Tuesday, August 30, 2011

സ്വാശ്രയ പ്രവേശനവും കോടതി വിധികളും

കേരളത്തിലെ സ്വാശ്രയകോളജു പ്രവേശനം 'കുളം' ആക്കുന്നതില്‍ ഒരുപാടു കക്ഷികള്‍ക്കു പങ്കുണ്ട്. അതില്‍ അത്ഭുതമില്ല. എന്തെന്നാല്‍ ഓരോ 'കക്ഷി'ക്കും ഓരോ താല്‍പര്യമാണല്ലോ. മാനേജ്‌മെന്റുകള്‍ക്ക് പരമാവധി തുക പിരിഞ്ഞുകിട്ടണം. നല്ല മാര്‍ക്കും റാങ്കും നേടിയ വിദ്യാര്‍ഥികള്‍ക്ക് എല്ലാ സീറ്റും മെറിറ്റടിസ്ഥാനത്തില്‍ നിറയ്ക്കണം. കുറേ സീറ്റിലെങ്കിലും കുറഞ്ഞ ഫീസും ഏര്‍പ്പെടുത്തണം. മാര്‍ക്കു കുറവും കാശുകൂടുതലും ഉള്ള കുട്ടികള്‍ക്ക് (അവരുടെ രക്ഷിതാക്കള്‍ക്കും) ഫീസെത്രയായാലും സാരമില്ല, കുറെ സീറ്റെങ്കിലും ''മാനേജ്‌മെന്റ് ക്വാട്ട'' (പേരെന്തായാലും ശരി, സംഗതി മനസ്സിലായല്ലൊ) ആകണം. മാര്‍ക്കും കുറവ്, കാശും കുറവ് എന്നുള്ളവര്‍ക്ക് കുറേ സീറ്റെങ്കിലും ''പിന്നോക്ക''കാര്‍ക്ക് (സാമൂഹികമായാലും സാമ്പത്തികമായാലും) ആയി മാറ്റി വയ്ക്കണം. മാര്‍ക്കും കുറവ്, കാശും കുറവ്, പക്ഷേ 'സ്വാധീനം' (അത് പലവിധവുമാകാം) വേണ്ടത്ര ഉള്ളവര്‍ക്ക് ''വിളിച്ചു പറഞ്ഞാല്‍'' കിട്ടാവുന്ന കുറേ സീറ്റെങ്കിലും ഉണ്ടാകണം. സര്‍ക്കാരിനാണെങ്കില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തണം.

ഇങ്ങനെ വ്യത്യസ്ത നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഓരോരോ ദിക്കിലേയ്ക്കു വലിക്കുമ്പോള്‍ സാധാരണ ജനം പ്രതീക്ഷിക്കുക ഭരണഘടനയും നിയമവും അനുസരിച്ച് ന്യായമായ രീതിയില്‍ കാര്യങ്ങള്‍ നടത്താന്‍ കോടതികള്‍ തുണയാകണമെന്നാണല്ലോ. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ സംഗതി കുളമാക്കുന്നതില്‍ കോടതിവിധികള്‍ വഹിച്ച പങ്കും ഒട്ടും ചെറുതല്ല എന്നു പറയാതിരിക്കാന്‍ വയ്യാ. കോടതിവിധികള്‍ എന്നു പറയുമ്പോള്‍ വന്ന വിധികള്‍ പോലെതന്നെ പ്രസക്തമാണ് വരാത്ത വിധികളും. എന്തെന്നാല്‍ 2006 ലെ കേരള സ്വാശ്രയ നിയമത്തിലെ പ്രധാന വകുപ്പുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിയിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഇനിയും തീര്‍പ്പായിട്ടില്ല എന്നതാണ് കേരളത്തിലെ സ്വാശ്രയ കോളജു പ്രവേശനത്തിലെ അനിശ്ചിതാവസ്ഥയ്ക്കുള്ള മുഖ്യകാരണം എന്നതു മറക്കാന്‍ പാടില്ല. ഓരോ കൊല്ലവും പ്രവേശന സമയം അടുക്കുമ്പോള്‍ ആരെങ്കിലും കോടതിയില്‍ പോകും. സിംഗിള്‍ ബെഞ്ച്, ഡിവിഷന്‍ ബെഞ്ച്, പിന്നെ സുപ്രിം കോടതി അക്കൊല്ലത്തേക്കു തീരുമാനമായി. പിന്നെ അടുത്ത കൊല്ലം ഇതെല്ലാം ആവര്‍ത്തിക്കും. അടിസ്ഥാന സംഗതികളില്‍ തീരുമാനം ആകുന്നുമില്ല.

ഇക്കൊല്ലത്തെ കാര്യം തന്നെ നോക്കൂ.

ഇക്കൊല്ലം മെയ് മാസത്തില്‍ തന്നെ ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കു ചുമത്താവുന്ന ഫീസ് നിര്‍ണയിച്ചു പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞകൊല്ലം എല്ലാ കോളജുകള്‍ക്കും ഒരേ ഫീസ് നിര്‍ദേശിച്ചത് ഹൈക്കോടതി അസ്ഥിരപ്പെടുത്തിയിരുന്നു. സംഗതി ശരിയാണ്; സുപ്രിം കോടതിയുടെ ടി എം എ പൈ ഫൗണ്ടേഷന്‍ വിധി അനുസരിച്ച് ഓരോ കോളജിനും അവിടത്തെ യഥാര്‍ഥ ചെലവുകള്‍ കണക്കിലെടുത്ത് ഫീസ് നിര്‍ണയിക്കാനുള്ള അവകാശം ഉണ്ട്. അതുകൊണ്ട് ഇക്കൊല്ലം കമ്മിറ്റി വ്യത്യസ്ത കോളജുകളിലെ ചെലവ് പഠിച്ചശേഷം 2,54,000 രൂപ മുതല്‍ 2,72,000 രൂപ വരെയുള്ള വ്യത്യസ്ത നിരക്കുകള്‍ അനുവദിക്കയാണു ചെയ്തത്. അതിനെതിരെ മാനേജ്‌മെന്റുകള്‍ കോടതിയില്‍ പോയി. കഴിഞ്ഞവര്‍ഷം 4 ലക്ഷം പിരിച്ചെന്നും അതിനാല്‍ ഇക്കൊല്ലം അതിനേക്കാള്‍ കൂടുതല്‍ വേണമെന്നും ആയിരുന്നു അവരുടെ വാദം. കേസിന്റെ വിശദാംശങ്ങളിലേയ്ക്കു കടക്കാതെ താല്‍ക്കാലികമായി മൂന്നര ലക്ഷം രൂപ വച്ചു ഫീസ് പിരിക്കാന്‍ ഹൈക്കോടതി അനുവദിച്ചു. ഇസ്‌ലാമിക് അക്കാദമി വിധിപ്രകാരം ഉന്നതാധികാര സമിതി നിലവില്‍ വന്നകാലം മുതല്‍ ഓരോ വര്‍ഷവും ആവര്‍ത്തിക്കുന്നതാണ് ഈ പ്രക്രിയ. സമിതിക്ക് ഫീസ് നിര്‍ണയിക്കാന്‍ അധികാരമുണ്ടോ, ഉണ്ടെങ്കില്‍ അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ഖണ്ഡിതമായ ഒരു വിധി ഇനിയും ഉണ്ടായിട്ടില്ല.

അതുപോലെ തന്നെയാണ് മാനേജ്‌മെന്റുകള്‍ക്ക് സ്വന്തമായി പ്രവേശനപ്പരീക്ഷ നടത്താനുള്ള അവകാശത്തിന്റെ കാര്യവും. അതേപ്പറ്റി സുപ്രിം കോടതിയുടെ പതിനൊന്നംഗബഞ്ച് (TMA പൈ വിധി) പറഞ്ഞത് ഇപ്രകാരമായിരുന്നു: '...... മാനേജ്‌മെന്റ് സ്വയം നടത്തുന്നതോ സര്‍ക്കാരോ സര്‍വകലാശാലയോ നടത്തുന്നതോ ആയ പ്രവേശനപരീക്ഷ ജയിച്ച് ആ കോളജിലേയ്ക്കപേക്ഷിച്ചവര്‍ക്കായി ഒരു നിശ്ചിത ശതമാനം സീറ്റ് മാറ്റിവയ്ക്കാം. ബാക്കി സീറ്റ് പൊതു കൗണ്‍സിലിങ്ങിലൂടെ സര്‍ക്കാര്‍ ഏജന്‍സിക്കു നിറയ്ക്കുകയുമാവാം. ഇതു പാവപ്പെട്ടവരും പിന്നോക്കക്കാരുമായവരുടെ കാര്യം സംരക്ഷിക്കുകയും ചെയ്യും. ഇതിനുവേണ്ടിയുള്ള ശതമാനം പ്രാദേശികാവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് സര്‍ക്കാരിനു തീരുമാനിക്കാം....''

പക്ഷേ, ഇതനുസരിച്ച് ചില സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തിയപ്പോള്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ വീണ്ടും കോടതിയില്‍ പോയി. അതേത്തുടര്‍ന്നുവന്ന ഇനാംദാര്‍ വിധിയില്‍ (2005) ഇതൊക്കെ മാറ്റി മറിച്ചു. മേല്‍സൂചിപ്പിച്ച വിധിഭാഗം ഉഭയസമ്മത പ്രകാരമോ സമവായത്തിലോ എത്തിച്ചേരാവുന്ന ഒരു ഉദാഹരണം മാത്രമാണെന്നും ഇതു സര്‍ക്കാരിന് നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാവുന്നതല്ലെന്നുമായിരുന്നു ഏഴംഗബെഞ്ചിന്റെ വ്യാഖ്യാനം. പക്ഷേ അതേവിധിയില്‍ തന്നെ സ്വാശ്രയ കോളജുകളിലേയ്ക്കുള്ള മൊത്തം പ്രവേശനവും മെറിറ്റിന്റെ അടിസ്ഥാനത്തിലും സുതാര്യവും ചൂഷണ രഹിതവും ആയിരിക്കണം എന്നും ഊന്നിപ്പറഞ്ഞിട്ടുണ്ട് എന്നതും ഓര്‍ക്കേണ്ടതുണ്ട്. യോഗ്യത നിര്‍ണയിക്കാനായി ഒരേ വിധത്തിലുള്ള കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കു യോജിച്ചോ അല്ലെങ്കില്‍ സ്റ്റേറ്റിനു പൊതുവായോ പൊതുപ്രവേശന പരീക്ഷ നടത്താം എന്നും വിധിന്യായം പറയുന്നു. അങ്ങനെയുള്ള ഒരു ഏകജാലക പ്രവേശനം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ക്കു വിരുദ്ധമാവില്ല എന്നും വിധി എടുത്തുപറയുന്നുണ്ട്. തുടര്‍ന്ന്, ഏതെങ്കിലും സ്വകാര്യ സ്ഥാപനമോ സ്വകാര്യ സ്ഥാപനങ്ങളുടെ കൂട്ടമോ നടത്തുന്ന പ്രവേശന പരീക്ഷ (മേല്‍ സൂചിപ്പിച്ച) 'ത്രിഗുണ പരിശോധന' (യോഗ്യതാനുസൃതം, സുതാര്യം, ചൂഷണരഹിതം) പ്രകാരം തൃപ്തികരമല്ലെന്നു കണ്ടാല്‍ സര്‍ക്കാരിന് പരീക്ഷ ഏറ്റെടുക്കാവുന്നതാണെന്നും അതേവിധി വ്യക്തമാക്കുന്നുണ്ട്.

കേരളത്തില്‍ പല സ്വകാര്യ മാനേജുമെന്റുകളും നടത്തിയ പ്രവേശന പരീക്ഷകള്‍ പ്രഹസനമായിരുന്നെന്നും അമിതമായ ഫീസ് പിരിച്ചെന്നും ഉന്നതാധികാര സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 2006 ലെ നിയമത്തില്‍ പൊതുപ്രവേശന പരീക്ഷ (സ്റ്റേറ്റ് ഏജന്‍സി) നേരിട്ടു നടത്തും എന്നു വ്യവസ്ഥ ചെയ്തത്. പക്ഷേ ആ വ്യവസ്ഥ കേരളാ ഹൈക്കോടതി റദ്ദാക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വകാര്യ മാനേജ്‌മെന്റുകളുടെ കൂട്ടായ്മകളെ വേറിട്ട പ്രവേശന പരീക്ഷ നടത്താന്‍ കോടതി അനുവദിച്ചു. പക്ഷേ അത്തരം പരീക്ഷകള്‍ ന്യായയുക്തമായും സുതാര്യമായും നടക്കുന്നു എന്നുറപ്പുവരുത്താനുള്ള അധികാരവും ചുമതലയും ഉന്നതാധികാര സമിതിക്കുണ്ട് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല.

ആ സാഹചര്യത്തിലാണ് ഇക്കൊല്ലം കേരളാ പ്രൈവറ്റ് മെഡിക്കല്‍കോളജ് മാനേജ്‌മെന്റ് അസ്സോസിയേഷന്‍ സ്വന്തമായി നടത്തിയ പ്രവേശനപരീക്ഷ ഹൈക്കോടതി റദ്ദാക്കിയത്. എന്നിട്ട് സര്‍ക്കാര്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്കനുസരിച്ച് പ്രവേശനം നടത്താനും കോടതി പറഞ്ഞു. കോടതിയുടെ മുന്‍കാല ഉത്തരവുകള്‍ പ്രകാരം പരീക്ഷയുടെ ഓരോ ഘട്ടത്തിലും ഉന്നതാധികാര സമിതിയുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങിയിരിക്കണമായിരുന്നു. അപ്രകാരം ഉണ്ടായിട്ടില്ല എന്ന് ഉന്നതാധികാര സമിതിയുടെയും മാനേജ്‌മെന്റ് അസ്സോസിയേഷന്റെയും സത്യവാങ്മൂലങ്ങളില്‍ നിന്നു വ്യക്തമായ സാഹചര്യത്തിലാണ് ബഹു കേരള ഹൈക്കോടതി ഇപ്രകാരമൊരു ഉത്തരവു പുറപ്പെടുവിച്ചത്. മാത്രമല്ല മുന്‍ ഉത്തരവുകള്‍ ലംഘിച്ചതിന് മാനേജ്‌മെന്റുകള്‍ക്കു പിഴയിടുകയും സ്വന്തം ഉത്തരവാദിത്തം വേണ്ടവിധം നിറവേറാതിരുന്നതിന് ഉന്നതാധികാര സമിതിയെ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്തു കോടതി.

ഈ വിധി വാസ്തവത്തില്‍ വിദ്യാര്‍ഥി പ്രവേശനം സുതാര്യമായും ന്യായയുക്തമായും നടക്കണം എന്നു താല്‍പര്യപ്പെടുന്ന എല്ലാവരും സ്വാഗതം ചെയ്തു. എന്തെന്നാല്‍ വേണ്ടത്ര മേല്‍നോട്ടം ഇല്ലാതെ മാനേജ്‌മെന്റുകള്‍ക്ക് സ്വയം നടത്തുന്ന പരീക്ഷകളെപ്പറ്റി ആര്‍ക്കും വിശ്വാസമില്ല. അതുകൊണ്ടാണല്ലൊ ഈ പ്രക്രിയ മുഴുവന്‍ സൂപ്പര്‍വൈസ് ചെയ്യാനായി ഒരു ഉന്നതാധികാര സമിതി വേണമെന്ന് സുപ്രിം കോടതി തന്നെ നിഷ്‌ക്കര്‍ഷിച്ചത്. ഈ വിധി വന്നപ്പോള്‍ സര്‍ക്കാര്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയിലെ റാങ്കുലിസ്റ്റില്‍ ഇടം നേടിയവരെല്ലാം സന്തോഷിച്ചു. കുറെ ഫീസു കൂടുതല്‍ കൊടുത്താലും നേരായ മാര്‍ഗത്തിലൂടെ പ്രവേശനം കിട്ടുമല്ലൊ.

പക്ഷേ ഇതാ പത്തുദിവസത്തിനകം ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ട് സുപ്രിം കോടതിയുടെ വിധി വന്നിരിക്കുന്നു. മാനേജ്‌മെന്റു സ്വയം നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റനുസരിച്ച് പ്രവേശനം നടത്താന്‍ അവരെ സുപ്രിം കോടതി അനുവദിച്ചിരിക്കുന്നു. ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്യുന്നതും സുപ്രിം കോടതിയുടെ തന്നെ ചെറിയ ബെഞ്ചിന്റെ വിധിയെ വലിയ ബെഞ്ച് മാറികടക്കുന്നതും പുതിയ സംഗതിയൊന്നുമല്ല. പക്ഷേ ഇത്തരത്തിലുള്ള തകിടം മറിച്ചിലുകളാണ് സ്വാശ്രയ കോളജു പ്രവേശനത്തിലെ അനിശ്ചിതത്വം തുടരുന്നതിനു കാരണം എന്നു വ്യക്തമാണല്ലൊ. ഇപ്പോഴും ഇക്കാര്യത്തില്‍ അന്തിമവിധി ആയിട്ടില്ല; അടുത്തവര്‍ഷത്തെ പ്രവേശനത്തിനുമുമ്പ് ഖണ്ഡിതമായ മാര്‍ഗ നിര്‍ദേശം വരുമെന്ന് ഉറപ്പുമില്ല. ഏറ്റവും രസകരമായ സംഗതി ഇതെല്ലാം നടക്കുന്നത് വിദ്യാര്‍ഥി പ്രവേശനം ''സുതാര്യമായും യോഗ്യതാനുസൃതമായും ചൂഷണരഹിതമായും'' നടക്കണം എന്ന 'ത്രിഗുണ പരിശോധന'യുടെ പേരില്‍ ആണ് എന്നതാണ്.

എന്തിനാണ് സ്വന്തമായി പ്രവേശന പരീക്ഷ നടത്തണം എന്ന് മാനേജ്‌മെന്റുകള്‍ക്ക് ഇത്ര നിര്‍ബന്ധം? ഈ ചോദ്യം വളരെ പ്രസക്തമാണ്. ഏതു ക്വാട്ടയിലേയ്ക്കായാലും ആ വിഭാഗത്തിനകത്ത് യോഗ്യത അനുസരിച്ചേ പ്രവേശനം നടത്താനാവൂ എന്നുള്ള സുപ്രിം കോടതിവിധി മാനിക്കുന്നു എങ്കില്‍, ആ യോഗ്യത നിര്‍ണയിക്കാനായി സര്‍ക്കാര്‍ വളരെ കാര്യക്ഷമമായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഉപയോഗിക്കുന്നതിന് എന്താണു തടസ്സം? രണ്ടു കാരണം ഉണ്ടാകാം. മാനേജ്‌മെന്റുകളോട് അനുഭാവം ഉണ്ടെങ്കില്‍ പറയാവുന്ന കാരണം ഇതാണ്: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധനയനുസരിച്ച് എം ബി ബി എസ് പ്രവേശനത്തിന് പ്ലസ്ടു പരീക്ഷയില്‍ മാത്രമല്ല പ്രവേശന പരീക്ഷയിലും കുറഞ്ഞത് 50 ശതമാനം മാര്‍ക്കു കിട്ടിയിരിക്കണം. സര്‍ക്കാരിന്റെ പൊതുപ്രവേശന പരീക്ഷയില്‍ 50% മാര്‍ക്ക് കിട്ടിയവരുടെ എണ്ണം പരിമിതമാണ്. അവരുടെ കൂട്ടത്തില്‍ മാനേജ്‌മെന്റ് ആവശ്യപ്പെടുന്ന ഉയര്‍ന്ന ഫീസ് കൊടുക്കാന്‍ ശേഷിയുള്ളവര്‍ അധികമൊന്നും ഉണ്ടാവില്ല. അവരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നു വന്നാല്‍ പാതിയിലേറെ മാനേജ്‌മെന്റ് സീറ്റും ഒഴിഞ്ഞു കിടക്കും. അതേസമയം എത്ര ഫീസുവേണമെങ്കിലും കൊടുക്കാന്‍ തയ്യാറായി പണച്ചാക്കുമായി ആളുകള്‍ ക്യൂ നില്‍ക്കുകയാണ്; പക്ഷേ അവര്‍ക്ക് മിനിമം യോഗ്യത ഇല്ല! ഈ പ്രതിസന്ധി തരണം ചെയ്യാനാണ് സ്വന്തമായി പരീക്ഷ നടത്താന്‍ മാനേജ്‌മെന്റിനു നിര്‍ബന്ധം. സ്വന്തം പരീക്ഷയും സ്വയം മാര്‍ക്കിടലുമാകുമ്പോള്‍ നിലവാരമൊക്കെ ''അഡ്ജസ്റ്റ്''ചെയ്ത് വേണ്ടപ്പെട്ടവരെയൊക്കെ 50 ശതമാനത്തിനു മുകളില്‍ കയറ്റാന്‍ പറ്റുമല്ലോ.

രണ്ടാമത്തെ വ്യാഖ്യാനം മാനേജ്‌മെന്റുകളോട് ഒട്ടും അനുഭാവം ഇല്ലാത്തവരുടേതാണ്. മാനേജ്‌മെന്റ് സീറ്റൊക്കെ ആദ്യമേ തന്നെ ലേലം ചെയ്തു വിറ്റിട്ടുണ്ടാകും. അവരെ റാങ്കുലിസ്റ്റിന്റെ തലപ്പത്തു കൊണ്ടുവരണമെങ്കില്‍ സ്വന്തം പരീക്ഷ നടത്തിയേ മതിയാവൂ. രണ്ടായാലും ഒരു കാര്യം ഉറപ്പ്: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിശ്ചയിച്ച മിനിമം യോഗ്യത ഇല്ലാത്തവരെ പ്രവേശിപ്പിക്കാനാണ് സ്വയം പരീക്ഷ നടത്തണമെന്ന് സ്വാശ്രയ മാനേജ്‌മെന്റുകാര്‍ വാശിപിടിക്കുന്നത്. ഭാവിയില്‍ നമ്മുടെയൊക്കെ ജീവന്‍ കൈകാര്യം ചെയ്യേണ്ട ഡോക്ടര്‍മാരെ തിരഞ്ഞെടുത്തു പരിശീലിപ്പിക്കാനാണ് ഈ കളി എന്നത് നമ്മെ ഭയപ്പെടുത്തേണ്ടതല്ലേ? പക്ഷേ അതിനു പകരം സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിലും മാനേജ്‌മെന്റുകള്‍ക്ക് നഷ്ടം സംഭവിക്കാതിരിക്കുന്നതിലും ഒക്കെയാണ് മാധ്യമങ്ങളുടെപോലും ഉത്കണ്ഠ!

അറിഞ്ഞുകൊണ്ടല്ലെങ്കിലും കോടതി വിധികളും അതിനു നിമിത്തമാകുന്നു എന്നത് ദൗര്‍ഭാഗ്യകരം തന്നെ.

*****

ദൃഷ്ടി/ആര്‍ വി ജി മേനോന്‍, കടപ്പാട്:ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...