Monday, March 18, 2013

കള്ളപ്പണത്തിന്റെ വിളയാട്ടം

ശതകോടികളുടെ അഴിമതി ഉന്നതതലത്തില്‍തന്നെയാണ് നടക്കുന്നത്. അത്തരം കൂറ്റന്‍ അഴിമതികളുടെ താവളമാണിന്ന് യുപിഎ സര്‍ക്കാര്‍. ഭരണം നിയന്ത്രിക്കുന്ന ഉന്നതരും കോര്‍പറേറ്റുകളും ഇടനിലക്കാരും ചേര്‍ന്ന് രാജ്യത്തെ കൊള്ളയടിക്കുന്ന പണമാണ്, തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കപ്പെടുന്നത്. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി നടത്തിയ പഠനത്തില്‍ കണക്കാക്കിയത്, 2008 വരെ ഇന്ത്യയില്‍നിന്ന് പുറത്തേക്കൊഴുകിയ അവിശുദ്ധ മൂലധനം ഏറ്റവും കുറഞ്ഞത് 46,200 കോടി ഡോളര്‍&ാറമവെ;(23 ലക്ഷം കോടിയിലേറെ രൂപ) എങ്കിലും വരുമെന്നാണ്. കൈക്കൂലി, അഴിമതി, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, നികുതിവെട്ടിപ്പ് എന്നിവയുടെ ഉല്‍പ്പന്നമാണ് ഈ അവിഹിത പണമൊഴുക്ക്. 1991 മുതല്‍ 2008 വരെയുള്ള പരിഷ്കരണാനന്തരകാലത്ത് നടന്ന, നിയമങ്ങളിലെ ഇളവുവരുത്തലും ഉദാരവല്‍ക്കരണവുമാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍നിന്ന് കള്ളപ്പണം പുറത്തേക്കൊഴുകുന്നതിനെ ത്വരിതപ്പെടുത്തിയത്. വിദേശത്ത് അനധികൃതമായി നിക്ഷേപിച്ചിരിക്കുന്ന ഈ പണം പിടിച്ചെടുത്ത് വികസനച്ചെലവുകള്‍ക്കായി വിനിയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സിപിഐ എം പലവട്ടം ആവശ്യപ്പെട്ടതാണ്. സ്വിസ് ബാങ്കുകളിലും നികുതിയിളവുള്ള മറ്റു രാജ്യങ്ങളിലും നിക്ഷേപിച്ച കള്ളപ്പണവും മറ്റും കണ്ടെടുക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്നും സ്വകാര്യ അക്കൗണ്ട് സൂക്ഷിക്കുന്നവരുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നതിനുപോലും വിസമ്മതിക്കുകയാണെന്നും സിപിഐ എം 20-ാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ അമ്പരപ്പിക്കുന്ന ഒഴുക്കിനുള്ള സ്രോതസ്സ് വമ്പന്‍ അഴിമതികളാണ്. കേരളത്തില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ഡല്‍ഹിയില്‍നിന്ന് എത്തിയ പണപ്പെട്ടികള്‍ സംബന്ധിച്ച് വന്ന വാര്‍ത്തകളും അതില്‍ ഒരുപങ്ക് ചിലര്‍ തട്ടിയെടുത്തിട്ടും നിയമ നടപടികളിലേക്ക് പോകാതിരുന്നതും കള്ളപ്പണം ഭരണകക്ഷിതന്നെ പരസ്യമായി ഉപയോഗിക്കുന്നതിനുള്ള അനിഷേധ്യതെളിവുകളാണ്. വോട്ടര്‍മാരെയും മാധ്യമങ്ങളെയും വിലയ്ക്കെടുക്കാന്‍ പണം ഒഴുക്കുന്നത് ജനാധിപത്യസമ്പ്രദായത്തിനുതന്നെ ഗുരുതരമായ ക്ഷതമേല്‍പ്പിക്കും.

കള്ളപ്പണം നാട്ടില്‍ എത്തിക്കുന്നതും വിതരണംചെയ്യുന്നതും വെള്ളപ്പണമാക്കി കൈകാര്യംചെയ്യുന്നതും ഏതാനും പുതുതലമുറ ബാങ്കുകളാണെന്നാണ് ഏറ്റവുമൊടുവില്‍ വരുന്ന വാര്‍ത്ത. ഐസിഐസിഐ, ആക്സിസ്, എച്ച്ഡിഎഫ്സി എന്നീ പുതുതലമുറ ബാങ്കുകളുടെ പണികളിലൊന്ന് കള്ളപ്പണം കൈകാര്യം ചെയ്യലാണത്രേ. "കോബ്ര പോസ്റ്റ്" എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത തെളിവുസഹിതം പുറത്തുകൊണ്ടുവന്നത്. രാജ്യത്തിന്റെ നട്ടെല്ലുതകര്‍ക്കുന്ന സാമ്പത്തിക കുറ്റകൃത്യം ഒളിക്യാമറവച്ചാണ് "കോബ്ര പോസ്റ്റ്" കണ്ടെത്തിയത്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളെയും ബാങ്കിങ് മര്യാദകളെയുമാകെ കാറ്റില്‍പ്പറത്തി കള്ളപ്പണക്കാരെ പരവതാനി വിരിച്ച് സ്വീകരിക്കുന്ന ഈ ബാങ്കുകളുടെ പ്രവര്‍ത്തനരീതി അക്കമിട്ട് തെളിവുസഹിതം പുറത്തുവന്നപ്പോള്‍ സാധാരണനിലയില്‍ ധനമന്ത്രാലയം ശക്തമായി പ്രതികരിക്കേണ്ടതാണ്. ഈ കുറ്റകൃത്യം രാജ്യദ്രോഹമായി കണക്കാക്കി അടുത്ത നടപടിയിലേക്ക് നീങ്ങേണ്ടതുമാണ്. എന്നാല്‍, കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരും അതിന്റെ ധനമന്ത്രാലയവും തീര്‍ത്തും നിസ്സംഗമായാണ് ഇതിനെ കാണുന്നത്.

ഐസിഐസിഐ ബാങ്കിന് 18 ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യേണ്ടിവന്നു. എച്ച്ഡിഎഫ്സി ബാങ്ക് ചില പരിശോധനകള്‍ നടത്തുമെന്ന് പറയാന്‍ നിര്‍ബന്ധിതരായി. ആക്സിസ് ബാങ്ക് അന്വേഷണം പ്രഖ്യാപിച്ചു. ഗത്യന്തരമില്ലാതെ ചെയ്യേണ്ടിവന്ന കാര്യങ്ങളാണിവ. ഇതെല്ലാമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ധനമന്ത്രി ചിദംബരത്തിനും മന്ത്രാലയത്തിനും ശക്തമായി പ്രതികരിക്കാനോ പുറത്തുവന്ന തെളിവുകള്‍വച്ച് ഈ ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനോ കഴിയുന്നില്ല. ബാങ്കിങ് നിയന്ത്രിക്കുന്ന നിയമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ആദായനികുതിനിയമവും റിസര്‍വ് ബാങ്ക് ചട്ടങ്ങളും വിദേശപ്പണനിയന്ത്രണനിയമവും നിലവിലുണ്ട്. ഇവയൊക്കെ നഗ്നമായി ലംഘിച്ച് കള്ളപ്പണക്കാര്‍ക്ക് വിടുവേലചെയ്യാന്‍ പുതുതലമുറ ബാങ്കുകള്‍ക്ക് എങ്ങനെ കഴിയുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് യുപിഎ നേതൃത്വംതന്നെയാണ്. ഒരു കേന്ദ്രമന്ത്രിയുടെ പണം വെളുപ്പിക്കാനാണെന്ന വ്യാജേനയാണ് ഒളിക്യാമറയുമായി "കോബ്ര പോസ്റ്റ്" പ്രവര്‍ത്തകര്‍ ബാങ്കിലെത്തിയത് എന്നതുതന്നെ ഒരു സൂചനയാണ്. യുപിഎ ഭരണത്തിലെ മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും കള്ളപ്പണത്തിന്റെ കൈകാര്യകര്‍ത്താക്കളാണെന്നത് അംഗീകൃത യാഥാര്‍ഥ്യമായിരിക്കുന്നു എന്നതാണ് ആ സൂചന. അതല്ലെങ്കില്‍ ബാങ്കുകാര്‍ക്ക് നേരിയ സംശയമെങ്കിലും വരേണ്ടതായിരുന്നു.

പുതുതലമുറ ബാങ്കുകള്‍ ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയത്തിന്റെ സന്തതികളാണ്. അവയുടെ ജന്മദൗത്യമാണ് ഇത്തരം അവിശുദ്ധപ്രവര്‍ത്തനം. തലപ്പത്തിരിക്കുന്നവര്‍മുതല്‍ താഴെക്കിടയിലുള്ളവര്‍വരെ അതില്‍ പങ്കാളികളാണെന്ന് വരുമ്പോള്‍, അത്തരം ബാങ്കുകളുടെ നയമാണ് നടപ്പാക്കുന്നതെന്നേ മനസ്സിലാക്കാനാകൂ. ഏതാനും ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തതുകൊണ്ട് തീര്‍ക്കാവുന്നതല്ല പ്രശ്നം; അത് യുപിഎ സര്‍ക്കാരിന്റെ നയത്തിന്റേതുതന്നെയാണ്. കള്ളപ്പണകൈകാര്യകര്‍ത്താക്കളായ ബാങ്കുകളെ ശിക്ഷിക്കുന്നതിനൊപ്പം കള്ളപ്പണത്തിന്റെ ഉറവിടം തകര്‍ക്കാനും ഇന്ത്യക്കകത്തും വിദേശങ്ങളിലും കുമിഞ്ഞുകിടക്കുന്ന കള്ളപ്പണനിക്ഷേപങ്ങള്‍ കണ്ടുകെട്ടി ഖജനാവിലേക്ക് മുതല്‍ക്കൂട്ടാനും തയ്യാറാവുകയാണ് വേണ്ടത്. അതിന് യുപിഎ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്ന ജനകീയപ്രക്ഷോഭമാണ് ഉയരേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം 18 മാര്‍ച്ച് 2013

No comments: