Tuesday, March 19, 2013

സ്വാതന്ത്ര്യത്തിനായുള്ള സാംസ്കാരിക പ്രവര്‍ത്തനം


സാര്‍വലൗകികതയേയും പ്രാദേശികതയേയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സവിശേഷ ചരിത്ര സന്ദര്‍ഭത്തിലാണ് 1935ല്‍ പാരീസ് സമ്മേളനത്തെത്തുടര്‍ന്ന് ലോക പുരോഗമന സാഹിത്യ സംഘടനയുണ്ടായത്. അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ലക്നൌ സമ്മേളനത്തില്‍ വച്ച് 1936ല്‍ ഇന്ത്യയില്‍ പുരോഗമനസാഹിത്യ സംഘടനയും (Progressive Writers Association)തൃശൂര്‍ സമ്മേളനത്തില്‍ വച്ച് 1937ല്‍ ജീവത് സാഹിത്യസമിതിയും രൂപംകൊണ്ടു. ലോക രാഷ്ട്രീയ സാംസ്കാരിക രംഗമെന്നപോലെ പ്രാദേശിക രാഷ്ട്രീയസാംസ്കാരികരംഗവും തികച്ചും കലുഷിതമായിരുന്ന ഒരു ഘട്ടത്തില്‍ അതിന് പ്രതിരോധവും പരിഹാരവും തേടാനുള്ള സംഘടിതമായ യത്നത്തിന്റെ തുടരണിയായിരുന്നു ഈ പ്രസ്ഥാനങ്ങള്‍. പുരോഗമനപരമായ സാഹിത്യരചനകളിലൂടെ പുതിയ ലോകാവബോധത്തിലേക്ക് സമൂഹത്തെ നയിക്കുക എന്നതാണ് പേരുകൊണ്ട് ഉദ്ദേശിച്ചിരുന്നതെങ്കിലും അത് ആത്യന്തികമായും സാഹിത്യവും കലയും അടങ്ങുന്ന സാംസ്കാരികരംഗത്തിന്റെ പുതിയ രീതിയിലുള്ള ഇടപെടലിനെത്തന്നെയാണ് ലക്ഷ്യമാക്കിയിരുന്നത്.

പ്രാചീന ഭാരതീയചിന്തകന്മാര്‍ കലാതത്ത്വ ചിന്തയ്ക്ക് അടിസ്ഥാനമായി കാവ്യത്തെ(സാഹിത്യത്തെ) സ്വീകരിച്ചിരുന്നതിനെ അനുസ്മരിപ്പിക്കുന്ന (വാക്യം രസാത്മകം കാവ്യം എന്നപോലെ) ഒരു നാമസ്വീകാരം എന്ന നിലയിലാണ് പുരോഗമന സാഹിത്യസംഘടനയെ കാണേണ്ടത്. എന്നാല്‍ സാഹിത്യം മാത്രമല്ല, കലാരംഗം മുഴുവനുംതന്നെ അതിന്റെ പരിധിയില്‍ പ്രത്യക്ഷമായും ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണെന്ന സാഹചര്യത്തിലാണ് സംഘടന കേരളത്തില്‍ പിന്നീട് പുരോഗമന കലാസാഹിത്യസംഘം എന്ന് പേര് പരിഷ്ക്കരിച്ചത്. സാഹിത്യത്തിന്റെയും കലയുടെയുമെന്നപോലെ സാംസ്കാരികപ്രവര്‍ത്തനങ്ങളുടെയും സമഗ്രമേഖലകളെയും ഉള്‍ക്കൊള്ളുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് പുതിയ സാഹചര്യങ്ങള്‍ ഇതുപോലൊരു സംഘടനയില്‍നിന്ന് ഇന്ന് ആവശ്യപ്പെടുന്നത്. അതുകൊണ്ട് പുരോഗമന സാംസ്കാരിക മുന്നണി (Progresive Cultural Workers Front) എന്ന വിധത്തില്‍ പുതിയ പേരിനെക്കുറിച്ചും അതിന്നനുസരിച്ചുള്ള വിപുലമായ പ്രവര്‍ത്തനമേഖലകളെക്കുറിച്ചും ചിന്തിക്കേണ്ട ഘട്ടത്തിലാണ് നാമിന്ന് നില്‍ക്കുന്നത്.

മുന്നേ സൂചിപ്പിച്ചതുപോലെ, ലോക രാഷ്ട്രീയസാംസ്കാരികചലനങ്ങളുടെ ചുവടുപിടിച്ച് അഖിലേന്ത്യാതലത്തിലാണ് പുരോഗമനസാഹിത്യപ്രസ്ഥാനം ആരംഭിച്ചത്. കേരളം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍നിന്ന് പുരോഗമന സാംസ്കാരികപ്രവര്‍ത്തകര്‍ അതില്‍ പങ്കെടുക്കുകയും തങ്ങളുടെ പ്രദേശങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കേരളത്തില്‍ അങ്ങനെ ജീവത്സാഹിത്യസമിതിയും, പുരോഗമന കലാസാഹിത്യസംഘം വരെയുള്ള അതിന്റെ തുടര്‍ച്ചകളുമുണ്ടായി. നാടകമുള്‍പ്പെടെയുള്ള രംഗകലകള്‍ക്കായി ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (IPTA) രൂപംകൊള്ളുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും അതിന്റെ ശാഖകള്‍ വ്യാപിക്കുകയുംചെയ്തു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കേരളത്തില്‍ കേന്ദ്ര കലാസമിതിയും കെപിഎസിയുമുണ്ടായത്. പുരോഗമനസാഹിത്യപ്രസ്ഥാനം ആരംഭകാലം മുതല്‍തന്നെ ലക്ഷ്യമാക്കിയിരുന്നത് സാഹിത്യരംഗത്തായൊതുങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നില്ലെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അഖിലേന്ത്യാസംഘടനയ്ക്ക്, ഒട്ടുമിക്ക പ്രാദേശിക സംഘടനകള്‍ക്കും, പ്രവര്‍ത്തനത്തില്‍ ഏറെക്കാലം തുടരാന്‍ കഴിഞ്ഞില്ല. തൊഴിലാളി കീഴാള മുന്നേറ്റങ്ങള്‍ക്ക് അഖിലേന്ത്യാതലത്തില്‍ പ്രാമുഖ്യം നേടാന്‍ കഴിയാതെപോയതും പുതുതായുയര്‍ന്നെത്തിയ ദേശീയ ബൂര്‍ഷ്വാസി രാഷ്ട്രീയ രംഗങ്ങളിലെന്നപോലെ സാംസ്കാരികരംഗങ്ങളിലും പ്രാബല്യമുറപ്പിച്ചപ്പോള്‍ അതിനെ മറികടക്കാന്‍പോന്ന തന്ത്രങ്ങളാവിഷ്ക്കരിക്കുന്നതില്‍ പുരോഗമനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമായതുമാണ് അതിന് കാരണം.

പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെയോ അതിന്റെ ചില കലാവിഭാഗങ്ങളുടെയോ ഒറ്റപ്പെട്ട തുരുത്തുകള്‍ മാത്രം ചിലേടങ്ങളിലവശേഷിക്കുകയും പലപ്പോഴും അവ നൈരന്തര്യമില്ലാത്തതാവുകയും ചെയ്തു. പുതിയൊരു അഖിലേന്ത്യാ സംവിധാനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ പാഠങ്ങള്‍ പ്രത്യേകം ഉള്‍ക്കൊള്ളേണ്ടതുണ്ട്. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവസാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായും ഭീഷണമായും വന്നെത്തുന്നത് നാമിപ്പോള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. 1930കളോടെ ലോകം വിഴുങ്ങാനെത്തിയ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് സാധാരണക്കാരന്റെ ജീവിതം അതീവദുരിത പൂര്‍ണമാവുകയും മനുഷ്യജീവിതമാകെ ചൂഷകരുടെ തേരോട്ടത്തിനുള്ള തെരുവീഥിയായി മാറുകയുംചെയ്തത് ഇതിനകം ചര്‍ച്ചകള്‍ക്ക് ഏറെ വിധേയമായിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ മുതലെടുത്തുകൊണ്ടും പുതുതായുയര്‍ന്നുവന്ന ദേശീയബോധത്തിന്റെ ഹിംസാത്മകതലങ്ങളെ ശക്തികേന്ദ്രങ്ങളാക്കിക്കൊണ്ടും വളര്‍ന്നുവന്ന ഫാസിസവും നാസിസവും ലോകജീവിതത്തിനുതന്നെ പുതിയ ഭീഷണിയായിത്തീര്‍ന്നു. ബ്രിട്ടീഷ്, പോച്ചുഗീസ്, ഫ്രഞ്ച്, ഡച്ച്, അമേരിക്കന്‍ അധിനിവേശങ്ങള്‍ രൂക്ഷമായിത്തീര്‍ന്നതിനെത്തുടര്‍ന്ന് വിവിധരാജ്യങ്ങളില്‍ സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ രൂപമെടുക്കുകയും അതിന്റെയടിസ്ഥാനത്തില്‍ ഉരുവംകൊണ്ട ദേശീയബോധവും ശക്തിയാര്‍ജിച്ച ദേശീയതകളും ഏവരെയും എങ്ങും പുതിയൊരു സ്വാതന്ത്ര്യവിഹായസ്സിലേക്ക് ക്ഷണിക്കുകയും ചെയ്തുകൊണ്ടിരുന്ന ഘട്ടമാണിത്. ഫ്രഞ്ചു വിപ്ലവത്തിലൂടെ ഉന്നയിക്കപ്പെട്ട സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മുദ്രവാക്യങ്ങള്‍ സാധിതമാകാവുന്നതാണെന്ന വിശ്വാസം സോവിയറ്റ് യൂണിയന്റെ ആവിര്‍ഭാവത്തിലൂടെ ഉറപ്പിക്കാന്‍ കഴിയുകയും അതോടെ മനുഷ്യന്‍, മാനവികത എന്നീ സങ്കല്പനങ്ങള്‍ സര്‍വാംഗീകാര്യതയിലേക്ക് ഉയര്‍ന്നെത്തുകയും ചെയ്തു. മറ്റുള്ളവര്‍ക്കായുഴാനും നടുവാനും കറ്റകൊയ്യാനും മെതിക്കുവാനും മാത്രം പറ്റുന്ന ഇരുകാലിമാടുകളുടെ(ദുരവസ്ഥ, കുമാരനാശാന്‍) മനുഷ്യാവസ്ഥയിലേക്കുള്ള പ്രവേശമായിരുന്നു, അത്. കേരളത്തിലേത് ദുരവസ്ഥയാണെന്ന കുമാരനാശാന്റെ തിരിച്ചറിവ്(1923) ലോകമെങ്ങും പുതുതായുയര്‍ന്ന ജാഗരണത്തിന്റെ കേരളീയപ്രതിഫലനമായിരുന്നു.

ശ്രീനാരായണഗുരു തന്റെ സിദ്ധാന്തങ്ങളില്‍ ആവര്‍ത്തിച്ചുറപ്പിക്കുന്ന മനുഷ്യശബ്ദവും മനുഷ്യര്‍ എത്ര മഹത്തായ പദം എന്ന മാക്സിം ഗോര്‍ക്കിയുടെ നിരീക്ഷണവും മറ്റും ഒരു ചരിത്രപരിണാമത്തിന്റെ ഉള്‍ത്തിളക്കവും പേറിയാണ് ജനഹൃദയങ്ങളിലേക്കെത്തിയത്. അങ്ങനെയുയര്‍ന്ന സ്വപ്നങ്ങളുടെ പൂര്‍ത്തീകരണത്തിനും മനസ്സംസ്കരണത്തിനും സാഹിത്യത്തിനുള്ള സവിശേഷസിദ്ധികള്‍ മനസ്സിലാക്കി സംഘടിതമായ പ്രവര്‍ത്തനങ്ങളിലൂടെ പുതിയ ലോകം സൃഷ്ടിക്കാനുള്ള യത്നങ്ങളുടെ ഭാഗമായാണ്, മുന്‍സൂചിപ്പിച്ചതുപോലെ 1935, 1936, 1937 വര്‍ഷങ്ങള്‍ ചരിത്രത്തില്‍ സ്ഥാനംപിടിച്ചത്. മനുഷ്യനെ സൃഷ്ടിക്കുന്നത് സാഹചര്യങ്ങളാണെങ്കില്‍ ആ സാഹചര്യങ്ങളെ മാനുഷികമായി മാറ്റേണ്ടതുണ്ട് എന്ന മാര്‍ക്സിയന്‍ നിരീക്ഷണത്തിന്റെ പ്രവര്‍ത്തനഭാഗമെന്ന് ഇതിനെ വിശേഷിപ്പിക്കാം. സാഹചര്യങ്ങളുടെ സൃഷ്ടിയായ മനുഷ്യര്‍ വിപ്ലവകരമായ ചിന്തകളിലൂടെ, സര്‍ഗരചനയിലൂടെ, പ്രവര്‍ത്തനരൂപങ്ങളിലൂടെ തനിക്കനുരൂപമായ സാഹചര്യങ്ങളെ സൃഷ്ടിക്കാന്‍ അങ്ങനെ നിയുക്തനാവുകയായിരുന്നു. തന്നെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത വര്‍ത്തമാനകാലലോകത്തെ മാറ്റിത്തീര്‍ക്കാനും തനിക്കിണങ്ങുംപടി പുതിയ ലോകത്തെ പുനസൃഷ്ടിക്കാനുമുള്ള ശക്തമായ തൃഷ്ണ ഇതിലെല്ലാം നിയാമകമായിനിന്നു.

ഒരു നൂറ്റാണ്ടിന്റെ നല്ലൊരു പങ്ക് സഞ്ചരിച്ചതിനു ശേഷം നാം എത്തിനില്‍ക്കുന്നത് ചരിത്രം ഒരുക്കിവച്ച മറ്റൊരു ചുഴിക്കുത്തിലാണ്. വൈദേശികഭരണം എന്ന നിലയില്‍ പിന്‍വാങ്ങിയ സാമ്രാജ്യത്വം മുമ്പെങ്ങുമുണ്ടായിരുന്നതിനെക്കാളും ശക്തമായ ഉള്‍വലിവുകളോടെ ഇന്ത്യയെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. സാമ്രാജ്യത്വാധിനിവേശത്തിന്റെ പ്രകടരൂപങ്ങള്‍ ആസിയന്‍ കരാറിന്റെയും, ആണവകരാറിന്റെയും, ചില്ലറ വ്യാപാരമേഖലയുടെ വിദേശവത്കരണത്തിന്റെയും രൂപത്തില്‍ നമ്മുടെ മുന്നിലെത്തുമ്പോള്‍ ചിന്തയിലോ അനുഭവത്തിലോ നേരിട്ടെത്താതെ ഒളിഞ്ഞുനില്‍ക്കുന്ന അധിനിവേശത്തിന്റെ കാണാച്ചരടുകള്‍ രാജ്യത്തിന്റെയും വ്യക്തിയുടെയും സമഗ്രജീവിതത്തെയാകെ വരിഞ്ഞുമുറുക്കുന്നു. ആഗോളവത്കരണം, ഉദാരവത്കരണം, സ്വകാര്യവത്കരണം, കമ്പോളവത്കരണം തുടങ്ങിയ ആഗോളസാമ്രാജ്യാധിവേശതന്ത്രങ്ങള്‍ക്കുമുന്നില്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ നവോത്ഥാനമുദ്രാവാക്യങ്ങള്‍ക്ക് ഒച്ചയടച്ചുപോവുന്നു. സാമൂഹികനീതിയെ സംബന്ധിച്ച ബോധം പൊതുസമൂഹബോധത്തില്‍നിന്ന് പുറന്തള്ളപ്പെടുന്നതിനുള്ള ആസൂത്രിതമായ ശ്രമം ആഗോളീകരണത്തിന്റെ ഭാഗമായി നടന്നുവരുന്നു. അതിന്റെ ഫലമായി സമൂഹത്തില്‍നിന്ന് സമൂഹപരത വേര്‍പിരിയുന്നു. സാമൂഹികമായും പൊതുവായും ഉള്ള എല്ലാത്തിനെയും പുറന്തള്ളാനും അതിന്റെയെല്ലാം സ്ഥാനത്ത് വ്യക്തിപരവും സ്വകാര്യവുമായവയെ പുനഃസ്ഥാപിക്കാനുമുള്ള ത്വരയാണ് എങ്ങും കാണുന്നത്.

ദേശീയമായ ഈടുവയ്പുകള്‍ മുഴുവനും സ്വകാര്യമേഖലയ്ക്ക് കൈമാറാനും പൊതുമുതല്‍ സ്വകാര്യവത്കരിക്കാനും സ്വകാര്യമൂലധനവിനിമയം സര്‍വതന്ത്ര സ്വതന്ത്രമാക്കാനുമുള്ള നീക്കങ്ങള്‍ സാംസ്കാരികമായ പിന്മടക്കപ്രവണതകള്‍ക്ക് ആക്കംകൂട്ടുന്നു. പൊതുമുതലിനെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍തന്നെ സേവനമേഖലകളില്‍നിന്ന് പിന്‍വലിയുകയും ഭരണകാര്യങ്ങളെപ്പോലും ലാഭാധിഷ്ഠിതമായിക്കാണുന്ന സമീപനം കൈക്കൊ ള്ളുകയും ചെയ്യുന്നു. മനുഷ്യന് കര്‍തൃസ്ഥാനം നഷ്ടമാവുകയും കര്‍തൃസ്ഥാനം കൈയടക്കിയ കമ്പോളം അവനെ വിഭവങ്ങളുടെ പട്ടികയിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്നു. കമ്പോളനീതി സാമൂഹികനീതിയെ കുടിയിറക്കി അവിടെ അധിനിവേശം നടത്തുന്നു നവോത്ഥാനം രൂപപ്പെടുത്തിയെടുത്ത മനുഷ്യന്‍ എന്ന സങ്കല്പത്തെ തകര്‍ക്കാനും പരസ്പര വൈരവും ഹിംസയും കാര്യപരിപാടിയാക്കാനും ശ്രമിക്കുന്ന തലത്തിലേക്ക് മതങ്ങള്‍ മാറിയത് ഒരു സമീപകാല ഭീഷണാവസ്ഥയാണ്. വ്യക്തിയുടെ സ്വകാര്യമായ വിശ്വാസത്തെയോ ജീവിതചര്യയെയോ സംബന്ധിക്കുന്നത് എന്ന നിലയില്‍നിന്നുകടന്ന് വിശ്വാസവും പ്രവര്‍ത്തനങ്ങളും എങ്ങനെയിരിക്കണമെന്നനുശാസിക്കുന്ന ആധിപത്യസംഹിതയെന്ന നിലയിലേക്ക് മതങ്ങള്‍ മാറിയിരിക്കുന്നു.

ബാബറി മസ്ജിദിന്റെ തകര്‍ച്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം മതേതരത്വസങ്കല്പത്തിന്റെ താഴികക്കുടം തകരലായി. മതം ബോധത്തെ തീര്‍ച്ചപ്പെടുത്തുന്ന നിര്‍ണായകശക്തിയായുയര്‍ന്നു. അപരനെ അസഹിഷ്ണതയോടും തികഞ്ഞ ശത്രുതയോടുംകൂടി മാത്രം കാണാനും സ്വന്തം കാഴ്ചപ്പാടിന്റെ ചുരുക്കക്കൂട്ടിലേക്ക് എല്ലാവരെയും എല്ലാറ്റിനെയുമൊതുക്കിനിര്‍ത്താനും പരസ്പരസ്നേഹത്തിനു പകരം പരസ്പരവൈരം കൊടിയടയാളമാക്കാനും എല്ലാമതങ്ങളും മത്സരിച്ച് ശ്രമിക്കുന്ന കാഴ്ചയാണിപ്പോഴുള്ളത്. മതപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കൈവന്ന ഈഫാസിസ്റ്റ് സ്വഭാവം രാഷ്ട്രീയമോ ഭരണപരമോ ആയ ഫാസിസത്തെക്കാളും ജനജീവിതത്തെ ആഴത്തില്‍ ധ്വംസിക്കുന്നതും മാനവികസങ്കല്പങ്ങളെയാകെ തകര്‍ക്കുന്നതുമാണ്. മതങ്ങള്‍ ഊട്ടിവളര്‍ത്താന്‍ ശ്രമിച്ചുപോന്ന മൂല്യങ്ങളെല്ലാംതന്നെ നിരാകരിക്കപ്പെടുകയും അവയുടെ സ്ഥാനത്ത് കപടമതാത്മകത കൊടികുത്തുകയും ചെയ്തതാണ് സമീപകാലവൈപരീത്യം. അതിന്റെ നിരങ്കുശമായ ഇടപെടല്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നെത്തിയിരിക്കുന്നു. ഭൂരിപക്ഷ ന്യൂനപക്ഷ മതതീവ്രവാദങ്ങള്‍ മനുഷ്യസാമാന്യത്തിന്റെയാകെ ജീവിതത്തിന് ഭീഷണിയുയര്‍ത്തുന്നു. ഇങ്ങനെയൊരുക്കിയ വളക്കൂറുള്ള മണ്ണിലാണ് ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തെഴുത്തുവളരുന്നത്. മതതീവ്രവാദം വംശീയതയുടെയും പ്രാദേശികതയുടെയും തുണകൂട്ടി പെരുക്കംനേടുകയും പരസ്പരപോഷകമായിത്തീരുകയും ചെയ്യുന്നതും വലതുപക്ഷഭരണരാഷ്ട്രീയം അതിനെ കൈവാളാക്കിയെടുക്കുന്നതും ഇന്നു ഗൗരവമേറിയൊരു പരിഗണനാവിഷയമാണ്. അത് വ്യക്തിയുടെ ആവിഷ്ക്കാരസ്വാതന്ത്ര്യത്തെപ്പോലും തകര്‍ത്ത് എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. സ്വന്തം പത്രധര്‍മം നിര്‍വഹിച്ച പത്രപ്രവര്‍ത്തകനെതിരേ കേസെടുത്ത കേരള സര്‍ക്കാരും തനിക്ക് ഹിതകരമല്ലാതെ കാര്‍ട്ടൂണ്‍ വരച്ചയാളെ തുറുങ്കിലടച്ച മമതാബാനര്‍ജിയുടെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും ബാല്‍താക്കറെയുടെ മരണത്തില്‍ ഹര്‍ത്താലാചരിച്ചതിനെതിരെ ഫെയ്സ് ബുക്കില്‍ പ്രതികരിച്ചതിനുപോലും രണ്ടു പെണ്‍കുട്ടികള്‍ക്ക് കാരാഗൃഹം വിധിച്ച മഹാരാഷ്ട്രാസര്‍ക്കാരും എല്ലാം ഇക്കാര്യങ്ങളില്‍ തങ്ങള്‍ ഏതറ്റം വരെ പോകാനും മടിക്കില്ലെന്നു വ്യക്തമാക്കിക്കഴിഞ്ഞു. വിശാലമായൊരൈക്യ മുന്നണി എന്ന മട്ടില്‍ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ എര്‍പ്പെട്ടിരിക്കുന്നതെന്നതും ഇതെല്ലാം വ്യക്തമാക്കുന്നു.

ഭൂരിപക്ഷ ന്യൂനപക്ഷ തീവ്രവാദങ്ങളെയും വംശീയതാ പ്രാദേശികതാവാദങ്ങളെയും വലതുപക്ഷ തീവ്രരാഷ്ട്രീയത്തേയും ഒരേസമയം അഖിലേന്ത്യാതലത്തില്‍ത്തന്നെ എതിരിടാന്‍ പോന്ന വിപുലമായ സാംസ്കാരികമുന്നണിയുടെ അനിവാര്യതയിലേക്ക് ഇതെല്ലാം വിരല്‍ ചൂണ്ടുന്നു. വിദ്യാഭ്യാസകാര്യങ്ങളില്‍ ഇന്ത്യയില്‍ വച്ച് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്ന് അഭിമാനം കൊള്ളുന്ന കേരളം ഈ അധിനിവേശതാത്പര്യങ്ങളുടെ ഏറ്റവും വലിയ കമ്പോളമായിത്തീര്‍ന്നത് ഏറെ ആശങ്കയുളവാക്കുന്നു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെയും നടത്തിപ്പിനെയും അക്കാദമികമായ ഉള്ളടക്കത്തെയും അധ്യയനമാധ്യമത്തെയുമെല്ലാം അധിനിവേശസമീപനം ഏറെ വിപത്ക്കരമായി സ്വാധീനിച്ചിട്ടുണ്ട്.വിദ്യാഭ്യാസത്തിന് വ്യക്തിയുടെയും ദേശത്തിന്റെയും വികാസത്തിലുള്ള പ്രസക്തിയെയും പ്രാധാന്യത്തെയുംപോലും നിരാകരിച്ചുകൊണ്ട് നമ്മുടെ ജീവിതചിന്തകളെ വഴി തിരിച്ചുവിടാന്‍ ഇത് കാരണമാകുന്നു. അന്യദേശക്കാരോട് സംവദിക്കേണ്ടതുള്ളതുകൊണ്ട് നമ്മുടെ വിദ്യാഭ്യാസം അന്യ ഭാഷയിലൂടെ തന്നെയാവണമെന്ന അധിനിവേശശാഠ്യം വിദ്യാഭ്യാസസങ്കല്പത്തെയും ഘടനയെയും ആകെ വികലമാക്കി. നമ്മുടെ വിഭവങ്ങള്‍, നമ്മുടെ ആവശ്യങ്ങള്‍, നമുക്കുള്ള സാധ്യതകള്‍ ഇങ്ങനെ വിദ്യാഭ്യാസസങ്കല്പത്തില്‍ പ്രാഥമികമായി അവശ്യം കണക്കിലെടുക്കേണ്ട പരിഗണനകള്‍ തെല്ലും കാണാതെപോകുന്നു. വിദ്യാഭ്യാസത്തിലും സാംസ്കാരികജീവിതത്തിലും നാലുനൂറ്റാണ്ടു കാലമായി തുടര്‍ന്നുപോന്ന അധിനിവേശത്തിന്റെ ദുഃസ്വാധീനതകളില്‍ നിന്ന് മോചനം നേടുന്നതിലൂടെ മാത്രമേ ശരിയായ ജനകീയസംസ്കാരം അതിന്റെ ശക്തിചൈതന്യങ്ങളോടെ പടുത്തുയര്‍ത്താന്‍ കഴിയൂ. ശരിയായ സ്വത്വവികാസത്തിനും സ്വത്വസ്ഥാപനത്തിനും വഴിയൊരുക്കുന്നതിനും ജനതയെ പര്യാപ്തിയിലേക്ക് നയിക്കുന്നതിനും ഇത് അനിവാര്യം തന്നെ. ഇക്കാര്യത്തില്‍ അഖിലേന്ത്യാതലത്തില്‍ത്തന്നെ സാഹചര്യങ്ങള്‍ ഏറെ വിഭിന്നമല്ല.

സൂക്ഷ്മമായിനോക്കിയാല്‍ വിദ്യാഭ്യാസം ഇന്ന് തുടക്കം മുതലേ വിജ്ഞാനവിരുദ്ധവും അതു കൊണ്ടുതന്നെ ജനവിരുദ്ധവുമായാണ് നിലകൊള്ളുന്നതെന്ന് കാണാം. അത് എങ്ങും മതകേന്ദ്രീകൃത മായിരിക്കുന്നു. ശൈശവ ക്ലാസുകളില്‍പ്പോലും നല്‍കിവരുന്ന മൂല്യവിദ്യാഭ്യാസം ഇന്ന് മതപ്രബോധന പരമാണ്. ശരിയായ വിദ്യാഭ്യാസം ലക്ഷ്യമാക്കേണ്ടത് ആത്മീയമൂല്യങ്ങളെയല്ല, മാനുഷികമൂല്യങ്ങളെയാണെന്ന് ഉറപ്പിക്കാന്‍ കഴിയണം. ശാസ്ത്രീയമായ നിലനില്‍പില്ലാത്ത ദൈവസങ്കല്പത്തിലും ദൈവവിശ്വാസം കല്പിച്ചുനല്‍കുന്ന അതിരുകളിലും പാഠപുസ്തകങ്ങളിലെ ജ്ഞാനമേഖലകള്‍ പാടേ തളച്ചുനിര്‍ത്തപ്പെടുന്നു. കുട്ടികളെ ഈ ആപത്തില്‍നിന്ന് രക്ഷിച്ച് വിജ്ഞാനത്തിന്റെ തുറന്ന മേഖലകളിലേക്ക് കടക്കാന്‍ അവരെ പ്രാപ്തരാക്കേണ്ടതുണ്ട്. ഈ കാഴ്ചപ്പാടോടുകൂടി ശൈശവവിദ്യാഭ്യാസവും ബാലസദസ്സുകളും കരുപ്പിടിപ്പിക്കേണ്ടതാണ്.

പാര്‍ശ്വ വത്കരണത്തിലൂടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട വിഭാഗമാണ് ലോകത്തെങ്ങുമുള്ള സ്ത്രീകള്‍. ദേശീയവും പ്രാദേശികവുമായ സവിശേഷതകള്‍കൊണ്ട് ഇന്ത്യയിലെ, കേരളത്തിലെ വിശേഷിച്ചും, സ്ത്രീകള്‍ അവകാശനിഷേധത്തിന് കൂടുതല്‍ വിധേയരാവേണ്ടിവരുന്നു. സാമൂഹികമായ അവകാശ ങ്ങളില്‍ നിന്നും ഉത്തരവാദിത്തസ്ഥാനങ്ങളില്‍നിന്നും അക്ഷരാഭ്യാസത്തില്‍നിന്നും അവള്‍ അകറ്റി നിര്‍ത്തപ്പെട്ടു. സമൂഹത്തെ സമഗ്രമായി പിടിച്ചുണര്‍ത്താന്‍ പുറപ്പെട്ട നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ ഈ അവസ്ഥയ്ക്ക് കുറെയൊക്കെ പരിഹാരമുണ്ടാക്കുകയും, നവോത്ഥാന നവീകരണങ്ങളില്‍ മുന്നില്‍നിന്ന കേരളത്തിലെ സ്ത്രീ താരതമ്യേന മെച്ചപ്പെട്ട നിലയിലെത്തുകയും ചെയ്തിട്ടുണ്ട്. ഒരു നൂറ്റാണ്ടുകാലമായി നടക്കുന്ന സ്ത്രീവിമോചനസമരങ്ങളും ഇതിലേക്ക് കുറേയൊക്കെ സംഭാവന ചെയ്തു. എന്നാല്‍ സമൂഹത്തില്‍ കര്‍തൃസ്ഥാനം നേടുന്നതില്‍ സ്ത്രീയോ അത് നല്‍കുന്നതില്‍ പുരുഷനോ വേണ്ടത്ര മുന്നോട്ടുവന്നിട്ടില്ല. ഇന്ത്യയിലെ വിവിധ ദേശങ്ങളില്‍നിന്ന് ദിവസേനയെന്നവണ്ണം ഉയര്‍ന്നുകേള്‍ക്കുന്ന സ്ത്രീപീഡനവാര്‍ത്തകള്‍ ഇക്കാര്യത്തില്‍ തുടര്‍ന്നുവരുന്ന അശരണതയും അതിന്റെ ദേശീയ തലത്തില്‍ത്തന്നെയുള്ള സമാനതയും വ്യക്തമാക്കുന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്. കലാസാംസ്കാരികരംഗങ്ങളിലെന്നപോലെ സാമൂഹികരംഗങ്ങളിലും സ്ത്രീക്ക് തുല്യസ്ഥാനം ഉറപ്പു വരുത്തണം. അവസരങ്ങള്‍ പങ്കിടലില്‍ മാത്രമൊതുങ്ങുന്നതല്ല സ്ത്രീശാക്തീകരണമെന്നും അവസര തുല്യതയ്ക്കും അധികാരതുല്യതയ്ക്കുമൊപ്പം കൈകാര്യകര്‍തൃത്വത്തിലെ മികവും അത് നിര്‍വഹിക്കുന്നതിന് പര്യാപ്തമായ ഗാര്‍ഹികാന്തരീക്ഷവും സമയ സ്ഥല സൗകര്യങ്ങള്‍ ഉറപ്പാക്കലും കൂടി നടപ്പാക്കുന്നതിലൂടെ മാത്രമേ അത് അര്‍ഥവത്താകുന്നുള്ളു എന്നും കാണേണ്ടതുണ്ട്. ചരിത്രം അടിച്ചേല്പിച്ച പാര്‍ശ്വീകരണത്തിന്റെ ഭാരം ഒഴിവാക്കുകയെന്നത് ഇതിനെക്കാളെല്ലാം ക്ലേശകരവുമത്രേ. എന്നിരുന്നാലും ഇവയെല്ലാം പരിഹരിച്ചതിനുശേഷം നിലവില്‍ വരാവുന്ന തുല്യതയാണ് സംഘടന ലക്ഷീകരിക്കേണ്ടത്.

മറ്റ് സാംസ്കാരികപ്രശ്നങ്ങളിലെന്നപോലെയോ അതിനെക്കാളുമേറെയായോ സ്ത്രീപദവിയും സ്ത്രീസ്വത്വതുല്യതയും സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ വ്യത്യസ്തങ്ങളായ സമീപനവും ഇടപെടലുമാണ് ആവശ്യപ്പെടുന്നതെന്ന് എടുത്തുപറയേണ്ടതുണ്ട്. ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ സവിശേഷചൂഷണരൂപമായ ജാതിവ്യവസ്ഥ നൂറ്റാണ്ടുകളായി സമൂഹത്തിലെ ഉത്പാദകവിഭാഗമായ തൊഴിലെടുക്കുന്നവരെ കീഴാളരായി അകറ്റിനിര്‍ത്തുകയും സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കുകയുമാണ് ചെയ്തത്. ജാതിയുടെ പേരില്‍ അവഗണനയും നിന്ദയും അവകാശനിഷേധവും അനുഭവിക്കേണ്ടിവന്നവരെ അവകാശത്തിലേക്കും അധികാരത്തിലേക്കും ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നവോത്ഥാനപ്രവര്‍ത്തനങ്ങളിലെ പ്രധാനഭാഗമായിരുന്നു. എങ്കിലും അവ വേണ്ടത്ര ഫലവത്തായില്ല.

കീഴാളവിഭാഗത്തെ ഒരുമിപ്പിച്ച് അവകാശബോധത്തിലേക്കുയര്‍ത്തുന്നതിന് ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും ജ്യോതി ബാ ഫൂലെയെയും അംബേദ്കറെയും പോലുള്ള നവോത്ഥാനനായകര്‍ ശ്രമിക്കുകയുണ്ടായി. വര്‍ഗവിശകലനത്തിലെയും പരിഹാരശ്രമങ്ങളിലെയും കാലികമായ പരിമിതികള്‍കൊണ്ട് ഫല പ്രാപ്തിയിലെത്താതെപോയ ആ ഉദ്യമങ്ങള്‍ പക്ഷേ പില്‍ക്കാലത്ത് ജാതീയതയുടെയും സാമുദായികതയുടെയും വംശീയതയുടെയും പുനരുത്ഥാനത്തിന് വഴിവച്ചതായാണ് കാണുന്നത്. ജാതിസമുദായ സംഘടനകളുടെ ആധിപത്യവും ജാതിസമുദായബോധത്തിന്റെ കേന്ദ്രീകരണവും അതിന്റെ പേരില്‍ ശക്തിപ്രാപിച്ചുവരുന്ന സ്വത്വരാഷ്ട്രീയവും സമത്വാധിഷ്ഠിതസമൂഹസങ്കല്പം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

കേരളത്തെപ്പോലൊരു പ്രദേശത്ത് ഇങ്ങനെയൊരു തിരിച്ചുപോക്കുണ്ടായത് ഗൗര വമായി പരിശോധിക്കേണ്ടതുണ്ട്. ജാതീയവും സാമുദായികവുമായ വിവേചനങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും ഒത്തൊരുമിപ്പിച്ചുകൊണ്ടുള്ള വര്‍ഗരാഷ്ട്രീയപോരാട്ടത്തിലൂടെ മാത്രമേ ഇതിനു പരിഹാരം കാണാനാവൂ. ഇങ്ങനെയൊരു തിരിച്ചറിവ് നമ്മുടെ കലാസാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ നിയാമകമാകേണ്ടതുണ്ട്. സ്വത്വബോധം സ്വത്വരാഷ്ട്രീയമായിപ്പടരുന്നതിലുള്ള അപകടം തിരിച്ചറിയു ന്നതിനോടൊപ്പം ജാതിസമുദായഭേദങ്ങളും അയിത്താചാരവും സമൂഹത്തിലേല്‍പ്പിച്ച ക്ഷതങ്ങള്‍ മായ്ക്കുന്നതിനു പര്യാപ്തമായ പ്രവര്‍ത്തനപരിപാടികള്‍ ആവിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ പ്രധാനമേഖലകളിലൊന്ന് അതായിത്തീരണം. ഇക്കാര്യത്തിലും ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകള്‍ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.

ചൂഷണാധിഷ്ഠിത ജീവിതസമീപനത്തിന്റെ വികാസത്തോടെ സ്വാര്‍ഥപ്രേരിതമായ പ്രകൃതിചൂഷണം ശക്തമാവുകയും സങ്കീര്‍ണമായ പരിസ്ഥിതിപ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. പ്രകൃതിയുടെയും മനുഷ്യന്റെയും സഹവര്‍ത്തനത്തിലൂന്നി മാര്‍ക്സിസം മുന്നോട്ട് വയ്ക്കുന്ന പരിസ്ഥിതിദര്‍ശനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയെന്നതാണ് മാലിന്യനിര്‍മാജനവും പുഴ, കടല്‍, വായു, വന നശീകരണവും ആഗോളതാപനവുമടക്കമുള്ള പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് പരിഹാരം. ലോക പരിസ്ഥിതിഉച്ചകോടികളില്‍ അമേരിക്കയടക്കമുള്ള സാമ്രാജ്യത്വശക്തികള്‍ സ്വീകരിച്ചുവരുന്ന പരിസ്ഥിതിവിരുദ്ധ നിലപാടുകളെ ചെറുത്ത് തോല്പിക്കേണ്ടത് മനുഷ്യന്റെയും പ്രകൃതിയുടെയും സ്വച്ഛമായ നിലനില്പിന് അനിവാര്യമാണ്. ഹിരോഷിമാ ബോംബാക്രമണം മുതല്‍ ഇന്നുവരെ ലോകജനതയുടെമേല്‍ അമേരിക്ക തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ഹിംസാത്മകമായ നടപടികളുടെ മറ്റൊരു രൂപം തന്നെയാണ് അവരുടെ പാരിസ്ഥിതികനിലപാടുകള്‍. അതുകൊണ്ട് പരിസ്ഥിതിചൂഷണത്തിന്നെതിരെ പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ പുരോഗമന സാംസ്ക്കാരികപ്രവര്‍ത്തകര്‍ ഇന്ന് ബാധ്യസ്ഥരാണ്. എന്നാല്‍ പരിസ്ഥിതിനശീകരണത്തിന്റെ പേരില്‍ ഏതൊരു വികസനപ്രവര്‍ത്തനത്തെയും തടയുന്ന പരിസ്ഥിതിമൗലികവാദത്തെയും സൂക്ഷ്മരാഷ്ട്രീയത്തിന്റെ അവിഹിതമായ കടന്നുകയറ്റത്തെയും ഇവിടെ നാം തിരിച്ചറിയേണ്ടതുണ്ട്.
സാംസ്കാരികരംഗത്ത് ദൃശ്യമാധ്യമങ്ങളുടെ അമിതാധിപത്യമാണ് ഇന്ന് കണ്ടുവരുന്നത്. എന്നാല്‍ മികച്ച കലാസൃഷ്ടികള്‍ അവതരിപ്പിക്കുന്നതിനോ ജനാവബോധത്തെ നവീകരിക്കുന്നതിനോ അവ ശ്രമിക്കാറില്ല. ജനങ്ങളെ കമ്പോളവിഭ്രമങ്ങളുടെയും കപടമതാത്മകതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വഴിക്ക് നയിക്കാനാണ് ദൃശ്യമാധ്യമങ്ങള്‍ മത്സരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയൊരു ദൃശ്യമാധ്യമസംസ്ക്കാരം പ്രസ്ഥാനത്തിന്റെ പ്രഥമപരിഗണനയില്‍ വരേണ്ടതുണ്ട്. അച്ചടിമാധ്യമങ്ങളുടെ കാര്യവും ഇതുപോലെതന്നെ കണക്കിലെടുക്കേണ്ടതാണ്. ചലച്ചിത്രം, നാടകരംഗം, ചിത്രകല, സംഗീതം തുടങ്ങിയ കലാവിഭാഗങ്ങള്‍ പ്രത്യേകം പരിഗണിക്കുകയും ഓരോ ദേശീയതയുമായി ബന്ധപ്പെട്ട് പ്രത്യേക ഉപവിഭാഗങ്ങള്‍ തീര്‍ക്കുകയും എല്ലാ വിധത്തിലും പോഷിപ്പിക്കുകയും വേണം. വിവിധ കലാരൂപങ്ങളുടെ ആവിഷ്ക്കാരത്തിന് പ്രാദേശികതലത്തില്‍ ഉപസമിതികളുണ്ടാവണം. നാടന്‍ കലകളുടെ സംരക്ഷണവും ഉന്നമനവും പുരോഗമന സാംസ്കാരികപ്രവര്‍ത്തനങ്ങളുടെ പ്രധാനമേഖലയാണ്. വിവിധ ദേശങ്ങളിലെ മനുഷ്യജീവിതത്തിന്റെ ആവിഷ്ക്കാരവികാസ രേഖകളാണ് അവിടത്തെ നാടന്‍കലകള്‍. അവയുടെ രൂപമാതൃകകളെ സംരക്ഷിക്കുകയും പുതിയ കലാരചനകള്‍ക്ക് വികസിക്കാനുള്ള മേഖലകളായി അവയെ ഉപയോഗിക്കുകയും വേണം. പുതിയ സാംസ്ക്കാരികവികാസത്തിന്റെ ഗര്‍ഭഗൃഹങ്ങളാണ് നാടന്‍കലകളും നാടന്‍ ജീവിതക്രമങ്ങളും എന്ന തിരിച്ചറിവ് പ്രധാനമാണ്. ജാതിമതവംശീയ ശക്തികള്‍ തങ്ങളുടെ നിലനില്പിനും വളര്‍ച്ചയ്ക്കുമുള്ള മേച്ചില്പുറങ്ങളായി നാടന്‍കലകളെ ഉപയോഗിച്ചുവരുന്നതിനെ വിവേകപൂര്‍വം ചെറുക്കേണ്ടതുണ്ട്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിളനിലമായിമാറിയ നാടന്‍കലകളുടെ കലാമൂല്യവും ശക്തിചൈതന്യവും വീണ്ടെടുക്കേണ്ടത് ഈ സാഹചര്യത്തില്‍ അതിപ്രധാനമായ ദൗത്യമാണ്. സാധാരണക്കാരന്റെ നിത്യജീവിതം എല്ലാവിധത്തിലും കൈയേറ്റം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ പര്യാപ്തമായ പുതിയൊരു സംസ്കാരികാവബോധം ഇന്ത്യന്‍ ജനതയിലുണര്‍ത്തുകയെന്നത് സാംസ്കാരികപ്രവര്‍ത്തകരുടെ കടമയാണ്. വിവിധ സംസ്ഥാനങ്ങളില്‍, വിവിധ ഭാഷാ സാംസ്കാരിക സാഹചര്യങ്ങളില്‍, വിവിധ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഇതിലേക്ക് ഒത്തൊരുമിപ്പിക്കേണ്ടതുണ്ട്. വളരെ അയവേറിയതും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനും ഒത്തൊരുമിപ്പിക്കാനും കഴിയുന്നതുമായ വിധത്തിലുള്ള ഒരു കേന്ദ്രീകൃതപ്രവര്‍ത്തനം ഇതിലേക്ക് ആവശ്യമാണ്.

ദേശീയ നിര്‍വാഹകസമിതി, മേഖലാസമിതി, പ്രാദേശിക(സംസ്ഥാന)സമിതി, എന്നീ ക്രമത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാരൂപമാണ് അഭികാമ്യം. ഈ തലങ്ങളിലെല്ലാം വനിതാ സമിതികളും (കേരളത്തിലെ വനിതാസാഹിതി പോലെ) രൂപീകരിക്കാന്‍ കഴിയണം. ഈ സമിതികള്‍ നിശ്ചിത കാലയളവില്‍ യോഗം ചേര്‍ന്ന് കലാസാംസ്കാരികവിഷയങ്ങളെ സംബന്ധിച്ച നയരൂപീകരണവും പ്രവര്‍ത്തനമാര്‍ഗനിര്‍ദേശങ്ങളും നിര്‍വഹിക്കണം. പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കൃത്യവും നിരന്തരവുമായ അവലോകനവും മൂല്യനിര്‍ണയവും ആവശ്യമാണ്.

പൊതുസാംസ്കാരിക സമസ്യകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകസമിതികള്‍ ദേശീയമേഖലാസംസ്ഥാന തലങ്ങളില്‍ രൂപീകരിക്കേണ്ടതുണ്ട്. ദേശീയ പ്രാദേശിക സാംസ്കാരികപ്രശ്നങ്ങളെ സമിതികള്‍ അപ്പോഴപ്പോള്‍ പരിഗണിക്കുകയും പ്രതികരിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. യഥാര്‍ഥസ്വാതന്ത്ര്യത്തിനുമുന്നില്‍ വന്നെത്തുന്ന എല്ലാവിധ പ്രതിബന്ധങ്ങളെയും തകര്‍ത്തെറിഞ്ഞ് പുതിയൊരു മനുഷ്യനെ, പുതിയൊരിന്ത്യയെ, പുതിയൊരു ലോകത്തെ നിര്‍മിച്ചെടുക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കേണ്ട സമയമാണിത്. അതിലേക്ക് നമുക്ക് ഉപാദാനമായി സ്വീകരിക്കാനുള്ളത് സമഗ്രജീവിതത്തെ, സംസ്കാരത്തെ തന്നെയാണ്. പ്രാദേശികതലത്തിലെന്നതിനേക്കാള്‍, അഖിലേന്ത്യാതലത്തില്‍ത്തന്നെ ശൃംഖലിതമായ പ്രവര്‍ത്തനങ്ങളാണ് ഈ ലക്ഷ്യം ഇന്ന് ആവശ്യപ്പെടുന്നത്.

*
എസ് രാജശേഖരന്‍ ദേശാഭിമാനി വാരിക 17 മാര്‍ച്ച് 2013

No comments: