കേരളത്തില്‍ ഒരു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്ഥാപിക്കുക എന്നത് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ദീര്‍ഘകാല സ്വപ്നമായിരുന്നു. സര്‍ക്കാര്‍ സര്‍വീസുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ ഹൈക്കോടതിയാണ് കൈകാര്യംചെയ്യുന്നത്. വ്യത്യസ്ത വിഷയങ്ങളിലായി ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കേണ്ട കേസുകള്‍ ലക്ഷക്കണക്കിന് കെട്ടിക്കിടക്കുകയാണ്. സ്വാഭാവികമായും സര്‍വീസ് സംബന്ധിച്ചുള്ള കേസുകള്‍ പെട്ടെന്ന് തീര്‍പ്പുകല്‍പ്പിക്കേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മാത്രമല്ല പൊതുജനത്തിന്റെയാകെ ആവശ്യമാണ്. ഇത്തരം കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ കാലതാമസം വന്നാല്‍ അത് ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയെയാകെ ബാധിക്കും. ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് പാര്‍ലമെന്റ് തന്നെ മുന്‍കൈയെടുത്ത് 1985ല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യൂണല്‍ നിയമം പാസാക്കിയത്. ഏറെ വൈകിയാണെങ്കിലും 2010 ആഗസ്ത് 25ന് കേരള സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്ഥാപിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായി.
കേരളത്തിലെ അന്നത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വളരെ പെട്ടെന്നുതന്നെ നടപടികള്‍ മുന്നോട്ട് നീക്കി. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ചെയര്‍മാനായി റിട്ട. ഹൈക്കോടതി ജഡ്ജി കെ ബാലകൃഷ്ണന്‍ നായര്‍ നിയമിതനാകുകയുംചെയ്തു. നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം വൈസ് ചെയര്‍മാനെയും മെമ്പര്‍മാരെയും തെരഞ്ഞെടുക്കേണ്ടത് താഴെ പറയുന്നവര്‍ ഉള്‍പ്പെടുന്ന ഒരു സമിതിയാണ്. 1. ബന്ധപ്പെട്ട സംസ്ഥാനത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 2. ചീഫ് സെക്രട്ടറി 3. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ 4. സംസ്ഥാന പബ്ലിക് സര്‍വീസ് കമീഷന്‍ ചെയര്‍മാന്‍ നിയമനവുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ പറയുന്ന എല്ലാ കാര്യങ്ങളും കൃത്യമായി പാലിച്ചുകൊണ്ടു രണ്ട് ജുഡീഷ്യല്‍ മെമ്പര്‍മാരെയും മൂന്ന് അഡ്മിനിസ്ട്രേറ്റീവ് മെമ്പര്‍മാരെയും തെരഞ്ഞെടുത്തു. നിയമത്തിന്റെ ആറാം വകുപ്പിലെ രണ്ട് (ബി) ഉപവകുപ്പ് പ്രകാരം ഹൈക്കോടതി ജഡ്ജിയോ ഹൈക്കോടതി ജഡ്ജിയാവാന്‍ യോഗ്യതയുള്ളയാളോ ആയിരിക്കണം ജുഡീഷ്യല്‍ മെമ്പറായി നിയമിക്കപ്പെടേണ്ടത്. ഇതനുസരിച്ച്, സര്‍വീസ് കേസുകള്‍ കൈകാര്യംചെയ്ത് ദീര്‍ഘകാല പരിചയമുള്ളവരും ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാന്‍ യോഗ്യതയുള്ളവരുമായ ഹൈക്കോടതിയിലെ രണ്ട് പ്രമുഖ അഭിഭാഷകര്‍ ജുഡീഷ്യല്‍ മെമ്പര്‍മാരായി നിര്‍ദേശിക്കപ്പെട്ടു. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍നിന്നും ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍നിന്നും പിരിഞ്ഞ മൂന്ന് സീനിയര്‍ ഉദ്യോഗസ്ഥന്‍മാരെ അഡ്മിനിസ്ട്രേറ്റീവ് മെമ്പര്‍മാരായും തെരഞ്ഞെടുത്തു. കാര്യങ്ങളെല്ലാംതന്നെ വളരെ കൃത്യമായി, നിയമവും ചട്ടങ്ങളും പാലിച്ചുകൊണ്ട് സാമാന്യം വേഗത്തില്‍തന്നെ നീങ്ങി. ജുഡീഷ്യല്‍ മെമ്പര്‍മാരായി നിയമിക്കപ്പെടാന്‍ തെരഞ്ഞെടുക്കപ്പെട്ട അഡ്വ. അശോക് എം ചെറിയാന്‍ , അഡ്വ. പി വി ആശ എന്നിവരുടെയും അഡ്മിനിസ്ട്രേറ്റീവ് മെമ്പര്‍മാരായി നിയമിക്കപ്പെടാന്‍ തെരഞ്ഞെടുക്കപ്പെട്ട വി ആര്‍ രാജീവന്‍ , മാത്യു സി കുന്നുങ്കല്‍ , എസ് പ്രദീപ്കുമാര്‍ എന്നിവരുടെയും ഫോട്ടോയടക്കം പത്രങ്ങളിലെല്ലാം വരികയുംചെയ്തു. ഇതിനൊന്നുമെതിരായി ആരും ഒന്നും പറഞ്ഞിട്ടുമില്ല. മാത്രവുമല്ല 2010 ജൂലൈ 11ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍ ഔപചാരികമായി ഉദ്ഘാടനംചെയ്തു. ട്രിബ്യൂണല്‍ പ്രവര്‍ത്തിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം അവിടെ തയ്യാറായിക്കഴിഞ്ഞു. ട്രിബ്യൂണലിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ സ്റ്റാഫിനെയും നിശ്ചയിച്ചു. എല്ലാം കഴിഞ്ഞശേഷം കേരളത്തിലെ അഭിഭാഷകരെയും ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം പ്രതീക്ഷിച്ചു കാത്തിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചാണ് കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്. 2011 ജൂണ്‍ 27ന് നിയമസഭയില്‍ ഒരു ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്, "ജുഡീഷ്യല്‍ മെമ്പര്‍മാരായി നിയമിക്കപ്പെടാന്‍ കേരളത്തിലെ അന്നത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ ഇപ്പോഴത്തെ സര്‍ക്കാരിനു സ്വീകാര്യമല്ലെന്നും അതിനാല്‍ ഈ നിയമനത്തിനു യോഗ്യതയുള്ളവരില്‍നിന്ന് വീണ്ടും അപേക്ഷ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് 2011 ജൂണ്‍ 15ന്് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നു". അദ്ദേഹം അവിടെയും നിര്‍ത്തിയില്ല.
2011 ജൂലൈ 20ന് നിയമസഭയില്‍ സുരേഷ്കുറുപ്പിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് "ട്രിബ്യൂണലിലെ ജുഡീഷ്യല്‍ മെമ്പര്‍മാരായി ജുഡീഷ്യറിയില്‍നിന്നുതന്നെ നിശ്ചയിക്കണമെന്നാണ് ഈ സര്‍ക്കാരിന്റെ ഉറച്ച കാഴ്ചപ്പാട്" എന്നാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഒട്ടേറെ ഗൗരവമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു. ഒന്നാമതായി ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ തുടര്‍ന്നു വരുന്ന സര്‍ക്കാരിനു ഒരു ബാധ്യതയുമില്ലേ? സര്‍ക്കാര്‍ എന്നത് ഒരു തുടര്‍പ്രക്രിയയാണ് എന്നാണ് മനസിലാക്കുന്നത.് ഒരു സര്‍ക്കാരിന്റെ കാലത്ത് നിയമവിരുദ്ധമായി എന്തെങ്കിലും തീരുമാനമെടുത്താല്‍ അത് റദ്ദാക്കാനും തിരുത്താനും തീര്‍ച്ചയായും പുതിയ സര്‍ക്കാരിനും അധികാരവും ചുമതലയുമുണ്ട്. ഈ വിഷയത്തിലാകട്ടെ ജുഡീഷ്യല്‍ മെമ്പര്‍മാരെ തെരഞ്ഞെടുത്തത് അന്നത്തെ സംസ്ഥാന സര്‍ക്കാരല്ല. കേന്ദ്രസര്‍ക്കാരിന്റെ ചട്ടപ്രകാരം രൂപീകരിച്ച ഹൈക്കോടതി ചീഫ്ജസ്റ്റിസും പബ്ലിക് സര്‍വീസ് കമീഷന്‍ ചെയര്‍മാനും ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റിയാണ്. രണ്ടാമത് പാര്‍ലമെന്റ് പാസാക്കിയ നിയമംതന്നെ ട്രിബ്യൂണലില്‍ ജുഡീഷ്യല്‍ മെമ്പര്‍മാരായി നിയമിക്കപ്പെടേണ്ടത് ഹൈക്കോടതി ജഡ്ജിയോ ഹൈക്കോടതി ജഡ്ജിയാവാന്‍ യോഗ്യതയുള്ളവരോ ആയിരിക്കണം എന്നും കൃത്യമായി പറയുമ്പോള്‍ ഈ വ്യവസ്ഥയെ തള്ളിപ്പറയാന്‍ ഏതെങ്കിലും സംസ്ഥാന മുഖ്യമന്ത്രിക്ക് അധികാരമുണ്ടോ? ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെടുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനപ്രകാരം ഒരു പ്രഗത്ഭനായ നിയമജ്ഞനെ വേണമെങ്കില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിത്തന്നെ നേരിട്ടു നിയമിക്കാവുന്നതാണ്.
ഒരു ഘട്ടത്തില്‍ പ്രഗത്ഭ നിയമജ്ഞനായ പല്‍ക്കിവാലയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നേരിട്ടു നിയമിക്കാനുള്ള ആലോചന നടന്നതാണ്. കാര്യങ്ങളിങ്ങനെയിരിക്കെ ട്രിബ്യൂണലില്‍ ജുഡീഷ്യല്‍ മെമ്പര്‍മാരായി നിയമിക്കാന്‍ അഭിഭാഷകരെ പരിഗണിച്ചുകൂടാ എന്ന മുഖ്യമന്ത്രിയുടെ ഈ നിലപാട് നഗ്നമായ നിയമലംഘനംമാത്രമല്ല കേരളത്തിലെ അഭിഭാഷക സമൂഹത്തെയാകെ അവഹേളിക്കലും അപമാനിക്കലുമാണ്. മൂന്നാമതായി ഹൈക്കോടതി ചീഫ് ജസ്റ്റിസും പിഎസ്സി ചെയര്‍മാനുമടക്കമുള്ള ഒരു സമിതി നടത്തിയ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത് ആദരണീയമായ ഈ സ്ഥാപനങ്ങളെ അപമാനിക്കലല്ലേ? ഒരു കാരണവും പറയാതെ ഇത്തരം ഉന്നതമായ ഭരണഘടനാ സ്ഥാപനങ്ങളെ സംസ്ഥാന മുഖ്യമന്ത്രിതന്നെ പരസ്യമായി അവഹേളിക്കുന്ന നടപടി ജനാധിപത്യസംവിധാനത്തെത്തന്നെ ദുര്‍ബലമാക്കുകയല്ലേ ചെയ്യുക? നാലാമതായി സംസ്ഥാന ഖജനാവില്‍നിന്ന് വലിയ സംഖ്യ ചെലവുവഴിച്ചുകൊണ്ടു ട്രിബ്യൂണല്‍ സ്ഥാപിക്കുകയും ചെയര്‍മാനെയും സ്റ്റാഫിനെയും നിശ്ചയിച്ചു വേതനം കൊടുക്കുകയും ചെയ്തതിനുശേഷം ട്രിബ്യൂണല്‍ പ്രവര്‍ത്തിക്കാതിരിക്കുന്ന നടപടി തികച്ചും നിരുത്തരവാദപരവും ജനങ്ങളോടു കാണിക്കുന്ന വഞ്ചനയുമാണ്. ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും സര്‍വീസ് കേസുകളില്‍ പെട്ടെന്നുതന്നെ തീരുമാനമുണ്ടാകുകയും ചെയ്യുമെന്ന് വര്‍ഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഒന്നടങ്കം മുഖ്യമന്ത്രിയുടെ ഈ നടപടി നിരാശയിലാക്കിയിരിക്കുന്നു.
ട്രിബ്യൂണല്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമാത്രമല്ല പൊതുജനങ്ങള്‍ക്കും ഏറെ പ്രയോജനകരമാണ്. ഹൈക്കോടതിയുടെ പ്രവര്‍ത്തനഭാരം ലഘൂകരിക്കുന്നതുകൊണ്ടുള്ള നേട്ടം ലഭിക്കുന്നത് ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ തീരുമാനം പ്രതീക്ഷിക്കുന്ന പൊതുജനങ്ങള്‍ക്കാണ്. ഇതെല്ലാം പരിഗണിച്ച് മുഖ്യമന്ത്രി തന്റെ പ്രഖ്യാപനം പിന്‍വലിച്ച് നിലവില്‍ നിര്‍ദേശിക്കപ്പെട്ട ജുഡീഷ്യല്‍ മെമ്പര്‍മാരെയും അഡ്മിനിസ്ട്രേറ്റീവ് മെമ്പര്‍മാരെയും അടിയന്തരമായി നിയമിക്കാനുള്ള നടപടി സ്വീകരിച്ച് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. (ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
*
അഡ്വ. ഇ കെ നാരായണന്‍ ദേശാഭിമാനി 03 ആഗസ്റ്റ് 2011
Wednesday, August 3, 2011
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സത്യവും മിഥ്യയും
Subscribe to:
Post Comments (Atom)
1 comment:
കേരളത്തില്‍ ഒരു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്ഥാപിക്കുക എന്നത് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ദീര്‍ഘകാല സ്വപ്നമായിരുന്നു. സര്‍ക്കാര്‍ സര്‍വീസുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ ഹൈക്കോടതിയാണ് കൈകാര്യംചെയ്യുന്നത്. വ്യത്യസ്ത വിഷയങ്ങളിലായി ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കേണ്ട കേസുകള്‍ ലക്ഷക്കണക്കിന് കെട്ടിക്കിടക്കുകയാണ്. സ്വാഭാവികമായും സര്‍വീസ് സംബന്ധിച്ചുള്ള കേസുകള്‍ പെട്ടെന്ന് തീര്‍പ്പുകല്‍പ്പിക്കേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മാത്രമല്ല പൊതുജനത്തിന്റെയാകെ ആവശ്യമാണ്. ഇത്തരം കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ കാലതാമസം വന്നാല്‍ അത് ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയെയാകെ ബാധിക്കും. ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് പാര്‍ലമെന്റ് തന്നെ മുന്‍കൈയെടുത്ത് 1985ല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യൂണല്‍ നിയമം പാസാക്കിയത്. ഏറെ വൈകിയാണെങ്കിലും 2010 ആഗസ്ത് 25ന് കേരള സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്ഥാപിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായി.
Post a Comment