Saturday, February 25, 2012

മുടിവിവാദത്തിലെ രാഷ്ട്രീയം

മുടിവിവാദത്തില്‍ പിണറായി വിജയന്‍ പറഞ്ഞ അഭിപ്രായത്തെ രാഷ്ട്രീയം മതത്തില്‍ ഇടപെടുന്നതായി കാണുകയും അങ്ങനെ ഒരഭിപ്രായം പറയാന്‍ അദ്ദേഹത്തിന് അധികാരമില്ലെന്നും എ പി ഉസ്താദ് പ്രസ്താവിച്ചതായി കണ്ടു. മതകാര്യങ്ങള്‍ എന്നത് വിശ്വാസപരമായ കാര്യങ്ങളോ കര്‍മപരമായ ആചാര അനുഷ്ഠാനങ്ങളോ ആണ്. വിശ്വാസകാര്യങ്ങള്‍ ആറും, കര്‍മപരിപാടികള്‍ അഞ്ചും നിര്‍ണയിച്ചതില്‍ ഒന്നിനെപ്പറ്റിയും പിണറായി ഒരഭിപ്രായവും പറഞ്ഞിട്ടില്ല. കേശവിവാദം കുറച്ചുനാളായി മുസ്ലിം സമുദായത്തിനകത്ത് പുകഞ്ഞുകൊണ്ടിരിക്കുന്നു. അത് മറ്റ് ബഹുജനങ്ങളും കേള്‍ക്കാതിരിക്കുന്നില്ല. ആയിരത്തിനാനൂറിലധികം കൊല്ലം പഴക്കമുള്ള നബിയുടെ മുടി തന്റെ കൈവശമുണ്ടെന്നും അതുവയ്ക്കാന്‍ 40 കോടി ഉറുപ്പിക ചെലവുചെയ്ത് പള്ളി നിര്‍മിക്കുമെന്നും എ പി പറയുന്നു. ആ മുടി നബിയുടേതല്ലെന്നും വ്യാജമാണെന്നും ഇ കെ വിഭാഗം വാദിക്കുന്നു. നിജസ്ഥിതി അറിയാന്‍ ഇ കെ വിഭാഗത്തിന്റെ നിര്‍ദേശം "നബിയുടെ മുടിയാണെങ്കില്‍ അത് കത്തിച്ചാല്‍ കത്തുകയില്ല, അതിനാല്‍ ഈ മുടി കത്തിച്ചുനോക്കി സത്യം വെളിപ്പെടുത്തണം" എന്നാണ്. ഈ നിര്‍ദേശം എ പിക്ക് സ്വീകാര്യമല്ല. പരീക്ഷണത്തിന് താനില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുന്നു. കത്തിച്ചുനോക്കിയാല്‍ , ചിലപ്പോള്‍ അത് കത്തിത്തീര്‍ന്നാല്‍ അതുകൊണ്ട് താനുദ്ദേശിക്കുന്ന അജന്‍ഡ നടപ്പാക്കാന്‍ കഴിയാതെവരും എന്ന് അദ്ദേഹം സംശയിക്കുന്നുണ്ടാവാം. കത്തിച്ചാല്‍ കത്തുകയില്ലെന്ന് ഇരുകൂട്ടര്‍ക്കം ഉറപ്പാണെങ്കില്‍ ഒന്നുപരീക്ഷിച്ചാലെന്താണെന്ന് നമുക്ക് തോന്നിപ്പോകും. പരീക്ഷണം വേണ്ട എന്ന് പറയുമ്പോള്‍ കത്താനും സാധ്യതയുണ്ടെന്ന് സംശയിക്കുന്നത് ആരാണ്?

ഈ വിവാദത്തില്‍ ഇടപെട്ട് ഒരു തീരുമാനം കണ്ടെത്താന്‍ പിണറായി വിജയന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ , വാഗ്ഭടാനന്ദന്‍ അനുസ്മരണയോഗത്തില്‍ പ്രസംഗിക്കുന്നതിനിടയില്‍ സ്വാമി വര്‍ഗീയതക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അതിനിടയില്‍ ഇന്നത്തെ ജാതിമത വിഭാഗങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നകാര്യം പരാമര്‍ശവിധേയമായി. പൂജാമുറിയില്‍ ദൈവവിഗ്രഹങ്ങള്‍ക്ക് പകരം മനുഷ്യദൈവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. മതസംഘങ്ങള്‍ ഭരണത്തില്‍ ഇടപെടുന്നു. സ്വാശ്രയ കോളേജില്‍ ഫീസും സംഭാവനയും സ്വയം തീരുമാനിക്കുന്നു. ഒരു മന്ത്രിയെ തങ്ങളാണ് തീരുമാനിച്ചത് എന്ന് ഒരു മതവിഭാഗം പരസ്യമായി പറയുന്നു. അഞ്ചാംമന്ത്രിയെ മുഖ്യമന്ത്രിപോലും അറിയാതെ പ്രഖ്യാപിക്കുന്നു. ജനങ്ങളെ വിവാദങ്ങളിലേക്ക് കൊണ്ടുപോകുന്നു. ആ കൂട്ടത്തിലാണ് മുടിവിവാദം കടന്നുവരുന്നത്- അദ്ദേഹം പറഞ്ഞു. "ഏത് മുടിയും കത്തിച്ചാല്‍ കത്തും" എന്ന്. ഇത് പറയാനുള്ള അവകാശം പിണറായിക്കില്ലെന്ന് പറയാനുള്ള അധികാരം എ പിക്ക് എവിടെനിന്നാണ് കിട്ടിയത്. പിണറായി തന്റെ അഭിപ്രായം മാറാട് കൂട്ടക്കൊല നടന്നപ്പോഴും ബാബറി മസ്ജിദ് തകര്‍ത്ത സമയത്തും നിര്‍ഭയമായി പറഞ്ഞിട്ടുണ്ടല്ലോ. അന്നൊന്നും ഇവരാരും അദ്ദേഹത്തിന്റെ അധികാരം ചോദ്യംചെയ്തിട്ടില്ല. ഇപ്പോള്‍ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ "വര്‍ഗീയ ചേരിതിരിവിന് കാരണമാകും" എന്നും മറ്റും ഭീഷണി വാക്കുകള്‍ പറഞ്ഞ് ഭയപ്പെടുത്തേണ്ടതില്ല. അതൊന്നും നടക്കുന്ന കാര്യവുമല്ല.

പിന്നെ എ പി ഉസ്താദ് പറഞ്ഞു. "ഞങ്ങള്‍ ഒരിക്കലും ഒരു രാഷ്ട്രീയപാര്‍ടിക്കും ഒപ്പം നിന്നിട്ടില്ല. ഇനി നില്‍ക്കുകയും ഇല്ല" (മാതൃഭൂമി 2012 ഫെബ്രുവരി 21). ഇപ്പറഞ്ഞത് ശരിയാണോ? 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ "മുസ്ലിംലീഗിന് ഇരുപത് സീറ്റുകിട്ടിയത് ഞങ്ങള്‍ സഹായിച്ചിട്ടായിരുന്നു, ഇല്ലെങ്കില്‍ രണ്ടുസീറ്റ് മാത്രമേ കിട്ടുമായിരുന്നുള്ളൂ", എന്ന് രണ്ടാഴ്ച മുമ്പ് ഒരു ടിവി ചാനലില്‍ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് നമ്മള്‍ എല്ലാവരും കേട്ടതാണ്. ഇങ്ങനെയൊക്കെ പറയുന്നത് അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതാണോ? രാഷ്ട്രീയക്കാരോടുള്ള കൂട്ടും ബന്ധവും എല്ലാവര്‍ക്കും അറിയാം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി പോരാടുകയും ജനങ്ങളെ അടിമത്തത്തില്‍നിന്നും പൗരോഹിത്യ-സാമ്രാജ്യത്വ മേധാവിത്വത്തില്‍നിന്നും മോചിപ്പിക്കാന്‍ അടരാടുന്ന പാര്‍ടിക്കും അതിന്റെ നേതാവിനും ചില കാര്യങ്ങള്‍ പറയേണ്ടതായി വരും, ചിലപ്പോള്‍ പ്രതികരിക്കേണ്ടതായും വരും. അതൊന്നും ഒരാളെയോ, ഒരു പ്രത്യേകവിഭാഗത്തെയോ വ്രണപ്പെടുത്താനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ല. പിണറായിയുടെ പ്രതികരണം അത്തരത്തില്‍ ഒന്നുമാത്രമായി കാണാവുന്നതാണ്.

*
ടി കെ ഹംസ ദേശാഭിമാനി 25 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...