പാര്‍ലമെന്റില്‍ എപ്പോഴും ചൂടാണല്ലോ; അതിനാല്‍ പാര്‍ലമെന്റ് ചൂടാകുന്നു എന്ന് എടുത്തുപറയേണ്ടതുണ്ടോ എന്ന് വായനക്കാര്‍ക്ക് സംശയം തോന്നാം. ഞാന്‍ ഉദ്ദേശിച്ചതും പാര്‍ലമെന്റിലെ വിവാദങ്ങളുടെ ചൂടിനെയല്ല, കാലാവസ്ഥയില്‍ വന്ന മാറ്റത്തെത്തന്നെയാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആകെ വന്നുപെട്ടതിന് ശേഷം സ്തംഭനമൊഴിവാകുന്നത് ഉഷ്ണകാല സമ്മേളനം വന്നതോടെയാണല്ലോ? 'അഴിമതിവിലാസം' രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ മുന്‍പന്തിയിലെത്തിച്ച കൂറ്റന്‍ അഴിമതികള്‍ക്കിടയില്‍ പ്രഥമസ്ഥാനം നേടിയ 2 ജി സ്പെക്ട്രം അഴിമതിയെപ്പറ്റി സംയുക്ത പാര്‍ലമെന്റ് സമിതി (ജെപിസി) അന്വേഷിക്കണമെന്ന പ്രതിപക്ഷങ്ങളുടെ ആവശ്യം ശീതകാലത്ത് അംഗീകരിക്കാന്‍ നിവൃത്തിയില്ലെന്നാണ് കേന്ദ്രഗവൺമെന്റ് വ്യക്തമാക്കിയിട്ടുള്ളത്. ശീതകാല സമ്മേളനം അങ്ങനെ വെറുതെ കമ്പിളിപ്പുതപ്പിനുള്ളില്‍ ചുരുണ്ടു പോയി.
ഉഷ്ണകാലം വരുമ്പോഴല്ലാതെ എങ്ങനെയാണ് ചൂട് പിടിച്ച ചര്‍ച്ചകള്‍ നടത്തുക? യുപിഎക്കാര്‍ക്ക് മനസിലാകാത്തത് ഇതാണ്. പ്രതിപക്ഷത്തിന്റെ ഈ കാലാവസ്ഥാ ശാസ്ത്രം മനസിലാക്കാന്‍ കഴിയാത്തതില്‍ ഇത്രയും കാലം ദുഃഖിച്ചിരിക്കുകയായിരുന്നു പ്രധാനമന്ത്രിയും പ്രണബ്-ചിദംബരാദികളായ മന്ത്രിമാരും. ജെപിസി അല്ല അതിനുമപ്പുറത്ത് വേറെ പിസികളുണ്ടെങ്കില്‍ അവയൊന്നിനെയും പേടിയില്ല തനിക്കെന്ന് പ്രധാനമന്ത്രി ടിവി ചാനലുകളിലെ കുറെ എഡിറ്റര്‍മാരെ വിളിച്ചുകൂട്ടി പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. ചൂട് പിടിച്ചിരിക്കുന്നു. അസുഖകരങ്ങളായ ചോദ്യങ്ങളും ചോദിച്ച് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുതെന്ന് നിര്‍ബന്ധമുള്ള ഒരു എഡിറ്റര്‍സമൂഹമാണ് പ്രധാനമന്ത്രിയുടെ മൊഴിമുത്തുകള്‍ പെറുക്കിയെടുക്കാന്‍ വസതിയില്‍ ഒത്തുകൂടിയത്. എന്നിട്ടും പ്രധാനമന്ത്രി വിഷമിക്കുകയായിരുന്നുവെന്നും രഹസ്യറിപ്പോര്‍ട്ടുകള്‍ പറയുന്നു. നീതീകരിക്കാന്‍ കഴിയാത്ത അപരാധം നീതീകരിക്കാന്‍ മുതിര്‍ന്നവര്‍ക്ക് സ്വന്തം മക്കളെപ്പോലും ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്ന് ഈ കപട നാടകത്തിന്റെ ട്രാജിക്കായ അന്ത്യത്തില്‍നിന്ന് മനസിലാക്കേണ്ടതാണ്.
