Saturday, February 18, 2012

ഓര്‍മകളില്‍ തലയുയര്‍ത്തി കോഴിക്കോട് ടൗണ്‍ഹാള്‍

എത്രയെത്ര ചരിത്രസംഭവങ്ങള്‍ , മഹാരഥന്മാരുടെ പ്രഭാഷണങ്ങള്‍ , കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ... രാഷ്ട്രീയകേരളത്തിന്റെ ഗതിനിര്‍ണയിച്ച പല സംഭവങ്ങള്‍ക്കും സാക്ഷിയാണ് കോഴിക്കോട് ടൗണ്‍ഹാള്‍ . നാട്ടുകാര്‍ക്കുമാത്രമല്ല ഇവിടെയെത്തുന്ന ആര്‍ക്കും വിസ്മരിക്കാനാവില്ല ടൗണ്‍ഹാളിന്റെ പ്രസരിപ്പ്. കോര്‍പറേഷന്‍ കൗണ്‍സില്‍ പുതുക്കി പണിതെങ്കിലും ഒട്ടും തനിമ ചോരാതെ നഗരത്തിന്റെ അഭിമാനമായി ഇന്നും ഉയര്‍ന്നുനില്‍ക്കുന്ന ടൗണ്‍ഹാളിന്റെ ഓര്‍മകളിലുള്ളതെല്ലാം പകര്‍ത്താന്‍ അസംഖ്യം താളുകള്‍ വേണ്ടിവരും.

ഇന്ത്യയില്‍ ബ്രീട്ടീഷ് ഭരണത്തിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രധാനപട്ടണങ്ങളില്‍ ടൗണ്‍ഹാളുകള്‍ നിര്‍മിച്ചപ്പോള്‍ കോഴിക്കോടിനും കിട്ടി ഒന്ന്. തിരുവനന്തപുരത്തും കോഴിക്കോട്ടും വിക്ടോറിയ ജൂബിലി ടൗണ്‍ഹാള്‍ (വിജെടിഹാള്‍) എന്ന പേരിലാണ് അവ പണിതത്. കോഴിക്കോട് ടൗണ്‍ഹാളിന് 1891 ജനുവരി 12നാണ് ശിലയിട്ടു. ആ വര്‍ഷം നവംബര്‍ 12ന് ഉദ്ഘാടനവും. ആരാണ് ഉദ്ഘാടകനെന്നതിന് രേഖ ലഭ്യമില്ല. വിക്ടോറിയാ ജൂബിലി ടൗണ്‍ഹാള്‍ ട്രസ്റ്റിനായിരുന്നു നടത്തിപ്പ് ചുമതല. ഇന്നത്തെ ടൗണ്‍ഹാളിന്റെ തെക്ക് 12 കച്ചവടമുറികളുണ്ടായിരുന്നു. ഇതിന്റെ വാടക ഉപയോഗിച്ചാണ് ഹാള്‍ വൃത്തിയാക്കുകയും മറ്റും ചെയ്തത്. അന്ന് യോഗങ്ങള്‍ക്ക് വാടകയില്ല. കോഴിക്കോട് മലബാര്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ കാലത്ത് ഓരോ പട്ടണത്തിലും ടൗണ്‍ഹാള്‍ നിര്‍മിക്കുവാന്‍ രണ്ട് ലക്ഷം രൂപ നല്‍കാന്‍ ഗവണ്‍മെന്റ് ആലോചിച്ചിരുന്നു. ടൗണ്‍ഹാളും കോമ്പൗണ്ടും മുന്‍സിപ്പല്‍ കൗണ്‍സിലിന് വിട്ടുകൊടുത്താല്‍ രണ്ടുലക്ഷം രൂപയുടെ പദ്ധതി കിട്ടുമെന്നതിനാലും എല്ലാസൗകര്യങ്ങളോടും കൂടിയ ടൗണ്‍ഹാള്‍ ഉണ്ടാവേണ്ടത് ആവശ്യവുമാണെന്നതിനാലുമാണ് ട്രസ്റ്റ് ഭാരവാഹികള്‍ പിന്നീട് മുന്‍സിപ്പിലാറ്റിക്ക് കൈമാറിയത്. 120 വര്‍ഷത്തിലേറെ പഴക്കമുള്ള ടൗണ്‍ഹാള്‍ കഴിഞ്ഞ കോര്‍പറേഷന്‍ കൗണ്‍സിലാണ് നവീകരിച്ചത്.

ഈ ചരിത്രസ്മാരകം എന്തെല്ലാം കേട്ടു. ആരുടെയെല്ലാം ആവേശമേറിയ പ്രസംഗങ്ങള്‍ . എത്രയെത്ര കലാ പരിപാടികള്‍ ആസ്വദിച്ചു. എത്രയോ സമരങ്ങളുടെ ഉദ്ഘാടന വേദി. ഇപ്പോഴിതാ സിപിഐ എം 20ാം പാര്‍ടി കോണ്‍ഗ്രസിന്റെ പ്രധാന വേദികളിലൊന്നാവുന്നു. അനുബന്ധ പരിപാടികള്‍ക്ക് വേദിയാവുന്നതോടെ ടൗണ്‍ഹാളിന്റെ ചരിത്രത്തില്‍ ഒരുനാഴികക്കല്ലുകൂടി. 1991ല്‍ സിപിഐ എം 14ാം സംസ്ഥാന സമ്മേളനം കോഴിക്കോട് ചേര്‍ന്നപ്പോഴും മുഖ്യവേദികളിലൊന്ന് ടൗണ്‍ഹാളായിരുന്നു. മഹാത്മഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിയ മഹാരഥന്മാര്‍കേരളത്തിലെ അമരവ്യക്തിത്വങ്ങളായ പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, കെ കേളപ്പന്‍ , കേശവമേനോന്‍ , വാഗ്ഭടാനന്ദന്‍ , ഇ കെ നായനാര്‍ , വൈക്കം മുഹമ്മദ് ബഷീര്‍ , എസ് കെ പൊറ്റക്കാട്ട്, സുകുമാര്‍ അഴീക്കോട് തുടങ്ങിയവരുടെയും സ്വാതന്ത്ര്യസമരത്തിലെ മഹാനേതാക്കളുടെയും ഭാഷണത്തിന്റെ ഉജ്ജ്വലശക്തിയില്‍ ഈ പ്രസംഗപീഠം കോരിത്തരിച്ചിട്ടുണ്ടാവും.

പ്രിയപ്പെട്ട ജനനായകര്‍ക്കും സാംസ്കാരിക നേതാക്കള്‍ക്കും ജനങ്ങള്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്നതിനും ഇവിടം വേദിയായി. പ്രിയനേതാക്കളെ അവസാനമായി ഒരുനോക്കുകാണാന്‍ നഗരംടൗണ്‍ഹാളില്‍ വിതുമ്പിനിറഞ്ഞിട്ടുണ്ട്. നായനാര്‍ , സി എച്ച് മുഹമ്മദ് കോയ, കെ പി കേശവമേനോന്‍ , എസ് കെ പൊറ്ററക്കാട്, സുകുമാര്‍ അഴീക്കോട്, ഗിരീഷ്പുത്തഞ്ചേരി തുടങ്ങിയ പ്രമുഖരെ കോഴിക്കോട് അവസാനനോക്കു കണ്ടത് ഇവിടെ നിന്ന്. വോട്ടെടുപ്പില്‍ ശമിച്ച വീറുംവാശിയും വോട്ടെണ്ണലോടെ എരിഞ്ഞുപൊങ്ങുക ടൗണ്‍ഹാളിന്റെ മുറ്റത്ത്. ടൗണ്‍ഹാള്‍ വോട്ടെണ്ണല്‍ കേന്ദ്രമായി മാറുന്നതോടെ കോഴിക്കോട് ഫലമറിയാനായി ഇരമ്പിമറിയും. പുതിയ കെട്ടിട സമുച്ചയങ്ങള്‍ ഉയരുമ്പോഴും കോഴിക്കോടിന്റെ അഭിമാനമായി ഇന്നും മിന്നിനില്‍ക്കുന്നത് ടൗണ്‍ഹാള്‍ മാത്രം. നഗരത്തില്‍ പുതുമകള്‍ ഉയരുമ്പോഴെക്കും അതെല്ലാം പഴയമയാകുന്നു. എന്നാല്‍ ടൗണ്‍ഹാളിന്റെ പഴമയും പെരുമയും ഇന്നും കോഴിക്കോടിന് പുതുമയായി, മങ്ങാതെ.

*
പി കെ സജിത് ദേശാഭിമാനി 18 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എത്രയെത്ര ചരിത്രസംഭവങ്ങള്‍ , മഹാരഥന്മാരുടെ പ്രഭാഷണങ്ങള്‍ , കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ... രാഷ്ട്രീയകേരളത്തിന്റെ ഗതിനിര്‍ണയിച്ച പല സംഭവങ്ങള്‍ക്കും സാക്ഷിയാണ് കോഴിക്കോട് ടൗണ്‍ഹാള്‍ . നാട്ടുകാര്‍ക്കുമാത്രമല്ല ഇവിടെയെത്തുന്ന ആര്‍ക്കും വിസ്മരിക്കാനാവില്ല ടൗണ്‍ഹാളിന്റെ പ്രസരിപ്പ്. കോര്‍പറേഷന്‍ കൗണ്‍സില്‍ പുതുക്കി പണിതെങ്കിലും ഒട്ടും തനിമ ചോരാതെ നഗരത്തിന്റെ അഭിമാനമായി ഇന്നും ഉയര്‍ന്നുനില്‍ക്കുന്ന ടൗണ്‍ഹാളിന്റെ ഓര്‍മകളിലുള്ളതെല്ലാം പകര്‍ത്താന്‍ അസംഖ്യം താളുകള്‍ വേണ്ടിവരും.