Thursday, October 28, 2010

തുണ എന്ന കെണി

കഴിഞ്ഞ ദിവസത്തെ പത്രവാര്‍ത്തയാണ്: ഭാര്യയുടെ ഒന്നാം ബന്ധത്തിലുണ്ടായ കുഞ്ഞിനോടുള്ള അമിതലാളനയില്‍ ദേഷ്യം മൂത്ത രണ്ടാനച്ഛന്‍ കുഞ്ഞിനെ തല്ലിച്ചതച്ചുവത്രേ. ഇത്തരമൊരു ഭര്‍ത്താവിന്റെ കൂടെ എങ്ങനെയാണൊരു ഭാര്യ മനസ്സമാധാനത്തേടേ കഴിയുക? മറ്റൊരു വാര്‍ത്ത രണ്ടാനച്ഛനെപ്പറ്റിയല്ല. ജന്മദാതാവായ സാക്ഷാല്‍ പിതാവിനെപ്പറ്റിയാണ്. സ്വന്തം മകളെ 'പീഡിപ്പിക്കാന്‍' ശ്രമിച്ച ആ നരാധമനെ കുട്ടി തന്നെ പാരയ്ക്കടിച്ചു വീഴ്ത്തി. രണ്ടാമച്ഛനെയും ഒന്നാമച്ഛനെയും പേടിച്ച് വീട്ടില്‍ നില്‍ക്കാന്‍ കഴിയാതെ ഓടിപ്പോന്ന പെണ്‍കുട്ടികള്‍ അഭയം തേടിയെത്തുന്നത് ഒട്ടും അസാധാരണമല്ലെന്നു കവയത്രി സുഗതകുമാരി പറയുന്നു.

തിരുവനന്തപുരത്ത് വീട്ടുവേലയ്ക്കു വരുന്ന സ്ത്രീകളില്‍ നല്ലൊരു പങ്ക് ഒന്നോ രണ്ടോ കുട്ടികളുണ്ടായ ശേഷം ഭര്‍ത്താവ് 'ഉപേക്ഷിച്ചു' പോയവരാണ്. പഹയന്‍മാര്‍ മറ്റുവല്ല സ്ത്രീകളോടൊപ്പം 'സുഖമായി' കഴിയുന്നുണ്ടാവാം. ഈ പാവങ്ങളാണ് വീട്ടുവേലയെടുത്ത് കുടുംബം പുലര്‍ത്തേണ്ടത്. ഒരര്‍ഥത്തില്‍ ഇവര്‍ ഭാഗ്യവതികളാണ് എന്നു പറയാം. കുഞ്ഞുങ്ങളുടെയും തന്റെയും (പ്രായമായ അച്ഛനമ്മമാര്‍ ഉണ്ടെങ്കില്‍ അവരുടെയും) ചെലവു നോക്കിയാല്‍ മതിയല്ലോ. മറ്റു ചില കൂട്ടരുടെ കാര്യമിതിനേക്കാള്‍ കഷ്ടമാണ്. അവര്‍ക്ക് ഭര്‍ത്താവിനു കൂടി ചെലവിനു കൊടുക്കേണ്ട ബാധ്യതയുണ്ട്. അപകടമോ രോഗമോ മൂലം അവശനായതുകൊണ്ടല്ല, 'അയാളങ്ങനെയാണ് ' എന്നാണവര്‍ പറയുക. ഒരു പണിക്കും പോവില്ല. അല്ലെങ്കില്‍ ഒരു പണിയിലും ഉറച്ചുനില്‍ക്കില്ല. അതിനു പുറമേ മദ്യപാനവും. അതിന്റെ കൂടെ 'വൃശ്ചികദംശനം' എന്നു പറഞ്ഞപോലെ ഭാര്യാതാഡനവും കൂടി ഉണ്ടെങ്കില്‍ ദുരിതം പൂര്‍ത്തിയായി. പിന്നെ ചിലര്‍ ഒരുപകാരം ചെയ്തു കൊടുക്കും. വല്ല അടിപിടിയിലോ അപകടത്തിലോപെട്ട്, അല്ലെങ്കില്‍ കുടിച്ചു കുടിച്ച് കരള്‍ ദ്രവിപ്പിച്ച് വേഗം ചത്തുകൊടുക്കും. അതോടെ കുടുംബം രക്ഷപ്പെട്ട സംഭവങ്ങള്‍ കുറവൊന്നുമല്ല. അതിയാനൊന്നു ചത്തു കിട്ടിയാല്‍ പിന്നെ അദ്ദേഹത്തിന്റെ നല്ല ഗുണങ്ങള്‍ മാത്രമേ കുടുംബക്കാര്‍ ഓര്‍ക്കാറുള്ളൂ എന്ന ഗുണവുമുണ്ട്. പേരിന് ഒരു സര്‍ക്കാരുദ്യോഗം ഉള്ള ആളായിരുന്നെങ്കില്‍ പിന്നെയുമുണ്ടു നേട്ടം. ആശ്രിതര്‍ക്കു ജോലി ഉറപ്പ്. ഭര്‍ത്താവു മുഴുക്കുടിയനും പീഡകനും ആണെങ്കില്‍, പിന്നെ കുടിയെ പ്രോത്സാഹിപ്പിക്കുന്നതാണ് ബുദ്ധി എന്നു തോന്നിപ്പോകുന്നു!

