Thursday, March 7, 2013

പാട്ടിന്റെ പച്ചപ്പനന്തത്ത

മദ്രാസിലെ എച്ച്എംവി റെക്കോര്‍ഡിങ് കമ്പനിക്കു മുന്നില്‍ തണലുവിരിച്ചുനിന്ന തേന്മാവിന്റെ കൊമ്പത്ത് ഒരണ്ണാറക്കണ്ണന്‍ തുള്ളിച്ചാടി നടക്കുന്നു. താഴെ മരത്തണലില്‍ ചിന്തയിലാണ്ട് വയലാര്‍. സായന്തനക്കാറ്റിനു മാമ്പൂക്കളുടെ സുഗന്ധം. അണ്ണാറക്കണ്ണനൊടിച്ചിട്ട ഒരു പൂക്കുല കൈയിലെടുത്ത് വാത്സല്യത്തോടെ അതിലേക്കുറ്റു നോക്കിയശേഷം അദ്ദേഹം എഴുതിത്തുടങ്ങി, ""പൂച്ചമ്മപ്പെണ്ണിനു പൂക്കുല തുള്ളിച്ച പൂവാലനണ്ണാനേ തെമ്മാടിയെപ്പോലെ തെണ്ടിനടന്നാല് അമ്മൂമ്മ തല്ലൂലേ നിന്നെ അമ്മൂമ്മ തല്ലൂലേ"". ദ്രുതഗതിയില്‍ രചന പൂര്‍ത്തിയാക്കി പാട്ട് ബാബുരാജിനു കൈമാറി. ബാബുരാജിന്റെ മാന്ത്രിക സ്പര്‍ശത്തിലൂടെ പൂര്‍ണത നേടിയ ആ ഗാനം വാലിട്ടു കണ്ണെഴുതിയ ഒരു കൊച്ചുപെണ്‍കുട്ടി അവിടെ വച്ച് പാടി. 13 വയസ്സുമാത്രം പ്രായമുള്ള വാസന്തിക്കു പാടാനായി വയലാര്‍ രചിച്ച ഗാനമായിരുന്നു അത്. ഓര്‍മകളുടെ പച്ചപ്പനംകൂട്ടിലിരുന്ന് വാസന്തിച്ചേച്ചി അഥവാ മച്ചാട്ട് വാസന്തി പറഞ്ഞുതുടങ്ങി.

""റെക്കോര്‍ഡിങ്ങൊക്കെ കഴിഞ്ഞു തിരിച്ചുവരാന്‍നേരം എനിക്കൊറ്റയ്ക്കു പാടാന്‍ ഒരു പാട്ടില്ല. അപ്പോള്‍ വയലാര്‍ സാര്‍ ബാബുക്കയോടു പറഞ്ഞു, പാക്ക്അപ് ചെയ്യാന്‍ വരട്ടെ ഞാന്‍ വാസന്തിക്കുവേണ്ടി പെട്ടന്നൊരു പാട്ടെഴുതാം. അതു കഴിഞ്ഞേ നമ്മള്‍ പോകുന്നുള്ളൂ"". അങ്ങനെ പിറന്ന പാട്ടായിരുന്നു അത്. അരമണിക്കൂറുകൊണ്ട് വാസന്തി പാട്ടു പഠിക്കുകയും അതു റെക്കോര്‍ഡ് ചെയ്യുകയുംചെയ്തു. ആ വരികള്‍ ഓര്‍ത്തെടുത്ത് മൂളവേ വയലാറിന്റെയും ബാബുരാജിന്റെയും സ്നേഹവാത്സല്യങ്ങള്‍ ആവോളം നുകര്‍ന്ന കൊച്ചുഗായികയായി അവര്‍ തെല്ലിടെ മാറി. ഒരുകാലത്ത് മലയാളികളുടെ മനസ്സില്‍ സംഗീതംകൊണ്ടു കൂടുകൂട്ടിയ, നിരവധി പാട്ടുകള്‍ ആലപിച്ച ഗായികയാണ് മച്ചാട്ട് വാസന്തി. നാടകങ്ങളിലും ആകാശവാണിയിലും സിനിമയിലുമായി ആയിരക്കണക്കിനു പാട്ടുകള്‍ വാസന്തിയുടെ ശബ്ദത്തില്‍ ചരിത്രത്തിന്റെ ഏടുകളിലേയ്ക്ക് പകര്‍ത്തപ്പെട്ടു.

ചുണ്ടില്‍ സംഗീതത്തിന്റെ തേന്‍കനികളുമായി വേദികളില്‍നിന്നു വേദികളിലേക്ക് ഒരു ദേശാടനപ്പക്ഷിയുടെ ഏകാഗ്രതയോടെ അവര്‍ സഞ്ചരിക്കുകയായിരുന്നു. നല്ല സ്വരമാധുരിയും അനുഭവ സമ്പത്തുമുള്ള ഗായികയായിരുന്നിട്ടും ഒരു ഘട്ടത്തില്‍വച്ച് സംഗീതലോകം അവരുടെ പേരു മറക്കുകയോ മറന്നെന്നു ഭാവിക്കുകയോ ചെയ്തു. മലയാള ഗാനരംഗം വേണ്ടത്ര പ്രയോജനപ്പെടുത്താതെ പോയ ഒരു ഗായികയാണ് മച്ചാട്ട് വാസന്തിയെന്നു പറയുമ്പോള്‍ നെറ്റി ചുളിയുന്നവരുണ്ടാവാം. പക്ഷേ, ആരോടും പരിഭവമോ പിണക്കമോ മനസ്സില്‍ സൂക്ഷിക്കുന്നില്ലെന്ന് വാസന്തിച്ചേച്ചിയുടെ വാക്കുകളില്‍നിന്ന് വ്യക്തമാവുന്നുണ്ട്. സംഗീതസാന്ദ്രമായിരുന്ന ഭൂതകാലത്തിന്റെ നഷ്ടസ്മൃതികളുമായി അവര്‍ തന്റെ ചെറിയ ലോകത്തേക്ക് ഒതുങ്ങി. മകനും മകളും അവരുടെ മക്കളുമാണ് ഇപ്പോഴവരുടെ ലോകം. ജീവിതത്തിന്റെ ചുട്ടുപൊള്ളുന്ന ഓരങ്ങളിലൂടെ തളരാതെ നടക്കാന്‍, തളരുമ്പോള്‍ സാന്ത്വനത്തിന്റെ ഇടമഴയാവാന്‍ ഇളംപ്രായത്തില്‍ത്തന്നെ വാസന്തിക്കു പാട്ടു കൂട്ടിനെത്തിയിരുന്നു. ഒന്‍പതാമത്തെ വയസ്സില്‍ ആരംഭിച്ച അവരുടെ സംഗീത സഞ്ചാരത്തിന്റെ ഓര്‍മകള്‍ ബാബുക്കയെന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ബാബുരാജിന്റെ ട്രൂപ്പില്‍നിന്ന് തുടങ്ങുന്നു. ""ബാബുക്കയുടെ കൂടെ ഒരുപാട് വേദികളില്‍ പാടാന്‍ എനിക്ക് ഭാഗ്യംകിട്ടി. ബാബുക്കയാണ് എന്നെ പാട്ടിന്റെ വഴികളിലൂടെ കൈപിടിച്ചു നടത്തിയത്"". ഒന്‍പതാമത്തെ വയസ്സില്‍ത്തന്നെ അപൂര്‍വമായൊരു ഭാഗ്യവും അവരെത്തേടി വന്നു. രാമു കാര്യാട്ടിന്റെ "മിന്നാമിനുങ്ങ്" എന്ന സിനിമയില്‍ പി ഭാസ്കരന്‍ മാഷിന്റെ രചനയില്‍ ബാബുരാജ് ഈണം പകര്‍ന്ന രണ്ടു പാട്ടുകള്‍ അവര്‍ പാടി. "തത്തമ്മേ തത്തമ്മേ നീ പാടിയാല്‍ അത്തിപ്പഴം തന്നിടും" എന്നുതുടങ്ങുന്ന ഗാനവും "ആരു ചൊല്ലിടും ആരു ചൊല്ലിടും" എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് "അമ്മു" എന്ന സിനിമയില്‍, ബാബുരാജിന്റെ ഈണത്തില്‍ എല്‍ ആര്‍ ഈശ്വരിക്കൊപ്പം പാടിയ "കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാം" എന്ന പാട്ടും പ്രേക്ഷക പ്രശംസ നേടി. ഇതേ കാലത്തുതന്നെ അവര്‍ നാടകങ്ങളില്‍ പാടുകയും അഭിനയിക്കുകയും ചെയ്തു. കെപിഎസിയുടെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" എന്ന സുപ്രസിദ്ധ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. നാടകത്തിലെ മീനു എന്ന കഥാപാത്രമായി തിളങ്ങി. ദേവരാജന്‍ മാഷ് രചിച്ച, "പുത്തരിച്ചോറുണ്ണാനെത്തും തത്തമ്മേ നിന്റെ പൂഞ്ചിറകില്‍ പുള്ളി കുത്തിയതാരോ" എന്ന ലളിത സുന്ദരമായ ഗാനം നാടകത്തിന്റെ ഇന്റര്‍വെല്‍ സമയങ്ങളില്‍ തൂക്കുമൈക്കിലൂടെ വാസന്തി പാടി. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ പാട്ടിന്റെ ലോകത്തു സജീവമായ വാസന്തിച്ചേച്ചിക്കു സംഗീതമാണ് ജീവിതതാളം.

കണ്ണൂരില്‍ നടന്ന കിസാന്‍സഭാ സമ്മേളന വേദിയിലാണ് അവര്‍ ആദ്യമായി പാടുന്നത്. "പൊട്ടിക്കൂ പാശം, സമരാവേശം കൊളുത്തൂ വീരയുവാവേ നീ" എന്നു തുടങ്ങുന്നതായിരുന്നു ഗാനം. ഒന്‍പതു വയസ്സുള്ള വാസന്തിയെ അന്ന് വേദിയിലേക്ക് എടുത്തുകയറ്റിയത് ഇ കെ നായനാരായിരുന്നു. കമ്യൂണിസ്റ്റുപാര്‍ടി പ്രവര്‍ത്തകനും വിപ്ലവഗായകനും റേഡിയോ ആര്‍ടിസ്റ്റുമായ കണ്ണൂര്‍ കക്കാട്ടെ മച്ചാട്ടു കൃഷ്ണന്റെയും കല്യാണിയുടെയും അഞ്ചു മക്കളില്‍ മൂത്തവളായിരുന്നു വാസന്തി. വടക്കാഞ്ചേരിയിലെ മച്ചാട്ടെന്ന വലിയ കുടുംബത്തില്‍നിന്നാണ് അവര്‍ കണ്ണൂരിലെത്തിയത്. വാസന്തി വേദികളില്‍ പാടിത്തുടങ്ങിയതോടെ അവരുടെ കുടുംബം കോഴിക്കോട്ടേയ്ക്കു താമസം മാറി. നിത്യവും രാവിലെ കല്ലായിക്കടവത്തെ ബാബുരാജിന്റെ വീട്ടിലെത്തി കൊച്ചുവാസന്തി പാട്ടു പഠിച്ചു. ഒന്‍പതാമത്തെ വയസ്സില്‍ വേദികളില്‍ പാടാന്‍ തുടങ്ങിയതു മുതല്‍ കുടുംബഭാരം അവരുടെ ചുമതലയായിത്തീര്‍ന്നു. ജീവിതപ്രാരബ്ധങ്ങള്‍ മൂലം ഏഴാം ക്ലാസ്സില്‍ പഠനംനിലച്ചു. കഠിനമായ ജീവിതാനുഭവങ്ങളായിരുന്നു അവരിലെ ഗായികയ്ക്ക് കിട്ടിയ ഏറ്റവും വലിയ പ്രചോദനം. ദുരിതപൂര്‍ണമായിരുന്ന ബാല്യകാലത്ത് ആശ്വാസത്തിന്റെ കുളിര്‍ക്കാറ്റായി വീശിയത് സൈഗാളിന്റെയും പങ്കജ് മല്ലിക്കിന്റെയും സി എച്ച്ആത്മയുടേയുമൊക്കെ ഗാനങ്ങളായിരുന്നു. അച്ഛനില്‍നിന്ന് പാടിക്കേട്ട ഈ ഗാനങ്ങളിലൂടെയാണ് അവര്‍ സംഗീതത്തെ നെഞ്ചിലേറ്റിത്തുടങ്ങിയത്. സംഗീതത്തില്‍ വളരെയൊന്നും ശാസ്ത്രീയ ശിക്ഷണം ലഭിച്ചിട്ടില്ലാത്ത വാസന്തിക്കു ആലാപനം ജന്മവാസനയായിരുന്നു. മങ്കേഷ്റാവു എന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ കോഴിക്കോട്ടെ ഗുജറാത്തിക്കുട്ടികളെ പാട്ടു പഠിപ്പിക്കാനെത്തിയപ്പോള്‍ വാസന്തിയും അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ കുറച്ചുകാലം ഹിന്ദുസ്ഥാനിയഭ്യസിച്ചു. എച്ച്എംവി, കൊളംബിയ റെക്കോര്‍ഡിങ് കമ്പനികളില്‍ അവര്‍ സ്ഥിരം ഗായികയായിരുന്നു. അക്കാലത്ത് നാടകഗാനങ്ങളും മറ്റും റെക്കോര്‍ഡ് ചെയ്യുക പതിവാണ്. ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഇത്തരം "ഔട്ട് റിക്കാര്‍ഡ്സു"കളിലൂടെ അവരുടെ സ്വരമാധുരി നാടറിഞ്ഞു. "ജ്ജ് നല്ലൊരു മന്സനാകാന്‍ നോക്ക്" എന്ന നാടകത്തിലെ "കണ്ടില്ലേ കണ്ടില്ലേ കാലം പോണൊരു കോലം" എന്ന പാട്ട് വാസന്തിയും അച്ഛനും എസ് എ ജമീലും ചേര്‍ന്ന് പാടിയത് ഏറെ ജനശ്രദ്ധ നേടി. ബാബുരാജിനൊപ്പം പാടിയ "ഉച്ചമരപ്പൂന്തണലില്‍ കൊച്ചു കളിവീടു കെട്ടി അച്ഛനമ്മയായി കളിച്ചതോര്‍മയുണ്ടോ" എന്ന ഗാനവും വമ്പിച്ച ജനപ്രീതി നേടുകയുണ്ടായി. "കറുത്ത പെണ്ണ്" നാടകത്തില്‍ കെ രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ "ചൂളിവരും കാറ്റില്‍ മൂളിവരും വണ്ടേ" എന്നു തുടങ്ങുന്ന ഗാനവും കൊച്ചി മെഹബൂബുമായി ചേര്‍ന്നു പാടിയ "കൊല്ലത്തു നിന്നൊരു പെണ്ണ് കൊയിലാണ്ടീലുള്ളൊരു പയ്യന്‍ അവര്‍ വയനാട്ടിലുള്ളൊരു തേയിലത്തോട്ടത്തില്‍ കണ്ടുമുട്ടി" (രചന: പി ഭാസ്കരന്‍, സംഗീതം: ബാബുരാജ്) എന്ന ഗാനവുമെല്ലാം തന്റെ സംഗീതജീവിതത്തിലെ അമൂല്യമായ സമ്പാദ്യങ്ങളാണെന്ന് അവര്‍ പറയുന്നു.

"നമ്മളൊന്ന്" നാടകത്തില്‍ പൊന്‍കുന്നം ദാമോദരന്റെ രചനയില്‍, തന്റെ പതിമൂന്നാമത്തെ വയസ്സില്‍ കോഴിക്കോട് അബ്ദുള്‍ഖാദറിനൊപ്പം പാടിയ "പപ്പച്ചനംതത്തേ പുന്നാരപ്പൂമുത്തേ" എന്നു തുടങ്ങുന്ന പാട്ടിനെക്കുറിച്ച് പഴയതും പുതിയതുമായ ഓര്‍മകള്‍ നിരവധിയുണ്ട് വാസന്തിച്ചേച്ചിക്ക്. പഴയ "പച്ചപ്പനംതത്ത" മനോഹരിയായിരുന്നു, പിന്നെയത് പുതിയ സ്റ്റൈലില്‍ വീണ്ടുമെത്തിയപ്പോള്‍ അതിമനോഹരിയായെന്നാണ് അവര്‍ പറയുന്നത്. മാക്ട എറണാകുളത്തു നടത്തിയ ഒരു പരിപാടിയില്‍ വാസന്തിപഴയ ഈണത്തിലും സംഗീതസംവിധായകന്‍ ജയചന്ദ്രന്‍ പുതിയ ഈണത്തിലും ഈ പാട്ട് പാടി. ആ വേദിയില്‍ കിട്ടിയ വലിയ കൈയടിയും ആദരവും വിലമതിക്കാനാവാത്ത അംഗീകാരമായി അവരിന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു.

"നോട്ടം" സിനിമയില്‍ പുതിയ ഈണത്തിലെത്തിയ പാട്ട് യേശുദാസും സുജാതയും ചേര്‍ന്ന് ആലപിച്ചത് ഏറെയിഷ്ടപ്പെട്ടെന്നും അവര്‍ പറയുന്നു. ഗാനഗന്ധര്‍വനെക്കുറിച്ചു പറഞ്ഞുതുടങ്ങിയപ്പോള്‍ വാസന്തി വാചാലയായി. ""ഗായകരില്‍ ഞാനേറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് ദാസേട്ടനെയാണ്. "ഗന്ധര്‍വ സംഗീതം" പ്രോഗ്രാമിന്റെ അവാര്‍ഡ് ദാനച്ചടങ്ങ് ടാഗോര്‍ ഹാളില്‍ നടന്ന ദിവസം ദാസേട്ടനെന്നെ പൊന്നാടയണിയിച്ചു. ഈ ജീവിതത്തില്‍ എനിക്കു ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണത്..."" ഓര്‍മകള്‍ കൊണ്ട് കഴിഞ്ഞുപോയ ആ നിമിഷത്തെ തിരിച്ചുപിടിക്കുംപോലെ അവര്‍ കുറച്ചുനേരം ആലോചനയിലാണ്ടു. പതിനേഴ് വയസ്സുമുതലാണ് അവര്‍ നാടകങ്ങളില്‍ നായികയായി വേഷമിട്ടുതുടങ്ങിയത്. നെല്ലിക്കോട് ഭാസ്കരന്റെ "തിളയ്ക്കുന്ന കടലി"ല്‍ നെല്ലിക്കോടിന്റെ സഹോദരിയായി വേഷമിട്ടു. പി ജെ ആന്റണിയുടെ "ഉഴവുചാല്‍" നാടകത്തില്‍ അഭിനയിക്കുകയും മൂന്നു പാട്ടുകള്‍ പാടുകയുംചെയ്തു. "പിരിയൂ നീ മധുമാസമേ കരയാതെ ഞാന്‍ നോക്കിനില്‍ക്കാം" എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു.

ബഹദൂര്‍ സംവിധാനംചെയ്ത "ബല്ലാത്ത പഹയനി"ല്‍ "സല്‍മ"യായി തിളങ്ങിയ അവര്‍ "ദേശപോഷിണി"യുടെ "ഈഡിപ്പസി"ല്‍ "ജൊകാസ്റ്റ"യെ അനശ്വരമാക്കി. ഈ കാലത്തുതന്നെ അവര്‍ എം ടിയുടെ "കുട്ട്യേടത്തി" സിനിമയില്‍ പാടി. മച്ചാട്ട് വാസന്തിയുടെ ശബ്ദത്തില്‍ മലയാള സിനിമ എക്കാലത്തേയ്ക്കും ഓര്‍ത്തുവയ്ക്കുന്ന ഒരു പാട്ടുണ്ട്. "മണിമാരന്‍ തന്നത് പണമല്ല പൊന്നല്ല മധുരക്കിനാവിന്റെ കരിമ്പുതോട്ടം" എന്നു തുടങ്ങുന്ന ഗാനം. പി എന്‍ മേനോന്റെ "ഓളവും തീരവും" സിനിമയിലാണ് ഈ നിത്യഹരിത ഗാനം പിറന്നുവീണത്. ഈ പാട്ടിനുശേഷം സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് മച്ചാട്ട് വാസന്തിയെന്ന ഗായികയ്ക്കു ഏറെയൊന്നും പ്രവേശനം ലഭിച്ചില്ല എന്നതു വിചിത്രമാണ്. പാട്ടിന്റെ ഓര്‍മകളില്‍ ലയിച്ചുപോകുന്നേരം വാസന്തിയുടെ മനസ്സില്‍ ഒരു കടലോളം പാട്ട് തിരതല്ലുന്നുണ്ടെന്ന് തോന്നി, മറുപാതി മനസ്സില്‍ പറയാതെവിട്ട ജീവിതത്തിന്റെ മറ്റൊരു തിളയ്ക്കുന്ന കടലും. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ വിവാഹിതയായതിനുശേഷം അവര്‍ നാടകാഭിനയത്തില്‍നിന്നും വിട്ടുനിന്നു. ഭര്‍ത്താവ് ബാലകൃഷ്ണന്‍ എന്‍ജിനിയറായിരുന്നു. അദ്ദേഹത്തിന് "സിനിമെന്‍സ്" എന്ന പേരില്‍ ചെറുവണ്ണൂരില്‍ ഒരു കമ്പനിയുമുണ്ടായിരുന്നു.

വിവാഹശേഷം ഭര്‍ത്താവിന്റെ കടുത്ത എതിര്‍പ്പുകളെ അതിജീവിച്ചാണ് അവര്‍ വേദികളിലെത്തി പാടിക്കൊണ്ടിരുന്നത്. അത്രമേല്‍ സംഗീതത്തെ സ്നേഹിച്ചതിനാലാവാം മൂത്ത മകള്‍ക്ക് സംഗീതയെന്നു തന്നെ പേരിട്ടു. നല്ല നിലയില്‍ പാടി വേദികളില്‍ തിളങ്ങിനിന്ന സമയത്തുണ്ടായ ഭര്‍ത്താവിന്റെ മരണം അവരെ എല്ലാ നിലയിലും തളര്‍ത്തി. കടബാധ്യതകള്‍ തീര്‍ക്കാന്‍ വീടും സ്ഥലവുമെല്ലാം വില്‍ക്കേണ്ടിവന്നു. ഏറെയാശിച്ചു കിട്ടിയ ജീവിതത്തിന്റെ നല്ല മുഖം അതോടെ മാറിമറിയുകയായിരുന്നു. സങ്കീര്‍ണമായ ജീവിതാനുഭവങ്ങളാണ് മച്ചാട്ട് വാസന്തിയെന്ന ഗായികയെ വാര്‍ത്തെടുത്തത്. സ്വന്തം പ്രയത്നവും ശുഭപ്രതീക്ഷയുമാണ് തന്നെ മുന്നോട്ടു നടത്തിയതെന്ന് അവര്‍ വിശ്വസിക്കുന്നു. അച്ഛന്‍ പകര്‍ന്നുകൊടുത്ത കമ്യുണിസ്റ്റ് ആശയങ്ങള്‍ അവരിന്നും അണയാതെ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. സമരാവേശം തുടിക്കുന്ന പാട്ടുകളിലൂടെ ഒരുകാലത്ത് അവര്‍ സാധാരണക്കാരുടെ മനസ്സില്‍ വിപ്ലവത്തിന്റെ കാറ്റു വിതച്ചിരുന്നു. ആകാശവാണിയിലും നാടകങ്ങളിലുമായി ആയിരക്കണക്കിനു പാട്ടുകള്‍ അവര്‍ പാടിത്തീര്‍ത്തു. ആ പാട്ടുകളിലൂടെ മച്ചാട്ട് വാസന്തിയെന്ന പേര് മലയാളിയുടെ മനസ്സില്‍ ഏറെക്കാലമായി പതിഞ്ഞു കിടപ്പുണ്ട്.

ഇരുപത്തെട്ടു വര്‍ഷത്തോളം അവര്‍ ആകാശവാണിയിലെ സ്ഥിരം ഗായികയായിരുന്നു, നിരവധി റേഡിയോ നാടകങ്ങളുടെ ഭാഗമാവുകയും ചെയ്തു. പുതിയ തലമുറയ്ക്ക് മച്ചാട്ട് വാസന്തിയെന്ന പേര് അത്ര പരിചിതമല്ലെങ്കിലും അവരുടെ പാട്ടുകള്‍ കേള്‍ക്കാത്ത മലയാളിയുണ്ടാവില്ല. "മീശ മാധവനി"ലൂടെയും "വടക്കുംനാഥനി"ലൂടെയും അവരുടെ സ്വരം നമ്മള്‍ വീണ്ടും കേട്ടു. "മീശ മാധവനി"ല്‍ "പത്തിരി ചുട്ടു വിളമ്പി വിളിച്ചത്" എന്നു തുടങ്ങുന്ന പാട്ടാണ് പാടിയത്. "വടക്കുംനാഥനി"ലെ "തത്തക തത്തക തത്തകളെത്തിത്തത്തും കല്യാണം" എന്ന പാട്ടിന്റെ തുടക്കത്തില്‍ കവിയൂര്‍ പൊന്നമ്മയുടെ ശബ്ദത്തിലൂടെ നമ്മള്‍ കേട്ടത് മച്ചാട്ട് വാസന്തിയെയാണ്. "മീശ മാധവനി"ലൂടെ തിരിച്ചെത്തിയ അവരെ സിനിമാലോകം ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നല്‍കി ആദരിച്ചു.

വാക്കുറയ്ക്കുന്ന പ്രായം തൊട്ടേ പാടിത്തുടങ്ങുകയും ജീവിതത്തിനു സംഗീതത്തിന്റെ കരുത്തുപകരുകയും ചെയ്ത ഗായികയായിരുന്നു മച്ചാട്ട് വാസന്തി. കൈയെത്താ ദൂരങ്ങളിലെ സ്ഫടിക ഗോപുര ഗായികയായിരുന്നില്ല അവര്‍. ജനകീയതയാണ് അവരുടെ പാട്ടിന്റെ മുഖമുദ്ര. ഒരിക്കല്‍ ഒരു വേദിയില്‍ വച്ച് ഗായകന്‍ ജയചന്ദ്രനും മറ്റൊരിക്കല്‍ നടന്‍ സുരേഷ് ഗോപിയും വാസന്തിയുടെ കാല്‍ തൊട്ടു വണങ്ങി. ""ഞാന്‍ വിശ്വസിക്കുന്നു, എന്റെ ത്യാഗം, ഞാനുഭവിച്ച യാതനകള്‍ അതിന്റെ പേരിലാണ് അവര്‍ എന്നെ നമസ്കരിക്കുന്നത്. അവരെന്നേക്കാള്‍ എത്രയോ വലിയവര്‍..."" വാസന്തിച്ചേച്ചി പറഞ്ഞു.

ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായത്തിന്റെ കൈത്താങ്ങായി നിന്ന ചില നല്ല മുഖങ്ങള്‍ അവരോര്‍ക്കുന്നു. കൈതപ്രത്തിന്റെ ഭാര്യ ദേവി, കോഴിക്കോട് "അളകാപുരി ഹോട്ടലി"ലെ വിജയേട്ടന്‍ അങ്ങനെ ചില നന്മ നിറഞ്ഞ മനസ്സുകള്‍, പിന്നെ കോഴിക്കോടു കോര്‍പറേഷന്‍ നല്‍കിയ കാരപ്പറമ്പിലെ മൂന്നു സെന്റ് സ്ഥലം. ഫറോക്കിലെ ചെറിയ വീടിന്റെ ഉമ്മറത്തിരുന്ന് അവര്‍ ഒരു വലിയ ആഗ്രഹവും പങ്കുവച്ചു. മകന്റെ മകള്‍ ഏഴു വയസ്സുകാരി വിസ്മയ ഒരു വലിയ ഗായികയായി കാണണം. നന്നായി പാടുന്ന പേരക്കുട്ടിയിലൂടെ തനിക്കൊരു പിന്‍ഗാമിയെ കിട്ടിയതിന്റെ സന്തോഷം ആ വാക്കുകളിലുണ്ടായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ കിട്ടിയാല്‍ ഇനിയും പാടാന്‍ താല്‍പര്യമുണ്ടെന്ന് വാസന്തിച്ചേച്ചി. ""ചെറിയ ചെറിയ പാട്ടുകള്‍ പാടാനാഗ്രഹമുണ്ട്. വലിയ പാട്ടുകള്‍ ചിത്രയോ സുജാതയോ പാടിക്കോട്ടെ..."" ഇങ്ങനെ ചിരിച്ചുകൊണ്ട് പറഞ്ഞുനിര്‍ത്തിയ അവര്‍ പെട്ടെന്നൊരു മൗനത്തിലേക്കു വീണു, കുറച്ചുസമയത്തെ നിശ്ശബ്ദതയ്ക്കുശേഷം കാരണം വെളിപ്പെടുത്തി. പാടാന്‍ കഴിയാതെ പോയ ഒരു പാട്ടിന്റെ ഓര്‍മയിലായിരുന്നു അവര്‍. ഗിരീഷ് പുത്തഞ്ചേരി തരാതെ പോയ ഒരു പാട്ടിന്റെ ഓര്‍മയില്‍.

*
മച്ചാട്ട് വാസന്തി/അരുണിമ കെ പി ദേശാഭിമാനി വാരിക

No comments: