"ജോലി തുടങ്ങിയ സമയത്തെ പ്രയാസങ്ങളൊന്നും ഇപ്പോഴില്ല. ആദ്യം എല്ലാം അറപ്പായിരുന്നു, വിഷമവും. റെയില്‍വേ ട്രാക്കില്‍ എല്ലാത്തരം അഴുക്കുകളും കാണേണ്ടിവന്നിട്ടുണ്ട്. ആദ്യസമയത്തെ പ്രയാസങ്ങളെല്ലാം മാറി. ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന് സന്തോഷത്തോടെ ജോലി ചെയ്യുന്നു."
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ക്ലീനിങ് തൊഴിലാളികളായ സിന്ധു സെബാസ്റ്റ്യനും രേണുകയും ബേബിയും അവരുടെ ജോലിയെക്കുറിച്ച് വാചാലരാവുകയാണ്. നാം കാണുമ്പോള്‍ മുഖം തിരിക്കുന്ന കാഴ്ചകളോട് ഇവര്‍ക്ക് മുഖം തിരിക്കാനാവില്ല. റെയില്‍വേയില്‍ ശുചീകരണത്തിനുള്ള കരാര്‍ ജോലി രണ്ടുവര്ഷത്തോടടുക്കുമ്പോള് ഈ മുഖങ്ങളില്‍ കാണുന്നത് ആത്മാര്‍ഥമായ സംതൃപ്തി. റെയില്‍വേ സ്റ്റേഷനുകളും പരിസരവും അടിച്ചുവൃത്തിയാക്കുന്നതിനൊപ്പം ട്രാക്കുകളുടെ ശുചീകരണവും നടത്തുന്ന കരാര്‍ തൊഴിലാളികളാണ് സിന്ധുവും രേണുകയും ബേബിയും. ഇന്ത്യയുടെ തെക്കേയറ്റംമുതല്‍ വടക്കേയറ്റംവരെ കിതച്ചോടുന്ന ട്രെയിനുകളിലെ കമ്പാര്‍ട്ടുമെന്റുകളും സ്റ്റേഷനുകളും ഓഫീസ്മുറികളും ട്രാക്കുകളും വൃത്തിയാക്കുന്ന ആയിരക്കണക്കിന് പേരില്‍ ഇവരുമുണ്ട്. മനുഷ്യരുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ മുതല്‍ ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങള്‍വരെ എടുത്തുമാറ്റാന്‍ നിയോഗിക്കപ്പെട്ടവര്‍ . ദിവസവും രണ്ടുഷിഫ്റ്റുകളിലായാണ് ഇവരുടെ ജോലി. രാവിലെ ഏഴുമുതല്‍ പകല്‍ മൂന്നുവരെ ആദ്യഷിഫ്ട്. പകല്‍ മൂന്നുമുതല്‍ രാവിലെ ഏഴുവരെ അടുത്ത ഷിഫ്ട്. കരാറുകാരന് നിയമിക്കുന്ന സൂപ്പര്‍വൈസര്‍ക്കും, റെയില്‍വേയുടെ ചീഫ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കുമാണ് ഇവരുടെ ജോലികളുടെ മേല്‍നോട്ടം. പകല്‍ ഷിഫ്ടിലാണ് കൂടുതല്‍ പേരുടെയും ജോലി. രാത്രി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ കൂടുമെങ്കിലും പലരും പകല്‍ ജോലിതന്നെ തെരഞ്ഞെടുക്കുന്നു.
സ്റ്റേഷന് ശുചീകരണത്തേക്കാള്‍ ദുഷ്കരമാണ് ട്രാക്ക് ശുചീകരണമെന്ന സിന്ധുവിന്റെ അഭിപ്രായത്തോട് സഹപ്രവര്‍ത്തകര്‍ക്കും എതിരഭിപ്രായമില്ല. ഇപ്പോള്‍ എല്ലാ ജോലികളുമായി പൊരുത്തപ്പെട്ടുവെന്ന് ഇവര്‍ പറയുന്നു. സ്റ്റേഷനുകളില്‍ മാലിന്യം തള്ളാന്‍ കൃത്യമായി പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മലയാളികളുള്‍പ്പെടെയുള്ള യാത്രക്കാരുടെ ശുചിത്വബോധം റെയില്‍വേ സ്റ്റേഷനും പരിസരങ്ങളും മാലിന്യക്കൂമ്പാരങ്ങളാക്കുന്നു. പരിസരശുചിത്വം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന പൊതുസമീപനം തന്നെയാണ് എവിടെയും. ഇതൊന്നും തങ്ങളുടെ ജോലിക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നാണ് ശുചീകരണത്തിന് മേല്‍നോട്ടം വഹിക്കുന്ന എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് ചീഫ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജുവിന്റെയും കരാറുകാരുടെ സൂപ്പര്‍വൈസറായ സീതാലക്ഷ്മിയുടെയും പ്രതികരണം. ഓരോരുത്തരും തങ്ങളുടെ ജോലികള്‍ കൃത്യമായി നിഷ്ഠയോടെ ചെയ്തുതീര്‍ക്കുന്നു. പ്രതിമാസം യാത്രക്കൂലി ഉള്‍പ്പെടെ 4000രൂപയാണ് ഇവരുടെ ശമ്പളം.
സ്റ്റേഷനുകളുടെ വലുപ്പമനുസരിച്ചാണ് ക്ലീനിങ് തൊഴിലാളികളുടെ എണ്ണം. തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള സ്റ്റേഷനുകളില്‍ എറണാകുളം സൗത്ത്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ സ്റ്റേഷനുകളിലാണ് ശുചീകരണത്തിന് കൂടുതല്‍ തൊഴിലാളികളുള്ളത്. എറണാകുളം സൗത്തില്‍ 49 പേരാണ് കരാര്‍ തൊഴിലാളികള്‍ . തിരുവനന്തപുരത്ത് ഇത് 60നടുത്ത്. മറ്റു സ്റ്റേഷനുകളില്‍ ഇത് 20ല്‍ താഴെയേ വരൂ. സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി റെയില്‍വേ കഴിഞ്ഞ രണ്ടുവര്‍ഷമായി ശുചീകരണ തൊഴിലാളികളെ സ്ഥിരമായി നിയമിക്കുന്നില്ല. നിലവിലുള്ള ജീവനക്കാര്‍ പിരിഞ്ഞുപോകുന്നതോടെ തസ്തിക ഇല്ലാതാകുന്നു. സ്ഥിരം ജീവനക്കാരെയാണ് ക്വാര്‍ട്ടേഴ്സ് ശുചീകരണത്തിനും മറ്റും നിയോഗിക്കുന്നത്. 2009 നവംബറിലാണ് റെയില്‍വേ കരാറടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലാളികളെ നിയമിക്കാന്‍ തുടങ്ങിയത്. രണ്ടുവര്‍ഷമാണ് കരാര്‍ കാലാവധി. ഓരോ സ്റ്റേഷനിലും ഓരോ കരാറുകാരാണ് ഇത് ഏറ്റെടുക്കുന്നത്.
*
ടി എന്‍ സീന ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്
Sunday, August 28, 2011
Subscribe to:
Post Comments (Atom)
1 comment:
"ജോലി തുടങ്ങിയ സമയത്തെ പ്രയാസങ്ങളൊന്നും ഇപ്പോഴില്ല. ആദ്യം എല്ലാം അറപ്പായിരുന്നു, വിഷമവും. റെയില്‍വേ ട്രാക്കില്‍ എല്ലാത്തരം അഴുക്കുകളും കാണേണ്ടിവന്നിട്ടുണ്ട്. ആദ്യസമയത്തെ പ്രയാസങ്ങളെല്ലാം മാറി. ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന് സന്തോഷത്തോടെ ജോലി ചെയ്യുന്നു."
Post a Comment