അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് സാധാരണ ബജറ്റ് എന്നതില്‍കവിഞ്ഞ ഒരു പ്രാധാന്യവുമില്ലാത്തതായി മാറി ഇന്നലെ ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച രണ്ടാമത്തെ യുപിഎ സര്‍ക്കാരിന്റെ ബജറ്റ്. തിരഞ്ഞെടുപ്പ് നടക്കാന്‍പോകുന്ന സംസ്ഥാനമെന്ന പരിഗണനയില്‍പോലും കേരളത്തെ കാണാതെ, കള്ളപ്പണത്തിനുനേരെ കണ്ണടച്ച് ഒരു ബജറ്റ്. കേരളത്തിന് ലഭിച്ചില്ല എന്നതിനെക്കാള്‍ തീര്‍ത്തും അവഗണിക്കുന്ന ഒന്നായിരുന്നു ബജറ്റ്. കേരളത്തെ കണ്ടില്ലെന്നുനടിച്ച പ്രണബ് കുമാര്‍ കള്ളപ്പണക്കാര്‍ക്കെതിരെ കണ്ണടയ്ക്കുകയും ചെയ്തിരിക്കുകയാണ്.
കേരളത്തെ സംബന്ധിച്ച് നിരാശാജനകമായ പരിഗണനയാണ് ധനമന്ത്രി നല്‍കിയിട്ടുള്ളത്. വരാന്‍പോകുന്ന വെറ്ററിനറി യൂണിവേഴ്‌സിറ്റിക്ക് 100 കോടി രൂപ, സമുദ്രോത്പന്ന കയറ്റുമതി വികസനമേഖലയ്ക്ക് 100 കോടി, വലിയമറ്റം സ്‌പൈസസ് സെന്ററിന് 100 കോടി, മലപ്പുറം അലിഗഡ് യൂണിവേഴ്‌സിറ്റി സെന്ററിന് ഉത്തരേന്ത്യയിലെ രണ്ട് കേന്ദ്രങ്ങള്‍ക്കൊപ്പം അന്‍പത് കോടി രൂപ, കൊച്ചി തുറമുഖത്തിന്റെ റോഡ്‌വികസനത്തിന് 307 കോടി രൂപ, ഫാക്ടിന്റെ ആധുനികവല്‍ക്കരണത്തിന് 67 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ തുറമുഖത്തിനായി അനുവദിച്ച 307 കോടി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ളതാണ്. വെറ്ററിനറി യൂണിവേഴ്‌സിറ്റിക്ക് 100 കോടി മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ളവയെല്ലാം കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് എല്ലാ ബജറ്റിലും അനുവദിക്കുന്ന സാധാരണ വിഹിതം മാത്രമാണ്.
കേരളത്തിന്റെ നിര്‍ദേശങ്ങള്‍ പാടെ അവഗണിച്ച ധനമന്ത്രി കേന്ദ്രത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയായ കൊച്ചി മെട്രോ റയില്‍പദ്ധതിക്ക് ഒരു രൂപപോലും വകയിരുത്തിയില്ല. അതേസമയം ചെന്നൈ, ബംഗളുരു മെട്രോ റയിലുകള്‍ക്ക് പ്രത്യേക സഹായം അനുവദിക്കുകയും ചെയ്തു. മമതയുടെ റയില്‍വേ ബജറ്റില്‍ തീവണ്ടികള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പുതിയ റെയില്‍പാതകളെക്കുറിച്ച് തീര്‍ത്തും മൗനംപാലിച്ചിരിക്കുകയാണ്. ഇതിനുപുറെ മെട്രോ റയില്‍പദ്ധതികളും ഒരു സ്വപ്‌നമായി അവശേഷിക്കുമെന്ന് ഉറപ്പാക്കാം. കേരള ജനത വരുന്ന തിരഞ്ഞെടുപ്പില്‍ ഇത്തരം അവഗണനയ്ക്ക് എതിരായി ശക്തമായ പ്രതിഷേധമുയര്‍ത്തും.
ഇതിനെക്കാളേറെ അപലപനീയമായ നിലപാടാണ് കള്ളപ്പണത്തിനുനേരെ സ്വീകരിച്ചിരിക്കുന്നത്. അത് സ്വിസ് ബാങ്ക് അക്കൗണ്ടിന്റെ രൂപത്തിലായാലും മൗറീഷ്യസ് വഴിയുള്ള കള്ളപ്പണ ഇടപാടായാലും എങ്ങനെ വികസനാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാം എന്നതുസംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ ഒന്നും ബജറ്റിലില്ല. കള്ളപ്പണം എത്രയുണ്ടെന്ന് ഏകദേശകണക്ക് നല്‍കാന്‍ ധനമന്ത്രി തയ്യാറായില്ല. രസകരമായ കാര്യം ആന്തരഘടനാവികസനത്തിനായി മുന്‍കാല പദ്ധതികളില്‍ വകയിരുത്തപ്പെട്ട കോടിക്കണക്കിന് രൂപയുടെ 50 ശതമാനത്തോളം ദുരുപയോഗപ്പെടുത്തു കയായിരുന്നുവെന്ന് ഇക്കഴിഞ്ഞ ദാവോസ് സമ്മേളനത്തില്‍ തുറന്നുപറഞ്ഞ ആഭ്യന്തരമന്ത്രി പി ചിദംബരം ഒരര്‍ഥത്തില്‍ പ്രശംസാര്‍ഹനാണ്. ടി ടി കൃഷ്ണമാചാരി നെഹ്‌റുവിന്റെ ക്യാബിനറ്റില്‍ ധനമന്ത്രിയായിരുന്നപ്പോള്‍ പ്രത്യേക നികുതിയുടെ ഉപരിപരിധി 97.5 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. അക്കാലത്ത് ജിഡിപിയുടെ ഏഴുശതമാനം മാത്രമായിരുന്നു കള്ളപ്പണത്തിന്റെ പ്രചാരം. പക്ഷേ ഇന്ന് പുതിയ ബജറ്റില്‍ പ്രത്യക്ഷനികുതിഭാരം 50ശതമാനമാക്കിയപ്പോള്‍ കള്ളപ്പണം ജിഡിപിയുടെ 50 ശതമാനത്തിലെത്തിനില്‍ക്കുകയാണ്. ഈ വസ്തുതളൊന്നും അറിയാത്ത ആളല്ല ധനമന്ത്രിയെന്നതാണ് ഏറെ അത്ഭുതം.
സാമ്പത്തികസര്‍വേയില്‍ പറഞ്ഞതില്‍നിന്ന് മാറ്റംവരുത്തി 2010-11ലെ ജിഡിപി വളര്‍ച്ച 8.2 ശതമാനം ആയിരുന്നുവെന്നും 2011-12-ല്‍ ഒന്‍പതുശതമാനംവരെയാകുമെന്നും ഒരു ഒഴുക്കന്‍മട്ടില്‍ പറയുകമാത്രമാണ് ചെയ്യുന്നത്. ഒരേസമയം അനുകൂല കാലാവസ്ഥയ്ക്കും മഴയുടെ ലഭ്യതയ്ക്കുംവേണ്ടി ഇന്ദ്രനെയും സമ്പത്ത്, ഐശ്വര്യം എന്നിവയ്ക്ക് ലക്ഷ്മി ദേവിയെയും അഭയംതേടിക്കൊണ്ടാണ് തന്റെ ബജറ്റ് പ്രസംഗം ധനമന്ത്രി തുടരുന്നത്. മാന്ദ്യത്തിന്റെ രൂക്ഷതയില്‍നിന്ന് കരകയറിയെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ധനമന്ത്രി സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ മുമ്പത്തെപോലെ തുടരേണ്ടതില്ലെന്ന നിഗമനത്തിലാണെത്തുന്നത്. റവന്യൂ കമ്മിയും ധനകമ്മിയും പരമാവധി 3.3 ശതമാനവും 4.8 ശതമാനവുമായി പിടിച്ചുനിര്‍ത്താന്‍കഴിയുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് എങ്ങനെ കഴിയുമെന്ന് ധനമന്ത്രിക്ക് ധാരണയില്ലെന്ന് വ്യക്തമാക്കുന്നതാണ് ബജറ്റ്. പൊതുകടം കുറയ്ക്കുക എന്നതാണ് ഇതിനൊരു മാര്‍ഗം കാണുന്നത്. അതിലേക്കായി പൊതുകട മാനേജ്‌മെന്റ് ബില്‍ ഉടനടി അവതരിപ്പിക്കുമെന്നും ധനമന്ത്രി പറയുന്നു. മറ്റൊരു വരുമാനമാര്‍ഗം. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 40,000 കോടി സംഭരിക്കാമെന്നതാണ്. എന്നാല്‍ 2010-11ലെ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്ന ഈയിനത്തിലുള്ള 25,000 കോടി രൂപയുടെ വരുമാനം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞോയെന്ന് വ്യക്തമാക്കിയിട്ടില്ല.
പൊതുമേഖലാ സ്ഥാപനങ്ങളുെട സര്‍ക്കാര്‍ ഓഹരി 51 ശതമാനംതന്നെ തുടരുമെന്ന് അവകാശപ്പെടുന്നത് ഓഹരിവില്‍പനയില്‍നിന്നുള്ള വിമര്‍ശനംനേരിടാന്‍വേണ്ടിയാണ്. പണപ്പെരുപ്പം; പ്രത്യേകിച്ച് ഭക്ഷ്യഉത്പന്നങ്ങളുടെ, എങ്ങനെ തരണംചെയ്യാമെന്ന വ്യക്തമായ നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവയ്ക്കാതെ കാര്‍ഷികമേഖലയ്ക്കുള്ള ബാങ്ക്‌വായ്പാപരിധി 3,75000 കോടി രൂപയില്‍നിന്ന് 4,75000 കോടിയായി ഉയര്‍ത്തുമെന്നുമാത്രമേ പറയുന്നുള്ളൂ. അതോടൊപ്പം കൃത്യമായി വായ്പ തിരിച്ചടച്ച് നടത്തുന്ന കൃഷിക്കാര്‍ക്ക് കഴിഞ്ഞവര്‍ഷത്തെ ബജറ്റിനെക്കാള്‍ ഒരുശതമാനം പലിശയിളവ് അനുവദിക്കുമെന്നും നാലുശതമാനം പലിശബാധ്യതയില്‍ ഒതുക്കുമെന്നും ധനമന്ത്രി പറയുന്നു. പച്ചക്കറി കൃഷിക്ക് 300 കോടി രൂപ, പയര്‍വര്‍ഗങ്ങളുടെ കൃഷിക്ക് 200 കോടി, പാല്‍ ഉത്പാദനത്തിന് 300 കോടി എന്ന തോതില്‍ ധനസഹായം വാഗ്ദാനംചെയ്യുന്നു. ഭക്ഷ്യസുരക്ഷയെപ്പറ്റി സാമ്പത്തിക സര്‍വേയില്‍ ഒരു നിര്‍ദേശവും നല്‍കാതെ പുതിയ ബജറ്റില്‍ ഭക്ഷ്യസുരക്ഷിതത്വബില്‍ അവതരിപ്പിക്കുമെന്നും അതിലേക്കായി 1,60857 കോടി രൂപ നീക്കിവെയ്ക്കുമെന്നും സൂചിപ്പിക്കുന്നു.
വിദ്യാഭ്യാസമേഖലയുടെ പ്രാധാന്യം പ്രത്യേകം സൂചിപ്പിക്കുന്ന ധനമന്ത്രി അടുത്തവര്‍ഷത്തേക്കുള്ള പദ്ധതിവിഹിതം 57ശതമാനം ഉയര്‍ത്തി 5,25,700 കോടി രൂപയാക്കുമെന്ന് ബജറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സര്‍വശിക്ഷ അഭിയാന്‍ പദ്ധതിക്ക് 21,000 കോടി രൂപ ഉള്‍ക്കൊള്ളിച്ചതായും സൂചിപ്പിച്ചിട്ടുണ്ട്. ഓഹരി കമ്പോളത്തെ സന്തോഷിപ്പിക്കുന്നതിന് കോര്‍പ്പറേറ്റ്‌മേഖലയുടെ നികുതിഭാരം 2.5 ശതമാനം ഇളവ് അനുവദിക്കാന്‍ മടികാണിക്കുന്നില്ല. മുന്‍വര്‍ഷത്തെ 7.5 ശതമാനത്തില്‍നിന്ന് വരുമാനവര്‍ഷം അഞ്ച്ശതമാനത്തിലേക്കാണ് സര്‍ചാര്‍ജ് കുറയുന്നത്. ബജറ്റ് പ്രസംഗം തീരുംമുമ്പ് ഓഹരിക്കമ്പോളത്തില്‍ പ്രഖ്യാപനത്തിന്റെ മാറ്റം കാണാന്‍കഴിഞ്ഞു. പ്രത്യക്ഷ വിദേശമൂലധന നിക്ഷേപത്തിന്റെ പരിധി ഗണ്യമായി ഉയര്‍ത്താനും നിര്‍ദേശമുണ്ട്. മധ്യവര്‍ഗവിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതിന് ആദായനികുതിയുടെ ഉപരിപരിധി 1,60,000-ത്തില്‍നിന്ന് 1,80,000 രൂപയായി ഉയര്‍ത്താനും മുതിര്‍ന്ന പൗരന്മാരുടെ ആദായനികുതി പരിധി രണ്ടുലക്ഷത്തില്‍നിന്ന് 2,50,000 രൂപയായി ഉയര്‍ത്താനും 80 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരുടെ ആദായനികുതി പരിധി അഞ്ചുലക്ഷം രൂപയായി ഉയര്‍ത്താനും നിര്‍ദേശമുണ്ട്.
ബാങ്കിംഗ്‌മേഖലയുടെ സ്വകാര്യവല്‍ക്കരണം ഏറെക്കുറെ നടപ്പാക്കാമെന്ന പ്രഖ്യാപനമാണ് ധനമന്ത്രിയുടേത്. നിരവധി സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സുകള്‍ നല്‍കാനും ഇതിലേക്ക് ബാങ്കിംഗ്‌നിയമത്തില്‍ ഭേദഗതിവരുത്താനും നിര്‍ദേശിക്കപ്പെട്ടിരുന്നു. ഭക്ഷ്യപണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിനൊപ്പം കള്ളപ്പണം വികസന ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന കാര്യത്തിലും തികഞ്ഞ നിസ്സംഗതയാണ് കാണിക്കുന്നത്.
കള്ളപ്പണത്തിനുത്തരവാദികളായവരെ ഇതുവരെ കഴിമതിക്കാരായ ബിസിനസുകാരും അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയനേതാക്കളും ബ്യൂറോക്രസിയോട് കൂട്ടുചേര്‍ന്ന് അഴിമതി നടത്തുന്ന ഭരണകര്‍ത്താക്കളും ആയിരുന്നു. ഇപ്പോള്‍ രണ്ടുവിഭാഗംകൂടി കള്ളപ്പണത്തിന്റെ പ്രചാരത്തില്‍ ഉത്തരവാദികളായി കണക്കാക്കേണ്ടിയിരിക്കുന്നു. അതില്‍ ഒന്ന് ജുഡീഷ്യറിയും മറ്റൊന്ന് മാധ്യമരംഗത്തുള്ളവരുമാണ്. അതുകൊണ്ടുതന്നെ കള്ളപ്പണത്തോടുള്ള പ്രണാബിന്റെ കണ്ണടയ്ക്കല്‍ ജനത്തിന് കാണാതിരിക്കാന്‍ സാധിക്കയില്ല.
*****
പ്രഫ. കെ അരവിന്ദാക്ഷന്‍, കടപ്പാട് : ജനയുഗം
Subscribe to:
Post Comments (Atom)
1 comment:
അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് സാധാരണ ബജറ്റ് എന്നതില്‍കവിഞ്ഞ ഒരു പ്രാധാന്യവുമില്ലാത്തതായി മാറി ഇന്നലെ ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച രണ്ടാമത്തെ യുപിഎ സര്‍ക്കാരിന്റെ ബജറ്റ്. തിരഞ്ഞെടുപ്പ് നടക്കാന്‍പോകുന്ന സംസ്ഥാനമെന്ന പരിഗണനയില്‍പോലും കേരളത്തെ കാണാതെ, കള്ളപ്പണത്തിനുനേരെ കണ്ണടച്ച് ഒരു ബജറ്റ്. കേരളത്തിന് ലഭിച്ചില്ല എന്നതിനെക്കാള്‍ തീര്‍ത്തും അവഗണിക്കുന്ന ഒന്നായിരുന്നു ബജറ്റ്. കേരളത്തെ കണ്ടില്ലെന്നുനടിച്ച പ്രണബ് കുമാര്‍ കള്ളപ്പണക്കാര്‍ക്കെതിരെ കണ്ണടയ്ക്കുകയും ചെയ്തിരിക്കുകയാണ്.
Post a Comment