Tuesday, February 7, 2012

സോഷ്യലിസത്തിലേക്ക് തനതുപാത

സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റത്തിന് ഏതെങ്കിലും രാജ്യത്തെ വിപ്ലവമാതൃക അതേപടി അനുകരിക്കില്ലെന്നും ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് തന്ത്രങ്ങളും പരിപാടിയും ആവിഷ്കരിക്കുമെന്നും സിപിഐ എം കരട് പ്രത്യയശാസ്ത്ര പ്രമേയത്തില്‍ വ്യക്തമാക്കി. മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ , ഇന്ത്യയിലെ മൂര്‍ത്തമായ സാഹചര്യത്തിനനുസരിച്ച് ജനങ്ങളെ സംഘടിപ്പിക്കാനും ലക്ഷ്യം നേടാനും സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലുംനിന്നുള്ള പാഠം ഉള്‍ക്കൊള്ളുമെന്നും കരട് പ്രമേത്തില്‍ പറയുന്നു. ഏപ്രില്‍ നാലുമുതല്‍ ഒമ്പതുവരെ കോഴിക്കോട്ട് നടക്കുന്ന 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിലെ വിശദാംശങ്ങള്‍ പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട് തുടങ്ങിയവര്‍ സന്നിഹിതരായി.

ഇന്ത്യയില്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള ചേരിതിരിവുകള്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സ്വത്വരാഷ്ട്രീയം വര്‍ഗാടിസ്ഥാനത്തിലുള്ള ജനകീയ മുന്നേറ്റങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നു. ഇതിനെ പാര്‍ടി അംഗീകരിക്കുന്നില്ല. വര്‍ഗീയതയ്ക്കെതിരായ പോരാട്ടം ശക്തമാക്കണം. ലിംഗഅസമത്വത്തിനെതിരായ പോരാട്ടവും മുന്‍നിരയില്‍നിന്ന് നടത്തണം. സാമൂഹ്യവും സാമ്പത്തികവുമായ തുല്യതയ്ക്കുവേണ്ടിയുള്ള പ്രക്ഷോഭം ഒറ്റക്കെട്ടായാണ് കൊണ്ടുപോകേണ്ടതെന്നും രേഖ വ്യക്തമാക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട എല്ലാ ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് വര്‍ഗബന്ധങ്ങളില്‍ മാറ്റംവരുത്തുമെന്നും അതുവഴി ജനകീയ ജനാധിപത്യം സ്ഥാപിക്കുമെന്നും രേഖ വ്യക്തമാക്കുന്നു. മാര്‍ക്സിസം അടഞ്ഞ സൈദ്ധാന്തിക വ്യവസ്ഥയല്ല; തുടര്‍ച്ചയായ സൈദ്ധാന്തിക സമ്പുഷ്ടീകരണത്തിന് വിധേയമാകുന്ന പ്രക്രിയയാണ് മാര്‍ക്സിസത്തിന്റേത്. പരിഷ്കാരങ്ങള്‍ വഴി മുതലാളിത്തത്തിന് "മാനുഷികമുഖം" നല്‍കാനെന്ന പേരില്‍ സോഷ്യല്‍ ഡമോക്രാറ്റുകള്‍ പ്രചരിപ്പിക്കുന്ന ആശയങ്ങളെ പാര്‍ടി അംഗീകരിക്കുന്നില്ല. ധനമൂലധനത്തിന്റെ കടന്നാക്രമണം ബഹുഭൂരിപക്ഷത്തിന്റെയും ക്രയശേഷി വല്ലാതെ ചോര്‍ത്തിക്കളയുകയാണ്. ഇതുമൂലം ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുകയും ഫലത്തില്‍ ഇത് മുതലാളിത്തത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ആഗോളവല്‍ക്കരണത്തില്‍ ഇത്തരം പ്രതിസന്ധികള്‍ ആവര്‍ത്തിക്കുന്നു. വികസനപന്ഥാവില്‍ ഒരു മുതലാളിത്ത രാജ്യത്തിനും കഴിയാത്തത്ര ഉയരത്തിലെത്താന്‍ ചൈനയ്ക്ക് കഴിഞ്ഞു. ചൈനീസ് മാതൃകയില്‍ ഗുണത്തോടൊപ്പം ദോഷങ്ങളുമുണ്ട്. പലതരത്തിലുള്ള അസമത്വങ്ങളും വളരുന്നു. അവയെ എങ്ങനെയാണ് നേരിടുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാകും ചൈനയുടെ ഭാവി.

നവ ഉദാരആഗോളവല്‍ക്കരണത്തിനെതിരെ ശക്തമായ ബദല്‍ ഉയര്‍ത്തിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് പരിപാടികള്‍ ആസൂത്രണംചെയ്യുമെന്ന് കരട് പ്രമേയത്തില്‍ പറഞ്ഞു. സാമ്രാജ്യത്വത്തിനും നവ കൊളോണിയല്‍ നയങ്ങള്‍ക്കുമെതിരായ ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്നാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷ-പുരോഗമന ജനകീയ സര്‍ക്കാരുകള്‍ ഉണ്ടായത്. വെനസ്വേലയിലും ഇക്വഡോറിലും ബൊളീവിയയിലും സാമ്പത്തിക-സാമൂഹ്യ മേഖലകളില്‍ സര്‍ക്കാര്‍ പ്രധാന പങ്കുവഹിക്കുകയാണ്. ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചതും ജലം, വൈദ്യുതി തുടങ്ങിയ സുപ്രധാന മേഖലകളെല്ലാം ഏറ്റെടുത്തതും ഈ സര്‍ക്കാരുകളുടെ പ്രതിബദ്ധത ജനങ്ങളോടാണെന്നു തെളിയിക്കുന്നു. സ്വന്തം ജനങ്ങളെയും മറ്റു സര്‍ക്കാരുകളെയും നവകൊളോണിയലിസത്തിനെതിരെ അണിനിരക്കാന്‍ ഇവ പ്രേരിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ജനകീയ സര്‍ക്കാരുകള്‍ ഉയര്‍ന്നുവന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും നടപ്പാക്കുന്ന പരിപാടികളും സമരങ്ങളും പഠിച്ച് അവയിലെ നന്മകളെ ഉള്‍ക്കൊള്ളാനാകണം-പ്രമേയത്തില്‍ പറഞ്ഞു.

വിപ്ലവമുന്നേറ്റത്തിന് 5 നിര്‍ദേശങ്ങള്‍

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വിപ്ലവമുന്നേറ്റം ശക്തിപ്പെടുത്താന്‍ വര്‍ഗസമരത്തിന് മൂര്‍ച്ചയേകുംവിധം ജനകീയ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങണമെന്ന് കരട് പ്രത്യയശാസ്ത്ര പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് മുഖ്യമായും അഞ്ചു കാര്യങ്ങളാണ് പ്രമേയത്തില്‍ പറയുന്നത്.

1. പാര്‍ലമെന്ററി- പാര്‍ലമെന്റേതര പോരാട്ടങ്ങളെ യോജിപ്പിക്കുക. ഇത്തരത്തില്‍ ബൂര്‍ഷ്വാ- ഭൂപ്രഭു ക്രമത്തിന് ബദല്‍ കെട്ടിപ്പടുക്കുന്നതിന് ശക്തമായ പ്രസ്ഥാനം വികസിപ്പിക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ വ്യതിയാനങ്ങള്‍ക്ക് വഴിപ്പെടാതിരിക്കേണ്ടതുമുണ്ട്. പാര്‍ലമെന്റേതര പോരാട്ടങ്ങളെ അവഗണിക്കുകയോ പാര്‍ലമെന്ററി വേദികളിലെ പ്രവര്‍ത്തനങ്ങളെ കുറച്ചുകാണുകയോ ചെയ്യരുത്.

2. തൊഴിലാളിവര്‍ഗ ഐക്യം ശക്തിപ്പെടുത്തുകയും ക്രിയാത്മകമായ തൊഴിലാളി-കര്‍ഷക സഖ്യം കെട്ടിപ്പടുക്കുന്നതിലേക്ക് നീങ്ങുകയും വേണം.

3. സ്വത്വരാഷ്ട്രീയവും വിദേശസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതരസംഘടനകളുടെ പ്രവര്‍ത്തനങ്ങളും സൃഷ്ടിക്കുന്ന വെല്ലുവിളികളെ മറികടക്കണം. പ്രത്യേകിച്ച്, ജാതിയെ ആധാരമാക്കിയുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ സ്വത്വരാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളികളെ. സമൂഹത്തില്‍ വര്‍ഗപരമായ ചൂഷണത്തോടൊപ്പംതന്നെ സാമൂഹികമായ അടിച്ചമര്‍ത്തലുമുണ്ട്. രാജ്യത്ത് മുതലാളിത്ത-അര്‍ധഫ്യൂഡല്‍ വര്‍ഗചൂഷണത്തൊടൊപ്പം ജാതി, വംശം, ലിംഗം എന്നിവയെ ആധാരമാക്കി വിവിധ രൂപത്തിലുള്ള സാമൂഹികചൂഷണവുമുണ്ട്. ഈ രണ്ടുതരത്തിലുമുള്ള ചൂഷണത്തിനും അടിച്ചമര്‍ത്തലിനും എതിരെ പോരാട്ടം ഉയര്‍ത്തേണ്ടതുണ്ട്.

4. വര്‍ഗീയതയ്ക്കെതിരായ പോരാട്ടം തീവ്രമാക്കണം. വര്‍ഗ-സാമൂഹിക ചൂഷണത്തിന്റെ പശ്ചാത്തലത്തില്‍തന്നെ വേണം വര്‍ഗീയതയ്ക്കെതിരെയും മറ്റെല്ലാ രൂപത്തിലുമുള്ള മതമൗലികവാദത്തിനെതിരെയും ഉയര്‍ത്തേണ്ട പോരാട്ടത്തെ നോക്കി കാണേണ്ടത്. ആധുനിക ഇന്ത്യയുടെ മതനിരപേക്ഷ-ജനാധിപത്യ അടിത്തറ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്നതോടൊപ്പം തൊഴിലാളിവര്‍ഗത്തിന്റെയും ചൂഷിത ജനവിഭാഗങ്ങളുടെയും ഐക്യത്തെയും വര്‍ഗീയശക്തികള്‍ ദുര്‍ബലപ്പെടുത്തുന്നു. വര്‍ഗീയതയെ പരാജയപ്പെടുത്തുന്നതിന് ദൃഢമായ പോരാട്ടമില്ലെങ്കില്‍ രാജ്യത്ത് വിപ്ലവമുന്നേറ്റം സാധ്യമാകില്ല.

5. ലിംഗപരമായ അസമത്വത്തിനും അതിന്റെ എല്ലാ രൂപത്തിലുമുള്ള അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പോരാട്ടം ശക്തിപ്പെടുത്തണം. പ്രാദേശിക-വംശീയ സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്ന പുത്തന്‍ മുന്നേറ്റങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇത്തരം മൂര്‍ത്ത വെല്ലുവിളികളെ എതിരിട്ടും മറികടന്നും വേണം വിപ്ലവദൗത്യവുമായി മുന്നോട്ടുപോകേണ്ടത്. ഇന്ത്യന്‍ ജനങ്ങളിലെ എല്ലാ ചൂഷിതവിഭാഗങ്ങളെയും സംഘടിപ്പിച്ച് വര്‍ഗശക്തികളുടെ നിലവിലുള്ള പരസ്പരബന്ധത്തില്‍ മാറ്റം വരുത്തണം.

ജനകീയജനാധിപത്യത്തിന്റെ സ്ഥാപനത്തിനായി വിപ്ലവമുന്നേറ്റം സജീവമാക്കുകയും അതിന്റെ അടിത്തറയില്‍ മാനവ വിമോചനത്തിന്റെ ഏക ഉപാധിയായ സോഷ്യലിസം യാഥാര്‍ഥ്യമാക്കുകയും വേണം- കരടുപ്രമേയത്തില്‍ പറഞ്ഞു.

മാനവവിമോചനം സോഷ്യലിസത്തിലൂടെ മാത്രം

മാനവരാശിയുടെ പൂര്‍ണമായ വിമോചനത്തിനും വികാസത്തിനും പുരോഗതിക്കും തടസ്സം സാമ്രാജ്യത്വവും ആഗോള ആധിപത്യത്തിനുള്ള അവരുടെ നീക്കങ്ങളുമാണെന്ന് സിപിഐ എം കരട് പ്രത്യയശാസ്ത്രപ്രമേയത്തില്‍ വ്യക്തമാക്കി. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനുകീഴിലുള്ള ലോകസാഹചര്യത്തെ വിശകലനംചെയ്താണ് ഈയൊരു നിലപാടില്‍ സിപിഐ എം എത്തിച്ചേരുന്നത്.

സാമ്രാജ്യത്വ ആഗോളവല്‍ക്കരണം വളരെ വേഗത്തിലുള്ള വലിയ മാറ്റങ്ങളാണ് ലോകത്തില്‍ വരുത്തുന്നത്. ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും പ്രത്യയശാസ്ത്ര പ്രശ്നങ്ങളും മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് രീതിയില്‍ വിശകലനം ചെയ്ത് വിപ്ലവദൃഢത ശക്തിപ്പെടുത്തേണ്ടത് പാര്‍ടിക്ക് അനിവാര്യമാണ്. മാനവവിമോചനം ലക്ഷ്യമിട്ടുള്ള വര്‍ഗപോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുകയെന്ന ഏകലക്ഷ്യത്തോടെയാണിത്. ശീതയുദ്ധം അവസാനിച്ചശേഷമുള്ള കഴിഞ്ഞ രണ്ടുദശകങ്ങളില്‍ സാമ്രാജ്യത്വത്തിന് അനുകൂലമായി അന്താരാഷ്ട്ര ശാക്തിക ബലാബലം മാറി. പ്രത്യേകിച്ച് സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും വിഘടനത്തിനുശേഷം സാമ്രാജ്യത്വം അവരുടെ അധിനിവേശം എല്ലാതലങ്ങളിലേക്കും വ്യാപിപ്പിച്ചു. ആഗോള ആധിപത്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവും സാംസ്കാരികവും ആശയപരവുമായ അധിനിവേശശ്രമങ്ങളാണ് സാമ്രാജ്യത്വം അഴിച്ചുവിടുന്നത്.

അന്താരാഷ്ട്ര ധനമൂലധനത്തിന്റെ കടന്നുവരവും അതേത്തുടര്‍ന്നുണ്ടായ മൂലധനത്തിന്റെ ഉയര്‍ന്ന തോതിലുള്ള കുന്നുകൂടലും ലോക സാമ്പത്തികക്രമത്തില്‍ പുതിയൊരു അഴിച്ചുപണിക്ക് ഇടയാക്കി. മുതലാളിത്തത്തിന്റെ നിലനില്‍പ്പിനുതന്നെ ആധാരമായ ലാഭവര്‍ധനയ്ക്ക് കൂടുതല്‍ അനുകൂലസാഹചര്യം ഒരുക്കുന്നവിധത്തിലായിരുന്നു അഴിച്ചുപണി. എല്ലാ ലോകരാജ്യങ്ങളെയും തങ്ങളുടെ നീര്‍ച്ചുഴിയിലേക്ക് നയിച്ച് സുഗമമായ മൂലധനമൊഴുക്കിനായി നിയന്ത്രണങ്ങള്‍ നീക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ് സാമ്രാജ്യത്വ ആഗോളവല്‍ക്കരണം. അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ഭാഗമായ ശാസനകളുടെ മറവിലാണ് പരമാവധി ലാഭം ലക്ഷ്യമിട്ട്നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നത്. ധന ഉദാരവല്‍ക്കരണം, വ്യാപാര ഉദാരവല്‍ക്കരണത്തിന്റെ മറവില്‍ സ്വതന്ത്രരാഷ്ട്രങ്ങളുടെ വിപണി തുറക്കല്‍ , പൊതുസ്വത്തുക്കളുടെ സ്വകാര്യവല്‍ക്കരണം, പൊതു അവശ്യവസ്തുക്കളും (ജലം, വൈദ്യുതി, ശുചിത്വ- നഗരസൗകര്യങ്ങള്‍) സേവനങ്ങളും (വിദ്യാഭ്യാസം, ആരോഗ്യം) ലാഭം കൊയ്യാനുള്ള മേഖലകളാക്കി മാറ്റുക എന്നിങ്ങനെ സാമ്പത്തിക പാക്കേജിനും സാമ്രാജ്യത്വം രൂപംനല്‍കും. നവ ഉദാരവല്‍ക്കരണത്തിന്റെ ആശയാടിത്തറയില്‍നിന്നുകൊണ്ടാണ് ഇത്തരം പരിഷ്കാരങ്ങള്‍ .

അന്താരാഷ്ട്ര ധനമൂലധനത്തിന്റെ നേതൃത്വത്തിലുള്ള ഈ വമ്പന്‍ പരിഷ്കാരപ്രക്രിയ ലോകജനസംഖ്യയിലെ ബഹുഭൂരിഭാഗത്തിനും മുമ്പൊരിക്കലുമില്ലാത്ത ഭാരം അടിച്ചേല്‍പ്പിക്കുകയും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ ആഴത്തിലുള്ള മറ്റു പ്രതിസന്ധികള്‍ക്ക് വിത്ത് പാകുകയാണ്. വായ്പപ്രതിസന്ധി സൃഷ്ടിച്ച ആഗോള സാമ്പത്തികമാന്ദ്യം മറികടക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് വന്‍ സാമ്പത്തികസഹായം നല്‍കി. എന്നാലിത് ഖജനാവ് ശുഷ്കമാക്കി. സാമൂഹ്യമേഖലയിലെ ചെലവുകള്‍ വെട്ടിക്കുറച്ച് പ്രതിസന്ധി മറികടക്കാനായി പിന്നീട് ശ്രമം. ഈ ചെലവുചുരുക്കല്‍ നടപടികള്‍ സാധാരണജനങ്ങള്‍ക്ക് കനത്ത ആഘാതമായി. ഇത് ജനങ്ങളുടെ വാങ്ങല്‍ശേഷി കുറയ്ക്കുകയും ഇരട്ട ആഗോളമാന്ദ്യത്തിന് വഴിവച്ചിരിക്കുകയുമാണ്. സോഷ്യലിസത്തിന്റെ സ്ഥാപനത്തോടെമാത്രമേ ഇത്തരം ചൂഷണങ്ങളില്‍നിന്ന് മാനവികതയുടെ പൂര്‍ണവും യഥാര്‍ഥവുമായ മോചനം സാധ്യമാകൂ എന്ന മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് സ്ഥിരീകരിക്കുന്നതാണ് ഇപ്പോഴത്തെ ആഗോള സംഭവവികാസങ്ങള്‍ - കരടുപ്രമേയം ചൂണ്ടിക്കാട്ടി.
(എം പ്രശാന്ത്)

സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളികളേറെ

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി വളരുന്ന ചൈന നേരിടുന്ന ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവിടത്തെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ടി ശ്രമിക്കുന്നുണ്ടെന്ന് സിപിഐ എം കരട് പ്രത്യയശാസ്ത്ര രേഖ. ഉയര്‍ന്നുവരുന്ന അസമത്വവും അഴിമതിയുമടക്കമുള്ള പ്രശ്നങ്ങളെ എങ്ങനെ വിജയകരമായി നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും ചൈനയുടെ ഭാവിയെന്നും കരട്രേഖ അഭിപ്രായപ്പെടുന്നു. ഏറെ പിന്നോക്കംനിന്ന അവസ്ഥയില്‍നിന്ന് വന്‍ പുരോഗതിയാണ് ചൈന ഉണ്ടാക്കിയത്. ഇതേസമയംതന്നെയാണ് സോഷ്യലിസ്റ്റ് ആശയഗതികള്‍ക്ക് നിരക്കാത്ത തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായത്. നിലവിലുള്ള വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചൈനയിലെ സോഷ്യലിസത്തിന് ഭീഷണിയാണെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിതന്നെ വിലയിരുത്തുന്നുണ്ട്. ചൈന സോഷ്യലിസത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ് എത്തിയിട്ടുള്ളതെന്നും ചൈനീസ് പാര്‍ടി കാണുന്നു.

ചൈനയിലെ പരിഷ്കാരങ്ങള്‍ ഗുണകരമായ ഒട്ടേറെ ഫലങ്ങളുണ്ടാക്കി. സമ്പദ്വ്യവസ്ഥ മൂന്നു വ്യാഴവട്ടമായി പ്രതിവര്‍ഷം ശരാശരി പത്ത് ശതമാനത്തിനടുത്ത് വളര്‍ച്ച നേടുന്നു. 33 വര്‍ഷത്തെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി ചൈനയുടെ സാമ്പത്തികശേഷി 16 മടങ്ങാണ് വര്‍ധിച്ചത്. ആളോഹരി വരുമാനം ലോകശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 24.9 (2005) ശതമാനത്തില്‍നിന്ന് 46.8 (2010) ശതമാനമായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. പരിഷ്കരണങ്ങളുടെ രണ്ടാംഘട്ടമായി ചൈന ശ്രദ്ധിച്ചത് ഗ്രാമീണമേഖലയാണ്. 2006ല്‍ കാര്‍ഷികമേഖലയിലെ നികുതി ഒഴിവാക്കാനും ധാന്യവില സബ്സിഡി ഉയര്‍ത്താനും തീരുമാനിച്ചു. ഗ്രാമീണ ജനതയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ മുതല്‍മുടക്കാനും തീരുമാനിച്ചിരുന്നു. വരുമാനത്തിലെ വന്‍തോതിലുള്ള അസമത്വം 2002ല്‍ സിപിഐ എം ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്ക ഒഴിച്ചാല്‍ മറ്റേത് രാജ്യത്തുള്ളതിനേക്കാള്‍ ശതകോടീശ്വരന്മാര്‍ ചൈനയിലുണ്ട്. 2010ല്‍ 11 മാസത്തിനിടെ 1,19,000 അഴിമതി കേസ് ചൈനയില്‍ രജിസ്റ്റര്‍ചെയ്തു. 2009ല്‍ ഇത് 1,15,000 ആയിരുന്നു. വ്യവസായികള്‍ക്കും സംരംഭകര്‍ക്കും പാര്‍ടി അംഗത്വം നല്‍കാന്‍ തീരുമാനിച്ചതുവഴി പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായി തീരുമാനമെടുക്കുന്നതില്‍ സമ്മര്‍ദം നേരിടുന്നു.
പുതിയ ലോകസാഹചര്യങ്ങളെയും പുതുതായി ഉയര്‍ന്നുവരുന്ന പ്രതിസന്ധികളെയും നേരിടാനാവശ്യമായ ശക്തി നേടുന്നതിന് വിയറ്റ്നാമും ക്യൂബയും വടക്കന്‍ കൊറിയയും സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുകയാണ്. ചൈനയില്‍ കണ്ടതുപോലെ പരിഷ്കാരങ്ങളുടെ ഭാഗമായി ഒട്ടേറെ പ്രശ്നങ്ങളും ഉയര്‍ന്നു വരുന്നു. അവയെ ഈ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ എങ്ങനെ നേരിടുന്നുവെന്നതാണ് സോഷ്യലിസ്റ്റ് ചേരിയുടെതന്നെ ഭാവി തീരുമാനിക്കുന്നതെന്ന് രേഖ വ്യക്തമാക്കുന്നു.

സ്വത്വരാഷ്ട്രീയം വര്‍ഗസമരത്തെ പിന്നോട്ടടിപ്പിക്കും

സ്വത്വരാഷ്ട്രീയം അടിസ്ഥാനവര്‍ഗത്തിന്റെ പോരാട്ടങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതാണെന്ന് സിപിഐ എം കരട് പ്രത്യയശാസ്ത്രപ്രമേയം വിലയിരുത്തി. ജാതിയുടെ അടിസ്ഥാനത്തിലുള്ള സ്വത്വരാഷ്ട്രീയം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇന്ത്യയില്‍ വര്‍ഗാടിസ്ഥാനത്തിലുള്ള അടിമത്തത്തോടൊപ്പം ജാതിയുടെയും വംശത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള അവഗണനയും അവജ്ഞയും തുടര്‍ന്നുവരുന്നു. ഭരണവര്‍ഗം എല്ലാകാലത്തും ജാതിയുടെയും വംശത്തിന്റെയും മറ്റും പേരിലുള്ള സ്വത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ച് മുതലെടുപ്പ് നടത്തി അവരുടെ മേധാവിത്വം നിലനിര്‍ത്താനാണ് ശ്രമിച്ചുപോന്നത്. സോവിയറ്റ് യൂണിയനെ തകര്‍ക്കുന്നതിന് സ്വത്വരാഷ്ട്രീയത്തെ ഉപയോഗിച്ചു. ഇന്ത്യയെ വിഭജിച്ച് ഭരിക്കുന്നതിന് മതപരമായ സ്വത്വത്തെയാണ് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചത്. സാമ്പത്തിക അടിമത്തത്തിനെതിരെയും സാമൂഹ്യതുല്യതയ്ക്കുവേണ്ടിയുമുള്ള പ്രക്ഷോഭങ്ങള്‍ ഒരേസമയം നടത്തണമെന്നാണ് പാര്‍ടി കാണുന്നത്. വര്‍ത്തമാനകാല സാഹചര്യത്തില്‍ വര്‍ഗഐക്യത്തെ തകര്‍ക്കാനാണ് ബൂര്‍ഷ്വാസി സ്വത്വരാഷ്ട്രീയത്തെ ഉപയോഗിക്കുന്നത്. എന്‍ജിഒകളെയും മറ്റും ഉപയോഗിച്ച് സ്വത്വരാഷ്ട്രീയപ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ച് ജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നതെന്നും കരട് പ്രത്യയശാസ്ത്രപ്രമേയം വിലയിരുത്തുന്നു.

സിപിഐ എമ്മിന്റേത് ഇന്ത്യന്‍ പാത: യെച്ചൂരി

ചൈനയടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും സാമ്രാജ്യത്വത്തിന് ബദല്‍ ഉയര്‍ത്തുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും അനുഭവപാഠങ്ങള്‍ വിലയിരുത്തുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ വിപ്ലവപാതയാകും സിപിഐ എം സ്വീകരിക്കുകയെന്ന് പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. മാര്‍ക്സിസം കാലഹരണപ്പെട്ടെന്ന പ്രചാരണത്തിന് അന്ത്യമായെന്ന് യെച്ചൂരി പറഞ്ഞു. ഇത്തരം പ്രചാരണങ്ങളെ ആശയപരമായി ചെറുത്തുതോല്‍പ്പിക്കണം. അതിന് അനുകൂലമായ സാഹചര്യമാണ് ആഗോളതലത്തില്‍ നിലനില്‍ക്കുന്നത്. വലിയ കുഴപ്പത്തിലാണ് മുതലാളിത്തവും സാമ്രാജ്യത്വവും എത്തിപ്പെട്ടിരിക്കുന്നത്- യെച്ചൂരി ചൂണ്ടിക്കാട്ടി.

*
കടപ്പാട്: ദേശാഭിമാനി 07 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റത്തിന് ഏതെങ്കിലും രാജ്യത്തെ വിപ്ലവമാതൃക അതേപടി അനുകരിക്കില്ലെന്നും ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് തന്ത്രങ്ങളും പരിപാടിയും ആവിഷ്കരിക്കുമെന്നും സിപിഐ എം കരട് പ്രത്യയശാസ്ത്ര പ്രമേയത്തില്‍ വ്യക്തമാക്കി. മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ , ഇന്ത്യയിലെ മൂര്‍ത്തമായ സാഹചര്യത്തിനനുസരിച്ച് ജനങ്ങളെ സംഘടിപ്പിക്കാനും ലക്ഷ്യം നേടാനും സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലുംനിന്നുള്ള പാഠം ഉള്‍ക്കൊള്ളുമെന്നും കരട് പ്രമേത്തില്‍ പറയുന്നു. ഏപ്രില്‍ നാലുമുതല്‍ ഒമ്പതുവരെ കോഴിക്കോട്ട് നടക്കുന്ന 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിലെ വിശദാംശങ്ങള്‍ പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട് തുടങ്ങിയവര്‍ സന്നിഹിതരായി.