Monday, March 18, 2013

പാട്ടുറങ്ങില്ല ഈ രാവില്‍

തബലയുടെ കവിളിലെ കറുത്ത മറുകിനെ ഒരിക്കല്‍കൂടി തഴുകുകയാണയാള്‍. മുഖം താഴ്ത്തി ചെവി ചേര്‍ത്തുവച്ച് പതുക്കെ സലിം തബലയുടെ നാദം ശരിയാക്കുമ്പോള്‍ തന്റെ പരുക്കന്‍ വിരലുകള്‍ ഇനി മണിക്കൂറുകള്‍ അതിനെ താഡനം ചെയ്യുന്നതിന് മുന്‍കൂറായി ക്ഷമചോദിക്കുകയാണെന്ന് തോന്നിപ്പോകും. ഹാര്‍മോണിയത്തില്‍ റഷീദ്ഭായ് ശ്രുതിചേര്‍ക്കുന്നതിന്റെ നേര്‍ത്തശബ്ദം പശ്ചാത്തലത്തില്‍. തന്റെ ചകിതവാതായനം ഭേദിച്ചൊഴുകുന്ന സ്വരമാധുരി ഈ രാത്രിയെ ലഹരിയിലാഴ്ത്തുമെന്ന് അറിയാവുന്നപോലെ ഹാര്‍മോണിയം അമര്‍ത്തിച്ചിരിക്കുന്നു. നിലാവിനൊപ്പം രാത്രി മുഴുവന്‍ നിറഞ്ഞുപരക്കുന്ന മെഹ്ഫിലിനുള്ള ഒരുക്കം ഈ വീട്ടില്‍ തുടങ്ങിക്കഴിഞ്ഞു. പാടാനുള്ളവര്‍ നേരത്തേതന്നെ എത്തി. അവര്‍ക്കിടയിലൂടെ ആതിഥേയന്‍ റേഡിയോ കോയ തിരക്കിലാണ്. പവര്‍കട്ട് സമയത്തേക്ക് കരുതലായി മെഴുകുതിരിയും തീപ്പെട്ടിയുമടക്കം സജ്ജമാക്കി. ചായയും പലഹാരങ്ങളും റെഡിയല്ലേ എന്നുചോദിച്ച് ഇടയ്ക്ക് അടുക്കളയില്‍ ഭാര്യ സീനത്തിനടുത്തേക്ക്. ഈ രംഗം കോഴിക്കോട് മാങ്കാവ് കുളങ്ങരപ്പീടികയിലെ ഈ വീട്ടില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്നതല്ല. സീനത്തിനിത് കല്യാണം കഴിഞ്ഞ് വന്നതുമുതല്‍ എല്ലാ ഞായറാഴ്ചത്തെയും പതിവുകാര്യം. പരിചിതരും അപരിചതരും പ്രശസ്തരും അപ്രശസ്തരുമായ എത്രയോ ഗായകര്‍ക്കും സംഗീതപ്രണയികള്‍ക്കും സീനത്ത് ചായയും പലഹാരങ്ങളും നല്‍കി. റേഡിയോ കോയയെന്ന ഹൈദ്രോസ് കോയയുടെ മൂന്നു മക്കള്‍, താരിഖ് ഹസനും താഹിര്‍ മുഹമ്മദും ആമിന ഫസ്നയുമാകട്ടെ ഓര്‍മവച്ച കാലം മുതല്‍ ഈ ഞായറാഴ്ചക്കച്ചേരിയുടെ മധുരമറിയുന്നു. നേരത്തെ തിരുവണ്ണൂരിലെ വീട്ടിലുള്ളപ്പോള്‍ തുടങ്ങിയതാണ് അനുഷ്ഠാനം പോലെയുള്ള ഈ ഞായറാഴ്ച മെഹ്ഫിലുകള്‍. ഒരിക്കല്‍ പോലും മുടങ്ങിയിട്ടില്ല.

വിലയേറിയ ഗ്രാമഫോണ്‍ പ്ലെയറുകള്‍ പലതരം. ചെറുപ്പം മുതല്‍ പല ദേശങ്ങളില്‍ സഞ്ചരിച്ച് കോയക്ക വാങ്ങിക്കൂട്ടിയ മൂവായിരത്തിലേറെ ഗ്രാമഫോണ്‍ റെക്കോഡുകള്‍. അതില്‍ ഭൂരിഭാഗവും പ്രണയവും ഭക്തിയും ഒഴുകിപ്പരക്കുന്ന റഫിസാബിന്റെ ഗാനങ്ങള്‍. പിന്നെ പ്രഭാതരശ്മികള്‍ പോലെ ഉന്മേഷദായകമായ ശബ്ദവുമായി ലതാജി, വിഷാദിയായ ഗന്ധര്‍വനായി തലത്ത് മെഹ്മൂദ്, വിരഹിയുടെ ശോകച്ഛവിയുള്ള സ്വരവുമായി മുകേഷ്, ലളിതവും സങ്കീര്‍ണവുമായ പാട്ടുകള്‍ ഒരേപോലെ ആര്‍ദ്രഗംഭീരമായി പാടുന്ന മന്നാഡെ, ഒരു വിശേഷണത്തിനും ഉള്‍ക്കൊള്ളാനാകാത്ത ഗസലുകളുടെ ചക്രവര്‍ത്തി മെഹ്ദി ഹസന്‍. പിന്നെ, സുരയ്യ, നൂര്‍ജഹാന്‍, മന്നാഡേയുടെ അമ്മാവന്‍ കെ സി ഡേ. അങ്ങനെ പോകുന്നു സംഗീതശേഖരം. ഇവ ഭദ്രമായി സൂക്ഷിക്കുന്ന ഷെല്‍ഫുകള്‍. ഇതിനിടയിലാണ് കച്ചേരിയുടെ വേദി. ചിലപ്പോള്‍ കോയക്കയുടെ കട്ടിലിനുമുകളില്‍, ആളധികമുണ്ടെങ്കില്‍ കോലായിലേക്ക് ഇറങ്ങും ഈ താല്‍ക്കാലിക വേദി. ഔപചാരികതകളൊന്നുമില്ല പാട്ടിന്റെ ഈ രാത്രിയില്‍. ചിട്ടയായ തുടക്കമോ ഒടുക്കമോ ഇല്ല. പാടാനറിയാവുന്നവര്‍ക്കെല്ലാം പാടാം. ഹാര്‍മോണിയത്തില്‍ റഷീദ് ഭായിയോ കബീറോ ബാബുമാഷോ സദാ തയ്യാര്‍. കപ്പാസില്‍ താളമിട്ട് കുഞ്ഞാതുവും. പഴയ ഗള്‍ഫുകാരന്‍ റഷീദിനും നിര്‍മാണത്തൊഴിലാളിയായ നടുവട്ടം ചിന്ത വായനശാലപ്രവര്‍ത്തകന്‍ കബീറിനും വിരമിച്ച സംഗീതാധ്യാപകന്‍ ബാബുരാജനും ഹാര്‍മോണിയത്തില്‍ പാട്ടിന് അകമ്പടിയേകുമ്പോള്‍ റിഹേഴ്സലോ ഗൃഹപാഠമോ വേണ്ടിവരുന്നില്ല. റഷീദ്ഭായ് മികച്ച ഗായകന്‍ കൂടിയാണ്. മെഹ്ദി സാബിന്റെ ഗസലുകളോടാണ് ഏറെ കമ്പം.

കോഴിക്കോട്ടെ പഴയകാലഗായകന്‍ സി എ അബൂബക്കറിന്റെ മകന്‍ സലിം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ആ വിരലുകള്‍ തബലയില്‍ വീഴുമ്പോള്‍ അവിടെ ഉയരും അസംഖ്യം ദേശാടനപ്പക്ഷികളുടെ ചിറകടിയൊച്ച. മിക്കവാറും റഫിയുടെ പാട്ടിലാകും തുടക്കം. ചൗദ്വിന്‍ കാചാന്ദും ബഹാരോ ഫൂല്‍ ബര്‍സാവോയും പോലുള്ള ജനപ്രിയഗാനങ്ങള്‍ ഇവിടെ കേള്‍ക്കില്ല. റഫിയുടെ അധികമാരും കേള്‍ക്കാത്ത പാട്ടുകളെക്കുറിച്ചും അദ്ദേഹം പാടിയ ഗസലുകളെക്കുറിച്ചും ഭജനുകളെക്കുറിച്ചും പ്രവാചകസ്തുതികളെക്കുറിച്ചും ഗാഢമായ അന്വേഷണം നടത്തുന്ന അലി ചെറുപ്പക്കാരനെങ്കിലും ഈ പാട്ടുകൂട്ടത്തിലെ പ്രമാണി. റോഡരികില്‍ റെഡിമെയ്ഡ് കച്ചവടവും അതില്ലാത്തപ്പോള്‍ നിര്‍മാണത്തൊഴിലുമാണ് അലിക്ക്. ബാങ്ക്ജീവനക്കാരനായ മുജീബ്, റഫിയുടെ പാട്ട് ഗംഭീരമായി പാടും. എസ് കെ സിദ്ദിഖും ഒട്ടുംപിന്നിലല്ല. ഓരോ പാട്ടിന്റെ ഹ്രസ്വമായ ഇടവേളകളില്‍ അല്‍പ്പനേരം ചര്‍ച്ച. പാട്ടിന്റെ ശില്‍പ്പികളെക്കുറിച്ചും സിനിമയിലെ ആ പാട്ടുരംഗത്തിലഭിനയിച്ച നടീനടന്മാരെക്കുറിച്ചും പാട്ടിന്റെ പ്രത്യേകതയെക്കുറിച്ചും വരികളുടെ രചനാഭംഗിയെക്കുറിച്ചുമുള്ള ചര്‍ച്ച കോയക്കയുടെ നേതൃത്വത്തില്‍. വൈകിട്ട് തുടങ്ങുന്ന മെഹ്ഫിലെ പാട്ടുനിലയ്ക്കുക കുളങ്ങരപ്പീടികയിലെ പള്ളിയില്‍നിന്നുള്ള മഗ്രിബ്, ഇശാഹ് ബാങ്കുവിളികളുടെ ഇടവേളകളില്‍ മാത്രം. ഹിന്ദിയും ഉറുദുവും പഠിച്ചിട്ടില്ലെങ്കിലും പാട്ടിന്റെ വരികളും അര്‍ഥവും കാണാപ്പാഠമാണ് കോയക്കക്ക്. അതുകൊണ്ടുതന്നെ ആര്‍ക്കും ഏതുനേരവും ഏതുപാട്ടിനെക്കുറിച്ചും സംശയം ചോദിക്കാം. പാട്ടിനെക്കുറിച്ച് ആരെന്ത് സംശയം ചോദിച്ചാലും ആവേശപൂര്‍വം ഉത്തരംനല്‍കും അദ്ദേഹം. ഈ പാട്ടുകൂട്ടത്തിലെ മുതിര്‍ന്ന പൗരന്മാരിലൊരാള്‍ കെ പി അഷ്റഫ്. റഫിയിലല്ല, തലത്ത് മെഹ്മൂദ്, മുകേഷ്, മെഹ്ദി ഹസന്‍ എന്നിവരുടെ പാട്ടുകളിലാണ് പ്രാവീണ്യം.

തലത്തിന്റെ ജായേ തോ ജായേ കഹാ, ഫിര്‍ വഹി ശാം, മെഹ്ദി ഹസ്സന്റെ പ്യാര്‍ ഭരേ തുടങ്ങിയവ പാടുമ്പോള്‍ ശബ്ദത്തിന് നിറയൗവനം. അധികം ജനപ്രിയമല്ലാത്ത കിസീകേ യാദ്മേം എന്ന റഫിയുടെ പാട്ട് അലി പാടിത്തീര്‍ന്നപ്പോള്‍ സദസ്സിന്റെ മൂലയില്‍നിന്ന് ഒരു സംശയം. ""ഇതേ രാഗത്തില്‍ ഒരു ഭജന്‍ ഉണ്ടല്ലോ?"" സംശയനിവാരണവുമായി കോയക്ക: ""അതെ, മന്നാഡെയുടെ ഒരു ശിവസ്തുതിയുണ്ട്. "ദര്‍ശന് ദോ" എന്നാണ് തുടക്കം."" ഹിന്ദി പാട്ടുകളെക്കുറിച്ച് ആര്‍ക്കുമറിയാത്ത പല രഹസ്യങ്ങളും കോയക്കക്കറിയാം. പാലക്കാട്ടുകാരനായ ഒരു സംഗീതജ്ഞന്റെ പല പാട്ടുകളും റഫിസാബ് പാടി അനശ്വരമാക്കിയിട്ടുണ്ടെന്നറിയാമോ എന്ന് കോയക്ക ചോദിക്കുമ്പോള്‍ എല്ലാവരും ആശ്ചര്യത്തോടെ കൈമലര്‍ത്തും. എം എസ് വിശ്വനാഥന്‍ സംഗീതംനല്‍കി റഫി പാടിയ പാട്ടുകളുടെ ഒരു പട്ടിക തന്നെ നിരത്തും കോയക്ക അപ്പോള്‍. ഇപ്പോഴും എം എസ് വിയുമായി ഫോണില്‍ പാട്ടിനെക്കുറിച്ച് രാത്രിയില്‍ ചര്‍ച്ചചെയ്യുന്നു അദ്ദേഹം.

അദ്ദേഹവും രാമമൂര്‍ത്തിയും ചിട്ടപ്പെടുത്തിയ നയാ ആദ്മിയിലെ പാട്ടുകള്‍ ഫോണില്‍ ഈയിടെ കേള്‍പ്പിച്ചുകൊടുത്തു. റഫിസാബിന്റെ കുഹൂ കുഹൂ എന്നു തുടങ്ങുന്ന പാട്ട് പാടിക്കഴിയുമ്പോള്‍ നാലു രാഗങ്ങളിലാണ് എം എസ് വിശ്വനാഥന്‍-ആര്‍ ഡി നാരായണറാവു കൂട്ടുകെട്ട് ഈ പാട്ട് ചിട്ടപ്പെടുത്തിയതെന്നും ഏതെല്ലാമാണ് ആ രാഗങ്ങളെന്നും കോയക്ക കൃത്യമായി പറഞ്ഞുതരും. ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡിന് ഏറ്റവും യോഗ്യനായ മലയാളി എം എസ് വി ആണെന്ന അഭിപ്രായമാണ് കോയക്കയ്ക്കുള്ളത്. ഇന്ത്യന്‍ സിനിമാസംഗീതത്തില്‍ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ബൈജു ബാവ്രയിലെ ഓ ദുനിയാ കേ രഖ്വാലെക്കുറിച്ചു ചോദിക്കുമ്പോള്‍ കോയക്ക ചിന്താമഗ്നനാകും. ""ഷക്കീല്‍ ബദയൂണിയും നൗഷാദും റഫിയും ചേര്‍ന്നൊരുക്കിയതാണ് ഈ ശിവസ്തുതി. ഇന്ത്യയിലല്ലാതെ ഏതു രാജ്യത്തുണ്ടാകും ഇങ്ങനെ?"". ഒരിക്കല്‍ മെഹ്ഫില്‍ കൂടി മടങ്ങുന്ന ആരും ഇനിയുള്ള ഞായറാഴ്ചകളില്‍ മനസ്സുകൊണ്ടെങ്കിലും ഇതുവഴി വരാതിരിക്കില്ല. ഇവിടെ വരുന്നവരില്‍ അപരിചതര്‍ ഏറെ. ആരെയും ഏതു പഴയ പാട്ടും കേള്‍പ്പിക്കാന്‍ കോയക്ക എപ്പോഴും റെഡി. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പാതിരാത്രിയും ഉണര്‍ന്നിരിക്കും. കേരളത്തിന്റെ ഏതെങ്കിലുമൊരു മൂലയില്‍നിന്ന് പഴയ പാട്ടിന്റെ വരികളെക്കുറിച്ച് സംശയം ചോദിച്ച് ആരെങ്കിലുമാരാള്‍ എപ്പോഴും വിളിക്കാം. എറണാകുളത്തുനിന്നും കൊല്ലത്തുനിന്നും പാട്ടുകേള്‍ക്കാന്‍ മാത്രം കോഴിക്കോട്ടെത്തി കോയക്കയുടെ വീട്ടില്‍ താമസിച്ചു മടങ്ങുന്നവരുണ്ട്. ഈയിടെ കൊച്ചിക്കാരി ഗ്രേസി രണ്ടുദിവസം താമസിച്ചു പാട്ടുകേട്ട് മടങ്ങുമ്പോള്‍ കോയക്കയുടെ കൈപിടിച്ചു പറഞ്ഞു, "ഒരു തീര്‍ഥാടനം കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയുണ്ട്". അവര്‍ മകള്‍ ഹഫ്സയ്ക്ക് പാരിതോഷികം സമ്മാനിച്ചാണ് മടങ്ങിയത്.

കോഴിക്കോട് അബ്ദുള്‍ ഖാദറും എം എസ് ബാബുരാജും സി എ അബൂബക്കറും ശരത്ചന്ദ്ര മറാഠെയും അടക്കമുള്ള പ്രതിഭകള്‍ സമ്പന്നമാക്കിയ കോഴിക്കോടിന്റെ ഹിന്ദുസ്ഥാനി സംഗീതചരിത്രത്തെ വര്‍ത്തമാനവുമായി ബന്ധിപ്പിച്ചുനിര്‍ത്തുന്ന അവസാന കണ്ണികളാണ് കോയക്കയും കൂട്ടുകാരും. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കോഴിക്കോട്ടെ ക്ലബ്ബുകളില്‍ സജീവമായിരുന്ന മെഹ്ഫിലുകള്‍ ഇന്ന് സജീവമായി നിലനില്‍ക്കുന്നത് കോയക്കയുടെ വീട്ടിലും നടുവട്ടം ചിന്ത വായനശാലയിലും പന്നിയങ്കരയിലെ ഒരു ക്ലബ്ബിലും മാത്രം.

റേഡിയോ മെക്കാനിക്കായതുകൊണ്ടു ലഭിച്ചതാണ് റേഡിയോ കോയ എന്ന പേര്. ഹൈദ്രോസ് കോയ എന്ന യഥാര്‍ഥ പേര് നാട്ടുകാര്‍ മറന്നു. റേഡിയോ നന്നാക്കുന്നതിനിടെ തുടങ്ങിയ കമ്പമാണ് ഈ വീടിനകത്തെ ഗാനശേഖരം. റേഡിയോ സിലോണ്‍ കേള്‍ക്കുന്നവരുടെ കൂട്ടായ്മയും കോയക്കയുടെ നേതൃത്വത്തിലുണ്ട്. ഗോപാല്‍ ശര്‍മയെന്ന പഴയകാല അനൗണ്‍സറുടെ മുംബൈയിലെ വീട് ഈയിടെ സന്ദര്‍ശിച്ചു. അമീന്‍ സാഹ്നി അവതരിപ്പിച്ച ബിനാക ഗീത് മാല പോലുള്ള സംഗീതപരിപാടികള്‍ വീണ്ടും സജീവമാക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ഇദ്ദേഹം. കോഴിക്കോട് ആകാശവാണി എഫ്എമ്മില്‍ പഴയ ഹിന്ദി സിനിമാഗാനങ്ങളെക്കുറിച്ചുള്ള "ദില്‍ സെ, ദില്‍ തക്" എന്ന പ്രത്യേക പരിപാടിയില്‍ പലവട്ടം പാട്ടുകള്‍ അവതരിപ്പിച്ചിട്ടുണ്ട് കോയക്ക.

*
എന്‍ എസ് സജിത് ദേശാഭിമാനി വാരാന്തപ്പതിപ്പ് 17 മാര്‍ച്ച് 2013

No comments: