Sunday, February 26, 2012

ശബ്ദിക്കരുത്

തിന്മയുടെ വിഷം പാനംചെയ്യുന്നവര്‍ തങ്ങള്‍ക്ക് മാര്‍ഗതടസ്സമുണ്ടാക്കുന്നവരെ നിഷ്കാസനം ചെയ്യുന്നു. ഇന്ത്യയില്‍ ഇന്ന് അതിക്രൂരമാം വിധം പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. പതിറ്റാണ്ടിനിടെ രാജ്യത്ത് കോളിളക്കമുണ്ടാക്കിയ വമ്പന്‍ അഴിമതിക്കൊള്ളകള്‍ പുറത്തുകൊണ്ടുവന്ന, അധികാര രാഷ്ട്രീയവും മാഫിയാ സംഘങ്ങളും നിയമപാലകരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടുകള്‍ നിരന്തരമായി വിളിച്ചുപറയുന്ന പത്രപ്രവര്‍ത്തകര്‍ . ഒരു തുണ്ടു കടലാസില്‍ കുറിച്ചിട്ട കവര്‍ നഗരത്തിലേക്കുള്ള ബസില്‍ കൊടുത്തുവിട്ട് ലോകത്തോട് സത്യം വിളിച്ചു പറയുന്ന പ്രാദേശിക ലേഖകര്‍ മുതല്‍ അധികാരത്തിന്റെ മൂക്കിനു താഴെനിന്ന് "നിങ്ങള്‍ നഗ്നനാണ്" എന്ന് രാജാവിനോട് പറയുന്ന മുതിര്‍ന്ന ലേഖകര്‍വരെ ഈ ശൃംഖലയിലുണ്ട്.

സത്യം പറയുന്നവരെ, നിങ്ങള്‍ സൂക്ഷിക്കുക. ഇന്ത്യയില്‍ പടര്‍ന്നു പന്തലിച്ച മാഫിയകള്‍ അധികാരികളുടെ ഒത്താശയോടെ ഉറക്കെ പറയുന്നുണ്ട്: "ശബ്ദിക്കരുത്." ഏറ്റവും ഒടുവില്‍ നിലച്ച ശബ്ദം ഭോപാലില്‍ ഉമറിയയിലാണ്. സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ചന്ദ്രികറായിയുടേത്. നാല്‍പ്പത്തിരണ്ടുകാരനായ ചന്ദ്രികറായിയെ മാത്രമല്ല അവര്‍ ഇല്ലാതാക്കിയത്. ഭാര്യ നാല്‍പ്പതുകാരി ദുര്‍ഗ, കൗമാരത്തിലേക്ക് കടന്ന രണ്ട് കുട്ടികള്‍ ജലജ്, നിഷ എന്നിവരെ കൂടിയാണ്. നിരപരാധികളായ കുടുംബാംഗങ്ങളെക്കൂടി വകവരുത്തിയതിലൂടെ റായിയെ ഒതുക്കല്‍ മാത്രമല്ല ഭോപാലിലെ മാഫിയ-പൊലീസ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. പത്രപ്രവര്‍ത്തകരോട് ആകെയുള്ള മുന്നറിയിപ്പാണ്. "ആവശ്യമില്ലാത്തിടത്ത"് കയറിവന്നാല്‍ ചന്ദ്രികറായിയുടെ അനുഭവമാകും എന്ന മുന്നറിയിപ്പ്. ഫെബ്രുവരി 18ന് രാത്രി ചന്ദ്രികറായിയുടെ ഉമറിയയിലെ വീട്ടില്‍ വച്ചാണ് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് നാലു പേരെയും നിശബ്ദമായി ഇല്ലാതാക്കിയത്. സഹോദരന്‍ മിഥിലേഷ് റായിയാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ച് നാലു മുറിയിലായി പിറ്റേന്ന് കണ്ടത്. വീട് പുറമെനിന്ന് പൂട്ടിയിരുന്നു. "ഒരു പത്രപ്രവര്‍ത്തകനായ ചന്ദ്രികയോട് കല്‍ക്കരി മാഫിയക്ക് വിരോധമുണ്ട്, പക്ഷേ, എന്തിനാണ് നിരപരാധികളായ ഭാര്യയെയും കുട്ടികളെയും...."മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കമ്പോള്‍ മിഥിലേഷിന് വാക്കുകള്‍ മുഴുമിക്കാനായില്ല.

ഒരു കാര്യംകൂടി മിഥിലേഷ് പറഞ്ഞു: "മധ്യപ്രദേശ് പൊലീസ് ഇതന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. സിബിഐ അന്വേഷിക്കണം. ഘാതകരെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കാന്‍ ഞങ്ങളുടെ കുടുംബം തയ്യാറാണ്." എന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന മധ്യപ്രദേശിലെ പത്രപ്രവര്‍ത്തക സമൂഹത്തിന്റെയാകെ ആവശ്യത്തോട് ബിജെപിയുടെ മുഖ്യമന്ത്രി അശോക്സിങ് ചൗഹാന്‍ അനുകൂലമായല്ല പ്രതികരിച്ചത്. ഭോപാലിലെ കല്‍ക്കരിമാഫിയ മാത്രമല്ല, പല ബിജെപി നേതാക്കളും സര്‍ക്കാര്‍തന്നെയും കണ്ണിലെ കരടായാണ് ചന്ദ്രികറായ് എന്ന പത്രപ്രവര്‍ത്തകനെ കണ്ടിരുന്നത്. ന്യൂഡല്‍ഹിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന നവഭാരത് ടൈംസ്, നാഗ്പുരില്‍ നിന്ന് ഇറക്കുന്ന ദി ഹിതവാദ എന്നീ പത്രങ്ങള്‍ക്കു വേണ്ടിയാണ് ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഭരണാധികാരികളുടെ ഒത്താശയോടെ കല്‍ക്കരി ഖനികളില്‍ നടക്കുന്ന കൊള്ളകളുടെ അനവധി കഥകളാണ് ഈ രണ്ടു പത്രങ്ങളിലൂടെ ചന്ദ്രിക പുറത്തുകൊണ്ടുവന്നത്. "സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡ്" എന്ന സ്ഥാപനത്തിനു കീഴിലാണ് മധ്യപ്രദേശിലെ കല്‍ക്കരിഖനികള്‍ . ഇന്ത്യയിലെ കല്‍ക്കരിഖനികളുടെ കേന്ദ്രമായാണ് ഭോപാല്‍ അറിയപ്പെടുന്നത്. ഒന്നര കോടി ടണ്‍ കല്‍ക്കരിശേഖരമാണ് ഇനിയും ഈ പ്രദേശത്തുള്ളത്. ശരിയാംവിധം ടെന്‍ഡറില്‍ പങ്കെടുത്ത് അനുവദിച്ച സ്ഥലത്ത് ഖനനം നടത്തുകയെന്ന നിയമപരമായ രീതി കാറ്റില്‍ പറത്തി അനധികൃത ഖനനത്തിലൂടെ കൊള്ള നടത്തുകയാണ് കല്‍ക്കരി മാഫിയ. ഇതിന് പൊലീസും മന്ത്രിമാരും ഒത്താശചെയ്യുന്നു. അന്താരാഷ്ട്രതലത്തിലുള്ള മാഫിയയുമായി ബന്ധപ്പെട്ട് കാല്‍ നൂറ്റാണ്ടിലേറെയായി ഖനനമേഖല കൊള്ളയടിക്കുകയാണെന്ന് ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തു. അത് തടയേണ്ട ഭരണാധികാരികള്‍ വീതംപറ്റി നിശബ്ദരായി. ദി ഹിതവാദ പത്രത്തില്‍ ഏറ്റവും അവസാനം എഴുതിയ പരമ്പരയില്‍ കല്‍ക്കരി മാഫിയക്ക് കൂട്ടുനിന്ന ബിജെപി നേതാക്കളുടെ പേരടക്കം പല തെളിവുകളും നിരത്തിയിരുന്നു. തൊട്ടുപിന്നാലെതന്നെ "അധികംനാള്‍ എഴുതേണ്ടിവരില്ല" എന്ന ഭീഷണിയും ചന്ദ്രികയ്ക്ക് കിട്ടി. കൊല്ലപ്പെട്ട ദിവസം ചന്ദ്രിക മറ്റൊരു സംഭവത്തിലെ യാഥാര്‍ഥ്യവും വെളിപ്പെടുത്തി. മധ്യപ്രദേശ് പിഡബ്ല്യുഡി എന്‍ജിനിയറുടെ ഏഴുവയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി അഞ്ചുകോടി രൂപ ആവശ്യപ്പെട്ട കേസില്‍ പൊലീസ് പിടികൂടിയത് യഥാര്‍ഥ പ്രതികളെയല്ല എന്ന്. ഇതും ചന്ദ്രികയോടുള്ള പക ഇരട്ടിപ്പിച്ചു. പൊലീസ്-മാഫിയ ബന്ധം എത്ര ശക്തമാണെന്ന് തെളിയിക്കുന്ന അനവധി റിപ്പോര്‍ട്ടുകള്‍ എഴുതിയിട്ടുള്ള ചന്ദ്രികയില്‍നിന്ന് അതിന്റെ പതിന്മടങ്ങ് ഇനി പുറത്തു വരാനുണ്ടായിരുന്നു എന്നാണ് ഈ അരുംകൊല തെളിയിച്ചത്.

ചന്ദ്രികയുടെ വീട്ടിലുണ്ടായിരുന്ന മുഴുവന്‍ രേഖകളും കൊലയാളികള്‍ കടത്തിക്കൊണ്ടുപോയി. "അനധികൃത ഖനനത്തിനെതിരെ റായി വര്‍ഷങ്ങളായി നടത്തിയ അന്വേഷണമാണ് പല സത്യങ്ങളും പുറത്തുവരാന്‍ ഇടയാക്കിയത്. ഇനിയും പല റിപ്പോര്‍ട്ടുകളും പ്രതീക്ഷിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൊലീസ് പറയുന്ന കഥകളില്‍ വിശ്വസനീയതയില്ല. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം"- പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ശലഭ് ബഡോരിയ പറഞ്ഞു. പത്രപ്രവര്‍ത്തകരുടെ മരണവുമായി ബന്ധപ്പെട്ട് സത്യം പുറത്തുവന്ന അന്വേഷണങ്ങള്‍ കുറവാണ്. ന്യൂയോര്‍ക്കിലെ പത്രപ്രവര്‍ത്തക സംരക്ഷണ സംഘടന (സിപിജെ) നടത്തിയ പഠനം തെളിയിക്കുന്നത് ഇന്ത്യയില്‍ 92 നു ശേഷം ഒമ്പത് പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടില്ല എന്നാണ്. 2011ല്‍ ലോകത്ത് കൊല്ലപ്പെട്ടത് 46 പത്രപ്രവര്‍ത്തകര്‍ . ഇതില്‍ ഭൂരിപക്ഷം കേസുകളുടെയും വഴി അതുതന്നെ. മധ്യപ്രദേശില്‍മാത്രം മാസത്തില്‍ ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നുവെന്നതും ഇവിടെ കൂട്ടിവായിക്കാം. ദുഷ്കരമായ ജീവിത സാഹചര്യങ്ങളെയെല്ലാം മറികടന്നാണ് എണ്ണപ്പാടങ്ങളിലെ കൊള്ള വെളിച്ചത്തുകൊണ്ടുവന്ന ജെ ഡെയും ചന്ദ്രികറായിയെയും പോലുള്ളവര്‍ വസ്തുതകള്‍ വിളിച്ചു പറയുന്നതും വിരോധം സമ്പാദിച്ച് കൊലക്കത്തിക്കിരയായതും. "ജനാധിപത്യത്തിന്റെ ക്രിമിനല്‍വല്‍കരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചന്ദ്രികറായിയുടെയും കുടുംബത്തിന്റെയും ദാരുണമായ അന്ത്യം."-2 ജി സ്പെക്ട്രം അഴിമതി ആദ്യമായി പാര്‍ലമെന്റില്‍ സിപിഐ എം നേതാവ് സീതാറാം യെച്ചൂരി ഉയര്‍ത്തിയശേഷം ഇതിന്റെ ഉള്ളുകള്ളികള്‍ സമഗ്രമായി റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകന്‍ ദി പയനിയറിലെ ഗോപീകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. "ഇന്ത്യയിലെ മെട്രോനഗരങ്ങള്‍ ഒഴികെയുള്ള മേഖലകളിലെ പത്രപ്രവര്‍ത്തകരുടെ ജീവന് ഒരു സംരക്ഷണവുമില്ല.

അധികാരകേന്ദ്രങ്ങള്‍ക്കെതിരെ ശബ്ദിച്ചാല്‍ ആ ശബ്ദം ഇല്ലാതാക്കുന്ന പ്രവണത കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വര്‍ധിച്ചു. പ്രത്യേകിച്ചും ഖനനമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരുമാണ് മാഫിയകളുടെ കത്തിക്ക് ഇരയാകുന്നത്. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ കൊടുംക്രിമിനലുകള്‍ എംപിമാരും എംഎല്‍എമാരുമായി രാഷ്ട്രീയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഇക്കാലത്ത് സ്വതന്ത്ര പത്രപ്രവര്‍ത്തനം വലിയ വെല്ലുവിളിയാണ്"-ഗോപീകൃഷ്ണന്‍ പറഞ്ഞു. 2 ജി സ്പെക്ട്രം അഴിമതി, കൃഷ്ണാ ഗോദാവരി എണ്ണ ഖനനത്തിലെ കൊള്ള, വാര്‍ത്തയ്ക്ക് പണം, അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാളന്മാരായി വാഴുന്ന മാധ്യമപ്രവര്‍ത്തരുടെ മുഖം തുടങ്ങി പത്രങ്ങള്‍ അടുത്തകാലത്തായി പുറത്തുകൊണ്ടുവന്ന തിന്മകളുടെ നിര അനവധിയാണ്. ജനാധിപത്യത്തിന്റെ കാതലാണ് "ശബ്ദിക്കാനുള്ള സ്വാതന്ത്ര്യം". ഭരണ-മാഫിയാ കൂട്ടുകെട്ട് അത് അടിച്ചമര്‍ത്തുമ്പോള്‍ കൂടുതല്‍ കരുത്തോടെ ശബ്ദിക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് കഴിയണം. ഒരുപക്ഷേ, വഴിയില്‍ വീണുപോയേക്കാം, എങ്കിലും. ചന്ദ്രികറായിയും കുടുംബവും നല്‍കുന്ന സന്ദേശവും അതുതന്നെ.

