Friday, February 24, 2012

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കരുത്

വികസനം എന്നത് പ്രലോഭനീയമായ ഒരു വാക്കായി മാറിയിരിക്കുന്നു. ആ വാക്കിന്റെ പ്രലോഭനത്തില്‍ പലരും ഒഴുകിപ്പോകുന്ന കാഴ്ച ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ ആഗോള പ്രതിഭാസമായി മാറിക്കഴിഞ്ഞു. രാജ്യങ്ങളും സമൂഹങ്ങളും പ്രിയംകരമായികണ്ട പലതും വികസനമെന്ന വാക്കിന്റെ മറവില്‍ കുഴിച്ചുമൂടപ്പെടുകയാണ്. ഇന്ത്യയിലാകെയും കേരളത്തിലും ഇതിന്റെ നിരവധി ഉദാഹരങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇപ്പോഴിതാ യു ഡി എഫ് ഗവണ്‍മെന്റ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതും വികസനമെന്ന പ്രലോഭനത്തിന്റെ പേരുപറഞ്ഞുകൊണ്ടുതന്നെയാണ്.

രാജ്യത്തിന് വികസനം വേണമെന്ന കാര്യത്തില്‍ മറ്റാരെക്കാളും നിര്‍ബന്ധമുള്ളവരാണ് ഇടതുപക്ഷ ശക്തികള്‍. ആ വികസനം സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരെ മറന്നുകൊണ്ടാകരുതെന്നും ഇടതുപക്ഷത്തിനു നിര്‍ബന്ധമുണ്ട്. മനുഷ്യന്റെ നിലനില്‍പിനും ഭാവിക്കും അത്യന്താപേക്ഷിതമായ പ്രകൃതിയെ ചവിട്ടിമെതിച്ചുകൊണ്ട് ഉണ്ടാകുന്ന വികസനം സ്ഥായിയായിരിക്കില്ലെന്നും ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നു. വികസനം ആര്‍ക്കുവേണ്ടിയെന്നും എങ്ങനെയെന്നുമുള്ള ചോദ്യങ്ങള്‍ വികസന സംവാദങ്ങളുടെ കാതലാണ്. സമൂഹത്തിലെ മേലേക്കിടക്കാര്‍ക്കുവേണ്ടിയും അവരുടെ ഉപഭോഗ ആര്‍ത്തിക്കും വേണ്ടിയാണ് വികസനം എന്ന മൂലധന ശക്തികളുടെ നിലപാട് ഇടതുപക്ഷം ആഗോളവ്യാപകമായിത്തന്നെ തള്ളിക്കളഞ്ഞതാണ്.

വികസനത്തിനു ഭൂമി വേണമെന്ന വാദത്തിന്റെ മറവില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിനെ അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ യു ഡി എഫ് ഗവണ്‍മെന്റ് അതിന്റെ സഹജമായ കൗശലങ്ങളെല്ലാം പ്രകടിപ്പിക്കുന്നുണ്ട്. പ്രസ്തുത നിയമം ഉയര്‍ത്തിപ്പിടിക്കുന്ന ലക്ഷ്യങ്ങളോടെല്ലാം അവര്‍ക്കു യോജിപ്പാണത്രെ. എന്നാല്‍ അങ്ങനെ യോജിക്കുമ്പോഴും അവര്‍ ആ നിയമം ഭേദഗതി ചെയ്യാന്‍ പുറപ്പെടുകയാണ്! കേരള നിയമസഭ 2008 ല്‍ ഐകകണ്‌ഠേന പാസാക്കിയ നിയമമാണ് അതെന്നും അതില്‍ യാതൊരുതരത്തിലും വെള്ളം ചേര്‍ക്കരുതെന്ന് അന്ന് ആക്രോശിച്ചവരാണ് തങ്ങളെന്നും യു ഡി എഫ് നേതാക്കള്‍ ഇപ്പോള്‍ സൗകര്യപൂര്‍വം മറക്കുന്നു.

ഭക്ഷ്യ സുരക്ഷയെപ്പറ്റി ലോകത്തെല്ലാമുയരുന്ന മുറവിളികളുടെ പശ്ചാത്തലത്തില്‍ വേണം യു ഡി എഫ് സര്‍ക്കാരിന്റെ ഈ നീക്കത്തെ വിലയിരുത്താന്‍. എല്‍ ഡി എഫ് സര്‍ക്കാര്‍ അക്കാര്യം കൂടി ഗൗരവപൂര്‍വം കണക്കിലെടുത്താണ് ചരിത്രപ്രധാനമായ പ്രസ്തുത നിയമനിര്‍മാണം നടത്തിയത്. നെല്ലുല്‍പാദനം വര്‍ധിപ്പിക്കാനും തരിശുരഹിത കേരളം യാഥാര്‍ഥ്യമാക്കാനുമുള്ള എല്‍ ഡി എഫ് ഗവണ്‍മെന്റിന്റെ പരിശ്രമങ്ങള്‍ക്കൊന്നും വേഗതപോരെന്നാണ് അന്നു യു ഡി എഫ് വിമര്‍ശിച്ചതെന്നതും മറക്കാതിരിക്കുക.
1966 ല്‍ 8.02 ലക്ഷം ഹെക്ടര്‍ നെല്‍വയലുണ്ടായിരുന്നു, കേരളത്തില്‍. 1980 കള്‍ മുതല്‍ അത് അതിവേഗം ചുരുങ്ങിത്തുടങ്ങി. 2006-07 ആയപ്പോള്‍ അത് 2.64 ലക്ഷം ഹെക്ടറായി ചുരുങ്ങിയിരുന്നു. മുപ്പത് വര്‍ഷം കൊണ്ട് ഇല്ലാതായത് 6.21 ലക്ഷം ഹെക്ടര്‍ നെല്‍വയലുകള്‍! ഓരോ ദിവസവും നികത്തപ്പെട്ടത് 57 ഹെക്ടര്‍ വീതം!!

കായലുകളും ചതുപ്പുനിലങ്ങളും മറ്റു ജലാശയങ്ങളുമായി 217 തണ്ണീര്‍തടങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവയില്‍ 157 എണ്ണം 50 ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുള്ളതാണ്. ഇവയുടെ ആകെ വിസ്തൃതി 1,27,930 ഹെക്ടറാണ്. നമ്മുടെ 34 കായലുകളുടെ മൊത്ത വിസ്തൃതി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 1,36,000 ഏക്കറായിരുന്നു. അത് ഇന്നു ചുരുങ്ങി ചുരുങ്ങി 60,000 ഏക്കറായിരിക്കുന്നു.

700 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന കണ്ടല്‍ക്കാടുകള്‍ ഇന്ന് വെറും 50 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ഈ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ഭാവിക്കുവേണ്ടി എല്‍ ഡി എഫ് സര്‍ക്കാര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്.

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കാന്‍ എല്‍ ഡി എഫ് ഗവണ്‍മെന്റ് കൈക്കൊണ്ട ഓരോ നടപടികളും ചരിത്രത്താല്‍ ശരിവെയ്ക്കപ്പെടും എന്ന് ഉറപ്പാണ്. അവയുടെ കടയ്ക്ക് കത്തിവെക്കാനുള്ള യു ഡി എഫ് ഗവണ്‍മെന്റിന്റെ നീക്കം ചരിത്രപരമായിതന്നെ തെറ്റാണെന്നും കാലം വിധി പ്രഖ്യാപിക്കും.

യു ഡി എഫ് കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പ്രസക്തി പരിഗണിക്കേണ്ടത് അതിന്റെ പാരിസ്ഥിതിക പ്രാധാന്യം കൂടി കണക്കിലെടുത്തുവേണമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം പ്രസ്താവിച്ചത് സര്‍ക്കാര്‍ മറക്കാതിരിക്കട്ടെ. നിയമനിര്‍വഹണത്തില്‍ പാളിച്ചകള്‍ ഉണ്ടായി എന്നാണ് റവന്യൂ വകുപ്പ് മന്ത്രി പറയുന്നത്. നിര്‍വഹണത്തില്‍ പാളിച്ചകള്‍ സംഭവിച്ചാല്‍ അവ കുഴിച്ചുമൂടപ്പെടുമെങ്കില്‍ ഏതെങ്കിലും നിയമം ഇന്ത്യയില്‍ ബാക്കിയുണ്ടാവുമോ എന്ന് അദ്ദേഹം പറയട്ടെ.
നിര്‍വഹണത്തില്‍ പാളിച്ചകള്‍ സംഭവിച്ചാല്‍ അവ തിരുത്തി മുമ്പോട്ടുപോകുകയാണ് സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഒരു ഗവണ്‍മെന്റ് ചെയ്യേണ്ടത്. അതിന് പകരം ഗവണ്‍മെന്റ് ഇപ്പോള്‍ കൈക്കൊള്ളുന്ന സമീപനം വിനാശകരമാണെന്ന് തെളിയിക്കപ്പെടും.

ആധുനിക കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ഭൂപരിഷ്‌കരണ നിയമത്തെ കുഴിച്ചുമൂടണമെന്ന് വാദിച്ചവരും ഇവിടെയുണ്ട്. അത്തരം ആളുകളുടെ വികസന സങ്കല്‍പം കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളെയും ദുരിതക്കയങ്ങളിലാഴ്ത്തും. അത്തരം ഒരു നീക്കം വിജയം കാണാന്‍ ജനങ്ങള്‍ അനുവദിക്കില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള തലതിരിഞ്ഞ നീക്കത്തില്‍ നിന്നും ഗവണ്‍മെന്റ് എത്രയുംവേഗം പിന്‍വലിയുന്നുവോ, അത്രയ്ക്കും നല്ലത്. കേരളത്തിന്റെ പൊതുവികാരം ഉയര്‍ത്തിപ്പിടിച്ച ഇത്തരം നയങ്ങള്‍ക്കെതിരായി വിധിയെഴുതാന്‍ കൂടിയായിരിക്കും മാര്‍ച്ച് 17-ാം തീയതി പിറവത്തെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക് പോകുന്നത്.

*
ജനയുഗം മുഖപ്രസംഗം 23 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വികസനം എന്നത് പ്രലോഭനീയമായ ഒരു വാക്കായി മാറിയിരിക്കുന്നു. ആ വാക്കിന്റെ പ്രലോഭനത്തില്‍ പലരും ഒഴുകിപ്പോകുന്ന കാഴ്ച ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ ആഗോള പ്രതിഭാസമായി മാറിക്കഴിഞ്ഞു. രാജ്യങ്ങളും സമൂഹങ്ങളും പ്രിയംകരമായികണ്ട പലതും വികസനമെന്ന വാക്കിന്റെ മറവില്‍ കുഴിച്ചുമൂടപ്പെടുകയാണ്. ഇന്ത്യയിലാകെയും കേരളത്തിലും ഇതിന്റെ നിരവധി ഉദാഹരങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇപ്പോഴിതാ യു ഡി എഫ് ഗവണ്‍മെന്റ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതും വികസനമെന്ന പ്രലോഭനത്തിന്റെ പേരുപറഞ്ഞുകൊണ്ടുതന്നെയാണ്.