Tuesday, February 14, 2012

പുലപ്പള്ളികള്‍ നിര്‍മിച്ചവരുടെ പ്രത്യയശാസ്ത്രം

"അനീതിയുടെ കാലത്ത് നിങ്ങള്‍ നിഷ്പക്ഷനാണെങ്കില്‍ നിങ്ങള്‍ മര്‍ദിതരുടെ പക്ഷത്താണ്." (ഡെസ്മണ്ട് ടുട്ടു, ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ മുന്‍ ആര്‍ച്ച് ബിഷപ്പ്) "ഞാന്‍ അവര്‍ക്ക് ഭക്ഷണം നല്‍കിയപ്പോള്‍ അവര്‍ എന്നെ വിശുദ്ധനെന്നു വിളിച്ചു. എന്തുകൊണ്ടാണ് അവര്‍ ദരിദ്രരായിരിക്കുന്നതെന്ന് അന്വേഷിച്ചപ്പോള്‍ അവര്‍ എന്നെ കമ്യൂണിസ്റ്റെന്നു വിളിച്ചു." (ഹെല്‍ഡര്‍ കാമറ, റോമന്‍ കത്തോലിക്കാ സഭയുടെ ബ്രസീലിലെ മുന്‍ ആര്‍ച്ച് ബിഷപ്പ്) യേശുക്രിസ്തുവിനെയും ബൈബിളിനെയുംകുറിച്ചുള്ള വ്യാഖ്യാനങ്ങളിലെല്ലാം നിഴലിക്കുന്നത് അവരവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രമാണെന്ന ചരിത്രം പുതിയ വിവാദവും നമ്മെ ബോധ്യപ്പെടുത്തുന്നു. ക്രിസ്തുവിന്റെ സന്ദേശം സ്നേഹവും സമാധാനവുമാണെന്നു പറഞ്ഞവര്‍ തന്നെ നിലവിലുള്ള വ്യവസ്ഥിതിയെ സംരക്ഷിക്കാന്‍ കുരിശുയുദ്ധങ്ങളെയും കിരാതഭരണാധികാരികളെയും ബൈബിള്‍ വചനം ഉപയോഗിച്ചു തന്നെ ന്യായീകരിച്ചതാണ് പോയകാല ചരിത്രം.

കോളനിവല്‍ക്കരണവും ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയും മറ്റു രാജ്യങ്ങളുടെമേലുള്ള സാമ്രാജ്യത്വ ശക്തികളുടെ കടന്നുകയറ്റവുമെല്ലാം ന്യായീകരിക്കപ്പെട്ടു. ഇപ്പോള്‍ യേശുക്രിസ്തു വിപ്ലവകാരിയാണെന്ന പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളില്‍ തെളിയുന്നതും വര്‍ഗ താല്‍പ്പര്യമാണെന്നത് മാര്‍ക്സാണ് ശരിയെന്ന വിലയിരുത്തലിനെത്തന്നെയാണ് ശരിവയ്ക്കുന്നത്. വിമോചനമെന്ന പദത്തിന്റെ മഹത്തായ അര്‍ഥത്തെത്തന്നെ അശ്ലീലമാക്കിയ വിമോചനസമരത്തില്‍ എല്ലാ പേക്കൂത്തുകള്‍ക്കും യേശുവിനെ കരുവാക്കിയവര്‍ തന്നെയാണ് യേശുവിന്റേത് സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യയശാസ്ത്രമാണെന്നു പറയുന്നത് എന്നത് മറ്റൊരു വൈരുധ്യം. നിന്ദിതരും പീഡിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും യേശുവിന്റെ വിപ്ലവസ്വഭാവം കണ്ടെത്തുമ്പോള്‍ അതിനെ മതനിന്ദയായി അവര്‍ കൊട്ടിഘോഷിക്കുന്നതില്‍ അതിശയമില്ല. യേശു എല്ലാവര്‍ക്കും സ്വന്തമായാല്‍ തങ്ങള്‍ക്കും തങ്ങള്‍ നിലനിര്‍ത്താനാഗ്രഹിക്കുന്ന വ്യവസ്ഥയ്ക്കും നഷ്ടമുണ്ടാകുമെന്ന ബോധ്യമാണ് യഥാര്‍ഥത്തില്‍ യേശുവിനെ വിപ്ലവകാരിയെന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ കമ്യൂണിസ്റ്റുകാരെ ക്രൂശിക്കാന്‍ ഇറങ്ങിത്തിരിച്ചതിന്റെ കാരണമെന്നു കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. ഫലഭൂയിഷ്ഠമായ ഭൂമിയാലും ലോഹനിക്ഷേപത്താലും അനുഗൃഹീതമായ ദക്ഷിണാഫ്രിക്കയിലെ കറുത്തവരെ അടിമകളാക്കിയവര്‍ 1948 മുതല്‍ 1994 വരെ വര്‍ണവെറിയന്‍ ഭരണകൂടത്തെ നയിച്ചത് ബൈബിളിനെയും ക്രിസ്തുവിനെയും തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിച്ചായിരുന്നു.

ജനാധിപത്യത്തിന്റെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയുടെയടക്കം പിന്തുണയോടെയായിരുന്നു വംശീയതയുടെ പേരിലുള്ള ഈ മഹാപാപം. വര്‍ണവിവേചനം നിയമവിധേയമാക്കിയ വെള്ളക്കാര്‍ അടിമത്തം നിലനിര്‍ത്താന്‍ അത് ദൈവദത്തവും ദൈവേഷ്ടവുമാണെന്ന് ബൈബിളിനെ അവലംബിച്ചു തന്നെ വാദിച്ചു. യേശു അടിമത്തത്തെ എതിര്‍ത്തിട്ടില്ലെന്ന് വ്യാഖ്യാനിച്ച വര്‍ണവെറിയന്‍ ഭരണകൂടത്തിന് അടിമത്തം ദൈവനീതി തന്നെയായിരുന്നു. മഹാഭൂരിപക്ഷമായ കറുത്തവരെ ന്യൂനപക്ഷമായ വെള്ളക്കാര്‍ ബൈബിളിന്റെ ദുര്‍വ്യാഖ്യാനത്തിലൂടെ ചവിട്ടിമെതിച്ചു. കറുത്തവരുടെ ഭൂമിയും സംസ്കാരവും അവകാശങ്ങളുമെല്ലാം ഇല്ലാതാക്കിയ വെള്ളക്കാര്‍ അവരെ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും വേലികെട്ടിത്തിരിച്ചു. അവര്‍ക്കുവേണ്ടി പ്രത്യേകം പാതകളും പ്രത്യേക സ്കൂളും പ്രത്യേക പള്ളിയും പ്രത്യേകം ക്രിസ്തുവിനെയും സൃഷ്ടിച്ചു നല്‍കി. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ അടിച്ചമര്‍ത്തലിനു വിധേയരായ കറുത്തവര്‍ഗക്കാര്‍ തേടിയത് വെള്ളക്കാരുടെ ക്രിസ്തുവിനെയായിരുന്നില്ല. തങ്ങളുടെ പരിതാപകരമായ അവസ്ഥയിലും ദുരിതപര്‍വങ്ങളിലും നിരന്തരം ഇടപെടാന്‍ ഇഷ്ടപ്പെടുന്നവനെന്ന് അവര്‍ കരുതിയ വിമോചകനായ ക്രിസ്തുവിനെയായിരുന്നു. ആ ക്രിസ്തുവിെന്‍റ നിറം കറുത്തതായിരുന്നു. മുടിയിഴകള്‍ നീഗ്രോയുടേതും. കറുത്തവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ടിക്കുമൊപ്പം കേപ്ടൗണിലെ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിനെപ്പോലുള്ള കറുത്ത വര്‍ഗക്കാരായ മഹാപുരോഹിതരുമുണ്ടായിരുന്നു. വെള്ളക്കാരും കറുത്ത വര്‍ഗക്കാരും ക്രിസ്തീയതയെ എങ്ങനെയാണ് കണ്ടിരുന്നതെന്ന് ഡെസ്മണ്ട് ടുട്ടുവിന്റെ പ്രസിദ്ധമായ ഉദ്ധരണിയില്‍നിന്ന് വായിച്ചെടുക്കാം.

മിഷണറിമാര്‍ ആഫ്രിക്കയില്‍ വന്നപ്പോള്‍ അവരുടെ കൈയില്‍ ബൈബിളും ഞങ്ങളുടെ കൈയില്‍ ഭൂമിയുമുണ്ടായിരുന്നു. നമുക്ക് പ്രാര്‍ഥിക്കാമെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ കണ്ണുകളടച്ചു. ഞങ്ങള്‍ കണ്ണു തുറന്നപ്പോള്‍ ഞങ്ങളുടെ കൈയില്‍ ബൈബിളും അവരുടെ കൈയില്‍ ഭൂമിയുമായിരുന്നു. വര്‍ണവെറിക്കെതിരെ പൊരുതുമ്പോഴും കമ്യൂണിസത്തിന്റെ വിമര്‍ശകനായിരുന്നു ടുട്ടു. എന്നാല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് നെല്‍സണ്‍ മണ്ടേലക്കും കമ്യൂണിസ്റ്റ് നേതാവ് ക്രിസ് ഹാനിക്കുമൊപ്പംനിന്ന് വര്‍ണവെറിക്കെതിരെ പൊരുതാന്‍ അദ്ദേഹത്തിന് അതു തടസമായില്ല. അമേരിക്കയിലെ അടിമകളായിരുന്ന ആഫ്രിക്കന്‍ അമേരിക്കക്കാരും ക്രിസ്തുവില്‍ വിപ്ലവകാരിയെ കണ്ടു. കറുത്തദൈവ പ്രസ്ഥാനത്തിന്റെ പ്രചാരകനായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിങ്. അദ്ദേഹത്തിെന്‍റ ദൈവശാസ്ത്രം ക്രിസ്തുവിനെ വിമോചകനായി കാണാന്‍ പഠിപ്പിച്ചു. ബൈബിളിലെ പഴയനിയമ പുസ്തകത്തിലെ ചില ഭാഗങ്ങളെടുത്ത്് അടിമത്തത്തെ ന്യായീകരിക്കാനുള്ള വെള്ളക്കാരുടെ ശ്രമത്തെ അദ്ദേഹം എതിര്‍ത്തു. സുവിശേഷം അവഗണിക്കുകയും പൗലോസ് ശ്ലീഹായുടെ ലേഖനങ്ങള്‍ പഠിപ്പിക്കുകയുമായിരുന്നു കിരാത വ്യവസ്ഥ നിലനിര്‍ത്താനും അടിമത്തത്തെ ന്യായീകരിക്കാനും വെള്ളക്കാര്‍ ചെയ്തത്. മരിച്ച് സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ തങ്ങള്‍ക്ക് രക്ഷകിട്ടുമെന്ന പരമ്പരാഗത പഠിപ്പിക്കലില്‍നിന്നു വ്യത്യസ്തമായി, ഫറവോന്റെ അടിമത്ത നുകത്തില്‍നിന്ന് മോശയിലൂടെ ജനങ്ങളെ മോചിപ്പിച്ച ദൈവം തങ്ങളെയും മോചിപ്പിക്കുമെന്ന്അവര്‍ വിശ്വസിച്ചു.

അടിമത്തത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വെളുത്ത ക്രിസ്തുവും സുവിശേഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന യഥാര്‍ഥക്രിസ്തുവും തമ്മിലുള്ള വൈരുധ്യം അവര്‍ തിരിച്ചറിഞ്ഞു. ഇത്തരം കണ്ടെത്തലുകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ, പ്രത്യേകിച്ച് ആഫ്രിക്കയിലും അമേരിക്കയിലും അനീതിക്കു പാത്രമായിക്കൊണ്ടിരിക്കുന്നവരുടെ മോചനം ലക്ഷ്യമാക്കി കറുത്ത ദൈവശാസ്ത്രംതന്നെ രൂപംകൊള്ളാന്‍ ഇടയാക്കി. 1950-60 കാലഘട്ടത്തില്‍ ലാറ്റിന്‍ അമേരിക്കയില്‍ രൂപംകൊണ്ട വിമോചന ദൈവശാസ്ത്രവും യേശുവെന്ന വിമോചകനെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുകയായിരുന്നു. അവിടെ കമ്യൂണിസ്റ്റുകാരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടെയുള്ളവര്‍ നിരീശ്വരവാദികളാണെന്നത് പ്രശ്നമായിരുന്നില്ല. അനീതി നിറഞ്ഞ സാമ്പത്തിക-രാഷ്ട്രീയ- സാമൂഹ്യ-സാഹചര്യങ്ങളില്‍നിന്നുള്ള മോചനത്തെ യേശുവിന്റെ പഠിപ്പിക്കലുമായി ബന്ധിപ്പിച്ച് വ്യാഖ്യാനിച്ച വിമോചന ദൈവശാസ്ത്രം പുതിയ ക്രിസ്തുവിനെയാണ് അവതരിപ്പിച്ചത്. മര്‍ദിതരുടെയും ദരിദ്രരുടെയും ആലംബഹീനരുടെയും പാപികളെന്ന് മുദ്രകുത്തി കല്ലെറിഞ്ഞുകൊല്ലാന്‍ വിധിക്കപ്പെട്ടവരുടെയും പക്ഷം ചേരുന്ന ക്രിസ്തുവിനെ. ദൈവം യേശുവിലൂടെ അഥവാ മനുഷ്യാവതാരത്തിലൂടെ ദരിദ്രനും മര്‍ദിതനുമായി താദാത്മ്യപ്പെടുകയായിരുന്നുവെന്ന് അവര്‍ വിശ്വസിച്ചു. അടിമകള്‍ക്കു നല്‍കിയ ശിക്ഷയായിരുന്നു കുരിശ്.

ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്്, പൗരോഹിത്യത്തിന്റെ തെറ്റായ നിലപാടിനെ ചോദ്യംചെയ്തതിന്, പതിതരുടെയും ആലംബഹീനരുടെയും പക്ഷം ചേര്‍ന്നതിന് യേശുവിന് കിട്ടിയ ശിക്ഷയായിരുന്നു കുരിശുമരണം. ലോകത്തിലുണ്ടായ ഇത്തരം ചിന്താസരണികളോടെല്ലാം പുറംതിരിഞ്ഞു നില്‍ക്കാനും വലതുപക്ഷത്തിന്റെ കൂഴലൂത്തുകാരാകാനുമാണ് നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ കത്തോലിക്കാ സഭയുടെ നിയോഗം. അകത്തോലിക്കാ സഭകളിലുണ്ടായ മാറ്റത്തിന്റെ കാറ്റ് തങ്ങളുടെ സഭയെ ബാധിക്കാതെ തടഞ്ഞുനിര്‍ത്താന്‍ വിമോചനസമരത്തില്‍ നിര്‍ലജ്ജം ഊറ്റംകൊള്ളുന്ന നേതൃത്വം നിലകൊള്ളുന്നു. സര്‍വജനത്തിനും വരുവാനിരിക്കുന്ന മഹാസന്തോഷമായി ഉദ്ഘോഷിക്കപ്പെട്ട ക്രിസ്തുവിനെ ആരാധിക്കാന്‍ അധസ്ഥിതര്‍ക്ക്ഭപുലപ്പള്ളികള്‍ നിര്‍മിച്ചു നല്‍കിയവരുടെ നിലപാടുകള്‍ ഒരര്‍ഥത്തില്‍ വര്‍ണവെറിക്ക് തുല്യമാണെന്ന വിലയിരുത്തലിനെ അവഗണിക്കാനാവില്ല.

സ്ത്രീകള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കുമൊന്നും സഭയുടെ മുഖ്യധാരയില്‍ ഇന്നും സ്ഥാനമില്ല. സിറിയന്‍ ,പാശ്ചാത്യ പാരമ്പര്യങ്ങളിലും നമ്പൂതിരിമാരില്‍ നിന്നു ഭമതം മാറിയതിലും ഊറ്റം കൊള്ളുന്ന ഇവരും വംശമഹിമയുടെ പ്രത്യയശാസ്ത്രംതന്നെ കൊണ്ടുനടക്കുന്നു. പാവപ്പെട്ടവരെ സഹായിക്കാനും അവര്‍ക്ക് ഭൂമി നല്‍കാനും ശ്രമിച്ച 1957ലെ സര്‍ക്കാരിനെ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങുകവഴി സഭ അധര്‍മത്തിെന്‍റ കൂടെയാണെന്ന് തെളിയിച്ചു. കമ്യൂണിസ്റ്റുകാരുടേത് ഹിംസയുടെ പ്രത്യയശാസ്ത്രമാണെന്നും ക്രിസ്ത്യാനികളുടേത് സ്നേഹത്തിെന്‍ പ്രത്യയശാസ്ത്രമാണെന്നും പറയുന്നവരായിരുന്നു അന്ന് ദുഷ്പ്രചാരണങ്ങളും മാരകായുധങ്ങളുമായി അക്രമസമരത്തിന് വിശ്വാസികളെ തെരുവിലിറക്കിയത്. അന്ന് അവര്‍ നിലനിര്‍ത്താന്‍ ശ്രമിച്ച ചൂഷണവ്യവസ്ഥ ഇന്നും പുതിയ രൂപത്തില്‍ തുടരുകയാണ്. സ്വാശ്രയ കോളേജുകളിലെയും അധ്യാപക നിയമനങ്ങളിലെയും ലേലം വിളികളിലൂടെയും നേഴ്സുമാര്‍ക്കും അണ്‍ എയ്ഡഡ് സകൂളുകളിലെ അധ്യാപകര്‍ക്കും ശമ്പളമായി നക്കാപ്പിച്ച നല്‍കുന്നതിലൂടെയുമൊക്കെ. ഈ സാഹചര്യത്തിലാണ് അനീതിക്കും അക്രമത്തിനും ആരാധനാലയങ്ങളെ കള്ളന്മാരുടെ ഗുഹയാക്കുന്നതിനുമെതിരെ നിലപാടെടുക്കുന്ന, മര്‍ദിതരുടെ പക്ഷം പിടിക്കുന്ന, വിപ്ലവകാരിയായ ക്രിസ്തുവെന്ന ആശയം കേരളത്തിലും പ്രസക്തമാകുന്നത്.

*
ലെനി ജോസഫ് ദേശാഭിമാനി 13 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"അനീതിയുടെ കാലത്ത് നിങ്ങള്‍ നിഷ്പക്ഷനാണെങ്കില്‍ നിങ്ങള്‍ മര്‍ദിതരുടെ പക്ഷത്താണ്." (ഡെസ്മണ്ട് ടുട്ടു, ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ മുന്‍ ആര്‍ച്ച് ബിഷപ്പ്) "ഞാന്‍ അവര്‍ക്ക് ഭക്ഷണം നല്‍കിയപ്പോള്‍ അവര്‍ എന്നെ വിശുദ്ധനെന്നു വിളിച്ചു. എന്തുകൊണ്ടാണ് അവര്‍ ദരിദ്രരായിരിക്കുന്നതെന്ന് അന്വേഷിച്ചപ്പോള്‍ അവര്‍ എന്നെ കമ്യൂണിസ്റ്റെന്നു വിളിച്ചു." (ഹെല്‍ഡര്‍ കാമറ, റോമന്‍ കത്തോലിക്കാ സഭയുടെ ബ്രസീലിലെ മുന്‍ ആര്‍ച്ച് ബിഷപ്പ്) യേശുക്രിസ്തുവിനെയും ബൈബിളിനെയുംകുറിച്ചുള്ള വ്യാഖ്യാനങ്ങളിലെല്ലാം നിഴലിക്കുന്നത് അവരവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രമാണെന്ന ചരിത്രം പുതിയ വിവാദവും നമ്മെ ബോധ്യപ്പെടുത്തുന്നു. ക്രിസ്തുവിന്റെ സന്ദേശം സ്നേഹവും സമാധാനവുമാണെന്നു പറഞ്ഞവര്‍ തന്നെ നിലവിലുള്ള വ്യവസ്ഥിതിയെ സംരക്ഷിക്കാന്‍ കുരിശുയുദ്ധങ്ങളെയും കിരാതഭരണാധികാരികളെയും ബൈബിള്‍ വചനം ഉപയോഗിച്ചു തന്നെ ന്യായീകരിച്ചതാണ് പോയകാല ചരിത്രം.