പ്രതിമാസ നഷ്ടം 12 കോടി

മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒറീസ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് കല്‍ക്കരിഖനികള്‍ വ്യാപിച്ചുകിടക്കുന്നത്. ലോകത്ത് കല്‍ക്കരി ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിലെ ഈ ധാതുസമ്പത്തില്‍ ഭൂരിപക്ഷവും കൊള്ളയടിക്കുകയാണ്. പ്രതിമാസം 12 കോടി രൂപ അനധികൃത ഖനനത്തിലൂടെ സര്‍ക്കാരിന് നഷ്ടമാകുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസം ശരാശരി 40,000 ടണ്‍ കല്‍ക്കരി അനധികൃതമായി മാഫിയകള്‍ കടത്തുന്നു. രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനത്തെപ്പോലും ദോഷകരമായി ബാധിക്കുന്നവിധം കല്‍ക്കരി മാഫിയ പ്രവര്‍ത്തിക്കുന്നതായി കേന്ദ്രസര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളില്‍ പലരും അനധികൃത ഖനനക്കാരോടൊപ്പം നിന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഒഴിവാക്കുന്നത്. ഖനന മേഖലയില്‍മാത്രം 10,000 മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പൊലീസിന്റെ കണക്ക്. ഈ മാഫിയകളുടെ ബന്ധം ഇന്ത്യയില്‍ ഒതുങ്ങുന്നില്ല. 2011ല്‍ മാത്രം 60 ലക്ഷം ടണ്‍ കല്‍ക്കരി ഈ മാഫിയകള്‍ അനധികൃതമായി കടത്തി. തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ്-ബിജെപി തുടങ്ങിയ രാഷ്ട്രീയ പാര്‍ടികള്‍ക്ക് കൊടുക്കുന്ന കോടികള്‍ക്ക് പുറമെ പ്രാദേശിക കക്ഷിനേതാക്കള്‍ സമ്പാദിക്കുന്ന വിഹിതം വേറെ. കടുത്ത സമ്മര്‍ദത്തെതുടര്‍ന്ന് മധ്യപ്രദേശില്‍മാത്രം പ്രതിമാസം 12 കേസുകള്‍ കല്‍ക്കരി മാഫിയക്കെതിരെ പൊലീസ് എടുക്കുന്നുണ്ട്. ഒരു കേസില്‍പ്പോലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലയെന്നത് ഖനന മാഫിയകളുടെ സ്വാധീനം വ്യക്തമാക്കുന്നു. ഗ്വാളിയോറില്‍ അനധികൃത കല്‍ക്കരി ഖനിയിലേക്ക് അനധികൃതമായി 600 മീറ്റര്‍ നാലുവരിപ്പാത വെട്ടിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. റോഡ് തുറന്നുകൊടുക്കാന്‍ ഒരു മന്ത്രിതന്നെയാണ് എത്തിയതും.

*
ദിനേശ് വര്‍മ ദേശാഭിമാനി വാരാന്തപ്പതിപ്പ് 26 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സത്യം പറയുന്നവരെ, നിങ്ങള്‍ സൂക്ഷിക്കുക. ഇന്ത്യയില്‍ പടര്‍ന്നു പന്തലിച്ച മാഫിയകള്‍ അധികാരികളുടെ ഒത്താശയോടെ ഉറക്കെ പറയുന്നുണ്ട്: "ശബ്ദിക്കരുത്." ഏറ്റവും ഒടുവില്‍ നിലച്ച ശബ്ദം ഭോപാലില്‍ ഉമറിയയിലാണ്. സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ചന്ദ്രികറായിയുടേത്. നാല്‍പ്പത്തിരണ്ടുകാരനായ ചന്ദ്രികറായിയെ മാത്രമല്ല അവര്‍ ഇല്ലാതാക്കിയത്. ഭാര്യ നാല്‍പ്പതുകാരി ദുര്‍ഗ, കൗമാരത്തിലേക്ക് കടന്ന രണ്ട് കുട്ടികള്‍ ജലജ്, നിഷ എന്നിവരെ കൂടിയാണ്. നിരപരാധികളായ കുടുംബാംഗങ്ങളെക്കൂടി വകവരുത്തിയതിലൂടെ റായിയെ ഒതുക്കല്‍ മാത്രമല്ല ഭോപാലിലെ മാഫിയ-പൊലീസ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. പത്രപ്രവര്‍ത്തകരോട് ആകെയുള്ള മുന്നറിയിപ്പാണ്. "ആവശ്യമില്ലാത്തിടത്ത"് കയറിവന്നാല്‍ ചന്ദ്രികറായിയുടെ അനുഭവമാകും എന്ന മുന്നറിയിപ്പ്.