Saturday, February 18, 2012

പാവങ്ങള്‍ക്കൊപ്പം നിന്ന ഇടയശ്രേഷ്ഠന്‍

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വലിയ മെത്രാപ്പോലീത്താ ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസിന്റെ നിര്യാണത്തിലൂടെ, വര്‍ഗരഹിത സമൂഹം സ്വപ്നം കണ്ട ഒരു സന്യാസിവര്യനെയാണ് നമുക്കു നഷ്ടമായത്. ചിന്തയുടെയും പ്രവൃത്തിയുടെയും മേഖലകളില്‍ കൊടുങ്കാറ്റ് വിതച്ച് കടന്നുപോയ തിരുമേനി എന്നും പാവങ്ങളുടെ പക്ഷത്തായിരുന്നു. സ്നേഹത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ തന്റെ പ്രത്യയശാസ്ത്രം മുന്നോട്ടു വച്ച തിരുമേനി കമ്യൂണിസ്റ്റ് മൂല്യങ്ങളെ താന്‍ അംഗീകരിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. മനുഷ്യത്വമില്ലായ്മയാണ് ഏറ്റവും വലിയ നിരീശ്വരത്വമെന്നാണ് വലിയ മെത്രാപോലീത്ത വിശദീകരിച്ചത്. സ്വാര്‍ഥതാല്‍പ്പര്യത്തിനായി സമ്പത്ത് കുന്നുകൂട്ടുകയും പാവങ്ങളുടെ ആവശ്യങ്ങള്‍ കാണാതിരിക്കുകയും ചെയ്യുന്നവരെയാണ് മാര്‍ ഒസ്താത്തിയോസ് നിരീശ്വരന്മാരായി കണ്ടത്. കമ്യൂണിസം ദൈവത്തെ ഒരു പ്രതിസന്ധിയിലോ കുടുക്കിലോ ആക്കിയിരിക്കുകയാണെന്ന ധാരണ പരത്തിയ പാശ്ചാത്യ ചിന്തയെ അദ്ദേഹം വിമര്‍ശിച്ചു. ദൈവമുണ്ടെന്ന് വിശ്വസിക്കുകയും എന്നാല്‍ , ആ മാര്‍ഗം പാലിക്കാതിരിക്കുകയും ചെയ്യുന്നവരേക്കാള്‍ മികച്ചവര്‍ ദൈവഹിതം നടപ്പാക്കുന്ന അവിശ്വാസികളാണെന്ന് തിരുമേനി വിശദമാക്കിയിട്ടുണ്ട്.

സഹജീവികളുടെ ദാരിദ്ര്യം കാണാതെ സമ്പത്ത് കുന്നുകുട്ടുന്നത് പാപമാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു തിരുമേനിയുടെ ദൈവശാസ്ത്രം. സ്വാര്‍ഥമായ ലാഭതാല്‍പ്പര്യത്തെയും സമ്പത്തിന്റെ കുന്നുകൂട്ടലിനെയും അധികാരത്തിന്റെ കേന്ദ്രീകരണത്തെയും ന്യായീകരിക്കുന്നതിനായി മുതലാളിത്തം നമ്മെ മസ്തിഷ്കപ്രക്ഷാളനം നടത്തിയിരിക്കുകയാണെന്ന് അദ്ദേഹം തുറന്നെഴുതി. രാജ്യത്തിന്റെ ക്ഷേമം, സാമൂഹ്യനീതി, ജനാധിപത്യം തുടങ്ങിയവയെ കാണാതെ ആത്മാവിന്റെ രക്ഷയ്ക്കായി എന്നു പറഞ്ഞു ഭ്രാന്തു പിടിച്ചോടുന്ന വിഭാഗങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. മറ്റു മതങ്ങളുടെയും കമ്യൂണിസം പോലുള്ള ആശയ സംഹിതകളുടെയും നല്ല വശങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ലെന്നും തിരുമേനി വിമര്‍ശിച്ചു. സഭകളുടെ ഐക്യത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കുറിപ്പില്‍ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ കാഴ്ചപ്പാട് വളരെ വ്യക്തമാണ്. തൊഴിലില്ലായ്മയുടെയുടെയും ദാരിദ്രത്തിന്റെയും ഗുരുതരമായ പ്രതിസന്ധി സഭ ഗൗരവമായി കാണുകയും അവ പരിഹരിക്കാനുള്ള കര്‍മപദ്ധതികള്‍ക്ക് രൂപം കൊടുക്കുകയും വേണം.പാവങ്ങള്‍ക്കുള്ള ഭവനപദ്ധതികള്‍ സഭ നടപ്പാക്കണം. രോഗികള്‍ക്കും പാവങ്ങള്‍ക്കും വൈദ്യസഹായം ലഭ്യമാക്കാന്‍ മുന്‍കൈ എടുക്കണം. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. ഈ പൊതുവായ ആവശ്യത്തിന് ദൈവദത്തമായ സമ്പത്ത് പങ്കുവയ്ക്കേണ്ടത് സമ്പന്നമായ ഇടവകകളുടെ വലിയ ചുമതലയാണ്. കാരണം ഇടവകയുടെ സമ്പത്ത് സഭയുടേതാണ്. സഭയുടെ സമ്പത്ത് ജനങ്ങുടേതാണ്. ആത്യന്തികമായി അത് സമൂഹത്തിന്റെയും സഭയുടെയും നന്മയ്ക്കും വളര്‍ച്ചയ്ക്കും ഉപകരിക്കേണ്ടതാണ്. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തില്‍ വലിയ തിരുമേനിയുടെ ഉറച്ച ജനപക്ഷ നിലപാട് അദ്ദേഹത്തിന്റെ പ്രതിബദ്ധത സമൂഹത്തെ ബോധ്യപ്പെടുത്തിയതാണ്.

ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുകയും സഹജീവിയെ വെറുക്കുകയും ചെയ്യുന്നയാളെ നുണയന്‍ എന്ന് 2002ല്‍ അമേരിക്കയില്‍ചെയ്ത പ്രഭാഷണത്തില്‍ മാര്‍ ഒസ്താത്തിയോസ് വിശേഷിപ്പിച്ചത്. നിരീശ്വരത്തേക്കാള്‍ കൊടിയ പാപമാണ് നിര്‍മനുഷ്യത്വമെന്നും തിരുമേനി പറഞ്ഞു. ദൈവം ഭൂമിയിലുള്ള എല്ലാവരെയും സ്നേഹിക്കുന്നു- സഭയിലുള്ളവരെയും സഭയ്ക്കു പുറത്തുള്ളവരെയും. യേശു മനുഷ്യരാശിയുടെ രക്ഷകനാണ്- സഭയിലുള്ളവരുടെയും സഭയ്ക്കു പുറത്തുള്ളവരുടെയും. നിലനില്‍പ്പിനാവശ്യമായ ഭക്ഷണമോ വസ്ത്രമോ ഇല്ലാത്ത ദശലക്ഷങ്ങള്‍ ഭൂമിയിലുണ്ട്. ഇത് അവര്‍ തെരഞ്ഞെടുത്തതല്ല. അവരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. അദ്ദേഹം വിശദീകരിച്ചതിങ്ങനെയാണ്.

ഇംഗ്ലീഷിലും മലയാളത്തിലുമായി 59 പുസ്തകങ്ങള്‍ തിരുമേനിയുടേതായുണ്ട്. ഇതില്‍ പ്രധാനമായ "വര്‍ഗ രഹിത സമൂഹത്തി" ന്റെ അനുബന്ധമായി ചേര്‍ത്തിട്ടുള്ള അഭിമുഖത്തിലും തന്റെ പുരോഗമനപരവും ജനപക്ഷവുമായ നിലപാടുകള്‍ തിരുമേനി തുറന്നു പറയുന്നുണ്ട്. മുതലാളിത്ത സാമൂഹ്യഘടനയില്‍ സഭകള്‍ അതിന്റെ ഭാഗമാകരുത് എന്നദ്ദേഹം പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വലിയ മുതല്‍മുടക്കില്ലാതെ കൂടുതല്‍ ലാഭം കൊയ്യാവുന്ന വന്‍ ബിസിനസായിക്കൂടാ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേക്കാള്‍ അത് അനിവാര്യമാക്കുന്ന വ്യവസ്ഥിതി ഇല്ലായ്മ വരുത്തുകയെന്നതാണ് ക്രിസ്ത്യനികള്‍ ലക്ഷ്യമിടേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും തമ്മില്‍ യോജിപ്പിന്റെ മേഖലകളാണ് കൂടുതലുള്ളതെന്ന് വ്യക്തമാക്കിയ തിരുമേനി താന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് വോട്ടുചെയ്യാറുണ്ടെന്നും പരസ്യമായി പറഞ്ഞിട്ടുണ്ട്.

മനുഷ്യരെ മനുഷ്യരില്‍നിന്ന് അകറ്റി നിര്‍ത്തുന്ന എല്ലാ വേര്‍തിരിവുകളും ചരിത്രത്തിന്റെ സൃഷ്ടിയാണെന്നും ചരിത്രത്തിലെ തെറ്റുകള്‍ തിരുത്തി പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള കടമ മനുഷ്യനുണ്ടെന്നും തിരുമേനി പറഞ്ഞു. വെളിപാട് പുസ്തകം ഏഴാം അധ്യായത്തില്‍ ചിത്രീകരിച്ചിട്ടുള്ള "വര്‍ഗരഹിത സമൂഹത്തിന്റെ" സൃഷ്ടി പൂര്‍ണമായി ദൈവത്തിന് വിട്ടുകൊടുത്ത് മനുഷ്യന്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്നത് ശരിയല്ല. ദൈവത്തോടൊപ്പം ജോലി ചെയ്യുന്നതിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്നും തിരുമേനി പറഞ്ഞു.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് സ്വാശ്രയ വിദ്യാഭ്യാസത്തെ കേന്ദ്രീകരിച്ചുണ്ടായ സംഘര്‍ഷത്തില്‍ ക്രൈസ്തവമെന്നോ ന്യൂനപക്ഷമെന്നോ പറയാവുന്ന താല്‍പ്പര്യങ്ങളൊന്നും ഇല്ലായിരുന്നെന്നും ഒസ്താത്തിയോസ് തിരുമേനി വിശദമാക്കിയിട്ടുണ്ട്. വാണിജ്യതാല്‍പ്പര്യങ്ങള്‍ ഉപേക്ഷിച്ച് അണികളെ ക്രൈസ്തവവല്‍ക്കരിക്കാനാണ് ശ്രമിക്കേണ്ടത്. എന്നു പറഞ്ഞാല്‍ യേശുക്രിസ്തുവിന്റെ ആശയങ്ങളിലൂടെ ആഴത്തിലേക്കിറങ്ങിചെല്ലുക. ഇന്ന് ഈ ലേബലില്‍ നടക്കുന്നതൊന്നും ദൈവത്തിന്റെയല്ല, പിശാചിന്റെ പ്രവര്‍ത്തനങ്ങളായാണ് തോന്നുന്നതെന്ന് തിരുമേനി പറഞ്ഞു. അതുപോലെ അന്ന് സ്കൂള്‍ പാഠപുസ്തകത്തില്‍ ഉണ്ടെന്നാരോപിച്ച ഈശ്വരനിന്ദ, മതനിഷേധം ഇവയൊക്കെ ഒരു വിഭാഗത്തിന്റെ സങ്കല്‍പ്പ സൃഷ്ടിയായിരുന്നു. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ദൈവത്തെയും മതത്തെയുമൊക്കെ മുന്‍നിര്‍ത്തി കാര്യസാധ്യം എളുപ്പമാക്കുന്ന തന്ത്രം. ഇങ്ങനെയാണ് തിരുമേനി അതിനെ വിലയിരുത്തിയത്.

ഇ എം എസ് അന്തരിച്ചപ്പോള്‍ പ്രതികരണം ആരാഞ്ഞ പത്രലേഖകരോട് ഈ തിരുമേനി പറഞ്ഞതിങ്ങനെയാണ്. "ഇ എംഎസിന് സ്വര്‍ഗത്തില്‍ ലഭിക്കുന്ന സ്ഥാനത്തേക്കാള്‍ വളരെ താഴ്ന്ന ഒരു സ്ഥാനത്തിനേ എനിക്കര്‍ഹതയുള്ളു. എത്ര മഹത്തായ കാര്യങ്ങളാണ് ഇ എം എസ് തന്റെ ജീവിതംകൊണ്ട് സാധിച്ചത്".പാവപ്പെട്ടവനോട് ഒപ്പം നില്‍ക്കുന്ന ഒരു പോരാളിയുടെ ഉള്‍ക്കാഴ്ച ഈ നിലപാടിലുണ്ട്.

*
പിണറായി വിജയന്‍ ദേശാഭിമാനി 18 ഫെബ്രുവരി 2012

No comments: