്ചിരുന്നത്. രാത്രികാലങ്ങളിലും മോശപ്പെട്ട കാലാവസ്ഥയിലും ഈ ഹെലികോപ്ടര്‍ എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യമുയര്‍ന്നതോടെയാണ് കൂടുതല്‍ ആധുനികമായ ഹെലികോപ്ടറെന്ന നിര്‍ദേശത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. രണ്ടായിരം മീറ്ററിലധികം ഉയരത്തില്‍ എംഐ- എട്ടിന് പറക്കാനാവില്ലെന്നതും ന്യൂനതയായി. മാത്രമല്ല ഈ ഹെലികോപ്ടറുകളുടെ സാങ്കേതികമായ സമയപരിധി പൂര്‍ത്തിയായി തുടങ്ങിയതും ബദല്‍മാര്‍ഗങ്ങള്‍ ആരായാന്‍ വ്യോമസേനയെ നിര്‍ബന്ധിതമാക്കി.

എന്‍ഡിഎ കാലത്താണ് എംഐ-എട്ടിന് പകരക്കാരനെ തേടിതുടങ്ങിയത്. 2002 ല്‍ ആഗോള ടെണ്ടര്‍ വിളിച്ചപ്പോള്‍ നാലുകമ്പനികള്‍ പ്രതികരിച്ചു. എന്നാല്‍ പ്രാഥമിക വിലയിരുത്തലുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നത് ഒരു കമ്പനി മാത്രമെന്ന അവസ്ഥയിലേക്ക് ചുരുങ്ങി. ഇതോടെ അന്ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ബ്രജേഷ് മിശ്ര മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചു. ഒരു കമ്പനിയെ മാത്രം ആശ്രയിക്കേണ്ടി വരുന്നത് ഒഴിവാക്കാനെന്ന ന്യായമാണ് ബ്രജേഷ് മിശ്ര മുന്നോട്ടുവെച്ചത്. ഹെലികോപ്ടറിന് കൈവരിക്കാവുന്ന ഉയരപരിധിയിലും മറ്റ് മാനദണ്ഡങ്ങളിലുമൊക്കെ മാറ്റംവരുത്താനായിരുന്നു നിര്‍ദേശം. വ്യോമസേനയും എസ്പിജിയും പ്രതിരോധ മന്ത്രാലയവും പ്രധാനമന്ത്രി കാര്യാലയവുമെല്ലാം വിശദമായി ഈ വിഷയം ചര്‍ച്ചചെയ്തു. ഇതിനിടെ എന്‍ഡിഎ ഭരണം മാറി യുപിഎ അധികാരത്തില്‍ വന്നു. വിവിഐപി ഹെലികോപ്ടറുകളുടെ ചര്‍ച്ച ഈ ഘട്ടത്തിലും തുടര്‍ന്നു. ഒടുവില്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി പുതിയ ടെണ്ടര്‍ വിളിക്കാന്‍ 2006 സെപ്തംബറില്‍ ധാരണയായി. ഈ ഘട്ടത്തില്‍ പ്രണബ് മുഖര്‍ജിക്ക് പകരക്കാരനായി എ കെ ആന്റണി പ്രതിരോധ മന്ത്രി സ്ഥാനത്ത് അവരോധിതനായി. തുടക്കത്തില്‍ എട്ട് ഹെലികോപ്ടറുകള്‍ വാങ്ങാനായിരുന്നു ധാരണയെങ്കില്‍ ആന്റണിയുടെ കാലത്ത് ഇത് 12 ആയി ഉയര്‍ന്നു. ടെണ്ടറില്‍ അമേരിക്കന്‍ കമ്പനിയായ സികോര്‍സ്കി, ബ്രിട്ടീഷ് കമ്പനിയായ അഗസ്ത വെസ്റ്റ്ലാന്‍ഡ്, റഷ്യന്‍ കമ്പനിയായ റൊസൊബൊറോണ്‍ എന്നീ കമ്പനികള്‍ അവസാന റൗണ്ടിലെത്തി. സാങ്കേതികമായ കാരണങ്ങളാല്‍ റൊസോബൊറോണ്‍ തഴയപ്പെട്ടു. വ്യോമസേനാ ഉദ്യോഗസ്ഥരുടെ പറക്കല്‍ പരിശോധനയും സാങ്കേതിക പരിശോധനകളും പൂര്‍ത്തിയായപ്പോള്‍ അഗസ്ത വെസ്റ്റ്ലാന്‍ഡിനാണ് മേല്‍കൈ ലഭിച്ചത്.

2008-09 കാലയളവില്‍ വില സംബന്ധിച്ച ചര്‍ച്ചകള്‍ തുടര്‍ന്നു. 3546 കോടി രൂപയ്ക്ക് കരാര്‍ ഒപ്പിടാമെന്ന നിര്‍ദേശം സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസമിതിയും കേന്ദ്രമന്ത്രിസഭയും ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. 2010 ഫെബ്രുവരി എട്ടിന് 12 എ ഡബ്ള്യൂ 101 ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചു. അഗസ്ത വെസ്റ്റ്ലാന്‍ഡ് കമ്പനിയുമായാണ് സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചതെങ്കിലും പണം പോകുന്നത് ഈ കമ്പനിയുടെ മാതൃസ്ഥാപനമായ ഇറ്റലിയിലെ ഫിന്‍മെക്കാനിക്ക കമ്പനിയ്ക്കാണ്. ഇറ്റലിയില്‍ പൊതുമേഖലയിലുള്ള പ്രതിരോധ സ്ഥാപനമാണ് ഫിന്‍മെക്കാനിക്ക. ഇവരുടെ ഉപകമ്പനിയായ അഗസ്ത വെസ്റ്റ്ലാന്‍ഡ് ബ്രിട്ടന്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടനില്‍ ഏതാണ്ട് അയ്യായിരത്തോളം പേര്‍ ഈ കമ്പനിയില്‍ ജോലിയെടുക്കുന്നു. കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത് ഇറ്റലിയിലാണെങ്കിലും ഇതിന്റെ പേരില്‍ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ ക്ഷീണം ബ്രിട്ടീഷ് കമ്പനിയായ അഗസ്ത വെസ്റ്റ്ലാന്‍ഡിന് തന്നെയാണ്. മാത്രമല്ല കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തുമെന്ന ഭീഷണിയും ഇന്ത്യ ഉയര്‍ത്തിയിട്ടുണ്ട്. കരാര്‍ നേടിയെടുക്കാന്‍ ഇന്ത്യയില്‍ കോഴപ്പണം മുടക്കിയെന്ന ആരോപണത്തിന്റെ പേരില്‍ ഫിന്‍മെക്കാനിക്ക സിഇഓ ഗിസപ്പെ ഒര്‍സി ഇറ്റലിയില്‍ അറസ്റ്റിലായതോടെയാണ് ഹെലികോപ്ടര്‍ ഇടപാട് സജീവ ചര്‍ച്ചയായത്.

ഹെലികോപ്ടര്‍ ഇടപാടിന് പിന്നില്‍ കോഴ കൈമാറ്റം നടന്നിട്ടുണ്ടെന്ന് ഫിന്‍മെക്കാനിക്കയിലെ തന്നെ ചില മുന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതോടെയാണ് ഇറ്റലി ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്. 2010 ല്‍ തന്നെ കോഴ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും കേന്ദ്രസര്‍ക്കാരും ആന്റണിയും അനങ്ങിയില്ല. ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്ത വന്നു തുടങ്ങിയതോടെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കപ്പെട്ടു. ആഭ്യന്തരമായ അന്വേഷണം നടത്തുന്നുണ്ടെന്നായിരുന്നു ആന്റണിയുടെ മറുപടി. വിശദാംശങ്ങള്‍ ആരാഞ്ഞ് ഇറ്റലിക്കും ബ്രിട്ടനും വിദേശമന്ത്രാലയം മുഖേന ഏതാനും കത്തുകള്‍ അയച്ചതൊഴിച്ചാല്‍ മറ്റ് നടപടിയൊന്നുമുണ്ടായില്ല. ഇടപാട് വിശദമായി അന്വേഷിച്ച് ഇറ്റാലിയന്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഫിന്‍മെക്കാനിക്ക മേധാവി അറസ്റ്റിലായത്. ഇതറിഞ്ഞതിന് പിന്നാലെ ആന്റണി സിബിഐ അന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തോളം എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന ചോദ്യത്തിന് ആന്റണിക്ക് മറുപടിയില്ല. ഇറ്റാലിയന്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള 64 പേജ് വരുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ കോഴപ്പണം കൈമാറിയതിന്റെ കൃത്യമായ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. 362 കോടി രൂപ കോഴയായി നല്‍കാമെന്ന് ഏറ്റതില്‍ 217 കോടിയും വിതരണം ചെയ്തുകഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രധാന ഇടനിലക്കാരുടെ ഫോണ്‍ സംഭാഷണമടക്കം പൊലീസ് തെളിവായി നിരത്തുന്നുണ്ട്.

ബ്രിട്ടീഷ് പൗരന്‍ ക്രിസ്ത്യന്‍ മിഷലും ഇറ്റാലിയന്‍ ഇടനിലക്കാരന്‍ ഗിഡോ റാല്‍ഫ് ഹാഷ്ക്കെയുമാണ് പ്രധാന ദല്ലാളുമാര്‍. ആകെ കോഴപ്പണത്തിന്റെ 60 ശതമാനം ക്രിസ്ത്യന്‍ മിഷലാണ് കൈമാറിയത്. മിഷലിന്റെ അച്ഛന്‍ വൂള്‍ഫ്ഗാങ് മാക്സ് മിഷല്‍ റിച്ചാര്‍ഡ് എണ്‍പതുകളിലും തൊണ്ണൂറുകളിലും കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയായിരുന്നു. ഇന്ത്യയില്‍ ഒട്ടനവധി ബിസിനസ് താല്‍പ്പര്യങ്ങളുള്ള വൂള്‍ഫ്ഗാങ്ങിന് റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബിസിനസ് ഇടപാടുകളുണ്ട്. അതീവ സമ്പന്നനെങ്കിലും മുഖ്യധാരയില്‍ നിന്ന് വിട്ടുമാറി ജീവിച്ച വൂള്‍ഫ്ഗാങ് കഴിഞ്ഞ ആഗസ്തില്‍ തന്റെ 84-ാം വയസ്സില്‍ അന്തരിച്ചു. കഴിഞ്ഞ കുറേ വര്‍ഷമായി വൂള്‍ഫ്ഗാങ്ങിന്റെ ബിസിനസുകള്‍ മകന്‍ ക്രിസ്ത്യന്‍ മിഷലാണ് നോക്കിനടത്തിയിരുന്നത്. പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ യൂറോപ്യന്‍ കമ്പനികള്‍ക്ക് വേണ്ടി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ദല്ലാള്‍ ജോലിയാണ് മിഷല്‍ കുടുംബം മുഖ്യമായും ചെയ്തുവരുന്നത്. പ്രതിരോധ സാമഗ്രികള്‍ കൂടുതലായും ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയാണ് ഇവരുടെ മുഖ്യപ്രവര്‍ത്തന കേന്ദ്രം. എണ്‍പതുകളുടെ പകുതി മുതല്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമാണ് മിഷല്‍ കുടുംബം പുലര്‍ത്തുന്നതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. അനധികൃതഇടപാടുകള്‍ ഒട്ടേറെ നടത്തുന്നത് കൊണ്ടുതന്നെ മുഖ്യധാരയില്‍ നിന്നൊഴിഞ്ഞാണ് മിഷലിന്റെ പ്രവര്‍ത്തനങ്ങള്‍. പ്രതിരോധ മന്ത്രാലയത്തില്‍ സ്വതന്ത്രമായി കയറിഇറങ്ങുകയും മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന മിഷലിന്റെ ഒരു ഫോട്ടോ പോലും എവിടെയും ലഭ്യമല്ല. ഇയാളുടേതായി ഏതെങ്കിലും കമ്പനി നിലവിലുള്ളതായും എവിടെയും വിവരമില്ല. ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളിലും വന്‍ രാഷ്ട്രീയസ്വാധീനമുള്ള മിഷല്‍ കുടുംബം യുകെയില്‍ ലേബര്‍പാര്‍ടിയുടെ പ്രധാന വരുമാന സ്രോതസ്സാണ്. കോഴപ്പണമായ 362 കോടിയില്‍ 210 കോടിയാണ് ക്രിസ്ത്യന്‍ മിഷല്‍ വഴി അഗസ്ത വെസ്റ്റ്ലാന്‍ഡ് കമ്പനി വിതരണം ചെയ്തത്. ഈ പണം ആര്‍ക്കൊക്കെയാണ് നല്‍കിയതെന്ന് മിഷല്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അഗസ്ത വെസ്റ്റ്ലാന്‍ഡിന് പുറമെ മറ്റുപല വിദേശ പ്രതിരോധ കമ്പനികളുടെയും ഇന്ത്യയിലെ ഇടനിലക്കാരനാണ് മിഷല്‍. ഇന്ത്യ അടുത്തുതന്നെ ഒപ്പുവെയ്ക്കാന്‍പോകുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ ഇടപാടിലും ഇടനിലക്കാരനാണ് മിഷല്‍. ഫ്രാന്‍സിലെ ദസൗള്‍ട്ട് കമ്പനിയില്‍ നിന്ന് റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ ഏര്‍പ്പെടാന്‍ പോകുന്ന കരാര്‍ ആയിരം കോടി യുഎസ് ഡോളറിന്റേതാണ് (ഏതാണ്ട് 53500 കോടി രൂപ). ഈ ഇടപാടിലും മുഖ്യഇടനിലക്കാരന്‍ മിഷലാണ്. ദസൗള്‍ട്ടില്‍ നിന്ന് നേരത്തെ ഇന്ത്യ മിറാഷ് യുദ്ധവിമാനങ്ങള്‍ വാങ്ങിയപ്പോഴും മിഷലായിരുന്നു ഇടനിലക്കാരന്‍. കമീഷന്‍ പറഞ്ഞതുപോലെ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ദസൗള്‍ട്ടിനെതിരെ മിഷല്‍ നിയമനടപടികള്‍ ആരംഭിച്ചിരുന്നു. ഇടനിലക്കാരില്‍ രണ്ടാമനായ ഹാഷ്ക്കെയ്ക്കും കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമാണ്. രാഹുലിന്റെ സെക്രട്ടറി കനിഷ്ക്ക സിങ്ങിന്റെ കുടുംബവക കമ്പനിയായ എമ്മാര്‍ എംജിഎഫില്‍ ഡയറക്ടര്‍ പദവിയില്‍ ഹാഷ്ക്കെ എത്തിയതില്‍ നിന്ന് ഇത് വ്യക്തം.

