Friday, October 15, 2010

വോട്ടില്ല, വോട്ടില്ല 'കാളപ്പെട്ടിയ്‌ക്ക് വോട്ടില്ല'!

ഏതു തിരഞ്ഞെടുപ്പിലും ജനം വിധിയെഴുതേണ്ടത് ചിഹ്നങ്ങളില്‍ വോട്ടു രേഖപ്പെടുത്തിയാണ്. 1947നു ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ഥിക്കൊപ്പമോ അല്‍പ്പം കൂടുതലോ പ്രാധാന്യം ചിഹ്നങ്ങള്‍ക്കായിരുന്നു. ഇന്ന സ്ഥാനാര്‍ഥിക്ക് ഇന്ന ചിഹ്നത്തില്‍ വോട്ടു രേഖപ്പെടുത്തുക എന്നതാണല്ലോ അന്നും ഇന്നും പ്രചാരണപ്രയോഗങ്ങളിലെ പ്രധാനി. പഴയ തിരഞ്ഞെടുപ്പുകളിലെ പല ചിഹ്നങ്ങളും ഇന്ന് കാണാമറയത്താണ്. ആധുനിക സാങ്കേതികവിദ്യയുടെ അതിപ്രസരത്താല്‍ പഴയ ചിഹ്നങ്ങള്‍ക്കു പകരം പുതിയവ രംഗത്തെത്തി.

ചിഹ്നങ്ങള്‍ ആവിര്‍ഭവിക്കുന്നതിനു മുമ്പ് വര്‍ണ്ണപ്പെട്ടികളായിരുന്നു സ്ഥാനാര്‍ഥികളുടെ അടയാളങ്ങള്‍. എത്ര സ്ഥാനാര്‍ഥികള്‍ ഉണ്ടെന്നു കണക്കാക്കി അത്രവര്‍ണ്ണപ്പെട്ടികള്‍ പോളിംഗ് ബൂത്തില്‍ സ്ഥാപിച്ചിരിക്കും - നീലപ്പെട്ടി, പച്ചപ്പെട്ടി, മഞ്ഞപ്പെട്ടി, ചുവപ്പുപെട്ടി എന്നിങ്ങനെ. ഓരോ സ്ഥാനാര്‍ഥിക്കും ഓരോ പെട്ടി അനുവദിക്കും.1948ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ഇത്തരം പെട്ടികള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. പക്ഷേ പ്രായോഗികമായി അവ ഒട്ടേറെ പ്രയാസങ്ങള്‍ സൃഷ്‌ടിച്ചു. സ്ഥാനാര്‍ഥികളുടെ എണ്ണം കൂടിയപ്പോള്‍ അത്രയ്‌ക്കും വര്‍ണ്ണപ്പെട്ടികള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. എന്നുമാത്രമല്ല, ഓരോ പെട്ടിയിലും വീഴുന്ന വോട്ടുകള്‍ കാണുന്നവര്‍ക്ക് ആരു ജയിക്കുമെന്ന് വോട്ടെണ്ണുന്നതിനു മുമ്പേ മനസിലാക്കാന്‍ കഴിയുമായിരുന്നു. അതുകൊണ്ടൊക്കെയാണ് പെട്ടി വോട്ടു പരിപാടി ഉപേക്ഷിച്ചതും ചിഹ്നങ്ങളിലേക്ക് കടന്നതും.

ചിഹ്നങ്ങള്‍ വന്നതിനു ശേഷം 'കാളപ്പെട്ടിക്ക് വോട്ടില്ല' എന്നതായിരുന്നു കമ്മ്യൂണിസ്റ്റുകാരുടേയും കോണ്‍ഗ്രസ് വിരോധികളുടേയും പണ്ടത്തെ മുഖ്യ മുദ്രാവാക്യം. അന്നൊക്കെ കോണ്‍ഗ്രസായിരുന്നു പ്രധാന പാര്‍ട്ടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിഎസ്‌പിയും, ജനസംഘവുമൊക്കെയായിരുന്നു കേരളത്തിലെ മറ്റുപ്രധാന പാര്‍ട്ടികള്‍. നുകംവെച്ച കാളകളുമായി കോണ്‍ഗ്രസും അരിവാളും നെല്‍ക്കതിരുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ദീപവുമായി ജനസംഘവും, കുടിലുമായി പിഎസ്‌പിയുമാണ് അന്നൊക്കെ തിരഞ്ഞെടുപ്പ് ഗോദായില്‍ അങ്കംവെട്ടാന്‍ ഇറങ്ങിയിരുന്നത്. ആനയും ആല്‍മരവുമൊക്കെ(വൃക്ഷം) അന്ന് സ്വതന്ത്രചിഹ്നങ്ങളായും ഉണ്ടായിരുന്നു.

കോണ്‍ഗ്രസ് പിന്നെ പലവട്ടം ചിഹ്നം മാറ്റി. നുകംവെച്ച കാളയ്‌ക്കു പകരം ഒരിടവേളയില്‍ തെങ്ങും പിന്നെ പശുവും കിടാവും ഒടുവില്‍ കൈപ്പത്തിയുമായി കോണ്‍ഗ്രസ് ജനവിധി തേടി. പാര്‍ട്ടി പേരുമാറ്റി പിന്നെ കോണ്‍ഗ്രസ് (ഐ) ആയി.എങ്കിലും കൈപ്പത്തി ചിഹ്നം ഇപ്പോഴും തുടരുന്നു.ജനസംഘം പേരുമാറ്റി ഭാരതീയജനതാപാര്‍ട്ടിയായി. അതോടെ ദീപം കെടുത്തി അവര്‍ താമര വിരിയിച്ചു. ബിജെപിയുടെ ചിഹ്നമായി താമര ഇപ്പോഴും തുടരുന്നു.

കേരളത്തില്‍, പഴയ തിരുവിതാംകൂറില്‍ പ്രത്യേകിച്ചും പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ഒരുകാലത്ത് പിഎസ്‌പി വലിയൊരു ശക്തിയായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ രണ്ടുവട്ടം പട്ടം തിരുക്കൊച്ചിയില്‍ മുഖ്യമന്ത്രിയായി. കേരള പിറവിക്കു ശേഷം 1960ല്‍ നടന്ന തിരഞ്ഞെടുപ്പിലും പട്ടം കുറച്ചുകാലം കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലിരുന്നു. ഗവര്‍ണറായി പട്ടത്തെ നിയമിക്കുകയും കോണ്‍ഗ്രസ് നേതാവായിരുന്ന ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയാവുകയും ചെയ്‌തതോടെ പിഎസ്‌പിക്കും ശനിദശ തുടങ്ങി. ആ കക്ഷി പിന്നെ പലതായി. അതിലൊന്നായിരുന്നു എസ്എസ്‌പി. പിഎസ്‌പിയും എസ്എസ്‌പിയുമൊക്കെ ഇന്ന് കേട്ടുകേള്‍വി മാത്രമുള്ള പഴങ്കഥയായി മാറി. കുടിലായിരുന്നു പിഎസ്‌പിയുടെ അക്കാലത്തെ ചിഹ്നം. ഇന്ന് കുടിലിന്റെ പൊടിപോലുമില്ലാത്ത അവസ്ഥയായി.

മുസ്ലീംലീഗിന് പണ്ടുമുതല്‍ക്കെ കോണിയായിരുന്നു ചിഹ്നം. ലീഗ് രണ്ടായി അഖിലേന്ത്യാ മുസ്ലീംലീഗ് വന്നതോടെ അവരുടെ ചിഹ്നം തോണിയായി. ലീഗ് കോണിയില്‍ തുടര്‍ന്നു.

ആര്‍എസ്‌പിക്ക് മണ്‍വെട്ടിയും കോരികയുമായിരുന്നു ചിഹ്നം. ആര്‍എസ്‌പി പിന്നീട് പലതട്ടിലായി പിളര്‍ന്നപ്പോള്‍ പലര്‍ക്കും പല ചിഹ്നങ്ങളാണ് അനുവദിച്ച് കിട്ടിയത്.

രണ്ടിലയും, മാങ്ങയും, മണിയും, തയ്യല്‍മെഷീനും, ടെലിഫോണും, തീവണ്ടി എഞ്ചിനും, ഉദയസൂര്യനും, ആപ്പിളും, മെഴുകുതിരിയുമൊക്കെയായി ഒട്ടേറെ ചിഹ്നങ്ങളാണിപ്പോള്‍ നിലവിലുള്ളത്. സ്വതന്ത്രന്‍മാര്‍ക്കാണ് ഈ ചിഹ്നങ്ങള്‍ കൂടുതലായി അനുവദിക്കുന്നത്.

പാര്‍ട്ടികളുടേയും സ്വതന്ത്രന്‍മാരുടേയും എണ്ണപ്പെരുക്കത്താല്‍ ചിഹ്നങ്ങളുടെ എണ്ണവും പണ്ടത്തേക്കാള്‍ പതിന്മടങ്ങു കൂടി. ഫ്‌ളക്‌സ്‌ബോര്‍ഡുകളിലും പോസ്റ്ററുകളിലുമായി അവ നാടെങ്ങും നിറഞ്ഞുനില്‍ക്കുകയാണിന്ന്.

*****

കെ പ്രഭാകരന്‍, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...