Monday, February 6, 2012

പ്രത്യയ ശാസ്ത്ര രേഖ പുറത്തിറക്കി; തനത് പാതയില്‍ നീങ്ങും


സാമ്രാജ്യത്വ ആക്രമണങ്ങള്‍ക്കെതിരെ ലോകമെങ്ങും ശക്തിപ്പെടുന്ന പ്രക്ഷോഭങ്ങളില്‍ നിന്നും മാതൃകകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് രാജ്യത്ത് സോഷ്യലിസം കെട്ടിപ്പടുക്കാന്‍ ഇന്ത്യന്‍ സാഹചര്യത്തിനനുകൂലമായ കാഴ്ചപ്പാട് നിര്‍ദ്ദേശിക്കുന്ന പ്രത്യയശാസ്ത്ര പ്രമേയത്തിന്റെ കരട് സിപിഐ എം പുറത്തിറക്കി.

കോഴിക്കോട് നടക്കുന്ന പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന രേഖയിലേക്ക് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അയക്കാമെന്ന് കരട് പുറത്തിറക്കി പാര്‍ട്ടിപൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ചയെ തുടര്‍ന്ന് ഇനി മുതലാളിത്തം മാത്രമേ ലോകത്തുള്ളു എന്ന് അഹങ്കരിച്ച സാമ്രാജ്യത്വ ചേരിക്കെതിരായി ലോക വ്യാപകമായി ജനകീയ സമരങ്ങള്‍ ഉയരുകയാണ്. മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗാടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിച്ച് ഇന്ത്യയില്‍ ജനകീയ ജനാധിപത്യവും അതിന്റെ അടിത്തറയില്‍ സോഷ്യലിസവും കെട്ടിപ്പടുക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

ചൈനയുള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും സാമ്രാജ്യത്വ ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും നിന്നുള്ള പാഠം സിപിഐ എം ഉള്‍ക്കൊള്ളും. ഏതെങ്കിലും രാജ്യത്തെ വിപ്ലവ മാതൃക അതേപടി അനുകരിക്കുന്നത് സിപിഐ എമ്മിന്റെ പരിപാടിയല്ല. ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് തന്ത്രങ്ങളും പരിപാടികളും രൂപീകരിക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്.

മനുഷ്യാവകാശങ്ങളെ പാടെ ലംഘിച്ചും പ്രകൃതിവിഭവങ്ങളെ ചുവടോടെ ചൂഷണം ചെയ്തുമാണ് സാമ്രാജ്യത്വം അതിന്റെ പ്രതിസന്ധികളെ മറികടക്കാന്‍ ശ്രമിക്കുന്നത്. സൈനീകവും സാമ്പത്തികവുമായ നടപടികളിലൂടെ ലോകംകീഴടക്കാനുള്ള സാമ്രാജ്യത്വ ശ്രമത്തിനെതിരെ അതിശക്തമായ പോരാട്ടമാണ് വിവിധ മേഖലകളില്‍ ഉയരുന്നത്. ആഗോളവല്‍കരണത്തിനെതിരായ ഐക്യപ്രസ്ഥാനം ഭാവിയില്‍ വിപ്ലവത്തിലേക്കുള്ള മാറ്റമാകുന്നതിന് കാരണമായേക്കാം.

വികസന പന്ഥാവില്‍ ഒരു മുതലാളിത്ത രാജ്യത്തിനും പറ്റാത്തത്ര ഉയരത്തിലെത്താന്‍ ചൈനക്ക് കഴിഞ്ഞു. ഈ മൂന്നേറ്റത്തിനിടയില്‍ ഉല്‍പ്പാദന ബന്ധത്തിലും സാമൂഹ്യ ബന്ധത്തിലും ദോഷകരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഈ വൈരുധ്യങ്ങളെ എങ്ങിനെയാണ് ചൈന നേരിടുന്നതും പരിഹരിക്കുന്നതും എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ ഭാവി.

ഇന്ത്യയില്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള ചേരിതിരിവുകള്‍ കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. സ്വത്വ രാഷ്ട്രീയവും വിദേശ സഹായത്തോടെയുള്ള സന്നദ്ധ സംഘടനകളും ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രമേയം വിലയിരുത്തുന്നുണ്ട്. ഇന്ത്യയില്‍ മുതലാളിത്ത, അര്‍ധ ഫ്യൂഡല്‍ വര്‍ഗ ചൂഷണവും ജാതി, വംശം, ലിംഗം എന്നിങ്ങനെയുള്ള സാമൂഹിക അടിച്ചമര്‍ത്തലും ഒരുപോലെയുണ്ട്. വര്‍ഗചൂഷണത്തില്‍ നിന്നുള്ള മിച്ചം നിലനിര്‍ത്താന്‍ ഭരണവര്‍ഗം വിവധ തരത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലുകള്‍ നടത്തുന്നു. രണ്ടിനും എതിരായ ഒരുപോലെ പോരാടണം.

ആധുനിക ഇന്ത്യയുടെ മതേതര സ്വഭാവത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയതക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തണം. ലിംഗ അസമത്വത്തിനെതിരായ പോരാട്ടവും മുന്‍നിരയില്‍ നിന്ന് നടത്തണമെന്നും പാര്‍ട്ടി കാണുന്നുവെന്ന് കരട് പറയുന്നു. ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട്, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

കരട് പ്രമേയത്തിന്റെറ പൂര്‍ണരൂപം ഇംഗ്ലീഷില്‍


പ്രത്യയശാസ്ത്ര പ്രമേയത്തിന്റെ പൂര്‍ണരൂപം

കരട് പ്രമേയങ്ങള്‍ക്ക് പാര്‍ടി അംഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും ഭേദഗതി അവതരിപ്പിക്കാം. ഭേദഗതികള്‍ അയക്കുമ്പോള്‍ കരട് പ്രമേയത്തിലെ ഖണ്ഡികയും വരിയും ഏതെന്ന് വ്യക്തമാക്കണം. അയക്കുന്ന വ്യക്തിയുടെ അല്ലെങ്കില്‍ ഘടകത്തിന്റെ പേര് വ്യക്തമാക്കണം. രാഷ്ട്രീയ പ്രമേയത്തിനുള്ള ഭേദഗതി മാര്‍ച്ച് 10നകവും പ്രത്യയശാസ്ത്ര പ്രമേയത്തിനുള്ള ഭേദഗതി 15നകവും പാര്‍ടി ആസ്ഥാനത്ത് ലഭിക്കണം. കവറിന് പുറത്ത് "കരട് രാഷ്ട്രീയ/പ്രത്യയശാസ്ത്ര പ്രമേയത്തിനുള്ള ഭേദഗതികള്‍" (Amendments to the Draft Political Resolution/Draft Resolution on Some Ideological Issues) എന്ന് എഴുതണം. അയക്കേണ്ട വിലാസം

Communist Party of India (Marxist)
Central Committee
A K Gopalan Bhavan
27-29 Bhai Vir Singh Marg
New Delhi-110001

ഭേദഗതികള്‍ ഇ-മെയില്‍ വഴിയും അയക്കാം. അതിലും കരട് രാഷ്ട്രീയ/പ്രത്യയശാസ്ത്ര പ്രമേയത്തിനുള്ള ഭേദഗതിയെന്ന് വ്യക്തമാക്കണം. അറ്റാച്ച്മെന്റ് അയക്കരുത്. അയക്കേണ്ട വിലാസം 20@cpim.org ഇമെയിലിന്റെ സബ്ജക്ട് കോളത്തില്‍ Amendments to the Draft Political Resolution/Draft Resolution on Some Ideological Issues എന്ന് ചേര്‍ക്കണം. ഫാക്സില്‍ അയക്കരുത്.

*
ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാമ്രാജ്യത്വ ആക്രമണങ്ങള്‍ക്കെതിരെ ലോകമെങ്ങും ശക്തിപ്പെടുന്ന പ്രക്ഷോഭങ്ങളില്‍ നിന്നും മാതൃകകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് രാജ്യത്ത് സോഷ്യലിസം കെട്ടിപ്പടുക്കാന്‍ ഇന്ത്യന്‍ സാഹചര്യത്തിനനുകൂലമായ കാഴ്ചപ്പാട് നിര്‍ദ്ദേശിക്കുന്ന പ്രത്യയശാസ്ത്ര പ്രമേയത്തിന്റെ കരട് സിപിഐ എം പുറത്തിറക്കി.

കോഴിക്കോട് നടക്കുന്ന പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന രേഖയിലേക്ക് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അയക്കാമെന്ന് കരട് പുറത്തിറക്കി പാര്‍ട്ടിപൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.