Monday, February 6, 2012

ഐതിഹാസിക പോരാട്ടത്തിന്റെ ഓര്‍മ പുതുക്കുമ്പോള്‍

കേരളത്തിലെ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ഐതിഹാസികമായ പണിമുടക്കിന്റെ പത്താംവാര്‍ഷികമാണ് ഫെബ്രുവരി ആറ്. ആഗോളാടിസ്ഥാനത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു 2002 ഫെബ്രുവരി ആറിന് ആരംഭിച്ച ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്. എ കെ ആന്റണിയുടെ നേതൃത്വത്തില്‍ , കേരളചരിത്രത്തെത്തന്നെ 50 വര്‍ഷം പിന്നിലേക്ക്- 1957നുമുമ്പുള്ള അവസ്ഥയിലേക്ക്- തിരിച്ചുകൊണ്ടുപോകാനുള്ള നവലിബറല്‍ നയത്തിന്റെ ഉറഞ്ഞുതുള്ളലിനെതിരെയാണ് അന്ന് ജീവനക്കാരും അധ്യാപകരും ഒറ്റക്കെട്ടായി, ഒരു മനസ്സോടെ പൊരുതിയത്. തൊഴിലാളിവര്‍ഗസമരചരിത്രത്തില്‍ മാത്രമല്ല കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലും അടയാളപ്പെടുത്തപ്പെട്ടതാണ് 2002ലെ ആ 32 ദിനരാത്രങ്ങള്‍ .

ജീവനക്കാരുടെയോ അധ്യാപകരുടെയോ സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമിട്ട് നടത്തിയതല്ല ആ പണിമുടക്ക്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതിനെതിരെയും കേരളത്തില്‍ നിലവിലുള്ള കൂലി വ്യവസ്ഥ, പെന്‍ഷന്‍സമ്പ്രദായം എന്നിവ അട്ടിമറിക്കുന്നതിനെതിരെയും സംഘടിക്കാനുള്ള സ്വാതന്ത്ര്യം പൊളിച്ചടുക്കാനുമുള്ള ഗൂഢനീക്കത്തിനെതിരെയുള്ള സംഘടിതപോരാട്ടമായിരുന്നു അത്.

2002 ജനുവരി എട്ടിന് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട കോവളം തീരുമാനത്തില്‍ പ്രതിഫലിച്ചത് സമഗ്രമായ സ്വകാര്യവല്‍ക്കരണ അജന്‍ഡയായിരുന്നു. അതിന്റെ കരടുരൂപംമുതല്‍ വിശദാംശങ്ങള്‍വരെ തയ്യാറാക്കിയത് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കായിരുന്നു. സമ്പൂര്‍ണമായ സ്വകാര്യവല്‍ക്കരണവും സേവനമേഖലയില്‍നിന്നുള്ള പിന്മാറ്റവുമായിരുന്നു അജന്‍ഡയെന്ന് അക്കാലത്തെ യുഡിഎഫ് നേതൃത്വത്തിന്റെ പ്രസ്താവനകളും കോവളം തീരുമാനവും സംശയാതീതമായി വ്യക്തമാക്കും. "വികസനത്തിന്റെ ലാസ്റ്റ് ബെസ്സ്" എന്ന ആന്റണിയുടെയും "നിക്ഷേപക സൗഹൃദ അന്തരീക്ഷം" എന്ന കുഞ്ഞാലിക്കുട്ടിയുടെയും സൂക്തങ്ങളില്‍ നിഴലിച്ചിരുന്നത് ഈ അജന്‍ഡയായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സാമൂഹ്യവികസനം തുടങ്ങിയ വകുപ്പുകളിലെ തസ്തികകളായിരുന്നു വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത് എന്നതും ആ അജന്‍ഡയിലേക്കുള്ള സൂചികയായിരുന്നു.

