Thursday, February 9, 2012

സാം പിട്രോഡയും ആയുര്‍വേദവും

2009 മുതല്‍ വികസനപദ്ധതികളില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവാണ് സാം പിട്രോഡ. അമേരിക്കയിലെ ഇലക്ട്രോണിക് മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി പേരുകേട്ട ഒറീസക്കാരന്‍ . പക്ഷേ, അദ്ദേഹം കേരളത്തില്‍ വന്ന് സംസ്ഥാനത്തിന്റെ വികസന ഉപദേഷ്ടാവ് എന്ന നിലയ്ക്ക് പ്രഖ്യാപിച്ച പത്തിന പദ്ധതികളില്‍ ആയുര്‍വേദത്തെ സംബന്ധിച്ചുള്ള വികസന കാഴ്ചപ്പാട് 1995 മുതല്‍ ഇന്ത്യയിലെ "ആയുഷ്" വകുപ്പ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതും, എന്നാല്‍ കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നതുമായ പദ്ധതികളാണ്. ഈ പരാജയത്തെക്കുറിച്ച് പഠിച്ച തനിക്ക് പ്രസ്തുത പദ്ധതികള്‍ വിജയത്തിലെത്തിക്കണമെന്ന വാശിയുണ്ടെന്ന് പിട്രോഡ പറഞ്ഞിരുന്നെങ്കില്‍ പൂര്‍വചരിത്രം മനസ്സിലാക്കിയിട്ടുണ്ടെന്നെങ്കിലും അനുമാനിക്കാമായിരുന്നു. അതുണ്ടാകാത്തതിനാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന നിലയ്ക്കു മാത്രമേ ഈ പ്രഖ്യാപനത്തെ കാണാനാകൂ.

ഐഎഎസ് ഉദ്യോഗസ്ഥന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കീഴിലെ പ്രത്യേകവകുപ്പാണ് ആയുഷ്. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ദേശീയവും അന്തര്‍ദേശീയവുമായ വികസനവും പ്രചാരണവും ഉദ്ദേശിച്ച് രൂപീകരിച്ച വകുപ്പാണിത്. എല്ലാ ആധുനിക ആശുപത്രിയിലും ഒരു ആയുര്‍വേദ വിഭാഗം പ്രവര്‍ത്തിക്കണമെന്നും ഇത് തന്റെ വലിയ സ്വപ്നമാണെന്നുമുള്ള പിട്രോഡയുടെ വാക്കുകള്‍ ഒട്ടും പുതുമയുള്ളതല്ല. ആയുഷ് വകുപ്പ് ഈ പദ്ധതി പ്രഖ്യാപിക്കുകയും അതിന് വിനിയോഗിക്കാനുള്ള പണം ഉറപ്പാക്കുകയും ചെയ്തിട്ട് ഒരു ദശകമെങ്കിലും കഴിഞ്ഞു. എല്ലാം കടലാസ്സില്‍ ഒതുങ്ങി എന്നുമാത്രം. 2003ല്‍ രൂപപ്പെടുത്തിയ ഈ പദ്ധതിപ്രകാരം ആയുഷിന്റെ ഒന്നോ അതിലധികമോ യൂണിറ്റുകള്‍ താലൂക്ക്-ജില്ലാ ആശുപത്രികള്‍ , മെഡിക്കല്‍ കോളേജുകള്‍ , സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്നതിന് 35 ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കും. ഇതിനു പുറമെ പഞ്ചകര്‍മ യൂണിറ്റ് സ്ഥാപിക്കാന്‍ 22 ലക്ഷം രൂപ, ക്ഷാരസൂത്ര ചികിത്സ (ഭഗന്ദരം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ ശസ്ത്രക്രിയ) യൂണിറ്റിന് 22 ലക്ഷം രൂപ എന്നിങ്ങനെ ധനസഹായം നല്‍കും. അലോപ്പതി ആശുപത്രികളിലാണ് ഇതു നടപ്പാക്കേണ്ടത് എന്നതിനാല്‍ കേരളത്തിലെ നടത്തിപ്പുചുമതല മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ക്കുമാണ് നല്‍കിയത്.

എന്നാല്‍ , പദ്ധതി ഇപ്പോഴും പരണത്തുതന്നെയാണ്. കേരളത്തിലെ പേരുകേട്ട പല സ്വകാര്യ ആശുപത്രികളും കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള ആ ധനസഹായം ഉപയോഗപ്പെടുത്തി പഞ്ചകര്‍മ യൂണിറ്റുകള്‍ സ്ഥാപിച്ചു. പക്ഷേ, സര്‍ക്കാര്‍മേഖലയില്‍ ഇതുവരെ പദ്ധതി നടപ്പാക്കാനുള്ള ശ്രമമൊന്നുമുണ്ടായിട്ടില്ല. അലോപ്പതിമേഖലയിലെ ചില സംഘടനകളും വ്യക്തികളുമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ പദ്ധതി നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്നത്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് (എന്‍ആര്‍എച്ച്എം) കേന്ദ്രസര്‍ക്കാര്‍ 2005-06 വര്‍ഷത്തില്‍ 6700 കോടി രൂപ വകയിരുത്തുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 30 ശതമാനം തുക വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച്് ആയുര്‍വേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സാരീതികളെ പൊതുജനാരോഗ്യസംരക്ഷണത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയും പ്രാവര്‍ത്തികമായില്ല. എന്തൊക്കെയായിരുന്നു ആ പദ്ധതികള്‍ എന്നത് സാം പിട്രോഡ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലെ വിദഗ്ധരുടെ സേവനം, ഔഷധങ്ങള്‍ എന്നിവ പൊതുജനാരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുക, ഗ്രാമങ്ങളില്‍ വിതരണംചെയ്യുന്ന മെഡിക്കല്‍ കിറ്റില്‍ ഈ വിഭാഗങ്ങളുടെ ഔഷധങ്ങള്‍കൂടി ഉള്‍പ്പെടുത്തുക, സര്‍വസാധാരണമായുള്ള രോഗങ്ങള്‍ക്ക് ആയുര്‍വേദമുള്‍പ്പെടെയുള്ള ചികിത്സാസമ്പ്രദായത്തിലൂടെ നല്‍കുന്ന ഔഷധങ്ങള്‍ സൂക്ഷിക്കാനും വിതരണംചെയ്യാനും പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും രണ്ടു മുറികള്‍ നല്‍കുക, ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സെന്ററിന്റെ മാതൃകയില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ "ആയുഷ്" ഡോക്ടര്‍മാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും രണ്ടു മുറി ഉപയോഗത്തിന് വിട്ടുകൊടുത്ത് പൊതുജനാരോഗ്യ ചുമതലകള്‍ നല്‍കുക, ഒരു ഡോക്ടര്‍മാത്രമുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ രണ്ടു ഡോക്ടര്‍മാരുള്ള കേന്ദ്രങ്ങളായി ഉയര്‍ത്തുക, ഒരു ഡോക്ടര്‍ തസ്തികയില്‍ ആയുഷ് വിഭാഗത്തില്‍നിന്നുള്ളവരെ നിയമിക്കുക- ഇങ്ങനെ പൊതുജനോപകാരപ്രദവും പുരോഗമനപരവുമായ നിര്‍ദേശങ്ങള്‍ നിരവധിയുണ്ടായിരുന്നു.

എന്നാല്‍ , എന്‍ആര്‍എച്ച്എം ആകെ ചെയ്യുന്നത് കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലോ ഡിസ്പെന്‍സറികളിലോ പിഎസ്സിയില്‍നിന്ന് ഒഴിവു നികത്താതെ കിടക്കുന്ന മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് "വാക്ക് ഇന്‍ ഇന്റര്‍വ്യൂ" നടത്തി താല്‍ക്കാലികമായി നിയമിക്കുക എന്നത് മാത്രമാണ്. പദ്ധതിയുടെ വിപുലമായ കാഴ്ചപ്പാടും കേരളത്തില്‍ എന്‍ആര്‍എച്ച്എമ്മിന്റെ ആസൂത്രണവും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്നു സാരം. ചികിത്സാശാസ്ത്രങ്ങളുടെ സമന്വയത്തിനായി കേന്ദ്രാവിഷ്കൃതപദ്ധതികളുണ്ട്. മലേറിയ, കുഷ്ഠം, ക്ഷയം, എയ്ഡ്സ്, ലൈംഗികരോഗങ്ങള്‍ എന്നിവയുടെ നിര്‍മാര്‍ജനം, അന്ധതാ നിവാരണം, കുട്ടികളുടെ ആരോഗ്യസംരക്ഷണം, കുടുംബക്ഷേമപദ്ധതികള്‍ എന്നിവയ്ക്കായി പാഥമികാരോഗ്യകേന്ദ്രങ്ങള്‍വഴി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യോഗ, യുനാനി തുടങ്ങിയവ ഉള്‍ച്ചേര്‍ത്തു കൊണ്ടുള്ള പദ്ധതികളാണിതില്‍ പ്രധാനം. ഹിമാചല്‍പ്രദേശ് അടക്കമുള്ള പല സംസ്ഥാനങ്ങളും ഈ പദ്ധതികളില്‍ പലതും നടപ്പാക്കിയിട്ടുണ്ട്.