ഇത്തരത്തിലുള്ള ഇനിയും മരിക്കാത്ത ഭര്‍ത്താവുള്ള, ഒരു സ്ത്രീയോട് ഇങ്ങനെയുള്ള ഒരാളിനെ എന്തിനാണു സഹിക്കുന്നതെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ് വാസ്തവത്തില്‍ ഇതെഴുതാന്‍ പ്രേരണയായത്. സാധാരണ ഗതിയില്‍ നാം പ്രതീക്ഷിക്കുന്ന ഉത്തരം ''പോകാനിടമില്ലാഞ്ഞിട്ട് '' എന്നാണ്. എന്നാല്‍ ഈ സ്ത്രീയുടെ അവസ്ഥ വ്യത്യസ്തമായിരുന്നു. താരതമ്യേന ഭേദം എന്നു പറയാം. പ്രായമായ അച്ഛനോടും അമ്മയോടുമൊപ്പം അവരുടെ വീട്ടിലാണ് താമസം. കേറിക്കിടക്കാനൊരിടമുണ്ട് എന്നര്‍ഥം. പക്ഷേ അവരുടെ ഉത്കണ്ഠ മറ്റൊന്നായിരുന്നു. പ്രായമായി വരുന്ന മകള്‍. പഠിക്കാന്‍ മിടുക്കി. അവളെ പഠിപ്പിച്ചു നല്ലനിലയില്‍ 'പറഞ്ഞയയ്ക്കണം'. സാമ്പത്തികമല്ല പ്രശ്‌നം. ''വീട്ടുവേലയെടുത്താണെങ്കില്‍ പോലും ഞാനവളെ പഠിപ്പിക്കും. പക്ഷേ കല്യാണം നടത്താന്‍ നേരം അച്ഛനെന്നു പറഞ്ഞു നിര്‍ത്താനൊരാളു വേണ്ടേ?''

പല ദുഃഖ പുത്രിമാരുടെയും കഥ കേള്‍ക്കുമ്പോള്‍ ഇതൊരു ഒറ്റപ്പെട്ട അവസ്ഥയല്ലെന്നാണു തോന്നുന്നത്. ഭര്‍ത്താവ് കുടിയന്‍; അലസന്‍; ദ്രോഹി. വേണമെങ്കില്‍ ഇറക്കിവിടാം. അല്ലെങ്കില്‍ സ്വന്തം വീട്ടിലേക്കു പോകാം. കഴിഞ്ഞുകൂടാനുള്ള വകയുണ്ട്. അല്ലെങ്കില്‍ അധ്വാനിച്ചു ജീവിക്കാമെന്ന തന്റേടമുണ്ട്. എങ്കിലും ബന്ധനത്തിലേയ്ക്ക് പിടിച്ചുനിര്‍ത്തുന്ന എന്തോ ഒരു ശങ്ക; ''ഒരു ആണ്‍തുണ ഇല്ലാതെ എങ്ങനെ ജീവിക്കും?'' ആട്ടും തൊഴിയും അവമതിയും സഹിച്ച്, എല്ലാം ഉള്ളിലൊതുക്കിക്കഴിയാന്‍ പല ഭാര്യമാരെയും നിര്‍ബന്ധിതരാക്കുന്നത് ഈ ഭയമാണെന്നെനിക്കു തോന്നുന്നു.

സാമ്പത്തിക സ്വാശ്രയത്വമാണ് ഇതിനുള്ള മറുമരുന്ന് എന്ന് ഒരുകാലത്തു തോന്നിയിരുന്നു. തീര്‍ച്ചയായും സാമ്പത്തികം പ്രധാനമാണ്. സാമ്പത്തികശേഷി ഇല്ലാത്തവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ പോലും ധൈര്യം ഉണ്ടാവില്ലല്ലോ. പക്ഷേ അതു മാത്രം പോരാ എന്നാണ് നാമിപ്പോള്‍ തിരിച്ചറിയുന്നത്. ആണ്‍തുണയില്ലാത്ത ജീവിതം, പ്രത്യേകിച്ച് ചെറുപ്പക്കാരോ മധ്യവയസ്‌കരോ ആയ സ്ത്രീകള്‍ക്ക്, അസാധ്യമാക്കുന്ന ഒരു സമൂഹമാണ് നാം ഉണ്ടാക്കിവച്ചിരിക്കുന്നത്. ചെറുപ്പക്കാരികളാണെങ്കില്‍ അവരെപ്പറ്റി ഇല്ലാത്ത കഥകളെല്ലാം പറഞ്ഞുണ്ടാക്കും. സഹായം വാഗ്ദാനം ചെയ്ത് അടുത്തുകൂടുന്നവരെപ്പോലും വിശ്വസിക്കാന്‍ പറ്റില്ല. ഒരിക്കല്‍ അടുപ്പം ഭാവിച്ചിരുന്നവര്‍ തന്നെ പിന്നീട് ശത്രുക്കളായി മാറാം. ബന്ധംകൊണ്ടോ തൊഴില്‍ കൊണ്ടോ അടുപ്പമുള്ള മറ്റു സ്ത്രീകള്‍ പോലും സംശയത്തോടെ നോക്കുന്ന അവസ്ഥ. ഭര്‍ത്താവ് ഉപേക്ഷിച്ചവളാണെങ്കിലും ഭര്‍ത്താവിനെ ഉപേക്ഷിച്ചവളാണെങ്കിലും സംശയം തന്നെ. ആദ്യത്തേതാണെങ്കില്‍, ''എന്തെങ്കിലും തക്കതായ കാരണം കാണാതിരിക്കുമോ?'' എന്നാവും വാദം. രണ്ടാമത്തേതാണെങ്കിലോ ''ഇതിനേക്കാളൊക്കെ എന്തെല്ലാം അവമതി സഹിച്ചാണ് ഞങ്ങളൊക്കെ കുടുംബം പുലര്‍ത്തുന്നത്! പിന്നെ ഇവര്‍ക്കെന്താ സ്വല്‍പം അഡ്ജസ്റ്റുചെയ്താല്‍?'' എന്നായിരിക്കും ആക്ഷേപം. രണ്ടാണെങ്കിലും കുറ്റം ഇലയ്ക്കുതന്നെ! ഇതിനൊക്കെപുറമേ പലരും പുറത്തുപറയാനും (ചിലര്‍ പറഞ്ഞെന്നുമിരിക്കും) മറ്റൊരു ഭീതിയും കാണും. ഇങ്ങനത്തെ 'സ്വതന്ത്ര ഇലക്‌ട്രോണുകള്‍' സമൂഹത്തില്‍ വിഹരിക്കുന്നത് മറ്റു കുടുംബങ്ങള്‍ക്കു ഭീഷണിയാണല്ലോ. ഈ അഴിഞ്ഞാട്ടക്കാരി എങ്ങാനും തങ്ങളുടെ കുടുംബത്തിലെ നൂക്ലിയസ്സിനെ ആകര്‍ഷിച്ചെടുത്താലോ? അതുകൊണ്ട് അവളെ എത്രയും പെട്ടെന്ന് മറ്റെവിടെയെങ്കിലും കുടുക്കേണ്ടത് അവരുടെ കൂടെ ആവശ്യമായി മാറുന്നു. ഒറ്റപ്പെട്ടു ജീവിക്കാന്‍ ധൈര്യം കാണിക്കുന്ന സ്ത്രീകളെപ്പറ്റി കഥകള്‍ മെനയുന്നതില്‍ കുടുംബിനികള്‍ (പലപ്പോഴും) കാണിക്കുന്ന അമിത താല്‍പര്യത്തിന് അങ്ങനെയും ഒരുവശം ഉണ്ടാകാം.

എന്തായാലും ഒരുകാര്യം ഉറപ്പാണ്. ഒറ്റയ്ക്കു ജീവിക്കാന്‍ ധൈര്യം കാണിക്കുന്ന സ്ത്രീകളെ വേട്ടയാടുന്നതില്‍ നമ്മുടെ സമൂഹം അതിയായ ഔത്സുക്യം കാണിക്കുന്നുണ്ട്. സഹായമോ സഹാനുഭൂതിയോ കാണിച്ചില്ലെങ്കിലും അവരെ ജീവിക്കാന്‍ അനുവദിക്കുകയെങ്കിലും ചെയ്യണ്ടേ? സ്ത്രീ വിമോചനത്തെപ്പറ്റിയും ലിംഗസമത്വത്തെപറ്റിയും ഒരുപാടു ചര്‍ച്ച നടക്കുന്ന ഈ സമയത്ത് അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്ന ഒരടിസ്ഥാന പ്രശ്‌നം ഇതാണെന്നു ഞാന്‍ കരുതുന്നു. പഞ്ചായത്തിരാജ് സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കു മുന്‍തൂക്കം കിട്ടുന്ന ഈ സന്ദര്‍ഭം ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള ഒരവസരമാണ്. എന്താണു ചെയ്യാന്‍ കഴിയുക? എങ്ങനെയാണതു ചെയ്യേണ്ടത് ?

ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍

അടുത്ത കാലത്തായി ആരംഭിച്ചിട്ടുള്ള സ്ത്രീകള്‍ക്കായുള്ള ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ വളരെ നല്ല ഒരു തുടക്കമാണ്. അവിചാരിതമായുണ്ടാകുന്ന പ്രകോപനങ്ങള്‍ കൊണ്ടോ ആകസ്മികമായുണ്ടായ ഭീഷണി കൊണ്ടോ വീടുവിട്ടോടേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അഭയം പ്രാപിക്കാനൊരിടം. പലപ്പോഴും അങ്ങനെയുള്ളവരെത്തേടി ഭീഷണി പിന്നാലെ എത്തുമെന്നുള്ളതുകൊണ്ട് ഈ അഭയകേന്ദ്രം നടത്തുന്നവര്‍ക്ക് പൊലീസുമായി നല്ല ബന്ധവും വനിതാ പൊലീസിന്റെ സംരക്ഷണവും ഉണ്ടാകണം. പക്ഷേ ''ഓടിപ്പോന്നവര്‍ക്കു'' മാത്രമായി ഒരു കേന്ദ്രം എന്നതിനു നിലനില്‍ക്കാനാവില്ല. അതുകൊണ്ട് ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കും അവിചാരിതമായ കാരണങ്ങളാല്‍ യാത്ര മുടങ്ങുന്നവര്‍ക്കും സുരക്ഷിതമായി ഒന്നോ രണ്ടോ ദിവസം തങ്ങാനുള്ള ഇടമായും അതുവര്‍ത്തിക്കണം. അതിന്റെ കൂടെ ഒരു വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലും കൂടിയുണ്ടെങ്കില്‍ സാമ്പത്തികമായും അതിനു സുരക്ഷ കിട്ടും. എല്ലാ പട്ടണങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടാവുകയും അത് എവിടെയാണ്, എങ്ങനെയാണവിടെ എത്തുക തുടങ്ങിയ കാര്യങ്ങള്‍ക്ക് നല്ല പബ്ലിസിറ്റി കൊടുക്കുകയും വേണം. ഇവ നടത്തുന്നതിന്റെ ചുമതല വനിതാ സംഘടനകള്‍ക്കോ കുടുംബശ്രീയ്‌ക്കോ ഏറ്റെടുക്കാവുന്നതാണ്. ആരംഭ ചെലവ് പഞ്ചായത്തിന്റെയോ മുനിസിപ്പാലിറ്റിയുടെയോ പദ്ധതി വിഹിതമായി കണ്ടെത്തണം. സ്ഥാപനത്തിന്റെ നടത്തിപ്പിലും പ്രാദേശിക ഭരണകൂടത്തിന്റെയും പൗരസമൂഹത്തിന്റെയും മോണിട്ടറിംഗ് ഉറപ്പാക്കണം.

ഒറ്റപ്പെട്ടവരുടെ കൂട്ടായ്മകള്‍

സമൂഹം ഒറ്റപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്നവര്‍ക്ക് സാമ്പത്തിക പിന്തുണയേക്കാളും പലപ്പോഴും ആവശ്യമായി വരുന്നത് വൈകാരികമായ പിന്തുണയും ആശ്വാസവുമാണ്. ഒറ്റപ്പെട്ടവരുടെ ഒരുമിച്ചു നില്‍ക്കല്‍ പ്രധാനമാണെങ്കിലും അത് യഥാര്‍ഥത്തില്‍ അവരുടെ മാത്രം പ്രശ്‌നമല്ല. അതുകൊണ്ടുതന്നെ സാമൂഹികമായ പിന്തുണ ഉണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലും പ്രധാനമാണ്.

ജാഗ്രതാ സമിതികള്‍, വനിതാ സംഘടനകള്‍, കുടുംബശ്രീ, അയല്‍കൂട്ടങ്ങള്‍ തുടങ്ങിയവയ്ക്ക് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കാന്‍ കഴിയും. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനോഭാവം തന്നെ 'കുടുംബപ്രശ്‌ന'ത്തിലേക്ക് കടക്കുമ്പോള്‍ വളരെ പ്രതിലോമപരം ആണെന്നതാണ് അനുഭവം. നമ്മുടെ സമൂഹത്തിലെ കുടുംബ ബന്ധം അടിസ്ഥാനപരമായി അസമത്വം നിറഞ്ഞതും നിലനിര്‍ത്തുന്നതും ആണെന്ന അസുഖകരമായ അവസ്ഥയെ നേരിടാതെ ഈ മനോഭാവം മാറില്ല. പക്ഷേ ഈ അടിസ്ഥാന പ്രശ്‌നത്തെ നേരിടാന്‍ പല ലിംഗപദവി ചര്‍ച്ചകളും ഒരുങ്ങാറില്ല എന്നതാണ് വാസ്തവം.

കുടുംബത്തിനകത്തെ അസമത്വത്തെ ചോദ്യം ചെയ്യുക എന്നാല്‍ കുടുംബം തകര്‍ക്കുക എന്നല്ല. അസമത്വം ഇല്ലാത്ത, തുല്യ പങ്കാളിത്തവും തുല്യ ഉത്തരവാദിത്തവും ഉള്ള കുടുംബം സാധ്യമാണ്. പക്ഷേ അതിന് ഇരു കൂട്ടരും തയ്യാറാകണം. കുടുംബം നിലനിര്‍ത്തുക എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമോ ആവശ്യമോ താല്‍പര്യമോ ആകരുത്. ഇപ്പോള്‍ അങ്ങനെയാണു കാര്യങ്ങള്‍. അതുമാറണം. മാറ്റണം. അതിനുവേണ്ടത് അതിനു തയ്യാറല്ലാത്ത പുരുഷനോട് ''താന്‍ തന്റെ പാടുനോക്കി പോകൂ'' എന്നു പറയാനുള്ള ചങ്കൂറ്റവും സാഹചര്യവും സ്ത്രീയ്ക്ക് ഉണ്ടാക്കിക്കൊടുക്കുകയാണ്. അതിനുവേണ്ട ഭൗതിക സാഹചര്യങ്ങളാണ് നാം ചര്‍ച്ച ചെയ്യേണ്ടതും ഒരുക്കിക്കൊടുക്കേണ്ടതും. ബാക്കിയുള്ള കാര്യം അവരവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്.


*****

ആര്‍ വി ജി മേനോന്‍, കടപ്പാട് : ജനയുഗം

3 comments:

വര്‍ക്കേഴ്സ് ഫോറം said...

അടുത്ത കാലത്തായി ആരംഭിച്ചിട്ടുള്ള സ്ത്രീകള്‍ക്കായുള്ള ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ വളരെ നല്ല ഒരു തുടക്കമാണ്. അവിചാരിതമായുണ്ടാകുന്ന പ്രകോപനങ്ങള്‍ കൊണ്ടോ ആകസ്മികമായുണ്ടായ ഭീഷണി കൊണ്ടോ വീടുവിട്ടോടേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അഭയം പ്രാപിക്കാനൊരിടം. പലപ്പോഴും അങ്ങനെയുള്ളവരെത്തേടി ഭീഷണി പിന്നാലെ എത്തുമെന്നുള്ളതുകൊണ്ട് ഈ അഭയകേന്ദ്രം നടത്തുന്നവര്‍ക്ക് പൊലീസുമായി നല്ല ബന്ധവും വനിതാ പൊലീസിന്റെ സംരക്ഷണവും ഉണ്ടാകണം. പക്ഷേ ''ഓടിപ്പോന്നവര്‍ക്കു'' മാത്രമായി ഒരു കേന്ദ്രം എന്നതിനു നിലനില്‍ക്കാനാവില്ല. അതുകൊണ്ട് ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കും അവിചാരിതമായ കാരണങ്ങളാല്‍ യാത്ര മുടങ്ങുന്നവര്‍ക്കും സുരക്ഷിതമായി ഒന്നോ രണ്ടോ ദിവസം തങ്ങാനുള്ള ഇടമായും അതുവര്‍ത്തിക്കണം. അതിന്റെ കൂടെ ഒരു വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലും കൂടിയുണ്ടെങ്കില്‍ സാമ്പത്തികമായും അതിനു സുരക്ഷ കിട്ടും. എല്ലാ പട്ടണങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടാവുകയും അത് എവിടെയാണ്, എങ്ങനെയാണവിടെ എത്തുക തുടങ്ങിയ കാര്യങ്ങള്‍ക്ക് നല്ല പബ്ലിസിറ്റി കൊടുക്കുകയും വേണം. ഇവ നടത്തുന്നതിന്റെ ചുമതല വനിതാ സംഘടനകള്‍ക്കോ കുടുംബശ്രീയ്‌ക്കോ ഏറ്റെടുക്കാവുന്നതാണ്. ആരംഭ ചെലവ് പഞ്ചായത്തിന്റെയോ മുനിസിപ്പാലിറ്റിയുടെയോ പദ്ധതി വിഹിതമായി കണ്ടെത്തണം. സ്ഥാപനത്തിന്റെ നടത്തിപ്പിലും പ്രാദേശിക ഭരണകൂടത്തിന്റെയും പൗരസമൂഹത്തിന്റെയും മോണിട്ടറിംഗ് ഉറപ്പാക്കണം.

Pony Boy said...

വളരെ നല്ല ഒരാശയമാണ് ഇത്തരം ഹോമുകൾ..രാത്രി 7 മണികഴിഞ്ഞാൽ സ്ത്രീകൾ സുരക്ഷിതരല്ലാത്ത കേരളത്തിൽ ഇതു ഒരാവശ്യ്‌വുമാന്

Anonymous said...

കാലികമായ വിഷയത്തില്‍ വളരെ നല്ല ഒരു പോസ്റ്റ്‌, പക്ഷെ ഇവിടെ കാതലായ പ്രശ്നം ആണുങ്ങളുടെ മദ്യപാനം തന്നെയാണു, ഇന്നു സാമാന്യം നന്നായി അതായത്‌ ഒരു നാലു പെഗ്‌ മദ്യപിക്കണമെങ്കില്‍ ഒരു ബാറില്‍ എണ്ണൂറു രൂപയോളം ചെലവാകും അതല്ല ഒരു പയ്ണ്റ്റ്‌ വാങ്ങി വീട്ടില്‍ ഇരുന്നു കഴിച്ചാലും ആകും മുന്നൂറു രൂപ. അപ്പോള്‍ എന്നും ഇങ്ങിനെ കഴിക്കണമെങ്കില്‍ ഒന്‍പതിനായിരം രൂപ വേണം അത്രയും ആര്‍ക്കാണു വരുമാനം? എല്‍ ഡീ ക്ളാര്‍ക്കിണ്റ്റെ റ്റേക്‌ ഹോം സാലറി വരും ഇതു, ഇന്നു സകല അധ്വാനിക്കുന്ന ജനവിഭാഗവും ഇതു നാലു പെഗ്‌ എന്നത്‌ രാവിലത്തെ ക്വാട്ട പിന്നെ എത്ര പറ്റുമോ അതു എന്നായിരിക്കുന്നു, പണ്ട്‌ ഒരു ഗ്രാമത്തില്‍ മാക്സിമം പത്തു കുടിയന്‍മാര്‍ കാണും, അവര്‌ ദേശത്തെ ചാരായഷാപ്പില്‍ പോയി മൂവന്തി വരെ കുടിച്ചാലും നൂറു രൂപയെ ആകു, ഇന്നിപ്പോള്‍ രാവിലെ ബിവറേജസ്‌ തുറക്കുന്നതിനു മുന്‍പേ ക്വൂ ആണു, ഒരു ലജ്ജയുമില്ലാതെ അപ്പര്‍ ക്ളാസും മിഡില്‍ക്ളാസും ലോ ക്ളാസും ഇവിടെ ക്വൂ നില്‍ക്കുന്നു, ഇവിടെ ക്വൂ നിന്നാല്‍ മാത്രം കുടുംബം പുലര്‍ത്താനുള്ള പണം കിട്ടും ഈ പ്രതിഭാസം ഈ അഞ്ചു വര്‍ഷം കൊണ്ടുണ്ടായതാണു, അങ്ങിനെ വലിയ ഒരു ഭാഗം കഴിവുള്ള ആണുങ്ങള്‍ ആണ്‍ തേനീച്ചകളായി കുടുംബത്തിനു ഭാരമായി അതോടൊപ്പം സ്കില്‍ഡ്‌ ലേബര്‍ ഒന്നിനും കിട്ടാത്ത അവസ്ഥയുമായി, ഒരു പണിക്കും ആളില്ല, ഒരു മണിക്കൂറില്‍ കൂടുതല്‍ പണിയാന്‍ ആര്‍ക്കും വയ്യ, ഗ്രാമത്തില്‍ പോലും ഒറീസക്കാരനും ബംഗാളിയും ആണൂ പണി എടുക്കുന്നത്‌, ഇവറ്‍ ഇപ്പോള്‍ സ്ഥലത്തെ കുടുംബിനികളുമായി ഒളിച്ചോടുന്നതും നിത്യ സംഭവമാണു ആകെ കേരളം ഒരു ഭ്റാന്താലയം ആവുകയാണു, മദ്യപാനത്ത്ള്‍ നിന്നും ജനത്തെ പിന്തിരിപ്പിച്ചേ പറ്റു, അതിനെന്തു ചെയ്യാന്‍ കഴിയും , ഹോം സ്റ്റേ പോലെ ഡീ അഡിക്ഷന്‍ സെണ്റ്ററും തുടങ്ങിയേ പറ്റു, അല്ലെങ്കില്‍ ഈ പോക്കു പോയാല്‍ ഒറീസ്സക്കാരും ബംഗാളികളും മലയാളി കുടുംബിനികളുടെ ഒളിസേവക്കാരായി മാറും