പൊതുസമൂഹത്തെ ജീവനക്കാര്‍ക്കെതിരെ തിരിക്കാനുള്ള പ്രചണ്ഡമായ പ്രചാരണത്തോടെയായിരുന്നു ഈ അജന്‍ഡയ്ക്ക് തുടക്കമിട്ടത്. ഒരുലക്ഷത്തോളമുള്ള കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ അധികമാണെന്നും അവര്‍ അമിതമായ ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്നവരാണെന്നുമായിരുന്നു പ്രചാരണം. "സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം അങ്ങനെ സുഖിക്കണ്ട" എന്ന അന്ന് യുഡിഎഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ഈ പ്രചാരണത്തിന്റെ ഒരു മാതൃകമാത്രം. സംഘടിതവും സമരശേഷിയുള്ളതുമായ വിഭാഗങ്ങളെ ഒറ്റതിരിച്ച് ആക്രമിച്ച് കീഴ്പ്പെടുത്തിക്കഴിഞ്ഞാല്‍ സമൂഹത്തെ അനായാസം നിരായുധരാക്കി മൂലധനശക്തികള്‍ക്ക് അടിയറവയ്ക്കാനാകുമെന്നായിരുന്നു യുഡിഎഫിന്റെ കണക്കുകൂട്ടല്‍ . ചുമട്ടുതൊഴിലാളിനിയമത്തില്‍ ഭേദഗതിവരുത്തി, തൊഴില്‍തര്‍ക്കങ്ങളില്‍ പൊലീസിന്റെ ഇടപെടല്‍ അംഗീകരിക്കുന്ന നിയമം കൊണ്ടുവന്നതും ഇതേകാലത്താണെന്ന് ഓര്‍ക്കണം.
യുഡിഎഫിന്റെയും അവര്‍ക്ക് പിന്നില്‍ ചരടുവലി നടത്തിയ അന്താരാഷ്ട്രമൂലധനശക്തികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടായിരുന്നു ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ചരിത്രം സൃഷ്ടിച്ച് മുന്നേറിയത്. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവിതരണത്തില്‍ വരുന്ന മാറ്റം, ശമ്പളത്തിലും പെന്‍ഷനിലും മറ്റാനുകൂല്യങ്ങളിലും ഉണ്ടാകുന്ന കുറവ്, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കപ്പെടുന്നത്- ഇവയെല്ലാം പൊതുസമൂഹത്തിലാകെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന തിരിച്ചറിവ് തൊഴിലാളികളില്‍ മാത്രമല്ല, സമസ്തവിഭാഗങ്ങളിലും ഉണ്ടായതോടെ കേരളം ഒന്നടങ്കം ഈ പണിമുടക്കിന് പിന്നില്‍ അണിനിരന്നു. ജീവനക്കാരുടെ ശമ്പളത്തിലും പെന്‍ഷനിലും മറ്റാനുകൂല്യങ്ങളിലും കുറവുവരുത്തിയാല്‍ അത് മറ്റു തൊഴിലാളിവിഭാഗങ്ങളുടെ കൂലിയിലും ആനുകൂല്യങ്ങളിലും പ്രതിഫലിക്കും. കക്ഷി-രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസമൂഹത്തിന്റെ പിന്തുണ പണിമുടക്കിന് ലഭിച്ചതിന് കാരണങ്ങളിലൊന്ന് ഇതാണ്. ജീവനക്കാരില്‍ ഉയര്‍ന്നുവന്ന ഐക്യബോധവും സമരസന്നദ്ധതയും അഭൂതപൂര്‍വമായിരുന്നു. സര്‍ക്കാരിന്റെ നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്നതില്‍ അത് വലിയ പങ്കാണ് വഹിച്ചത്. കക്ഷിരാഷ്ട്രീയത്തിന്റെയും സംഘടനാഭേദത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചുള്ള മഹാമുന്നേറ്റമായിരുന്നു അന്ന് ദൃശ്യമായത്. 2002 ജനുവരി ഒമ്പതുമുതല്‍ ആ ഐക്യവും സമരസന്നദ്ധതയും സുനാമിപോലെ കേരളത്തില്‍ അലയടിച്ചുയര്‍ന്നു. പണിമുടക്കിയ ജീവനക്കാരാകെ പ്രകടനങ്ങളിലുള്‍പ്പെടെ നാനാവിധ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെട്ട് കേരളത്തെ ഇളക്കിമറിച്ചു.

ജാതിമത പിന്തിരിപ്പന്‍ ശക്തികളെയും സാമൂഹ്യവിരുദ്ധരെയും അണിനിരത്തി പണിമുടക്ക് പൊളിക്കാനായിരുന്നു യുഡിഎഫ് ശ്രമിച്ചത്. ജാതിസംഘടനകളും മതസംഘടനകളും പ്രസ്താവനകളും പ്രചാരണങ്ങളുമായി എത്തിയതും ഇടയലേഖനങ്ങള്‍ ഇറങ്ങിയതും ഒരു പണിമുടക്ക് രംഗത്ത് ഇദംപ്രഥമമായിരുന്നു. പണിമുടക്കിയ ജീവനക്കാരെയോ അതിനനുകൂലമായി രംഗത്തെത്തിയ പൊതുസമൂഹത്തെയോ ഭിന്നിപ്പിക്കാന്‍ ഇതുകൊണ്ടൊന്നും ആകില്ലെന്ന് കണ്ട അത്തരം ദുഷ്ടശക്തികള്‍ക്ക് പിന്തിരിയേണ്ടിവന്നതും ചരിത്രം. ആഗോളവല്‍ക്കരണത്തിന്റെ നവലിബറല്‍ അജന്‍ഡയെ ചെറുത്തുതോല്‍പ്പിക്കാനാവുമെന്ന് അധ്വാനിക്കുന്നവര്‍ക്കാകെ ബോധ്യംവന്നത് പണിമുടക്കിന്റെ സവിശേഷനേട്ടമായിരുന്നു. അതുകൊണ്ടാണ് സര്‍ക്കാര്‍ മുട്ടുമടക്കിയിട്ടും പണിമുടക്ക് പരാജയമായിരുന്നുവെന്ന പ്രചാരണം അഴിച്ചുവിടാന്‍ ഭരണാധികാരികളും കോര്‍പറേറ്റ് മാധ്യമങ്ങളും കൊണ്ടുപിടിച്ച് പ്രചാരണം നടത്തിയത്. ജനുവരി 16ന്റെ ഉത്തരവില്‍ ഒന്നെങ്കിലും യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിനായോ എന്ന പരിശോധനയ്ക്ക് മുതിരാതെ എന്തുനേടി എന്ന് ജീവനക്കാരോട് ചോദിച്ച ചില മാധ്യമവീരന്മാര്‍ സ്വയം പരിഹാസ്യരായതും അന്ന് കേരളം കണ്ടു.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയതോടെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും നിയമനനിരോധനത്തിനും നീക്കം നടത്തുമ്പോള്‍ 2002ലെ ഐതിഹാസിക പ്രക്ഷോഭത്തിന്റെ ഓര്‍മപുതുക്കുന്നത് ഏറെ പ്രസക്തമാണ്. അത്തരം നീക്കങ്ങളെ ചെറുക്കാന്‍ ജീവനക്കാര്‍ക്ക് ആ അനുഭവം കരുത്തുപകരുന്നതോടൊപ്പം ഭരണാധികാരികള്‍ക്ക് താക്കീതുമാകും.

*
കെ വരദരാജന്‍ 06 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ഐതിഹാസികമായ പണിമുടക്കിന്റെ പത്താംവാര്‍ഷികമാണ് ഫെബ്രുവരി ആറ്. ആഗോളാടിസ്ഥാനത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു 2002 ഫെബ്രുവരി ആറിന് ആരംഭിച്ച ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്. എ കെ ആന്റണിയുടെ നേതൃത്വത്തില്‍ , കേരളചരിത്രത്തെത്തന്നെ 50 വര്‍ഷം പിന്നിലേക്ക്- 1957നുമുമ്പുള്ള അവസ്ഥയിലേക്ക്- തിരിച്ചുകൊണ്ടുപോകാനുള്ള നവലിബറല്‍ നയത്തിന്റെ ഉറഞ്ഞുതുള്ളലിനെതിരെയാണ് അന്ന് ജീവനക്കാരും അധ്യാപകരും ഒറ്റക്കെട്ടായി, ഒരു മനസ്സോടെ പൊരുതിയത്. തൊഴിലാളിവര്‍ഗസമരചരിത്രത്തില്‍ മാത്രമല്ല കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലും അടയാളപ്പെടുത്തപ്പെട്ടതാണ് 2002ലെ ആ 32 ദിനരാത്രങ്ങള്‍ .