അനീതിയെ നീതിയാക്കാന്‍ ശ്രമിച്ചാല്‍ അനീതിയുടെ വലുപ്പവും വ്യാപ്തിയും കൂടുകയല്ലാതെ കുറയുകയില്ല എന്നത് വ്യക്തമായത് പ്രധാനമന്ത്രി ഒരു പുത്തന്‍ ന്യായവാദം ഇറക്കിയതോടെയാണ്. സ്പെക്ട്രം അഴിമതി എന്നുവച്ചാല്‍ ടെന്‍ഡര്‍ വിളിക്കാതെ ടെലികോമിന്റെ വന്‍ വ്യാപാരക്കരാറുകള്‍ ചില പ്രത്യേക കോര്‍പറേറ്റ് സംഘങ്ങള്‍ക്ക് നല്‍കിയെന്നതാണല്ലോ. അത് അവിഹിതമായി ആനുകൂല്യം നല്‍കിയതിന്റെ പ്രശ്നമാണ്. ആ ആനുകൂല്യം തെറ്റാണ് എന്നത് പ്രതിപക്ഷ നിലപാട്.
അപ്പോഴാണ് പ്രധാനമന്ത്രിയുടെ തലച്ചോറ് മിന്നല്‍വേഗത്തില്‍ പ്രവര്‍ത്തിച്ചത്. ആ ആനുകൂല്യം തെറ്റല്ലെന്നും അത്തരം ആനുകൂല്യങ്ങള്‍ ധാരാളം ഇതിനുമുമ്പ് ഗവൺമെന്റ് ചെയ്തുവരുന്നുണ്ടെന്നും ഓര്‍ത്തത്. ആ വിവരം തന്റെ വിധേയരായ പത്രാധിപരെ അദ്ദേഹം അറിയിച്ചു. ഇവിടെ കൃഷിക്കാര്‍ തുടങ്ങിയ പല ദരിദ്ര വിഭാഗങ്ങള്‍ക്കും ഗവൺമെന്റ് സഹായധനം നല്‍കുന്ന പതിവുണ്ട്. സഹായധനം കിട്ടാതെ ദരിദ്രവിഭാഗങ്ങള്‍ക്കും കൃഷി തുടങ്ങിയ പണികള്‍ ചെയ്ത് നഷ്ടമില്ലാതെ രക്ഷപ്പെടാനാവുകയില്ല. ടെന്‍ഡര്‍ വിളിക്കാതെ വലിയ തുക കോര്‍പറേറ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് സഹായധനമായി കരുതിയാല്‍ മതിയെന്ന മനോമോഹനമായ പുതിയ ഭാഷ്യം.
ഈ ഭാഷ്യംകൊണ്ട് കളവ് മൂടിവയ്ക്കാന്‍ മുതിര്‍ന്ന പ്രധാനമന്ത്രിയുടെ മനസ്സ് ആരോടൊപ്പമാണെന്ന് ഇതിനകം അറിഞ്ഞുകൂടാത്തവര്‍ക്ക് ഇതോടെ സംശയം കൂടാതെ അറിയാനായിരിക്കുന്നു. പാവപ്പെട്ടവന് സഹായഹസ്തം നീട്ടിക്കൊടുക്കുന്നതാണ് സഹായധനം. ടെലികോം മന്ത്രി സഹായം നല്‍കിയത് പാവങ്ങള്‍ക്കാണെന്ന് നാം വിശ്വസിക്കണമത്രേ. കൂറ്റന്‍ കമ്പനികളും കുബേരന്മാരുമാണ് പ്രധാനമന്ത്രിയുടെ പാവങ്ങള്‍. അവരെ അദ്ദേഹം വഴിവിട്ട് സഹായിച്ചു. ദീനാനുകമ്പയുടെ പേരില്‍ ഒരാളെ കുറ്റക്കാരനാക്കാമോ എന്നാവണം സിങ്ജിയുടെ യുക്തി.
ഈ ന്യായം പറയുന്ന പ്രധാനമന്ത്രി ഇപ്പോള്‍ തുറുങ്കുസുഖം അനുഭവിക്കുന്ന രാജ എന്ന മന്ത്രിയുടെ സ്വരം കടം വാങ്ങിയതുപോലെ തോന്നുന്നു. ആ രാജ മന്ത്രി (അല്ല മന്ത്രിരാജയോ?) ടെന്‍ഡര്‍ വിളിക്കാതിരുന്നത് സമ്പന്ന കമ്പനികള്‍ക്ക് സഹായധനം നല്‍കാന്‍തന്നെയാണ്. അദ്ദേഹം തുറുങ്കില്‍ കഴിയുമ്പോള്‍ പ്രധാനമന്ത്രി അതിനടുത്തുകൂടെ സവാരി പോകുന്നതും ആപല്‍ക്കരമാണെന്ന് സഹപ്രവര്‍ത്തകര്‍ ആരും ചൂണ്ടികാണിച്ചില്ലല്ലോ.
ടെലികോം സചിവാലയത്തിന്റെ നയം ശരിയും നടത്തിപ്പ് തെറ്റും ആണെന്ന് പ്രധാനമന്ത്രി എഡിറ്റര്‍മാരോട് കുറ്റസമ്മതം ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ കുറെക്കാലമായി കേന്ദ്രഭരണം ചെയ്യുന്ന ഒരേയൊരു കുറ്റം നല്ല നയപരിപാടിയെ ചീത്തയായി നടപ്പാക്കുകയെന്നതാണ്. ചീത്തയായി നടപ്പാക്കുക എന്നു പറഞ്ഞാല്‍ അഴിമതിക്ക് ചൂട്ടുപിടിച്ച് കൊടുക്കുന്ന വികലരീതിയില്‍ ഭരണം നടത്തുന്നു എന്നാണര്‍ഥം. അതിനാണ് മന്ത്രി അകത്തായത്. അത്ര ഗൌരവമുള്ള കുറ്റംചെയ്തു എന്നതുമാത്രമേ തങ്ങളുടെ ഭാഗത്ത് വന്ന പിഴവായിട്ടുള്ളു എന്നുപറയുന്ന പ്രധാനമന്ത്രിയുടെ മനസ്സിന്റെ പിടിവിട്ടതുപോലെ തോന്നുന്നു. ചെയ്യാവുന്നതില്‍ വച്ച് ഏറ്റവും വലിയ കുറ്റംചെയ്ത് നിരുപദ്രവ ഭാവത്തില്‍ പറയുന്നത് അത്രയേ തെറ്റ് ചെയ്തുള്ളൂ എന്നാണ്.
ചീത്ത രീതിയില്‍ പോളിസി നടപ്പാക്കലാണ് ചീത്ത ഭരണം. നമ്മുടെ ഭരണഘടന എത്ര മികച്ചതല്ല? പക്ഷേ, അംബേദ്കര്‍ അവസാനം പ്രസംഗിച്ചതുപോലെ ഭരണഘടന നടപ്പാക്കുന്ന മനുഷ്യര്‍ എത്ര നന്നോ അത്രയേ ഭരണഘടനയും നന്നായിരിക്കുകയുള്ളൂ. ചീത്ത രീതിയിലാണ് ടെലികോം വകുപ്പ് പ്രവര്‍ത്തിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിലപ്പുറം എന്താണ് ചെയ്യുക എന്ന മട്ടില്‍ കൈമലര്‍ത്തുന്നതും ഒന്നുകില്‍ കവിഞ്ഞ കഴിവില്ലായ്മ, അല്ലെങ്കില്‍ കവിഞ്ഞ കപടസാമര്‍ഥ്യം.
ഒടുവില്‍ ജെപിസി വന്നു. ആന പ്രസവിക്കുന്നതുപോലെ, എത്രയോ പണിപ്പെട്ടുള്ള പ്രസവമാണ്. എന്തുകൊണ്ട് ജെപിസി എന്ന ചോദ്യത്തിന് നമുക്ക് കിട്ടിയ മറുപടി ശരിയായ മന്‍മോഹന്‍ ബ്രാന്‍ഡ് മറുപടി തന്നെ. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ അനുവദിച്ചുകൂടാത്തതുകൊണ്ട് ജെപിസി എന്നാണ് മറുപടി. ഇത് പറയുന്നത് പാര്‍ലമെന്റിന്റെ ഇരിപ്പുസമ്മേളനകാലം മുഴുവന്‍ ഈ നില സമ്പുഷ്ടമാക്കാന്‍ അനുവദിച്ച ഒരു മുന്നണിയുടെ നേതാവ്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ഭംഗപ്പെടുന്നത് ഇത്ര പാപമാണെന്ന ബോധമുള്ളവര്‍ പ്രതിപക്ഷ സമരത്തിന്റെ ഒന്നാം ദിവസംതന്നെ സമ്മതം മൂളേണ്ടതായിരുന്നു. അത് ചെയ്യാതെ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട സ്തംഭനത്തിന് വഴിയൊരുക്കി ഒരു 'സെഷന്‍' മുഴുവന്‍ നഷ്ടപ്പെടുത്തിയവര്‍ പിന്നെയും ഞെളിഞ്ഞ് വന്ന് 'ഞങ്ങള്‍ പാര്‍ലമെന്റ് ഭക്തരാകയാല്‍ പ്രതിപക്ഷം പറഞ്ഞ ആവശ്യം അംഗീകരിച്ചിരിക്കുന്നു' എന്ന് പറയുന്നു.അത് എത്രയോ നേരത്തെ പറഞ്ഞുതീര്‍ക്കേണ്ടതായിരുന്നു. പാര്‍ലമെന്റ് സ്തംഭനത്തിന് കാരണം യുപിഎ ഗവമെന്റിന്റെ ബുദ്ധിശൂന്യമായ ദൂര്‍വാശിയാണെന്ന് ഇപ്പോള്‍ സര്‍വര്‍ക്കും വെളിപ്പെട്ടിരിക്കുന്നു.
ഇങ്ങനെയൊരു വാശിയുടെ കഥ അനുഭവത്തിലോ പഴയ ചരിത്രങ്ങളിലോ, നാട്ടുകാരുടെ ഓര്‍മയിലോ രണ്ടാമതൊന്നുള്ളതായി കരുതുന്നില്ല. 'പ്ളാവിലയുണ്ടോ, എന്നാല്‍ കഞ്ഞികുടിക്കാം' എന്നു വാശി പിടിച്ചുവെങ്കിലും കഞ്ഞി കുടിക്കണമെന്ന് കൊതിയുണ്ടായിരുന്നു. പക്ഷേ, മന്ത്രിസഭയ്ക്ക് ജെപിസി കഞ്ഞി കുടിക്കണമെന്ന ആഗ്രഹമേ ഇല്ലാത്തതിനാല്‍ ഇവിടെ പ്ളാവില കടന്നുവരികയില്ല.
ഇതിന് സമമായി വല്ല സംഭവവുമുണ്ടോ എന്നാലോചിച്ചപ്പോള്‍ ഒരു കഥ കിട്ടി. വയറിളക്കാന്‍ ആവണക്കെണ്ണ കുടിക്കണമെന്ന് വാശിപിടിച്ച് നിലവിളി നടത്തിയ ഒരു ചെറുക്കന്‍ ആവണക്കെണ്ണ കഴിക്കണമെന്നുള്ള വീട്ടുകാരുടെ നിര്‍ബന്ധം പൊറുതിമുട്ടിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞുവത്രേ വയറിനെ സ്തംഭിപ്പിക്കുന്നത് സമ്മതിക്കാനാവില്ല, അതുകൊണ്ട് ആവണക്കെണ്ണ സേവിക്കട്ടെ, പാര്‍ലമെന്റ് സ്തംഭനം അനുവദനീയമല്ലാത്തതിനാല്‍ ജെപിസി അനുവദിച്ചിരിക്കുന്നുപോല്‍.
ചിന്താപരമായ സംയോജനമില്ലാതെ പരസ്പര വിരുദ്ധമായി സംസാരിക്കുന്നവരുടെ മത്സരമുണ്ടെങ്കില്‍ മന്‍മോഹന്‍ സിങ് ഒന്നാം സ്ഥാനം ഒരാള്‍ക്കും വിട്ടുകൊടുക്കയില്ല.
പ്രതിപക്ഷത്തെ യുദ്ധരംഗത്തിറക്കിയതിന്റെ നേട്ടം സിങ്ജിയുടെ കണക്കില്‍ വരവ് പിടിക്കേണ്ടതാണ്. പ്രതിപക്ഷം ചൂട് പിടിച്ച് 'ജെപിസി ഇല്ലെങ്കില്‍ പാര്‍ലമെന്റ് വേണ്ട' എന്ന അങ്ങേയറ്റത്തെ ആവശ്യം ഉയര്‍ത്തിപ്പിടിച്ചതിന് കാരണം പ്രധാനമന്ത്രിയുടെ ഉദാസീനതയും നിഷ്‌ക്രിയതയുമാണ്. രാജയുമായി നടന്ന കത്തിടപാടനുസരിച്ചുതന്നെ മാര്‍ഗം പിഴച്ചു എന്നുകണ്ട പ്രധാനമന്ത്രി ടെലികോം മന്ത്രിയെ മറ്റൊരു വകുപ്പിലേക്ക് മാറ്റി പ്രതിഷ്ഠിച്ചിരുന്നുവെങ്കില്‍ ഇത്രമാത്രം വികാര സ്‌ഫുലിംഗം ചീറിപ്പറക്കുകയില്ലായിരുന്നു. പ്രധാനമന്ത്രി ക്രിമിനല്‍ മന്ത്രിമാരെ ചിറകിനടിയില്‍ സംരക്ഷിക്കുന്ന പിടക്കോഴിയാണെന്ന് തെളിയിച്ചില്ലായിരുന്നുവെങ്കില്‍, ഈ സംഭവവികാസങ്ങള്‍ പലതും ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴും പ്രധാനമന്ത്രിയുടെ വാത്സല്യപൂര്‍വമായ നോട്ടം കുറ്റംചെയ്ത മന്ത്രിയുടെ നേര്‍ക്കാണ് അദ്ദേഹം പായിച്ചുകൊണ്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഈ 'പ്രതി' സൌഹൃദം വീണ്ടും അദ്ദേഹം തെളിയിച്ചത് രാജയ്ക്ക് പകരം കപില്‍ സിബലിനെ കൊണ്ടുവന്നതിലൂടെയാണ്. രാജ അഴിമതി ചെയ്തെങ്കിലും രാജ്യത്തിന് താന്‍ കുറെ നഷ്ടം വരുത്തി എന്ന ബോധ്യമുണ്ടായിരുന്നു. പക്ഷേ, പകരക്കാരന്‍ ആറ് രാജമാരെ പച്ചയ്ക്കു തിന്നാന്‍ കെല്‍പ്പുള്ളവന്‍. സ്പെക്ട്രം അഴിമതികൊണ്ട് നാടിന് ഒരു പൈസ നഷ്ടം വന്നിട്ടില്ലെന്ന് കക്ഷിയുടെ കണക്ക്- ഒരു കണക്കും നോക്കാതെ! ഈ ഭീകരനെ സുപ്രീം കോടതിപോലും താക്കീത് ചെയ്തു. ഒരാള്‍മാത്രം എതിര്‍ത്തൊരക്ഷരം മിണ്ടിയില്ല, അത് പ്രധാനമന്ത്രി! മൂര്‍ഖനെ ആളുകള്‍ പിടികൂടിയപ്പോള്‍ കൂട് തുറന്ന് രാജവെമ്പാലയെ പുറത്തു വിട്ട കുറവനെ നാട്ടുകാര്‍ വകവരുത്തി എന്നാണ് കേട്ടുകേള്‍വി.
ഇന്ത്യയിലല്ലാതെ ഇങ്ങനെയൊരു അഴിമതിക്കേസ് ഉണ്ടാവുകയില്ല. ഇന്ത്യയിലല്ലാതെ ഇതിനെയെല്ലാം സ്നേഹത്തോടെ കാണുന്ന ഒരു പ്രധാനമന്ത്രി ഉണ്ടാവുകയില്ല. ഇന്ത്യയിലല്ലാതെ ഇതെല്ലാം പൊറുത്തുകഴിയുന്ന ഒരു സമൂഹത്തെയും കാണുകയില്ല. 'മേരാ ഭാരത് മഹാന്‍ ഹഹ'
*****
സുകുമാര്‍ അഴീക്കോട്
Subscribe to:
Post Comments (Atom)
No comments:
Post a Comment