Monday, March 18, 2013

കേരളം ധനകാര്യ അസ്ഥിരതയിലേയ്ക്കോ?

സംസ്ഥാന ധനകാര്യത്തെക്കുറിച്ചുളള ഇക്കൊല്ലത്തെ സി ആന്‍ഡ് എജിയുടെ അവലോകന റിപ്പോര്‍ട്ട് ഭാവിയെക്കുറിച്ചുളള ഒരു അപകടമണിയാണ്. പ്രമുഖ മാധ്യമങ്ങളുടെയെല്ലാം തലക്കെട്ട്  കേരളം ധനകാര്യ അസ്ഥിരതയില്‍ എന്നായിരുന്നു. ഈ നിഗമനം അതിശയോക്തിപരമാണ്. ധവളപത്രത്തിലൂടെ കെ. എം. മാണി ഇടതുപക്ഷ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം സി ആന്‍ഡ് എജി യുഡിഎഫ് സര്‍ക്കാരിനെതിരെയും നിരത്തിയിട്ടുണ്ട്. തന്റെ ധവളപത്രത്തെ തളളിപ്പറയാതെ സി ആന്‍ഡ് എജിയ്ക്ക് മറുപടി നല്‍കാന്‍ കെ. എം. മാണിക്കാവില്ല. ഇത്തരമൊരു നിശിത വിമര്‍ശനമുണ്ടായാല്‍ ആദ്യം പ്രതികരിക്കേണ്ടത് ധനമന്ത്രിയാണ്. എന്നാല്‍ നിയമസഭയിലോ പുറത്തോ സി ആന്‍ഡ് എജി റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരു പ്രതികരണവും ധനമന്ത്രിയില്‍ നിന്നുണ്ടായിട്ടില്ല.

ഇതിലൊരു ദുഷ്ടലാക്കുമുണ്ട്. കേരളം കടുത്ത ധനകാര്യ അസ്ഥിരതയിലാണ് എന്ന നിഗമനം മറയാക്കി, ജനവിരുദ്ധ നടപടികള്‍ അടിച്ചേല്‍പ്പിക്കാനാവുമോ എന്ന ചിന്തയും അദ്ദേഹത്തിനുണ്ടാകും. സ്വന്തം പേരില്‍ കെ. എം. മാണി സ്ഥാപിച്ച ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി അക്കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ധനപ്രതിസന്ധി മൂര്‍ച്ഛിച്ചാല്‍ ക്ഷേമപദ്ധതികള്‍ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നായിരുന്നു ആ പ്രഖ്യാപനം. ധനപ്രതിസന്ധിയുടെ പേരു പറഞ്ഞാണ് പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിച്ചത്. ധനപ്രതിസന്ധിയുടെ പേരില്‍ വീണ്ടും ജനങ്ങളില്‍ പരിഭ്രാന്തി പരത്തി പെന്‍ഷന്‍ പ്രായം വീണ്ടും കൂട്ടാനാവുമോ എന്ന ആലോചന അണിയറയില്‍ സജീവമാണ്.

കടത്തിന്റെ വര്‍ദ്ധനയാണ് ധനകാര്യ പ്രതിസന്ധിയുടെ ഏറ്റവും വലിയ തെളിവായി എടുത്തു പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആകെ കടബാധ്യത 93112 കോടി രൂപയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 13 ശതമാനത്തിന്റെ വര്‍ദ്ധന. ഇതില്‍ 38239 കോടി രൂപ കമ്പോളത്തില്‍ നിന്നെടുത്ത വായ്പയാണ്. ട്രഷറിയിലെ ചെറുകിട സമ്പാദ്യം, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയവ 31331 കോടി രൂപയും. എല്ലാ ഇനങ്ങളിലും കടബാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്. സി ആന്‍ഡ് എജി റിപ്പോര്‍ട്ടു സംബന്ധിച്ച ചാനല്‍ ചര്‍ച്ചകളിലും ഈ ഭീഷണിയാണ് മുഴച്ചു നിന്നത്. എന്നാല്‍ 2011-12ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ ഭീഷണിയ്ക്കു നിലനില്‍പ്പില്ല. സംസ്ഥാന വരുമാനവുമായുളള തോതു വിലയിരുത്തിയാണ് കടഭാരം മനസിലാക്കേണ്ടത്. 2010-11ല്‍ സംസ്ഥാന വരുമാനത്തിന്റെ 29.8 ശതമാനമായിരുന്നു കടബാധ്യത. മൊത്തം കടബാധ്യതയുടെ തുക 2011-12ല്‍ വര്‍ദ്ധിച്ചെങ്കിലും തോത് 28.5 ശതമാനമായി താഴുകയായിരുന്നു. കടം തിരിച്ചടയ്ക്കേണ്ടത് വരുമാനത്തില്‍ നിന്നാണ്. അതുകൊണ്ട് കടബാധ്യതയും വരുമാനവും തമ്മിലുളള തോതും പ്രധാനമാണ്. 2010-11ല്‍ 2.7 ശതമാനമായിരുന്ന ഈ തോത് 2011-12ല്‍ 2.5 ശതമാനമായി താഴ്ന്നു. നിയമസഭ പാസാക്കിയ ധനഉത്തരവാദിത്ത നിയമപ്രകാരം 2011-12ല്‍ കടബാധ്യതകള്‍ സംസ്ഥാന വരുമാനത്തിന്റെ 32.3 ശതമാനം വരെയാകാം. പക്ഷേ, ഇതിനകം തന്നെ 2014-15ല്‍ കൈവരിക്കേണ്ട ലക്ഷ്യം നേടിക്കഴിഞ്ഞു. എന്നിട്ടും ധനമന്ത്രിയും സി ആന്‍ഡ് എജിയുമൊക്കെ കടബാധ്യതയെക്കുറിച്ച് ഉന്നയിക്കുന്ന വേവലാതി വിചിത്രമാണ്.

സംസ്ഥാനം കടക്കെണിയിലേയ്ക്കാണോ എന്നു പരിശോധിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങളുണ്ട്. ഡോമര്‍ എന്ന ധനശാസ്ത്രജ്ഞന്റെ സൂത്രവാക്യമാണ് ഏറ്റവും പ്രചാരത്തിലുളളത്. ഇതു പ്രകാരം വായ്പകളുടെ പലിശനിരക്കിനെക്കാള്‍ ഉയര്‍ന്നതാണ് സംസ്ഥാന സര്‍ക്കാരുകളുടെ വളര്‍ച്ചാനിരക്ക് എങ്കില്‍ വായ്പ കടക്കെണിയിലേക്കു നയിക്കില്ല. 2010-11ല്‍ കേരള സംസ്ഥാന വരുമാനം 19.2 ശതമാനമായി ഉയര്‍ന്നു. പലിശ നിരക്കാവട്ടെ, 7.07 ശതമാനം മാത്രവും. ഇവ രണ്ടും തമ്മിലുളള അന്തരം 12.1 ശതമാനമാണ്. 2004-05ല്‍ ഇത് 4.9 ശതമാനമായിരുന്നു. കേരളത്തിന്റെ കടഭാരം താങ്ങാവുന്ന നിലയിലാണ്. മറ്റു സൂചകങ്ങളെടുത്താലും കേരളത്തിന്റെ കടഭാരം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണ്. കടബാധ്യതകളുടെ ഭാരം പര്‍വതീകരിക്കുന്നത് നവലിബറല്‍ നിലപാടാണ്. കടം വാങ്ങി സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങളൊന്നും ചെയ്യേണ്ടതില്ല എന്നതാണ് ഇക്കൂട്ടരുടെ ആദര്‍ശം. സംസ്ഥാന സര്‍ക്കാരിന്റെ കമ്മി കുത്തനെ ഉയര്‍ന്നു എന്നാണ് സി ആന്‍ഡ് എജിയുടെ അവസാന കണക്കുകള്‍ തെളിയിക്കുന്നത്. 2011-12ല്‍ സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 3764 കോടി രൂപയായിരുന്നത് ഇപ്പോള്‍ 8035 കോടി രൂപയായി. ഏതാണ്ട് ഇരട്ടി വര്‍ദ്ധന. റവന്യൂ ചെലവ് 32.8 ശതമാനം ഉയര്‍ന്നപ്പോള്‍ റവന്യൂ വരുമാനം 22.6 ശതമാനമായേ ഉയര്‍ന്നുളളൂ. ഇതുമൂലമാണ് റവന്യൂ കമ്മി പെരുകിയത്.

റവന്യൂ വരുമാനം പ്രതീക്ഷിച്ചത്ര ഉയര്‍ന്നില്ല. പ്രതീക്ഷിച്ചതിനെക്കാള്‍ 1417 കോടി രൂപ കുറവായിരുന്നു. സംസ്ഥാന നികുതിയിലും കേന്ദ്രത്തില്‍ നിന്ന് പ്രതീക്ഷിച്ച നികുതിയിലും ഇടിവുണ്ടായി. അതേസമയം റവന്യൂ ചെലവ് ബജറ്റില്‍ ഉള്‍ക്കൊളളിച്ചതിനെക്കാള്‍ 1083 കോടി രൂപ കൂടുതലായിരുന്നു. ശമ്പള, പെന്‍ഷന്‍ പരിഷ്കരണത്തിന് ഉണ്ടായ അധികച്ചെലവാണ് റവന്യൂ ചെലവ് കുത്തനെ ഉയരാന്‍ കാരണം. 2010-11ല്‍ സംസ്ഥാന വരുമാനത്തിന്റെ 1.3 ശതമാനമേ റവന്യൂ കമ്മി വന്നിരുന്നുളളൂ. ഇത് 1.8 ശതമാനമായി ഉയരുമെന്നാണ് ബജറ്റില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കമ്മി 2.5 ശതമാനമായി തീര്‍ന്നു. ശമ്പള പരിഷ്കരണ വര്‍ഷത്തില്‍ റവന്യൂ കമ്മി കൂടുക അനിവാര്യമാണെങ്കിലും ഇപ്പോഴുണ്ടായിരിക്കുന്ന വര്‍ദ്ധന ആശങ്ക ഉളവാക്കുന്നതാണ്. ധനക്കമ്മി 2010-11ല്‍ 7731 കോടി രൂപയായത് 2011-12ല്‍ 12815 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. ഇതിനു മുഖ്യകാരണം റവന്യൂ കമ്മിയിലുണ്ടായ വര്‍ദ്ധനയാണ്. സ്ഥിരമായ ആസ്തികള്‍ നിര്‍മ്മിക്കുന്നതിനല്ല, മറിച്ച്, ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ദൈനംദിന ചെലവുകള്‍ക്കാണ് വായ്പയെടുത്തത്. ഇത് തികച്ചും അനഭിലഷണീയമാണ്. ധനക്കമ്മിയുടെ ശതമാനം 2.8 ശതമാനമായിരുന്നത് 3.9 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ധനക്കമ്മി 3.4 ശതമാനമായി പരിമിതപ്പെടുത്താമെന്ന പ്രതീക്ഷ അസ്ഥാനത്തായി. സാധാരണഗതിയില്‍ എല്ലാ ശമ്പള പരിഷ്കരണ വര്‍ഷങ്ങളിലും ധനപരമായ അസന്തുലിതാവസ്ഥ മൂര്‍ച്ഛിക്കാറുണ്ട്. പക്ഷേ, ഇത്തവണ പ്രതീക്ഷിച്ചതിലേറെ കമ്മി ഉയര്‍ന്നു. 2014 - 15 ആകുമ്പോള്‍ റവന്യൂ കമ്മി ഇല്ലാതാക്കുന്നതിന് ധനക്കമ്മി 3 ശതമാനത്തിലേക്കു കുറയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഈ ലക്ഷ്യത്തിലേക്കു നീങ്ങുന്നത് കൂടുതല്‍ ദുഷ്കരമായിട്ടുണ്ട്.

പക്ഷേ, സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിതി അസ്ഥിരതയിലായി എന്നൊരു നിഗമനത്തിലേയ്ക്ക് എത്താനാവില്ല. ശമ്പള, പെന്‍ഷന്‍ ചെലവുകളിലുണ്ടായ വര്‍ദ്ധന തുടര്‍ന്നങ്ങോട്ട് ഉണ്ടാവുകയില്ല. കമ്മി വരും വര്‍ഷങ്ങളില്‍ ഗണ്യമായി കുറയുകയും ചെയ്യും. അതുകൊണ്ട് 2011-12ലെ കമ്മി ചൂണ്ടിക്കാണിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കി ജനവിരുദ്ധ നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ശക്തമായി ചെറുത്തേതീരൂ. പക്ഷേ, സി ആന്‍ഡ് എജിയുടെയും എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകളില്‍ ഭാവിയെക്കുറിച്ചുളള ആശങ്കകളുടെ സൂചകങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തിന്റെ ഭാവിയാണ്. മൊത്തം നികുതി വരുമാനം 23633 കോടി രൂപയായിരുന്നത് 28311 കോടി രൂപയായി ഉയര്‍ന്നു. അതായത്, 18.4 ശതമാനം വര്‍ദ്ധന. 2010-11ല്‍ ഇത് 23.2 ശതമാനമായിരുന്നു. 2011-12ല്‍ പ്രതീക്ഷിച്ച വര്‍ദ്ധന റവന്യൂ വരുമാനത്തില്‍ നേടിയില്ലെങ്കിലും നികുതി വരുമാനത്തില്‍ അതിനു മുമ്പുളള അഞ്ചുവര്‍ഷക്കാലത്തെ മുന്നേറ്റം പൊതുവില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പക്ഷേ, ആശങ്ക ഉയര്‍ത്തുന്ന ചില പുതിയ സംഭവവികാസങ്ങളും ഉണ്ടായിട്ടുണ്ട്. ഒന്ന്, സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി നികുതി നിരക്കില്‍ പലര്‍ക്കും ഇളവുകള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പോലീസ് കാന്റീനുകള്‍ക്ക് വാറ്റുനികുതിയില്‍ നിന്ന് ഇളവു നല്‍കിയതാണ് ഇതിലേറ്റവും പ്രധാനം.

മറ്റു വിഭാഗം ജീവനക്കാരും ഈ ആവശ്യം ഉന്നയിക്കും. രണ്ട്, രജിസ്ട്രേഷന്‍ ഫീസില്‍ വന്‍ ഇളവുകളാണ് നല്‍കിയിട്ടുളളത്. കുടുംബ ഭാഗാധാരത്തില്‍ പരമാവധി ആയിരം രൂപയേ ഇപ്പോള്‍ സ്റ്റാമ്പിനത്തില്‍ നല്‍കേണ്ടതുളളൂ. എസ്റ്റേറ്റുകാര്‍ക്കും വന്‍ഭൂസ്വത്തുളളവര്‍ക്കും ഇതിന്റെ പേരില്‍ വലിയതോതില്‍ നികുതിയൊഴിവ് ലഭിക്കുന്ന സ്ഥിതി ഉണ്ടായിരിക്കുകയാണ്. ഇതോടൊപ്പം ഫെയര്‍ വാല്യൂ നിശ്ചയിച്ചത് സ്വേച്ഛാപരമായി കുറയ്ക്കുന്നതിനുളള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മൂന്ന്, ചെക്ക്പോസ്റ്റ് പരിഷ്കാരങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. അവിടെ അഴിമതി തിരിച്ചെത്തിയിരിക്കുന്നു. നാല്, സര്‍ക്കാര്‍ നികുതിയ്ക്ക് സ്റ്റേ കൊടുക്കുന്നത് കഴിഞ്ഞ ഭരണകാലത്ത് ഗണ്യമായി കുറച്ചിരുന്നു. എന്നാല്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്ന് വ്യാപകമായി നികുതിയ്ക്ക് സ്റ്റേ കൊടുക്കുകയോ സ്റ്റേ ഇല്ലാതാക്കുകയോ ചെയ്യുന്നതിന്റെ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ വന്നിരുന്നു. ആറ്, കഴിഞ്ഞ ഭരണകാലത്ത് നികുതി പിരിവില്‍ ശ്രദ്ധേയമായ വര്‍ദ്ധന നേടാന്‍ കഴിഞ്ഞത് നികുതി പിരിവില്‍ ഇ-ഭരണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതു കൊണ്ടാണ്. എന്നാല്‍ അന്നു തുടങ്ങിവെച്ച പലതിനും ഇപ്പോള്‍ തുടര്‍ച്ചയില്ല. ഇടതുപക്ഷ മുന്നണിയുടെ ഭരണകാലത്ത് ധനകാര്യസുസ്ഥിരത നേടുന്നതിന് സഹായിച്ച ഏറ്റവും പ്രധാന ഘടകം റവന്യൂ വരുമാനത്തിലുണ്ടായ വര്‍ദ്ധനയാണ്. വാറ്റു നികുതിയിലായിരുന്നു ശ്രദ്ധേയമായ നേട്ടം. മുന്‍ യുഡിഎഫ് ഭരണകാലത്ത് ഏതാണ്ട് 10 ശതമാനം വേഗതയില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്ന വില്‍പന നികുതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതാണ്ട് ഇരട്ടി വേഗതയില്‍ വളര്‍ന്നു. ഈ വളര്‍ച്ചാനിരക്ക് നിലനിര്‍ത്തിയില്ലെങ്കില്‍ റവന്യൂ കമ്മി കുറച്ചു ധനകാര്യസുസ്ഥിരത നേടാനുളള പരിശ്രമങ്ങളെല്ലാം ദിവാസ്വപ്നങ്ങളായി തുടരും. ഇതാണ് ഇന്നത്തെ ഏറ്റവും വലിയ അപകടം.

മൂലധനച്ചെലവ് പരമാവധി ഉയര്‍ത്തുക; റവന്യൂ ചെലവ് വരുമാന വര്‍ദ്ധനയിലേയ്ക്കു പരിമിതപ്പെടുത്തുക എന്നതായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നയം. ഇതില്‍ത്തന്നെ മൂലധനച്ചെലവിലുണ്ടായ വര്‍ദ്ധന മുഴുവന്‍ അപ്പപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിന് ഭാരമായി മാറാതെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിഭവസമാഹരണത്തിലൂടെ കണ്ടെത്താന്‍ ബോധപൂര്‍വമുളള പരിശ്രമം നടന്നു. ഇതിനേറ്റവും നല്ല ഉദാഹരണമാണ് ഇഎംഎസ് പാര്‍പ്പിട പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വായ്പയെടുത്ത് ഇന്ന് വീടുകള്‍ വെച്ചുകൊടുക്കുന്നു. ഭാവിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റില്‍ നിന്ന് 15 വര്‍ഷം കൊണ്ട് ഈ വായ്പ അടച്ചു തീര്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വായ്പയിലോ ധനക്കമ്മിയിലോ ഇതുമൂലം വര്‍ദ്ധനയുണ്ടാവില്ല.

അതേസമയം ആയിരക്കണക്കിന് കോടി രൂപയുടെ പാര്‍പ്പിട നിര്‍മ്മാണം നടക്കും. വീണ്ടുവിചാരമില്ലാതെ ഈ പദ്ധതി വേണ്ടെന്നു വെച്ചു. അതേസമയം വീടൊന്നിനുളള ആനുകൂല്യം രണ്ടു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഐഎവൈ പദ്ധതി നടപ്പാക്കാന്‍ വേണ്ടി മാത്രം 830 കോടി രൂപ അധികമായി തദ്ദേശസ്ഥാപനങ്ങള്‍ക്കു വേണം. ഇതിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുത്തോ അല്ലാതെയോ നല്‍കാം എന്നാണ് ഉറപ്പു നല്‍കിയിരിക്കുന്നത്. ഈ പുതിയ സമീപനം സംസ്ഥാന സര്‍ക്കാരിന്റെ ധനക്കമ്മി കൂട്ടുകയേ ഉളളൂ. ഇതുപോലെ, കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച സുപ്രധാനമായ ഒരു വികസന പരിപാടിയായിരുന്നു 40000 കോടി രൂപയുടെ റോഡു പുനരുദ്ധാരണ പദ്ധതി. ഇതിനു വേണ്ടി പ്രത്യേകം ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിനു രൂപം നല്‍കുകയും റോഡിനാവശ്യമായ പണം ഈ സ്ഥാപനത്തെക്കൊണ്ട് വായ്പയെടുത്തു റോഡു പണിയുകയും ചെയ്യുക എന്നതായിരുന്നു സമീപനം.

പുതിയ സ്ഥാപനത്തിന് വായ്പ ഉറപ്പു വരുത്തുന്നതിനു വേണ്ടി വാഹനികുതിയുടെ 50 ശതമാനം പണം വര്‍ഷംതോറും ഗ്രാന്റായി നല്‍കുന്നതിന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ സ്കീം വേണ്ടെന്നു വെച്ചിരിക്കുകയാണ്. അതിനുപകരം സംസ്ഥാന ഖജനാവില്‍ നിന്ന് നേരിട്ട് പരമാവധി പണം ലഭ്യമാക്കാനാണ് പരിപാടി. ഈ സമീപനം അധികം താമസിയാതെ കരാറുകാര്‍ക്കുളള പണം കുടിശികയായി തീരുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കും. കുടിശിക തീര്‍ക്കാന്‍ വായ്പയെടുക്കുന്നതു മൂലം സംസ്ഥാന സര്‍ക്കാരിന്റെ ധനക്കമ്മി കൂടുകയും ചെയ്യും. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതി സംബന്ധിച്ച് സി ആന്‍ഡ് എജി നടത്തുന്ന ഭയാശങ്കകള്‍ യുഡിഎഫ് ഭരണത്തിന്‍കീഴില്‍ പൊതുമേഖലാരംഗത്ത് വലിയൊരു തിരിച്ചുപോക്കുണ്ടായിരിക്കുന്നു എന്നുളളതിന് തെളിവാണ്.

ഭരണത്തിന്റെ ഒന്നാംവര്‍ഷം പിന്നിടുമ്പോള്‍ കണക്കുകള്‍ പൂര്‍ത്തിയാക്കിയ 76 സ്ഥാപനങ്ങളില്‍ 32 എണ്ണം നഷ്ടത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ കാഷ് ബാലന്‍സ് ഇപ്പോള്‍ സുരക്ഷിതമാണ്. ട്രഷറികളില്‍ രൊക്കം കാശിനു പ്രയാസമില്ല. ഇതില്‍ മതിമറന്ന് ട്രഷറി പബ്ലിക് അക്കൗണ്ടിനെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോകട്ടെ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലും സ്വന്തം പണം ട്രഷറിയില്‍ സൂക്ഷിക്കണം എന്ന് ഇപ്പോള്‍ വലിയ ശാഠ്യമില്ല. ട്രഷറി ഒഴിവാക്കി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ബാങ്കു വഴിയാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സമീപനം കേരളത്തിലില്ലാതായ ട്രഷറി സ്തംഭനത്തെ തിരിച്ചുകൊണ്ടുവരാം.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത 28 ഫെബ്രുവരി 2013

No comments: