Friday, February 17, 2012

സഹകരണ മേഖലയിലെ ജനാധിപത്യക്കശാപ്പ്

കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിലും ഒരംഗത്തിന്റെമാത്രം അധിക പിന്തുണയുള്ള യുഡിഎഫ് സര്‍ക്കാര്‍ അതൊന്നും ഓര്‍ക്കാതെ അമിതാധികാര പ്രവണതയിലേക്ക് നീങ്ങുകയാണ്. കോര്‍പറേഷന്‍ , ബോര്‍ഡ് പങ്കുവയ്പ് യുഡിഎഫിനകത്തും കോണ്‍ഗ്രസിനകത്തും ഭിന്നിപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. അനുവദിച്ച ഏഴ് സ്ഥാനങ്ങളില്‍ നാലേ തന്നിട്ടുള്ളൂ, ബാക്കി കോണ്‍ഗ്രസ് തട്ടിയെടുക്കാന്‍ നോക്കുകയാണെന്ന് പറഞ്ഞ് ഒരു ഘടകകക്ഷി പരാതി നല്‍കിയതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നു. കോണ്‍ഗ്രസിന് 21 ചെയര്‍മാന്‍സ്ഥാനം മാത്രമേ കിട്ടിയുള്ളൂ; അതുകൊണ്ടാണ് വീതിക്കാന്‍ കഴിയാതെ പോയതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പരിദേവനം നടത്തുന്നു. അങ്ങനെ കോര്‍പറേഷന്‍ -ബോര്‍ഡ് വീതംവയ്പ് യുഡിഎഫിനകത്തും കോണ്‍ഗ്രസിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തില്‍ വേണം, ജില്ല-സംസ്ഥാന സഹകരണബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ട ജനാധിപത്യവിരുദ്ധ നടപടിയെ കാണാന്‍ . പതിനാല് ജില്ലാ സഹകരണബാങ്കുകളിലും സംസ്ഥാന സഹകരണബാങ്കിലുമായി സ്ഥാനമോഹികളായ ഇരുനൂറോളം പേരെ തിരുകിക്കയറ്റാം എന്ന കണ്ടെത്തലാണ് ഒരു കാരണം. അതിനുമുപരി എല്ലാം പിടിച്ചടക്കുക എന്ന സ്വേച്ഛാധിപത്യ മനോഭാവവും.

1991 ലും 2001 ലും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സഹകരണമാരണ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. അന്ന് എം വി രാഘവനാണ് യുഡിഎഫിനുവേണ്ടി ജനാധിപത്യക്കുരുതിക്ക് നേതൃത്വം നല്‍കിയതെങ്കില്‍ ഇന്ന് സി എന്‍ ബാലകൃഷ്ണനാണെന്ന വ്യത്യാസമേയുളളൂ. എം വി രാഘവന്‍ സഹകരണമന്ത്രിയായിരിക്കെ നടപ്പാക്കിയ സഹകരണമാരണ ഓര്‍ഡിനന്‍സ് സംസ്ഥാനത്തെ സഹകരണമേഖലയെ ഏറെ പിന്നോട്ടടിപ്പിച്ചുവെന്നുമാത്രമല്ല, സഹകരണബാങ്കുകളുടെ വിശ്വാസ്യതയും തകര്‍ക്കപ്പെട്ടു. പിന്നീട് അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സഹകരണ മേഖലയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുകയും സഹകരണസംഘങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കുകയുമായിരുന്നു. എഴുപതിനായിരം കോടിയോളം രൂപ നിക്ഷേപമുളള മഹാപ്രസ്ഥാനമായി സഹകരണമേഖലയെ വളര്‍ത്താന്‍ കഴിഞ്ഞു. ആരോഗ്യ-ഉന്നത വിദ്യാഭ്യാസരംഗത്ത് സഹകരണമേഖലയുടെ പങ്കാളിത്തം വിപുലപ്പെടുത്താനും ഈ കാലയളവില്‍ സാധ്യമായി. സേവനം മെച്ചപ്പെടുത്തി സഹകരണമേഖലയെ കൂടുതല്‍ ജനോപകാരപ്രദമാക്കാനും സാമ്പത്തികമായി സുസ്ഥിരത കൈവരിക്കാനും കഴിഞ്ഞു. ആ അവസ്ഥയില്‍നിന്ന് സഹകരണമേഖലയെ വീണ്ടും 1991-1996, 2001-2006 കാലയളവിലെ അരക്ഷിതാവസ്ഥയിലേക്കും അരാജകത്വത്തിലേക്കും പിടിച്ചുതള്ളുകയാണ് ഇപ്പോഴത്തെ ഓര്‍ഡിനന്‍സിലൂടെ സംഭവിച്ചിരിക്കുന്നത്.

സംസ്ഥാന സഹകരണബാങ്കിലും 14 ജില്ലാ സഹകരണബാങ്കുകളില്‍ പന്ത്രണ്ടിലും ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വത്തിലുളള ഭരണസമിതിയാണ് നിലവിലുണ്ടായിരുന്നത്. ജനാധിപത്യവിരുദ്ധമാര്‍ഗത്തിലൂടെ ആ ഭരണസമിതികളെ പിരിച്ചുവിട്ട് ആദ്യപടിയായി അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അടുത്തപടിയായി യുഡിഎഫുകാരെ തിരുകിക്കയറ്റി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ചുമതലയേല്‍പ്പിച്ചേക്കാം. മുമ്പ് എം വി രാഘവന്‍ സഹകരണമന്ത്രിയായിരിക്കെ ജില്ലാ സഹകരണബാങ്കുകളുടെയും സംസ്ഥാന സഹകരണബാങ്കിന്റെയും ഭരണം പിടിച്ചെടുക്കാന്‍ ചെയ്ത സൂത്രം "വ്യാജസംഘ"ങ്ങള്‍ രൂപീകരിക്കലും അവയ്ക്ക് ജില്ലാ സഹകരണബാങ്കുകളില്‍ വോട്ടവകാശം നല്‍കലുമാണ്. അങ്ങനെ സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് കടലാസ് സംഘങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കി. യഥാര്‍ഥ ബാങ്കിങ് പ്രവര്‍ത്തനം നടത്താത്ത, കാര്‍ഷികവായ്പ നല്‍കാത്ത അത്തരം സംഘങ്ങള്‍ക്ക് ജില്ല-സംസ്ഥാന സഹകരണബാങ്കുകളില്‍ നിന്ന് ഭീമമായ വായ്പ നല്‍കി. അത് തിരിച്ചുകിട്ടാത്ത അവസ്ഥയുമുണ്ടായിരുന്നു. അത്തരം നിര്‍ജീവ സംഘങ്ങളെയും വ്യാജസംഘങ്ങളെയും ഒഴിവാക്കിയും യഥാര്‍ഥ പ്രാഥമിക-കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്ക് മാത്രം വോട്ടവകാശം നല്‍കിയുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലാ സഹകരണബാങ്കുകളുടെയും അതുവഴി സംസ്ഥാന സഹകരണബാങ്കിന്റെയും ഭരണം ശരിയായ വഴിയില്‍ കൊണ്ടുവന്നത്. ഒരു മാനദണ്ഡവുമില്ലാതെ നിര്‍ജീവ സംഘങ്ങള്‍ക്കടക്കം വോട്ടവകാശം നല്‍കിയും കൂടുതല്‍ പേരെ നാമനിര്‍ദേശംചെയ്യാന്‍ അധികാരം നല്‍കിയും സഹകരണ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഭേദഗതിയാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സിലൂടെ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഈ സഹകരണക്കശാപ്പിനെതിരെ മുഴുവന്‍ സഹകാരികളും ജനാധിപത്യവിശ്വാസികളും അണിനിരക്കണം.

രാജ്യത്തെ എല്ലാ സഹകരണസംഘം ഭരണസമിതികളുടെയും കാലാവധി അഞ്ചുവര്‍ഷമാക്കുന്നതിന് ഭരണഘടനാഭേദഗതി കൊണ്ടുവന്നത് യുപിഎ സര്‍ക്കാരാണ്. അത് രാഷ്ട്രപതി ഒപ്പുവച്ച് പ്രാബല്യത്തില്‍ വന്ന് ഒരു മാസം തികയുമ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ ജില്ലാ സഹകരണബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ടത്. കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷംകൂടി ബാക്കിയുള്ളപ്പോഴാണിതെന്നത് ശ്രദ്ധേയമാണ്. സഹകരണരംഗത്ത് ഭരണം സുഗമമാക്കുന്നതിനും പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതിനും അഞ്ചുവര്‍ഷക്കാലാവധി ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടു. എന്നാല്‍ , നേരത്തെതന്നെ കേരളത്തിലെ സഹകരണ നിയമത്തില്‍ അനുശാസിച്ചത് അഞ്ചുവര്‍ഷക്കാലാവധിയാണ്. എം വി രാഘവന്‍ സഹകരണമാരണനിയമം കൊണ്ടുവന്നത് കാലാവധി മൂന്നുവര്‍ഷമായി ചുരുക്കിക്കൊണ്ടാണ്. ഇതിന്റെ ഫലമായി എല്ലാ സഹകരണബാങ്കുകളുടെയും ഭരണസമിതി പിരിച്ചുവിടപ്പെട്ടു. അതോടൊപ്പം കടലാസ് സംഘങ്ങള്‍ക്ക് ജില്ലാ സഹകരണബാങ്കുകളില്‍ വോട്ടവകാശവും ലഭിച്ചു.

ഇപ്പോള്‍ ജില്ലാ സഹകരണബാങ്കുകളില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം അടിച്ചേല്‍പ്പിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ യുഡിഎഫ് മുഖപത്രമായ മലയാള മനോരമ പ്രാധാന്യത്തോടെ പറഞ്ഞത്, ഈ ഓര്‍ഡിനന്‍സ് തനിയാവര്‍ത്തനമാണ് എന്നാണ്. 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാരും ഓര്‍ഡിനന്‍സ് കൊണ്ടുവന്നുവെന്നാണ് അവര്‍ പറയുന്നത്. കടലാസ് സംഘങ്ങള്‍ക്ക് എം വി രാഘവന്‍ മന്ത്രിയായിരിക്കെ അന്യായമായി നല്‍കിയ വോട്ടവകാശം റദ്ദാക്കിക്കൊണ്ടാണ് 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അതുസംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് വരികയുണ്ടായി. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സ്ഥാപിതതാല്‍പ്പര്യാര്‍ഥം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പ്രകാരം നിര്‍ജീവ-നാമമാത്ര സൊസൈറ്റികള്‍ക്ക് ക്രെഡിറ്റ് സംഘങ്ങള്‍ക്കുള്ളതുപോലെ അംഗത്വവും വോട്ടവകാശവും നല്‍കിയാല്‍ ജില്ല-സംസ്ഥാന സഹകരണബാങ്ക് ഭരണം അരാജകത്വത്തിലേക്ക് നീങ്ങുമെന്ന് അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി. 1130 അംഗങ്ങളുള്ള ഒരു ജില്ലാ സഹകരണബാങ്കില്‍ 766 ഉം നാമമാത്ര-നിര്‍ജീവ സംഘങ്ങളാണെന്ന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഈ 766 നീര്‍ജിവ-നാമമാത്ര സൊസൈറ്റികള്‍ക്ക് ജില്ലാബാങ്കിന്റെ മൊത്തം ഓഹരി മൂലധനമായ 1228 ലക്ഷം രൂപയില്‍ മുക്കാല്‍ ലക്ഷം രൂപയുടെ ഓഹരിയേയുള്ളൂവെന്നും ചൂണ്ടിക്കാട്ടി. അതായത് 1228 ലക്ഷം രൂപയുടെ ഓഹരിമൂലധനത്തില്‍ 1227 ലക്ഷം രൂപയുടെ ഓഹരിയുള്ള യഥാര്‍ഥ കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ ന്യൂനപക്ഷം; ഒരു ലക്ഷത്തില്‍ താഴെ രൂപയുടെ ഓഹരിയുള്ള സൊസൈറ്റികള്‍ക്ക് മഹാഭൂരിപക്ഷം - ഈ അവസ്ഥ മാറ്റാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ജില്ലാ സഹകരണബാങ്കുകളുമായി നേരിട്ട് വായ്പാ ബന്ധമില്ലാത്തതും സ്വന്തമായി അപ്പെക്സ് സംഘങ്ങളുള്ളതുമായ ക്ഷീര, കയര്‍ , മാര്‍ക്കറ്റിങ് സംഘങ്ങള്‍ക്ക് ജില്ലാ സഹകരണബാങ്കുകളില്‍ വോട്ടവകാശം നല്‍കേണ്ടെന്നത് ഹൈക്കോടതി ശരിവച്ച തീരുമാനമാണ്. അതാണിപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചത്.

സഹകരണമേഖലയില്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനാധിപത്യക്കശാപ്പ് ഒറ്റപ്പെട്ട നടപടിയല്ല. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ഭരണം പിടിച്ചെടുത്തതും ഇതേപോലെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാണ്. ആദ്യം കേരള, കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റുകള്‍ പിടിച്ചെടുക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. തുടര്‍ന്ന് എംജി, കുസാറ്റ്, കണ്ണൂര്‍ , സംസ്കൃത സര്‍വകലാശാലകളുടെ സിന്‍ഡിക്കറ്റ് പിടിച്ചെടുക്കാനും ഓര്‍ഡിനന്‍സ്. ഒരു തത്വദീക്ഷയുമില്ലാതെ യുഡിഎഫ് പ്രതിനിധികളെയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണച്ച സാമുദായിക ശക്തികളുടെ പ്രതിനിധികളെയും സിന്‍ഡിക്കറ്റുകളില്‍ തിരുകിക്കയറ്റുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സെനറ്റും അക്കാദമിക് കൗണ്‍സിലുകളുമൊക്കെ അപ്രസക്തമാകുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്. സംസ്ഥാന ശിശുക്ഷേമ കൗണ്‍സില്‍ പിടിച്ചെടുക്കുന്നതിനും ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. നിലവിലുള്ള ഭരണസമിതിക്ക് തുടരാമെന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടും അത് നടപ്പാക്കാന്‍ കൂട്ടാക്കാതെ ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍ . എല്ലാ മേഖലയിലും ജനാധിപത്യവിരുദ്ധ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ നെറികെട്ട സമീപനത്തിനെതിരെ, ഓര്‍ഡിനന്‍സ് ഭരണത്തിനെതിരെ അതിശക്തമായ ബഹുജനരോഷം ഉയര്‍ന്നുവരണം.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 17 ഫെബ്രുവരി 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിലും ഒരംഗത്തിന്റെമാത്രം അധിക പിന്തുണയുള്ള യുഡിഎഫ് സര്‍ക്കാര്‍ അതൊന്നും ഓര്‍ക്കാതെ അമിതാധികാര പ്രവണതയിലേക്ക് നീങ്ങുകയാണ്. കോര്‍പറേഷന്‍ , ബോര്‍ഡ് പങ്കുവയ്പ് യുഡിഎഫിനകത്തും കോണ്‍ഗ്രസിനകത്തും ഭിന്നിപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. അനുവദിച്ച ഏഴ് സ്ഥാനങ്ങളില്‍ നാലേ തന്നിട്ടുള്ളൂ, ബാക്കി കോണ്‍ഗ്രസ് തട്ടിയെടുക്കാന്‍ നോക്കുകയാണെന്ന് പറഞ്ഞ് ഒരു ഘടകകക്ഷി പരാതി നല്‍കിയതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നു. കോണ്‍ഗ്രസിന് 21 ചെയര്‍മാന്‍സ്ഥാനം മാത്രമേ കിട്ടിയുള്ളൂ; അതുകൊണ്ടാണ് വീതിക്കാന്‍ കഴിയാതെ പോയതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പരിദേവനം നടത്തുന്നു. അങ്ങനെ കോര്‍പറേഷന്‍ -ബോര്‍ഡ് വീതംവയ്പ് യുഡിഎഫിനകത്തും കോണ്‍ഗ്രസിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തില്‍ വേണം, ജില്ല-സംസ്ഥാന സഹകരണബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ട ജനാധിപത്യവിരുദ്ധ നടപടിയെ കാണാന്‍ . പതിനാല് ജില്ലാ സഹകരണബാങ്കുകളിലും സംസ്ഥാന സഹകരണബാങ്കിലുമായി സ്ഥാനമോഹികളായ ഇരുനൂറോളം പേരെ തിരുകിക്കയറ്റാം എന്ന കണ്ടെത്തലാണ് ഒരു കാരണം. അതിനുമുപരി എല്ലാം പിടിച്ചടക്കുക എന്ന സ്വേച്ഛാധിപത്യ മനോഭാവവും.

Anonymous said...

ഹോ ഇടത് കാര്‍ സൊസൈറ്റി പിടിക്കുന്നപോലെ തറയാവാന്‍ യു ഡീ എഫിന് പറ്റില്ല സീ എന്‍ ബാകൃഷ്ണന്‍ എന്ന മന്ത്രി ഒന്നും മിണ്ടാര് കൂടി ഇല്ല അങ്ങിനെ ഒരു മന്ത്രി ഉണ്ടെന്നു ജനത്തിന് അറിയാമോ എന്ന് സംശയം ആണ് ജനാധിപത്യം സംരക്ഷിക്കുന്ന കുറെ മാന്യന്മാര്‍ എന്തൊരു ഫലിതം