Tuesday, March 1, 2011

കഥ കാര്യമാകുമ്പോള്‍

അടുത്തയിടെ ശാസ്‌ത്രഗതി മാസിക ഒരു ശാസ്‌ത്ര കഥാമത്സരം നടത്തി. അതില്‍ ഒന്നാം സ്ഥാനം പങ്കുവച്ച ഒരു കഥ, ജോസുകുട്ടി എന്ന യുവകഥാകൃത്ത് എഴുതിയ 'ബ്രിട്ടീഷ് ഫുഡ് ഇന്ത്യാ ലിമിറ്റഡ്' ആയിരുന്നു. സാമ്പ്രദായിക ശാസ്‌ത്ര കഥകളില്‍ നിന്ന് വ്യത്യസ്തമായ പ്രമേയവും ശക്തമായ രാഷ്ട്രീയ വിമര്‍ശനവും ആണ് ആ കഥയെ ശ്രദ്ധേയമാക്കിയത്. കഥ ഇങ്ങനെ സംഗ്രഹിക്കാം.

ഫാക്ടറി പൂട്ടിയതു കാരണം രൂക്ഷമായ തൊഴിലില്ലായ്മയും പട്ടിണിയും നേരിടുന്ന ഗ്രാമത്തിലേയ്ക്ക് ഷൂസും ടൈയും ധരിച്ച കമ്പനി എജന്റുമാര്‍ എത്തുന്നു. കമ്പനിയുടെ സെയില്‍സ് പ്രമോഷന്‍ ക്യാമ്പെയ്‌നിലേയ്ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും വാഗ്ദാനങ്ങളും നല്‍കി അവര്‍ ഗ്രാമത്തിലെ യുവ ദമ്പതികളെ ക്ഷണിക്കുന്നു. ക്രമേണ അവരുടെ ലക്ഷ്യം ചെറുപ്പക്കാരായ അമ്മമാര്‍ മാത്രമാണെന്നു വ്യക്തമാകുന്നു. കൃത്യമായി പറഞ്ഞാല്‍ അവരുടെ മുലപ്പാല്‍! മുലപ്പാലില്‍ നിന്നുള്ള വില കൂടിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കമ്പനിയാണത്. മുലപ്പാല്‍ സമൃദ്ധമായി ചുരത്തുവാനും പ്രസവിക്കാത്ത സ്ത്രീകള്‍ക്ക് കൂടി അത് സാധ്യമാക്കാനുമുള്ള ഔഷധങ്ങളും ലേപനങ്ങളും അവര്‍ നല്‍കുന്നു. ഗ്രാമീണര്‍ക്കു സ്വപ്നം കാണാന്‍ കൂടി കഴിയാത്ത ഉയര്‍ന്ന പ്രതിഫലം. ഭര്‍ത്താക്കന്മാരുടെ എതിര്‍പ്പിനോ ആശങ്കകള്‍ക്കോ ഒരു വിലയും ഉണ്ടായില്ല. പോരെങ്കില്‍ അവര്‍ക്ക് അടിച്ചുപൊളിക്കാനുള്ള പോക്കറ്റ് മണികൂടി യഥേഷ്ടം കിട്ടിയപ്പോള്‍ എതിര്‍പ്പിന്റെ മുനയും ഒടിഞ്ഞു.

ഏതാനും നാളുകള്‍ മാത്രമേ ഈ സമൃദ്ധിയും ഐശ്വര്യവും നിലനിന്നുള്ളു. ക്രമേണ മുലക്കണ്ണുകള്‍ ചുവന്നു, നീരുവച്ചു, കുരുപൊട്ടി. അസഹ്യമായ നീറ്റലും വേദനയും. അതോടെ കമ്പനി പ്രൊമോഷന്‍ ഏജന്റുമാരും കളക്ഷന്‍ സ്റ്റാഫും അപ്രത്യക്ഷരായി. അവര്‍ അടുത്ത ഇരകളെ തേടി പോയിട്ടുണ്ടാവാം.

ബയോടെക്‌നോളജിയും ശാസ്ത്ര സാങ്കേതിക മുന്നേറ്റവും ആയുധമാക്കി മുലപ്പാല്‍ ചുരത്തുന്ന അമ്മമാരെക്കൂടി കറവപ്പശുക്കളാക്കുന്ന പുത്തന്‍ കച്ചവട സംസ്‌ക്കാരത്തെക്കുറിച്ചുള്ള ശക്തമായ വിമര്‍ശനമാണ് ഈ കഥയെ സമ്മാനാര്‍ഹമാക്കിയത്. ഒന്നാം സമ്മാനത്തിന് ഈ കഥയെ ശക്തമായി ശുപാര്‍ശ ചെയ്ത ജൂറി അംഗമായ ബി സുനിത എന്ന യുവകഥാകാരി കഴിഞ്ഞ ദിവസം എനിക്കൊരു ഇ-മെയില്‍ അയച്ചു. അതില്‍ ലണ്ടനില്‍ നിന്നുള്ള ഒരു വാര്‍ത്തയായിരുന്നു വിഷയം. ലണ്ടനിലെ ഒരു റെസ്റ്റോറന്റില്‍ ഒരു പുതിയ വിശിഷ്ട ഭോജ്യം വില്പനയ്‌ക്കെത്തിയിരിക്കുന്നത്രെ. മുലപ്പാലില്‍ നിന്നുണ്ടാക്കിയ ഐസ്‌ക്രീം! വില കപ്പിന് ഏകദേശം ആയിരത്തി ഇരുന്നൂറു രൂപ. ദോഷം പറയരുതല്ലോ; ഇത് ബ്രിട്ടീഷ് ഫുഡ് അല്ലെങ്കില്‍ മറ്റേതെങ്കിലും ബഹുരാഷ്ട്ര കമ്പനിയുടെ തന്ത്രമല്ല. വിക്‌ടോറിയ ഹൈലി എന്ന ഒരമ്മ സ്വന്തം മുലപ്പാലില്‍ നിന്നു പാകം ചെയ്ത് തയ്യാറാക്കി വില്‍പ്പനയ്‌ക്കെത്തിച്ച വാല്യു ആഡഡ് പ്രോഡക്ട് ആണ്. സ്വന്തം കുഞ്ഞിനുവേണ്ടി പ്രകൃതി കനിഞ്ഞു നല്‍കിയ മുലപ്പാലാണ് ആ അമ്മ കച്ചവടച്ചരക്ക് ആക്കിയിരിക്കുന്നത്. അതിനവര്‍ മുന്നോട്ടു വയ്ക്കുന്ന ന്യായീകരണമാണ് അതിനേക്കാള്‍ വിചിത്രം. മുലപ്പാലിന് ഇത്ര സ്വാദ് ഉണ്ടെന്നു മനസ്സിലാക്കിയാല്‍ കൂടുതല്‍ അമ്മമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ തയ്യാറാകും. എന്നാണ് തന്റെ പ്രതീക്ഷ, അത്രേ! ഇതു കേട്ടാല്‍ തോന്നും മുലപ്പാലിന്റെ സ്വാദ് അറിയാത്തതുകൊണ്ടാണ് ചില അമ്മമാര്‍ മുലയൂട്ടാന്‍ വിസമ്മതം കാട്ടുന്നത് എന്ന്! അതോ അങ്ങനത്തെ ഒരു മഹനീയ ലക്ഷ്യം കച്ചവട മുദ്രാവാക്യമായി പ്രയോഗിച്ചാല്‍ തന്റെ കൃത്യത്തിന്റെ ഗര്‍ഹണീയത മറയ്ക്കപ്പെടും എന്ന കണക്കു കൂട്ടലാണോ അതിന്റെ പിന്നില്‍? ആര്‍ക്കറിയാം!

ഏതായാലും പുതിയൊരു കച്ചവട സാധ്യത തുറന്നു തരുന്ന ഈ സംരംഭകത്വം ശ്രദ്ധിക്കപ്പെടും എന്നത് ഉറപ്പാണ്. കണ്ണുള്ളവര്‍ കാണും. അവര്‍ വേണ്ടതു ചെയ്യും. താമസിയാതെ നമ്മുടെ നാടന്‍ കഥാകൃത്ത് ഭാവനയില്‍ കണ്ടത് യാഥാര്‍ഥ്യമാകാനും ഇടയുണ്ട്.

തക്കതായ വില കിട്ടിയാല്‍ മനുഷ്യമാംസം വരെ കറിവച്ചു നല്‍കുന്ന ഹോട്ടലുകള്‍ ചില രാജ്യങ്ങളിലുണ്ടെന്നു കേട്ടിട്ടുണ്ട്. ഇത് അത്രക്കൊന്നും ബീഭത്സമല്ല എന്നുവാദിക്കാം. മുലപ്പാല്‍ അമ്മമാര്‍ സ്വമേധയാ നല്‍കുന്നതാണെന്നും നല്ലവില വാങ്ങി സന്തോഷപൂര്‍വ്വമാണ് അത് ചെയ്യുന്നതെന്നും വാദിക്കാം. പക്ഷേ, അതിന് അവരെ പ്രേരിപ്പിക്കുന്നു. ദാരിദ്ര്യത്തെ അനിവാര്യമാക്കുന്ന വ്യവസ്ഥിതി തന്നെയാണ്. ഇത്തരമൊരു പോംവഴി നിര്‍ദ്ദേശിക്കുന്നതും എന്നതു മറന്നുകൂടാ. ജീവിതത്തിലെ അമൂല്യമായതും പ്രിയപ്പെട്ടതും ആയ എല്ലാത്തിനെയും വില്‍പ്പനച്ചരക്കാക്കുന്ന, നല്ലവില കിട്ടിയാല്‍ എന്തും കച്ചവടമാക്കാന്‍ പഠിപ്പിക്കുന്ന, പുത്തന്‍ സംസ്‌ക്കാരം ആണ് യഥാര്‍ഥ വില്ലന്‍. ആ വ്യവസ്ഥിതി പുലരണമെങ്കില്‍ ദാരിദ്ര്യം കൂടി ഉണ്ടായാലേ പറ്റൂ. അത് നാണയത്തിന്റെ മറുപുറം മാത്രം.

വേറൊരു രീതിയില്‍ നോക്കിയാല്‍ ഇതിലെന്തു പുതുമ എന്നും ചോദിക്കാം. ജീവിക്കാന്‍ വേണ്ടി പതിവായി രക്തം വില്‍ക്കുന്നവര്‍, വൃക്ക വില്‍ക്കുന്നവര്‍, ഇവരെയൊക്കെ നാം കണ്ടിട്ടുണ്ടല്ലോ. എന്തിന്, ശരീരം തന്നെ വില്‍ക്കുന്നവരും ധാരാളം. പിന്നെയല്ലേ പുനരുല്‍പ്പാദിപ്പിക്കപ്പെടുന്ന മുലപ്പാല്‍!

പാഴ്‌വാക്കിതിന്നരുള്‍ക മാപ്പ്.....

*****

ആര്‍ വി ജി മേനോന്‍, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...