എന്നാല്‍ , കേരളത്തില്‍ ഇതൊന്നും പ്രാവര്‍ത്തികമായിട്ടില്ല. പദ്ധതി നടപ്പാക്കാന്‍ ഏറ്റവും പ്രധാനം സെക്രട്ടറിയറ്റില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനു കീഴില്‍ "ആയുഷ്" രൂപീകരിക്കുകയാണ് വേണ്ടതെന്നും ആയുഷിന്റെയും കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും ധനവിനിയോഗവും പദ്ധതി നടപ്പാക്കലും ഈ വകുപ്പിനെ ഏല്‍പ്പിക്കണമെന്നും ആയുര്‍വേദമേഖലയിലുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. പദ്ധതികളുടെ രൂപരേഖ ആവിഷ്കരിക്കുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍മേഖലയിലും എയ്ഡഡ് മേഖലകളിലുമായി അഞ്ച് ആയുര്‍വേദ കോളേജായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ സ്വാശ്രയമേഖലയിലടക്കം 17 ആയുര്‍വേദകോളേജുണ്ട്. അതായത്, പദ്ധതി പ്രഖ്യാപിച്ച കാലത്തുള്ളതിനേക്കാള്‍ മൂന്നിരട്ടി പേര്‍ ആയുര്‍വേദ കോളജുകളില്‍നിന്ന് പുറത്തുവരുന്നു. എന്നാല്‍ , തൊഴിലവസരങ്ങള്‍ ഒട്ടും വര്‍ധിക്കുന്നില്ല. തൊഴില്‍സാധ്യതയ്ക്കുള്ള അവസരങ്ങളാണ് പദ്ധതി നടപ്പാക്കാത്തതുമൂലം ഇല്ലാതായതെന്നും സാം പിട്രോഡ അറിയണം. യോഗ്യതയുള്ളവരുടെ സേവനം കാര്യക്ഷമമായി ആയുര്‍വേദത്തില്‍ വിനിയോഗിക്കപ്പടുന്നില്ല എന്ന പിട്രോഡയുടെ പ്രസ്താവന ഇതോടു ചേര്‍ത്തു വായിക്കണം. അദ്ദേഹം പറയുന്ന മറ്റൊരു കാര്യം, ചികിത്സാശാസ്ത്രങ്ങള്‍ക്കിടയില്‍ വന്‍മതിലുകളാണ് ഇപ്പോഴുള്ളതെന്നാണ്. ഇത് തകര്‍ക്കപ്പെട്ടാല്‍ മാത്രമേ ആയുര്‍വേദംപോലെയുള്ള ചികിത്സാശാസ്ത്രങ്ങള്‍ വളരുന്നതിനും അതിന്റെ കൂടുതല്‍ പ്രയോജനങ്ങള്‍ ജനസമൂഹത്തിനു ലഭ്യമാക്കുന്നതിനും സാഹചര്യം ഒരുങ്ങുകയുള്ളൂ എന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നാണ് ഇതിനാവശ്യമായ നടപടികളുണ്ടാകേണ്ടത്. അതിനാണ് പിട്രോഡ ശ്രമിക്കേണ്ടത്; അല്ലാതെ കേരളത്തില്‍ വന്ന് പ്രസ്താവന നടത്തിയതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

*
ഡോ. കെ ജ്യോതിലാല്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2009 മുതല്‍ വികസനപദ്ധതികളില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവാണ് സാം പിട്രോഡ. അമേരിക്കയിലെ ഇലക്ട്രോണിക് മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി പേരുകേട്ട ഒറീസക്കാരന്‍ . പക്ഷേ, അദ്ദേഹം കേരളത്തില്‍ വന്ന് സംസ്ഥാനത്തിന്റെ വികസന ഉപദേഷ്ടാവ് എന്ന നിലയ്ക്ക് പ്രഖ്യാപിച്ച പത്തിന പദ്ധതികളില്‍ ആയുര്‍വേദത്തെ സംബന്ധിച്ചുള്ള വികസന കാഴ്ചപ്പാട് 1995 മുതല്‍ ഇന്ത്യയിലെ "ആയുഷ്" വകുപ്പ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതും, എന്നാല്‍ കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നതുമായ പദ്ധതികളാണ്. ഈ പരാജയത്തെക്കുറിച്ച് പഠിച്ച തനിക്ക് പ്രസ്തുത പദ്ധതികള്‍ വിജയത്തിലെത്തിക്കണമെന്ന വാശിയുണ്ടെന്ന് പിട്രോഡ പറഞ്ഞിരുന്നെങ്കില്‍ പൂര്‍വചരിത്രം മനസ്സിലാക്കിയിട്ടുണ്ടെന്നെങ്കിലും അനുമാനിക്കാമായിരുന്നു. അതുണ്ടാകാത്തതിനാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന നിലയ്ക്കു മാത്രമേ ഈ പ്രഖ്യാപനത്തെ കാണാനാകൂ.