റിയല്‍എസ്റ്റേറ്റ് രംഗത്ത് ഒരു പരിചയവുമില്ലാത്ത ഒരു വിദേശിയെ എന്തിന് ഡയറക്ടറാക്കിയെന്ന ചോദ്യത്തിന് എമ്മാര്‍ ഇതുവരെ വിശ്വസനീയമായ വിശദീകരണം നല്‍കിയിട്ടില്ല. നിലവില്‍ ഇറ്റാലിയന്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇരുവരെയും വിശദമായി ചോദ്യംചെയ്തു വരികയാണ്. ഹെലികോപ്ടര്‍ കുംഭകോണ ഇടപാടില്‍ കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയുടെ പങ്കന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംപി കിരിത് സോമയ്യ സിബിഐക്ക് കത്തയച്ചിട്ടുണ്ട്. രാഹുലിന്റെ വിശ്വസ്തനായ സെക്രട്ടറി കനിഷ്ക സിങ്ങിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് മുന്‍എംപിയുടെ ആവശ്യം. കോടികള്‍ മറിയുന്ന പ്രതിരോധ ഇടപാടുകള്‍ക്കെല്ലാം അന്തിമാനുമതി സോണിയഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജന്‍പഥില്‍ നിന്നാണെന്ന പ്രചാരണം സജീവമായി നില്‍ക്കെയാണ് ഹെലികോപ്ടര്‍ ഇടപാടില്‍ കനിഷ്ക സിങ്ങിന്റെ പങ്കാളിത്തം അന്വേഷണ വിധേയമാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്. കനിഷ്ക സിങ്ങിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള എമ്മാര്‍ എംജിഎഫ് എന്ന റിയല്‍എസ്റ്റേറ്റ് കമ്പനിക്ക് ഹെലികോപ്ടര്‍ ഇടപാടിലൂടെ നേട്ടമുണ്ടായിട്ടുണ്ടെന്ന് കിരിത് സോമയ്യ സിബിഐക്ക് അയച്ച കത്തില്‍ പറയുന്നു. കനിഷ്കയുടെ അച്ഛന്‍ എസ് കെ സിങ് എമ്മാര്‍ എംജിഎഫ് കമ്പനിയുടെ പ്രൊമോട്ടറും ഓഹരിഉടമയുമാണ്. കനിഷ്ക്ക സിങ്ങിന്റെ അമ്മയുടെ അച്ഛന്‍ വേദ്പ്രകാശ് ഗുപ്തയാണ് എമ്മാര്‍ എംജിഎഫിന്റെ ഉടമസ്ഥന്‍. ഹെലികോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാരനായ ഗിഡോ റാല്‍ഫ് ഹാഷ്ക്കെ നേരത്തെ എമ്മാര്‍ എംജിഎഫ് കമ്പനിയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഹെലികോപ്ടര്‍ ഇടപാടിന്റെ കരുനീക്കങ്ങള്‍ പ്രതിരോധ മന്ത്രാലയത്തില്‍ സജീവമായിരുന്ന ഘട്ടത്തിലാണ് ഇയാള്‍ എമ്മാര്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ഹാഷ്ക്കെ തങ്ങളുടെ ഡയറക്ടറായിരുന്നുവെന്ന് എമ്മാര്‍ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടുമാസത്തേക്ക് മാത്രമാണ് ഹാഷ്ക്കെ ഡയറക്ടറായി പ്രവര്‍ത്തിച്ചതെന്നും കമ്പനിയുടെ ബോര്‍ഡ് യോഗങ്ങളിലൊന്നും ഇയാള്‍ പങ്കെടുത്തിരുന്നില്ലെന്നും എമ്മാര്‍ അവകാശപ്പെടുന്നു. 2009 സെപ്തംബര്‍ 25 മുതല്‍ ഡിസംബര്‍ ഏഴ് 2009 വരെയാണ് ഹാഷ്ക്കെ എമ്മാര്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ഹെലികോപ്ടര്‍ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെച്ചതാകട്ടെ 2010 ഫെബ്രുവരിയിലും. ഇടപാടിലെ 360 കോടി കോഴപ്പണത്തിലെ നല്ലൊരു പങ്കും ഇന്ത്യയിലേക്ക് കൈമാറിയത് 2009 കാലയളവിലാണ്. ഈ ഘട്ടത്തിലാണ് തികച്ചും അസ്വാഭാവികമായി വിദേശിയായ ആയുധ ഇടനിലക്കാരന്‍ എമ്മാര്‍ കമ്പനിയുടെ ഡയറക്ടറായത്.

മുഖ്യമായും മൂന്ന് ഇടനിലക്കാരാണ് ഹെലികോപ്ടര്‍ ഇടപാടിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഗിഡോ ഹാഷ്ക്കെ, ക്രിസ്ത്യന്‍ മിഷല്‍, കാര്‍ലൊ ഗെരോസ എന്നിവര്‍. ഇതില്‍ ഹാഷ്ക്കെ, മിഷല്‍ എന്നിവര്‍ക്കായാണ് കോഴപ്പണത്തിന്റെ സിംഹഭാഗവും ഇന്ത്യയില്‍ വേണ്ടപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനായി ഇറ്റാലിയന്‍ കമ്പനി നല്‍കിയത്. ഹാഷ്ക്കെ കൂടുതല്‍ കമീഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തന്റെ കമീഷനില്‍ മിഷല്‍ കുറവ് വരുത്തിയിരുന്നു. ഹെലികോപ്ടര്‍ ഇടപാടില്‍ നിര്‍ണായക കണ്ണിയായ "കുടുംബം" കൂടുതല്‍ പണം ആവശ്യപ്പെട്ടത് പരിഗണിച്ചാണ് മിഷല്‍ കമീഷന്‍ കുറച്ചതെന്ന് ഇറ്റാലിയന്‍ പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ "കുടുംബം" എന്നതിന്റെ വിശദീകരണം റിപ്പോര്‍ട്ടിലില്ല.

ഇടപാടില്‍ ആരോപണ വിധേയനായ മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിയും ബന്ധുക്കളുമാണ് കുടുംബമെന്ന് ഇറ്റാലിയന്‍ അന്വേഷകര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഏത് പ്രതിരോധ ഇടപാടിനും അന്തിമാനുമതി നല്‍കേണ്ട കോണ്‍ഗ്രസ് അധ്യക്ഷയും മകനുമാണ് കുടുംബമെന്ന ആക്ഷേപം ബിജെപിയും മറ്റും ഉയര്‍ത്തുന്നുണ്ട്. മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സന്തോഷ് ബഗ്രോദിയയുടെ പേരും ഇടപാടില്‍ ഉയര്‍ന്നിട്ടുണ്ട്. കോഴപ്പണം കൈമാറുന്നതിന് മറയാക്കിയ ചണ്ഡിഗഡിലെ ഐഡിഎസ് സോഫ്റ്റ്വെയര്‍ കമ്പനി ബഗ്രോദിയയുടെ സഹോദരനും മക്കളും ചേര്‍ന്ന് നടത്തുന്നതാണ്. ഐഡിഎസ് ചണ്ഡിഗഡും ഇവരുടെ തന്നെ ഉപകമ്പനിയായ ഐഡിഎസ് ടുണീഷ്യയുമാണ് കോഴപ്പണം കൈമാറിയതിന് മറയാക്കിയത്. അഗസ്ത വെസ്റ്റ്ലാന്‍ഡ് കമ്പനിയുമായി സോഫ്റ്റ്വെയര്‍ ഇടപാട് നടത്തുന്നുവെന്ന പേരിലായിരുന്നുപ്പണം കൈമാറ്റം. ഏതാണ്ട് 144 കോടി രൂപയാണ് ഐഡിഎസ് കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് കോഴയായി വന്നത്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ബഗ്രോദിയ സോണിയയുടെ വിശ്വസ്തനാണെന്ന പ്രത്യേകതയുമുണ്ട്.

തന്റെ സഹോദരന്റെ ബിസിനസ് ഇടപാടുകളെ കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ബഗ്രോദിയയുടെ വിശദീകരണം. 2009 വരെ അഗസ്തയുമായി ബിസിനസ് ഇടപാട് നടത്തിയ ഐഡിഎസ് പിന്നീടിത് ചണ്ഡിഗഡിലെ തന്നെ മറ്റൊരു സ്ഥാപനമായ ഏറോമെട്രിക്സിന് കൈമാറി. ഐഡിഎസില്‍ ജീവനക്കാരനായിരുന്ന പ്രവീണ്‍ ബക്ഷിയാണ് ഏറോമെട്രിക്സിന്റെ ഉടമ. ജീവനക്കാരന്‍ എങ്ങനെ പെട്ടെന്ന് കോടികളുടെ ബിസിനസ് നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയായി എന്നതിന് വിശദീകരണമില്ല.

ബഗ്രോദിയമാരുടെ ബിനാമി മാത്രമാണ് ബക്ഷി എന്ന് പറയപ്പെടുന്നു. മാത്രമല്ല ഇടനിലക്കാരായ ഹാഷ്ക്കെയും കാര്‍ലൊ ഗെരോസയും ബക്ഷിയുടെ കമ്പനിയിലെ ഡയറക്ടര്‍മാരുമാണ്. ഹാഷ്ക്കെയും ബക്ഷിയുമായുള്ള ഫോണ്‍ സംഭാഷണം ഇറ്റാലിയന്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അഗസ്ത വെസ്റ്റ്ലാന്‍ഡില്‍ നിന്ന് ലഭിക്കേണ്ട പണത്തെ കുറിച്ച് ഈ സംഭാഷണത്തില്‍ വ്യക്തമായി പറയുന്നു. ഹെലികോപ്ടര്‍ ഇടപാടിന് പിന്നില്‍ അസ്വഭാവികമായ നീക്കങ്ങള്‍ നടന്നുവെന്ന് തെളിവുകള്‍ സഹിതം വ്യക്തമായി കഴിഞ്ഞു. 210 കോടി രൂപ കോഴയായി കൈമാറി കഴിഞ്ഞുവെന്ന് ഇറ്റാലിയന്‍ പൊലീസ് പറയുന്നു. ഇടപാടിന്റെ ഒരു ഘട്ടത്തില്‍ പങ്കെടുത്തിട്ടുള്ള മുന്‍ വ്യോമസേനാ തലവന്റെ ബന്ധുക്കള്‍ക്ക് കോഴയായി 70 ലക്ഷം മാത്രമേ നല്‍കിയിട്ടുള്ളുവെന്ന് ഇടനിലക്കാര്‍ തന്നെ പറയുന്നു. ശേഷിക്കുന്ന ഇരുന്നൂറ് കോടിയിലേറെ രൂപ ഇന്ത്യയില്‍ ആര്‍ക്കൊക്കെ ലഭിച്ചുവെന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്. സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും അവര്‍ക്ക് അടിത്തട്ട് വരെ പോകാനാവുമോയെന്നത് സംശയകരമാണ്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന ആവശ്യം പല പ്രതിപക്ഷ പാര്‍ടികളും ഉയര്‍ത്തികഴിഞ്ഞു. ബജറ്റ് സമ്മേളനത്തില്‍ യുപിഎ സര്‍ക്കാരിന് ഏറ്റവും വലിയ വെല്ലുവിളിയാവുക ഈ രണ്ടാം ബൊഫോഴ്സ് തന്നെയായിരിക്കും.

*
എം പ്രശാന്ത് ചിന്ത 28 ഫെബ്രുവരി 2013

No comments: