Saturday, August 14, 2010

മാര്‍ക്സിസത്തിന്റെ പാഠങ്ങള്‍

സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും തകര്‍ച്ചയോടെ സോഷ്യലിസ്റ്റ്യുഗം മാത്രമല്ല, ചരിത്രംതന്നെ അവസാനിച്ചെന്നും ഇനി ഉദാര മുതലാളത്തത്തിന്റെ കാലമാണെന്നും പ്രവചിച്ചവര്‍ക്കു തെറ്റിയെന്ന് സമകാലീന ലോകയാഥാര്‍ഥ്യം സാക്ഷ്യപ്പെടുത്തുന്നു. മുതലാളിത്തത്തിന്റെ സഹജമായ അതിജീവനശക്തിയില്‍ വിശ്വാസം അര്‍പ്പിച്ചവരെ അമ്പരിപ്പിച്ചാണ് അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യത്തില്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്.

ബൂര്‍ഷ്വാസാമ്പത്തിക വിദഗ്ധര്‍പോലും മുതലാളിത്ത കുഴപ്പത്തിന്റെ അടിസ്ഥാന കാരണങ്ങളന്വേഷിച്ച് മാര്‍ക്സിസത്തില്‍ അഭയംപ്രാപിച്ചു തുടങ്ങിയിരിക്കയാണ്. മാര്‍ക്സിനെയും മാര്‍ക്സിസത്തെയും പുനര്‍വിലയിരുത്തലിന് വിധേയമാക്കുന്ന പുസ്തകങ്ങളുടെ പ്രളയംതന്നെയാണ് പാശ്ചാത്യ നാടുകളില്‍.

മുതലാളിത്ത സാമ്പത്തികവിദഗ്ധര്‍ മാത്രമല്ല, ഇടതുപക്ഷ ചിന്താഗതിക്കാരും സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ സംബന്ധിച്ച് ശ്രദ്ധേയങ്ങളായ ഒട്ടനവധി പഠനങ്ങള്‍ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായ പുസ്തക പരമ്പര എഡിറ്റ്ചെയ്ത് പ്രസിദ്ധീകരിച്ചുവരുന്നത് മുന്‍ ട്രോട്സ്കിയിസ്റ്റും ന്യൂ ലെഫ്റ്റ് റവ്യൂവിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും കെ ദാമോദരനുമായി നടത്തിയ സംവാദത്തിലൂടെയും മറ്റും കേരളീയര്‍ക്ക് പരിചിതനുമായ താരിഖ് അലിയാണ്.

പാകിസ്ഥാനിലെ ആദ്യകാല മാര്‍ക്സിസ്റ്റുകാരില്‍ പ്രമുഖനായ മസാര്‍ അലിഖാന്റെ മകനായി ലഹോറില്‍ ജനിച്ച താരിഖ് ചെറുപ്പത്തില്‍ത്തന്നെ മാര്‍ക്സിസ്റ്റായി. പാകിസ്ഥാന്‍ സര്‍ക്കാരുകളുമായി നിരന്തരം ഏറ്റുമുട്ടി. പിന്നീട് രാജ്യംവിടുകയും ബ്രിട്ടനില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ വിമര്‍ശകനായി മാറിയ അദ്ദേഹം ഒരു ട്രോട്സ്കിയിസ്റ്റും നാലാം ഇന്റര്‍നാഷനില്‍ അംഗവുമായിരുന്നു. കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളുടെ പതനം വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് അദ്ദേഹം ട്രോട്സ്കിയിസ്റ്റ് ബന്ധം ഉപേക്ഷിക്കുകയും ലോക സോഷ്യലിസ്റ്റ് ഫോറത്തിലും മറ്റും പങ്കെടുക്കുകയും ചെയ്തു. ബ്രസീലിലെ പോര്‍ട്ടോ അലിഗ്രയില്‍ 2005ല്‍ ചേര്‍ന്ന ലോക സോഷ്യലിസ്റ്റ് ഫോറത്തിന്റെ മാനിഫെസ്റ്റോ തയ്യാറാക്കിയവരില്‍ ഒരാള്‍ താരിഖ് ആയിരുന്നു. തന്റെ സോവിയറ്റ് വിരോധം അവസാനിപ്പിച്ചിട്ടില്ലെങ്കിലും പഴയ ട്രോട്സ്കിയിസ്റ്റ് ശാഠ്യങ്ങള്‍ പലതും ഉപേക്ഷിച്ച അദ്ദേഹം, നോംചോംസ്കിയെപ്പോലെ അമേരിക്കന്‍ വിദേശനയങ്ങളുടെ ശക്തനായ എതിരാളിയായാണ് അറിയപ്പെടുന്നത്.

താരിഖ് അലി(Tariq Ali) എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന എന്തായിരുന്നു കമ്യൂണിസം എന്ന പരമ്പരയില്‍ നാലു പുസ്തകമാണ് ഇറങ്ങിയത്. കമ്യൂണിസമെന്ന ആശയം (The Idea of Communism) എന്ന പരമ്പരയിലെ ആദ്യ പുസ്തകം എഴുതിയത് താരീഖ് തന്നെ. ഇ എം എസിന്റെയും കെ ദാമോദരന്റെയും രചനകളെ അനുസ്മരിപ്പിക്കുംവിധം മാര്‍ക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ അത്യധികം ലളിതമായി വിശദീകരിക്കുന്നു. സോഷ്യലിസം പരാജയപ്പെട്ടിട്ടില്ലെന്നും ക്യൂബ, വെനസ്വേല, ഇക്വഡോര്‍, പരാഗ്വേ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും നടക്കുന്ന പരീക്ഷണങ്ങള്‍ ഭാവി സംബന്ധിച്ച് വലിയ പ്രതീക്ഷയ്ക്ക് വകനല്‍കുന്നുണ്ടെന്ന് അലി വാദിക്കുന്നു. തെറ്റുകളില്‍ പാഠം ഉള്‍ക്കൊണ്ട് പുനരുജ്ജീവിപ്പിക്കാന്‍ സോഷ്യലിസ്റ്റ് തത്വസംഹിതയ്ക്കേ കഴിയൂ എന്നു നിരീക്ഷിച്ചാണ് പുസ്തകം അവസാനിക്കുന്നത്.

മുന്‍ സോവിയറ്റ് യൂണിയനില്‍പ്പെട്ട റഷ്യന്‍ ഫെഡറേഷനിലെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തുന്ന പ്രസിദ്ധ റഷ്യന്‍ മാര്‍ക്സിസ്റ്റ് ചിന്തകന്‍ ബോറിസ് കഗാറലിസ്കി(Boris Kagarlitsky)യുടെ 'യുഎസ്എസ്ആറില്‍ തിരികെ'(Back in the USSR) എന്ന പുസ്തകമാണ് രണ്ടാമത്തേത്. വളര്‍ന്നുവരുന്ന മധ്യവര്‍ത്തിവിഭാഗത്തിന്റെ ഉപഭോഗതൃഷ്ണയെ തൃപ്തിപ്പെടുത്തി റഷ്യന്‍ ഭരണകൂടം റഷ്യയെ മറ്റൊരു മുതലാളിത്ത രാജ്യമായി മാറ്റിക്കൊണ്ടിരിക്കയാണെന്ന് കഗാര്‍ലിസ്കി നിരീക്ഷിക്കുന്നു.

ഫ്രിഡാസ് ബെഡ്, ആസിഫ് അയാം നോട്ട് ദെയര്‍, ഹോളോഗ്രാം ഓഫ് ഫിയര്‍ തുടങ്ങിയ നോവലുകളുടെയും കഫേ യൂറോപ്പ എന്ന ആത്മകഥയിലൂടെയും പ്രസിദ്ധയായ സ്ലാവെങ്ക ഡ്രാക്കുലിക്കിന്റെ(Slavenka Drakulić) 'രണ്ട് ദുര്‍ബലരും ഒരു പൂച്ച'(two underdogs and a cat) യുമാണ് പരമ്പരയിലെ മറ്റൊരു കൃതി. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലനിന്നിരുന്ന സോഷ്യലിസ്റ്റ് ഭരണക്രമങ്ങളുടെ വലിയൊരു വിമര്‍ശകയാണ് ഡ്രാക്കുലിക്ക്. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുംപോലെ തികച്ചും സാഹിത്യഭാഷയിലും പ്രതീകങ്ങളിലൂടെയും രൂപകങ്ങളിലൂടെയും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് ഭരണത്തിന്റെ പാളിച്ചകളും പരിമിതികളുമാണ് വരച്ചുകാട്ടാന്‍ ശ്രമിക്കുന്നത്.

അമേരിക്കന്‍ അട്ടിമറികളെ അതിജീവിച്ച് ക്യൂബയില്‍ നടക്കുന്ന സോഷ്യലിസ്റ്റ് വിജയകഥയാണ് 'ക്യൂബന്‍ പെരുമ്പറ'(Cuban Drumbeat) എന്ന പുസ്തകത്തില്‍ പിയറോ ഗ്ളെജെസെസ്(Piero Gleijeses) പറയുന്നത്. ലാറ്റിനമേരിക്കയിലെ അമേരിക്കന്‍ ഇടപെടല്‍ സംബന്ധിച്ച് നിരവധി ആധികാരികഗ്രന്ഥങ്ങള്‍ രചിച്ച ചിന്തകനാണ് ഇറ്റലിക്കാരനായ ഗ്ളെജെസെസ്. പുസ്തകത്തിന്റെ സവിശേഷത അംഗോള തുടങ്ങിയ നിരവധി ആഫ്രിക്കന്‍രാജ്യങ്ങള്‍ക്ക് പിന്തിരിപ്പന്‍ശക്തികളെ ചെറുക്കാന്‍ ക്യൂബ നല്‍കിയ സൈനികസഹായം സംബന്ധിച്ച് പുറത്തുവരാതിരുന്ന ഒട്ടനവധി വിവരങ്ങള്‍ നല്‍കുന്നുവെന്നാണ്. മാത്രമല്ല, ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഒട്ടനവധി രാജ്യങ്ങള്‍ക്ക് ആഭ്യന്തര സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ആരോഗ്യസേവനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ക്യൂബ നല്‍കിവരുന്ന സേവനങ്ങളെപ്പറ്റിയും കൂടുതല്‍ അറിവു പകരുന്നു.

നൂറു പേജില്‍ താഴെവരുന്ന വളരെ ആകര്‍ഷകമായി തയ്യാറാക്കിയ ഈ പുസ്തകങ്ങളുടെ പ്രസാധകര്‍ ലണ്ടനിലെ സീഗള്‍ ബുക്സാണ്. ഇവരുടെ കൊല്‍ക്കത്ത കേന്ദ്രത്തില്‍നിന്ന് ഇന്ത്യന്‍ എഡിഷനും പ്രസിദ്ധീകരിച്ചുവരുന്നു. ശരാശരി 350 രൂപ വിലയിട്ട ഹാര്‍ഡ്കവര്‍ പുസ്തകങ്ങളുടെ വില അവയുടെ മൂല്യം കണക്കിലെടുക്കുമ്പോള്‍ ഒട്ടും കൂടുതലല്ല. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം നടക്കുന്ന സോഷ്യലിസ്റ്റ് പുനര്‍നിര്‍മാണ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്ക് ഏറെ സഹായകരമാണ് ഇവ.

*
ഡോ. ബി ഇക്ബാല്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും തകര്‍ച്ചയോടെ സോഷ്യലിസ്റ്റ്യുഗം മാത്രമല്ല, ചരിത്രംതന്നെ അവസാനിച്ചെന്നും ഇനി ഉദാര മുതലാളത്തത്തിന്റെ കാലമാണെന്നും പ്രവചിച്ചവര്‍ക്കു തെറ്റിയെന്ന് സമകാലീന ലോകയാഥാര്‍ഥ്യം സാക്ഷ്യപ്പെടുത്തുന്നു. മുതലാളിത്തത്തിന്റെ സഹജമായ അതിജീവനശക്തിയില്‍ വിശ്വാസം അര്‍പ്പിച്ചവരെ അമ്പരിപ്പിച്ചാണ് അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യത്തില്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്.

ബൂര്‍ഷ്വാസാമ്പത്തിക വിദഗ്ധര്‍പോലും മുതലാളിത്ത കുഴപ്പത്തിന്റെ അടിസ്ഥാന കാരണങ്ങളന്വേഷിച്ച് മാര്‍ക്സിസത്തില്‍ അഭയംപ്രാപിച്ചു തുടങ്ങിയിരിക്കയാണ്. മാര്‍ക്സിനെയും മാര്‍ക്സിസത്തെയും പുനര്‍വിലയിരുത്തലിന് വിധേയമാക്കുന്ന പുസ്തകങ്ങളുടെ പ്രളയംതന്നെയാണ് പാശ്ചാത്യ നാടുകളില്‍.