Wednesday, February 22, 2012

വ്യാപാരികള്‍ സമരം ചെയ്യുമ്പോള്‍

ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ ഇന്ന് പാര്‍ലമെന്റിനുമുമ്പില്‍ കച്ചവടക്കാര്‍ മാര്‍ച്ച് നടത്തുകയാണ്. നാലുകോടിയില്‍പരം കുടുംബങ്ങളുടെ ജീവിതമാര്‍ഗത്തെ വെല്ലുവിളിക്കുന്ന പ്രത്യക്ഷ വിദേശനിക്ഷേപ ഭീഷണി പൂര്‍ണമായും പിന്‍വലിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്നു കേരളത്തില്‍ കടയടപ്പ് സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നയിക്കുന്ന യു പി എ സര്‍ക്കാര്‍ ചില്ലറ വ്യാപാര രംഗത്തു നടത്തുന്ന കടന്നുകയറ്റങ്ങളോട് ജനസംഖ്യയിലെ ഗണ്യമായ ഒരു ഭാഗത്തിനുള്ള അമര്‍ഷമാണ് ഈ സമരങ്ങളിലൂടെ വെളിവാകുന്നത്. ഫെബ്രുവരി 28 ന് അമ്പതു കോടിയില്‍പരം തൊഴിലാളികള്‍ നടത്തുന്ന ദേശീയ പണിമുടക്കുമായി ഈ വ്യാപാരി സമരത്തിന് നയപരമായി ബന്ധമുണ്ട്. ഈ സമരങ്ങള്‍ രണ്ടും ആഗോളവല്‍ക്കരണം കയറൂരിവിട്ട നവ ഉദാരവല്‍ക്കരണ നയങ്ങളോടാണ് മൗലികമായ വിയോജിപ്പ് രേഖപ്പെടുത്തുന്നത്.

നവ ഉദാരവല്‍ക്കരണ നയങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വാഗ്ദാനം ചെയ്തത് ജീവിത പുരോഗതിയും സമ്പല്‍സമൃദ്ധിയുമായിരുന്നു. ആ വാഗ്ദാനങ്ങളുടെ ചെപ്പിനുള്ളില്‍ അവര്‍ ഒളിപ്പിച്ചുവച്ചത് നാടനും മറുനാടനുമായ മൂലധന പ്രഭുക്കളുടെ അതിരില്ലാത്ത ആര്‍ത്തികളായിരുന്നുവെന്ന് ഓരോ നടപടികളിലൂടെയും പിന്നീട് തെളിയുകയായിരുന്നു. നവലിബറല്‍ നയങ്ങളുടെ തുടക്കത്തില്‍ അതിന്റെ സ്തുതി പാഠകരായിരുന്നവര്‍ക്കുപോലും സഹിക്കാനാകാത്ത തരത്തിലുള്ള ആഘാതങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കമ്പോള ശക്തികളുടെ ലാഭക്കൊതിയാണ് നവലിബറലിസത്തിന്റെ ആത്മാവ്. ഈ സത്യം ആദ്യം തിരിച്ചറിഞ്ഞതും വിളിച്ചുപറഞ്ഞതും ഇടതുപക്ഷവും തൊഴിലാളി വര്‍ഗവുമായിരുന്നു. അതിനെതിരായ സമരത്തിന്റെ കൊടി ആദ്യം ഉയര്‍ത്തിയതും ഇടതുപക്ഷമാണ്. ഹര്‍ത്താലുകളും പണിമുടക്കങ്ങളും പാര്‍ലമെന്റ് മാര്‍ച്ചുകളും തൊഴിലാളി സംഘടനകളുടെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു. അന്നെല്ലാം അത്തരം സമരങ്ങള്‍ക്കെതിരായി നെറ്റി ചുളിച്ചവരാണ് ഇപ്പോള്‍ സമര രംഗത്തുവന്നിട്ടുള്ള വ്യാപാരി സമൂഹത്തിലെ ഒരു വിഭാഗം. കമ്പോള കേന്ദ്രീകൃത നയങ്ങള്‍ തങ്ങള്‍ക്കും നാടിനും ഇന്നോളമുണ്ടാകാത്ത വളര്‍ച്ച ഉണ്ടാക്കുമെന്ന് അവര്‍ വ്യാമോഹിച്ചു. ജീവിതമാണ് ഏറ്റവും വലിയ അനുഭവമെന്നും അനുഭവമാണ് ഏറ്റവും വലിയ ഗുരുനാഥനെന്നും ഉള്ള ചൊല്ല് എത്രയും ശരിയാണ്. ആ ജീവിതാനുഭവങ്ങള്‍ തന്നെയാണ് ഇന്ന് സമരരംഗത്ത് അണിനിരക്കുന്ന ലക്ഷക്കണക്കിനു ജനങ്ങളുടെ കണ്ണു തുറപ്പിച്ചത്.

ഏകദേശം നാനൂറ് കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുണ്ടാക്കുന്ന അതിബൃഹത്തായ മേഖലയാണ് ഇന്ത്യയിലെ ചില്ലറ വില്‍പനയുടേത്. അതിന്റെമേല്‍ പിടിമുറുക്കാന്‍ ലോകത്തിലെ വ്യാപാര ഭീമന്മാര്‍ ഏറെക്കാലമായി കൊതികൊള്ളുകയായിരുന്നു. 'ഇടതുപക്ഷം ഉറക്കം കെടുത്താത്ത' രണ്ടാം യു പി എ ഗവണ്‍മെന്റ് വന്നപ്പോള്‍ സാഹചര്യം പാകമായി എന്ന് അവര്‍ക്കും ബോധ്യമായി. അങ്ങനെയാണ് വിവിധോല്‍പ്പന്നമേഖലയില്‍ അന്‍പതു ശതമാനവും ഏകോല്‍പ്പന്നമേഖലയില്‍ നൂറു ശതമാനവും പ്രത്യക്ഷ വിദേശനിക്ഷേപത്തിനുവേണ്ടി ചുവപ്പുപരവതാനി വിരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിനെക്കൊണ്ട് അവര്‍ തീരുമാനിപ്പിച്ചത്. ഈ രംഗത്തെ ആഗോളഭീമനായ വാള്‍മാര്‍ട്ട് അടക്കമുള്ളവരെ എത്രയും ആവേശം കൊള്ളിച്ച തീരുമാനമായിരുന്നു അത്. ഒബാമാ ഭരണവൃത്തത്തിലെ രണ്ടാം സ്ഥാനക്കാരിയെന്ന് കരുതപ്പെടുന്ന ഹില്ലാരി ക്ലിന്റന്‍ വാള്‍മാര്‍ട്ടിന്റെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിലെ പ്രമുഖ അംഗമാണെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ പരവതാനി വിരിക്കലിനു പുറകിലുള്ള അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സ്വാധീനം വ്യക്തമാകുന്നത്.

ഇന്ത്യയുടെ സാമ്പത്തിക ജീവിതത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രത്യക്ഷ വിദേശനിക്ഷേപത്തിനെതിരെ ജനങ്ങള്‍ രംഗത്തുവന്നു. യു പി എയിലെ ഘടകകക്ഷികള്‍ തന്നെ കോണ്‍ഗ്രസിന്റെ രാജ്യദ്രോഹനയങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞൂ. തന്ത്രപരമായ ഒരു പിറകോട്ടുപോക്കിന് മന്‍മോഹന്‍സിംഗും കൂട്ടുകാരും നിര്‍ബന്ധിതരായി. തീരുമാനം താല്‍ക്കാലികമായി മരവിപ്പിക്കാനുള്ള തീരൂമാനം അങ്ങനെയാണ് അവര്‍ക്ക് എടുക്കേണ്ടിവന്നത്. അല്‍പം കഴിയുമ്പോള്‍ മരവിപ്പിക്കല്‍ പിന്‍വലിക്കാനും പ്രത്യക്ഷ വിദേശനിക്ഷേപത്തിന് വരവേല്‍പ്പോതാനുമാണ് കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുന്നത്. അതിനെയാണ് ഇന്നത്തെ സമരത്തിലൂടെ ഇന്ത്യയിലെ വ്യാപാരികള്‍ ചോദ്യം ചെയ്യുന്നത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പതിവുപോലെ ഇക്കാര്യത്തിലും കപടനാടകം കളിക്കുകയാണെന്ന് ഏവര്‍ക്കുമറിയാം. കേരളത്തില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കില്ലെന്ന അവരുടെ ഗംഭീര പ്രഖ്യാപനം ആരെ കബളിപ്പിക്കാനാണ്? ഇന്ത്യാ ഗവണ്‍മെന്റ് അതിനു തുനിഞ്ഞിറങ്ങുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതിനെ തടയുമെന്നോ? അഥവാ തടഞ്ഞാല്‍ ഹിലാരി ക്ലിന്റന്റെ പിന്തുണയുള്ള വിദേശകുത്തകകള്‍ കോടതിയില്‍ പോകാതെ അതിനു വഴങ്ങുമെന്നോ? അങ്ങനെ വരുമ്പോള്‍ കോടതിയുടെ ചിലവില്‍ വിദേശനിക്ഷേപകരുടെ കാര്യം സാധിച്ചുകൊടുക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുന്നത്. അത്തരം കൗശലങ്ങളെയും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ദേശദ്രോഹ സമീപനത്തെയും വിദേശകുത്തകപ്രീണനത്തെയുമാണ് ചെറുത്തുതോല്‍പ്പിക്കേണ്ടത്. അതിനുവേണ്ടിയുള്ള വിശാലമായ സമരനിര രാജ്യത്തു ശക്തിപ്പെടുകയാണ്. അതില്‍ തങ്ങളുടെ സ്ഥാനം കണ്ടെത്താന്‍ രാജ്യത്തെ വ്യാപാരി സമൂഹത്തെ ഈ അനുഭവങ്ങള്‍ പ്രേരിപ്പിക്കാതിരിക്കില്ല.

*
ജനയുഗം 22 ഫെബ്രുവരി 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ ഇന്ന് പാര്‍ലമെന്റിനുമുമ്പില്‍ കച്ചവടക്കാര്‍ മാര്‍ച്ച് നടത്തുകയാണ്. നാലുകോടിയില്‍പരം കുടുംബങ്ങളുടെ ജീവിതമാര്‍ഗത്തെ വെല്ലുവിളിക്കുന്ന പ്രത്യക്ഷ വിദേശനിക്ഷേപ ഭീഷണി പൂര്‍ണമായും പിന്‍വലിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്നു കേരളത്തില്‍ കടയടപ്പ് സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നയിക്കുന്ന യു പി എ സര്‍ക്കാര്‍ ചില്ലറ വ്യാപാര രംഗത്തു നടത്തുന്ന കടന്നുകയറ്റങ്ങളോട് ജനസംഖ്യയിലെ ഗണ്യമായ ഒരു ഭാഗത്തിനുള്ള അമര്‍ഷമാണ് ഈ സമരങ്ങളിലൂടെ വെളിവാകുന്നത്. ഫെബ്രുവരി 28 ന് അമ്പതു കോടിയില്‍പരം തൊഴിലാളികള്‍ നടത്തുന്ന ദേശീയ പണിമുടക്കുമായി ഈ വ്യാപാരി സമരത്തിന് നയപരമായി ബന്ധമുണ്ട്. ഈ സമരങ്ങള്‍ രണ്ടും ആഗോളവല്‍ക്കരണം കയറൂരിവിട്ട നവ ഉദാരവല്‍ക്കരണ നയങ്ങളോടാണ് മൗലികമായ വിയോജിപ്പ് രേഖപ്പെടുത്തുന്നത്.

മുക്കുവന്‍ said...

നാലുകോടിയില്‍പരം കുടുംബങ്ങളുടെ ജീവിതമാര്‍ഗത്തെ വെല്ലുവിളിക്കുന്ന ...

a farmer get 5rs for 1Kg banana. it is sold by a shop @ 25rs/kg. yea.. farmer does not have a union.. no one is helping to increase the price of the item for the farmer.

keep making maveli stores and make enough returns for the farmer. no big retailers can dent in that market. :)