Tuesday, March 19, 2013

കണ്ണീര്‍ കടഞ്ഞ് കവിത

ഭാവശുദ്ധിയാര്‍ന്ന മലയാള കാവ്യസംസ്കൃതിക്കു ലഭിക്കുന്ന ആദരവാണ് സുഗതകുമാരിക്ക് കൈവരുന്ന സരസ്വതി സമ്മാന്‍. ഒരു ചെറുപൂവില്‍ ഒതുങ്ങുന്ന പുഞ്ചിരിയും കടലിലും കൊള്ളാത്തത്ര കണ്ണീരുമായി സദാ ഉണര്‍ന്നിരുന്ന് നമ്മള്‍ കാണാത്തതുകണ്ട്, നമ്മള്‍ കേള്‍ക്കാത്തതുകേട്ട് ഈ കവി നമ്മെ പല പതിറ്റാണ്ടുകളായി കാവ്യാനുഭവത്തിന്റെ കനലനുഭവങ്ങളിലേക്കും നവോന്മേഷദായകമായ ഭാവമണ്ഡലങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു.

"മണലെഴുത്ത്" എന്ന വിശിഷ്ട കാവ്യകൃതിയാണ് ഈ വര്‍ഷത്തെ "സരസ്വതിസമ്മാന്‍" സുഗതകുമാരിയിലേക്കും മലയാളത്തിലേക്കും എത്തിച്ചത്. സ്വപ്ന സന്നിഭമായ ബിംബകല്‍പ്പനകളുടെ സവിശേഷ സന്നിവേശംകൊണ്ടും ശുഭ്രശുദ്ധമായ ഭാവാന്തരീക്ഷത്തിന്റെ ദീപ്തസാന്നിധ്യംകൊണ്ടും സങ്കീര്‍ണമായ ജീവിതാവസ്ഥകളുടെ സൂക്ഷ്മസുന്ദരമായ വിശകലനംകൊണ്ടും ശ്രദ്ധേയമായ കൃതിയാണ് "മണലെഴുത്ത്". ആര്‍ദ്രസുന്ദരവും മധുരോദാരവുമായ കാവ്യാനുഭൂതിയുടെ സുഗന്ധം പ്രസരിപ്പിക്കുകയും മനസ്സിന്റെയും ജീവിതത്തിന്റെയും ഭാവബന്ധുരമായ അപഗ്രഥനം നിര്‍വഹിക്കുകയും ചെയ്യുന്ന സുഗതകുമാരിയുടെ കാവ്യവ്യക്തിത്വത്തിന്റെ നേര്‍ പ്രതിഫലനമുള്ള കൃതി.

ഏതു നിലവിളിക്കുനേര്‍ക്കും ഓടിയെത്തുന്ന ഒരു മനസ്സ് സുഗതകുമാരിക്കുണ്ട്; ആരുടെ വേദനയും സ്വന്തമാക്കുന്ന മനുഷ്യത്വപൂര്‍ണമായ ഒരു മനസ്സ്. മറ്റുള്ളവരുടെ വേദനയെ സ്വന്തം വേദനമായി അനുഭവിച്ചും ആ അനുഭവം കടഞ്ഞും സൃഷ്ടിക്കുന്ന ഭാവാത്മകതയാണ് സത്യത്തില്‍ സുഗതകുമാരിക്ക് കവിത. സുഗതകുമാരിയുടെ ആദ്യ കവിതാസമാഹാരത്തിന്റെ പേരുതന്നെ മുത്തുച്ചിപ്പി എന്നായത് അര്‍ഥപൂര്‍ണമാണ്. സ്വന്തം മനസ്സിന്റെ ധര്‍മത്തെക്കുറിച്ചും സ്വന്തം കവിതയുടെ നിയോഗത്തെക്കുറിച്ചുമുള്ള അബോധമായ ചോദനകള്‍ തന്നെയാകണം ആ ശീര്‍ഷകത്തിലേക്ക് അവരുടെ മനസ്സിനെ എത്തിച്ചത്. മുത്ത് ഉണ്ടാകുന്നതിനെക്കുറിച്ച് ഒരു കാവ്യസങ്കല്‍പ്പമുണ്ട്. പ്രകൃതിയുടെ കണ്ണീരായി ആദ്യമഴത്തുള്ളി വീഴുമ്പോള്‍ കടലിന്റെ അഗാധതയില്‍നിന്ന് ജലോപരി ഉയര്‍ന്നുവന്ന് ചിപ്പി സ്വയം തുറന്ന് അതിനെ സ്വന്തം ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുമത്രെ. ആ ജലത്തുള്ളി ചിപ്പിക്കുള്ളില്‍ കാലങ്ങളായി കിടന്നുവിളഞ്ഞ് മുത്തുണ്ടാകുന്നു എന്നാണ് സങ്കല്‍പ്പം. ഇതേപോലെ നിരാലംബാവസ്ഥയിലുള്ള ഏതുമനസ്സിന്റെ കണ്ണീരും സുഗതകുമാരിയുടെ ഹൃദയം ഏറ്റുവാങ്ങി വിളയിച്ച് കവിതയാക്കുന്നു. ആ കവിത മനസ്സില്ലാത്ത മനുഷ്യന് മനസ്സ് നല്‍കുന്നു; ഊഷരതയില്‍ ആര്‍ദ്രത പകരുന്നു; നിബിഡതമസ്സില്‍ വെളിച്ചം പടര്‍ത്തുന്നു; മൃതിയുടെ മരവിപ്പിനെ അമരത്വംകൊണ്ട് സചേതനമാക്കുന്നു. ഭൂമിയുടെ, കാലത്തിന്റെ യൗവനത്തെ അത് നിലനിര്‍ത്തുന്നു. സുഗതകുമാരിയുടെ കവിത അനുഷ്ഠിക്കുന്ന അസാധാരണത്വമാര്‍ന്ന ധര്‍മം ഇതുതന്നെയാണ്.

സുഗതകുമാരിക്കവിത മാനുഷികമായ എന്തിനെയും ആശ്ലേഷിക്കുന്ന ഒരു തരംഗാവലിയായി എന്നും പടര്‍ന്നുനിന്നു. ഇതിഹാസപുരാണ കഥാസന്ദര്‍ഭങ്ങളെ സ്വകീയമായ സര്‍ഗാത്മകതയില്‍ അഗ്നിസ്ഫുടം ചെയ്ത്, തീര്‍ത്തും മൗലികമായ സൃഷ്ടികള്‍ അവര്‍ വിരിയിച്ചെടുത്തിട്ടുണ്ട്; ഗജേന്ദ്രമോക്ഷംപോലെ എത്രയോ കാവ്യങ്ങള്‍. വര്‍ത്തമാനകാല ദുരന്തയാഥാര്‍ഥ്യങ്ങള്‍ കണ്ണും മനസ്സും പൊള്ളിക്കുമ്പോള്‍ ആ ഉള്‍ത്തീയിലുരുകിക്കൊണ്ട് സമകാലികപ്രസക്തിയില്‍നിന്ന് സാര്‍വകാലിക പ്രസക്തിയിലേക്ക് ചിറകടിച്ചുയരുന്ന എത്രയോ കാവ്യങ്ങള്‍ അവര്‍ നമുക്കായി നല്‍കിയിട്ടുണ്ട്; "പെണ്‍കുഞ്ഞ് 90", "സാരെ ജഹാംസെ അച്ഛാ" തുടങ്ങിയവപോലുള്ള എത്രയോ സൃഷ്ടികള്‍. പുഴകളുടെ ഒഴുകിവറ്റുന്ന കണ്ണീരും പ്രകൃതിയുടെ എരിഞ്ഞുതീരുന്ന പച്ചപ്പും പെണ്ണിന്റെ ഞെരിച്ചമര്‍ത്തപ്പെടുന്ന മാനവും അവരുടെ കാവ്യലോകത്ത് കനലുപോലെ വിളങ്ങിനിന്നു. അവ ആധുനികമനുഷ്യന്റെ കാപട്യത്തിന്റെ മുഖംമൂടികളെ പലപ്പോഴും കത്തിച്ച് ചാമ്പലാക്കുകയും ചെയ്തു. "സാരെ ജഹാംസെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ" എന്നു പാടിക്കൊണ്ടുതന്നെ ഈ നാടിനെ, ഈ നാട്ടിലെ പെണ്ണിനെ നശിപ്പിക്കുന്ന നിഷ്ഠുരതയ്ക്കുനേര്‍ക്ക് എന്നും അവര്‍ കവിതയുടെ വാളോങ്ങിനിന്നു. ആശ്രയമറ്റ ഏത് പെണ്‍മനസ്സിനെയും കണ്ണീര്‍ തുടച്ചാശ്വസിപ്പിക്കുന്ന ആലംബസ്ഥാനമായി ആ കവിത സവിശേഷ സാമൂഹികധര്‍മം അനുഷ്ഠിച്ചു.

സത്യത്തില്‍ ഒരു സര്‍വഭൂതഹൃദയത്വം സുഗതകുമാരിക്കവിതയുടെ ആത്മാവായി എന്നും സ്പന്ദിച്ചുനിന്നിട്ടുണ്ട്. ഒരേസമയം പച്ചപ്പുല്‍ക്കൊടിക്കും അപമാനിക്കപ്പെടുന്ന ബാലികയ്ക്കും കളങ്കപ്പെടുന്ന പുഴകള്‍ക്കും വിഷലിപ്തമാകുന്ന പ്രാണവായുവിനും ഉരുകിത്തിളയ്ക്കുന്ന ടാര്‍ വീഥികളില്‍ പീഡിപ്പിക്കപ്പെടുന്ന ആനകള്‍ക്കും വരണ്ടുപോകുന്ന നീരുറവകള്‍ക്കും എന്നുവേണ്ട, അകാലവാര്‍ധക്യത്തിലേക്ക് തള്ളിവിടപ്പെടുന്ന ഈ ഭൂമിമാതാവിനുതന്നെ കാവലായി നില്‍ക്കുന്ന ഒരു ഹൃദയം സുഗതകുമാരിക്കവിതയില്‍ എന്നും മിടിച്ചുനിന്നു. ഇരു കൈകളും ഉയര്‍ത്തിനിന്ന് ഈ കവി നിലവിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു; ആരുമാരും ഇത് കേള്‍ക്കുന്നില്ലല്ലോ എന്ന വ്യഥയോടെ. അനുഭൂതിയുടെ ഭാവതലങ്ങളിലൂടെ അതുവരെ അറിയാത്ത കാവ്യമണ്ഡലങ്ങളിലേക്ക് ഈ കവി എത്രയോവട്ടം അനുവാചകമനസ്സുകളെ കൂട്ടിക്കൊണ്ടുപോയി. ഇരുള്‍ച്ചിറകുകള്‍, രാത്രിമഴ, അമ്പലമണി, തുലാവര്‍ഷപ്പച്ച, കുറിഞ്ഞിപ്പൂക്കള്‍ തുടങ്ങിയ കാവ്യസമാഹാരങ്ങളിലെ കവിതകള്‍ നീര്‍ത്തുന്ന വിശിഷ്ടാനുഭൂതിയുടെ മാസ്മരികത വായിച്ചല്ല, അനുഭവിച്ചാണറിയേണ്ടത്. ഈ കവിതാസമാഹാരങ്ങള്‍ക്ക് തുടര്‍ച്ചയായിവന്ന "രാധയെവിടെ" എന്ന കൃതിയിലൂടെ സുഗതകുമാരി ദീര്‍ഘകാവ്യപ്രസ്ഥാനത്തിലേക്ക് കടന്നു; രാധാ-കൃഷ്ണ പ്രണയകഥയ്ക്ക് പുതിയ ഭാവമാധുര്യമണച്ചുകൊണ്ട്, മൗലികതയാലും സര്‍ഗാത്മകതയാലും നിരുപാധികമായ സ്നേഹത്തിന് അചുംബിതത്വമുള്ള നവഭാഷ്യം ചമച്ചുകൊണ്ട്. കവിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ബോധേശ്വരന്റെ ഈ മകള്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ധാര്‍മികമൂല്യ വിപര്യയങ്ങളില്‍ മനംനൊന്തുനിന്നതിലും അതിന്റെ തീക്ഷ്ണത കവിതയായി ആ മനസ്സില്‍ ഉരുകിത്തിളച്ചുയര്‍ന്നതിലും അത്ഭുതമില്ല. സ്വാതന്ത്ര്യം മനുഷ്യത്വത്തിന്റെ അസ്വാതന്ത്ര്യമായി പരിണമിക്കുന്നത് കണ്ടപ്പോള്‍ "നമ്മള്‍ക്കെന്തിന് കഷ്ടം ദേവകള്‍ നുകരും സ്വാതന്ത്ര്യം?" എന്ന് ചോദിക്കുന്നിടത്തുപോലും ഒരു ഘട്ടത്തില്‍ എത്തി. ഇക്കാണുന്നതരത്തിലുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയല്ലല്ലോ പൂര്‍വികര്‍ ത്യാഗപൂവമായ യാതനകള്‍ സഹിച്ചതെന്ന ചിന്തയില്‍നിന്നുണ്ടാകുന്നതാണ് ആ ചോദ്യം.

"പ്രിയദര്‍ശിനീ നിനക്കുറങ്ങാമിനി ശാന്തം" എന്നൊരിക്കല്‍ എഴുതിയ ഈ കവി മനസ്സില്‍ സ്വാഭാവികമായി ഉയര്‍ന്നുവന്ന ആ ചോദ്യത്തെ കടിഞ്ഞാണിട്ടുനിര്‍ത്താന്‍ തന്റെ വിശ്വാസങ്ങളേയോ ചിന്താഗതികളെയോ അനുവദിച്ചില്ല. ധര്‍മം എന്ന പശു, പുതിയ പാതാളം, ധര്‍മത്തിന്റെ നിറം കറുപ്പാണ്, ഹേ രാമ തുടങ്ങിയ കവിതകളിലൊക്കെ നിശിതമായ സാമൂഹ്യവിമര്‍ശത്തിന്റെ കനല്‍ച്ചീളുകള്‍ ചിതറിത്തെറിക്കുന്നതുകാണാം. ഇങ്ങനെ കാലത്തിന് കാവലാളായി നില്‍ക്കുന്നു ഈ കവി എന്നത് നമ്മുടെ ധന്യത. ആ കവിത ദേശീയതലത്തില്‍ ആദരിക്കപ്പെടുന്നു എന്നത് മലയാളത്തിന്റെ ധന്യത.

*
പ്രഭാവര്‍മ

No comments: