Friday, September 17, 2010

വംശഹത്യകളും സ്‌ത്രീകളും

ജനാധിപത്യം, മതേതരത്വം തുടങ്ങിയ സുപ്രധാന അടിസ്ഥാന മൂല്യങ്ങള്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മാണ-നിര്‍വഹണത്തെ തന്നെ നിര്‍വചിക്കുന്നുണ്ട്. ലോകത്ത് മറ്റൊരു രാഷ്‌ട്രത്തിലും ദൃശ്യമല്ലാത്ത വിധത്തിലുള്ള അനന്തവും വിചിത്രവും പരസ്‌പരവിരുദ്ധമെന്നു പോലും തോന്നിപ്പിക്കുന്നതുമായ വൈവിധ്യങ്ങള്‍; സംസ്‌കാരം, മതം, വിശ്വാസം, വസ്‌ത്രം, മര്യാദ, ഭക്ഷണം, കുടുംബം, ഭാഷ, കല, സാഹിത്യം എന്നീ കാര്യങ്ങളിലൊക്കെ പുലര്‍ത്തുന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ പല / ഒരേ ഇന്ത്യയെ സാധ്യമാക്കുന്നതില്‍ ഈ ഭരണഘടനയുടെ സാന്നിദ്ധ്യം അത്യന്തം പ്രധാനമാണെന്ന് വിദഗ്ദ്ധരും അല്ലാത്തവരുമായ നിരീക്ഷകരൊക്കെയും സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍, അത്രയും ഗംഭീരമായ ഒരു ഭരണഘടന കൊണ്ടു മാത്രം രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ജനതയുടെ സുരക്ഷിതത്വവും എല്ലാക്കാലത്തും ഒരു പോലെ ഉറപ്പു വരുത്താനാവില്ല എന്നതിന്റെ തെളിവുകളായിട്ടാണ് സ്വതന്ത്ര ഇന്ത്യയിലുണ്ടായ മൂന്നു വംശഹത്യകളെ - ദില്ലി(1984), ഗുജറാത്ത്(2002), ഖണ്ഡമാല്‍(2007) - സമാധാന വിശ്വാസികള്‍ കണക്കാക്കുന്നത്. ഇന്ത്യാരാജ്യത്തെ മൂന്നു പ്രമുഖ ന്യൂനപക്ഷങ്ങള്‍ - സിക്ക്, മുസ്ളിം, ക്രിസ്‌ത്യന്‍ - ഈ മൂന്നു വംശഹത്യകളിലായി മാറി മാറി വേട്ടയാടപ്പെട്ടു. വര്‍ഷങ്ങള്‍ പൊഴിഞ്ഞു പോയിട്ടും പ്രധാനപ്പെട്ട പ്രതികള്‍ ശിക്ഷിക്കപ്പെടാതെ വിലസി നടക്കുകയും ചെയ്യുന്നു. ഇതു മാത്രമല്ല ഈ വംശഹത്യകളിലെ സമാനതകള്‍. രക്തരൂഷിതമായ കൊലയും കൊള്ളിവെപ്പും മോഷണവും ഒരു പോലെ അരങ്ങേറിയ ഈ മൂന്നവസരങ്ങളിലും സ്‌ത്രീജനങ്ങള്‍ക്കെതിരായ ലൈംഗികാക്രമണങ്ങള്‍ ഏതാണ്ടൊരേ വിധത്തില്‍ ആഹ്ളാദനിര്‍മ്മിതിയുടെ അവിഭാജ്യ ഘടകമായി സംഘടിപ്പിക്കപ്പെട്ടിരുന്നു എന്ന കാര്യം നമുക്ക് വിസ്‌മരിക്കാനാവില്ല. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥയിലെന്ന വണ്ണം എല്ലാ സംഭവങ്ങളും ദുരന്താത്മകമായ അന്ത്യത്തില്‍ കലാശിക്കുകയും ചെയ്‌തു. ഇരകള്‍ എവിടെയൊക്കെയോ എങ്ങിനെയൊക്കെയോ വിസ്‌മൃതികളില്‍ കുടുങ്ങിപ്പോകുകയും വേട്ടക്കാര്‍ അവരുടെ ഗൂഢമായ ആഹ്ളാദങ്ങളും പേറി മുകള്‍ത്തട്ടുകളിലേക്ക് പൊന്തിപ്പറക്കുകയും ചെയ്‌തു.

1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സിക്ക് വംശജരാണ് ദില്ലിയില്‍ കൊന്നു തള്ളപ്പെട്ടത്. ഒരു അസാധാരണ സാഹചര്യത്തില്‍ നടന്ന അത്യപൂര്‍വ്വമായ ഒരക്രമമായി അതിനെ എഴുതിത്തള്ളാന്‍ പലരും വെമ്പല്‍ കൂട്ടി. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ എന്ന രാജീവ് ഗാന്ധിയുടെ ന്യായീകരണം ഈ അസാധാരണത്വത്തെ മഹത്വവത്ക്കരിക്കുകയും ചെയ്‌തു. എന്നാല്‍, അന്ന് രാഷ്‌ട്രവും നീതിന്യായ വ്യവസ്ഥയും പൊതു സമൂഹവും വിമുഖതയോടെ ഈ പ്രശ്‌നത്തെ നേരിട്ടതുകൊണ്ടു കൂടിയാണ് പിന്നീടുള്ള രണ്ടു വംശഹത്യകള്‍ കൂടി അതേ തീവ്രതയോടെ കൊണ്ടാടാന്‍ സംഘപരിവാര്‍ ഫാസിസ്‌റ്റുകള്‍ക്ക് ധൈര്യം കിട്ടിയത് എന്നു വേണം കരുതാന്‍. ഭരണകൂടത്തിന്റെ ഉപകരണങ്ങള്‍ - സൈന്യം, പൊലീസ്, ഭരണകക്ഷിയിലെ മന്ത്രിമാരും എം എല്‍ എ മാരും എം പിമാരും മറ്റ് സ്വാധീനമുള്ള നേതാക്കളും - നഗ്നമായി അക്രമികളോടൊപ്പം കൂടുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന പ്രവണത ഈ മൂന്നവസരങ്ങളിലും ദൃശ്യമായിരുന്നു. വെറുതെ കൊന്നു തള്ളുന്നതിനു പകരം നൂതനമായ കൊലപാതകാഹ്ളാദരീതികള്‍ പരീക്ഷിക്കപ്പെട്ടു. പിഞ്ചു കുട്ടികളുടെ കഴുത്തില്‍ കത്തുന്ന ടയര്‍ കൊണ്ട് മാലയണിയിക്കുക, ഗര്‍ഭിണിയെ ബലാത്സംഗം ചെയ്‌തതിനു ശേഷം നിറവയര്‍ കുത്തിക്കീറി ഭ്രൂണത്തെ വലിച്ചെടുത്ത് വാളില്‍ കോര്‍ത്ത് അട്ടഹസിക്കുക, തുടങ്ങി ഭാഷകളിലും ചരിത്രത്തിലും വിവരണാതീതമായി എല്ലാക്കാലത്തും നിലനില്‍ക്കുന്ന ഭീകരതകള്‍ ഓരോ വംശഹത്യകളുടെയും മുഖമുദ്രകളായി പില്‍ക്കാലത്ത് നമ്മെ വേട്ടയാടിക്കൊണ്ടേയിരുന്നു. വേട്ടയാടപ്പെട്ട സമുദായം വംശഹത്യകളെ തുടര്‍ന്ന് കുറെക്കാലത്തേക്ക് സാമൂഹ്യ ബഹിഷ്‌ക്കരണത്തിനും വിധേയമായി. അവരുടെ കടകളിലാരും കയറരുത്, അവരുടെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കരുത്, അവരെ ജോലിക്കെടുക്കരുത്, അവരുടെ സ്ഥാപനങ്ങളില്‍ ജോലിക്ക് പോകരുത് എന്നിങ്ങനെ സാമൂഹ്യ ബഹിഷ്‌ക്കരണം നിശ്ശബ്‌ദമായ ഒരു വംശഹത്യാതുടര്‍ച്ച കൂടിയാണ്.

കണ്ണിന് കണ്ണ് എന്ന പ്രതികാര സിദ്ധാന്തം അഥവാ നരേന്ദ്രമോഡിയുടെ കുപ്രസിദ്ധമായ ന്യൂട്ടന്‍ സിദ്ധാന്തം(ഓരോ പ്രവര്‍ത്തനത്തിനും ഓരോ പ്രതിപ്രവര്‍ത്തനമുണ്ട്) മൂന്നു വംശഹത്യകളെയും സാധൂകരിക്കാന്‍ വേണ്ടി തയ്യാര്‍ ചെയ്‌തിട്ടുണ്ടായിരുന്നു. ദില്ലിയിലത് ഇന്ദിരാഗാന്ധിയുടെ വധമായിരുന്നുവെങ്കില്‍, ഗുജറാത്തില്‍ ഗോധ്ര തീവണ്ടി കത്തിക്കലും, ഖണ്ഡമാലില്‍ സ്വാമി ലക്ഷ്‌മണാനന്ദയുടെ വധവുമായിരുന്നു. എന്നാല്‍ ഈ സംഭവങ്ങളിലെ നിഷ്‌ഠൂരതയെ കവച്ചു വെക്കുന്ന തരത്തിലും അതിലെ ആസൂത്രണങ്ങളെ അപ്രസക്തമാക്കുന്ന വിധത്തിലും, വിപുലവും വ്യാപകവുമായ അക്രമങ്ങളാണ് ഓരോ വംശഹത്യകളിലും നടന്നത്. അതായത്, അവയും കാലേക്കൂട്ടി തയ്യാര്‍ ചെയ്യപ്പെട്ടിരുന്നു എന്ന് സംശയാതീതമായി നമുക്ക് ബോധ്യപ്പെടുന്ന തരത്തിലാണ് സ്വതന്ത്രാന്വേഷണങ്ങള്‍ വസ്‌തുതകള്‍ പുറത്ത് കൊണ്ടു വന്നിട്ടുള്ളത്. സ്വാമി ലക്ഷ്‌മണാനന്ദയുടെ വധവുമായി ക്രിസ്‌ത്യാനികള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന കാര്യം സംശയാതീതമായി ഉന്നയിക്കപ്പെടുക പോലും ചെയ്യുന്നതിനു മുമ്പാണ് ഖണ്ഡമാലിലെ അക്രമങ്ങളുമായി ഫാസിസ്‌റ്റുകള്‍ മുന്നേറിയത് എന്നതും മറന്നു കൂടാ.

മൂന്നു വംശഹത്യകളിലും ഏറ്റവും സര്‍വസാധാരണമായി നടന്ന പ്രധാനപ്പെട്ട കാര്യം സ്‌ത്രീകള്‍ക്കെതിരായ ലൈംഗികാക്രമണങ്ങളായിരുന്നു. സ്‌ത്രീകള്‍ പ്രായഭേദമെന്യേ അവരുടെ സ്വന്തം കുടുംബാംഗങ്ങള്‍ക്കു മുമ്പില്‍ വെച്ചു തന്നെ പിച്ചിച്ചീന്തപ്പെട്ടു. ചില അമ്മമാരെ ആക്രമിച്ചതിനു ശേഷം ഒരേ അക്രമി ആ അമ്മയുടെ ചെറു പ്രായത്തിലുള്ള പെണ്‍മക്കളെയും അതേ പോലെ മാനഭംഗപ്പെടുത്തിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ശിക്ഷയുടെ പശ്ചാത്തലപ്രദേശമായി സ്‌ത്രീ ശരീരങ്ങളെ ഒറീസ്സയിലെ അക്രമികള്‍ ഉപയോഗിച്ചു എന്നാണ് സ്വതന്ത്ര ജൂറി അംഗമായ വൃന്ദ ഗ്രോവര്‍ രേഖപ്പെടുത്തിയത്. ഒരു പോലീസ് പോസ്‌റ്റിനു മുന്നില്‍ വെച്ച് പന്ത്രണ്ട് പോലീസുകാര്‍ നോക്കി നില്‍ക്കെ, ഒരു കന്യാസ്‌ത്രീ വിവസ്‌ത്രയാക്കപ്പെടുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും ചെയ്‌ത സംഭവം ദേശീയ മാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട് ചെയ്‌തിരുന്നു. ഗുജറാത്തില്‍ സ്‌ത്രീകള്‍ക്ക് നേരെ നടന്ന വ്യാപകമായ ലൈംഗികാക്രമണങ്ങള്‍ നിരവധി തവണ വിശദീകരിക്കപ്പെട്ടിട്ടുള്ളതു കൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഇരുപത്താറ് വര്‍ഷം മുമ്പ് ദില്ലിയില്‍ സിക്കുകാര്‍ക്കെതിരെ നടന്ന കൂട്ടക്കൊലയില്‍ താരതമ്യേന സ്‌ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ കുറവായിരുന്നുവെന്നാണ് അടുത്ത കാലം വരെയും കരുതപ്പെട്ടിരുന്നത്. മനോജ് മിത്തയും എച്ച് എസ് ഫൂല്‍ക്കെയും ചേര്‍ന്നെഴുതിയ ദില്ലിയെ ഒരു വന്‍ മരവീഴ്‌ച കുലുക്കിയപ്പോള്‍- നിശ്ശബ്‌ദതയുടെ മൂടുപടം നീക്കുന്നു(വെന്‍ എ ട്രീ ഷുക്ക് ദില്ലി -ലിഫ്‌റ്റിംഗ് ദ വീല്‍ ഓഫ് സൈലന്‍സ്) എന്ന പുസ്‌തകം അടുത്തയിടെ പുറത്തുവന്നപ്പോളാണ് ദില്ലി വംശഹത്യയിലും ബലാത്സംഗം ധാരാളമായി ഉപയോഗിക്കപ്പെട്ട ഒരായുധമായിരുന്നു എന്ന് വ്യക്തമായത്.

ലൈംഗികാക്രമണങ്ങള്‍ പുറത്തു വരാത്തതിന്റെ പുറകിലുള്ള പ്രധാന കാരണം, ഇരകളാക്കപ്പെട്ടവര്‍ പുലര്‍ത്തുന്ന മൌനവും ഉള്‍വലിയലും തന്നെയാണ്. രേഖപ്പെടുത്തല്‍, റിപ്പോര്‍ടിംഗ്, അന്വേഷണം, കുറ്റപത്രം രൂപപ്പെടുത്തല്‍, ശിക്ഷ എന്നീ ഘട്ടങ്ങളെയൊക്കെയും ഈ മൌനം സ്വാധീനിക്കുന്നുണ്ട്. ഇനി ഇരകള്‍ തുറന്നു പറഞ്ഞാല്‍ തന്നെ ഇത്തരം കേസുകളില്‍ തുടര്‍ച്ചയായി സ്‌ഥൈര്യം നിലനിര്‍ത്തി പൊരുതാന്‍ കെല്‍പ്പില്ലാത്തതിനാല്‍ അവര്‍ നിശ്ശബ്‌ദരാക്കപ്പെടുകയും തോല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണതയും സാധാരണമാണ്. പൊതു സമൂഹം സാധാരണ ഗതിയില്‍ തന്നെ (സമാധാന കാലത്തും) സ്‌ത്രീ വിരുദ്ധമായതിനാല്‍, സ്‌ത്രീകളുടെ ആവലാതികള്‍ പരിഹരിക്കപ്പെടാതിരിക്കുകയോ വേണ്ട രീതിയില്‍ ഉന്നയിക്കപ്പെടുന്നതില്‍ നിന്നു തന്നെ തടയപ്പെടുകയോ ചെയ്യുന്നു. ഇതും അവര്‍ക്കെതിരായ ആക്രമണങ്ങളുടെ ഊക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലയ്‌ക്കാണ് കേട് തുടങ്ങിയ പഴഞ്ചൊല്ലുകളില്‍ അധിഷ്‌ഠിതമായ പരമ്പരാഗത പുരുഷാധിപത്യ ബോധമാണ് അതി നിഷ്‌ഠൂരമായ വര്‍ഗീയ - വംശഹത്യകളിലെ കേസുകളില്‍ പോലും അഭിപ്രായം രൂപപ്പെടുത്തുന്നതിനെ സ്വാധീനിക്കുന്നത്. സ്‌ത്രീകള്‍ ആക്രമിക്കപ്പെടാം എന്ന അവസ്ഥ നിലനില്‍ക്കുന്നതു കൊണ്ട് ആക്രമണത്തിനിരയായ സമുദായത്തില്‍പ്പെട്ടവര്‍ തങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരാതിരിക്കുകയും ചെയ്യുന്നു. നിശ്ശബ്‌ദമായ ദൈനം ദിന അക്രമത്തിലൂടെ ന്യൂനപക്ഷം വേട്ടയാടപ്പെടുന്ന അവസ്ഥയാണിതു മൂലമുണ്ടാകുന്നത്. തുല്യത, വിവേചനരാഹിത്യം, അഭിമാനത്തോടെയുള്ള ജീവിതം എന്നീ അന്താരാഷ്‌ട്ര മൂല്യങ്ങളാണ് ഇത്തരം അവസരങ്ങളില്‍ വ്യാപകമായി ഉന്മൂലനം ചെയ്യപ്പെടുന്നത് എന്നതാണ് വാസ്‌തവം. ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി നാലിനു ശേഷമുള്ള ഇന്ത്യ, ജനാധിപത്യ നിര്‍മാണത്തോടൊപ്പം തന്നെ ജനാധിപത്യ ശിഥിലീകരണത്തിന്റെയും പ്രയോഗസ്ഥലമായി മാറിക്കൊണ്ടിരിക്കുന്നു എന്ന നിരീക്ഷണം പ്രബലമാവുന്നത് ഇത്തരം ദുരവസ്ഥകളുടെ കൂടി പശ്ചാത്തലത്തിലാണ്.

*****

ജി പി രാമചന്ദ്രന്‍

കൂടുതല്‍ വായനക്ക് :


1. Preliminary Findings & Recommendations - The National People’s Tribunal on Kandhamal

2. Three pogroms held together by a common thread - Vidya Subrahmaniam (The Hindu - Saturday, Sep 04, 2010)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇരുപത്താറ് വര്‍ഷം മുമ്പ് ദില്ലിയില്‍ സിക്കുകാര്‍ക്കെതിരെ നടന്ന കൂട്ടക്കൊലയില്‍ താരതമ്യേന സ്‌ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ കുറവായിരുന്നുവെന്നാണ് അടുത്ത കാലം വരെയും കരുതപ്പെട്ടിരുന്നത്. മനോജ് മിത്തയും എച്ച് എസ് ഫൂല്‍ക്കെയും ചേര്‍ന്നെഴുതിയ ദില്ലിയെ ഒരു വന്‍ മരവീഴ്‌ച കുലുക്കിയപ്പോള്‍- നിശ്ശബ്‌ദതയുടെ മൂടുപടം നീക്കുന്നു(വെന്‍ എ ട്രീ ഷുക്ക് ദില്ലി -ലിഫ്‌റ്റിംഗ് ദ വീല്‍ ഓഫ് സൈലന്‍സ്) എന്ന പുസ്‌തകം അടുത്തയിടെ പുറത്തുവന്നപ്പോളാണ് ദില്ലി വംശഹത്യയിലും ബലാത്സംഗം ധാരാളമായി ഉപയോഗിക്കപ്പെട്ട ഒരായുധമായിരുന്നു എന്ന് വ്യക്തമായത്.